Aksharathalukal

തിരിച്ചറിവ്


ദുബായ് ശരിക്കും ഒരു സ്വപ്നഭൂമിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെ ഞാൻ ആ സ്വപ്നനഗരിയിലേക്ക് എന്റെ പ്രിയതമന്റെ അടുത്തേക്കു പോവുകയാണ്..ഞാൻ ശ്രീപ്രിയ..വിവാഹം കഴിഞ്ഞു 6 മാസത്തിനു ശേഷം നേരിട്ട് ഉള്ള കൂടിക്കാഴ്ചയാണ്.. അതിന്റെ മുഴുവൻ excitementum സന്തോഷവും കൂടി ആയിരുന്നു യാത്ര..


എന്റെ ആദ്യം വിമാന യാത്ര ആയിട്ടും എനിക്ക് ഒരു പേടിയും ഇല്ലായിരുന്നു എന്ന് വേണം പറയാൻ(ഇതിന് ശേഷം ഉള്ള എല്ലാ ഫ്ലൈറ്റ് യാത്രകളിലും ഫുൾ ഓൺ പ്രാർത്ഥന ആണ്. ഫ്ലൈറ്റ് തകരുമോന്ന് ഉള്ള നല്ല പേടി ആണ്.. എത്ര വർഷം ആയിട്ടും പേടി മാറിയിട്ടില്ല )..

പോരാത്തതിന് കൂടെ ഇരുന്ന 2 ചേച്ചിമാരും നല്ല കട്ട കമ്പനി.. ഒരാൾ നഴ്സും മറ്റേ ആൾ ദുബായ് മെട്രോലെ സ്റ്റാഫും ആണ്..നമ്മൾ തൃശ്ശൂർകാർ പിന്നെ സംസാരിക്കാൻ ഒരാളെ കിട്ടിയാൽ വിടില്ലലോ.. Dey made ma travel more interesting എന്ന് വേണം പറയാൻ..

അങ്ങനെ ദുബായ് എയർപോർട്ടിൽ എത്തിയപ്പോൾ വിഷ്ണുവേട്ടനെ അതിൽ ഒരു ചേച്ചിടെ ഫോണിൽ നിന്നും വിളിച്ചു... ആൾ പുറത്ത് വെയ്റ്റിംഗ് ആയിരുന്നു.. ഇത്രേം നാളിന് ശേഷമുള്ള കൂടിക്കാഴ്ച ഒത്തിരി സ്പെഷ്യൽ ആയിരുന്നു ആ മോമെൻറ്സ്....

4 വർഷം പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു ഞങ്ങൾ..എപ്പോഴും മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും പരിധി ലംഖിക്കാതിരിക്കാൻ ഞങ്ങൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു..

ഏട്ടന്റെ ഫ്രണ്ട് മഹേഷേട്ടന്റെ കാറിൽ ആണ് പിക്ക് ചെയ്യാൻ വന്നത്...ദുബായ് കാഴ്ചകൾ വിമാനത്താവളം അവിടെ നിന്നു തന്നെ ആരംഭിച്ചിരുന്നു...അംബരചുംബികളായ കെട്ടിടങ്ങളും എന്തിന് പറയുന്നു ദുബായിലെ റോഡുകൾ വരെ എന്റെ കണ്ണിനെ വിസ്മയിപ്പിച്ചു എന്ന് വേണം പറയാൻ...

അങ്ങനെ 15മിനിറ്റ് കൊണ്ട് ബുർജുമാൻ എന്ന സ്ഥലത്ത് എത്തി.. മഹേഷേട്ടന്റെ ഫാമിലിടെ കൂടെ ഷെറിങ് ഫ്ലാറ്റ് ആണെന്ന് പറഞ്ഞത്..3rd flooril ആയിരുന്നു ഫ്ലാറ്റ്..2bkh.. ഒരു റൂം അറ്റാച്ഡ് ഞങ്ങളുടെ മറ്റേത് അവരുടെ..common hall and kitchen.. എനിക്ക് ഇതൊരു അത്ഭുതം ആയിരുന്നു...ഇങ്ങനെയാണോ എല്ലാരും ദുബായിൽ എന്നാണ് ഞാൻ ചിന്തിച്ചത്...

വേറെ ഒരു ഫാമിലിയുടെ കൂടെ എങ്ങനെയാ ഇങ്ങനെ ഒരുമിച്ചു താമസിക്കുന്നത് എന്നായിരുന്നു ചിന്ത... ആദ്യമേ ഇങ്ങനെ ഒന്നും വേണ്ടാന്ന് ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു.. ഏട്ടനാ പറഞ്ഞത് ഫസ്റ്റ് ടൈം വരുമ്പോ ഇങ്ങനെ താമസിക്കുന്നത് നല്ലത് പെട്ടെന്നു തന്നെ fully furnished ആയ 1bhk ഇവിടെ എടുക്കാൻ നല്ല റെന്റ് ആവുമെന്ന് .. കൂടാതെ കുക്കിംഗ്‌ ഒന്നും അറിയാത്ത എനിക്ക് ബേസിക്സ് മഹേഷേട്ടന്റെ വൈഫ്‌ വീണ ചേച്ചി പഠിപ്പിക്കുമെന്നും പറഞ്ഞു.. എനിക്ക് കൂടി ജോലി ആയിട്ട് സ്വന്തം ആയി ഫ്ലാറ്റ് എടുക്കാമെന്ന് പറഞ്ഞു ..അങ്ങനെ ആണെങ്കിൽ ഞാനും ഓക്കേ പറഞ്ഞു..

ഫ്ലാറ്റിൽ ചെന്നപ്പോ അവർ 2 പേരും ഡ്യൂട്ടിക് പോയിരുന്നു.. 6.30 ആവുമ്പോൾ അവർ എത്തുമെന്ന് ഏട്ടൻ പറഞ്ഞു...ഏട്ടനും ഇന്നാണ് ഇവിടേം ഷിഫ്റ്റ്‌ ചെയ്തത് അതോണ്ട് ഞങ്ങളുടെ രണ്ട് പേരുടെയും ഒതുക്കൽ എല്ലാം കഴിഞ്ഞപ്പോ നല്ല വിശപ്പ് ആയി പിന്നെ പുറത്ത് പോയി കഴിച്ചു..ഇവിടെ അടുത്തടുത്തു എത്ര റെസ്റ്റോറന്റുകൾ ആണ്.. ഏട്ടനാണ് പറഞ്ഞത് ഇതാണ് കരാമ കൂടുതൽ റെസ്റ്റോറന്റുകൾ ഇവിടെ ആണെന്ന്.. ഷാർജയിൽ നിന്നും ഒക്കെ ഫ്രണ്ട്സ് ഇവിടെ വന്നു കസിക്കാറുണ്ടെന്ന്..

അത് കഴിഞ്ഞു ചെറിയ grocery ഷോപ്പിങ്ങിനായി ലുലു ഹൈപ്പർമാർക്കറ്റ് പോയി.. ഞാൻ ഓരോ ഐറ്റം എടുത്ത് വില നോക്കി ഇന്ത്യൻ മണിയിലേക് കൻവെർട് ചെയ്യും..അപ്പോ എന്റെ കണ്ണ് തള്ളിപ്പോകും അങ്ങനെ ഓരോ ഐറ്റം വേണ്ടാന്നു വിചാരിച്ചു തിരിച്ചു വെക്കും.. പിന്നെയും നോക്കും തിരിച്ചു വെക്കും.. ട്രോളി കാലി ആയി  കണ്ട ഏട്ടൻ എന്നെ മാറ്റി നിർത്തി എന്നോട് പറഞ്ഞു ദുബായിൽ വന്നു കൺവെർട്ട് ചെയ്‌താൽ ഇവിടുന്നു ആരും ചായ പോലും കുടിക്കില്ലാന്ന്‌..ഒന്നും വേടിക്കാനും പറ്റില്ലാന്നു..അതോണ്ട് വളരെ അത്യാവശ്യം എന്ന് തോന്നിയത് മാത്രം എടുത്തു..എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു..

ഫ്ലാറ്റിൽ തിരിച്ചെത്തി ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക് ശേഷം കിടന്നു ഉറങ്ങി.. വൈകിട്ട് ആയപ്പോ അവർ എത്തി..രണ്ട് പേരേം പരിചയപെട്ടു.. ചേച്ചി പത്തനംതിട്ടകാരിയും ചേട്ടൻ കാസർഗോഡ്കാരനും ആണ്... ലവ് മാര്യേജ് ആയിരുന്നു പോലും..2 പേരും made for each other എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന അത്ര ചേർച്ച... നല്ല പെരുമാറ്റവും.. ഒരാളെ കാണുമ്പോ ആദ്യം ഞാൻ ശ്രദിക്കുന്നത് അപ്പീയരൻസും പെരുമാറ്റവും ആണ്..

ഡിന്നർ അവരുടെ വക ആണെന്ന് ആദ്യമേ പറഞ്ഞു.. അതോണ്ട് ചേച്ചീനെ ഹെല്പ് ചെയ്യാൻ ഞാനും കൂടി..മഹേഷേട്ടൻ ആണ് കറി ഉണ്ടാകുന്നത്..ഞാനും ചേച്ചിയും cutting chopping എല്ലാം ചെയ്ത് കൊടുത്തു..
മഹേഷേട്ടൻ 35um ചേച്ചിക് 30 വയസും ഉണ്ടെന്നു..2 മക്കൾ നാട്ടിൽ നിന്നു പഠിക്കുന്നു.. അങ്ങനെ ആ രാത്രി കൊണ്ട് പരസ്പരം വിശേഷങ്ങൾ എല്ലാം പറഞ്ഞു...

ഞാൻ വരുന്ന പ്രമാണിച്ച് ഏട്ടൻ 2 ദിവസം ലീവ് എടുത്ത് എന്നെ ദുബായ് കറക്കാൻ കൊണ്ട് പോവാൻ ...ആൾ അടുത്ത് തന്നെ ഒരു ക്ലിനിക്കിൽ ലാബ് അസിസ്റ്റന്റ് ആണ്.. മിക്കവാറും ഷിഫ്റ്റ്‌ ഉണ്ടാവും.. അതോണ്ട് ചിലപ്പോ വീക്കെൻഡ് ഒന്നും ഓഫ്‌ ഉണ്ടാവാൻ ചാൻസ് ഇല്ല..എന്നോട് 3 മാസം അടിച്ചു പൊളിച്ചിട്ടു എനിക്ക് ജോബ് നോക്കാമെന്നു പറഞ്ഞിരുന്നു..

വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞൊരുങ്ങിയ സുന്ദരിയാണ് ദുബായ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട് അത് യാഥാർഥ്യം ആണെന്ന് മനസിലായത് ദുബായിലെ രാത്രികളിൽ ആണ് ..പകലിനെക്കാൾ ശോഭ രാത്രിയിലാണ്..നമ്മുടെ നാട്ടിൽ സന്ധ്യക്ക് വീട്ടിൽ കയറാൻ പറയും ഇവിടെ സന്ധ്യക്ക് എല്ലാരും പുറത്ത് ഇറങ്ങും..

ഇടക്ക് ഞങ്ങൾ 4 പേരും ഒരുമിച്ചു കറങ്ങാൻ പോവും..അങ്ങനെ 3 മാസം കൊണ്ട് ബുർജ് ഖലീഫയും,മിറാക്കിൾ ഗാർഡനും ഡോൾഫിനേറിയം, ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, അറ്റ്ലാന്റിസ്, ദി പാം ദുബായ്,ദുബായ് ക്രീക്ക്, ദുബായ് ഫ്രെയിം,കുറച്ചു സൂക്കുകളും മാളുകളും അങ്ങനെ എല്ലാം കണ്ടു ..എല്ലാം എന്നെ അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു..മലയാളികളുടെ സ്വർഗമാണ് ദുബായ്..എവിടെ നോക്കിയാലും മലയാളികൾ ആണ്..ദുബായിൽ കറക്കം മുഴുവൻ രാത്രിയിലാണ്..

എന്റെ കുറച്ചു ഫ്രണ്ട്സും ഉണ്ട് ദുബായിൽ.. ഇടക് അവരെ മീറ്റ് ചെയ്യാറുണ്ട്..അങ്ങനെ ഞാൻ ഇനി നമുക്കു ദുബായിൽ തന്നെ settle ആയാൽ മതിയെന്ന് ഏട്ടനോട് പറഞ്ഞു..സത്യത്തിൽ എനിക്ക് ദുബായ് നല്ല പോലെ ബോധിച്ചു..പറയാതെ ഇരിക്കാൻ പറ്റില്ല ഇവിടെ കിട്ടുന്ന ഫ്രീഡം സമാധാനം സുരക്ഷിതത്വം ഒന്നും ഈ 23 വയസിൽ നാട്ടിൽ താമസിച്ചിട്ടു എനിക്ക് കിട്ടിയിട്ടില്ല.. ദുബായ് എപ്പോഴും എല്ലാരേം ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ഒരു എമിരേറ്റ് ആണ്...ഇവിടെ ആർക്കും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാൻ സമയവും ഇല്ല..

എന്നെ ഒരു അനിയത്തിയെ പോലെ ആയിരുന്നു മഹേഷേട്ടനും വീണേച്ചിം കണ്ടിരുന്നത്. കുക്കിംഗ്‌ പഠിപ്പിച്ചു തരും.. ഞങ്ങൾ ഒരുമിച്ചു ഇവിടെ അമ്പലത്തിൽ വീക്കെൻഡ് പോവും.. ഏട്ടൻ ഷിഫ്റ്റ്‌ ആയത് കൊണ്ട് ഈവെനിംഗ് ഒക്കെ എനിക്ക് കമ്പനി തരുന്നത് അവരായിരുന്നു..ദുബായിൽ എവിടെ ആണ് ഷോപ്പിംഗ് പോവേണ്ടത്, നല്ല restaurant,പാർക്ക്‌, ബീച്  എല്ലാം പറഞ്ഞു തരും..

ഹൈപ്പർമാർകെറ്റിൽ കേറിയാൽ ഞാൻ ഇറങ്ങില്ലെന്ന് അറിയാവുന്നത് കൊണ്ട് ഏട്ടൻ ഗ്രോസറി ഷോപ്പിംഗ് ഞങ്ങൾ പെണ്ണുങ്ങളോട് പൊയ്ക്കോളാൻ പറയും..ശരിക്കും ചേച്ചിയോട് സംസാരിക്കും തോറും എനിക്ക് അവരോട് സ്നേഹവും ബഹുമാനം കൂടി വന്നു...ചേച്ചിക് ആ ഏട്ടൻ വാങ്ങി കൊടുക്കുന്ന സർപ്രൈസ് ഗിഫ്റ്റുകൾ കണ്ട് ഞാൻ പലപ്പോഴും ഞെട്ടാറുണ്ട്.... അതും പറഞ്ഞു ഞാൻ ഏട്ടനെ ഇടക്ക് ചൊറിയാരും ഉണ്ട്...

ഇടക് അവരുടെ മക്കൾ വീഡിയോ കാൾ ചെയ്യുമ്പോ ഞാനും അവരോട് സംസാരിച്ചു...എനിക്ക് ജോലിക്ക് വേണ്ടി മഹേഷേട്ടന്റെ ഫ്രണ്ട്ന്റെ കമ്പനിയിൽ ആൾ തന്നെ reference ട്രൈ ചെയ്തു..അങ്ങനെ ഇന്റർവ്യൂ കഴിഞ്ഞു ഓഫർ ലെറ്റർ കിട്ടാൻ വെയ്റ്റിംഗ് ആയിരുന്നു...

കിച്ചണിൽ ഇടക് ജോലി ചെയുമ്പോൾ ചേച്ചിയെ വീഡിയോ കോളിൽ ആരോ ഇടക് വഴക് പറയുന്നത് കേൾക്കാറുണ്ടായിരുന്നു..ഒരു പുരുഷൻ ആണ് വഴക് പറയാറ്.. നിനക്ക് എന്നേം മക്കളേം വേണ്ടെന്ന് ഒക്കെ ചോദിക്കുന്നത് കേട്ടു .അവരുടെ പേർസണൽ കാര്യങ്ങൾ ആയോണ്ട് ഞാൻ അത് അധികം ശ്രദ്ദിക്കാറില്ലായിരുന്നു..

ഇടക് ചേച്ചിടെ മോൾ കരഞ്ഞു നാട്ടിൽ വാ അമ്മ എത്ര നാളായി കണ്ടിട്ട് അച്ഛൻ ഇപ്പോ കുടിക്കാറില്ലെന്ന് അമ്മയെ കാണാൻ കൊതിയാവുന്നു എന്നൊക്കെ പറയുന്നുണ്ട്...ഞാൻ ഓർത്തു ദുബായിൽ ഉള്ള മഹേഷേട്ടൻ കുടിക്കുന്നത് ഞാനും കണ്ടിട്ടില്ല പിന്നെ എന്താ മക്കൾ ഇങ്ങനെ പറഞ്ഞതെന്ന്..

എനിക്ക് സംശയം തോന്നാത്തിരിക്കാൻ ഒരിക്കൽ ചേച്ചി പറഞ്ഞു മകൾക്കു കാണാൻ കൊതിയാവുന്നു പറയുന്നുണ്ട് പക്ഷെ ലീവ് കിട്ടണ്ടേന്ന്.. ചേച്ചി ഒരു കമ്പനിയിലെ hr departmentil ആണ് വർക്ക്‌ ചെയുന്നത്.. ചിലപ്പോ പറയുന്നതു ശെരിയാരിക്കും എന്നോർത്തു ഞാൻ അത് അപ്പോ തന്നെ വിട്ടു..

പക്ഷെ പിന്നെ പിന്നെ എന്റെ സംശയങ്ങൾ കൂടി വന്നു.. ഒരിക്കൽ മഹേഷേട്ടൻ കിച്ചണിൽ കുക്കിംഗ്‌ ഇടയിൽ ഒരു സ്ത്രീയോട് വീഡിയോ കാൾ ചെയുന്നത് കണ്ടു.. കാസർഗോഡ് ഭാഷ മനസിലാക്കാൻ എനിക്ക് കുറച്ചു ബുദ്ദിമുട്ടായിരുന്നു..വളരെ അടുപ്പം ഉള്ള ആരോടോ സംസാരിക്കുന്ന പോലെ....ഇടക് 2 3 വയസ് തോന്നുന്ന ഒരു കുഞ്ഞു മോൻ വന്നു അച്ഛാ എന്ന് വിളിക്കുന്നത് കണ്ടു.. അപ്പോ ആൾ കുഞ്ഞിന് കുറെ ഉമ്മയും അച്ചേടെ ചക്കരെന്ന് ഒക്കെ വിളിക്കുന്നതും കണ്ടു ..

എനിക്ക് അപ്പോ മുതൽ ഇവിടെ എന്തോ ചീഞ്ഞു നാറുന്ന ഫീൽ ആയി.. അവരോട് ചോദിച്ചു മുഷിപ്പിക്കാൻ നിന്നില്ല.. മനസിന് വല്ലാത്ത അസ്വസ്ഥത.. എന്തോ ഒരു സങ്കടം.. എന്റെ മനസ്സിൽ തോന്നിയത് തെറ്റാവണെന്ന് ഞാൻ കുറേ പ്രാർത്ഥിച്ചു..നമ്മൾ ഇഷ്ടപ്പെടുന്നവർ തെറ്റ് ചെയുന്നുന്നു വിശ്വസിക്കാൻ നമ്മൾ താല്പര്യപ്പെടാറില്ലലോ...

സാദാരണ ഇങ്ങനെ ഉള്ള കാര്യങ്ങൾ കണ്ട് പിടിക്കാൻ ഞാൻ expert ആണെന്ന് പണ്ടേ ഫ്രണ്ട്‌സ് പറയാറുണ്ട്.. ഇതിപ്പോ എങ്ങനെ കണ്ടു പിടിക്കും എന്നായി പിന്നെ എന്റെ ചിന്ത..

ഇവരുടെ പെരുമാറ്റത്തിൽ ഭാര്യയും ഭർത്താവും അല്ലെന്നു ആരും പറയില്ല..അത്രക് സ്നേഹവും കരുതലും ആണ് പരസ്പരം.. ഇടക്ക് ഞാൻ ഇവരുടെ സ്നേഹം കാണുമ്പോ കണ്ട് പഠിക്കാൻ പറയാറുണ്ടായിരുന്നു വിഷ്ണുവേട്ടനോട്.. ആൾ അപ്പോ എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് പറയും പുറത്തുന്നു കാണുന്നതല്ല മോളൂസേ എല്ലാരുടേം റിയൽ ഫേസ് എന്ന്...

ഷിഫ്റ്റ്‌ കഴിഞ്ഞു വന്നു ഉറങ്ങുന്ന ഏട്ടനോട് കാര്യം ചോദിച്ചു ആളെ വെറുപ്പിക്കണ്ടല്ലോന്ന് ഓർത്തു അതിന് നിന്നില്ല..ഇടക് ഇടക് ഞാൻ ഓരോന്ന് ചോദിക്കും പക്ഷെ ആള് ഒന്നും വിട്ടു പറയില്ല...ഞാൻ ഒന്നൂടെ വളർന്നിട്ടു പറയാമെന്നു പറഞ്ഞു എന്നെ കളിയാക്കി വിടും.. കാര്യം നാല് കൊല്ലം പ്രേമിച്ചന്ന് പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല..മറ്റുള്ളോരുടെ കാര്യത്തിൽ എനിക്ക് വല്ലാത്ത ശുഷ്‌കാന്തി ആണെന്ന് പറഞ്ഞു കളിയാക്കും.. പറഞ്ഞില്ലെങ്കിൽ വേണ്ട പോന്ന് പറഞ്ഞു ഞാനും പിണങ്ങും...

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു എനിക്ക് ഓഫർ ലെറ്റർ വന്നു ജോബിന് ജോയിൻ ചെയ്തു.. ബിസിനസ്‌ ബെയിൽ ആയിരുന്നു ഓഫിസ്..

ഒരു മാസത്തിനു ശേഷം അവിടെ വെച്ച് കിട്ടിയ ഒരു ഫ്രണ്ട് ആണ് എന്നോട് മഹേഷേട്ടന്റെ എന്തോ കാര്യം പറഞ്ഞപ്പോ മഹേഷേട്ടന് അധികം പ്രായ വ്യത്യാസമില്ലാത്ത 3 കുഞ്ഞു ആൺകുട്ടികൾ ആണെന്ന് പറഞ്ഞത്.. എനിക്ക് അത് ഒരു ഷോക്ക് ആയിരുന്നു..എന്റെ മനസ്സിൽ ഉള്ളത് ഒന്നും ഞാൻ ആരോടും പറഞ്ഞില്ല.. അവരെ മറ്റുള്ളവരുടെ മുന്നിൽ ചീത്ത ആകാൻ ഞാൻ ആഗ്രഹിച്ചില്ല..ഒരുപാട് ഇഷ്ടം ആയിരുന്നു അവരെ 2 പേരെയും..

ഞങ്ങള്ക്ക് ഒരുപാട് സഹായം ചെയ്തവർ ആണ്..എനിക്ക് സത്യത്തിൽ സങ്കടം ആയിരുന്നു..കേട്ടത് സത്യം ആണെന്നു വിശ്വസിക്കാൻ ഇഷ്ട്ടമാല്ലായിരുന്നു ..സങ്കടം വന്നാൽ എനിക്ക് കരഞ്ഞു തീർക്കണം.... എങ്ങനെ എങ്കിലും വൈകിട്ട് ആയാൽ മതി എന്നായിരുന്നു ചിന്ത..

പിന്നീട് ആണ് ഞാൻ ഓർത്തത് ഇവർ ഒരുമിച്ചു നിന്നു ഇത് വരെ വീഡിയോ കാൾ ചെയുന്നത് കണ്ടിട്ടില്ലല്ലോന്ന്.. വീണേച്ചി മാത്രമാണ് മക്കളോട് മിണ്ടുന്നതു കണ്ടിട്ടുള്ളത് അതും ഒരു മോളും മോനും ആണ്.. 9ഉം 7ഉം വയസുള്ള കുട്ടികളാണ്...

മഹേഷേട്ടന് ആറു വയസുള്ളതാണ് മൂത്തകുട്ടി എന്ന് അവൾ പറഞ്ഞു അറിഞ്ഞിരുന്നു.. ഇനി ഇപ്പോ ആരോടും ഒന്നും ചോദിക്കാൻ ഇല്ലാലോ.. കാര്യം crystal ക്ലിയർ.. ചേട്ടനും ചേച്ചിയും നൈസ് ആയിട്ട് സ്വന്തം പാട്നേഴ്‌സിനെ ചീറ്റ് ചെയുന്നു..ഇതൊന്നും ലോകത്ത് നടക്കാത്ത ഒന്നല്ല ചിലപ്പോ ഞാൻ വളർന്ന ലോകത്ത് കാണാത്തത് കൊണ്ടാവും എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റില്ല.. മനസ് വല്ലാതെ ആസ്വസ്ഥമായിരുന്നു..വിവാഹം കഴിഞ്ഞുള്ള അവിഹിതങ്ങളോട് എനിക്ക് വെറുപ്പാണ്.. ഇഷ്ടം അല്ലെങ്കിൽ ഡിവോഴ്സ് ചെയ്ത് പോവണം അല്ലാതെ ഒരു പാട്ണർ ഉള്ളപ്പോ വീണ്ടും മറ്റൊരാളെ സ്നേഹിക്കുന്നത് യഥാർത്ഥ സ്നേഹമാണോ...

ഈവെനിംഗ് ആയതും ഞാൻ മെട്രോൽ പോവാതെ ടാക്സി വിളിച്ചു വേഗം ഫ്ലാറ്റിൽ എത്തി... എനിക്ക് നന്നായിട്ടു ഒന്ന് കരയണം..ഓർത്തിട്ടു എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു..ഓരോന്ന് ആലോചിച്ചു എനിക്ക് ഛർദി വന്നു.. കുറേ ഛർദിച്ചു കരഞ്ഞു..2 പേരുടെയും മക്കളെയും ഭാര്യയെയും ഭർത്താവിനെയും ഓർത്തായിരുന്നു എന്റെ സങ്കടം മുഴുവൻ...

എന്താ ഇവർ ഒന്നും ഒന്നിലും തൃപ്‌തി കണ്ടെത്താത്തത്..എന്തിനാ ഇവര് ഒക്കെ ഇങ്ങനെ ചെയ്യുന്നതെന്ന് ആയിരുന്നു എന്റെ ചിന്ത.. കരഞ്ഞും ഛർദിച്ചും ആകെ ക്ഷീണിച്ചു ഉറങ്ങി പോയി.. ഇതിന് ഇടക് ഏട്ടൻ വിളിച്ചു ഞാൻ tired ആയി കുറച്ചു ടൈം ഉറങ്ങാണെന്ന് പറഞ്ഞു കട്ട്‌ ആക്കി..വീണേച്ചി ഡ്യൂട്ടി കഴിഞ്ഞ് വന്നു എന്നെ കാണാഞ്ഞപ്പോ ഡോറിൽ വന്നു മുട്ടി..തലവേദന ആണെന്ന് പറഞ്ഞു ഒഴിവാക്കി.. ഇന്ന് എനിക്ക് അവരുടെ 2 പേരുടെയും മുഖത്തു നോക്കാൻ പറ്റില്ല ചിലപ്പോ ഞാൻ കരഞ്ഞു പോവും...ദേഷ്യത്തിന് അപ്പുറം എനിക്ക് സങ്കടം ആയിരുന്നു...ദൈവത്തിനോട് പോലും ദേഷ്യവും..

രാത്രി 12.30 വിഷ്ണുവേട്ടൻ ഷിഫ്റ്റ്‌ കഴിഞ്ഞു എത്തിയപ്പോൾ ഞാൻ ബെഡിൽ ആയിരുന്നു..എന്റെ മുഖം കണ്ടു ആൾ പേടിച്ചു പോയി..കരഞ്ഞും ഛർദിച്ചും ആകെ അവശയായിരുന്നു ഞാൻ..

എന്റെ അടുത്ത് വന്നു എന്താ പറ്റിയെ മോളൂസേ എന്ന് ചോദിച്ചു.. (സ്നേഹം കൂടുമ്പോ ഏട്ടൻ എന്നെ വിളിക്കുന്നതാണ് മോളൂസ് ).. ഇടക്ക് മഹേഷേട്ടനും വീണേച്ചിയെ അങ്ങനെ വിളിക്കുന്നത് കണ്ടിട്ടുണ്ട്.. എല്ലാം കൂടി എനിക്ക് പ്രാന്ത് പിടിച്ചിരുന്നു..

"ദേ മനുഷ്യനാ ഇനി എന്നെ എങ്ങാനും മോളുന്ന് വിളിച്ചാൽ ഉണ്ടല്ലോ "

"എന്താടാ പറ്റിയെ"

ഞാൻ ഉറക്കെ കരഞ്ഞു ഏട്ടനെ കെട്ടിപിടിച്ചു കാര്യം പറഞ്ഞു.. കുറേ കഴിഞ്ഞപ്പോ ഏട്ടൻ എന്നെ നോക്കി

"ഓഹോ ഇതായിരുന്നോ.. ഞാൻ പേടിച്ചു പോയി നിനക്ക് എന്ത് പറ്റിയെന്ന് ഓർത്തു.."

"അപ്പോ ഏട്ടൻ എല്ലാം അറിഞ്ഞോണ്ടാണല്ലേ..ഏട്ടൻ കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ..സ്വന്തം ഭാര്യേനേം മക്കളേം മറന്നു വേറെ ഒരു പെണ്ണിന്റെ കൂടെ ജീവിക്കുന്ന ആൾടെ കൂടെ ഏട്ടൻ എന്തിനാ ഫ്ലാറ്റ് എടുത്തത്..."

ഏട്ടൻ ഞാൻ എന്ത് തേങ്ങയാ പറയുന്നെന്നു ഉള്ള ഭാവത്തോടെ എന്നെ നോക്കുന്നുണ്ട്..പക്ഷെ മിണ്ടുന്നില്ല..

"ഈ നശിച്ച നാട്ടിന്നു ഒന്ന് പോയാ മതി..നമ്മുടെ നാട്ടിൽ ആണെങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ല.. നമുക്ക് ഇവിടുന്ന് വേഗം നിർത്തി പോവാം ഏട്ടാ.. എനിക്ക് വയ്യ ഇവിടെ താമസിക്കാൻ.. ഇനി ഒരു തെണ്ടികളേം ഞാൻ വിശ്വസിക്കില്ല..."

"ആഹാ അടിപൊളി.. ഇന്നലെ വരെ എന്തായിരുന്നു ദുബായ് മാങ്ങ തേങ്ങ.. ഇവിടുന്ന് ഒരിക്കലും പോവണ്ട..നീ ഈ തെണ്ടികൾ എന്ന് ഉദേശിച്ചത്‌ എന്നെ അല്ലെ..എന്റെ പോന്നു മോളെ ഇതാണ് ലോകം.. ഇത് ദുബായിൽ മാത്രം നടക്കുന്ന പുതിയ കാര്യം അല്ല...നമ്മുടെ നാട്ടിലും ഇതൊക്കെ തന്നെ നടക്കുന്നെ.. അവിഹിതത്തിന് ദുബായ് കേരളം അങ്ങനെ ഒന്നും ഇല്ല എന്റെ ശ്രീക്കുട്ടി..നീ ഇതൊന്നും അറിയാത്തത് എന്റെ കുഴപ്പം അല്ല.."

"നിന്റെ മാമന്റെ പുന്നാര മോൻ ഇല്ലേ ആദർശ് അവൻ എന്താ കല്യാണം കഴിഞ്ഞു ഒന്നര കൊല്ലം ആയിട്ടും സൗമ്യേനെ ഇത് വരെ ബാംഗ്ലൂർ കൊണ്ട് പോവാത്തതെന്നാ വിചാരം.. അവനെ അവിടെ ലിവിങ് ടുഗെതർ ആണ് ഒരു ആന്ധ്രക്കാരി കൂടെ..

അത് പോട്ടെ എന്റെ വല്യച്ഛന്റെ മോൻ രാഹുൽ അവൻ ഇപ്പൊ കെട്ടിയ ആരതിയെ നിനക്ക് അറിയാലോ.. അവനെ 2 വർഷത്തോളം ഇതേ പേരുള്ള വേറെ ഒരു ആരതിടെ കൂടെ കലൂരിൽ ഫ്ലാറ്റിൽ ആയിരുന്നു.. ആ പെണ്ണിനെ തേച്ചു ഒട്ടിച്ചിട്ടാണ് സർ ഇപ്പോ ഈ ആരതിനെ കെട്ടിയത്..

പിന്നെ നിന്റെ best friend തസ്‌നി ഇല്ലേ അവളുടെ husband ശഫീകിനു ഇവിടെ 2 ഫ്ലാറ്റ് ഉണ്ട്... ഒന്ന് കരാമയിൽ തസ്‌നി താമസിക്കുന്നത് പിന്നെ ഇന്റർനാഷണൽ cityl അവന്റെ ഗേൾ ഫ്രണ്ട് ഫിലിപിനോ ആണ്.. അവൾക് വേണ്ടി അവൻ എടുത്തത്..അവന്റെ റെസ്റ്ററന്റിന്റെ അടുത്താണ് ആ ഫ്ലാറ്റ്.. അവൻ മിക്കവാറും എവിടെയാണ്.. "

"ദൈവദോഷം പറയല്ലേ വിഷ്ണുവേട്ടാ..ആദർഷേട്ടനേം രാഹുലേട്ടനേം പറഞ്ഞാ ഞാൻ ചിലപ്പോ വിശ്വസിക്കും പക്ഷെ ഷഫീഖിക്ക അങ്ങനെ ചെയ്യില്ല.. പുള്ളി descent ആണ്..അവൾക് അവളുടെ ഇക്കാന്ന് പറഞ്ഞാ ജീവനാ.. അവൾക് എന്തൊക്കെയാ വാങ്ങി കൊടുക്കുന്നെ..ഷഫീക്ക അങ്ങനെ ഒന്നും ചെയ്യില്ല...അത് എനിക്ക് നല്ല ഉറപ്പാണ്.."

"ആയിക്കോട്ടെ..വിശ്വസിക്കണ്ട..എന്നാലേ മോളു പോയി ഇന്റർനാഷണൽ സിറ്റിലെ അവൻ എന്തിനാ ഫ്ലാറ്റ് എന്ന് ഒന്ന് അന്വേഷിക്കു.. ഇത് അവരുടെ കല്യാണത്തിന് മുമ്പ് ഉള്ള റിലേഷൻ ആണെടി പൊട്ടി...

വീണേടെ husband ഒരു മുഴുകുടിയനും കുടുംബം നോക്കാത്തവനും ആണെന്നാ കേട്ടത്..അങ്ങനെ വീണയെ ജോലിക്ക് വിട്ടാണ് ആള് ജീവിക്കുന്നത്.. വീണയും മഹേഷേട്ടനും തമ്മിൽ എങ്ങനെ കണ്ടു പരിചയപ്പെട്ടുന്നു ഒന്നും എനിക്ക് അറിയില്ല.. അവർ തമ്മിൽ ഇപ്പോ രണ്ട് കൊല്ലത്തോളം ആയി ഒരുമിച്ചു.. വീണ നാട്ടിൽ പോയിട്ടും ഇപ്പോ രണ്ട് കൊല്ലം ആയിന്നു തോന്നുന്നേ..

ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കുറേ സ്ത്രീകളും ഉണ്ട് ഇവിടെ.. കുടുംബത്തിന് വേണ്ടി കാലങ്ങളായി ഇവിടെ കിടന്നു കഷ്ടപ്പെടുന്നവർ..അത് പോലെ അടിച്ചു പൊളിക്കുന്നവരും ഉണ്ട്..എല്ലാം നമ്മുടെ ചോയ്സ് ആണ്.. നല്ലതും ചീത്തയും എല്ലാം..

അത് എല്ലാം ഓരോരുത്തരുടെ ഇഷ്ടം നമുക്ക് അതിൽ ഇടപെടേണ്ട കാര്യം ഇല്ല.. ഇതിന്റെ ഒക്കെ ആഫ്റ്റർഎഫക്ട് അനുഭവിക്കേണ്ടതും അവർ തന്നെയാ.. ഈ അവിഹിതങ്ങൾ എല്ലാം നൈമിഷികം മാത്രം ആണ്.. കുറച്ചു നാള് കഴിയുമ്പോൾ എല്ലാം മടുക്കും...

ഇതിന് ഒക്കെ നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ..നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ മതി.. മനസിലായോ.. നീ ആരോടും ഒന്നും ചോദിക്കാൻ പോവണ്ട.. ഉപദേശിക്കാനും.".നമുക്ക് ഒരു 3 4 മാസം കഴിയുമ്പോൾ ഇവിടുന്ന് മാറാമെന്നും പ്രോമിസ് ചെയ്തു .. ഇവരോട് ഒന്നും അറിഞ്ഞതായി ഭാവിക്കരുതെന്നും പറഞ്ഞു..എന്നിട് ആൾ എന്നെ ഒന്നൂടെ ചേർത്ത് പിടിച്ചു എന്നിട് പറഞ്ഞു ഇത് ഓർത്തു നീ ഇനി എന്നെ ചുമ്മാ സംശയിക്കരുത്..നമ്മൾ പ്രേമിച്ചതിന് ശേഷം നീ അല്ലാത്ത വേറെ ഒരു പെണ്ണ് എന്റെ ലൈഫിൽ ഉണ്ടായിട്ടില്ലന്ന് ഒക്കെ പറഞ്ഞു..

അത് കേട്ടപ്പോ ഞാനും ആളെ ഒന്നൂടെ ചുറ്റി പിടിച്ചു..എന്നിട് നന്നായിട്ട് പ്രാർത്ഥിച്ചു ഇത് എന്നും നിലനിർത്തണെന്നു...

ഇത് വരെ ആരുടേയും കുറ്റം ഏട്ടൻ പറയുന്നത് ഞാൻ കേട്ടിട്ടില്ല.. അപ്പോ ഈ പറഞ്ഞത് എല്ലാം സത്യം ആയിരിക്കും..എന്നാലും എന്റെ തസ്നിനോട് ഞാൻ ഇത് പറയും അവളെ എനിക്ക് രക്ഷിക്കണം.. ഇതായിരുന്നു എന്റെ മനസ്സിൽ..

"നീ ഇപ്പോ തന്നെ തസ്നിനെ വിളിക്കോ 🤨.. വെറുതെ ഒരു കുടുംബം കലക്കാൻ നിക്കണ്ട.. ഞാൻ ഇത് ഈ അടുത്താ അറിഞ്ഞത്.. അവൻ ഈ ബന്ധം തുടങ്ങിയിട്ട് 4 5 വർഷം ആയി..നീ ഇപ്പോ ഇത് പോയി പറഞ്ഞാൽ നീ തന്നെ എല്ലാരുടേം മുന്നിൽ ചീത്തയാവും.. ആരും വിശ്വസിക്കില്ല..സാദാരണ ഇങ്ങനെ ഒക്കെ സംഭവിക്കാറ്  മനസിലായോ എന്റെ ശ്രീക്കുട്ടി "

പിന്നെ കുറേ സമയം ഏട്ടൻ എനിക് ക്ലാസ്സ്‌ എടുത്തു... എന്നെ ചിരിപ്പിക്കാൻ ഒക്കെ നോക്കുന്നുണ്ട്. . ഞാൻ ആലോചിച്ചത് വീണേച്ചിടെ, husband ചെയ്ത തെറ്റിന് ഇപ്പോ അവർ ശിക്ഷിച്ചത് അവരുടെ മക്കളെയും അത് പോലെ ഒരു പാവം സ്ത്രീയെയും അവരുടെ 3 മക്കളെയും ആണ്.. ഇതിൽ ഇവർ രണ്ട് പേരും കുറ്റക്കാർ ആണ്..ദൈവമേ ഈ രണ്ടു എണ്ണത്തിനും നല്ല 8ന്റെ പണി തന്നെ കൊടുക്കണേ എന്ന് നന്നായി പ്രാർത്ഥിച്ചു...

കഷ്ടി അര മണിക്കൂര്‍ നേരം കൊണ്ട് എന്റെ മനസ്സിന് താങ്ങാവുന്നതിനുമപ്പുറത്തേക്ക് പലരുടെയും തനിനിറം കേട്ടറിഞ്ഞ ആഘാതത്തില്‍ ഇരുന്നു പോയി.....

പിറ്റേ ദിവസം ഞാൻ ലീവ് എടുത്തു.. അവരെ ഫേസ് ചെയ്യാൻ വയ്യായിരുന്നു...ഞങ്ങൾ രണ്ട് പേരും പുറത്ത് പോയി.. എന്തൊക്ക ചെയ്തിട്ടും എന്റെ മനസ് ഓക്കേ ആയില്ലാന്ന് വേണം പറയാൻ..ഇടക്ക് ഒര്കുമ്പോ സങ്കടം വരും.. എന്തിന് പറയുന്നു വിഷ്ണുവേട്ടനെ വരെ എനിക്ക് ഇപ്പോ സംശയം ആണ്..

അവരോട് ഒന്നും അറിയാത്ത പോലെ അഭിനയിച്ചു.. എന്നാലും ഒരു ഡിസ്റ്റൻസ് വന്നു നമ്മൾ എത്ര അഭിനയിച്ചാലും ചിലത് പുറത്ത് വരും അത് അവർക്കും മനസിലായി ..2 മാസം എടുത്ത് എന്റെ മനസ് ഒന്ന് നോർമൽ ആവാനും ഇതൊക്കെ ലോകത്ത് നടക്കുന്ന ഒന്നാണെന്ന് തിരിച്ചറിവ് വരാനും അതിനോട് പൊരുത്തപ്പെടാനും .. നമ്മൾ കാണാത്തത് എല്ലാം നമുക്ക് പുതുമയുള്ളതാണല്ലോ..അങ്ങനെ 5ആം മാസം ആയപ്പോ ഞങ്ങൾ പുതിയ സ്റ്റുഡിയോ എടുത്തു adcb metro സ്റ്റേഷന്റെ അടുത്ത്..

നല്ല രീതിയിൽ അവരോട് നിന്നിട്ട് മാറണം എന്നായിരുന്നു വിഷ്ണുവേട്ടന്റെ ആഗ്രഹം.. എനിക്കും.. എന്നോട് ഇവിടുന്ന് ഇറങ്ങുമ്പോ അവരോട് ഒന്നും പറയരുതെന്ന് പ്രതേകം പറഞ്ഞിട്ട് ആൾ ബൈ പറഞ്ഞു ഷിഫ്റ്റിംഗിൽ ബിസി ആയി.. എനിക്ക് ആണെങ്കിൽ അവരോട് പറയാതിരിക്കാൻ പറ്റുന്നില്ല..ഏട്ടൻ മാറിയ സമയത്ത് ഞാൻ പോയി മഹേഷേട്ടനോട് പറഞ്ഞു

പറയാൻ പാടില്ലാത്തതാണ് എന്നാലും പറ്റുന്നില്ല.. നിങ്ങൾ 2 പേരും ഒരുപാട് സഹായം ചെയ്തിട്ടുണ്ട് അതൊന്നും മറന്നിട്ടല്ല പറയുന്നത്..ഒരുകാലം വരും അന്ന് ഏട്ടൻ ഈ പറയുന്ന ആരോഗ്യം ചുറുചുറുക്ക് പണവും ഒന്നും ഇല്ലാണ്ട് ആയാൽ കൂടെ നോക്കാനും. നിങ്ങൾക് തണൽ ആവാനും ആ പാവം ഭാര്യ മാത്രെ കാണു.. നിങ്ങൾ ഇവിടെ ചെയുന്നത് നിങ്ങളുടെ ഭാര്യ നാട്ടിൽ ചെയ്‌താൽ എന്താവും നിങ്ങൾ അവരെ വിളിക്കുന്നെ... അത് തന്നെ അല്ലെ വീണ ചേച്ചിയും...ദൈവദോഷം വാങ്ങി വെക്കല്ലേ ഏട്ടാ... സ്നേഹം കൊണ്ട് പറയുന്നതാ..

സത്യം എക്കാലവും മറച്ചുവെക്കാൻ പറ്റില്ല ചേച്ചി.. എല്ലാത്തിനും സമാധാനം പറയേണ്ട ഒരു ദിവസം വരും എന്ന് പറഞ്ഞിട്ടാണ് ഞാൻ പോന്നത്..

ഏട്ടൻ പറയരുതെന്ന് പറഞ്ഞിട്ടും പറഞ്ഞത് എന്റെ മനസമാധാനത്തിന് വേണ്ടി മാത്രം ആണ്.. അവർ മാറാൻ ഒന്നും പോവുന്നില്ല പക്ഷെ നമ്മുടെ മനസാക്ഷിയോട് എങ്കിലും കുറച്ചു നീതി പുലർത്തണ്ടേ... ഞാൻ ആഗ്രഹിക്കാത്ത ഒരു ലോകമാണ് ഇത്...

ഇങ്ങനെ എത്ര എത്ര മഹേഷ്മാരും വീണമാരും ഉണ്ട് ദുബായിൽ എന്ന് പിന്നീട് എനിക്ക് മനസിലായി.. ഇതെല്ലാം മനുഷ്യരുടെ ചോയ്സ് ആണ് അല്ലാതെ നാടിന്റെ കുഴപ്പമല്ല...നമുക്ക് ലോകത്തെ മുഴുവൻ മാറ്റാൻ പറ്റില്ലാലോ... പക്ഷെ നമുക്ക് ഇവരിൽ ഒരാൾ ആവാതിരിക്കാൻ ശ്രമിക്കാം .. ഈ ലോകത്ത് ജനിക്കേണ്ടി ഇരുന്നിലാണ് പോലും ചിന്തിക്കുന്ന ഓരോ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കും..ദുബായ് ഒരു മായാലോകം ആണ്..നാട്ടിലേക്കാൾ സുരക്ഷിതത്വം നമുക്ക് അനുഭവിക്കാൻ സാധിക്കും..

ദൈവം ഇത്തരം ചില മനുഷ്യരെ നമ്മള്‍ക്ക് കാണിച്ചു തരും. ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് നമ്മളെ കൊണ്ട് വീണ്ടും വീണ്ടും ചിന്തിപ്പിക്കാനും ഇനിയും നമ്മൾ ജീവിക്കാൻ പോവുന്ന ഈ ലോകം ഇങ്ങനെ ആണെന്നുള്ള ഒരു തിരിച്ചറിവ് നേടാനും..

Based on a real story..