Aksharathalukal

മണ്ണും മഴത്തുള്ളിയും - തുടർക്കഥ അവസാന ഭാഗം



 മാധവമേനോൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.

 മീരയോട് പറഞ്ഞതിനുശേഷം അവളുടെ കണ്ണുകളിലെ നനവ്, അയാളുടെ മനസ്സിലും നോവ് പടർത്തി.

 എന്നാൽ മീരയുടെ വാക്കുകളാണ് മാധവ മേനോനെ അത്ഭുതപ്പെടുത്തിയത്.

" ഒരു പ്രതിസന്ധി വരുമ്പോൾ ഏത് അച്ഛനെയും സഹായിക്കേണ്ടത് മക്കളുടെ കടമയല്ലേ വല്യച്ഛ.... അല്ലെങ്കിൽ തന്നെ മീര ഇവിടെ എന്താണ് നേടിയിരിക്കുന്നത്.... എല്ലാം അച്ഛന് അവകാശപ്പെട്ടതല്ലേ.... ആ വിയർപ്പിന്റെ വിലയല്ലേ ഇതെല്ലാം.... "

 ആ വാക്കുകൾക്ക് ശേഷം ഒരു പൊട്ടിക്കരച്ചിലാണ് മാധവമേനോൻ പ്രതീക്ഷിച്ചത്.

 എന്നാൽ തലയുയർത്തിപ്പിടിച്ച് തന്റെ മുന്നിലൂടെ പോയ ആ മുഖം ഇപ്പോഴും മറക്കാൻ കഴിയുന്നില്ല.

 രണ്ടുദിവസത്തിനുശേഷം ബാംഗ്ലൂർക്ക് തിരിക്കണം എന്നാണ് വിചാരിച്ചിരുന്നത്.

 എന്നാൽ ഗോപിയുടെ ആവശ്യപ്രകാരം കുറച്ചുദിവസം കൂടി ഇവിടെ തങ്ങാം എന്ന് കരുതി.

 ഈ വീടിനും പറമ്പിനും ഒരു വിലയിട്ട്,  കച്ചവടം ഉറപ്പിക്കേണ്ട ജോലി, ഗോപി തനിക്കാണ് തന്നിരിക്കുന്നത്....

 പൊന്നു വിളയുന്ന ഈ മണ്ണിന് വില പറയുമ്പോൾ, ഇടനെഞ്ചിൽ ഒരു വേദന പോലെ....

 കുറച്ചുപേർ വന്ന് ഭൂമി കണ്ടുപോയി....

 ദിവസങ്ങൾ കടന്നു പോവുകയാണ്...

 ഓരോ ദിവസവും ഗോപിയുടെ വിളിവരും....

 പക്ഷേ വില ഒത്തുവരാതെ കൊടുക്കാൻ സാധിക്കുമോ.... തങ്ങളുടെ ആവശ്യം പുറത്തറിയുമ്പോൾ, ഭൂമിയുടെ വില എപ്പോഴും താഴ്ന്നു തന്നെ ഇരിക്കും.... കാരണം ആവശ്യക്കാർ തങ്ങൾ ആണെന്ന് മറ്റുള്ളവർ മനസ്സിലാക്കിയിരിക്കുന്നു.

 മുത്തച്ഛനെ, ഇതൊന്നും അറിയിക്കരുതെന്ന് മീര തന്നോട് ആവശ്യപ്പെട്ടിരുന്നു.

 മീരക്ക് ചുറ്റുമുള്ളവരുടെ കണ്ണുകളുടെ നനവ്, മാധവമേനോൻ കാണുന്നുണ്ടായിരുന്നു.

 കുറച്ചുനാൾ കൊണ്ടുതന്നെ എല്ലാവരെയും ചേർത്തുനിർത്താൻ മീരയ്ക്കായിരിക്കുന്നു.
 ഒരു യാത്രാമൊഴി പറയുമ്പോൾ, ആ ഹൃദയങ്ങളുടെ വികാരം തനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.

 തിരിച്ചുപോകാനുള്ള കടലാസ്സുകൾ ശരിയാക്കുന്ന തിരക്കിലായിരുന്നു മീര..

 ഉള്ളിലെ വേദന ആ കണ്ണുകളിൽ കാണാമായിരുന്നു.... എന്നാൽ അത് പുറത്തു കാണിക്കാതെ പുഞ്ചിരിക്കുന്ന ഒരു പെണ്ണ്...

 അമേരിക്കയിൽ നിന്ന് ഇങ്ങനെയുള്ള അവളുടെ വരവ് തങ്ങളാരും പ്രതീക്ഷിച്ചിരുന്നതല്ല.... കാരണം ഈ ഗ്രാമം അങ്ങനെ വളർന്ന ഒരു പെണ്ണിന്റെയും സ്വപ്നവും അല്ല....

 എന്നിട്ടും അവൾ ഇവിടെ പറന്നിറങ്ങുമ്പോൾ, കുടുംബത്തിലുള്ള എല്ലാവർക്കും അത്ഭുതമായിരുന്നു.....

 ബന്ധങ്ങളുടെ വേരുകൾ ഒന്നുമില്ലാതിരുന്ന ഈ ഗ്രാമത്തിൽ, ഒരു അന്യയായി തീരേണ്ടിയിരുന്നവൾ, ഇന്ന് കുറെ പേരുടെ ആത്മാവിൽ ഒരു സ്ഥാനം നേടി കഴിഞ്ഞിരിക്കുന്നു.

 ഓരോന്നാലോചിച്ചുകൊണ്ട് പറമ്പിലൂടെ നടക്കുകയായിരുന്നു മാധവമേനോൻ.

 താനിവിടെ വന്നിട്ട് ദിവസങ്ങൾ ആയിരിക്കുന്നു.

 തങ്ങൾ പ്രതീക്ഷിച്ച വിലയ്ക്ക് ഭൂമിക്ക് വില കിട്ടുന്ന കാര്യം സംശയമാണ്..... ആ ഒരു വില കിട്ടിയെങ്കിലേ ഇത് വിറ്റതുകൊണ്ട് പ്രയോജനപ്പെടു....

 താൻ ഇതെല്ലാം  ഗോപിയെ അറിയിച്ചിരുന്നു.

 വീടും പറമ്പും കാണാൻ ഗോപിയുടെ പരിചയത്തിലുള്ള ഒരാൾ രണ്ടു ദിവസത്തിനുള്ളിൽ വരും എന്ന് അവൻ അറിയിച്ചിരുന്നു.

 ആ വരുന്ന ആൾ കണ്ട് പോയിട്ട് വേണം, വിൽപ്പനം നടന്നാലും ഇല്ലെങ്കിലും തനിക്ക് വീട് വരെ ഒന്ന് പോകാൻ....

 സായന്തന സൂര്യൻ ചെങ്കതിർ പൊഴിക്കാൻ തുടങ്ങിയിരിക്കുന്നു.

 ഇളം ചൂടേറ്റ്  പറമ്പിലൂടെ നടക്കാൻ ഒരു സുഖമുണ്ട്....

 ചുറ്റും പച്ചക്കറി തോട്ടമാണ്....

 എല്ലാം തന്നെ ഫലം കായ്ച്ചു നിൽക്കുന്നു.

 മൂന്നാല് പണിക്കാരുണ്ട്.... പുല്ലു പറിക്കലും, വെള്ളം തേവലുമായി അവരെപ്പോഴും പറമ്പിൽ ഉണ്ടാകും ..... നന്നായി തന്നെ കൃഷി പരിപാലിക്കുന്നുണ്ട്...

 ഇതിനെല്ലാം മേൽനോട്ടം കണ്ണനാണ്...

 തന്റെയും ഗോപിയുടെയും ഒക്കെ കളിക്കൂട്ടുകാരൻ രാഘവന്റെ മകൻ....

 മീര ഇവിടെ വന്നതിനുശേഷം അറ്റു പോയ ബന്ധങ്ങളുടെ കൂടിച്ചേരലുകൾ പോലും ആയിരിക്കുന്നു.....

 ഒരു പെൺകുട്ടി സ്വന്തം പ്രയത്നത്തിലൂടെ ഇതെല്ലാം നേടുന്നത് അത്ഭുതത്തോടെ തനിക്കൊക്കെ നോക്കി കാണാൻ സാധിക്കു....

 കാരണം തന്റെ മക്കളൊക്കെ പായുന്നത് മറ്റൊരു ലോകത്തിലൂടെയാണ്.....

 മീര എപ്പോഴും പറയാറുള്ളതുപോലെ മണ്ണിൽ ചവിട്ടി നിൽക്കാൻ എല്ലാവർക്കും ഭയമാണ്.....

 പെട്ടെന്ന് തന്നെ ആരുടെയോ കാല്പരുമാറ്റം കേട്ടതും മാധവൻ മുഖമുയർത്തി നോക്കി.

 മീരയായിരുന്നു അത്.

" ഇതെന്താ വല്യച്ഛാ പറമ്പിൽ ഒറ്റയ്ക്ക്..... "

 മീരാ ചിരിച്ചുകൊണ്ട് ചോദിച്ചു.

" നീ പറഞ്ഞതുപോലെ മണ്ണിൽ ചവിട്ടിയപ്പോൾ പഴയ ഓർമ്മകൾ ഒക്കെ മനസ്സിലേക്ക് ഓടി വരുന്നു..... "

 മാധവമേനോൻ പുഞ്ചിരിയോടെ പറഞ്ഞു.

 മീര നടന്ന് മാധവമേനോന് അ രിയിലെത്തിയിരുന്നു.

" നിന്നെ അച്ഛൻ വിളിച്ചിരുന്നില്ലേ..... "

 മുന്നോട്ടു നടക്കുന്നതിനിടെ മാധവൻ ചോദിച്ചു.

" ഉവ്വ്..... എന്തൊക്കെയോ കാര്യങ്ങൾ വല്യച്ഛനോട് പറഞ്ഞിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞു.... "

" രണ്ടുദിവസത്തിനകം ആരൊക്കെയോ, വീട് നോക്കാൻ വരുമെന്ന് അച്ഛൻ പറഞ്ഞിരുന്നു... ചിലപ്പോൾ നാളെ എത്തുമായിരിക്കും..... "

 അതിനു മറുപടി പോലെ മീര തലയാട്ടി.

" ഞാൻ ഹരിയോട് കുറെ പറഞ്ഞിരുന്നു...... എനിക്ക് തോന്നുന്നു അവൻ ഒരു പ്രാവശ്യമെങ്കിലും വന്ന് ഈ വീടും പരിസരവും കണ്ടിരുന്നെങ്കിൽ ഒരിക്കലും വിൽക്കാൻ സമ്മതിക്കുമായിരുന്നില്ല.... "

" അതൊന്നും സാരമില്ല വല്യച്ഛാ.... എനിക്ക് അതിൽ ഒരു വിഷമവുമില്ല.... ഏത് അച്ഛനും കൈത്താങ്ങാവേണ്ടത്  മക്കളാണ്...... അച്ഛന്റെ സ്വപ്നങ്ങൾക്ക് മുകളിൽ ഈ മകൾക്ക് മറ്റൊരു സ്വപ്നവും ഇല്ല..... പിന്നെ ഇത്രയും കാലം ഒരു വനവാസം ആയിരുന്നു.... അതുകഴിഞ്ഞ് സ്വന്തം ലോകത്തേക്ക് ഒരു മടക്കയാത്ര..... ഇതിനെ അത്രമാത്രമായി കണ്ടാൽ മതി.... "

 മീരയുടെ ശബ്ദം താഴ്ന്നിരുന്നു.

 മാധവമേനോൻ ആ പുറത്ത് വാത്സല്യത്തോടെ തലോടി.

 രണ്ടുപേരും നടന്ന് വീട്ടുമുറ്റത്ത് എത്തുമ്പോഴേക്കും ഇരുട്ട് താവളം അടിക്കാൻ തുടങ്ങിയിരുന്നു.

 മുത്തച്ഛൻ വരാന്തയിലെ ചാരുകസേരയിൽ, കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ  ഇരിക്കുകയായിരുന്നു.

 അവരെ കണ്ടതും ആ മുഖത്ത് പുഞ്ചിരി വിടർന്നു.

 മീര മുത്തച്ഛന് അരികിലായി  ചാരുകസേരയ്ക്ക് താഴെ ഇരുന്നു.

 മുത്തച്ഛൻ വാത്സല്യത്തോടെ ആ തലമുടി ഇഴകളിലൂടെ തലോടി.

 മാധവമേനോൻ ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു.

 അച്ഛന്റെ ഈ പുഞ്ചിരി നിറഞ്ഞ മുഖം വളരെ നാളുകൾക്ക് ശേഷമാണ് കാണുന്നത്.....
 ഇതുവരെ ഇവിടെ നടന്നതൊന്നും അച്ഛൻ അറിഞ്ഞിട്ടില്ല....
 ഇനി ഇവിടെ നിന്ന് വന്നതുപോലെ തന്നോട് ഒപ്പം ഒരു മടക്കയാത്ര ഒരിക്കലും അച്ഛൻ ആഗ്രഹിക്കുന്നുണ്ടാവില്ല....
 പക്ഷേ യാഥാർത്ഥ്യം അതാണെന്ന് അറിയുമ്പോൾ അച്ഛൻ വീണ്ടും ആ ഏകാന്തതയിലേക്ക് തളക്കപ്പെടും......

 അതും ഒരു നൊമ്പരമാണ്.....

 ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞ് ഇതുപോലെ ഒരു അന്തരീക്ഷം താനും ആഗ്രഹിച്ചു പോകുന്നു.....

 വാർധക്യത്തിന്റെ നരകൾ ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ, ഏതൊരു മനസ്സും ആഗ്രഹിക്കുക തന്റെ ബാല്യത്തിലേക്കുള്ള ഒരു മടക്കയാത്രയാണ്......

 അതിന് വേണ്ടത് താൻ ജനിച്ചു വളർന്ന മണ്ണും, ഇതുപോലെ കുറെ നല്ല മനസ്സുകളും ആണ്....

 ഓർമ്മകളെ മരണമില്ലാതെ സൂക്ഷിക്കുക...
 അതിനു വേണ്ടത് ഇങ്ങനെ കുറെ മനസ്സുകളെയാണ്....

 കിടക്കയിൽ കിടക്കുമ്പോഴും മാധവമേനോൻ ഓർമ്മകളുടെ ലോകത്തായിരുന്നു.

 നഗരത്തിലെ ബഹളങ്ങളിൽ ഒരു മുറിക്കുള്ളിലെ നാല് ചുമരുകൾക്കിടയിൽ കഴിയുമ്പോൾ ഒരു വീർപ്പുമുട്ടൽ ആയിരുന്നു...

 എന്നാൽ ഇന്ന് താൻ മറ്റേതോ ലോകത്ത് ആണെന്ന് തോന്നിപ്പോകുന്നു....

 ഒരിക്കലും ഇങ്ങനെ ഒരു തിരിച്ചുവരവ് താൻ ആഗ്രഹിച്ചിരുന്നതല്ല.....
 ഇവിടെ വന്നിട്ട് ആഴ്ചകൾ ആകുന്നു.....

 ഒരു മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോഴും മനസ്സ് എവിടെയൊക്കെയോ തേങ്ങുന്നു....

 മീര എല്ലാം ഉള്ളിലൊതുക്കുകയാണെന്ന് തനിക്കറിയാം.....
 അവൾ ആഗ്രഹിച്ചത് ഇവിടെ ഒരു ജീവിതമാണ്.....
 എല്ലാം അച്ഛനുവേണ്ടി വിട്ടുകൊടുക്കാൻ തയ്യാറായ ഒരു മകൾ...

 ഉറക്കം മാധവമേനോന്റെ കൺപോളകളെ തളർത്തി തുടങ്ങിയിരുന്നു.

 രാവിലെ ഏറെ വൈകിയാണ് മാധവൻ ഉണർന്നത്.

 താഴെ ചെല്ലുമ്പോൾ മീര പണിക്കാർക്കൊപ്പം തോട്ടത്തിൽ ആണെന്ന് അറിഞ്ഞു.

 അച്ഛനും, മീരയ്ക്കൊപ്പം അവിടെയുണ്ട്.

 മാധവമേനോൻ, വരാന്തയിൽ കിടന്നിരുന്ന കസേരയിലിരുന്ന് അന്നത്തെ പത്രം കയ്യിലെടുത്തു.

 ഈ സമയം ലക്ഷ്മി അമ്മ ചായയുമായി അങ്ങോട്ട് വന്നു.

 അത് മാധവമേനോന് നൽകിയിട്ട് അവർ അകത്തേക്ക് പോയി.

 മാധവമേനോൻ പത്രത്തിലേക്ക് തലതാഴ്ത്തി.

 ഈ സമയം ഗേറ്റിനു പുറത്ത്, ഒരു വാഹനത്തിന് ഹോണടി ശബ്ദം മുഴങ്ങി.

 മാധവമേനോൻ മുഖമുയർത്തി നോക്കി.

 ഹരി പറഞ്ഞ ആളുകൾ നേരത്തെ തന്നെ എത്തിയോ.....?

 പത്രം മടക്കി തിണ്ണയിൽ വയ്ക്കുന്നതിനിടെ, ലക്ഷ്മി അമ്മ ഗേറ്റിന് അരികിലേക്ക് നടക്കുന്നത് മാധവൻ കണ്ടു.

 ഗേറ്റ് തുറന്നതും രണ്ടു വാഹനങ്ങൾ അകത്തേക്ക് കയറി.

 ആ വാഹനങ്ങളുടെ മുകളിൽ, പെട്ടിയും ബാഗുകളും വച്ച് കെട്ടിയിരുന്നു.

 മാധവമേനോൻ കസേരയിൽ നിന്ന് എഴുന്നേറ്റ് മുറ്റത്തേക്ക് നടന്നു.

 ഒരു നിമിഷം മാധവന്  തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

 കാറിൽ നിന്നിറങ്ങിയ രൂപങ്ങളെ അയാൾ വിശ്വസിക്കാനാവാതെ വീണ്ടും വീണ്ടും നോക്കി.

 ഗോപിയും, ഭാര്യയും, മകളും......

 ഗോപി വേഗം വന്ന്  ചേട്ടനെ വാരിപ്പുണർന്നു.

" എന്താടാ ഇത്, എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല..... "

 അനുജനെ വാരിപ്പുണർന്നുകൊണ്ട് മാധവൻ പറഞ്ഞു.

" എല്ലാം ഉപേക്ഷിച്ച് ഇങ്ങോട്ട് പോന്നു വല്യേട്ടാ.... വല്യേട്ടൻ പറഞ്ഞ എന്റെ മോളുടെ സാമ്രാജ്യത്തിലേക്ക്.... "

" അപ്പോൾ കേസും, തിരികെ നൽകാനുള്ള പണവും ഒക്കെ.... "

 മാധവമേനോൻ ആകാംക്ഷയോടെ ചോദിച്ചു.

" എല്ലാം തീർപ്പാക്കി..... എന്തെല്ലാം സമ്പാദിച്ചോ അതെല്ലാം വിറ്റു പെറുക്കി....
 കുറെ ആലോചിച്ചപ്പോൾ പിറന്ന മണ്ണ് തന്നെയാണ് നല്ലതെന്ന് തോന്നി... ഇത്രയും നാളത്തെ അധ്വാനം വെറുതെയായല്ലോ എന്ന് ഓർക്കുമ്പോഴാണ് ഒരു സങ്കടം.... "

 ഹരിയുടെ കണ്ണുകൾ നിറയുന്നത് മാധവൻ കണ്ടു.


" നീ അതോർത്ത് സങ്കടപ്പെടേണ്ട... ഈ മണ്ണ് നിന്നെ ഒരിക്കലും ചതിക്കുകയില്ല..... അതുപോലെ നിന്റെ മകളും.... അവൾ ഒരു മഴത്തുള്ളി ആണെടാ.... ഈ മണ്ണിന്റെ ആത്മാവ് തൊട്ടറിഞ്ഞ മഴത്തുള്ളി....."

 മാധവൻ ഇത് പറയുമ്പോൾ ഹരിയുടെ ഭാര്യയുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

" എന്നിട്ട് എന്തേ എന്റെ ആ മഴത്തുള്ളി....... "

 ഹരി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.

" രാവിലെ തന്നെ കൃഷിയുടെ പുറകെ ആണ്... അതുകഴിഞ്ഞിട്ട് വേണം സ്കൂളിൽ മാഷിന്റെ പണിക്കു പോകാൻ.... "

 മാധവൻ പൊട്ടിച്ചിരിയോടെ പറഞ്ഞു.

 എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.
 മാധവൻ തന്റെ രണ്ടു കൈകളും
 ഹരിയുടെ കൈകളിൽ ചേർത്തുവെച്ചു.

" ഇങ്ങനെയൊരു മകൾ ഏത് അച്ഛന്റെയും പുണ്യമാണടാ... ആരും കൊതിച്ചു പോകും ഇങ്ങനെ ഒരു മകളെ... ആ ഒരു സ്നേഹം ഞങ്ങൾ ഒരുപാട് അനുഭവിച്ചറിഞ്ഞു... "

 മാധവമേനോന്റെ സ്വരം താഴ്ന്നിരുന്നു.

 മാധവമേനോൻ ഒപ്പം എല്ലാവരും തോട്ടത്തിലേക്ക് നടന്നു.

 വീടും അതിനോട് ചേർന്നുള്ള മാറ്റങ്ങളെല്ലാം ഹരി അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.
 മീരയുടെ അമ്മയ്ക്കും അനുജത്തിക്കും എല്ലാം അവിടെ കണ്ടത് പുതിയ കാഴ്ചകൾ ആയിരുന്നു.

 താഴെ തോട്ടത്തിലെത്തുമ്പോൾ, പണിക്കാർ കരികിൽ മുത്തച്ഛന്റെ കൈകളിൽ പിടിച്ച് നിൽക്കുന്ന മീരയെ അവർ അകലെ വെച്ച് തന്നെ കണ്ടു.

 തോട്ടത്തിൽ ആരുടെയൊക്കെയോ കാൽ പെരുമാറ്റം   കേട്ടതും, എല്ലാവരും ആകാംക്ഷയോടെ അങ്ങോട്ട് നോക്കി.

 ഒരു നിമിഷം മീര വിശ്വസിക്കാനാവാതെ തന്റെ മുന്നിലേക്ക് നടന്ന് അടുക്കുന്നവരെ നോക്കി നിന്നുപോയി.

 അവൾ ഓടി ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.

" ഇതെന്താ ഇത്... എന്നെ അങ്ങോട്ട് വിളിച്ചിട്ട് നിങ്ങളെല്ലാവരും ഇങ്ങോട്ട് പോന്നോ.. "

, അമ്മയെയും,അനുജത്തിയെയും കെട്ടിപ്പുണരുന്നതിനിടെ മീര ചോദിച്ചു.

 ഇതിനിടെ ഹരി അച്ഛന്റെ അരികിൽ എത്തിയിരുന്നു. അച്ഛന്റെ കൈകൾ അയാൾ വാത്സല്യത്തോടെ നുകർന്നു.


 ഹരിയുടെ ഭാര്യയും മകൾ ഹരിതയും വന്ന് മുത്തച്ഛന്റെ കൈകളിൽ നിന്ന് അനുഗ്രഹം വാങ്ങി.

 മീരയുടെ മനസ്സിലപ്പോഴും, അവിടുത്തെ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയായിരുന്നു.

" എന്താ ഒന്നും പറയാത്തത്... "

 അച്ഛന്റെ കൈകളിൽ പിടിച്ചുകൊണ്ട് മീര ചോദിച്ചു.

 ഹരി വാത്സല്യത്തോടെ മകളുടെ തലമുടിയിഴ കളിലൂടെ തലോടി.


" അച്ഛന്റെ അവിടത്തെ എല്ലാ സാമ്രാജ്യങ്ങളും അച്ഛൻ ഉപേക്ഷിച്ചു... ഇനി നീ നെയ്തു കൂട്ടിയ ഈ സ്വർഗ്ഗമാണ് നമ്മുടെയെല്ലാം വീട്... "


 അച്ഛന്റെ വാക്കുകൾ കേട്ടതും മീരയുടെ കണ്ണുകൾ നിറഞ്ഞു.


" അച്ഛനോട് ഞാൻ പറഞ്ഞതല്ലേ നമുക്ക് ഇതെല്ലാം വിൽക്കാം എന്ന്... അച്ഛന്റെ സ്വപ്നമായിരുന്നില്ലേ  അവിടെയുണ്ടായിരുന്നതെല്ലാം.... "

 മീരയുടെ കണ്ണുകൾ നിറയുന്നത് കണ്ടതും, അമ്മ വന്ന് ആ കണ്ണുകൾ തുടച്ചു.

" അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം നിങ്ങളൊക്കെയല്ലേ.... അതല്ലേ എല്ലാം ഉപേക്ഷിച്ച് അച്ഛൻ ഇങ്ങോട്ട് ഓടി വന്നത്... "

 ഹരിതയെയും മീരയെയും ചേർത്തുനിർത്തിക്കൊണ്ട് ഹരി പറഞ്ഞു.

 ഈ സമയം മുത്തച്ഛനും വല്യച്ഛനും മീരയ്ക്കരിയിൽ എത്തിയിരുന്നു.

 ഈ സമയം കണ്ണൻ അങ്ങോട്ട് ഓടി വരുന്നുണ്ടായിരുന്നു.

 കണ്ണന്റെ ഓടിയുള്ള വരവ് കണ്ടതും മാധവമേനോൻ  ആ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി.

" ഹരി നിനക്ക് ഇവനെ മനസ്സിലായോ..... "

 ഏട്ടന്റെ ചോദ്യം കേട്ടതും, ഇല്ല എന്ന അർത്ഥത്തിൽ ഹരി തലയാട്ടി.

" ഇത് നമ്മുടെ കളിക്കൂട്ടുകാരൻ രാഘവന്റെ മകനാ... ഇവനാണ് ഈ തോട്ടത്തിന്റെ കാര്യസ്ഥൻ.. "

 മാധവമേനോന്റെ വാക്കുകൾ കേട്ടതും ഹരിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

" മോനെ കണ്ണാ... ഈ ഭൂമിയും മണ്ണും ഒന്നും ആരും കൊണ്ടുപോകാൻ പോകുന്നില്ല... നിങ്ങൾ ഈ മണ്ണിൽ പൊന്നു വിളയിച്ചോടാ.. "


 മാധവന്റെ വാക്കുകൾ കേട്ടതും വിശ്വസിക്കാനാവാതെ കണ്ണൻ ഓരോരുത്തരെയും മാറിമാറി നോക്കി.
 അവസാനം ആ കണ്ണുകൾ മീരയുടെ മുഖത്ത് ആയി.

 അതെ എന്ന അർത്ഥത്തിൽ മീര തലയാട്ടുമ്പോൾ, കണ്ണന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും  അധികമായിരുന്നു.

 അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ച്, മീര, തോട്ടത്തിന് പുറത്തേക്ക് നടന്നു.

 മുത്തച്ഛന്റെയും വല്യച്ഛന്റെയും കൈകളിൽ പിടിച്ച് ഹരിതയും അവർക്കൊപ്പം ഉണ്ടായിരുന്നു.

 ഇവിടെ വരുന്നതുവരെ ഒരു ശൂന്യതയായിരുന്നു....
 എന്നാൽ ഇവിടെ വന്ന് ഈ മണ്ണിലേക്ക് കാലെടുത്തു വച്ചപ്പോൾ, നഷ്ടപ്പെട്ടത് എന്തൊക്കെയോ തിരിച്ചു കിട്ടുന്നത് പോലെ ഹരിക്ക് തോന്നി.

 തന്റെ കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന  മീരയുടെ കൈകളിലേക്ക് ഹരി നോക്കി.

 മണ്ണിനെ തൊട്ട മഴത്തുള്ളി... ഇന്ന് അവൾ തന്റെ ഹൃദയവും തൊട്ടിരിക്കുന്നു...

 താൻ കൈവിട്ടതിൽ ഏറെ തനിക്കിവിടെ സമ്പാദിക്കാൻ ഉണ്ട്...

 അയാൾ തലയുയർത്തി തന്റെ ഭാര്യയുടെ നേരെ നോക്കി...
 അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അയാൾക്കൊരു ആശ്വാസമായിരുന്നു.

 മീരയെ ചേർത്ത് നിർത്തിക്കൊണ്ട്, തങ്ങളുടെ സ്വപ്നങ്ങളിലേക്ക് അവർ നടന്നു നീങ്ങി.



................................... ശുഭം..................................