മേശപ്പുറത്തിരുന്ന് ഐഫോൺ 13 നിർത്താതെ ബെല്ലടിച്ചു. ശ്രീജിത്ത് അതെടുത്ത് അകത്തെ മുറിയിലേക്ക് നടന്നു. അവിടെ സാവിയോ തോമസ് ഐപിഎസ് ഒരു പ്രതിയെ ഇഞ്ച ചതക്കുന്നത് പോലെ ചതച്ചു കൊണ്ടിരിക്കുകയായിരുന്നു.
\"സാർ.. ഒരു കോൾ ഉണ്ട്..\" ശ്രീജിത്ത് പറഞ്ഞു.
\"ഏതവൻ ആണെങ്കിലും ഞാൻ പിന്നെ വിളിച്ചോളാം..\" സാവിയോ ഒന്ന് തിരിഞ്ഞു നോക്കി പറഞ്ഞു.
\"സാർ.. രണ്ടുമൂന്നു തവണയായി ബെല്ലടിക്കുന്നു.. വൈഫി എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ്..\" എന്നുപറയുമ്പോൾ ശ്രീജിത്തിന്റെ മുഖത്ത് ഒരു ചെറിയ ചിരി ഉണ്ടായിരുന്നു.
സാവിയോ ഇടി നിർത്തി ശ്രീജിത്തിന് അരികിലേക്ക് വന്നു. \"ഹൈ കമാന്റിന്റെ വിളിയാണ്.. എടുത്തേക്കാം അതല്ലേ ആരോഗ്യത്തിന് നല്ലത്..\" ഒരു കണ്ണടച്ച് കാണിച്ച് ചിരിച്ചുകൊണ്ട് സാവിയോ ഫോൺ കയ്യിൽ എടുത്ത് നമ്പർ ഡയൽ ചെയ്തു.
\"എന്താ റാണി ഈ നേരത്ത്? ജെസ്സി അമ്മയ്ക്ക് പിന്നെയും വയ്യാണ്ടായോ?\" റാണി ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു.
\"ഇച്ചായാ.. ഇച്ചായൻ ഇപ്പോൾ തന്നെ ഇവിടെ വരണം..\" റാണി പറഞ്ഞു.
\"എന്താടാ? എന്തുണ്ടായി? എന്തെങ്കിലും പ്രശ്നമുണ്ടോ?\" അവൻ ചോദിച്ചു.
\"അതൊക്കെ ഞാൻ ഇവിടെ വന്നിട്ട് പറയാം.. ഇച്ചായൻ വേഗം ഇറങ്ങു..\" അവൻറെ മറുപടിക്ക് കാത്തുനിൽക്കാതെ റാണി ഫോൺ കട്ട് ചെയ്തു.
\"എടോ ശ്രീജിത്ത്.. ഇനി താൻ അവനെ ചോദ്യം ചെയ്യ്.. ഞാൻ ഇറങ്ങുവാ.. അവൻ തിരുവായി തുറന്നു എന്തെങ്കിലും മൊഴിഞ്ഞാൽ എന്നെ വിളിക്കൂ..\" ശ്രീജിത്തിന് കാര്യങ്ങൾ ഏൽപ്പിച്ചു വീട്ടിലേക്ക് ഇറങ്ങി അവൻ.
സവിയോ വീട്ടിലെത്തിയപ്പോൾ റാണി അവനുവേണ്ടി കാത്തിരിക്കുകയായിരുന്നു. \"എന്താ റാണി? എന്തുപറ്റി? എന്തിനാ നീ അത്യാവശ്യമായി വരാൻ പറഞ്ഞത്..?\" അവൻ ചോദിച്ചു.
അവൾ ഒന്നു ചുറ്റും നോക്കി..\"ഇച്ചായൻ വാ..\" അവൾ അവനെ കൈപിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി വാതിൽ അടച്ചു. അമ്മുവും അലക്സും തമ്മിൽ ഉണ്ടായതെല്ലാം റാണി അവനോട് പറഞ്ഞു.
\"എന്നിട്ട് അമ്മു എവിടെ?\" സാവിയോ ചോദിച്ചു.
\"അത് അവിടെ റൂമിൽ അടച്ചിരിക്കുന്നുണ്ട്.. എന്നാ പിടിയാ ആ ചെക്കൻ പിടിച്ചത്.. രണ്ട് കൈയ്യിലും ചോര ചത്ത് നീലിച്ചു കിടക്കുന്നു.. ചുണ്ടും നന്നായി കടിച്ചു പറിച്ചിട്ടുണ്ട്..\" റാണി പറഞ്ഞു.
\"നിനക്ക് ചെറിയ ഒരു അസൂയ ഉണ്ടോ.. ഉണ്ടെങ്കിൽ ഞാൻ കടിച്ചു പറിച്ചു തരാടി നിൻറെ ചുണ്ട്.. \" അവളെ ചുമലിനോട് ചേർത്ത് നിർത്തി അവളുടെ ഇരുവശത്തുമായി കൈപിടിച്ചുകൊണ്ട് സാവിയോ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
\"ദേ.. കുട്ടച്ചായ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. ഇത് വെറും കുട്ടിക്കളി അല്ല.. ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ താവിയോ തോമസ് ഐ പി എസ് നു .. കേസ്.. സ്ത്രീ പീഡനമാണ്.. സെക്ഷ്വൽ അബ്യൂസ് .. അമ്മുവിനെ കൊണ്ട് ഒരു പരാതി തരിപ്പിച്ചാൽ ചേട്ടൻ തന്നെ അനിയനെ തൂക്കിയെടുത്ത് വിലങ്ങുവെച്ച് സ്റ്റേഷനിൽ കൊണ്ടുപോകേണ്ടിവരും.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട..\" റാണി ഒരു വാർണിങ് എന്ന പോലെ അവനോട് പറഞ്ഞു.
\"ഹോ റാണി ടീച്ചറിന്റെ ഉള്ളിലെ ഫെമിനിസ്റ്റ് ഉണർന്നല്ലോ.. നീ ഒന്ന് അടങ്ങ് പെണ്ണേ.. എനിക്ക് കാര്യമൊക്കെ മനസ്സിലായി.. ഞാൻ അവനോട് സംസാരിക്കാം.. എന്നിട്ട് അവൻ എവിടെ?\" സാവിയോ ചോദിച്ചു.
\"ആർക്കറിയാം.. അപ്പോൾ അലോഷിപ്പാപ്പനെയും വിളിച്ച് ഇറങ്ങിപ്പോയതാണ്.. \" റാണി കൈ മലർത്തി പറഞ്ഞു.
\"അപ്പോൾ അവൻ ഗരുഡ ബാറിൽ കാണും.. നീ എന്റെ ആ മുണ്ടും ജുബയും എടുത്തു താ.. ഞാനൊന്നു പോയി നോക്കട്ടെ..\" സാവിയോ പറഞ്ഞതും റാണി അലമാര തുറന്നു അവൻറെ തേച്ചുവെച്ച മുണ്ടും ജുബ്ബയും എടുത്തു കയ്യിൽ കൊടുത്തു.
അവൻ ഡ്രസ്സ് മാറുന്നതിനിടയിൽ റാണി അവനോട് പറഞ്ഞു.\"അതെ.. അനിയനെ അന്വേഷിച്ചു പോകുന്നതൊക്കെ കൊള്ളാം.. അവിടെ ചെന്ന് ചേട്ടൻ അടിച്ചു പൂക്കുറ്റിയായി അന്വേഷിക്കാൻ വേറെ ആളെ വിടേണ്ടി വരരുത്..\"
\"ഇല്ല മോളെ.. ജസ്റ്റ് ഒരു ഡ്രിങ്ക്.. ഇന്നത്തെ രാത്രിയിലേക്ക് ഒരു മൂഡിന് വേണ്ടി.. ഇച്ചായൻ പോയി വരുമ്പോഴേക്കും.. ഇച്ചായന്റെ റാണി കൊച്ച് ഇച്ചായൻ ഇന്നാള് വാങ്ങിച്ചു തന്നു റെഡ് ഡ്രസ്സ് ഒക്കെ ഇട്ട്.. നല്ല സുന്ദരിയായി.. പിള്ളേരെ ഒക്കെ ഉറക്കി കെടുത്തി ഇരിക്ക്.. ഓക്കേ?\" കളിയോട് അവളുടെ മൂക്കിൽ തുമ്പിൽ പിടിച്ചു അവൻ ചോദിച്ചതും നാണം കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തലയാട്ടി.
*******
\"അലോഷിപ്പാപ്പ.. ഞാൻ അവളെ ചതിച്ചു.. എൻറെ അനുവിന ചതിച്ചു.. \" അലക്സ് അലോഷിയുടെ അടുത്ത് പുലമ്പി കൊണ്ടിരുന്നു.
അപ്പോഴാണ് സാവിയോ അങ്ങോട്ട് കയറി വന്നത്. സാവിയോയെ കണ്ട ഉടനെ അലക്സ് സംസാരം നിർത്തി കയ്യിലിരുന്ന ഗ്ലാസ്സിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു.
\"അലോഷിപ്പാ.. പാപ്പൻ പൊക്കോ.. ഇവനെ കൊണ്ടുവന്നു കൊള്ളാം..\" സാവിയോ പറഞ്ഞിട്ടും അലോഷി പോകാൻ മടിച്ചു നിന്നു.
\"അല്ല മോനേ.. ഞാൻ പോയാൽ..\" അലോഷി സംശയത്തോട് കൂടി അലക്സിനെ നോക്കി.
ഒന്നും സാരമില്ല എന്ന മട്ടിൽ സാവിയോ അലോഷിയെ കണ്ണടച്ചു കാണിച്ചു. അതുകണ്ട് മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അലോഷി അവിടെനിന്ന് ഇറങ്ങി. സാവിയോ ബെയാററോഡ് ഒരു ഡ്രിങ്ക് ഓർഡർ ചെയ്തു അലക്സിന് അരികിലായി വന്നിരുന്നു. അവൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ പുറത്തെടുത്ത് അത് അലക്സിന് നേരെ മേശപ്പുറത്ത് വച്ചു.
\"ഇത് ഡോക്ടർ അലക്സ് കടയാടിയും അവൻറെ കാമുകി അനുപമ ഡിസൂസയും മദ്രാസിലെ ഗുണ്ടാപേട്ട് രജിസ്റ്റർ ഓഫീസിൽ സമർപ്പിച്ച മാരേജ് അപ്ലിക്കേഷൻ ആണ്.. പക്ഷേ എന്താണ് എന്നറിയില്ല.. ഈ ഫോട്ടോയിൽ കാണുന്ന പെണ്ണുമായി യാതൊരു സ്വാമ്യവും ഇപ്പോൾ നമ്മുടെ വീട്ടിലുള്ള അലക്സിന്റെ ഭാര്യയ്ക്ക് ഇല്ല.. ഈ വിവാഹം രജിസ്റ്റർ ചെയ്യേണ്ട ദിവസം അനുപമ രജിസ്റ്റർ ഓഫീസിൽ എത്തിയില്ല.. രാവിലെ മുതൽ വൈകുന്നേരം ഓഫീസിലെ സ്റ്റാഫ് ഓഫീസ് പൂട്ടിപ്പോകുന്നതുവരെ അവിടെ കാത്തിരുന്ന അലക്സ് ഡോക്ടറെ അവിടുത്തെ സ്റ്റാഫ് ആയ സെൽവൻ ഇപ്പോഴും ഓർക്കുന്നുണ്ട്.. അങ്ങനെയെങ്കിൽ ഇപ്പോൾ നമ്മുടെ വീട്ടിലുള്ളത് ആരാ?\" സാവിയോ പറഞ്ഞതും അലക്സ് അവൻറെ മുന്നിലിരിക്കുന്ന പേപ്പറിലേക്ക് നോക്കി.
\"ഇത്.. ഇത് കുട്ടച്ചായന് എവിടെ നിന്ന് കിട്ടി?\" അലക്സ് ചോദിച്ചു.
\"എടാ.. ഒന്നുമില്ലെങ്കിലും ഞാനൊരു പോലീസുകാരൻ അല്ലേ.. എൻറെ മുന്നിൽ ആൾമാറാട്ടം നടത്താമെന്ന് നീ കരുതിയോ?\" സാവിയോ ചോദിച്ചതും അലക്സ് തലകുനിച്ചു.
\"വല്യപ്പച്ചൻ മരിക്കാൻ നേരത്ത് എൻറെ ഭാര്യയെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാനും അലോഷിപ്പാപ്പനും കൂടെ കളിച്ച കളിയാണ്.. ഇപ്പോ ആ കളിയിൽ ഞാൻ തന്നെ പെട്ടുപോയി.. ഒന്നും വേണ്ടായിരുന്നു\" അലക്സ് പറഞ്ഞു.
\"എടാ.. ഒന്നുമില്ലെങ്കിലും നിന്നെ സഹായിക്കാൻ വന്ന ഒരു പെൺകുട്ടിയല്ലേ.. നീ പറഞ്ഞ ഓരോ കള്ളങ്ങൾ വിശ്വസിച്ചു അവൾ എന്തൊക്കെയോ ചെയ്തു.. അതിന് നീ കൊടുത്ത ശിക്ഷ ഇത്തിരി ക്രൂരമായി പോയില്ലേ? അതിനോടെങ്കിലും സത്യങ്ങൾ തുറന്നു പറ.. റാണി പറഞ്ഞു.. നീ പോയപ്പോൾ മുതൽ റൂമിൽ അടച്ചിരുന്ന കരയുകയാണ് അവൾ എന്ന്.. അവൾ ഒരു പാവമാണ്.. വെറുതെ അവളെ വിഷമിപ്പിക്കരുത്.. \" സാവിയോ പറഞ്ഞത് കേട്ട് അലക്സ് കയ്യിലിരുന്ന് ഗ്ലാസിലെ മദ്യം സ്വന്തം വായിലേക്ക് കമഴ്ത്തി.
\"എന്തിനാടാ അവളോട് അങ്ങനെ ചെയ്തത്? നീ ഗേയാണെന്ന് അവൾ തെറ്റിദ്ധരിച്ചതിന് ആണോ? അതിന് ഇത്രയും വലിയ ഒരു ശിക്ഷ വേണമായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ?\" സാവിയോ ചോദിച്ചു.
\"അറിഞ്ഞുകൊണ്ട് അല്ല കുട്ടച്ചായ.. ശരിയാണ് എനിക്ക് ദേഷ്യം ഉണ്ടായിരുന്നു.. പക്ഷേ അവളെ ഒന്ന് പേടിപ്പിക്കണമെന്ന് ഞാൻ കരുതിയിരുന്നുള്ളൂ.. പക്ഷേ.. അവളെ എൻറെ അരികിലേക്ക് ചേർത്തപ്പോൾ.. അറിയാതെ എന്റെ കൈവിട്ടുപോയി.. എന്റെ മനസ്സിനെ എനിക്ക് തന്നെ നിയന്ത്രിക്കാൻ ആയില്ല.. തെറ്റാണ് ഞാൻ ചെയ്തത്.. അമ്മുവിനോട്.. പിന്നെ എന്റെ നെഞ്ചിൽ ഞാൻ പൊന്നുപോലെ കൊണ്ടു നടക്കുന്ന എൻറെ അനുവിനോട്.. എൻറെ അനുവിനെ ഞാൻ ചതിച്ചു.. ഐ ചീറ്റഡ് ഹേർ ..\" അലക്സ് പുലമ്പി കൊണ്ടിരുന്നു.
******
രാത്രിയിൽ അലക്സ് കയറി വന്നപ്പോൾ അമ്മു കരഞ്ഞു തളർന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു. അലക്സ് അവളുടെ അടുത്തായി വന്നിരുന്നു അവളുടെ മുടിയിൽ തലോടി അവൻ പറഞ്ഞു \"സോറി അമ്മു .. എനിക്ക് അറിയാതെ പറ്റിപ്പോയതാണ്.. നീ എന്നോട് ക്ഷമിക്കു..\"
പിന്നെ ഒന്നും മിണ്ടാതെ പതിവ് സോഫയിലേക്ക് അവൻ പോയി കിടന്നു. അമ്മുവിൻറെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
രാവിലെ അലക്സ് ഉണർന്നപ്പോൾ അമ്മു മുറിയിൽ ഉണ്ടായിരുന്നില്ല. കുറെ നേരം സോഫയിൽ ചായയ്ക്ക് വേണ്ടി കാത്തിരുന്നെങ്കിലും ചായയും കൊണ്ട് അമ്മു വന്നില്ല. അവൻ മെല്ലെ താഴേക്ക് ഇറങ്ങി. ബാൽക്കണിയുടെ അടുത്ത് ലീനയുടെയും ഗ്രേസിന്‍റെയും കൂടെയിരുന്ന സംസാരിക്കുന്ന അമ്മുവിനെ അവൻ കണ്ടു. അവനെ കണ്ട പാടെ അമ്മു എഴുന്നേറ്റ് മുറിയിലേക്ക് പോയി..
അവളുടെ പിന്നാലെ പോകാൻ പോയ അലക്സിനെ ലീനയും ഗ്രേസും കൂടി പിടിച്ചു നിർത്തി.. \"ഇച്ചായൻ ഇപ്പോഴേ എണീറ്റ് ഉള്ളു അല്ലേ.. ഇന്നലത്തെ പെർഫോമൻസിന്റെ ഹാങ്ങോവർ ആണോ..?\" ഗ്രേസ് കളിയാക്കി ചോദിച്ചു.
\"എന്നാലും എൻറെ ച്ചായാ.. ഒരു മയത്തിലൊക്കെ വേണ്ടേ.. രാവിലെ മുതൽ അമ്മു ചേച്ചി ചുണ്ടും പൊത്തി പിടിച്ചാണ് നടക്കുന്നത്.. ഞങ്ങൾ കണ്ടത് കണ്ടു.. വേറെ ആരെങ്കിലും കണ്ടാൽ നാണക്കേടാണ്..\" ലീന അവന്റെ അടുത്ത് വന്ന് കള്ളച്ചിരിയോടെ പറഞ്ഞു.
അവൻ അവളെ ഒന്ന് കൂർപ്പിച്ച് ദേഷ്യത്തോടെ നോക്കി. പക്ഷേ അമ്മുവിനോട് സംസാരിക്കണമെന്ന് നിശ്ചയിച്ചു ഉറപ്പിച്ചിരിക്കുന്നത് കൊണ്ട് അവൻ അവളോട് ഒരു വഴക്കിന് നിന്നില്ല ..
അവൻ മുറിയിലേക്ക് തിരികെ കയറി ചെല്ലുമ്പോൾ അമ്മു ഉണങ്ങിയ തുണിയെല്ലാം മടക്കി അലമാരിയിൽ വയ്ക്കുകയായിരുന്നു. അവൾ അവനെ കണ്ട ഭാവം നടിച്ചില്ല.
\"അമ്മു ..\"അവൻ വിളിച്ചു.
\"കാഞ്ചന.. അങ്ങനെ വിളിച്ചാൽ മതി.. എനിക്ക് ഇവിടെ മടുത്തു.. എന്നെ ഒന്ന് തിരികെ കൊണ്ടു വിടാമോ?\" അവൾ ദേഷ്യത്തോടെ ചോദിച്ചു.
\"അമ്മു .. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്..\" അവൻ പറഞ്ഞു.
\"നിങ്ങൾ പറഞ്ഞു ഞാൻ കേട്ടു.. നന്നായി തന്നെ കേട്ടു.. നിങ്ങൾ പറഞ്ഞത് തെറ്റൊന്നുമില്ല.. ഒരു അന്യ പുരുഷന്റെ കൂടെ അയാളുടെ ഭാര്യയായ അഭിനയിച്ചു ജീവിക്കുന്ന ഒരു പെണ്ണ് വൃത്തികെട്ടതു തന്നെയാണ്.. എന്താണ് നിങ്ങൾ പറഞ്ഞ വാക്ക്? ചീള് കേസ്.. അതുതന്നെ.. അങ്ങനെ ഒരുത്തിയായി ജീവിക്കാൻ എനിക്ക് വയ്യ.. എന്തെങ്കിലും പറഞ്ഞു എന്നെ ബസ് സ്റ്റോപ്പ് വരെ ഒന്ന് എത്തിച്ചാൽ മതി.. പിന്നെ ഞാൻ പൊക്കോളാം..\" അവൾ പറഞ്ഞു.
\"നിന്നെ ഇപ്പോൾ ഞാൻ എങ്ങോട്ടും വിടുന്നില്ല.. ആദ്യം എനിക്ക് പറയാനുള്ളത് നീ ഒന്ന് കേൾക്ക്.. അത് കഴിഞ്ഞ് നിനക്ക് ഇഷ്ടമുള്ള പോലെ ചെയ്യാം.. തിരിച്ചു പോകുകയോ ഇവിടെത്തന്നെ തുടരുകയോ എന്തുവേണമെങ്കിലും. \" അലക്സ് പറഞ്ഞത് കേട്ട് ഒന്ന് നെടുവീർപ്പിട്ടു എഴുന്നേറ്റ് നിന്ന് കൈ മാറിൽ പിണച്ചു കെട്ടി അവനെ നോക്കി നിന്നു.
\"അമ്മു .. ഒരു പെണ്ണിനെ എന്റെ മനസ്സിൽ കൊണ്ടുനടക്കാൻ വയ്യ എന്നു പറഞ്ഞതിന് കാരണം ഞാൻ ഒരു ഗേ ആയതുകൊണ്ടല്ല.. എൻറെ മനസ്സിൽ ഓൾറെഡി ഒരാള് ഉള്ളതുകൊണ്ടാണ്.. എൻറെ അനുപമ.. മനസ്സ് മുഴുവൻ കൊടുത്തു അലക്സ് സ്നേഹിച്ച പെണ്ണ്.. സ്വന്തമാക്കണമെന്ന് അലക്സ് അങ്ങേയറ്റം ആഗ്രഹിച്ച അലക്സിന്റെ പെണ്ണ്.. അനുപമ..\"
(തുടരും..)