തലേ ദിവസത്തെ ഹാങ്ങ്‌ഓവാറിൽ വളരെ വൈകി ആണ് അലക്സ് എഴുന്നേറ്റത്. എഴുന്നേറ്റു ഇരുന്നതും തല മുഴുവൻ വെട്ടി പിളർക്കുന്ന വേദന തോന്നി അവനു. മുന്നിലേക്ക് ഒരു ചായക്കപ്പ് നീണ്ടപ്പോൾ അവൻ അത് ആവേശത്തോടെ വാങ്ങിച്ചു ചുണ്ടോട് ചേർത്തു.
\"ഉം.. അമ്മു ഇത് നിന്റെ ചായ അല്ലല്ലോ? ഇന്നു എന്തു പറ്റി?\" അറിയാതെ ചോദിച്ചു കഴിഞ്ഞപ്പോൾ ആണ് മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ആനിയമ്മയെ അവൻ കണ്ടത്. താൻ അമ്മുവിന്റെ പേരു പറഞ്ഞത് ഓർത്തു അവൻ ചുണ്ട് കടിച്ചു.
\"ഇത്രയും ഇഷ്ട്ടം ഉണ്ടെങ്കിൽ എന്തിനാടാ അവളെ അവിടെ നിർത്തി പോന്നത്?\" ആനിയമ്മയുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു അവൻ ചായക്കപ്പ് ചുണ്ടോട് ചേർത്തു.
\"ജെസ്സിക്ക് ആകെ പേടി..\" അവന്റെ മുറിയിലെ അലസമായി കിടന്നിരുന്ന തുണികൾ എല്ലാം കുടഞ്ഞെടുത്തു കൊണ്ട് ആനിയമ്മ ചോദിച്ചു. \"നീയും അവളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്.. കുഞ്ഞുങ്ങൾ ഉണ്ടാവാത്തതിൽ നിങ്ങൾക്ക് വിഷമം ഉണ്ട് എന്ന് ജെസ്സി പറഞ്ഞു.\"
ആനിയമ്മയുടെ വാക്കുകൾ കേട്ടതും കുടിച്ച ചായ തൊണ്ടയിൽ തടഞ്ഞ അവസ്ഥയിൽ ആയി അലക്സ്.
\"ഇനി ഇപ്പൊ അങ്ങനെ വല്ലതും നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ.. അതിനേക്കാൾ ഒക്കെ വലുത് അല്ലേടാ നിങ്ങൾ തമ്മിലുള്ള സ്നേഹം? പരസ്പരം സ്നേഹമില്ലാത്ത മാതാപിതാക്കൾക്കിടയിൽ എത്ര കുഞ്ഞുങ്ങൾ ജനിച്ചിട്ട് എന്തിനാ? എന്ന് കരുതി നിങ്ങൾ കുഞ്ഞിന് വേണ്ടി ഉള്ള മോഹം ഉപേക്ഷിക്കണം എന്നല്ല.. കർത്താവ് തീരുമാനിച്ച സമയത്തു അവിടന്ന് തരും.. \" തുണികൾ മടക്കി അയയിലേക്ക് ഇട്ടു ആനിയമ്മ അവനു അരികിലായി ഇരുന്നു.
മെല്ലെ അവന്റെ മുടിയിഴകളിൽ തഴുകികൊണ്ട് അവർ തുടന്നു. \"അമ്മുവിനെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ഞങ്ങളുടെ എല്ലാം ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു. അവൾ ഇവിടെ ചേർന്നു പോകുമോ എന്ന്. ഒന്നുമില്ലെങ്കിലും അവൾ അല്ലേ നീ ഇങ്ങനെ കുടുംബത്തു നിന്നു മാറി നിൽക്കാൻ കാരണം എന്ന് ഒരു തോന്നൽ.
പക്ഷേ ഇവിടെ വന്നു അവൾ തെളിയിച്ചു. ഈ വീടിനു അവളെക്കാൾ ചേർന്ന മരുമകളെ കിട്ടാൻ ഇല്ല എന്ന്. മരുമകൾ ആയി വന്നവൾ എപ്പോളോ മകൾ ആയി, ചേച്ചി ആയി, അനുജത്തി ആയി..
എനിക്ക് ഇപ്പളും വിശ്വസിക്കാൻ പറ്റാത്തത് എന്താണ് എന്നറിയോ? ഇത്രയും കാലം ഇവിടെ നിന്നു മാറി നിൽക്കാൻ അവൾ നിന്നെ സമ്മതിച്ചു എന്നുള്ളതാണ്.. അവളുടെ സ്വഭാവത്തിന് നമുക്ക് വീട്ടിൽ പോകാം വീട്ടിൽ പോകാം എന്ന് പറഞ്ഞു തല തിന്നു കാണും അല്ലെ?\" ആനി ഒന്ന് ചിരിച്ചു.
അലക്സ് അപ്പോൾ ഒന്ന് താരതമ്യപ്പെടുത്തി നോക്കുകയായിരുന്നു. അമ്മുവിനെയും അനുവിനെയും. സൗന്ദര്യത്തിലും പഠിപ്പിലും പണത്തിലും എല്ലാം അണുവിനെക്കാളും വളരെ പിന്നിൽ ആണ് അമ്മു. അനു എല്ലാം കൊണ്ടും അവനു ചേർന്നവൾ ആയിരുന്നു. സ്വഭാവവും വളരെ വെത്യാസം ഉള്ളവ.
ഒറ്റയ്ക്ക്കിരിക്കാനും തനിയെ ചിരിക്കാനും ഇഷ്ടപെടുന്ന വ്യക്തി ആയിരുന്നു അനു. തികച്ചും പക്വതയാർന്ന പെരുമാറ്റവും. അലക്സും അവളും മാത്രമുള്ള ലോകം.. അതായിരുന്നു അവളുടെ സ്വർഗം. അമ്മുവാകട്ടെ ഒരു നേരവും ഒറ്റയ്ക്ക് ഇരിക്കില്ല. റാണിയുടെയോ, ലീനയുടെയോ, ആണിയമ്മയുടെയോ പിന്നാലെ ഇങ്ങനെ നടക്കും. കുട്ടിക്കളി മാറാത്ത പ്രകൃതം.
അലെക്സിന്റെ ഇഷ്ടങ്ങൾ ആയിരുന്നു അനുവിന്റേത്. അതിനു വേണ്ടി എന്തു അഡ്ജസ്റ്റ്മെന്റും അവൾ ചെയ്യും. അലക്സ്നു കടയാടിയിലെ വീട്ടിൽ താമസിക്കാൻ ആണ് ആഗ്രഹം എങ്കിൽ അവൾക്കു അത് താല്പര്യമില്ല എങ്കിലും അവനു വേണ്ടി അവൾ അവിടെ നിൽക്കും. അമ്മു ആണെങ്കിൽ അവളുടെ ഇഷ്ടങ്ങൾ തുറന്നു പറയുന്ന കൂട്ടത്തിൽ ആണ്. വലിയ ചിന്തകൾ ഒന്നും ഇല്ല. തന്റെ ഇഷ്ട്ടങ്ങളെ മറ്റുള്ളവരുടേതും ആക്കി മാറ്റാൻ ഉള്ള ഒരു പ്രതേക കഴിവുണ്ട് അവൾക്ക്.
ശരിക്കും അനുവിനെ ആണ് ഇവിടേയ്ക്ക് കൂട്ടികൊണ്ട് വന്നിരുന്നത് എങ്കിൽ തന്റെ വീട്ടുകാർ അവളെയും ഇതുപോലെ തന്നെ ഇഷ്ടപ്പെടുമോ എന്ന് അവൻ ഓർത്തു.
\"സത്യം പറയട്ടെ ജോകുട്ടാ.. ഞങ്ങൾ ആയിട്ട് തിരഞ്ഞു കണ്ടുപിടിച്ചാലും ഇത്രയും നല്ലൊരു കൊച്ചിനെ നിനക്കു തരാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നില്ല. അത് കൊണ്ട് എന്ത് പിണക്കം ആയാലും വേഗം അതൊക്കെ തീർത്തു അവളെ വിളിച്ചു കൊണ്ട് വാ..\" ആനിയമ്മയുടെ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി.
********
കുളി കഴിഞ്ഞു വന്ന ഗ്രേസ് പതിവ് പോലെ വില്ലിയും ആയി ഫോണിൽ കുറുകാൻ തുടങ്ങി. റബേക്ക മെല്ലെ പുസ്തകത്തിൽ നിന്നു മുഖം ഒന്ന് ഉയർത്തി നോക്കി ചിരിച്ചു പുസ്തകത്തിലേക്ക് തന്നെ തല താഴ്ത്തി. പഠിപ്പിൽ മുഴുകി ഇരുന്നതിനാൽ ഗ്രേസ് മെല്ലെ റൂമിൽ നിന്ന് പുറത്തു കടന്നു ബാൽക്കണിയിലേക്ക് പോയത് അവൾ അറിഞ്ഞില്ല.
പിൻ കഴുത്തിൽ ഒരു ചുടുനിശ്വാസവും ചുംബനവും പതിച്ച ഞെട്ടലിൽ അവൾ തിരിഞ്ഞോന്നു നോക്കിയപ്പോഴേക്കും ക്രിസ്റ്റിയുടെ ചുണ്ടുകൾ അവളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. അവളെ ആഞ്ഞു പുണർന്നു കൊണ്ടു എടുത്തു ഉയർത്തി അവളെ ടേബിളിൽ ഇരുത്തി അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി. അവൾ പഠിച്ചു കൊണ്ടിരിന്ന പുസ്തകത്തിന്റെ താളുകൾ അവരുടെ ഭാരം താങ്ങാൻ കഴിയാതെ ഞെരിഞ്ഞമർന്നു.
\"ക്രിസ്റ്റിച്ചായാ.. \" ഇടയ്ക്ക് ശ്വാസം വീണു കിട്ടിയപ്പോൾ അവൾ വിളിച്ചു.. \"എന്തായിത്? ഞാൻ പഠിക്കായിരുന്നു.. നാളെ ഡാറ്റാബേ..\"
അവൾ പഠിപ്പിന്റെ കാര്യം സംസാരിച്ചു മൂഡ് കളയും എന്ന് തോന്നിയത് കൊണ്ട് അവളെ മിണ്ടാൻ സമ്മതിക്കാതെ അവൻ വീണ്ടും അവളുടെ ചുണ്ടുകൾ സ്വന്തമാക്കി. അവൾ പറയാൻ വന്നത് എല്ലാം അവന്റെ ചുണ്ടുകൾ തീർത്ത മാസ്മരികതയിൽ മറന്നു പോയി. അവന്റെ വിരലുകൾ അവളെ താലോലിക്കാൻ തുടങ്ങിയപ്പോൾ അവളിലെ അവസാന ഉമിനീരും വറ്റി കഴിഞ്ഞിരുന്നു.
\"ഇച്ചായ...\" ഉറക്കെ ഉള്ള ലീനയുടെ ശബ്ദം കേട്ടാണ് രണ്ടു പേരും ഞെട്ടി പിന്മാറിയത്.
ലീനയുടെ മുൻപിൽ കള്ളം പിടിച്ച കുട്ടികളെ പോലെ രണ്ടു പേരും തല താഴ്ത്തി നിന്നു. ലീനയുടെ കണ്ണുകളും വല്ലാതെ നിറഞ്ഞിരുന്നു. നേരത്തേ അറിയാവുന്നത് ആണ്.. എങ്കിലും ഇച്ചായനെയും റെബേക്കയേയും വല്ലാത്ത സാഹചര്യത്തിൽ കണ്ടപ്പോൾ എന്തോ അവൾക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല.
\"ട്രിൻസി മിസ്സ് വിളിച്ചിരുന്നു. നമ്മളെ രണ്ടു പേരെയും ഇന്റേൺഷിപ്പിന് എടുക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. നാളെ മറ്റുള്ളവരുടെ കൂടെ നമ്മളോടും ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. നിന്നെ വിളിച്ചിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു.. നിനക്കു ഇത്രയും തിരക്ക് ആണെന്ന് ഞാനും അറിഞ്ഞില്ല..\" അർത്ഥം വച്ചു ലീന പറഞ്ഞപ്പോൾ റിബി അല്പം വേദനയോടെ ക്രിസ്റ്റിയെ നോക്കി. അവൻ ആണെങ്കിൽ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ പതിയെ സ്ഥലം കാലിയാക്കി.
*******
\"അമ്മു.. എന്റെ ടവൽ ഇങ്ങു എടുക്കാമോ?\" ബാത്‌റൂമിൽ നിന്നു ഉറക്കെ വിളിച്ചു പറഞ്ഞതിന് ശേഷം ആണ് അങ്ങനെ ഒരാൾ അവിടെ ഇല്ലെന്നു അലക്സ് ഓർത്തത്.
അലക്സ് അമ്മുവിനെ കൊണ്ടാക്കി തിരികെ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. അവൻ പ്രതീക്ഷിച്ചപോലെ അവളെ ഓർമകളിൽ നിന്നു മായ്ക്കുവാൻ അവനു കഴിഞ്ഞില്ല. അത്രമേൽ അവൾ അവനിൽ അധികാരം നേടിയിരുന്നു എന്ന് അവനും വിശ്വസിക്കാൻ കഴിഞ്ഞില്ല.
അവൻ വീണ്ടും ഫോൺ എടുത്തു ഡയൽ ചെയ്തു ചെവിയോട് ചേർത്തു. പതിവുപോലെ മറ്റൊരു അൺഅന്വസേർഡ് കാൾ. അവളോട് ഫോൺ എടുക്കരുത് എന്ന് പറഞ്ഞ നിമിഷത്തെ അവൻ സ്വയം പഴിച്ചു.
അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ കഴിഞ്ഞെങ്കിൽ. പിന്നെ രണ്ടും കല്പ്പിച്ചു അവൻ ശാരിയെ വിളിച്ചു. ഏതോ തിരക്കിനിടയിൽ നിന്നു ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു ശാരി.
\"ഡോക്ടറെ.. ഞങ്ങൾ നാട്ടിൽ ആണ്.. അടുത്ത ആഴ്ച ആണ് ഞാൻ പോകുന്നത്. \" ശാരി പറഞ്ഞു.
\"അമ്മു... ഐ മീൻ കാഞ്ചന.. അവൾ അപ്പോൾ ഒറ്റയ്ക്ക് ആണോ?\" ചോദിച്ചപ്പോൾ അവന്റെ നെഞ്ചോന്ന് പിടച്ചത് അവൻ അറിഞ്ഞു.
\"ഭാരതി രാത്രി വന്നു കൂട്ടിനു കിടക്കും.. എന്റെ കൂടെ പോരാൻ ഞാൻ പറഞ്ഞതാ.. പിന്നെ രേണുകമേടെ ബെഡിൽ ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ.. അമ്മേടെ ഓർമ വിട്ടു പോരാൻ അവൾക്ക് വിഷമം ഉള്ള പോലെ തോന്നി. അതുകൊണ്ടു നിർബന്ധിച്ചില്ല.\" ശാരി പറഞ്ഞു.
\"ഞാൻ വിളിച്ചിട്ട് കിട്ടിയില്ല.. ശാരി സംസാരിച്ചിരുന്നോ?\" നെഞ്ചിനുള്ളിലെ ആകാംക്ഷ മറച്ചു വയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവൻ ചോദിച്ചു.
\"ഇന്നലെ രാവിലെ വിളിച്ചിരുന്നു. പിന്നെ വിളിക്കാൻ സമയം കിട്ടിയില്ല ഡോക്ടറെ.. ദേ പുറകിലെ ശബ്ദം കേട്ടില്ലേ.. ഇവിടെ വലിയ തിരക്കാ..\"
\"ഇനി വിളിക്കുമ്പോ എന്നെ ഒന്ന് വിളിക്കാൻ പറയണം.. വേറെ ഒന്നും ഇല്ല.. ശാരിക്ക് തിരക്കല്ലേ.. നടക്കട്ടെ..\" ഫോൺ വച്ചതും ഒരു ചെറിയ ആശ്വാസവും അതിനുള്ളിൽ ഒരു നോവും അവൻ അറിഞ്ഞു.
********
\"എന്തായെടാ.. വല്ല വിവരവും?\" സാവിയോ ആകാംക്ഷയോടെ ക്രിസ്റ്റിയോട് ചോദിച്ചു.
ക്രിസ്റ്റി അവന്റെതായ രീതിയിൽ അനുപമയെ കുറിച്ച് അന്വേഷിക്കുകയായിരുന്നു ഇത്രയും ദിവസം. അതിനെ കുറിച്ചു സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു സാവിയോയുടെ ഓഫീസിലേക്ക് എത്തിയത് ആയിരുന്നു അവൻ.
\"ഹമ്.. ഇത് മറ്റേ സിനിമയിൽ പറഞ്ഞ അവസ്ഥ ആണ്.. ഫേസ്ബുക് ഇല്ല.. വാട്സ്ആപ്പ് ഇല്ല.. ഈമെയിലിൽ ഇല്ല.. ചുരുക്കത്തിൽ അനുപമ do നോട്ട് എക്സിസ്റ്റ്.\" ക്രിസ്റ്റി പറഞ്ഞതും സാവിയോ അവനെ കളിയാക്കി നോക്കി.
\"ഓഹോ.. അന്ന് എന്തൊക്കെയോ ഡയലോഗ് പറഞ്ഞിരുന്നല്ലോ? പോലീസ് ഒക്കെ വെറും വേസ്റ്റ് എഞ്ചിനീയർമാര് ഒക്കെ പുലികൾ.. അങ്ങനെ എന്തൊക്കെയോ?\" അല്പം തമാശയും പുച്ഛവും കൂട്ടിക്കലർത്തി സാവിയോ ചോദിച്ചു.
\"അഹ്.. അതൊക്കെ ഇപ്പളും അങ്ങനെ തന്നെ ആണ് കുട്ടച്ചായാ.. ഈ ക്രിസ്റ്റി ഇന്നേവരെ ഒരു കാര്യത്തിന് ഇറങ്ങിയിട്ട് വെറുംകയ്യോടെ വന്നിട്ടുണ്ടോ? \" അവൻ കയ്യിലിരുന്ന ഒരു ബ്രൗൺ പേപ്പർ കവർ സാവിയോയുടെ മുന്നിലേക്ക് നീട്ടി.
അവൻ അത് സംശയത്തോടെ വാങ്ങി തുറക്കുമ്പോൾ ക്രിസ്റ്റി പറഞ്ഞു. \"പണ്ട് മാത്‍സ് പരീക്ഷക്ക് ചില ചോദ്യങ്ങൾ വരും. പ്രൂവ് ദിസ് തിയറം എന്ന് പറഞ്ഞു. ചിലതൊക്കെ കേട്ടിട്ട് പോലും ഉണ്ടാവില്ല. അപ്പൊ ഞങ്ങൾ ചെയ്യുന്ന ഒരു അടവുണ്ട്. വായിൽ തോന്നിയത് മുഴുവൻ എഴുതി വച്ചു അവസാനം ചോദ്യം തന്നെ പകർത്തി എഴുതി അതിന് അടിയിൽ രണ്ടു വരയും വരച്ചു എഴുതി വയ്ക്കും \'ഹെൻസ് പ്രൂവ്ഡ് \' എന്ന്. അതുപോലെ ഒരു തറ നമ്പർ..\"
ക്രിസ്റ്റി കൊടുത്ത കവറിലെ ഫോട്ടോസ് എടുത്തു നോക്കിയ സാവിയോ കണ്ണു തള്ളി ഇരുന്നു.
\"ഇത്...??\" അവൻ ചോദിച്ചു.
\"ഒട്ടും പേടിക്കേണ്ട.. ഫേക്ക് ആണ്.. \" കൈതണ്ട എന്തോ മുറിക്കുന്ന പോലെ വായുവില്ലൂടെ വേഗത്തിൽ ചലിപ്പിച്ചു അടിവര ഇട്ടു ക്രിസ്റ്റി പറഞ്ഞു.
\"ദേ.. അനുപമയുടെ കുറച്ചു ഫോട്ടോസ് ആണ്.. ഐ മീൻ പലതിലും തല മാത്രമേ ഒള്ളൂ.. പിന്നെ മറ്റത് അവൾക്കു അവളുടെ ഡാഡി കണ്ടു പിടിച്ച ആ കാശ്കാരൻ ഇല്ലെ.. ലവൻ ആണ്. \" ക്രിസ്റ്റി കാര്യങ്ങൾ കുറച്ചുകൂടി വിശദമാക്കി.
\"അയ്യേ.. എന്തോന്നടെ ഇത്? ഫോട്ടോഷോപ്പ് വച്ചു പറ്റിക്കാൻ ജോ എന്താ കുഞ്ഞു കുട്ടിയോ മറ്റോ ആണോ?\" സാവിയോ ചോദിച്ചു.
\"കുട്ടച്ചായൻ പറഞ്ഞത് കാര്യം തന്നെയാണ്.. പക്ഷേ സൈക്കോളജിക്കൽ ആയി നോക്കിയാൽ.. എന്റെ ഒരു ഊഹം ശരിയാണെങ്കിൽ ഇപ്പോളത്തെ അവസ്ഥയിൽ ജോച്ചായൻ ഇതിനെ ഒരു പോസ്റ്റ് മാർട്ടം നടത്താൻ ഒന്നും പോകുന്നില്ല..\" ക്രിസ്റ്റി പറഞ്ഞു.
\"എന്താ നീ ഉദ്ദേശിച്ചത്??\" സാവിയോ ചോദിച്ചു.
\"ഹോ.. പോലീസ്.. നിങ്ങൾ എന്ത് ദുരന്തം ആണ്.. ഇച്ചായൻ അമ്മു ചേച്ചി പോയതിൽ പിന്നെ പാതി കഞ്ചാവ് അടിച്ച പോലെ ആണ് നടപ്പ്.. അങ്ങേർക്ക് അമ്മു ചേച്ചിയെ ഇഷ്ടം ആണ്.. പക്ഷേ എന്താണ് അത് അക്‌സെപ്റ് ചെയ്യാൻ ഉള്ള തടസം? അനുപമയോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞു പോയത്.. ജോചായന്റെ ഒരു സ്വഭാവം അറിയാലോ.. വാക്ക് പറഞ്ഞാൽ പിന്നെ മാറില്ല.. ഇതിപ്പോ ഇങ്ങനെ അനു അങ്ങ് പോവനെങ്കിൽ അത് ഇച്ചായന് ഓക്കേ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്..\"
സാവിയോയ്ക്ക് അതിൽ ഒരു വിശ്വാസക്കുറവ് തോന്നി.. \"അതല്ല.. അഥവാ ജോ ഇതിലെ സത്യാവസ്ഥ അന്വേഷിച്ചു പോയാലോ?\" അവൻ ചോദിച്ചു
(തുടരും...)
ഞാൻ പറഞ്ഞില്ലേ.. റിവ്യൂ പോരാ.. അതില്ലാതെ ഞാൻ അമ്മുവിനെ കൊണ്ട് വരില്ല..