Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 53

\"എൻറെ അമ്മ.. എനിക്ക് ചിരിച്ചിട്ട് കുടലു മറിയുന്നു.. ഇതിനെ ആണ് കടുവയെ പിടിച്ച കിടുവ എന്ന് പറയുന്നത്.. \" ക്രിസ്റ്റി ചിരിച്ചുകൊണ്ട് ലീനയെ കളിയാക്കി. 

അമ്മുവും ഗ്രേസും കൂടി ബാക്കി വന്ന പെയിൻറ് ലീനയുടെ മേലിൽ നിന്ന് തുടച്ചു കളയാൻ ഉള്ള ശ്രമത്തിലാണ്. ലീന ക്രിസ്റ്റിയെ കൂർപ്പിച്ചു നോക്കി. \"ഇതുപോലൊരു ഇച്ചായൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്.. എൻറെ ജോയിച്ചായനും കുട്ടച്ചായനും ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു.. അവൻറെ അടുത്ത കൈയും കൂടെ തല്ലി ഒടിച്ചേനെ.. \" ലീന പരിഭവത്തോടെ പറഞ്ഞു.

\"ലീന മോളെ.. നീ ഇനി ഇത് പറഞ്ഞ് ഒരു വഴക്കുണ്ടാക്കാൻ നിൽക്കണ്ട കേട്ടോ..\" റാണി ഓർമ്മിപ്പിച്ചു. 

\"അതെ. നീ കൊടുത്തു. നിനക്ക് കിട്ടി. അങ്ങനെ കൂട്ടിയാൽ മതി.. അല്ലേടാ ഷൈൻ?\" ക്രിസ്റ്റി ചോദിച്ചതും ഷൈൻ ഞെട്ടിത്തിരിഞ്ഞ് അവനെ നോക്കി.

\"എന്താ?\"

\"നീ ഇത് ഏത് ലോകത്താ? ഇവിടെ പറഞ്ഞതൊന്നും നീ കേട്ടില്ലേ?\" ക്രിസ്റ്റി അവനോട് ചോദിച്ചു.

\"അത്.. അത് ഞാൻ.. ഞാനിപ്പോൾ വരാം..\" എന്ന് പറഞ്ഞുകൊണ്ട് ഷൈൻ അവൻറെ മുറിയിലേക്ക് നടന്നു.

\"ഈ കൊച്ചിന് ഇത് എന്തോ പറ്റി? ബാംഗ്ലൂരിന് വന്നപ്പം മുതൽ എപ്പോഴും ഈ ചിന്തയാണ്..\" തെല്ലു അസ്വസ്ഥതയോടെ റാണി പറഞ്ഞു. 

\"മതി അമ്മുവേച്ചി.. ഇനിയും ഉരച്ചാൽ ചിലപ്പോൾ എൻറെ തൊലിയൊക്കെ അങ്ങ് പോരും.. ഞാൻ പോയി കുളിക്കട്ടെ.. \" എന്നുപറഞ്ഞ് ലീന അവിടെ നിന്ന് എഴുന്നേറ്റു. 

\"അതിന് അമ്മുവേച്ചി നിന്നെ മേൽ നിന്ന് പെയിൻറ് കളയാനുള്ള ആവേശം കൊണ്ട് ഒന്നുമല്ല ഇങ്ങനെ നിന്ന് ഉരയ്ക്കുന്നത്.. ജോയിച്ചായൻ പിണക്കത്തിലാണ്.. അതെങ്ങനെ തീർക്കും എന്നുള്ള ആലോചനയാണ്.. അല്ലേ അമ്മു ചേച്ചി?\" കൈമുട്ട് കൊണ്ട് അവളെ ചെറുതായി ഒന്ന് തട്ടി  ഗ്രേസ്  ചോദിച്ചതും അമ്മുവിന്റെ മുഖം മങ്ങി.

\"അമ്മുവേച്ചി എന്തിനാണ് ആ മൂപ്പിൽസിന്റെ കൂടെ പോകാൻ പോയത്..? ഇച്ചായൻ മാത്രല്ല അപ്പന്മാർ എല്ലാവരും വലിയ പിണക്കത്തിൽ ആണ്. \" ഗ്രെസ്സ് പറഞ്ഞു.

\"ജോയിച്ചായനെ കുറ്റം പറയാൻ പറ്റോ.. എല്ലാരും വല്ലാണ്ട് പേടിച്ചു പോയില്ലേ.. ബുക്ക്‌ സ്റ്റാളിൽ ഡ്രോപ്പ് ചെയ്ത് പോയ ചേച്ചിയെ കാണാൻ ഇല്ല.. അവിടെ ചോദിച്ചപ്പോൾ അവര് പറയുന്നു കുരുവികൂട്ടിലെ വണ്ടിയിൽ കേറ്റി കൊണ്ടോയി എന്ന്‌.. പിന്നെ ജോയിച്ചായൻ ഉണ്ടാക്കിയ പുകില്.. കുട്ടച്ചായനെ വരെ ഡ്യൂട്ടിയിൽ നിന്നു ഇറക്കി.. എന്നെക്കൊണ്ട് ദേ ഇവരെ രണ്ടു പേരെയും വീട്ടിൽ കൊണ്ട് വരീപ്പിച്ചു... അവസാനം അന്വേഷിച്ചു പിടിച്ചു വന്നപ്പോൾ അമ്മു ചേച്ചി അവിടെ ലോഹ്യം കൂടാൻ പോയത് ആണെന്ന്.. \" ക്രിസ്റ്റി പറഞ്ഞത് കേട്ട് അമ്മു കുറ്റബോധത്തോടെ റാണിയെ നോക്കി. തിരികെ എത്തിയത് മുതൽ റാണിയുടെ മുഖം ഇരുണ്ടിരിക്കുന്നത് അമ്മു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

\"മതി..\" ആനിയമ്മയുടെ ശബ്ദം കേട്ട് ആണ് അവർ തിരിഞ്ഞു നോക്കിയത്.. \" നിങ്ങൾ ആരും ഇവിടെ കേസ് വിസ്താരം ഒന്നും നടത്തേണ്ട.. അമ്മുന് അറിയാതെ പറ്റിയത് ആണ്.. എല്ലാരും പോയെ.. \" ആനിയമ്മ എല്ലാവരെയും ഓടിച്ചു വിട്ടു എങ്കിലും ആ മുഖത്തെ പരിഭവം അമ്മു ശ്രദ്ധിച്ചു.

ആരെ പറഞ്ഞു മനസിലാക്കണം ആദ്യം എന്ന ചിന്തയോടെ അവൾ റാണിയുടെ മുറിയിലേക്ക് നടന്നു. എല്ലാം അറിയുന്ന ഒരാൾ അവൾ ആണല്ലോ. അവൾക്കു തന്നെ മനസിലാകും എന്ന്‌ അമ്മു കരുതി. പക്ഷേ അമ്മു പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല റാണിയുടെ പെരുമാറ്റം. പരിഭവത്തോട് കൂടി ആണ് റാണി സംസാരിച്ചത്. പക്ഷേ മറ്റെല്ലാവരെയും പോലെ കുരുവിക്കൂട്ടിൽ പോയതിനു അല്ലായിരുന്നു അവളുടെ പരിഭവം എന്ന്‌ മാത്രം.

\"അമ്മു.. നീ അവിടെ പോയത് എന്തുകൊണ്ട് ആണെന്ന് എനിക്ക് മനസിലാകും. പക്ഷേ നീ ഇപ്പോഴും ജോയെയും ഇവിടെ ഉള്ളവരെയും ഇങ്ങനെ നിന്നോട് ചേർത്തു നിർത്തുന്നത് എന്തിനാണ് എന്ന്‌ മനസിലാവുന്നില്ല. നീ തന്നെ പറയുന്നു നിനക്കു പോകണം എന്ന്‌. എന്നിട്ട് ജോക്ക് വെറുതെ പ്രതീക്ഷകളും മോഹങ്ങളും കൊടുക്കുന്നു.\" റാണിയുടെ വാക്കുകൾ അവളെ വേദനിപ്പിക്കുന്നത് ആയിരുന്നെങ്കിലും അവൾ പറഞ്ഞത് സത്യമാണെന്ന് അമ്മുവിന് അറിയാമായിരുന്നു.

\"ചേച്ചി... ഞാൻ അത് മനഃപൂർവം.. \" അമ്മു പറഞ്ഞു തുടങ്ങിയതും റാണി അവളെ തടഞ്ഞു.

\"മനഃപൂർവം തന്നെ ആണ്.. അവൻ നിന്നെ ചേർത്തു നിർത്തുമ്പോൾ.. അവൻ നിന്നെ ചുംബിക്കുമ്പോൾ നീ മിണ്ടാതെ നിൽക്കുന്നുണ്ടെങ്കിൽ നീ അത് ആസ്വദിക്കുന്നത് കൊണ്ട് തന്നെ ആണ് അമ്മു.. അത് നിനക്കു നിഷേധിക്കാൻ ആവില്ല..\" നിറഞ്ഞ് ഒഴുകുന്ന അമ്മുവിന്റെ കണ്ണുകൾ കണ്ടതും പറയേണ്ടതില്ലായിരുന്നു എന്ന്‌ തോന്നി റാണിക്ക്.

\"നിന്നെ കരയിക്കാൻ വേണ്ടി പറഞ്ഞത് അല്ല അമ്മു.. ഒന്നുകിൽ നീ അവന്റെ അടുത്ത് നിന്ന് ഒഴിഞ്ഞു മാറണം.. അല്ലെങ്കിൽ സത്യങ്ങൾ എല്ലാം തുറന്നു പറ.. അവൻ തീരുമാനിക്കട്ടെ.. അല്ലാതെ അവനെ വിഡ്ഢി ആക്കാൻ ഞാൻ സമ്മതിക്കില്ല.. \" റാണിയുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു.

\"റാണി...\" സാവിയോയുടെ വാക്കുകൾ അവിടെ മുഴങ്ങി. \"ജോയെ വിഡ്ഢി ആക്കാൻ ഇവിടെ ആരും ശ്രമിക്കുന്നില്ല.. ഒന്നും ഇല്ലെങ്കിലും നിന്നെക്കാൾ വലിയ ബന്ധം അല്ലേ എനിക്ക് അവനുമായി.. അതുപോലെ തന്നെ ആണ് ഇവളും എനിക്ക്.. \" അമ്മുവിനെ ചേർത്തു പിടിച്ചു അവൻ പറഞ്ഞു.

\"കുട്ടച്ചായാ.. ഞാൻ ഏതെങ്കിലും ഹോസ്റ്റലിലേക്ക്...\" അവൾ പറഞ്ഞു.

\"അതൊന്നും വേണ്ട അമ്മു.. \" സാവിയോ തന്റെ കയ്യിലിരുന്ന ഫയൽ അവളുടെ നേരെ നീട്ടി. \"ദാ.. ഇത് കണ്ടോ.. ഡി ജി പി യുടെ ഓർഡർ ആണ്.. അന്ന് നിനക്കു എതിരെ മൊഴി തന്ന ഗവർമെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ പോലീസ് പിടിയിൽ ആയി.. കൈകൂലി കേസിൽ.. അയ്യാൾ നൽകിയ മൊഴിയിൽ പീലാമെടു ഇരട്ടക്കൊലപാതകകേസിൽ റിപ്പോർട്ട് തിരുത്തിയതും പുറത്തു വന്നു. കേസിൽ പുനര്ന്വേഷണം നടത്താൻ ആണ് കോടതി വിധി. ഡി ജി പി ഡേവിഡ് പുണ്നൂക്കാരൻ പ്രതേകം വിളിച്ചു ആണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷന്റെ ചാർജ് എന്നെ ഏൽപ്പിച്ചത്. ഇന്നു മുതൽ നിന്റെ കുട്ടചായൻ ആണ് ഈ കേസ് അന്വേഷിക്കുന്നത്. യഥാർത്ഥ കുറ്റവാളികളെ ഞാൻ ലോകത്തിനു മുന്നിൽ കൊണ്ട് വരും.. ഉറപ്പ്...\"

സാവിയോയുടെ വാക്കുകൾ കേട്ട് അമ്മുവിന്റെ മനസ്സിൽ പ്രതീക്ഷയുടെ പൊൻകിരണങ്ങൾ വീണ്ടും നാമ്പിട്ടു.

********

കുളി കഴിഞ്ഞു ഷൈനിന്റെ റൂമിലേക്ക് പോയത് ആയിരുന്നു ലീന. സാമിന് തിരിച്ചു കൊടുക്കാൻ പറ്റിയ ഒരു പണി ആലോചിക്കുകയായിരുന്നു അവൾ. അതിൽ ഷൈനിനെയും പങ്കാളി ആക്കാൻ ഉള്ള ശ്രമം ആണ്. പക്ഷേ താൻ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ ആസ്വസ്ഥൻ ആയി ഇരിക്കുന്ന ഷൈനിനെ കണ്ടു അവളുടെ നെറ്റി ചുളിഞ്ഞു. \"എന്താ കൊച്ചിച്ചായാ.. വന്നപ്പോൾ മുതൽ ആകെ മൂഡ് ഓഫ്‌ ആണല്ലോ...?\" അവൾ ചോദിച്ചു.

ഷൈൻ അവൾക്കു അരികിലേക്ക് വന്നിരുന്നു.. \"ലീനേ... നിന്റെ അച്ചുവില്ലേ.. അവളുടെ ശിവേട്ടൻ...\"

\"അഹ്... ഇച്ചായൻ ശിവേട്ടനെ കണ്ടിരുന്നു അല്ലേ.. ശിവേട്ടൻ വരുന്നുണ്ട് അത്രേ... മിക്കവാറും ഈ വരവിൽ അവളുടെ കല്യാണം ഉണ്ടാകും എന്ന്‌ പറഞ്ഞു ചാടി തുള്ളി നടക്കാ.. ഹാ.. അവളുടെ യോഗം ഞാൻ ഇങ്ങനെ പുര നിറഞ്ഞ് നിൽക്കുന്നത് ആരും കാണുന്നില്ലാലോ കർത്താവെ..\" നെഞ്ചത് കൈ വച്ചു മുകളിലേക്ക് നോക്കി ലീന പറഞ്ഞു.

\"ഒന്ന് മിണ്ടാതിരിക്കോ ലീനേ.. ഞാൻ പറയുന്നത് ഒന്ന് കേൾക്കു..\" ഷൈൻ ശബ്ദമുയർത്തിയതും ലീന നിശബ്ദയായി.

\"എന്താ ഇച്ചായ..?\"

\"അവൻ ആ ശിവൻ ഗെറ്റ് ടുഗെതർനു വന്നിരുന്നു.. അവന്റെ ഗേൾ ഫ്രണ്ടും ആയിട്ട്. അഭിരാമി.. ആമി എന്ന്‌ വിളിക്കും.. അവര് അവടെ ലിവിങ് ടുഗെതർ ആണെന്നും ആ പെണ്ണ് പ്രെഗ്നന്റ് ആണെന്നും ഒക്കെ പറയുന്നു..\"  ഷൈൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞത് കേട്ട് ലീന ഇടി വെട്ടിയ പോലെ നിന്നു.

\"ഇല്ല.. ഇച്ചായന് തെറ്റിയത് ആയിരിക്കും.. ശിവേട്ടൻ അവളെ വിളിക്കാറുള്ളത് ഒക്കെ ആണ്.. \" അവിശ്വാസത്തോടെ ലീന പറഞ്ഞു.

\"ഞാൻ പറഞ്ഞത് തള്ളണോ കൊള്ളണോ എന്നൊക്കെ നീ തീരുമാനിക്ക്. അവൻ അവളെ ഭാര്യയെ പോലെ തന്നെ ആണ് കൊണ്ട് വന്നതും, എല്ലാവരെയും പരിചയപ്പെടുത്തിയതും. എനിക്ക് അച്ചുവിനെ അറിയാം എന്ന്‌ അവനു നല്ല ഉറപ്പുണ്ട്. എന്നിട്ടും എന്റെ മുന്നിലും അവൻ പതറിയില്ല..\" ഷൈൻ തറപ്പിച്ചു പറഞ്ഞു.

\"ഇനി.. ഇനി ഇപ്പൊ എന്താ ചെയ്യാ?\" ലീന പകപ്പോടെ ചോദിച്ചു.

\"അവളോട്.. അവളോട് പറയണ്ടേ...?\" ഷൈൻ തിരികെ ചോദിച്ചു.

**********

\"ഇനി നീ എങ്ങോട്ടും പോണ്ട അമ്മു... ഈ കേസ് തെളിയും.. നീ കുറ്റവാളി അല്ലെന്നു ഞാൻ തെളിയിക്കും... \" സാവിയോ ഉറപ്പ് പറഞ്ഞു.

\"സോറിഡാ.. നിനക്കു സങ്കടം ആയോ?\" റാണി അമ്മുവിനെ ചേർത്ത് പിടിച്ചു.

\"സാരല്ല്യ ചേച്ചി.. ചേച്ചി പറഞ്ഞത് സത്യം തന്നെ ആണ്... പക്ഷേ.. എനിക്ക് ഇച്ചായനെ ഒഴിവാക്കാൻ പറ്റണില്ല...\"

\"ആര് പറഞ്ഞു ഒഴിവാക്കാൻ? ഇത് ഒരു നല്ല നിമിത്തം ആണ്.. ഈ സമയം തന്നെ കേസ് റീ ഓപ്പൺ ആവാനും അത് ഞാൻ തന്നെ അന്വേഷിക്കാനും.. ഇനി ഒക്കെ ഇച്ചായൻ നോക്കിക്കോളാം.. മോളു ധൈര്യമായി ഇരിക്ക്... ദേ ഇപ്പൊ കണ്ണൊക്കെ തുടച്ചു പോയി ഒരു കാപ്പി എടുത്തു ജോക്ക് കൊണ്ട് കൊടുക്ക്... എന്നിട്ട് അവനോട് സംസാരിച്ചു അവന്റെ പിണക്കം തീർക്കു.. ചെല്ല്...\" സാവിയോ അമ്മുവിന്റെ കണ്ണു തുടച്ചു അവളെ ഉന്തി തള്ളി അടുക്കളയിലേക്ക് വിട്ടു.

അടുക്കളയിലേക്ക് ചെന്നു കാപ്പി ഇടാൻ തുടങ്ങുമ്പോൾ ആണ് അവൾ അടുക്കള മുറ്റത്തു നിന്നു സ്റ്റേല്ലയുടെയും ലിസയും തമ്മിലുള്ള സംസാരം കേട്ടത്.

\"എന്നാലും ചേച്ചി.. പറയണൊണ്ട് ഒന്നും തോന്നരുത്.. ഒരു കള്ളം പറഞ്ഞപ്പോൾ നമ്മൾ പോട്ടെന്നു വച്ചോണ്ടാ വീണ്ടും വീണ്ടും ഓരോന്ന് ചെയ്യുന്നത്...\" ലിസയുടെ വാക്കുകളിൽ അല്പം ദേഷ്യം നിറഞ്ഞിരുന്നു.

\"ഇവടെ വന്നു നിന്നു എല്ലാവരുടെയും മനസിൽ കയറിയപ്പോൾ നമ്മള് കരുതിയോ ഇത്രയും തന്റെടി ആവും എന്ന്‌..\" ലിസ തുടർന്നു പറഞ്ഞു.

\"ജെസ്സെച്ചി കേൾക്കണ്ട ട്ടോ.. പോട്ടെ.. അമ്മുന് അറിയാണ്ട് ആവും..\" സ്റ്റെല്ല ലിസയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

\"എന്തു അറിയാണ്ട്? അവളെ പോലെ തന്നെ അല്ലേ റാണിയും.. റാണി ഇങ്ങനെ വല്ലോം ചെയ്തിട്ടുണ്ടോ? ഇതിപ്പോ ഏതു തരക്കാരി ആവും എന്ന്‌ ആർക്കു അറിയാം.. ഒന്നും ഇല്ലെങ്കിലും അന്യനായ ആണൊരുത്തന്റെ കൂടെ അവന്റെ പെമ്പ്രന്നോത്തി ആണെന്ന് പറഞ്ഞു എത്ര ദിവസം ആണ് പെണ്ണ് നിന്നത്.. ചെക്കൻ ആറാം പ്രമാണം വല്ലോം തെറ്റിച്ചിട്ടുണ്ടോ എന്ന്‌ ആർക്ക് അറിയാം.. ഹിന്ദുക്കൾ അല്ലേ.. അവർക്കു ഈ കൂടോത്രം കൈവിഷോം ഒക്കെ വശമുണ്ടാകും.. കറക്കി എടുത്തതാവും നമ്മുടെ ജോകുട്ടനെ..\"

സ്റ്റീൽ ഗ്ലാസ്‌ താഴേക്കു വീഴുന്ന ശബ്ദം കേട്ടാണ് ലിസയും സ്റ്റേല്ലയും അകത്തേക്ക് നോക്കുന്നത്. അടുക്കളയുടെ പടിക്കെട്ടിൽ അവരുടെ സംസാരം കേട്ട് നിറകണ്ണുകളുമായി നിൽക്കുന്ന അമ്മുവിനെ കണ്ടതും അവർ പരസ്പരം നോക്കി.

\"അമ്മു...\" സ്റ്റെല്ല വിളിച്ചെങ്കിലിം അമ്മു നിന്നില്ല.. അവൾ നേരെ റാണിയുടെ പക്കലേക്ക് പോയി അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു. കണ്ണീരോടെ തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന അമ്മുവിനെ കണ്ടു റാണി പകച്ചു.

(തുടരും...)

'ആരോമലെ' എന്നൊരു പുതിയ കഥ ഞാൻ എഴുതുന്നുണ്ട്. എന്റെ എഴുത്തു ഇഷ്ട്ടം ഉള്ളവർ ഒന്ന് വായിച്ചു നോക്കാമോ? പറ്റില്ലെങ്കിൽ സാരല്ല്യ. അത്‌ അവിടെ കിടക്കട്ടെ 

വെള്ളാരപൂമലമേലേ

വെള്ളാരപൂമലമേലേ

4.7
2499

എല്ലാവരും എന്നോട് ക്ഷമിക്കുക. പുതിയ പാർട്ട് പോസ്റ്റ്‌ ചെയ്യാൻ സാധിക്കുന്നില്ല. ഡ്രഫ്റ്റിൽ ഉള്ള പോസ്റ്റുകൾ ഒന്നും എടുക്കാൻ കഴിയാത്തതിനാൽ ആണ് ഇതു. പ്രോബ്ലം എത്രയും പെട്ടന്ന് തീരും എന്ന്‌ കരുതുന്നു.