Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ 56

ലീനയുടെ മുറിയുടെ വാതിൽക്കൽ ചെന്ന റബേക്ക ഒന്ന് സംശയിച്ചു നിന്നു. 

\"എന്താ റിബി അവിടെ നിൽക്കുന്നത്.. ഇങ്ങോട്ട് കയറി പോരെ..\" അമ്മു വിളിച്ചപ്പോൾ അവൾ അകത്തേക്ക് കയറി. ഫോണിൽ തന്നെ കണ്ണും നട്ട് ഇരിക്കുകയായിരുന്നു അലീന.

\"അമ്മു ചേച്ചി ഇന്ന് മുറിയിൽ ഉണ്ടല്ലോ.. ജോയിച്ചായൻ വന്നില്ലേ? \" റിബി ചോദിച്ചു.

\"രണ്ടുദിവസമായി ഇച്ചായൻ ഭയങ്കര തിരക്കിലാണ്.. ഹോസ്പിറ്റലിന്റെ വർക്കിൽ എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്ന് തോന്നുന്നു. ഇന്നും വൈകിയെ വരൂ എന്ന് പറഞ്ഞു.\" അമ്മു പറഞ്ഞു.

\"ഞാന് താഴെ പോയി ജഗിൽ വെള്ളം നിറച്ചു കൊണ്ടുവരാം.. രാത്രി എഴുന്നേറ്റ് കുടിക്കാൻ നോക്കുമ്പോൾ ആയിരിക്കും വെള്ളം ഇല്ല എന്ന് കാണുന്നത്\" എന്നുപറഞ്ഞുകൊണ്ട് ലീനക്കും റിബിക്കും പരസ്പരം സംസാരിക്കാനായി അവസരം ഒരുക്കി കൊടുത്തുകൊണ്ട് അമ്മു താഴേക്ക് പോയി.

റബേക്ക ഒന്ന് മുരടനക്കി. എന്നിട്ടും ലീന കണ്ണുകൾ ഉയർത്തി അവളെ നോക്കുന്നില്ല എന്ന് കണ്ടു അവൾ പറഞ്ഞു. \"താങ്ക്സ്..\"

ഇത്തവണ ലീന മുഖമുയർത്തി അവളെ നോക്കി.. \"എന്തിന്?\"

\"എന്നെ അപ്പോൾ പ്രൊട്ടക്ട് ചെയ്തതിന്..\" റിബി പറഞ്ഞു. \"പിന്നെ.. ഫ്രണ്ടായി കണ്ടതിന്..\" 

അവൾ പറഞ്ഞത് കേട്ട് ലീന അവളെ തന്നെ നോക്കി ഇരുന്നു. പെട്ടെന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് റബീക്ക ലീനയുടെ അടുത്ത് ഇരുന്നു. \"സോറി ഡാ.. അന്ന് നിന്നെ വിഷമിപ്പിക്കാൻ വേണ്ടി അല്ല ഞാൻ സാമിച്ചായൻൻറെ കൂടെ കൂടിയത്.. അവരൊക്കെ വലിയ കോളേജിൽ പഠിക്കുന്നവരല്ലേ.. അവരുടെ തമാശക്കൊപ്പം കൂടിയാൽ ഞാനും കൂൾ ആവും എന്ന് കരുതി..\"

റബേക്ക പറഞ്ഞത് കേട്ട് അലീനയ്ക്ക് പെട്ടെന്ന് ചിരി വന്നു. \"ഞാനതൊക്കെ എന്നെ വിട്ടു.. നിന്നോട് എനിക്ക് ദേഷ്യം ഒന്നും ഇല്ലാതായിട്ട് കുറെ നാളായി.. പിന്നെ അത് പറയാൻ ഒരു മടി.. അല്ലെങ്കിൽ ഒരു ചമ്മൽ.. അത്രയേ ഉള്ളൂ ഡാ..\" 

ലീന പറഞ്ഞത് കേട്ട് റബേക്ക സന്തോഷം സഹിക്കാൻ സാധിക്കാതെ അവളെ ആഞ്ഞ് പുൽകി. 

\"സന്തോഷം കൊണ്ട് എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല.. പക്ഷേ ലീന.. നിൻറെ മുഖത്ത് എന്താ സന്തോഷം കാണാത്തത്..?\" റിബി ചോദിച്ചു.

\"എടാ.. നീ അന്ന് തമാശയായി പറഞ്ഞ കാര്യം ഞാൻ വലുതാക്കി എടുത്ത് പ്രശ്നമാക്കിയില്ലേ? നമ്മൾ പറഞ്ഞ ഒരു തമാശയുടെ പേരിൽ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് നമ്മളെ അവിശ്വസിക്കുന്നതിന്റെ വേദന എനിക്ക് മനസ്സിലായി..\" ലീന പറഞ്ഞു.

\"ഇങ്ങനെ കോഡ് ഭാഷയിൽ പറഞ്ഞാൽ എനിക്ക് മനസ്സിലാവില്ല കേട്ടോ.. എന്തായാലും ഒരു കാര്യം അറിയാം.. അച്ചുവും നീയും തമ്മിൽ പിണങ്ങിയിട്ടുണ്ട്.. എന്നെ വിശ്വാസമുണ്ടെങ്കിൽ എന്നോട് പറയ്.. നമുക്ക് ഒരു പോംവഴി ഉണ്ടാക്കാം..\" റബേക്ക പറഞ്ഞു.

അതുകേട്ട് ലീന ഒന്നു നെടുവീർപ്പിട്ടു. \"ഇതിന് പോംവഴി ഒന്നും ഇല്ലടോ.. എന്നാലും ഞാൻ പറയാം.. ആരോടെങ്കിലും പറയുമ്പോൾ എനിക്കും ഒരു ആശ്വാസം കിട്ടും. \" ലീന ശിവേട്ടനെ പറ്റിയുള്ള കാര്യങ്ങൾ റബേക്കയുമായി പങ്കുവച്ചു. 

\"എന്നിട്ട് ഇപ്പോൾ അച്ചു നിന്നോട് മിണ്ടുന്നില്ല?\" കാര്യങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ റബേക്ക ചോദിച്ചു.

\"ഇല്ലടാ.. ഞാൻ ഒത്തിരി തവണ വിളിച്ചു നോക്കി.. മെസ്സേജും ഇട്ടു നോക്കി.. എൻറെ മെസ്സേജ് ഒക്കെ അവൾ കാണുന്നുണ്ട്.. പക്ഷേ നോ റിപ്ലൈ..\" നിരാശയോടെ ലീന പറഞ്ഞു.

\"സാരല്യ.. തിങ്കളാഴ്ച അച്ചു ഓഫീസിൽ വരുമ്പോൾ നമ്മൾക്ക് രണ്ടുപേർക്കും കൂടി അവളെ പറഞ്ഞു മനസ്സിലാക്കാം.. നീ സമാധാനമായി ഇരിക്ക്..\" റബേക്ക ലീനയെ സമാധാനിപ്പിച്ചു. 

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ലീനയുടെ മനസ്സിൽ അച്ചു തന്നെയായിരുന്നു. അവൾക്ക് എന്തോ ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു. സാവിയോക്ക് അന്ന് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ട് അമ്മു റാണിയോടൊപ്പം ആണ് കിടന്നത്. കുറേ ദിവസമായി ഒറ്റയ്ക്ക് കിടക്കാത്തത് കൊണ്ട് ലീനയ്ക്ക് ഉറക്കം വന്നതേയില്ല. 

നേരം പതിനൊന്നരയോടെ അടുത്തപ്പോഴാണ് അവളുടെ ഫോൺ റിങ്ങ് ചെയ്തത്. ബെഡ് സൈഡിലെ നൈറ്റ് ലാമ്പ് ഓൺ ചെയ്തു അവൾ ഫോൺ എടുത്ത് നോക്കി. ഫോണിൽ അച്ചുവിൻറെ നമ്പർ കണ്ടതും അവൾ സംശയത്തോടെ ഫോൺ എടുത്ത് ചെവിയോട് ചേർത്തു. 

അച്ചുവിൻറെ തേങ്ങലാണ് അവൾ ആദ്യം കേട്ടത്. \"ലീന.. ശിവേട്ടൻ.. ശിവേട്ടൻ വന്നു.. കൂടെ.. കൂടെ അവളും.. ഏട്ടന് അവളെയാണ് ഇഷ്ടമത്രേ.. അഭിരാമി... അവളെ കെട്ടു എന്ന്.. ബന്ധത്തിൽ നിന്ന് കല്യാണം കഴിച്ചാൽ കുട്ടികൾക്ക് നന്നല്ല എന്ന്.. അതുകൊണ്ട് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന്..\" വാക്കുകൾ മുറിച്ചു മുറിച്ചു അവൾ പറഞ്ഞു.

അവൾക്ക് എന്തു മറുപടി കൊടുക്കണം എന്ന് ലീനയ്ക്ക് അറിയില്ലായിരുന്നു. \"മോളെ..\" ലീന വിളിച്ചു.

\"നീ പറഞ്ഞത് ശരിയാ.. ഞാൻ നിന്നെ വിശ്വസിച്ചില്ല.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. ഞാൻ ചത്ത് കളയും.. അതാ ഭേദം.. എനിക്ക് തലയൊക്കെ വേദനിക്കുന്നു..\" തേങ്ങലുകൾക്കിടയിൽ അച്ചു പറഞ്ഞു.

\"നീ എന്തൊക്കെയാ പറയുന്നത്.. കരയാതെ... നീ ഇപ്പൊ കിടന്നുറങ്ങ്... നാളെ നാളെ നമുക്ക് കണ്ടു സംസാരിക്കാം. ഞാൻ വരാം..\" ലീന പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാതെ അച്ചു ഫോൺ കട്ട് ചെയ്തു. 

ലീന സങ്കടത്തോടുകൂടി തിരിഞ്ഞും മറഞ്ഞും കിടന്നു. അച്ചുവിൻറെ ദുഃഖം.. അവളുടെ തേങ്ങലുകൾ.. അതെല്ലാം ലീനയെയും കുത്തി നോവിച്ചു.. എന്തോ അച്ചു അവസാനം പറഞ്ഞ വാക്കുകൾ.. അത് ലീനയിൽ ഭയം നിറച്ചു. അവൾ ചാടി എഴുന്നേറ്റ് ഷൈനിന്റെ മുറിയിലേക്ക് ഓടി.

ഡോറിന് പുറത്ത് ശക്തമായ മുട്ടുകേട്ടാണ് ഷൈൻ എഴുന്നേറ്റത്. \"ഇച്ചായ.. അച്ചു.. അവൾ എല്ലാം അറിഞ്ഞു.. അവൾ എന്തെങ്കിലും അവിവേകം കാണിക്കും.. എനിക്ക് അവളെ കാണണം..\" പേടിയും കരച്ചിലും നിറച്ച് ലീന പറഞ്ഞത് കേട്ട് ഷൈൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 

എത്രയൊക്കെ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അച്ചുവിനെ കാണണം എന്ന് പിടിവാശിയിൽ അവൾ നിന്നു. അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ ഷൈൻ കാറ് എടുത്ത് അവളെയും കൊണ്ട് അച്ചുവിൻറെ വീട്ടിലേക്ക് പുറപ്പെട്ടു. 

അച്ചുവിൻറെ അച്ഛൻ മരിച്ചതിൽ പിന്നെ അവൾ അമ്മയോടൊപ്പം അവളുടെ അമ്മയുടെ സഹോദരൻറെ വീട്ടിലാണ് താമസിക്കുന്നത്. അതായത് ശിവൻറെ അച്ഛൻറെ വീട്. പലവട്ടം അച്ചുവിനോടൊപ്പം ആ വീട്ടിൽ പോയിട്ടുള്ളത് കൊണ്ട് ലീനയ്ക്ക് വഴി അറിയാമായിരുന്നു. അവൾ പറഞ്ഞത് അനുസരിച്ച് ഷൈൻ ഡ്രൈവ് ചെയ്തു. 

പതിവില്ലാത്ത സമയത്ത് വീടിനു വെളിയിൽ ഒരു വണ്ടി നിൽക്കുന്ന ശബ്ദം കേട്ട് വീട്ടുകാരെല്ലാം പുറത്തേക്ക് ഇറങ്ങിവന്നു. അവിടെ ആരും അന്ന് ഉറങ്ങിയിരുന്നില്ല.

\"ആരാ? എന്താ?\" അച്ചുവിൻറെ അമ്മാവൻ ചോദിച്ചപ്പോൾ ഷൈൻ തിരിഞ്ഞ് നോക്കി.

ലീനയെ കണ്ടതും അച്ചുവിൻറെ അമ്മ, ദേവയാനി തിരിച്ചറിഞ്ഞു \"ലീന മോളോ? എന്താ മോളെ ഈ നേരത്ത്?\"

ലീന അച്ചുവിൻറെ അമ്മയെ ഒന്ന് നോക്കി. കരഞ്ഞ് കണ്ണ് എല്ലാം ചുമന്നിരിക്കുന്നുണ്ട്. ശിവൻ കൊടുത്ത ഷോക്കിൽ അവിടെ വലിയ പ്രശ്നങ്ങൾ നടന്നിട്ടുണ്ട് എന്ന് ലീനയ്ക്ക് തോന്നി.

\"അച്ചു.. അവൾ വിളിച്ചിരുന്നു.. ഒരുപാട് കരഞ്ഞു.. എനിക്ക് അവളെ കാണണം എന്ന് തോന്നി..\" ലീന പറഞ്ഞപ്പോൾ \"വാ മോളെ..\"എന്ന് വിളിച്ച് അച്ചുവിൻറെ അമ്മ അവളുടെ കൈപിടിച്ച് അച്ചുവിൻറെ മുറിക്ക് അരികിലേക്ക് പോയി.

\"അച്ചു... വാതിൽ തുറക്ക്.. നീ ഉറങ്ങിയോ.. ലീന വന്നേക്കുന്നു..\" അച്ചുവിൻറെ അമ്മ വാതിലിൽ തട്ടി വിളിച്ചെങ്കിലും അകത്തുനിന്ന് ശബ്ദം ഒന്നും കേട്ടില്ല.

ലീനയും ശബ്ദമുയർത്തി അച്ചുവിനെ വിളിച്ചു. പക്ഷേ വാതിൽ അടഞ്ഞു തന്നെ കിടന്നു. അവരുടെ ഉറക്കെയുള്ള വിളികേട്ട് എല്ലാവരും അവിടെ എത്തിയിരുന്നു. 

\"ലീന മാറ്..\"കാര്യങ്ങൾ പന്തിയല്ല എന്ന് തോന്നിയത് ലീനയെ മാറ്റിനിർത്തി ഷൈൻ വാതിലിൽ ആഞ്ഞടിച്ച് വാതിൽ തുറന്നു. 

വാതിൽ തുറന്നതും ആദ്യം അവരെല്ലാം കണ്ട കാഴ്ച കട്ടിലിൽ ബോധം മറ്റു കിടക്കുന്ന അച്ചുവിനെ ആണ്. ഷൈൻ അവളുടെ മുഖത്ത് തട്ടി അവളെ ഉണർത്താൻ നോക്കി. 

\"ഇച്ചായാ..\" പകപോടെ ലീന വിളിച്ചപ്പോൾ തിരിഞ്ഞു നോക്കിയ ഷൈൻ കണ്ടത് അവളുടെ കയ്യിലിരിക്കുന്ന കീടനാശിനിയുടെ പൊട്ടിയ ബോട്ടിൽ ആണ്. 

തൻറെ പോക്കറ്റിൽ നിന്ന് കാറിൻറെ കീയെടുത്ത് ലീനയുടെ നേരെ എറിഞ്ഞ് ഷൈൻ പറഞ്ഞു \"വിഷം കഴിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.. നീ വണ്ടി എടുക്ക്..\" 

ഒരു നിമിഷം പോലും സംശയിച്ചു നിൽക്കാതെ ഷൈൻ അച്ചുവിനെ വാരി കയ്യിലെടുത്ത് ലീനയുടെ പിന്നാലെ ഓടി. അവന്റെ കൈകളിൽ അവൾ അനക്കമില്ലാതെ കിടന്നു.

\"അയ്യോ.. എന്റെ മോളെ...\" ഷൈനിന്റെ പിന്നാലെ ഒരു ഭ്രാന്തിയെപ്പോലെ കരഞ്ഞു കൊണ്ട് ദേവയാനിയും നടന്നു.

ആശുപത്രിയിലെ സ്‌ട്രെക്ച്ചറിൽ അച്ചുവിനെ കിടത്തുമ്പോൾ അവൾ ജീവനോടെ ഉണ്ടോ എന്ന്‌ ഷൈനിനു ഉറപ്പ് ഇല്ലായിരുന്നു. അവരുടെ മുന്നിൽ ഐ സി യു വിന്റെ വാതിൽ അടഞ്ഞതും ദേവയാനി ലീനയുടെ കൈകളിലേക്ക് കുഴഞ്ഞു വീണിരുന്നു.

**********

നെഞ്ചിടിപ്പോടെ അലക്സ്‌ അഡ്വ വിനയന്റെ മുന്നിൽ ഇരുന്നു.

\"അലക്സ്‌ ഞാൻ പറഞ്ഞില്ലേ.. ഈ സ്റ്റേ നമുക്ക് പ്രശ്നം ആകും.. കാരണം അവരുടെ കയ്യിൽ ഉള്ള പേപ്പർസ് ഒക്കെ ശരിയാണല്ലോ.. മുപ്പതു ശതമാനം ഓണർഷിപ്പ് എന്ന്‌ പറഞ്ഞാൽ ചില്ലറക്കളി അല്ല\" വിനയൻ വക്കീൽ പറഞ്ഞു.

\"സർ.. അങ്ങനെ പറഞ്ഞാൽ.. എന്റെ പെങ്ങൾ റെച്ചാലും ആയി കുരുവികൂട്ടിലെ ഫിലിപ്പ്ന്റെ വിവാഹം നിശ്ചയിച്ചിരുന്നത് ആണ്.. മനസമ്മതത്തിന്റെ അന്ന് സ്ത്രീധനം കൈമാറുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ.. ഫിലിപ്പിന് പണമായി ഒന്നും വേണ്ട എന്ന്‌ പറഞ്ഞത് കൊണ്ട് ആണ് റെചലിന്റെ പേരിൽ അപ്പൻ തുടങ്ങിയ ഹോസ്പിറ്റലിന്റെ ഒരു പങ്കു അവന്റെ പേരിലേക്ക് മാറ്റിയത്.

പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നടന്നില്ല. കല്യാണത്തിന്റെ തലേന്ന് ഫിലിപ്പ് ഇമ്മോറൽ ട്രാഫിക്കിന് അറസ്റ്റിൽ ആയി.. കല്യാണം മുടങ്ങിയ വിഷമത്തിൽ ഞങ്ങളുടെ അമ്മച്ചി പള്ളി മുറ്റത്തു കുഴഞ്ഞു വീണു. സ്ട്രോക്ക് ആയിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം തളർന്നു മാസങ്ങളോളം കിടന്നു.

ഇതിനിടയിൽ കുരുവുകൂട്ടിലെ അമ്മച്ചിക്ക് കൃത്യ സമയത്ത് വൈദ്യസഹായം കൊടുക്കാതെ കൊന്നു എന്ന ആരോപണം ഉന്നയിച്ചു നാട്ടുകാരെ നമുക്ക് എതിരെ തിരിച്ചു അവർ. അതോടെ റെച്ചാൽ ഡിപ്രഷനിൽ ആയി.. ആറ്റിൽ ചാടി ആണ് അവൾ ആത്മഹത്യ ചെയ്തത്.. അധികം വൈകാതെ അമ്മച്ചിയും പോയി.. 

റെച്ചാൽ പോയതോടെ ഹോസ്പിറ്റൽ പൂട്ടിപോയി.. അതുകൊണ്ട് തന്നെ ഫിലിപ്പിന്റെ പേരിൽ എഴുതി വച്ച അവകാശത്തേക്കുറിച്ച് പിന്നീട് ആരും ഓർത്തില്ല.\" അലക്സ്ന്റെ തൊട്ടടുത്തു ഇരുന്നു തോമസ് കാര്യങ്ങൾ വിശദീകരിച്ചു.


കയ്യിൽ ഇരുന്ന ഫയൽ മേശപ്പുറത്തേക്ക് ഇട്ടു ഞെളിഞ്ഞു ഇരുന്നു വിനയൻ വക്കീൽ പറഞ്ഞു. \"അതൊക്കെ ശരി ആയിരിക്കും. പക്ഷേ ഇത്  സ്ത്രീധനം ആണെന്നും കല്യാണം നടക്കാത്തതു കൊണ്ട് അതിനു വാലിഡിറ്റി ഇല്ല എന്നും നമുക്ക് തെളിയിക്കാൻ സാധിക്കില്ലല്ലോ?  \"

\"അത് ശരി.. പക്ഷേ ഈ കുരുവികൂട്ടിലെ ഫിലിപ്പ് അന്ന് നാട് വിട്ടു പോയത് ആണ്.. പിന്നെ തിരിച്ചു വന്നിട്ടില്ല. ഞങ്ങളെ പേടിച്ചു ആണ് എന്നാണ് പറയുന്നത് എങ്കിലും, ഞങ്ങൾ മനസിലാക്കുന്നത് കുരുവികൂട്ടിൽകാർ തന്നെ പുള്ളിയെ അടുപ്പിച്ചിട്ടില്ല എന്നാണ്..\" അലക്സ്‌ പറഞ്ഞു.

\"അത് ചിലപ്പോൾ ശരി ആയിരിക്കാം.. കാരണം കേസ് ഫയൽ ചെയ്തിരിക്കുന്നത് കുരുവികൂട്ടിൽ ഔത ആണ്. ഫിലിപ്പ് അല്ല.. അത് കേസിന്റെ ഒരു വീക്ക്‌ പോയിന്റ് ആണ്. ഈ ഫിലിപ്പിനെ കണ്ടു പിടിച്ചു ഷെയർ തിരികെ വാങ്ങാൻ പറ്റിയാൽ പിന്നെ പ്രശ്നം ഒന്നും ഇല്ല.. അല്ലെങ്കിൽ ഫിലിപ്പിന്റെ അറിവോടെ അല്ല ഈ കേസ് എന്ന്‌ പറഞ്ഞു ഒന്ന് ശ്രമിച്ചു നോക്കാം.. പക്ഷേ അതൊക്കെ തെളിയിക്കാൻ കാലതാമസം എടുക്കും.\" വിനയൻ വക്കീൽ പറഞ്ഞത് കേട്ട് അലക്സും തോമസും മുഖമുഖം നോക്കി.

(തുടരും...)

എനിക്ക് ഈ കോടതിയും കേസും ഒന്നും അറിയില്ലാട്ടോ... തെറ്റ്‌ ഉണ്ടെങ്കിൽ കണ്ണു അടച്ചേക്ക്‌...

കമന്റ് and സപ്പോർട്ട് പ്ലീസ്... 


വെള്ളാരപൂമലമേലെ.. ❤❤ 57

വെള്ളാരപൂമലമേലെ.. ❤❤ 57

4.6
2746

കയ്യിൽ ഇരുന്ന ഫയൽ മേശപ്പുറത്തേക്ക് ഇട്ടു ഞെളിഞ്ഞു ഇരുന്നു വിനയൻ വക്കീൽ പറഞ്ഞു. \"അതൊക്കെ ശരി ആയിരിക്കും. പക്ഷേ ഇത്  സ്ത്രീധനം ആണെന്നും കല്യാണം നടക്കാത്തതു കൊണ്ട് അതിനു വാലിഡിറ്റി ഇല്ല എന്നും നമുക്ക് തെളിയിക്കാൻ സാധിക്കില്ലല്ലോ?  \"\"അത് ശരി.. പക്ഷേ ഈ കുരുവികൂട്ടിലെ ഫിലിപ്പ് അന്ന് നാട് വിട്ടു പോയത് ആണ്.. പിന്നെ തിരിച്ചു വന്നിട്ടില്ല. ഞങ്ങളെ പേടിച്ചു ആണ് എന്നാണ് പറയുന്നത് എങ്കിലും, ഞങ്ങൾ മനസിലാക്കുന്നത് കുരുവികൂട്ടിൽകാർ തന്നെ പുള്ളിയെ അടുപ്പിച്ചിട്ടില്ല എന്നാണ്..\" അലക്സ്‌ പറഞ്ഞു.\"അത് ചിലപ്പോൾ ശരി ആയിരിക്കാം.. കാരണം കേസ് ഫയൽ ചെയ്തിരിക്കുന്നത് കുരുവികൂ