Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ 57



കയ്യിൽ ഇരുന്ന ഫയൽ മേശപ്പുറത്തേക്ക് ഇട്ടു ഞെളിഞ്ഞു ഇരുന്നു വിനയൻ വക്കീൽ പറഞ്ഞു. \"അതൊക്കെ ശരി ആയിരിക്കും. പക്ഷേ ഇത്  സ്ത്രീധനം ആണെന്നും കല്യാണം നടക്കാത്തതു കൊണ്ട് അതിനു വാലിഡിറ്റി ഇല്ല എന്നും നമുക്ക് തെളിയിക്കാൻ സാധിക്കില്ലല്ലോ?  \"

\"അത് ശരി.. പക്ഷേ ഈ കുരുവികൂട്ടിലെ ഫിലിപ്പ് അന്ന് നാട് വിട്ടു പോയത് ആണ്.. പിന്നെ തിരിച്ചു വന്നിട്ടില്ല. ഞങ്ങളെ പേടിച്ചു ആണ് എന്നാണ് പറയുന്നത് എങ്കിലും, ഞങ്ങൾ മനസിലാക്കുന്നത് കുരുവികൂട്ടിൽകാർ തന്നെ പുള്ളിയെ അടുപ്പിച്ചിട്ടില്ല എന്നാണ്..\" അലക്സ്‌ പറഞ്ഞു.

\"അത് ചിലപ്പോൾ ശരി ആയിരിക്കാം.. കാരണം കേസ് ഫയൽ ചെയ്തിരിക്കുന്നത് കുരുവികൂട്ടിൽ ഔത ആണ്. ഫിലിപ്പ് അല്ല.. അത് കേസിന്റെ ഒരു വീക്ക്‌ പോയിന്റ് ആണ്. ഈ ഫിലിപ്പിനെ കണ്ടു പിടിച്ചു ഷെയർ തിരികെ വാങ്ങാൻ പറ്റിയാൽ പിന്നെ പ്രശ്നം ഒന്നും ഇല്ല.. അല്ലെങ്കിൽ ഫിലിപ്പിന്റെ അറിവോടെ അല്ല ഈ കേസ് എന്ന്‌ പറഞ്ഞു ഒന്ന് ശ്രമിച്ചു നോക്കാം.. പക്ഷേ അതൊക്കെ തെളിയിക്കാൻ കാലതാമസം എടുക്കും.\" വിനയൻ വക്കീൽ പറഞ്ഞത് കേട്ട് അലക്സും തോമസും മുഖമുഖം നോക്കി.

\"അതിപ്പോ കാലതാമസം എന്ന്‌ പറഞ്ഞാൽ... റെച്ചലിനെ കൂടാതെ എനിക്ക് ഒരു പെങ്ങൾ കൂടി ഉണ്ട്.. അവളുടെ കെട്ടിയോൻ മരിച്ചതിൽ പിന്നെ അവള് വീട്ടിൽ തന്നെ ആണ്.. അവളുടെ മോളു ഗ്രേസ്.. ഗ്രേസിന്റെ വിവാഹം ഉറപ്പിച്ച പയ്യന് അമേരിക്കയിൽ ആയിരുന്നു ജോലി.. നമ്മടെ പിള്ളേർ നമ്മടെ കൺവെട്ടത് തന്നെ കാണട്ടെ എന്ന്‌ കരുതി ഹോസ്പിറ്റലിനോട് അനുബന്ധിച്ചു ഒരു റിസേർച്ച് സെന്റർ കൂടി തുടങ്ങാൻ പരിപാടി ഇട്ടു.. അതിനായി ആ പയ്യനെ അവിടുത്തെ ജോലി കളഞ്ഞു ഇങ്ങോട്ടും കൊണ്ട് വന്നു..\" തോമസ് പറഞ്ഞു.

\"റിസേർച്ച് സെന്ററിന് അപ്പ്രൂവൽ കിട്ടിയിട്ടുണ്ട്... അതിന്റെ പേപ്പർ ആ ഫയലിൽ ഉണ്ട്..\" അലക്സ്‌ ഇടയിൽ കയറി പറഞ്ഞു.

\"അത് ഞാൻ കണ്ടിരുന്നു..\" വിനയൻ വക്കീൽ അറിയാവുന്നത് പോലെ തലയാട്ടിക്കൊണ്ട് പറഞ്ഞു.

\"ഇനി ഇപ്പോ സെന്റർ തുടങ്ങാതെ ആ പയ്യനോട് കല്യാണക്കാര്യം എങ്ങനെ പറയും.. കാലതാമസം എന്ന്‌ പറഞ്ഞാൽ.. ഒരു പെൺകൊച്ചു അല്ലേ സാറേ.. കല്യാണം എത്രയാ എന്ന്‌ പറഞ്ഞാ നീട്ടിക്കൊണ്ട് പോകുന്നത്..?\" തോമസ് ചോദിച്ചു.

വിനയൻ വക്കീൽ ഒന്ന് ആലോചിച്ചു. \"ഇതിപ്പോ നിങ്ങളുടെ മുന്നിൽ രണ്ടു മാർഗമേ ഒള്ളൂ... ഒന്നുകിൽ ഹോസ്പിറ്റലിനു വേണ്ടി മറ്റൊരു സ്ഥലം കണ്ടെത്തുക... അല്ലെങ്കിൽ ഫിലിപ്പിനെ കണ്ടെത്തുക..\" വിനയൻ വക്കീൽ തറപ്പിച്ചു പറഞ്ഞു.

തിരികെ വീട്ടിലേക്കു ഉള്ള വഴിയിൽ അലക്സും തോമസ്സും വളരെ ആസ്വസ്ഥരായിരുന്നു. മറ്റൊരു സ്ഥലം കണ്ടെത്തി ഹോസ്പിറ്റൽ തുടങ്ങുക എന്നത് പ്രായോഗികമായിരുന്നില്ല. ഇതുവരെ ചെയ്ത പണിയും ഇറക്കിയ പണവും എല്ലാം നഷ്ടമാകും. അതുകൊണ്ടുതന്നെ അവരുടെ മുന്നിൽ ഒരേയൊരു വഴിയെ അവശേഷിച്ചിരുന്നുള്ളൂ. കുരുവിക്കൂട്ടിലെ ഫിലിപ്പിനെ കണ്ടെത്തുക. അതിനായി ശ്രമിക്കാൻ തന്നെ അവർ തീരുമാനിച്ചു. അതിന് ഏറ്റവും എളുപ്പമുള്ള മാർഗം അവർക്ക് സാവിയോ ആയിരുന്നു. തൽക്കാലം കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുന്നതുവരെ വീട്ടിൽ സാവിയോ അല്ലാതെ മറ്റാരോടും ഈ കാര്യങ്ങൾ പങ്കുവെക്കേണ്ട എന്നും അവർ തീരുമാനിച്ചു.

*********

വളരെ പണിപെട്ടു ആണ് ഷൈൻ ലീനയെ തിരികെ വീട്ടിൽ എത്തിച്ചത്. അച്ചു അപകടനില തരണം ചെയ്തു എന്നു അറിഞ്ഞിട്ടും അവിടെ നിന്നു പോരാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല അവൾ. വീട്ടിലെത്തി ഒന്ന് കുളിച്ചു ഡ്രസ്സ് മാറി കഴിഞ്ഞപ്പോൾ ഒരു ആശ്വാസം ലീനയ്ക്ക് തോന്നി എങ്കിലും അച്ചുവിനെ കുറിച്ചു ഓർത്തപ്പോൾ തന്നെ അവൾക്കു തിരികെ ഹോസ്പിറ്റലിൽ പോകണം എന്നായി.

ലീനയെ തന്നെ വിടുന്നത് ശരിയല്ല എന്ന്‌ തോന്നിയത് കൊണ്ട് അമ്മുവും അവളുടെ കൂടെ പോയി. ഷൈൻ തന്നെ ആണ് അവരെ കൊണ്ട് പോയത്. ലീനയെ അന്വേഷിച്ചു ഐ സി യു വിനു മുന്നിൽ എത്തിയപ്പോൾ ആണ് അവർ അറിഞ്ഞത് അവളെ റൂമിലേക്ക് മാറ്റി എന്ന്‌.

റൂമിൽ എത്തിയപ്പോൾ തന്നെ കണ്ടു മുകളിലെ ഫാനിലേക്ക് കണ്ണും നട്ടു കിടക്കുന്നവളെ. ലീനയുടെ കാൽ പെരുമാറ്റം കേട്ടതും റൂമിലെ ചെറിയ മേശയ്ക്കു അരികിൽ തലയിൽ കയ്യും വച്ചിരുന്ന ദേവയാനി തല ഉയർത്തി നോക്കി. അവർ ലീനയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

\"അച്ചു.. ലീന വന്നിരിക്കുന്നു. നോക്കിക്കേ... ദേ.. ലീനയും ഈ പയ്യനും കൂടി ആണ് ഇന്നലെ മോളെ ഇങ്ങോട്ട് കൊണ്ടുവന്നത്..\" ദേവയാനി പറഞ്ഞതും അച്ചു കണ്ണുകൾ നീട്ടി അവരെ നോക്കി.

അവളുടെ കണ്ണുകളിൽ കണ്ട നിർവികാരത ആവരെ എല്ലാം മുറിപ്പെടുത്തി. പുറത്ത് നിന്നും വാങ്ങേണ്ട മരുന്നുകളുടെ ലിസ്റ്റുമായി നേഴ്സ് വന്നപ്പോൾ ഷൈൻ അതുമായി പോയി.

\"അമ്മ വല്ലതും കഴിച്ചോ?\" അമ്മുവിന്റെ ചോദ്യത്തിന് ഇല്ല എന്ന്‌ തലയാട്ടി ദേവയാനി.

\"ഇപ്പോൾ ലീന ഉണ്ടല്ലോ അച്ചുവിനോടൊപ്പം.. വരു.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വരാം..\" അമ്മു വിളിച്ചപ്പോൾ ആദ്യം ദേവയാനി അവിടെ നിന്നു അനങ്ങാൻ കൂട്ടാക്കിയില്ല. പിന്നെ അച്ചുവിനെ നോക്കാൻ അമ്മയ്ക്ക് ആരോഗ്യം വേണ്ടേ എന്ന അവളുടെ ചോദ്യത്തിന് മുൻപിൽ മുട്ടുകുത്തി അവർ ഭക്ഷണം കഴിക്കാൻ തയ്യാറായി.  ലീനയെ അച്ചുവിന് അരികിലിരുത്തി അമ്മു ദേവയാനിയുമായി കാൻറീനലേക്ക് നടന്നു.

താൻ വാങ്ങിച്ചു കൊടുത്ത ദോശ കഴിക്കാതെ നുള്ളി പെറുക്കി ഇരിക്കുന്ന ദേവയാനിയെ കണ്ട് അമ്മുവിന് അതിയായ പ്രയാസം തോന്നി. 

\"ഞാൻ തന്നെയാണ് എന്റെ മകളെ കൊലയ്ക്ക് കൊടുത്തത്.. ചെറുപ്പം മുതലേ അവള് ശിവൻറെ പെണ്ണാണെന്ന് പറഞ്ഞു പഠിപ്പിച്ചത് ഞാനാണ്.. അച്ഛനില്ലാത്ത കുഞ്ഞിനെയും കൊണ്ട് സഹോദരൻറെ വീട്ടിൽ വന്നു നിൽക്കേണ്ടിവന്ന അമ്മ.. ഞാൻ അനുഭവിക്കുന്ന സൗകര്യങ്ങൾ ഒന്നും ആരുടെയും ഔദാര്യമല്ല എന്നും എൻറെ മകൾക്ക് അവകാശപ്പെട്ടത് മാത്രമാണ് എന്നും ഉറപ്പാക്കാൻ ആയിരുന്നിരിക്കും ഞാൻ അങ്ങനെ ചെയ്തത്.. പക്ഷേ അതിൻറെ ഫലം അനുഭവിക്കുന്നത് എൻറെ മകളാണ്..\" വേദനയോടെ ആ അമ്മ പറയുമ്പോൾ അമ്മ അവരുടെ കരം പിടിച്ചു. അവരോട് എന്തു പറയണം എന്ന് അമ്മുവിന് അറിയില്ലായിരുന്നു. അച്ചുവിനെ കുറിച്ച് എന്തെങ്കിലും പറയണം എന്നുണ്ടായിരുന്നെങ്കിൽ പോലും ലീന പറഞ്ഞു കേട്ട അറിവ് അവൾക്ക് അച്ചുവിനെ പറ്റി ഉണ്ടായിരുന്നുള്ളൂ. 

\"അമ്മ ഇവിടെ ഇരിക്ക്.. ഞാൻ പോയി ചായ വാങ്ങി വരാം..\" അമ്മു ചായ വാങ്ങാനായി കൗണ്ടറിന് അടുത്തേക്ക് നടന്നു. രണ്ടു ചായയ്ക്ക് ഓർഡർ കൊടുത്തു വെയിറ്റ് ചെയ്യുമ്പോഴാണ് അവളുടെ കണ്ണുകൾ അയാളിൽ ഉടക്കിയത്. 

നാൽപ്പതിനോട് അടുത്ത പ്രായമുള്ള ഒരാളായിരുന്നു അത്. വേഷം കണ്ടാൽ തന്നെ അറിയാം വളരെ ധനികനായ വ്യക്തിയാണെന്ന്. ഹോസ്പിറ്റലിന്റെ ടാഗ് കഴുത്തിൽ അണിഞ്ഞ ഒരാൾ അയാളുടെ പിന്നാലെ നടന്ന എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.

അയാളെ കണ്ടതും ഭയം തന്നിൽ ഇരച്ചു കയറുന്നത് അവൾ അറിഞ്ഞു. ഹൃദയം ഇടിപ്പിന്റെ വേഗത കൂട്ടി. കൈകാലുകൾ വിറച്ചു. മറ്റൊന്നിനും ചിന്തിക്കാൻ നിൽക്കാതെ അവൾ അവിടെ നിന്ന് ഓടി. 

\"ശ്രീനിവാസ പെരുമാൾ.. അയാൾ.. അയാൾ എന്താണ് ഇവിടെ? എന്നെ അന്വേഷിച്ച് വന്നതായിരിക്കും.. ഞാൻ ഇവിടെ ഉണ്ടെന്ന് അയാൾ എങ്ങനെ അറിഞ്ഞു? അയാൾ എന്നെ കണ്ടു കാണുമോ?\" അവൾ സ്വയം ചോദിച്ചു. 

ആരുടെയും കണ്ണിൽപ്പെടാതെ ചുമരുകളുടെ മറ നോക്കി അവൾ നടന്നു. കാന്റീനിലെ ടേബിളിൽ അവളെയും കാത്തിരിക്കുന്ന ദേവയാനിയെ കുറിച്ച് അപ്പോൾ അവൾ ഓർത്തില്ല. പകരം എങ്ങനെയും അവിടെനിന്ന് രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയായിരുന്നു  അവളിൽ. ചുമരിന്റെ മറ പിടിച്ചു നിൽക്കുമ്പോഴും അവൾ തിരിഞ്ഞു നോക്കി കൊണ്ടേയിരുന്നു. പെട്ടെന്ന് തോളിൽ പതിച്ച കരസ്പർശം അറിഞ്ഞതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി. 

തൊട്ടുപിന്നിൽ ഷൈനിനെ കണ്ട അമ്മുകിൽ ഒരു ആശ്വാസം നിറഞ്ഞു. 

\"അമ്മുവേച്ചി എന്താ ഇവിടെ നിൽക്കുന്ന? ആകെ വിയർത്തിരിക്കുന്നല്ലോ? എന്തുപറ്റി? വയ്യേ?\" ഷൈൻ ആകാംക്ഷയോടെ ചോദിച്ചപ്പോഴാണ് തൻറെ നെറ്റിയിൽ തങ്ങിനിന്ന വിയർപ്പ് തുള്ളികളെ അവൾ അറിഞ്ഞത്. ഷോളിന്റെ അറ്റം എടുത്ത് അവൾ മുഖം തുടച്ചു. പിന്നീട് അവനോട് ആയി പറഞ്ഞു.

\"ഒന്നൂല്ലടാ.. ഞാൻ.. പനിക്കുന്ന പോലെ.. ഞാൻ അച്ചുവിൻറെ മുറിയിലേക്ക് പോവുകയാണ്..\" പകപോടെ അമ്മു പറയുന്നത് കേട്ട് ഷൈൻ അവളെ സംശയത്തോടെ നോക്കി.

അവൻ അവളുടെ നെറ്റിയിൽ കൈവച്ചു നോക്കി. \"പനിയോ? ഐസ് പോലെ.. തണുത്തിരിക്കുന്നു.. വല്ലതും കണ്ട് പേടിച്ചോ ? അല്ല.. അച്ചുവിൻറെ അമ്മ എവിടെ?\" 

ഷൈൻ ചോദിച്ചപ്പോഴാണ് അച്ചുവിൻറെ അമ്മയെ കാന്റീനിൽ വിട്ടിട്ട് ആണ് താൻ വന്നത് എന്ന് അവൾ ഓർത്തത്. ദേവയാനിയെ വിളിച്ചു കൊണ്ടുവരാൻ ഷൈനിനെ പറഞ്ഞു ഏൽപ്പിച്ച അവൾ അച്ചുവിൻറെ മുറിയിലേക്ക് നടന്നു. പോകുന്ന വഴിക്ക് തനിക്ക് അറിയുന്ന ആരെങ്കിലും ചുറ്റിലും ഉണ്ടോ എന്ന് സൂക്ഷിച്ചു വീക്ഷിച്ചുകൊണ്ട് ചുരിദാറിന്റെ ഷോൾ കൊണ്ട് മുഖം പാതിമറിച്ച് അവൾ നടന്നു.

മുറിയിലെത്തിയിട്ടും ആരും തന്നെ കാണാതിരിക്കാൻ ആയി വാതിലിന് പിന്നിലായി അവൾ മറഞ്ഞിരുന്നു. എല്ലാവരുടെയും കണ്ണുകളും ശ്രദ്ധയും അച്ചുവിൽ ആയിരുന്നതുകൊണ്ട് അമ്മുവിൻറെ ഭാവഭേദങ്ങൾ ഒന്നും ആരും ശ്രദ്ധിച്ചില്ല. 

ലീന വാശിപിടിച്ച് അച്ചുവിൻറെ അരികിൽ തന്നെ നിന്നു. പക്ഷേ അമ്മുവിന് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു. വീട്ടിൽ തിരികെ എത്തിയിട്ടും അവളുടെ നെഞ്ചിലെ ഭയവും പകപ്പും കുറഞ്ഞില്ല. അവൾ മുറി അടച്ചിട്ട് അതിനകത്ത് തന്നെ ഇരുന്നു. അവളെ അന്വേഷിച്ചു വന്ന റാണിയോട് ഒരു തലവേദനയാണ് എന്ന് അവൾ കള്ളം പറഞ്ഞു.

അമ്മുവിനെ നന്നായി മനസ്സിലാക്കിയിരുന്ന റാണിക്ക് അവൾ പറയുന്നത് കള്ളമാണെന്ന് മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പക്ഷേ അമ്മുവിൻറെ മുഖത്തെ സംഘർഷം തിരിച്ചറിഞ്ഞ് അവൾ കൂടുതൽ ഒന്നും ചോദിക്കാതെ അമ്മുവിനെ തിരികെ വിട്ടു.  

സാവിയോ ഡ്യൂട്ടി കഴിഞ്ഞ് എത്തിയതും അമ്മുവിൻറെ കാര്യം റാണി അവനോട് പറഞ്ഞു. അവൻ അമ്മുവിനെ കാണാനായി അപ്പോൾ തന്നെ പോയി.

\"എന്താ എന്തു പറ്റി? ഹോസ്പിറ്റലിൽ പോയതിൽ പിന്നെ നീ ആകെ വിഷമത്തിൽ ആണെന്ന് റാണി പറഞ്ഞു. അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ?\" സാവിയോ അമ്മുവിനോട് അടുത്തിരുന്ന ചോദിച്ചു.

\"കുട്ടച്ചായ.. ഇന്ന് ഹോസ്പിറ്റലിൽ.. ഞാൻ അയാളെ കണ്ടു..\" അവൾ ഭയത്തോടെ പറഞ്ഞു.

\"ആര്?\"

\"അയാൾ.. ശ്രീനിവാസ പെരുമാൾ.. \" അമ്മുവിൻറെ മുഖത്തെ ഭയം മെല്ലെ സാവിയോയുടെ മുഖത്തേക്കും പടർന്നു.

\"അയാൾ നിന്നെ കണ്ടോ?\" അവൻ ചോദിച്ചു.

\"കണ്ടില്ല എന്ന് തോന്നുന്നു..\" അമ്മു ഒന്ന് ചിന്തിച്ചു.. \"ഇല്ല.. എനിക്കറിയില്ല.. ഇനി കണ്ടിട്ടും കാണാത്തതുപോലെ നിന്നതാണോ? എനിക്കറിയില്ല ഇച്ചായാ..\" 

\"ഏയ്.. നീ ഇങ്ങനെ പരിഭ്രമിക്കാതെ. ഇവിടെ വന്ന് ആരും നിന്നെ ഒന്നും ചെയ്യില്ല. കുട്ടച്ചായൻ അല്ലേ വാക്ക് തരുന്നത്? നിനക്ക് കുട്ടച്ചായനെ വിശ്വാസമില്ലേ?\" സാവിയോ ചോദിച്ചു.

\"എനിക്ക് കുട്ടച്ചായനെ വിശ്വാസമാണ്.. പക്ഷേ അയാൾ ജോയിച്ചായനെ കണ്ടാൽ.. അയാളിൽ നിന്നാണ് ജോയിച്ചായൻ കാര്യങ്ങൾ അറിയുന്നതെങ്കിലോ? ഇച്ചായൻ എന്നെ വെറുക്കും.. എനിക്കത് താങ്ങാൻ കഴിയില്ല കുട്ടച്ചായ..\" അമ്മു അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു.

\" അത് ശരിയാണ്... നിന്നെക്കുറിച്ചുള്ള സത്യങ്ങൾ അവൻ അറിയണം.. നിന്നെക്കുറിച്ച് എല്ലാം അറിഞ്ഞു വേണം അവൻ നിന്നെ സ്നേഹിക്കാൻ.. അവൻ സത്യങ്ങളെല്ലാം അറിയേണ്ട സമയമായിരിക്കുന്നു..\" 


(തുടരും)


വെള്ളാരപൂമലമേലെ.. ❤❤ 58

വെള്ളാരപൂമലമേലെ.. ❤❤ 58

4.7
2547

അച്ചുവിനെ ഡിസ്ചാർജ് ചെയ്തതിനുശേഷം ആണ് ലീന വീട്ടിലേക്ക് പോന്നത്. അച്ചുവിനെ തിരികെ അവളുടെ വീട്ടിലേക്ക് വിടുമ്പോഴും ലീനയ്ക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു. \"അമ്മേ.. അവളുടെ മേലെ ഇപ്പോഴും ഒരു കണ്ണ് വേണം.. അവളെ ഒറ്റയ്ക്കാക്കി പോകരുത്..\" എന്ന് പുറപ്പെടുന്നതിനു മുൻപ് പലവട്ടം ദേവയാനിയോട് പറയാൻ ലീന മറന്നില്ല.അവൾ വീട്ടിലിരുന്നും ടെൻഷൻ അടിക്കുകയേ ഉള്ളൂ എന്ന് മനസ്സിലാക്കിയത് കൊണ്ട് അനിയമ്മ അവളെ നിർബന്ധിച്ചു അന്ന് ജോലിക്ക് വിട്ടു. റബേക്കയോട് ലീനയുടെ കൂടെ തന്നെ വേണമെന്ന് പറഞ്ഞ ഏൽപ്പിക്കുകയും ചെയ്തിരുന്നു ആനിഅമ്മ.ഓഫീസിൽ എത്തിയതും അച്ചുവിൻറെ ഒഴിഞ്ഞു കിടക്കുന്ന