Aksharathalukal

നൂപുരധ്വനി 🎼🎼 (27)

തനിക്ക് നേരെ നടന്നു വരുന്ന ചിന്നുവിനെ കണ്ട് കണ്ണ് മിഴിഞ്ഞു നിന്നു പോയി രാഹുൽ... ഒരാഴ്ച മുൻപ് സുന്ദരിയായി അണിഞ്ഞൊരുങ്ങി ബാലുവിനൊപ്പം വിടർന്ന ചിരിയോടെ കണ്ട ചിന്നുവായിരുന്നില്ല അവൾ... ചുറ്റും കറുപ്പ് വീണ  കുഴിഞ്ഞ കണ്ണുകളും ചോര വറ്റി കരുവാളിച്ച മുഖവും അലസമായി കിടക്കുന്ന മുടിയിഴകളും മെലിഞ്ഞ് ക്ഷീണിച്ച് പോയ ശരീരവുമായി തീർത്തും പുതിയൊരു ചിന്നു....

കാലം അവൾക്കേകിയ ആഘാതം എത്ര മാത്രമാ ഇരുപത്കാരിയെ തകർത്തു കളഞ്ഞെന്ന് ഒറ്റ നോട്ടത്തിൽ തന്നെ രാഹുലിന് മനസ്സിലായ നിമിഷം....ഒന്ന് മുഖമുയർത്തുക പോലും ചെയ്യാതെ കുനിഞ്ഞ മുഖത്തോടെ തന്റെ മുൻപിൽ നിൽക്കുന്നവളെ കണ്ട് പറയാൻ വന്നതൊക്കെ ഒരു മാത്ര വിസ്മരിച്ചു പോയിരുന്നു രാഹുൽ...

പക്ഷേ കൂടുതൽ സമയമത് മറന്നു നിൽക്കാൻ അവനും കഴിയുമായിരുന്നില്ല.. കാരണം.... ബാലു തന്നെ... തന്റെ വലം കൈ അവളുടെ ഇടം കവിളിൽ മെല്ലെ വയ്ക്കുമ്പോൾ ഉയർന്നു വന്ന ആ മിഴികളിൽ നിറഞ്ഞ വേദന കാണാനാകാതെ രാഹുലിന്റെ മുഖമാണ് ഇത്തവണ കുനിഞ്ഞു പോയത്..

തന്റെ ഇടനെഞ്ചിലേക്ക് അവളുടെ കുഞ്ഞ് ശരീരം ഒതുക്കി പിടിക്കുമ്പോൾ എതിർക്കാതെ അവൾ തളർന്നു നിന്നു... അവളുടെ മുടിയിൽ മെല്ലെ തഴുകുമ്പോൾ അവനിൽ നിറഞ്ഞു നിന്നത് സ്വന്തം അനിയത്തിയായി കണ്ടവളോടുള്ള വാത്സല്യമായിരുന്നു....

\"ഈ സമയത്ത് ചോദിക്കാൻ പാടില്ലാത്തൊരു സഹായവും ചോദിച്ചു കൊണ്ടാണ് ഞാൻ വന്നത്... ഈ രുദ്രയുടെ ബാലുവേട്ടന് വേണ്ടി....\"

ദിവസങ്ങൾക്കു ശേഷം തന്റെ പ്രാണന്റെ പേര് കേട്ട് കണ്ണുകളും ഹൃദയവും ഒന്ന് പിടഞ്ഞു പോയിരുന്നു ചിന്നുവിന്റെ... അവളുടെ ജീവിതം തകർത്തെറിഞ്ഞ ആ നശിച്ച നാളിൽ നടന്ന അവൾക്കറിയാത്ത സംഭവങ്ങളും ഇപ്പോഴും ബാലു കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥയും.. ഇനിയും ചികിത്സ വൈകിയാൽ അവന് സംഭവിച്ചേക്കാവുന്ന ദുരന്തവുമൊക്കെ രാഹുൽ അവളോട് പറയുമ്പോൾ ആ കണ്ണുകൾ വീണ്ടും പെയ്തു തുടങ്ങിയിരുന്നു...

ഇത്രയും ദിവസവും താൻ കണ്ടതും അനുഭവിച്ചതും മാത്രമാണ് അവളെ വേദനിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ തന്റെ പ്രണയമായവന്.. പ്രാണനായവന് സംഭവിച്ചത് അറിഞ്ഞതോടു കൂടി ആ വേദന ഇരട്ടിയായിക്കാണുമെന്ന് രാഹുലിന് ബോധ്യമായിരുന്നു... അവളുടെ കണ്ണീരിനെ തന്റെ നെഞ്ചകത്തിൽ ഏറ്റു വാങ്ങിക്കൊണ്ട് നിമിഷങ്ങളോളം അവൻ നിന്നു.. അവളെടുക്കുന്ന തീരുമാനം എന്തായാലും അത്‌ സ്വീകരിക്കണമെന്ന് ഉറപ്പിച്ചു കൊണ്ട്....

എന്നാൽ കണ്മുന്നിലെ കാഴ്ചകളിൽ തോന്നുന്ന സ്വന്തം അഭിപ്രായം മാത്രം ശരിയെന്ന് കരുതുന്ന വിഡ്ഢിയായ മനുഷ്യരിൽ ഒരാളായിരുന്നു രാമചന്ദ്രൻ...അക്ഷമനായി ഉമ്മറക്കോലായിൽ നിന്നും പുറത്തിറങ്ങിയ അയാളീ കാഴ്ച കാണുമ്പോൾ രാഹുലിന്റെയും ചിന്നുവിന്റെയും ബന്ധത്തിനൊരു അർത്ഥമിട്ടു കഴിഞ്ഞിരുന്നു...

ബാലുവിനെയും ചിന്നുവിനെയും വീണ്ടും ഒന്നിപ്പിക്കുന്ന വിധിയിൽ വേണ്ടുമവരെ അകറ്റാനുള്ള നിമിത്തമാകാൻ അയാൾ കണ്ടെത്തിയ ആ അർത്ഥത്തിനു ശക്തിയുണ്ടായിരുന്നു...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

നിമിഷങ്ങൾക്ക് ശേഷം ചുരിദാർ ഷോളിൽ മുഖം തുടച്ച് രാഹുലിൽ നിന്നും അടർന്ന് മാറുമ്പോഴേക്കും ചിന്നു ഉറച്ചൊരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു....

\"രാഹുലേട്ടാ...\"
കരഞ്ഞു കരഞ്ഞ് അടഞ്ഞ ശബ്ദത്തിൽ ചിന്നു വിളിച്ചു...
\"മ്മ് \"
\"പത്തു നാൾ കൂടി കഴിയാതെ ഈ വീട് വിട്ട് എവിടേക്കും ഞാൻ പോവില്ല....\"
നല്ല ഉറപ്പുണ്ടായിരുന്നു അവളുടെ വാക്കുകൾക്ക്...
\"മ്മ് \"
അവൻ മുഖം താഴ്ത്തി മെല്ലെയൊന്ന് തല കുലുക്കി... അതിൽ നിരാശ കലർന്നത് ചിന്നു അറിഞ്ഞിരുന്നു...

\"ബാലുവേട്ടനെ അത്രയും ദിവസമെങ്കിലും ഇവിടെ കൊണ്ട് വന്ന് നിർത്തിക്കോട്ടേന്ന് ചോദിക്ക് ഡോക്ടറോട്...\"
രാഹുലിന്റെ മുഖം ഉയർന്നു വിടർന്നു... അവന്റെ കണ്ണുകളിൽ പ്രതീക്ഷ തെളിഞ്ഞു...
രാഹുൽ അപ്പോൾ തന്നെ പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് ഡോക്ടറെ വിളിച്ചു... കാര്യം സംസാരിച്ചിട്ട് അവൻ കോൾ കട്ട്‌ ചെയ്തു....

\"സമ്മതിച്ചു.. തല്ക്കാലം ബാലു വയലന്റ് ആവാതിരിക്കുകയാണ് പ്രധാനം.. അവനിവിടെ നിന്നോട്ടേന്നാ ഡോക്ടർ പറഞ്ഞത്.... ചിന്നുവിന് എപ്പോഴാണോ സൗകര്യം അപ്പോൾ അവനെയും കൊണ്ട് അവിടേക്ക് വരാൻ... എന്നിട്ട് ട്രീറ്റ്മെന്റ് തുടങ്ങാമെന്ന്...\"
പറയുമ്പോൾ രാഹുലിന്റെ ശബ്ദത്തിൽ ആശ്വാസം കലർന്നിരുന്നു... വഴിയറിയാതെ ഇരുളടഞ്ഞ ഗുഹയിലൊരു മിന്നാമിന്നി തെളിഞ്ഞത് പോലെ...

\"മ്മ്...ഞാൻ അകത്തേക്ക് പോകട്ടെ രാഹുലേട്ടാ.. ബാലുവേട്ടനെ കൊണ്ടാക്കിക്കോളൂ.. ഞാൻ നോക്കിക്കോളാം... എനിക്ക് ബാലുവേട്ടനെ കൂടി നഷ്ടപ്പെടുത്താൻ കഴിയില്ല...\"
അത്ര മാത്രം പറഞ്ഞ് ചിന്നു രാഹുലിനെയൊന്ന് നോക്കി നടന്നു നീങ്ങി...

രാഹുൽ രാമചന്ദ്രന്റെ അടുത്തേക്കും നടന്നു .. ആദ്യം ബാലുവിനെ ഈ ചെറിയ വീട്ടിൽ നിർത്താനാവില്ലെന്നും പറഞ്ഞ് രാമചന്ദ്രൻ ചൊടിച്ചെങ്കിലും പിന്നെ വേറെ വഴിയില്ലെന്ന് രാഹുൽ തറപ്പിച്ചു പറഞ്ഞതോടെ അയാൾക്ക് അടങ്ങേണ്ടി വന്നു...

മാധവനോട് കാര്യം പറയുമ്പോൾ അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ...
\"മോനേ ചിന്നുമോളെ നിങ്ങള് കൊണ്ട് പോകുന്നത് തന്നെയാണ് നല്ലത്.. ഇവിടുത്തെ അവസ്ഥ അത്രയ്ക്ക് മോശമാണ്... സ്വന്തം അച്ഛനും കൂടെപ്പിറപ്പും മരിച്ചു തകർന്ന് കിടക്കുന്ന അവളോട് തീരെ കാരുണ്യമില്ലാതെയാണ് ആ സതീശന്റെ അച്ഛനും അമ്മയും പെരുമാറിയത്... അവൾ കാരണമാണ് പോലും അവരുടെ മകന്റെ ജീവിതം തകർന്നത്...

ഇവിടെ നിൽക്കുന്നിടത്തോളം അവരിനിയും അവൾക്ക് സമാധാനം കൊടുക്കില്ല...അവളെ മാറ്റി നിർത്താൻ തല്ക്കാലം എനിക്കും മറ്റൊരിടമില്ല... എന്തോ അവളങ്ങനെ തീരുമാനിച്ചെങ്കിൽ നിങ്ങളൊക്കെ അവൾക്ക് അത്രയും വിശ്വാസമുള്ളവരാണെന്ന് എനിക്ക് തോന്നുന്നു... നോക്കിക്കോണേ മോനേ... അവളേ ഉള്ളൂ.. ഇനി ഞങ്ങൾക്കും...\"

നിറഞ്ഞ കണ്ണുകൾ തോർത്ത്‌ മുണ്ട് കൊണ്ട് ഒപ്പി പറയുന്ന ആ വൃദ്ധനെ കാൺകെ ഒന്നും പറയാൻ കഴിഞ്ഞില്ല രാഹുലിന്... അദ്ദേഹത്തിന്റെ തോളിൽ ഒന്ന് കൈയ്യമർത്തി രാഹുൽ കാറിൽ കയറിപ്പോകുമ്പോൾ ചിന്നുവിന്റെ ദുർവിധിയെ കുറിച്ചോർത്ത് ആധി കൊള്ളുകയായിരുന്നു ആ വൃദ്ധ മനസ്സ്...

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼


നൂപുരധ്വനി 🎼🎼 (28)

നൂപുരധ്വനി 🎼🎼 (28)

4.7
9310

\"ചക്കീ!!!\"ഓടി വന്നു തന്നെ പുണർന്നു മുറുക്കുന്ന ബാലുവിനെ കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ചിന്നു... അവന്റെ പിടിത്തത്തിൽ എല്ലു പൊടിയും പോലെ വേദനിക്കുന്നുണ്ട്... ശ്വാസം മുട്ടുന്നുണ്ട്.. പക്ഷേ അവനെ അടർത്തി മാറ്റാൻ കഴിയുന്നില്ല...തന്റെ പ്രാണനാണ്... ഈയൊരവസ്ഥയിൽ...അവന്റെ കണ്ണുനീർ തോൾ നനയ്ക്കുന്നതറിയുന്നുണ്ടെങ്കിലും ഒന്നും പറയാൻ കഴിയുന്നില്ല.. അവനെയൊന്ന് തിരികെ പുണരാൻ കൈകൾ ഉയരുന്നില്ല....നീരസം മറയ്ക്കാതെ രാമചന്ദ്രൻ അത്‌ മുഖത്ത് പ്രകടമാക്കുന്നുണ്ട്...അവളുടെ നിസ്സഹായത കണ്ടിട്ടാകണം...രാഹുൽ മുന്നോട്ട് വന്നു...\"ഡാ... ചക്കിക്ക് ശ്വാസം മുട്ടുന്നെടാ... വിട്.. ഇനിയിപ്പോ ച