Aksharathalukal

ചെമ്പകപ്പൂക്കൾ - 14

ഭാഗം 14

\" ദേവാ.. താൻ എന്തിനാ അങ്ങനെ പറഞ്ഞത് അൻവറിനോട്? എന്റെ ഷൂ നനഞ്ഞതിനെ പറ്റി ചോദിച്ചപ്പോൾ..നമ്മൾ ഇന്നലെ മുറ്റത്തു മഴ നനയാൻ പോയില്ലലോ?\"

അവൾ അവനെ നോക്കി..

\" പിന്നെ ഞാൻ എന്ത് പറയണം ആയിരുന്നു ? ഇന്നലെ നട്ട പാതിരക്കു ആ കോരിച്ചൊരിയുന്ന മഴയത്തു അനന്തേട്ടൻ ആരോടും പറയാതെ എവിടെയോ പോയി വന്നപ്പോൾ ഷൂ നനഞ്ഞതാണെന്നോ? \"

അനന്തൻ വല്ലാത്ത ഒരു നടുക്കത്തോടെ അവളെ നോക്കി. അപ്പോൾ ഇന്നലെ രാത്രി  ദേവ ഉറങ്ങിയിരുന്നില്ലേ? അവൾ എന്തൊക്കെയാണ് കണ്ടത്. 

\" ഞാൻ ഇന്നലെ രാത്രി എല്ലാം കണ്ടു. ഡ്രൈവിംഗ് അറിയാത്ത അനന്തേട്ടൻ കാർ ഓടിച്ചു വരുന്നതും, ഫോൺ ഉപയോഗിക്കാത്ത ആൾ അലമാരയുടെ ലോക്കറിൽ ഒരു ഫോൺ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നതും എല്ലാം.. ഇനിയും എന്തൊക്കെയുണ്ട് ഈ പൊട്ടിയോട് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന കള്ളങ്ങൾ? എന്നോട് പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ അനന്തേട്ട? നിങ്ങളെ വിശ്വസിച്ച ഞാൻ.. എന്തൊരു മണ്ടിയാണ് അല്ലെ? \"

അവന്റെ മനസ്സിലെ ചോദ്യങ്ങൾ മനസിലാക്കി നന്ദു കരച്ചിൽ അടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു.. തന്റെ മുന്നിൽ വിങ്ങി പൊട്ടി നിൽക്കുന്ന നന്ദുവിനെ നോക്കി എന്ത് പറയണം എന്നറിയാതെ അവൻ നിന്നു..അവളുടെ മനസ്സിലെ വിങ്ങൽ അവനെയും വേദനിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷെ നന്ദു പറഞ്ഞു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല..

\" ഇവിടെ ഉള്ളവർക്കൊക്കെ എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടെന്നും.. അവർക്കു രണ്ടു മുഖങ്ങൾ ഉണ്ടെന്നും പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക്.  അവരിൽ നിന്നു നിങ്ങള്ക്ക് ആപത്തു ഉണ്ടാവുമെന്ന് പേടിയായിരുന്നു. അനന്തേട്ടന്റെ കൂടെ നിന്നാൽ അത് എനിക്കും വരുമെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും അന്ന് വീട്ടിൽ പോയിട്ട് ഞാൻ ഇങ്ങോട്ട് തന്നെ തിരികെ വന്നത് അനന്തേട്ടൻ ഇവരുടെ ഇടയിൽ ഒറ്റപെട്ടു പോകരുത് എന്ന് കരുതിയാണ്. നിങ്ങളെ എന്നെ കൊണ്ട് പറ്റുന്ന പോലെ സംരക്ഷിക്കാൻ വേണ്ടിയാണ്.  പക്ഷെ ആ അനന്തേട്ടൻ തന്നെ എന്നിൽ നിന്നും ഇത്രയധികം രഹസ്യങ്ങൾ സൂക്ഷിക്കുമ്പോൾ.. നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒന്നുമില്ലായെന്നു എനിക്ക് ബോധ്യമായി. ഇനി ഇവിടെ എന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അത് കൊണ്ട് ഞാൻ എന്റെ വീട്ടിലേക്കു തന്നെ പോകുന്നു. അനന്തേട്ടൻ പേടിക്കേണ്ട.. ഞാൻ അനന്തേട്ടനെ ആർക്കും കാട്ടി കൊടുക്കില്ല.\"

അവൾ പറഞ്ഞു നിർത്തി അവനെ കടന്നു പോകാൻ തുടങ്ങി..അവൾ പോവുകയാണ് എന്ന് കേട്ടതും അവനു വല്ലാത്ത ഒരു വിഷമം തോന്നി. അവളെ അങ്ങനെ വിടാൻ അവനു പറ്റുമായിരുന്നില്ല. അനന്തൻ പെട്ടെന്ന് അവളുടെ കയ്യിൽ കയറി പിടിച്ചു  

\" ദേവാ.. ഞാൻ.. താൻ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ... \"

അവൾ ദേഷ്യത്തോടെ അവന്റെ കൈ വിടുവിച്ചു...

\" എന്ത് ഞാൻ വിചാരിക്കുന്നത് പോലെ അല്ലെന്നു? ഇന്നലെ രാത്രി ആ മഴയത്തു നിങ്ങൾ പുറത്തു പോയി വരുന്നത് ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതാണ്.  നിങ്ങൾ ഗിരിയുടെ വീട്ടിൽ അല്ല പോയത് എന്നാണോ പറഞ്ഞു വരുന്നത്? \"

അനന്തൻ നിസ്സഹായതയോടെ അവളെ നോക്കി.. താൻ വിചാരിച്ചതിലും കൂടുതൽ കാര്യങ്ങൾ നന്ദു മനസിലാക്കിയിട്ടുണ്ട് എന്ന് അവനു മനസിലായി. അവളോട്‌ ഇനി ഒന്നും ഒളിക്കുന്നതിൽ അർത്ഥമില്ല..

\" ഞാൻ.. ഇന്നലെ ഗിരിയുടെ അടുത്തേക്ക് തന്നെയാണ് പോയത്   \"

തല കുനിച്ചു അവൻ പറയുന്നത് കേട്ടതും തന്റെ തലയിൽ ഇടിത്തീ വീണത് പോലെ തോന്നി അവൾക്കു. സംശയം ഉണ്ടായിരുന്നെങ്കിലും താൻ ചോദിക്കുമ്പോൾ അവൻ വേറെ എവിടെയെങ്കിലും ആണ് പോയതെന്ന് പറയും എന്ന് ചെറുതായിട്ട് എങ്കിലും അവൾ പ്രതീക്ഷിച്ചിരുന്നു.  പക്ഷെ അവൻ അത് സമ്മതിച്ചിരിക്കുന്നു.. അതിന്റെ അർത്ഥം അനന്തേട്ടൻ ആണ് ഗിരിയെ.. നന്ദു വീണ്ടും ധൈര്യം സംഭരിച്ചു..

\" ഇനി ഞാൻ എന്തെങ്കിലും പറയുന്നതിലും ചെയ്യുന്നതിലും ഒന്നും ഒരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല .. അനന്തേട്ടൻ അനന്തേട്ടന്റെ വഴി സ്വീകരിച്ചു കഴിഞ്ഞു.. എന്ത് കാരണങ്ങൾ ഉണ്ടെങ്കിലും ഒരാളുടെ ജീവൻ എടുക്കുക ..അത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു വഴിയാണ്. അത് കൊണ്ട് ഞാൻ പോകുന്നത് തന്നെയാണ് നല്ലത്..\"

അവൾ ഉറപ്പോടെ പറഞ്ഞു. എന്നിട്ട് തന്റെ അലമാരയുടെ അടുത്തേക്ക് നടന്നു  .

\" ഇന്നലെ രാത്രി ഞാൻ ഗിരിയുടെ വീട്ടിൽ പോയി എന്ന് പറയുന്നത് സത്യമാണ്. പക്ഷെ ഗിരിയെ കൊന്നത് ഞാൻ അല്ല.. ഞാൻ ചെല്ലുമ്പോൾ അവൻ കൊല്ലപ്പെട്ടു കഴിഞ്ഞിരുന്നു . \"

അനന്തൻ പറഞ്ഞത് കേട്ടു അലമാര തുറക്കാൻ തുടങ്ങിയ നന്ദു അവിടെ തന്നെ നിന്നു.. ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ പിന്നെയും നാമ്പിട്ടു..

\" ങേ..?.... \"

\" സത്യമാണ് ദേവാ.. ഒരു പ്രാവശ്യം.. ഒരു പ്രാവശ്യം എനിക്ക് പറയാൻ ഉള്ളത് മുഴുവൻ കേൾക്കാൻ താൻ മനസ്സ് കാണിക്കണം. അത് മുഴുവനും കേട്ടിട്ട് എന്ത് വേണം എന്ന് തനിക്കു തീരുമാനിക്കാം. പോകണം എന്നാണ് എന്നിട്ടും തന്റെ തീരുമാനം എങ്കിൽ ഞാൻ തടയില്ല ദേവാ.. \"

എന്തായിരിക്കും അനന്തേട്ടന് പറയാൻ ഉള്ളത്.. അവന്റെ മനസ്സിലെ രഹസ്യങ്ങൾ അറിയണം എന്ന് എന്നും ആഗ്രഹിച്ചിരുന്നു. അനന്തനെ ഗിരിയുടെ കൊലപാതകത്തിൽ സംശയിച്ചിരുന്നു എങ്കിലും അവനെ ഒരു കൊലപാതകി ആയി കാണാൻ ഒരിക്കലും സാധിച്ചിരുന്നില്ല. ചിലപ്പോൾ അവൻ പറയുന്നത് സത്യം ആണെങ്കിലോ?  അവൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ ഇവിടുന്നു പോയാൽ എന്നും അതൊരു കുറ്റബോധമായി നില നിൽക്കും.. അത് കൊണ്ട് അവനു പറയാനുള്ളത് കേൾക്കാൻ തന്നെ അവൾ തീരുമാനിച്ചു.. അവൾ തിരിഞ്ഞു അവനെ നോക്കി..

\" പറ.. ഞാൻ കേൾക്കാം..ഇങ്ങനെ ഒക്കെ ചെയ്യുന്നതിന് കാരണം ആയി എന്താ അനന്തേട്ടന് പറയാൻ ഉള്ളത്? \"

അവൾ അവൻ പറയുന്നത് കേൾക്കാൻ മനസ്സ് കാണിച്ചു എന്നത് തന്നെ അവനു ഒരു ആശ്വാസം ആയി തോന്നി.. അവളെ ഒന്ന് നോക്കി അവൻ പതുക്കെ ബാൽക്കണിയിലേക്ക് നടന്നു. അവളും പതുക്കെ അവനെ പിന്തുടർന്നു. ബാൽക്കണിയിലെ അര പ്ലേസിൽ പിടിച്ചു കൊണ്ട് അവൻ പുറത്തേക്കു നോക്കി നിന്നു. എന്ത് പറയണം എങ്ങനെ തുടങ്ങണം എന്ന് അവൻ ആലോചിക്കുകയാണ് എന്ന് അവൾക്കു തോന്നി. അത് കൊണ്ട് അവൻ പറയാൻ തയ്യാറാകുന്നത് വരെ അവളും കാത്തു നിന്നു. കുറച്ചു സമയത്തിന് ശേഷം അനന്തൻ സംസാരിച്ചു തുടങ്ങി  

\" ദേവാ.. താൻ ആ ചെമ്പകമരം കണ്ടോ? അത് എന്റെ അമ്മ നട്ട മരം ആണ്..\"

കുറച്ചു ദിവസം മുന്നേ നന്ദു പോയി നിന്ന മരം ചൂണ്ടി കാണിച്ചു കൊണ്ട് അനന്തൻ പറഞ്ഞു..

\" ഉം.. എന്നോട് ചെറിയമ്മ ഒരു ദിവസം പറഞ്ഞിരുന്നു.. \"

\" അമ്മ ഒറ്റക്കല്ല... ഞാനും അമ്മയും കൂടിയാണ് അന്ന് അത് അവിടെ നട്ടത് .. അമ്മക്ക് ചെമ്പകപ്പൂക്കൾ വലിയ ഇഷ്ടമായിരുന്നു.. \"

\" അറിയാം.. അതും പറഞ്ഞു കേട്ടിട്ടുണ്ട്.. \"

അവൾ ക്ഷമയോടെ പറഞ്ഞു..

\" എന്റെ അമ്മ ഒരു പാവം ആയിരുന്നു ദേവ.. എന്നെയും അച്ഛനെയും ഒരുപാടു ഇഷ്ടമായിരുന്നു. അമ്മക്കു നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നു. മുത്തച്ഛന്റെ ബിസിനെസ്സ് മുഴുവനും അമ്മയുടെ ആയിരുന്നല്ലോ? വലുതാവുമ്പോൾ അതൊക്കെ അമ്മ നോക്കി നടത്തണം എന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം. അതിനു വേണ്ടി അമ്മയെ നന്നായി പഠിപ്പിക്കുകയും ചെയ്തു. അച്ഛനുമായുള്ള വിവാഹത്തിന് ശേഷം ആദ്യമൊക്കെ അമ്മയും ഓഫീസിൽ പോകുമായിരുന്നു. ഞാനും കൂടി ഉണ്ടായതിനു ശേഷം ഈ ബിസിനെസ്സ് ഒന്നും അമ്മ നോക്കുന്നില്ലെന്നു തീരുമാനിച്ചു. എല്ലാം അച്ഛനെ ഏല്പിച്ചു. അതിനോട് മുത്തച്ഛനു എതിർപ്പും ഉണ്ടായിരുന്നു. എന്നാലും ഇനി മുതൽ അച്ഛനും ഞാനും ഈ കുടുംബവും ആണ് അമ്മയുടെ ലോകം എന്ന് പറഞ്ഞു അമ്മ സ്വയം ഒഴിഞ്ഞു മാറി. അച്ഛൻ പറഞ്ഞിട്ട് കൂടി അമ്മ ആ തീരുമാനം മാറ്റിയില്ല. അച്ഛന്റെ വയ്യാത്ത അമ്മയെയും സഹോദരനെയും എല്ലാം ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു. അച്ഛമ്മയെ അമ്മ തന്നെയാണ് പരിചരിച്ചിരുന്നത്. സ്വന്തം അമ്മയെ പോലെ തന്നെ.  ചെറിയച്ഛനെയോ ഇന്ദിര ചെറിയമ്മയെയോ അമ്മ ഒരിക്കലും കുറച്ചു കണ്ടിട്ടില്ല.. അത് പോലെ കിരണും ഞാനും അമ്മക്ക് ഒരു പോലെ ആയിരുന്നു. അമ്മയുടെ മക്കൾ.. \"

അനന്തൻ ഒന്ന് നിർത്തി.. അവന്റെ കണ്ണ് നിറഞ്ഞു ഇരിക്കുനത് കണ്ടപ്പോൾ അവൾക്കും വിഷമം വന്നു.  ഇതൊക്കെ ഇങ്ങനെ ഓർത്തു പറയാൻ അവനു എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് അവൾക്കു അറിയാമായിരുന്നു. എങ്കിലും തന്നോട് അവൻ ഇതെല്ലാം പറയാൻ തയ്യാറാവുന്നത് എവിടെയോ അവൻ തന്നെ സ്നേഹിക്കുന്നത് കൊണ്ടല്ലേ? അവൾ അവന്റെ കൈ തന്റെ കയ്യിൽ എടുത്തു പിടിച്ചു..എന്നിട്ട് അവൻ ബാക്കി പറയാൻ അവൾ കാത്തു നിന്നു..

\" എന്റെ അച്ഛനും അമ്മയും വഴക്കുണ്ടാക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അവര് തമ്മിൽ അത്രയ്ക്ക് സ്നേഹം ആയിരുന്നു.അച്ഛൻ പറയുന്നതിന് അമ്മക്കോ അമ്മ പറയുന്നതിന് അച്ഛനോ എതിര് ഇല്ലായിരുന്നു. എത്ര വലിയ തിരക്കുകൾക്കിടയിലും അമ്മക്കും എനിക്കും വേണ്ടി അച്ഛൻ സമയം കണ്ടെത്തുമായിരുന്നു.. പുറത്തു കൊണ്ട് പോകും.. ഒരുമിച്ചു യാത്രകൾ ചെയ്യും.. എന്തെങ്കിലും ആവശ്യം പറഞ്ഞു ഈ മുറ്റത്തു വരുന്ന ആരെയും അച്ഛനോ അമ്മയോ വെറും കയ്യോടെ പറഞ്ഞയക്കുന്നത് ഞാൻ കണ്ടിട്ടില്ല ദേവാ.. ഈ കമ്പനികളുടെ ഒക്കെ എംഡി ആയതിനു ശേഷവും എന്റെ അച്ഛൻ ഉച്ചക്ക് അച്ഛന്റെ കമ്പനിയിലുള്ള സുഹൃത്താക്കളോടൊപ്പമാണ് ഭക്ഷണം കഴിച്ചിരുന്നത്. എന്നോട് വലുതാവുമ്പോൾ ഞാൻ അച്ഛനെ പോലെ ആവണം എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ആ അമ്മയാണ് അച്ഛനെയും കൊന്നു അച്ഛന്റെ ഉറ്റ സുഹൃത്തിനോടൊപ്പം പോയി എന്ന് ആളുകൾ പറയുന്നത്.. \"

അനന്തന്റെ കണ്ണിൽ നിന്നു കണ്ണുനീർ ഇറ്റ് അവളുടെ കൈകളിലേക്ക് വീണു.. ആ നിമിഷം അവൾക്കു അറിയാമായിരുന്നു ഈ മനുഷ്യൻ ഇനി പറയാൻ പോവുന്നത് എന്താണെങ്കിലും അയാളെ വിട്ടു പോകാൻ തന്നെ കൊണ്ട് സാധിക്കില്ല എന്ന്.. പക്ഷെ അത് അപ്പോൾ അവൾ പറഞ്ഞില്ല. അവൾക്കു അവനു പറയാൻ ഉള്ളതെല്ലാം കേൾക്കണം ആയിരുന്നു.

\" അപ്പോൾ ഈ സണ്ണി.. \"

ആ അവസ്ഥയിലും അത് ചോദിക്കാതിരിക്കാൻ അവൾക്കു കഴിയുമായിരുന്നില്ല.

\" പപ്പാ.. അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്നു സണ്ണി പപ്പാ..  സുഹൃത്തെന്നു പറഞ്ഞാൽ പോരാ. കൂടെപ്പിറപ്പു എന്ന് തന്നെ പറയണം.. എന്തിനും അവർ ഇരുമിച്ചായിരുന്നു.. എന്നെ കൊണ്ട് അങ്കിൾ എന്ന് വിളിപ്പിക്കാതെ പപ്പാ എന്ന് വിളിപ്പിച്ചത് അയാൾ തന്നെ ആണ്.  എന്നോട് വലിയ കാര്യമായിരുന്നു.. അമ്മക്ക് സഹോദരൻ തന്നെ ആയിരുന്നു. ഒരിക്കലും അവർ തമ്മിൽ അങ്ങനെ എന്തെങ്കിലും ഉള്ളതായി എനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല ദേവാ.. അന്നും ഇന്നും.. ആകെ ഒരു പ്രാവശ്യമാണ് അച്ഛനും പപ്പയും തമ്മിൽ ഒരു വഴക്ക് ഞാൻ കണ്ടത്. അത് കോയമ്പത്തൂർ ഫാക്ട്ടറിയെ പറ്റി.. അച്ഛൻ മരിക്കുന്നതിന് കുറച്ചു ദിവസം മുന്നേ. പക്ഷെ അതിനു ശേഷം അവർ അതെല്ലാം പറഞ്ഞു തീർത്തു പഴയ പോലെ സ്നേഹത്തിൽ ആവുകയും ചെയ്തിരുന്നു.. \"

അവൻ പറഞ്ഞു.. അതായിരിക്കും അന്ന് ഇന്ദിരമ്മ കണ്ടു എന്ന് പറഞ്ഞ വഴക്ക്. ചെറിയച്ഛനെ ഫാക്ടറി ഏല്പിച്ചതിന്റെ പേരിൽ..

\" എന്നിട്ട് എന്താ ഉണ്ടായതു?\"

\" ആ നശിച്ച ദിവസം എനിക്കിപ്പോഴും നല്ല ഓർമ ഉണ്ട്.. അച്ഛനും അമ്മയും ഈ മുറിയാണ് ഉപയോഗിച്ചിരുന്നതു.. കിരണിന്റെ ഇപ്പോഴത്തെ മുറിയായിരുന്നു അന്ന് എന്റെയും അവന്റെയും മുറി. ചെറിയച്ഛൻ അന്ന് ഇവിടെ ഇല്ലായിരുന്നു. കോയമ്പത്തൂർ ആയിരുന്നു. കോയമ്പത്തൂർ ഞങ്ങൾക്ക് പുതിയൊരു തുണി ഫാക്ടറി തുടങ്ങുന്നുണ്ടായിരുന്നു. അവിടെ എന്തൊക്കെയോ പ്രശ്‌നങ്ങൾ.. ലോഡിന്റെയും പൈസയുടെയും.. പോരാതെ ഞങ്ങളുടെ കൺസ്ട്രക്ഷൻ കമ്പനിയിലെ കുറച്ചു പ്രധാനപെട്ട വർക്കുകളിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ. അതിന്റെ പേരിൽ ഒന്ന് രണ്ടു പ്രൊജക്ടുകൾ നമുക്ക് നഷ്ടമാവുകയും ചെയ്തു... അങ്ങനെ കുറച്ചു അധികം പൈസയുടെ പ്രശ്നങ്ങളും ഉണ്ടായി.  അതിന്റെ ഒക്കെ പേരിൽ കുറച്ചു ദിവസങ്ങളായി തന്നെ അച്ഛൻ ഭയങ്കര ടെൻഷനിൽ ആയിരുന്നു.  അന്നും അതിന്റെ തലേന്നും അച്ഛൻ ഓഫീസിൽ പോയതേ ഇല്ല..  കുറെ ഫയലുകളുമായി മുറിയിൽ തന്നെ ഇരിപ്പായിരുന്നു. തിരക്കിലാണെന്നും ആരും ശല്യപെടുത്തരുത് എന്നും പറഞ്ഞു. മരിക്കുന്ന അന്ന് ഉച്ച ആയപ്പോൾ അച്ഛൻ മുറിയിൽ നിന്നു പുറത്തു വന്നു മുത്തച്ഛനോട് മുറിയിൽ പോയി കുറെ നേരം സംസാരിച്ചു.. പിന്നീട് വീണ്ടും അച്ഛന്റെ മുറിയിലേക്ക് തന്നെ പോയി. ആരെയൊക്കെയോ ഫോൺ വിളിക്കുന്നതൊക്കെ കേൾക്കാമായിരുന്നു.. അന്ന് രാത്രി അത്താഴം കഴിക്കാൻ അച്ഛനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു . അച്ഛന്റെ മുഖത്ത് അപ്പോഴും വല്ലാത്ത സങ്കടമോ ദേഷ്യമോ ഒക്കെ ഉണ്ടായിരുന്നു.. എങ്കിലും ഞങ്ങളോട് ഒന്നും കാണിച്ചില്ല.എനിക്കും കിരണിനും അച്ഛനാണ് ചോറ് വാരി തന്നത്.  അച്ഛന്റെ ചോറിൽ നിന്നു ഒരു ഉരുള വാങ്ങി തിന്നു ചിരിച്ചോണ്ട് പോകുന്ന എന്റെ അമ്മയെ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്. അമ്മ തന്നെയാണ് എന്നെയും കിരണിനെയും ഉറക്കാൻ കിടത്തിയത്.. ആദ്യം കിരണിന്റെയും പിന്നെ എന്റെയും നെറ്റിയിൽ ഉമ്മ തന്നു പോയതാ എന്റെ അമ്മ. പിന്നെ പിറ്റേന്ന് രാവിലെ കേൾക്കുന്നത്.. \"

അവൻ ബാക്കി പറയാനാവാതെ നിന്നു. അവൾ അവന്റെ കയ്യിൽ അമർത്തി പിടിച്ചു . കുറച്ചു നേരം അവരുടെ ഇടയിൽ നിശബ്ദത മാത്രം ആയിരുന്നു. പിന്നെ അനന്തൻ വീണ്ടും പറഞ്ഞു തുടങ്ങി  

\" പിറ്റേന്ന് രാവിലെ ഞങ്ങൾ എണീറ്റു വരുമ്പോഴേ ഇവിടെ ആകെ ഒച്ചയും ബഹളവും ആയിരുന്നു. എന്നോട് ആരും ഒന്നും പറയുന്നുണ്ടായിരുന്നില്ല. ചെറിയമ്മ കരയുന്നുണ്ടായിരുന്നു.. അമ്മയെ ചോദിച്ചപ്പോൾ എന്നെയും കിരണിനെയും ഒരു മുറിയിൽ കൊണ്ട് പോയി ഇരുത്തി.. പുറത്തു എന്തൊക്കെയോ പ്രശ്‌നങ്ങൾ ആണെന്നും അവിടെ തന്നെ ഇരിക്കണമെന്നും പറഞ്ഞു. പിള്ള ചേട്ടനെ ഞങ്ങൾക്കു കാവൽ ഇരുത്തി . പോലീസുകാരോക്കെ വരുകയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു. എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടെന്നു മനസിലായി എങ്കിലും സ്വപ്നത്തിൽ പോലും ഇങ്ങനെ ഒക്കെ ആണെന്ന് ഞാൻ കരുതി ഇരുന്നില്ല. പിന്നെ ചെറിയച്ഛൻ വന്നാണ് എന്നോട് പറയുന്നത് അച്ഛൻ പോയി എന്ന്.  അത് പോലെ അമ്മ പപ്പയുടെ കൂടെ പോയി എന്നും അമ്മയാണ് അച്ഛനെ.. അപ്പോഴേ എനിക്കറിയാമായിരുന്നു ദേവാ അവർ പറയുന്നതൊക്കെ കള്ളം ആണെന്ന്. ഞാൻ എല്ലാവരോടും അത് പറയുന്നും ഉണ്ടായിരുന്നു. പക്ഷെ ആരും ഞാൻ പറയുന്നത് കേൾക്കാൻ കൂട്ടാക്കിയില്ല. എന്തിനു അമ്മയെ നന്നായി അറിയാവുന്ന ചെറിയച്ഛനും ചെറിയമ്മയും പോലും..മുത്തശ്ശൻ മാത്രമാണ് എന്റെ അമ്മയെ വിശ്വസിച്ചതു.  തനിക്കറിയാമോ ദേവാ.. ഞാനും മുത്തശ്ശനും കരഞ്ഞു പറഞ്ഞിട്ടും എന്റെ അമ്മയെ എവിടെയാണെന്ന് ഒന്ന് അന്വേഷിക്കാൻ പോലും ഇവിടെ ആരും തയ്യാറായില്ല. പക്ഷെ കിടപ്പിലായ മുത്തശ്ശനു ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒരു രാത്രി കൊണ്ട് എന്റെ ലോകം മുഴുവനും കീഴ്മേൽ മറിഞ്ഞു. വരുന്നവരുടെയും പോകുന്നവരുടെയും മുന വച്ചുള്ള സംസാരവും, സഹതാപം നിറഞ്ഞ നോട്ടവും.. ഒരു തെറ്റും ചെയ്യാത്ത എന്റെ അമ്മയെ ഒരു ചീത്ത സ്ത്രീയായി ചിത്രീകരിച്ചു ഈ നാട് മുഴുവനും. ഒരു പതിനഞ്ചു കാരന് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു അതെല്ലാം.. \"

അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടേ ഇരുന്നു. 

\" അപ്പോൾ അന്ന് അത് കൊണ്ടാണോ അനന്തേട്ടൻ ഇന്ദിരമ്മയെ ഉപദ്രവിച്ചത്? \"

അവനൊന്നു തലയാട്ടി..

\"എന്റെ ആദ്യത്തെ സങ്കടം മുഴുവനും എല്ലാവരോടുമുള്ള ദേഷ്യമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛന്റെ മരണം അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നത്. എല്ലാവരും എന്റെ അമ്മയെ കുറ്റക്കാരി ആക്കി പോലീസിന്റെ മുന്നിൽ. ഞാൻ പറഞ്ഞു അമ്മയല്ല എന്ന്.. പക്ഷെ പതിനഞ്ചു വയസുള്ള എന്റെ വാക്കിനെക്കാൾ അവരുടെ മുന്നിൽ വലിയ ആൾക്കാരുടെ വാക്കിനായിരുന്നു വില. അന്ന് പോലീസുകാരോട് ചെറിയമ്മ പറഞ്ഞു അമ്മ അച്ഛന് കൊടുക്കാനുള്ള പാലിൽ വിഷം കലക്കുന്നത് ചെറിയമ്മ കണ്ടു എന്ന്. സ്വന്തം സഹോദരിയെ പോലെ എന്റെ അമ്മ സ്നേഹിച്ച ചെറിയമ്മ അമ്മയെ പറ്റി അങ്ങനെ പറയുന്നത് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും വിട്ടു പോയി ദേവാ.. പിന്നെ എന്താ ചെയ്തതെന്ന് എനിക്കും ഓർമ ഇല്ല.. ആരൊക്കെയോ ചേർന്ന് എന്നെ ചെറിയമ്മയുടെ അടുത്തുന്നു പിടിച്ചു മാറ്റി കൊണ്ട് പോയി മുറിയിൽ പൂട്ടി ഇട്ടു.  അതോടെ എനിക്ക് ഭ്രാന്തൻ എന്ന പേരുമായി..\"

അവൾ ഒരു ഞെട്ടലോട് കൂടി അവനെ നോക്കി.. ഭ്രാന്തൻ എന്ന പേരോ? അപ്പോൾ ഭ്രാന്തു ഇല്ലേ? 

\" അപ്പോൾ അനന്തേട്ടന് ഭ്രാന്തു ഇല്ലായിരുന്നോ? \"

അതിനു അവൻ സങ്കടം കലർന്ന ചിരി മറുപടിയായി നൽകി..

\" ഇല്ല.. ഒരിക്കലും ഇല്ല.. അന്ന് ചെറിയമ്മയുടെ അടുത്ത് എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്നത് ഒഴിച്ചാൽ എന്റെ മാനസികനിലക്ക് യാതൊരു തകരാറും ഇല്ല ദേവാ... ഞാൻ തികച്ചു നോർമൽ ആണ്.. അന്നും ഇന്നും.. \"

അവൻ പറഞ്ഞത് വിശ്വസിക്കാൻ ആവാതെ അവൾ നിന്നു.. പക്ഷെ അവന്റെ വാക്കുകൾ ആത്മാർത്ഥം ആയിരുന്നു..

\" അപ്പോൾ എല്ലാവരും പറയുന്നതു? ഇത്ര നാളും ചികിത്സയിൽ ആയിരുന്നു എന്ന്? കുഴപ്പം ഒന്നും ഇല്ലായിരുന്നെങ്കിൽ എവിടെ ആയിരുന്നു അനന്തേട്ടൻ ഇത്ര നാളും? \"

\" എല്ലാം നാടകം ആയിരുന്നു.. അന്ന് ഞാൻ ചെറിയമ്മയെ ആക്രമിച്ച ദിവസം.. അന്ന് മുഴുവനും അവർ എന്നെ ആ മുറിയിൽ തന്നെ പൂട്ടി ഇട്ടു.. രാത്രി പിള്ള ചേട്ടൻ എന്നെ കാണാൻ വന്നു.. മുത്തശ്ശൻ പറഞ്ഞിട്ടാണ് വരുന്നത് എന്ന് പറഞ്ഞു. പിള്ള ചേട്ടൻ എന്നും മുത്തച്ഛന്റെ വിശ്വസ്ഥൻ ആയിരുന്നു.അമ്മയെ ചെറുപ്പത്തിൽ മുതൽ അറിയാവുന്നതു കൊണ്ട് അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഞാൻ പറയുന്നത് പിള്ള ചേട്ടനും വിശ്വാസം ആയിരുന്നു. എന്റെ അച്ഛന്റെ മരണവും, അമ്മയുടെ തിരോധനവും എല്ലാം ആരൊക്കെയോ ചേർന്ന് നടത്തുന്നത് ആണെന്ന് മുത്തശ്ശൻ വിശ്വസിച്ചു.. അതിൽ ചെറിയച്ഛനും പങ്കുണ്ടെന്നു ആയിരുന്നു മുത്തച്ഛന്റെ വിശ്വാസം. ഈ സ്വത്തിനു വേണ്ടി ഇനി അവർ എന്നെ ആയിരിക്കും അപകടപെടുത്തുക എന്ന് മുത്തശ്ശൻ ഉറച്ചു വിശ്വസിച്ചു. പ്രത്യേകിച്ച് ഞാൻ എന്റെ അമ്മയുടെ നിരപരാധിത്വത്തിൽ ഉറച്ചു വിശ്വസിക്കുന്ന സ്ഥിതിക്ക്.. ഈ അവസ്ഥയിൽ എനിക്ക് കൂടി എന്തെങ്കിലും സംഭവിച്ചാൽ അത് ഒരു ആത്മഹത്യാ ആക്കി തീർക്കാൻ വളരെ എളുപ്പം ആയിരിക്കും..അത് കൊണ്ട് തത്കാലം എന്നോട് ഒരു ഭ്രാന്തൻ ആയി അഭിനയിക്കാൻ മുത്തശ്ശൻ പിള്ള ചേട്ടൻ വഴി എന്നോട് പറഞ്ഞു. ഇവരുടെ ഒക്കെ ശ്രദ്ധ ഒന്ന് മാറ്റാൻ വേണ്ടി. അങ്ങനെ പിറ്റേന്ന് ആ മുറി തുറന്നപ്പോൾ മുതൽ അച്ഛൻ മരിച്ചതും അമ്മ ഓടിപ്പോയതും ഒക്കെ മറന്ന ഒരു മാനസികനില തെറ്റിയവനെ പോലെ ഞാൻ അഭിനയിച്ചു തുടങ്ങി. എന്റെ സാഹചര്യം കൊണ്ടും, ചെറിയമ്മയെ ഞാൻ എല്ലാവരുടെയും മുന്നിൽ വച്ചു ആക്രമിച്ചത് കാരണവും അത് എല്ലാവരും പെട്ടെന്ന് വിശ്വസിക്കുകയും ചെയ്തു. \"

നന്ദുവിന് തൊണ്ട വരളുന്നത് പോലെ തോന്നി..

\" എന്നിട്ട്? \"

\" എന്നിട്ട് മുത്തശ്ശൻ വിചാരിച്ചതു പോലെ തന്നെ സംഭവിച്ചു. എന്റെ മാനസികനില തെറ്റിയെന്നു തോന്നിയപ്പോൾ അത് എന്നെ ഇവിടുന്നു മാറ്റാനുള്ള കാരണമായി ചെറിയച്ഛൻ ഉപയോഗിച്ചു. മുത്തച്ഛന്റെ നിർദേശപ്രകാരം പിള്ള ചേട്ടൻ എനിക്ക് വേണ്ടി ഒരു സൈക്കട്രിസ്റ്റിനെ നേരത്തെ കണ്ടു ഏർപ്പാട് ആക്കിയിരുന്നു. ഡോക്ടർ ജീവൻ. അയാൾ എനിക്ക് ഭ്രാന്ത് ആണെന്ന് ഉറപ്പിച്ചു പറഞ്ഞു. അയാൾക്ക്‌ അറിയാവുന്ന ഹൈദരാബാദിൽ ഉള്ള ഒരു സ്ഥാപനത്തിലേക്കു എന്നെ മാറ്റി. അതിനെ പറ്റി ചോദിച്ചവരോട് ഞാൻ വയലന്റ് ആണെന്നും വീട്ടിലുള്ള ആൾക്കാരുടെ ജീവന് വരെ എന്നെ കൊണ്ട് ആപത്തു ഉണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു.. എനിക്ക് സംഭവിച്ച കാര്യങ്ങൾ ഒന്നും ഓർമ ഇല്ലെന്നു ഡോക്ടർ പറഞ്ഞത് കൊണ്ട് എന്റെ ജീവൻ തത്കാലം രക്ഷപെട്ടു.. പക്ഷെ മുത്തശ്ശൻ.. ഞാൻ ഇവിടെ നിന്നു പോയി അധികം വൈകാതെ മുത്തശ്ശൻ പോയി.. പോയതല്ല.. എന്റെ അച്ഛനെ കൊന്നത് പോലെ മുത്തശ്ശനെയും ഇവർ... പക്ഷെ ചോദിക്കാനും പറയാനും ആരും ഉണ്ടായില്ല എന്ന് മാത്രം.. \"

അനന്തൻ പറഞ്ഞു..

\" എന്നിട്ട്? ഇത്രയും നാൾ അനന്തേട്ടൻ ഹൈദരാബാദിൽ ആയിരുന്നോ? ഇപ്പോൾ പിന്നെ അനന്തേട്ടനെ നാട്ടിലേക്കു കൊണ്ട് വരാൻ ചെറിയച്ഛൻ സമ്മതിച്ചത് എങ്ങനെ ആണ്? \"

നന്ദു ചോദിച്ചു..

\" ഞാൻ ഹൈദരാബാദിൽ ആയിരുന്നു. ഈ ഹൈദരാബാദിൽ ഉള്ള സ്ഥാപനം ജീവൻ ഡോക്ടറുടെ സുഹൃത്തിന്റെ ആണ്.  ദീപക് ഡോക്ടറും ജീവൻ ഡോക്ടറും ഒരുമിച്ചു പഠിച്ചതാണ്. ജീവൻ ഡോക്ടർ പറഞ്ഞു ദീപു ഡോക്ടറിനു എന്റെ കാര്യങ്ങൾ ഒക്കെ അറിയാം. പിന്നെ പിള്ള ചേട്ടൻ വഴി മുത്തശ്ശൻ കുറച്ചു കാശും ഓഫർ ചെയ്തിരുന്നു. അത് കൊണ്ട് അവർ  അവിടെ ദീപു ഡോക്ടറുടെ മെന്റൽ ഹോമിൽ ഒരു പ്രൈവറ്റ് റൂം എനിക്കു തന്നു. എനിക്ക് മരുന്നോ മറ്റു ചികിത്സയോ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ താമസം മാത്രം. ഞാൻ ഒരു മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് എന്ന് ചെറിയച്ഛനെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കാൻ വേണ്ടി മാത്രം.. എന്റെ മാനസികനില മൊത്തമായും തകരാറിൽ ആണെന്നും ഒന്നും ഓർമ ഇല്ലെന്നും തന്നെയാണ് ദീപു ഡോക്ടറും ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്.. എങ്കിലും എന്റെ അവസ്ഥക്ക് എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാൻ രണ്ടു മാസം കൂടുമ്പോൾ ചെറിയച്ഛൻ എന്നെ കാണാൻ വരുമായിരുന്നു. അപ്പോഴൊക്കെ ഞാൻ ഒരു ഭ്രാന്തൻ ആയി തന്നെ അഭിനയിച്ചു കൊടുത്തു\"

അനന്തൻ ഒന്ന് നിർത്തി പിന്നെ തുടർന്നു   

\" എന്റെ മുത്തശ്ശൻ വലിയ വിഷ്ണു ഭക്തൻ ആയിരുന്നു. മുത്തശ്ശൻ എല്ലാ മാസവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകുമായിരുന്നു. ഒരു ദിവസം മുഴുവനും ഭജനം ഇരിക്കാൻ. മുത്തച്ഛന്റെ ഒപ്പം എപ്പോഴും പിള്ള ചേട്ടനും ഉണ്ടാവും. മുത്തച്ഛന്റെ മരണശേഷവും പിള്ള ചേട്ടൻ പദ്മനാഭ ക്ഷേത്രത്തിലേക്കു എന്ന് പറഞ്ഞു ഇവിടുന്നു ഇറങ്ങും. എന്നിട്ട് എന്നെ കാണാൻ വരും..  മുത്തശ്ശൻ മരിക്കുന്നതിന് മുന്നേ തന്നെ എനിക്ക് വേണ്ടി ഉള്ള പൈസ ഒക്കെ പിള്ള ചേട്ടനെ ഏല്പിച്ചിരുന്നു.അതിൽ നിന്നു എന്റെ ആവശ്യങ്ങൾക്കൊക്കെ പിള്ള ചേട്ടൻ പൈസ എത്തിച്ചു തരും. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ പിള്ള ചേട്ടനാണ് എന്നെ അറിയിച്ചിരുന്നതു. അത് പോലെ എന്നാണ് ചെറിയച്ഛൻ വരാൻ സാധ്യത എന്നൊക്കെ പിള്ള ചേട്ടൻ എന്നെ മുൻകൂട്ടി അറിയിക്കും. അത് കൊണ്ട് എനിക്കും ദീപു ഡോക്ടറിനും തയ്യാറായി ഇരിക്കാൻ സാധിക്കുമായിരുന്നു. അച്ഛൻ കൊല്ലപ്പെടുകയും അമ്മയേ കാണാതാവുകയും ചെയ്തതോടെ കമ്പനിയുടെ ഉത്തരവാദിത്വം മുഴുവനും ചെറിയച്ഛൻ ഏറ്റെടുത്തു. സ്വത്തിന്റെ അവകാശിയായ ഞാൻ മാനസികനില തകർന്ന നിലയിൽ ആണെന്നുള്ള ഡോക്ടറിന്റെ സർട്ടിഫിക്കറ്റും കൂടി കോടതിയിൽ ഹാജരാക്കി ഇവിടുത്തെ സ്വത്തുക്കളുടെയും കമ്പനികളുടെയും എല്ലാം നടത്തിപ്പാവകാശം ചെറിയച്ഛൻ നേടി എടുക്കുകയായിരുന്നു. ഞാൻ വലുതായി വന്നു ഇതെല്ലാം തിരിച്ചു പിടിക്കണം എന്നതായിരുന്നു മുത്തച്ഛന്റെ അവസാനത്തെ ആഗ്രഹം. അതിനു വിദ്യാഭ്യാസം വേണമായിരുന്നു. ദീപു ഡോക്ടറുടെ സഹായത്തോടെ ഞാൻ അവിടുത്തെ ഒരു സ്കൂളിൽ അഡ്മിഷൻ എടുത്തു. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥിരമായി സ്കൂളിൽ വരൻ പറ്റില്ലെന്ന് പ്രിൻസിപ്പാലിനോട് പറഞ്ഞു പെർമിഷൻ എടുത്തു. എനിക്ക് ഹോം സ്കൂളിംഗ് ആരംഭിച്ചു.പരീക്ഷ എഴുതാൻ മാത്രം ഞാൻ സ്കൂളിൽ പോകും. പത്തും പന്ത്രണ്ടു ഞാൻ നല്ല മാർക്കോടെ തന്നെയാണ് പാസ്സായതു.  ഡിഗ്രിയും അതിനു ശേഷം MBAയും ഡിസ്റ്റൻസ് കോഴ്സ് ആയി എഴുതി എടുത്തു. ആ സമയത്തു ആണ് ഞാൻ ഡ്രൈവിംഗ് ഒക്കെ പഠിക്കുന്നത്. \"

അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ.. അനന്തേട്ടന് വിദ്യാഭ്യാസം ഒക്കെ ഉണ്ട്.

\" ദേവ.. പതിനഞ്ചു വർഷം.. പതിനഞ്ചു വർഷമാണ് ഞാൻ കുറെ മനോനില തെറ്റിയവരുമായി ഒരു മുറിയിൽ കഴിച്ചു കൂട്ടിയത്. അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു .. പക്ഷെ ഒറ്റക്കായിരുന്നു. ഫോൺ ഉണ്ട്.. എന്നാലും ഒന്ന് വിളിക്കാനോ മെസ്സേജ് അയക്കാനോ പോലും ആരും ഇല്ലാത്ത അവസ്ഥ. ആകെ ഉള്ളതു പിള്ള ചേട്ടൻ ആണ്. പക്ഷെ ചെറിയച്ഛൻ എന്നും പിള്ള ചേട്ടനെ സംശയം ആയിരുന്നു. അത് കൊണ്ട് വല്ലപ്പോഴും മാത്രമേ പിള്ള ചേട്ടനും വിളിക്കൂ..അന്നൊക്കെ കൂട്ടിനു ഉണ്ടായിരുന്നത് കുറെ ബുക്കുകൾ ആയിരുന്നു. അങ്ങനെയാണ് ഞാൻ ഇവരോടൊക്കെ കൂട്ട് കൂടിയത്.. \"

തന്റെ ബുക്ക്‌ ഷെൽഫിലേക്ക് നോക്കി അനന്തൻ പറഞ്ഞു..

\" ആ സമയത്തൊക്കെ ശരിക്കും എനിക്ക് ഭ്രാന്തു വരാതെ ഇരുന്നത് എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉള്ളത് കൊണ്ട് മാത്രം ആണ്. ഒന്ന് എന്റെ മുത്തച്ഛന്റെ ആഗ്രഹപ്രകാരം ചെറിയച്ഛന്റെ കയ്യിൽ നിന്നും ഇതെല്ലാം തിരികെ പിടിക്കണം.. സ്വത്തിനോ പണത്തിനോ ഒന്നും വേണ്ടിയല്ല.. ഇതിനൊക്കെ വേണ്ടി എന്റെ കുടുംബം ഇല്ലാതാക്കിയവരോടുള്ള എന്റെ പ്രതികാരം.. രണ്ടു.. എന്നെ ഇത്ര നാളും ജീവിക്കാൻ പ്രേരിപ്പിച്ച കാര്യം.. അന്ന് ആ രാത്രി ഈ ചെമ്പകമഠത്തിൽ നടന്നത് എന്താണെന്ന് കണ്ടെത്തുക.. എന്റെ അച്ഛനെ ആരാണ് കൊന്നത്? അമ്മയും പപ്പയും എവിടെ? അവർക്കു എന്ത് പറ്റി? ആരൊക്കെയാണ് ഇതിനു പിന്നിൽ എല്ലാം കണ്ടെത്തുക.. എന്റെ കുടുംബം നശിപ്പിച്ചവർക്ക് തക്കതായ ശിക്ഷ വാങ്ങി നൽകുക.. എന്റെ അമ്മ ഒരു ചീത്ത സ്ത്രീ ആയിരുന്നില്ല എന്ന് ഈ ലോകത്തിനു മുന്നിൽ തെളിയിക്കണം ദേവാ എനിക്ക്.. അതിനാണ് ഞാൻ ഇത്രയും കാലം ഇതെല്ലാം സഹിച്ചും ജീവിച്ചത്.. \"

അനന്തൻ പറഞ്ഞു നിർത്തി അവളെ നോക്കി. അവൾ അവന്റെ കൈകളിൽ ഉള്ള പിടി ഒന്ന് കൂടി മുറുക്കി..

തുടരും...

(ഈ പാർട്ടിലും ഉള്ള ചെറിയ കൺഫ്യൂഷൻ ഒക്കെ വരും പാർട്ടുകളിൽ മാറും കേട്ടോ.. അനന്തന്റെ കഥ ബാക്കി അടുത്ത പാർട്ടിൽ.. അഭിപ്രായങ്ങൾ അറിയിക്കണേ..)