Aksharathalukal

ചെമ്പകപ്പൂക്കൾ - 17

മോനു സർജറിയുടെ ഭാഗമായി ചില ആരോഗ്യപ്രശനങ്ങൾ ആയിരുന്നു.. അവനെയും വച്ചു എഴുത്തു നടക്കുന്നുണ്ടായിരുന്നില്ല.. അത് കൊണ്ടാണ് ഈ പാർട്ട്‌ വൈകിയത്.. അതിനു ക്ഷമ ചോദിക്കുന്നു.. കഥ ഇഷ്ടം ആവുന്നുണ്ടോ? അഭിപ്രായം അറിയിക്കണേ..


ഭാഗം 17

കാറിൽ ഇരിക്കുമ്പോൾ അനന്തൻ നന്ദുവിന്റെ കൈ തന്റെ കയ്യിൽ എടുത്തു പിടിച്ചു. അവൾ അവനെ നോക്കിയപ്പോൾ അവൻ അവളെ നോക്കി ചിരിക്കുകയും ചെയ്തു. പിന്നെ അവൻ വളരെ സന്തോഷവാൻ ആയി പുറത്തേക്കും നോക്കി കാഴ്ച്ചയും കണ്ടു ഇരുന്നു. അവൻ രാവിലെ ഇടാനായി മുണ്ടും ഷർട്ടും എടുക്കുന്നത് കണ്ടപ്പോഴേ തങ്ങൾ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അവൾക്കു ഒരു ഊഹം ഉണ്ടായിരുന്നു. അത് കൊണ്ട് അവളും സാരിയാണ് എടുത്തത് ധരിക്കാനായി.  രണ്ടു പേരും കൂടി ഒരുങ്ങി താഴെ ചെല്ലുമ്പോൾ മഹാദേവനും ഇന്ദിരയും കിരണും ഒരു പോലെ അന്തിച്ചു നോക്കുനുണ്ടായിരുന്നു.

\" ചെറിയമ്മേ.. ഞങ്ങൾ ഒന്ന് കുടുംബക്ഷേത്രത്തിൽ പോയി വരാം.. ഭക്ഷണം അത് കഴിഞ്ഞു മതി.. \"

നന്ദുവിന്റെ ഊഹം ശരി വച്ചു കൊണ്ട് അനന്തൻ ഇന്ദിരയോട് പറഞ്ഞു. എങ്ങോട്ടും ഇറങ്ങാത്ത അനന്തന്റെ സ്വഭാവത്തിൽ മാറ്റം അത്ഭുദം ഉണ്ടാക്കി എങ്കിലും ഇന്ദിര സന്തോഷത്തോടെ അത് സമ്മതിക്കുകയും ചെയ്തു. പുതിയ ഡ്രൈവർ അജയൻ തന്നെയാണ് അവരെ കൊണ്ടാക്കാൻ വന്നത്. അവൻ റിവ്യൂ മിററിലൂടെ ഇവരെ ശ്രദ്ധിക്കുന്നത് അവർ രണ്ടാളും അറിഞ്ഞതെ ഇല്ല. അമ്പലത്തിൽ എത്തി നന്ദു വഴിപാട് കൌണ്ടറിലേക്ക് നടന്നു. അനന്തൻ ഷർട്ട് അഴിച്ചു കൊണ്ട് അകത്തേക്കും. നന്ദുവിന് കുറച്ചധികം വഴിപാടുകൾ കഴിക്കാൻ ഉണ്ടായിരുന്നു. ഒരു പ്രതീക്ഷയും കൂടാതെ തുടങ്ങിയ ജീവിതം ആണ്. അത് ഇപ്പോൾ ഇങ്ങനെ ഒക്കെ ആയി.. അതിനുള്ള നന്ദി.. പിന്നെ ഇപ്പോൾ തങ്ങളുടെ ജീവിതത്തെ ചുറ്റി പറ്റിയുള്ള അപകടങ്ങളും, മറ്റു ആസ്വഭാവികതകളും എല്ലാം മാറാനായി മറ്റു വഴിപാടുകൾ. പിന്നീട് അനന്തന്  യാതൊരു ആപത്തും വരാതെ ഇരിക്കാൻ വേറെയും.  എല്ലാം കൗണ്ടറിൽ പറഞ്ഞെല്പിച്ചു രസീതും വാങ്ങി അവൾ അകത്തു കൊടുത്തു. ശേഷം അവനോടൊപ്പം മനസറിഞ്ഞു സാക്ഷാൽ അനന്തപദ്മനാഭന് മുന്നിൽ തൊഴുതു പ്രാർത്ഥിച്ചു.  പ്രസാദം വാങ്ങി തിരിയാൻ ഒരുങ്ങുമ്പോഴാണ് അനന്തൻ അവളുടെ കയ്യിൽ കയറി പിടിച്ചത്.

\" എന്താ അനന്തേട്ട? \"

അവൾ അവനെ നോക്കി..

\" തിരികെ പോകുന്നതിനു മുന്നേ ഒരു കാര്യം കൂടി ഉണ്ട് ദേവാ.. \"

\" എന്ത് കാര്യം? \"

\" തനിക്കറിയാമോ? എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം നടന്നത് ഈ നടയിൽ വച്ചായിരുന്നു. ഒരു ജന്മം മുഴുവനും സുഖത്തിലും ദുഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒക്കെ കൂടെ നിന്നോളാം എന്ന് അന്യോന്യം വാക് കൊടുത്തു അവർ അവരുടെ ജീവിതം തുടങ്ങിയത് ഇവിടെ നിന്നാണ്.  ചെറുതെങ്കിലും അവരുടെ ജീവിതത്തിന്റെ അവസാനം വരെ അവർ അത് പാലിക്കുകയും ചെയ്തു.  എനിക്കും അത് അങ്ങനെ തന്നെ വേണം.. \"

അവൾ അവനെ മനസിലാവാത്ത പോലെ നോക്കി..

\" അതിനെന്താ? നമ്മുടെ കല്യാണവും ഇവിടെ തന്നെ ആയിരുന്നല്ലോ  നടന്നത്? \"

\" അത് ആയിരുന്നു.. പക്ഷെ അപ്പോൾ ഒന്നും ഞാൻ ഇതിനെ ഒരു യാഥാർഥ്യമായി കരുതിയിരുന്നില്ല ദേവാ.. ചെറിയച്ഛനെ വിശ്വസിപ്പിക്കാൻ ഒരു വിവാഹം..  അത് കഴിയുമ്പോൾ എല്ലാം അവസാനിപ്പിക്കണം.. അങ്ങനെ ആയിരുന്നു വിചാരം.. അന്ന് ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തി എങ്കിലും അത് ആത്മാർത്ഥമായിരുന്നില്ല.പക്ഷെ ഇപ്പോൾ നീ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല.. എന്നും നീ എന്നോടൊപ്പം വേണം.. എന്റെ അച്ഛനും അമ്മയും തുടങ്ങിയതു പോലെ ഒരു നല്ല ജീവിതം ഇന്ന് ഇവിടെ നിന്നു നമുക്കും തുടങ്ങി കൂടെ? \"

നന്ദുവിന് വാക്കുകൾ ഒന്നും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല.  അത് കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവൾ ഒന്ന് തലയാട്ടുക മാത്രം ചെയ്തു. അവളുടെ കയ്യിലെ ഒരുപാട് പ്രസാദങ്ങളിൽ ഒന്നിൽ നിന്നു കുറച്ചു സിന്ദൂരം അവൻ ആ നടയിൽ വച്ചു തന്നെ അവളുടെ നെറുകിൽ വീണ്ടും ചാർത്തി കൊടുത്തു..

\" ഇന്നിപ്പോൾ നിറഞ്ഞ മനസ്സോടെ ഈ നടയിൽ വച്ചു നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ് ദേവാ..ഈ നിമിഷം മുതൽ ദേവനന്ദ അനന്തപദ്മനാഭന്റെ ആണ്.. സുഖവും ദുഖവും പങ്കിടാൻ.. ഒരു ജന്മം മുഴുവനും ഒരുമിച്ചു ജീവിക്കാൻ.. വഴക്കുകളും പിണക്കങ്ങളും ഉണ്ടാവും.. പക്ഷെ അതിനെയെല്ലാം ഒരു ഇണക്കത്തിലൂടെ മറികടന്നു ഈ ജന്മം നമുക്ക് ഒരുമിച്ചു പങ്കിടാം. എന്താ?. \"

അവൾ വീണ്ടും തലയാട്ടി.. ഒരു നിറഞ്ഞ പുഞ്ചിരിയോടെ അവൻ അവളുടെ കയ്യും പിടിച്ചു അവൻ പുറത്തേക്കിറങ്ങി..

അതേ സമയം.. അവരുടെ ഈ സന്തോഷ നിമിഷങ്ങൾ എല്ലാം ഒരു തൂണിന്റെ മറവിൽ നിന്നു ഫോണിൽ പകർത്തി അജയൻ അത് കൃത്യമായി ഒരു നമ്പറിലേക്കു സെൻറ് ചെയ്തു..

*************************************************

കുറച്ചു ദിവസങ്ങൾക്കു ശേഷം അനന്തനും നന്ദുവും അവരുടെ പദ്ധതി പതുക്കെ നടപ്പാക്കാൻ തീരുമാനിച്ചു. പിള്ള ചേട്ടന് അതിനോട് എതിർപ്പായിരുന്നു. സത്യം അന്വേഷിച്ചുള്ള യാത്രയിൽ അനന്തനും നന്ദുവിനും എന്തെങ്കിലും അപകടം വന്നാലോ എന്ന് അയാൾ ഭയന്നു. അന്നത്തെ കാർ അപകടം തന്നെ ആ മനുഷ്യനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ അനന്തനും നന്ദുവും അതിൽ നിന്നും പിന്നിലേക്കില്ല എന്ന് അറിയാവുന്നതു കൊണ്ട് അവരെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു.. പതിവ് പോലെ ഓഫീസ് ഉള്ള ഒരു ദിവസം രാവിലെ..

\" ഇന്നാ.. മോളെ അനന്തനുള്ള ചായ. കൊണ്ട് പോയി കൊടുക്ക്‌.. \"

മായ എല്ലാവർക്കുമുള്ള രാവിലത്തെ ചായ ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചപ്പോൾ ഒരു കപ്പ്‌ എടുത്തു നന്ദുവിന് നേരെ നീട്ടി ഇന്ദിര പറഞ്ഞു. അത് ഇവിടുത്തെ സ്ഥിരം കാഴ്ച ആണ് ഇപ്പോൾ. നന്ദു തന്നെയാണ് അനന്തനുള്ള ചായയും ഭക്ഷണവും ഇപ്പോൾ സ്ഥിരമായി മുകളിൽ എത്തിക്കുന്നത്. ചിലപ്പോൾ അവളും മുകളിൽ ഇരുന്നു അവനോടൊപ്പം ആവും കഴിക്കുക.. പക്ഷെ ഇന്ന് ഇന്ദിര നീട്ടിയ ചായ കപ്പ് അവൾ വാങ്ങിയത് പോലുമില്ല. അത് കണ്ടു ഇന്ദിര അവളെ ഒന്ന് നോക്കി. 

\" എനിക്കെങ്ങും വയ്യ.. ഞാൻ എന്തിനാ അങ്ങോട്ട്‌ ചായ കൊണ്ട് കൊടുക്കുന്നെ? എന്റെ വാക്കിന് എന്തെങ്കിലും വില ഉണ്ടോ അനന്തേട്ടന്? ഇന്ദിരമ്മ വേണേൽ കൊണ്ട് പോയി കൊടുക്കു.. \"

അത് കേട്ടപ്പോൾ മഹാദേവനും കിരണും എന്തിനു മായ വരെയും അവളെ അത്ഭുദത്തോടെ നോക്കുന്നതു കണ്ടു.. കാരണം അത് പതിവില്ലാത്തതാണ്.. സാധാരണ നന്ദു സന്തോഷത്തോടെ അവനു ചായ കൊണ്ട് കൊടുക്കുകയാണ് പതിവ്.

\" എന്താ മോളെ? എന്ത് പറ്റി? \"

ഇന്ദിര ചോദിച്ചു .

\" എന്ത് പറ്റാൻ? ഏട്ടനും ഏട്ടത്തിയും രാവിലെ തന്നെ ഛഗടാ ഛഗടാ ആണെന്ന് തോന്നുന്നു.. \"

കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞു..നന്ദു അവനെ നോക്കി കണ്ണുരുട്ടി..

\" പോടാ അവിടുന്ന്.. എന്താ പറ്റിയതെന്നു പറ മോളെ? \"

കിരണിനെ ഒന്ന് പേടിപ്പിച്ചു ഇന്ദിര വീണ്ടും ചോദിച്ചു  

\" ഇന്ദിരമ്മേ..ഞാൻ പറഞ്ഞാൽ ഈ അനന്തേട്ടൻ ഒന്നും കേൾക്കില്ല.. \"

നന്ദു തന്റെ മുഴുവൻ അഭിനയവും പുറത്തെടുത്തു വിഷമത്തോടെ പറഞ്ഞു..

\" അവൻ മോൾ പറഞ്ഞത് എന്താ കേൾക്കാത്തത്? \"

\" അനന്തേട്ടന് ഹൈദരാബാദിൽ ഉള്ള ഡോക്ടറിനെ കാണാൻ ചെല്ലാൻ വിളിച്ചിട്ട് വരുന്നില്ലെന്ന് ആണ് പറയുന്നത്\"

അനന്തൻ ഹൈദരാബാദിൽ ആയിരുന്നു എന്നും മറ്റും അവൾക്കു അറിയാം എന്നത് അവർക്കും അതിശയം ആയി തോന്നി.. പക്ഷെ അവരുടെ മുഖഭാവം നന്ദു കണ്ടില്ലെന്നു നടിച്ചു  

\" അതിനു അവനു ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ? പിന്നെ എന്തിനാണ് ഹൈദരാബാദിൽ പോകുന്നത്? \"

മഹാദേവൻ സംശയത്തോടെ ചോദിച്ചു.

\" ഇപ്പോൾ കുഴപ്പം ഒന്നുമില്ല ചെറിയച്ച.. എന്നാലും ആറു മാസം കഴിയുമ്പോൾ ഒന്ന് വന്നു കാണണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു എന്ന് പിള്ള ചേട്ടൻ പറഞ്ഞല്ലോ? പിള്ള ചേട്ടൻ ആറു മാസം ആയപ്പോൾ ഒന്ന് പോയി ദീപു ഡോക്ടറെ കാണാം എന്ന് പറഞ്ഞിട്ട് കേട്ടില്ല എന്നാണ് പറഞ്ഞത്. കഴിക്കുന്ന മരുന്നിന്റെ ഒക്കെ ഡോസ് മാറ്റണമെങ്കിൽ ഡോക്ടർക്കു ആളെ കാണേണ്ടേ? . അസുഖം മാറിയാലും ഒന്ന് ഫോളോ അപ്പിന് ചെല്ലുന്നത് നല്ലത് അല്ലെ?  അനന്തേട്ടന്റെ ഡിസ്ചാർജ് സമ്മറിയിലും ആറു മാസം കഴിയുമ്പോൾ ഫോളോ അപ്പ്‌ വേണമെന്ന് പറഞ്ഞിട്ടുണ്ടല്ലോ? \"

അതിനു മഹാദേവന് മറുപടി ഇല്ലായിരുന്നു. ശരിയാണ്.. ആറു മാസം കൂടുമ്പോൾ ചെല്ലണമെന്നു ദീപു ഡോക്ടർ പറഞ്ഞു വിട്ടിരുന്നു  

\" ഫോളോ അപ്പ്‌ പറഞ്ഞിട്ടുണ്ടെങ്കിൽ ഒന്ന് പോയി കാണുന്നത് തന്നെയാണ് നല്ലത്.. ഏട്ടൻ എന്താ പോകുന്നില്ല എന്ന് പറയുന്നത്? \"

കിരണും നന്ദുവിനെ അനുകൂലിച്ചു

\" നിന്റെ ഏട്ടന് എന്താ? ആ മുറിയിൽ തന്നെ എപ്പോഴും തപസിരിക്കണം..കുറെ ബുക്കുകളും ഉണ്ട് കൂട്ടിനു . എന്റെ വീട്ടിൽ വിളിച്ചാൽ പോലും ഒന്ന് വരില്ല. ഞാൻ ഈ പുറത്തു കൂടെ ഇടക്കൊക്കെ ഒന്ന് നടക്കാൻ പിടിച്ചു കൊണ്ട് പോകുന്നത് തന്നെ എന്ത് ബുദ്ധിമുട്ടി ആണെന്ന് അറിയാമോ? ഇങ്ങനെ ആയാൽ എങ്ങനെയാ? ഡോക്ടറിനെ കാണുവാണെങ്കിൽ ഈ വിഷയം ഒക്കെ ഒന്ന് പറയാം എന്ന് കരുതിയാണ് ഞാൻ ഇരിക്കുനത്. അപ്പോൾ വരുന്നേ ഇല്ല എന്ന് പറഞ്ഞാൽ.. ആറാം മാസത്തിലെ ചെക്ക് അപ്പ്‌ ഇന് പോയില്ല.. അത് പോട്ടെ.. കഴിഞ്ഞ ദിവസം ദീപു ഡോക്ടർ ഇവിടെ വിളിച്ചിരുന്നു . അനന്തേട്ടനെ തിരക്കി..അവിടെ രണ്ടാഴ്ച കഴിഞ്ഞു ഒരു കൗൺസിലിങ് നടക്കുന്നുണ്ട്.. കൂടെ പല സെമിനാറും.. ഒരു ആഴ്ച ആണ് ഉള്ളത്.. അനന്തേട്ടനെ പോലെ റിക്കവർ ആയവർക്കും അവരുടെ ഫാമിലിക്കും പറ്റിയതാണെന്നാണ് പറഞ്ഞത്.. അനന്തേട്ടനും ഞാനും അത് അറ്റൻഡ് ചെയ്‌താൽ ഒരുപാട് നല്ലതാണെന്നു പറഞ്ഞു.. ആ കൂട്ടത്തിൽ മുടങ്ങി പോയ ഫോളോ അപ്പ്‌ ചെക്ക് അപ്പും നടത്താമെന്നും പറഞ്ഞു..അനന്തേട്ടൻ വരാൻ പറ്റില്ലെന്ന് പറഞ്ഞു..ഞാനും പിള്ള ചേട്ടനും കുറെ പറഞ്ഞു നോക്കി.. കേൾക്കുന്നില്ല.  കുറെ നിർബന്ധിച്ചതിനു എന്നെ ചീത്തയും പറഞ്ഞു.. അറിയാമോ? 
\"

നന്ദു വീണ്ടും വിഷമം അഭിനയിച്ചു.. അവളുടെ പറച്ചിൽ കേട്ടു ഇന്ദിരയുടെ മുഖം കണ്ടപ്പോൾ അവരുടെ മനസ്സ് ഇളകുന്നുണ്ടെന്നു അവൾക്കു മനസിലായി. അതോടെ അവൾ മുഖത്തെ വിഷാദ ഭാവം ഒന്നുടെ കൂട്ടി..

\" എന്റെ കൂടെ ടൂർ വരാൻ ഒന്നും ഞാൻ പറഞ്ഞില്ലാലോ? അനന്തേട്ടന് വേണ്ടി തന്നെ അല്ലെ? ഇങ്ങനെ ആയാൽ പറ്റില്ല.എന്റെ വാക്കിന് തീരെ വില ഇല്ലാത്തതു കൊണ്ടല്ലേ? ഇനി എന്റെ കൂടെ ഡോക്ടറിനെ കാണാൻ വരാമെന്നു സമ്മതിക്കാത്തത്..ഞാൻ ഇല്ല ചായയും ചോറും ഒന്നും കൊണ്ട് കൊടുക്കാൻ \"

അവൾ തറപ്പിച്ചു പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ തന്നെ ഇന്ദിര വിഷമിക്കുന്നുണ്ട്. കിരണിന്റെ മുഖവും വല്ലാതായിട്ടുണ്ട്.. മഹാദേവൻ അപ്പോഴും സംശയത്തോടെ നന്ദുവിനെ നോക്കുനുണ്ട്.. അവൾ അത് കണ്ടതായേ ഭാവിച്ചില്ല.

\" മോൾ ഇങ്ങനെ വിഷമിക്കല്ലേ.. ഞാൻ ഒന്ന് പറഞ്ഞു നോക്കട്ടെ അനന്തനോട്\"

ഇന്ദിര അവളെ സമാധാനിപ്പിച്ചു. അവൾ വിഷമത്തോടെ തലയാട്ടി. കിരണിനെ മുകളിലേക്കു പറഞ്ഞു വിട്ടു അനന്തനെ താഴേക്കു വിളിപ്പിച്ചു ഇന്ദിര. മുഖം വീർർപ്പിച്ചാണ് അവൻ ഇറങ്ങി വന്നത് തന്നെ.. വന്നതേ നന്ദുവിനെ ദേഷ്യത്തോടെ ഒന്ന് നോക്കി.. അവളും വിട്ടു കൊടുത്തില്ല. ദേഷ്യത്തോടെ തന്നെ തിരിച്ചും നോക്കി..
രംഗം പന്തിയല്ല എന്ന് കണ്ടു ഇന്ദിര അവരുടെ ഇടയ്ക്ക് കയറി..

\" എന്താ മോനെ ഇത്? ഡോക്ടർ പറഞ്ഞിട്ടല്ലേ ഫോളോ അപ്പിന് പോകുന്നത്? കൗൺസിലിങ്ങും സെമിനാറും ഒക്കെ നല്ലതല്ലേ? അത് കൊണ്ടല്ലേ പോകാൻ പറയുന്നത് ? ഒറ്റക്കല്ലല്ലോ? നന്ദുവും ഇല്ലേ? \"

ഇന്ദിര അവന്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു. അവൻ ദേഷ്യത്തിൽ ആ കൈ വിടുവിച്ചു..

\" ഇനി എന്തിനാ അങ്ങോട്ട്‌ ഞാൻ പോകുന്നത്? എന്റെ അസുഖം ഒക്കെ ഭേദമായി എന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് തന്നതല്ലേ? എനിക്ക് അവിടെ പോകുന്നത് ഇഷ്ടം അല്ല. വീണ്ടും എന്നെ ഭ്രാന്തൻ ആക്കാൻ വേണ്ടിയുള്ള ശ്രമം ആണോ എല്ലാവരും കൂടെ? \"

അവന്റെ ചോദ്യം കേട്ടു അവർ എല്ലാവരും വല്ലാതായി. 

\" ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നത്? ഏട്ടനെ ഭ്രാന്തൻ ആക്കുന്നു എന്നോ? ഇനി ഒരിക്കലും ഏട്ടനെ അങ്ങനെ കാണരുത് എന്നല്ലേ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത്.. ഏട്ടനെ പറ്റി അത്ര കൺസെൺഡ് ആയതു കൊണ്ടല്ലേ ഏട്ടത്തി പോകണം എന്ന് വാശി പിടിക്കുന്നത്.. ഒരു കോൺസിലിങ് അല്ലെ ഉള്ളു ഏട്ടാ? ഒരു വീക്ക്‌..അത് കഴിഞ്ഞു ഇങ്ങു പോരാമല്ലോ? ഒന്ന് പോയിട്ട് വാ ഏട്ടാ..\"

കിരൺ അവനോടു പറഞ്ഞപ്പോൾ അനന്തൻ ഒന്നും മിണ്ടിയില്ല..

\" അതേ മോനെ.. എന്തായാലും ഡോക്ടർ പറഞ്ഞതല്ലേ.. നിങ്ങൾ ഒന്ന് പോയിട്ട് പോരെ? ഇതിനു ഇനി ഉപേക്ഷ വിചാരിക്കണ്ട.. \"

ഇന്ദിര വീണ്ടും അവനോടു പറഞ്ഞു. ഈ സമയം അത്രയും മഹാദേവൻ യാതൊന്നും മിണ്ടിയില്ല എന്നുള്ളത്  അനന്തനും നന്ദുവും ശ്രദ്ധിച്ചിരുന്നു. അയാൾക്ക്‌ അനന്തൻ തത്കാലം അയാളുടെ കൺവെട്ടത് നിന്നു മാറുന്നത് ഇഷ്ടം ഉണ്ടാവില്ല. പക്ഷെ ഇന്ദിരയും കിരണും അനന്തനെ വിടുന്നതിൽ തല്പരർ ആയതു കൊണ്ട് എതിർത്തു പറയാനും പറ്റുന്നില്ല എന്നതായിരുന്നു അവസ്ഥ .

\" എന്താ മഹിയേട്ടൻ ഒന്നും മിണ്ടാത്തത്? അവനോടു പറയൂ ഒന്ന് പോയി വരാൻ? \"

ഇന്ദിരയും അയാളുടെ മൗനം ശ്രദ്ധിച്ച മട്ടിൽ ചോദിച്ചു..

\" ആ.. പോകണം എന്ന് എല്ലാവർക്കും നിർബന്ധം ആണെങ്കിൽ ഒന്ന് പോയിട്ട് വാ അനന്താ\"

മഹാദേവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.. അനന്തൻ ഒന്നും മിണ്ടിയില്ല.. എന്നാൽ എതിർപ്പും പറഞ്ഞില്ല.. അതോടെ ഇഷ്ടം ഇല്ലെങ്കിലും അവൻ അംഗീകരിച്ചു എന്ന് ഇന്ദിരക്കും കിരണിനും തോന്നി. വീട്ടിൽ നിന്നു തല്കാലത്തേക്ക്  ചാടാൻ തങ്ങൾ ഇട്ട plan ഏകദേശം വിജയിച്ചതിൽ  അനന്തനും നന്ദുവും മനസ്സിലും സന്തോഷിച്ചു. 

\" എന്തായാലും നിങ്ങൾ പോകുമ്പോൾ ഞാനും കൂടെ വരാം.. എനിക്കും ഡോക്ടറിനെ ഒന്ന് കാണാമല്ലോ? \"

ഒന്ന് ആലോചിച്ച ശേഷം മഹാദേവൻ പെട്ടെന്ന് പറഞ്ഞു..ഇത് അനന്തനും നന്ദുവും നേരത്തെ പ്രതീക്ഷിച്ചിരുന്നത് ആയിരുന്നു. അത് കൊണ്ട് തന്നെ അവർ പോകാൻ പറഞ്ഞിരുന്ന ഡേറ്റിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു 

\" അയ്യോ അച്ഛാ.. അത് ശരിയാവില്ല.. ഇവർ പോകുന്ന വീക്കിലാണ് നമ്മൾ ആ അമേരിക്കൻ കമ്പനിയുമായുള്ള കോൺഫറൻസും മീറ്റിംഗ്‌സും plan ചെയ്തിരിക്കുന്നത്. ആ സമയത്തു അച്ഛൻ ഇല്ലെങ്കിൽ എങ്ങനെ ശരിയാവും? \"

പല ദിവസങ്ങളായി കിരണും മഹാദേവനും അവിടെ പറയുന്ന കാര്യങ്ങൾ കേട്ടും, പിന്നെ വെറുതെ വിശേഷങ്ങൾ അറിയാൻ എന്ന ഭാവേന കിരണിനോട് ചോദിച്ചും നന്ദു ആദ്യമേ ഈ ഡേറ്റിന്റെ കാര്യം മനസിലാക്കിയിരുന്നു. ഈ സമയത്തു തങ്ങൾ പോകുകയാണെന്നു പറഞ്ഞാൽ പിന്നെ മഹാദേവന് കൂടെ വരൻ സാധിക്കില്ല. അത് പോലെ കിരണിനെയോ തമ്പിയേയോ കൂടെ വിടാനും സാധിക്കില്ല.. കിരൺ പറഞ്ഞത് കേട്ടതും അയാളുടെ മുഖത്ത് നിരാശ പടർന്നു..

\" ഓ.. ഞാൻ അത് ഓർത്തില്ല. അങ്ങനെ ആണെങ്കിൽ എന്തായാലും നിങ്ങൾ ഒറ്റയ്ക്ക് പോകേണ്ട.. പിള്ളയേ കൂടെ കൂട്ടിക്കോ.. \"

കിരണും തമ്പിയും കഴിഞ്ഞാൽ പിന്നെ കൂടെ വിടാൻ സാധ്യത പിള്ള ചേട്ടനെ ആയിരിക്കുമെന്ന് അനന്തൻ ഊഹിച്ചിരുന്നു . പിള്ള ചേട്ടൻ അവരുടെ ഭാഗത്തു ആയതു കൊണ്ട് അത് അംഗീകരിക്കുന്നതിൽ അവർക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

\"ശെരി ചെറിയച്ച..\"

നന്ദു സമ്മതിച്ചു. അനന്തൻ അവളെ ഒന്ന് കൂടി ദേഷ്യത്തോടെ നോക്കിട്ടു മുകളിലേക്കു കയറി പോയി. സന്തോഷത്തോടെയാണ് താൻ പോകാൻ സമ്മതിക്കുന്നതെന്നു അവർക്കു തോന്നരുതലോ? അവളും അവനെ നോക്കി മുഖം വീർപ്പിച്ചു കാണിച്ചു..

\" താങ്ക് യൂ ഇന്ദിരമ്മേ.. \"

അവൻ പോയി കഴിഞ്ഞപ്പോൾ നന്ദു ഇന്ദിരയെ കെട്ടിപിടിച്ചു.. കഴിഞ്ഞ കുറെ ദിവസത്തെ അവലോകനത്തിന് ശേഷം ഇന്ദിരക്കും കിരണിനും മഹാദേവന്റെ പ്രവർത്തികളിൽ പങ്കു ഉണ്ടാവാനുള്ള സാധ്യത ഇല്ല എന്ന നിഗമനത്തിൽ തന്നെ അനന്തനും നന്ദുവും എത്തിയിരുന്നു. പതിനഞ്ചു വർഷങ്ങൾക്കു മുൻപ് ആ സംഭവങ്ങൾ നടക്കുമ്പോൾ കിരൺ വളരെ ചെറിയ കുട്ടിയായിരുന്നു. എന്താണ് അവടെ നടക്കുന്നത് എന്നൊന്നും അറിയാനുള്ള പ്രായം പോലും അന്ന് അവനു ഉണ്ടായിരുന്നില്ല.. പിന്നെ വലുതായപ്പോഴും മഹാദേവൻ താൻ ചെയ്ത നീച പ്രവർത്തികൾ ഒന്നും അവനോടു പറഞ്ഞിട്ടുണ്ടാവാൻ വഴിയില്ല. പിന്നെ ഇന്ദിര.. തന്റെ ഭർത്താവിനെ അഗദ്ധമായി വിശ്വസിക്കുന്ന സ്ത്രീ ആണ്.. ഒരു പാവം.. മഹാദേവൻ എന്ത് പറഞ്ഞാലും ഇന്ദിര വിശ്വസിക്കും.. അന്ന് അനന്തന്റെ അമ്മ അച്ഛന് കുടിക്കാനുള്ള പാലിൽ തലവേദനക്കുള്ള പൊടി കലക്കുന്നത് ഇന്ദിര ചിലപ്പോൾ കണ്ടിട്ടുണ്ടാവും. അത് പോലീസിനോട് പറയാൻ മഹാദേവൻ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവർ അത് പറഞ്ഞിട്ടും ഉണ്ടാവും. അത് അല്ലാതെ ഇന്ദിരക്കോ കിരണിനോ മഹാദേവന്റെ പദ്ധതികളിൽ എന്തെങ്കിലും പങ്കുള്ളതായി സൂചന നൽകുന്ന ഒന്നും അവരുടെ പ്രവർത്തികളിൽ നിന്നു കണ്ടെത്താൻ അവർക്കു രണ്ടാൾക്കും സാധിച്ചിരുന്നില്ല.. പിള്ള ചേട്ടനും അത് തന്നെയായിരുന്നു അഭിപ്രായം.. അത് കൊണ്ട് തന്നെ അവർ തല്കാലത്തേക്ക് ഇന്ദിരയെയും കിരണിനെയും അവർ അവരുടെ പ്രതി പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു. അതും കൂടി കൊണ്ടാണ് ഡോക്ടറിനെ അടുത്ത് പോകുന്ന കാര്യം അവർ രണ്ടു പേരുടെയും സാന്നിധ്യത്തിൽ വച്ചു തന്നെ മഹാദേവനോട് അവതരിപ്പിച്ചത്. ഇന്ദിരയും കിരണും നന്ദുവിനെ അനന്തന്റെ നന്മയെ കരുതി സപ്പോർട് ചെയ്യും എന്ന് അവർ കണക്കു കൂട്ടിയിരുന്നു. അത് തന്നെ സംഭവിക്കുകയും ചെയ്തു.

അനന്തനും നന്ദുവും പിള്ള ചേട്ടനും രണ്ടാഴ്ചയ്ക്ക് ശേഷം ഹൈദരാബാഡിലേക്ക് കൗൺസിലിങ്ങിനു പോകുന്ന കാര്യം അപ്പോൾ തന്നെ മായ അറിയിക്കേണ്ടവരെ അറിയിച്ചു.

പിന്നീടുള്ള ദിവസങ്ങൾ അനന്തനും നന്ദുവിനും നല്ല പ്ലാനിങ്ങിന്റെ ആയിരുന്നു. ഒരു ആഴ്ച ആണു സമയം ഉള്ളത്. ആ സമയം കൊണ്ട് പോകാൻ ഉള്ളടിത്തെല്ലാം പോകണം.. അംബികയുടെ വീട്ടിൽ, ഗിരിയുടെ വീട്ടിൽ.. പിന്നെ കുറെ ആലോചനക്കു ശേഷം മറ്റൊരിടത്തു കൂടി പോകാൻ അവർ plan ചെയ്തിരുന്നു. ആദ്യം ഏതായാലും ഹൈദരാബാഡിലേക്ക് പോകണം.. ദീപു ഡോക്ടറിനെ അടുത്ത്. അവിടെ കുറച്ചു കാര്യങ്ങൾ ചെയ്ത ശേഷം വേണം ആരും അറിയാതെ കേരളത്തിലേക്ക് തന്നെ തിരികെ വരാൻ.. ഈ പറഞ്ഞ ഇടത്തൊക്കെ പോകാൻ.  എല്ലാത്തിനുമുള്ള ദിവസങ്ങളും, പോകാനുള്ള വണ്ടിയും ഒക്കെ അറേഞ്ച് ചെയ്തു. പിള്ള ചേട്ടൻ എല്ലാത്തിനും സഹായിച്ചു. അങ്ങനെ രണ്ടാമത്തെ ആഴ്ച അനന്തനും നന്ദുവും പിള്ള ചേട്ടനും ഒരാഴ്ചത്തേക്കുള്ള ബാഗൊക്കെ പാക്ക് ചെയ്തു പോകാൻ ഒരുങ്ങി വന്നു.. അനന്തൻ അപ്പോഴും മുഖം വീർപ്പിച്ചു തന്നെ നിന്നു.. താല്പര്യമില്ലാതെ ഉള്ള പോക്കാണെന്ന് എല്ലാവരെയും ബോധിപ്പിക്കണമല്ലോ?

\" സൂക്ഷിച്ചു പോയിട്ട് വാ മക്കളെ.. പിള്ള.. മക്കളെ നന്നായി നോക്കണേ.. \"

ഇന്ദിര ഓർമിപ്പിച്ചു..

\" ബൈ ഏട്ടാ.. ബൈ ഏട്ടത്തി.. എത്തീട്ടു വിളിക്കണം കേട്ടോ.. \"

കിരൺ പറഞ്ഞു.. മഹാദേവന്റെ മുഖവും തീരെ തെളിഞ്ഞിട്ടുണ്ടായിരുന്നില്ല..

\" പോയിട്ട് വാ.. പിള്ളക്ക് പറഞ്ഞതൊക്കെ ഓർമ ഉണ്ടാലോ? എപ്പോഴും ഇവരുടെ കൂടെ തന്നെ ഉണ്ടാവണം താൻ.. \"

മഹാദേവൻ പറഞ്ഞു.. പിള്ള സമ്മതത്തോടെ തലയാട്ടി.. അനന്തനും നന്ദുവും ഒന്നും മനസിലാവാത്ത പോലെ നിന്നു.. പിന്നെ അധികം വൈകാതെ അവർ ഇറങ്ങുകയും ചെയ്തു.

അവർ പോകുന്നതും നോക്കി മഹാദേവൻ അങ്ങനെ നിന്നു. അയാളുടെ മനസ്സിൽ ഭയം നിറഞ്ഞിരുന്നു. അനന്തന്റെ ഈ പോക്ക്.. അത് അപകടം ആണെന്ന് അയാളുടെ മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു.

ഹൈദരാബാഡിലേക്ക് അവർ ഫ്ലൈറ്റിനാണ് പോകാൻ തീരുമാനിച്ചിരുന്നത്. അജയൻ തന്നെയാണ് അവരെ എയർപോർട്ടിൽ ആക്കിയത്.. അവർ മൂവരും എയർപോർട്ടിലേക്ക് ടിക്കറ്റും കാണിച്ചു കയറി പോകുന്നത് കണ്ണിൽ നിന്നു മറയുന്നത് വരെ അജയൻ നോക്കി നിന്നു.
പിന്നെ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു..

\" ഹലോ.. \"

\" ഹലോ സാർ.. അവർ എയർപോർട്ടിൽ കയറിയിട്ടുണ്ട്.. ടിക്കറ്റ് ഞാൻ കണ്ടതാണ്.. ഹൈദരാബാദ് ഫ്ലൈറ്റ് തന്നെയാണ്.. റിട്ടേനും അവുടുന്നു തന്നെയാണ്.. വൺ വീക് കഴിഞ്ഞിട്ടു.. \"

\" ഓക്കേ \"

ഫോൺ കട്ട്‌ ആയി..

അങ്ങകലെ ദുബൈയിൽ ഇരുന്നു SK യും ആലോചനയിൽ ആയിരുന്നു. പെട്ടെന്നൊരു കൗൺസിലിങ്.. എന്തോ അയാൾക്ക്‌ അത് ഉൾകൊള്ളാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അത് അങ്ങനെ അല്ല എന്ന് തെളിയിക്കാനും പറ്റുന്നില്ല. മായ നൽകിയ വിവരങ്ങൾ വച്ചു എയർലൈൻ കമ്പനിയിൽ തിരക്കിയപ്പോൾ അവർ ഹൈദരാബാഡിലേക്ക് തന്നെയാണ് പോയിരിക്കുന്നത്. അത് പോലെ അവർ പോകുന്ന ഹോസ്പിറ്റലിൽ അയാൾ തനിക്കു വിശ്വാസം ഉള്ള ഒരാളെ കൊണ്ട് തിരക്കിയിരുന്നു. അങ്ങനെ ഒരു ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കൗൺസിലിങ് അവിടെ നടക്കുന്നുണ്ടെന്നും.. അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ അനന്തപദ്മനാഭന്റെയും ദേവനന്ദയുടെയും പേരുണ്ടെന്നും അറിയാൻ കഴിഞ്ഞു. നോക്കുമ്പോൾ അവർ കൗൺസിലിങ്ങിനു പോകുകയാണ് എന്ന് പറയുന്നത് വിശ്വസിക്കേണ്ടി വരും.. പക്ഷെ എന്തോ അങ്ങ് പറ്റുന്നില്ല.. അവരെ ശ്രദ്ധിക്കണം.. ശരിക്കും അവർ കൗൺസിലിങ്ങിനു തന്നെയാണോ പോയിരിക്കുന്നത് അതോ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് കണ്ടെത്തണം.. എന്നാലേ ഒരു മനസമാധാനം ഉണ്ടാവൂ.. SK തീരുമാനിച്ചു.

തുടരും...