Aksharathalukal

കേസാർടീസി

കേസാർടീസി
Written by Hibon Chacko
©copyright protected
     നാലാംതരത്തിൽ പഠിക്കുമ്പോൾ രണ്ടു കുട്ടികൾ തമ്മിൽ തർക്കമുണ്ടായി. നിരത്തിലൂടെ ഓടുന്ന ‘ഷാനെറ്റ്’ എന്ന ബസ് K. S. R. T. C. ആണെന്നായിരുന്നു അതിൽ ഒരു കുട്ടിയുടെ വാദം! K. S. R. T. C. ബസ് അല്പസ്വൽപ്പമൊക്കെ കണ്ടിട്ടും കയറിയിട്ടുമുള്ള മറ്റേ കുട്ടി ഇതിനെ എതിർത്തു. പിറ്റേന്ന് തർക്കപരിഹാരത്തിന്റെ തെളിവെടുപ്പിനായി ‘ഷാനെറ്റ്’ വരുന്ന സമയം സ്കൂളിന്റെ മുന്നിലുള്ള ബസ്സ്റ്റോപ്പിൽ ഇരുവരും ചെന്നുനിന്നു. ‘ഷാനെറ്റ്’ എത്തി, വാദമുയർത്തിയ കുട്ടി ബസിന്റെ പിറകിൽ KSRTC എന്നെഴുതിയിരിക്കുന്നത് കാണിച്ചു- അത് KSRTC സ്റ്റാൻഡ് വഴി എന്നുകാണിക്കാനാണെന്ന് എതിർത്ത കുട്ടി പറഞ്ഞു.
     തർക്കം ഒതുങ്ങിയെന്ന് വിചാരിച്ചൊരു സമയം, എതിർത്ത കുട്ടി ഞെട്ടിയത് വാദി സന്തോഷത്തോടെ എത്തിയപ്പോഴാണ് –‘ഷാനെറ്റ്’ KSRTC ആണെന്ന് ക്ലാസ്സ്‌ടീച്ചർ പറഞ്ഞു എന്നതായിരുന്നു ഞെട്ടിക്കുന്ന വാർത്ത! ശേഷം, പഠിപ്പിക്കാൻ ക്ലാസ്സിലെത്തിയ ടീച്ചറോട് ‘കേസാർടീസി ബസിൽ KSRTC എന്നെഴുതിവെക്കില്ലേ ടീച്ചറേ...’ എന്ന് വാദി അല്പം ഉച്ചത്തിൽ ചോദിച്ചു. ക്ലാസ്സിൽ, എല്ലാ കുട്ടികളും സാക്ഷിയായിരിക്കെ, പഠിപ്പിക്കുവാനുള്ള ധൃതിയിൽ ടീച്ചർ സമ്മതം മൂളി. ‘വാദി’ ‘പ്രതി’യെ നോക്കി -ഇതിൽക്കൂടുതൽ ആ സമയത്ത് എന്തുചെയ്യാൻ!
     പോസിബിൾ ക്ലൈമാക്സ്‌ -ഏതോ ക്ലാസ്സ്‌ എടുത്തുകഴിഞ്ഞശേഷം ഇന്റർവെല്ലിന് ഓഫീസ്റൂമിലേക്ക് പുസ്തകവും മറ്റും ഇടതുകൈയ്യിൽ, മടക്കി നെഞ്ചോടുചേർത്ത് ടീച്ചർ പോകുന്നസമയം വാദിച്ച കുട്ടി പിറകിൽനിന്ന് ഓടിച്ചെന്ന് പെട്ടെന്ന് ഉറക്കെ ചോദിച്ചു;
“ടീച്ചറേ...,,
ഈ കേസാർടീസി ബസാണേൽ അതില് KSRTC എന്നെഴുതിവെക്കില്ലേ?!”
     വിളികേട്ട് ചെറുതായൊന്ന് ഞെട്ടി തിരിഞ്ഞുനോക്കിയ ടീച്ചർ, ഗ്രൗണ്ടിലൂടെ ഒച്ചവെച്ച്.. ഓടിക്കളിച്ച് ഒരുമാതിരി എല്ലാകുട്ടികളും നടക്കവേ മറുപടിയായി പറഞ്ഞു;
“K. S. R. T. C. ബസിൽ എഴുതിവെച്ചിരിക്കുന്നത് നീ കണ്ടിട്ടില്ലേടാ...”
തർക്കിക്കാൻ ഇപ്പോഴും വകയുണ്ട് -അന്നത്തെ ആ ‘ഷാനെറ്റ്’ ബസ് ഇപ്പോൾ ഇല്ല!
©ഹിബോൺ ചാക്കോ