എലിസബേത്ത് - 12
🟥 രവി നീലഗിരിയുടെ നോവൽ
©️
അധ്യായം പന്ത്രണ്ട്
എല്ലാവരുടെയും റോൾ നമ്പർ വിളിച്ചു.
അറ്റന്റൻസ് കഴിഞ്ഞു. കുട്ടികളെല്ലാവരും മറ്റേതൊരു ദിവസത്തേക്കാളും നിശ്ശബ്ദരായിരുന്നു. എല്ലാവരും പരസ്പരം നോക്കി ശ്വാസം പിടിച്ചിരുന്നു. ഏതൊരു ദിവസത്തെയും പോലെയല്ല ഇന്നത്തെ ഈ ദിവസം.
മിഡ് ടേം എക്സാമിനേഷന്റെ റിസൾറ്റ് വന്നിട്ടുണ്ട്.
മിസ്സ് അനുപമ ഓരോ കുട്ടികളുടേയും മുഖത്ത് മാറി മാറി നോക്കി. എല്ലാവരും ഒന്നുകൂടെ നിശ്ശബ്ദരായി. സ്വന്തം ഹൃദയമിടിപ്പിന്റെ ശബ്ദം അവരവർക്ക് കേൾക്കാൻ പറ്റാവുന്നത്ര നിശ്ശബ്ദത. മിസ്സിന്റെ ചുണ്ടുകൾക്കിടയിൽ നിന്നും വരാൻ പോകുന്ന വാക്കുകൾക്ക് വേണ്ടി കുട്ടികളെല്ലാം അക്ഷമയോടെ കാതോർത്തിരുന്നു.
മിസ്സ് ഡയസിൽ കയറി നിന്നു. തൂവാല കൊണ്ട് മുഖം മറച്ച് ചെറുതായി ഒന്ന് ചുമച്ചു.
പതിവിന് വിപരീതമായി മിസ്സിന്റെ മുഖത്ത് പുഞ്ചിരി കണ്ടില്ല. മുഖത്തെപ്പോഴും ഒരു പുഞ്ചിരിയില്ലാതെ മിസ്സിനെ ഇതുവരെ കുട്ടികൾ കണ്ടിട്ടേയില്ല. അവരുടെ ഹൃദയമിടിപ്പിന്റെ വേഗം കൂടി.
" എലിസബേത്ത്..സ്റ്റാന്റപ്പ്."
പെട്ടെന്ന് കുട്ടികളെല്ലാവരും എലിസബേത്തിനെ തിരിഞ്ഞ് നോക്കി. അവളത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവളും പരിഭ്രമത്തോടെ ചുറ്റുമൊന്ന് നോക്കി. പിന്നെ പതുക്കെ എഴുന്നേറ്റ് നിന്നു.
ക്രമം തെറ്റി മിടിക്കുന്ന അവളുടെ കുഞ്ഞു ഹൃദയത്തിന്റെ ഒച്ച മറ്റ് കുട്ടികൾ കേൾക്കുന്നുണ്ടോ? ഉണ്ടാവണം. മിസ്സിന്റെ അടുത്ത വാക്കുകൾക്കു വേണ്ടി അവളും കാതോർത്തു.
" ഇവളെ കണ്ടില്ലേ..കാണാത്തവരുണ്ടെങ്കിൽ കണ്ടോളൂ..
ഈ ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടി.."
കുട്ടികൾ എല്ലാവരും അവളെ വീണ്ടും നോക്കി. അവളും ഒന്നും മനസ്സിലാവാതെ അമ്പരന്നു തന്നെ നിൽക്കുകയാണ്. മിസ്സ് തുടർന്നു.
" ദ വൺ ആന്റ് ഓൺലി സ്റ്റുഡന്റ് ഇൻ ദ ഹിസ്റ്ററി ഇൻ മൈ ക്ലാസ്സ് ഹാസ് ബീൻ ഫെയിൽഡ് സിക്സ് ഓഫ് ദ സിക്സ്."
അവളൊന്ന് ഞെട്ടി.
ആറ് സബ്ജക്റ്റുകളിൽ ആറിലും തോറ്റിരിക്കുന്നു. ജീസസ്സ്...എന്താണിത് ?
എന്താണോ കണ്ണിൽ കാണാതിരിക്കാനാഗ്രഹിക്കുന്നത് അതുതന്നെ വീണ്ടും വീണ്ടും കണ്ണിലേക്ക് കയറി വരുന്നു.
മമ്മയുടെ മുഖം തന്നെ -
എലിസബേത്ത് ഒന്നും മിണ്ടാതെ നിന്നു. തറയോടുകൾ വിരിച്ച നിലത്തേക്ക് കണ്ണുകൾ വീണ് കിടന്നു.. ഒരു മിഠായിയുടെ വർണ്ണക്കടലാസ് ജനലിലൂടെ വന്ന നേർത്ത കാറ്റിൽ ചെറുതായി ഇളകുന്നതും നോക്കി പിന്നെ അവൾ നിന്നു.
അവളത്ഭുതപ്പെട്ടു. പതിവിന് വിപരീതമായി കുട്ടികളാരും ചിരിക്കുന്നില്ല. വലിയൊരു നിശ്ശബ്ദത കുറച്ച് സമയം അവിടെ വീണ് കിടന്നു.
മിസ്സ് ഇപ്പോഴും അവളെ തന്നെ നോക്കി നിൽക്കുകയായിരിക്കും. അവൾക്കത് ഊഹിക്കാൻ കഴിയും. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ മിസ്സിനെ ഇതുവരെ ആരും കണ്ടിട്ടില്ല. കവിളുകൾ ആകപ്പാടെ ചുവന്നു തുടുത്തിട്ടുണ്ടായിരിക്കുമിപ്പോൾ.
" ഈസ് യുവർ പാരന്റ് സെന്റിംഗ് യൂ ഹിയർ റ്റു അവോയ്ഡ് ഹരാസ്മെന്റ് അറ്റ് ഹോം ?"
മറുപടി ആവശ്യമില്ലാത്ത ചോദ്യങ്ങളാണ് ഇതൊക്കെ. മിസ്സിന് എന്നെ എന്തും പറയാം. സ്നേഹം ഉള്ളിടത്തേ ദ്വേഷ്യം വരൂ എന്ന് പപ്പ ഇടയ്ക്കിടെ പറയാറുണ്ട്. സ്നേഹക്കൂടുതൽ കൊണ്ടാവണം ഈ ദ്വേഷ്യം.
സ്റ്റേറ്റ് ചാമ്പ്യനായപ്പോൾ ആദ്യം വിളിച്ച് ദേഹത്തോട് ചേർത്ത് പിടിച്ച് നിറുകയിൽ തലോടിയതും ഇതേ മിസ്സായിരുന്നു.
" മിസ്സിന് സന്തോഷായി മോളേ.. സ്റ്റാഫ് റൂമിൽ ചീത്ത കുട്ടിയെന്ന് പറഞ്ഞ് നിന്നെ മാറ്റി നിർത്തിയവർക്കെല്ലാം മാറ്റിപ്പറയേണ്ടി വന്നില്ലേ.."
സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും ഇളം ചൂടുള്ള ഒരു പതിഞ്ഞ കാറ്റാണ് അന്നേരം വീശിയതെന്ന് അവളോർത്തു. വീട്ടിൽ മമ്മയും പപ്പയും തന്നെ തീരെ ചീത്ത പറയാറില്ല.. മിസ്സ് പറഞ്ഞോളൂ..
ക്ലാസ്സുകൾ കഴിയാൻ ഇനിയും നീണ്ട ആറ് മണിക്കൂറുകൾ കൂടി ബാക്കിയുണ്ട്. എങ്ങനെയെങ്കിലും വീടെത്തിയാൽ മതിയെന്ന് തോന്നി അവൾക്ക്.
ഓപ്പൻ ഹൗസിന് ഇനി പപ്പയേയും മമ്മയേയും വിളിച്ചു വരുത്തും. അവിടെയും തലകുനിച്ചുള്ള നില്പ്. പിന്നെ ഓഫീസ് റൂമിൽ, പ്രിൻസിപ്പലിന്റെ മുൻപിൽ. അവിടെയും തലകുനിച്ചുള്ള നില്പ്.
" യൂവാർ ദ പ്രൈഡ് ഓഫ് ദിസ് ഇൻസ്റ്റിറ്റ്യൂഷൻ.."
പ്രിൻസിപ്പലിന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി.
അഭിമാനമാണെന്ന് പറഞ്ഞ നാവ് കൊണ്ട് ഇനി എന്ത് പറയും?
പതിനാലാം നമ്പർ ബസ്സിനു വേണ്ടി സൈക്കിൾ ഷെഡ്ഢിന് സമീപം കാത്തുനിൽക്കുമ്പോൾ അവൾ വെറുതെ തലയുയർത്തി ചുറ്റും നോക്കി. ആഷിക്കിനെ അവിടെയെങ്ങും കണ്ടില്ല. ഭാഗ്യം. ഈയിടെയായി ഇടയ്ക്കൊക്കെ അവനവളെ കാത്ത് നില്ക്കാറുണ്ട്. മനസ്സിന്റെ കലങ്ങൽ മുഖത്തും കണ്ണുകളിലും പടരാതെ വയ്യല്ലോ. നമ്മളെ മൊത്തമായി അത് മാറ്റിമറിച്ചു കളയും. അത് ആർക്കും മനസ്സിലാക്കാനെളുപ്പം.
രാത്രിയിൽ കിടക്കുന്നതിന് തൊട്ടുമുൻപ് അവൾ പപ്പയുടെ മുറിയിലേക്ക് ചെന്നു. ഒരു മാഗസിൻ വെറുതെ മറിച്ചു നോക്കി ചാരി കിടന്നിരുന്ന അയാളുടെ നെഞ്ചിലേക്ക് തലവെച്ച് അവൾ വിതുമ്പിക്കരഞ്ഞു. അവളുടെ കരച്ചിലിൽ സോളമനും തൊട്ടപ്പുറത്ത് കിടന്ന സോഫിയയും പരിഭ്രമിച്ചു. കണ്ണുനീരിന്റെ നനവ് അയാളുടെ നെഞ്ചിൽ തട്ടുന്നുണ്ട്. നെഞ്ചിനകത്തെ വ്യസനങ്ങളുടെ കിതപ്പിൽ അവളുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.
" ഞാൻ തോറ്റ് പോയി പപ്പാ.."
" അതിനാണോ മോളിങ്ങനെ കരയുന്നെ ? പപ്പയറിഞ്ഞു. മിസ്സ് പപ്പേനെ വിളിച്ചിരുന്നു."
പക്ഷേ സോളമൻ അത് ആരോടും പറഞ്ഞിരുന്നില്ല. സോഫിയയോടും അയാൾക്കത് പറയാൻ തോന്നിയില്ല. ഉറങ്ങാൻ പറ്റാത്ത മറ്റൊരു രാത്രി കൂടി അവൾക്ക് സമ്മാനിക്കേണ്ടെന്ന് കരുതി.
അയാൾ എലിസബേത്തിന്റെ നിറുകയിൽ തലോടി.
കിടന്ന കിടപ്പിൽ അയാൾ സോഫിയയെ തലയുയർത്തി വെറുതെയൊന്ന് നോക്കി. ജനലിനപ്പുറത്തുള്ള ഇരുട്ടിന്റെ കറുത്ത നിശ്ശബ്ദതയിൽ കുടുങ്ങിക്കിടക്കുകയാണ് അവളുടെ കണ്ണുകൾ. അവളെല്ലാം അറിയുന്നുണ്ട്. കേൾക്കുന്നുണ്ട്..പക്ഷെ അക്ഷരങ്ങൾക്കപ്പുറത്തെ നിശ്ശബ്ദതയിലാണ് ഇപ്പോഴവളുടെ കൂട്ട്.
" രണ്ട് ചീത്തയെങ്കിലും പറ പപ്പാ എന്നെ -"
" എന്തിന് ? ഈ തോൽവികളെല്ലാം നിനക്ക് ആകാശത്തേക്കൊരു ഊഞ്ഞാൽ കെട്ടിത്തരുമെന്ന് പപ്പക്കറിയാം. "
" ബുധനാഴ്ച്ചേലെ ഓപ്പൻ ഹൗസിന് പപ്പ വന്നാ മതി-"
" ഉം..പപ്പ വരാം.."
സോളമൻ ചിരിച്ചു. എന്തായാലും സോഫിയ പോകേണ്ടെന്ന് അയാൾ മുൻപെ തീരുമാനിച്ച് കഴിഞ്ഞതാണ്. ഇനിയവൾ ആരുടെയും മുൻപിൽ തല കുനിച്ചിരിക്കേണ്ട.
തലയുയർത്തി പിടിച്ച് തന്നെ എനിക്ക് പോകാൻ കഴിയണം. കൂടെ അവളെയും ചേർത്ത് പിടിച്ച്. ഈ സമയത്ത് ഇവളോടൊപ്പം കൂട്ടുകൂടാൻ ഞാനല്ലാതെ വേറെയാരാണ് ?
അവളെഴുന്നേറ്റ് കണ്ണീർ തുടച്ചു. അയാളുടെ വീതിയേറിയ നെറ്റിയിൽ ഒരുമ്മ വെച്ചു. അന്നേരം അവളുടെ മുഖത്ത് ഒരു ചിരിയുടെ പ്രകാശം വന്ന് വീണു കിടപ്പുണ്ടായിരുന്നു.
പപ്പ പറഞ്ഞ ആകാശത്തേക്കൊരൂഞ്ഞാൽ..
അവളത് മനസ്സിൽ കണ്ടു.
തോൽവിയുടെ കണ്ണീരുപ്പ് വീണ് നനഞ്ഞ ഈ രാത്രിയിൽ നിന്നും വരാൻ പോകുന്ന അവസാന വർഷ പരീക്ഷയിലേക്കുള്ള ഒരൂഞ്ഞാൽ ദൂരം. എനിക്കത് പപ്പക്ക് കാണിച്ചു കൊടുക്കണം.
ആ രാത്രിയും വേവലാതിയുടെ മറ്റൊരു രാത്രി കൂടിയായി മാറി സോഫിയക്ക്. ഈയിടെയായി അവൾ കുറച്ചു കൂടെ നിശ്ശബ്ദയായിരിക്കുന്നു. അവളുടെ മൗനം പലപ്പോഴും സോളമനേയും അസ്വസ്ഥനാക്കുന്നുണ്ട്. അയാൾക്കറിയാം കാരണം ഒന്നേയുള്ളു. എലിസബേത്ത് എന്ന ആദി. ഭയപ്പാടിന്റെയും കഷ്ടപ്പാടിന്റേയും കനൽ വഴികളിലൂടെ നടന്ന് സമ്പാദിച്ചെടുത്തതാണവളെ. ആണായാലും പെണ്ണായാലും പ്രിയപ്പെട്ടവൾ..
വെറുതെ കണ്ണടച്ച് കിടക്കാമെന്നേയുള്ളു. സോളമനും ഉറങ്ങാൻ കഴിഞ്ഞില്ല. രാത്രിയിൽ ഏറെ വൈകിയും ഉറങ്ങാതെ കിടന്ന സോഫിയയുടെ നെറ്റിയിൽ അയാൾ തലോടി. അയാളവളെ തന്നിലേക്ക് തിരിച്ചു കിടത്തി. അപ്പോൾ അവളുടെ ചൂടുള്ള നിശ്വാസം അയാളുടെ കവിളിൽ തട്ടി. ചുരമിറങ്ങി വന്ന ഒരസ്വസ്ഥതയുടെ നനവുള്ള ഒരു കാറ്റു പോലെ.
" ഉറങ്ങിയില്ലേ ?"
" ഇല്ല -"
സോളമൻ അവളെ കുറച്ചു കൂടെ ചേർത്ത് പിടിച്ചു. ഹൃദയമിടിപ്പ് ശരീരത്തിൽ വന്ന് മുട്ടി നിന്നു. കണ്ണിലെ വെളിച്ചം ഇരുട്ടിലേക്കലിഞ്ഞു. ആകാശച്ചെരുവുകളിലെ നക്ഷത്രങ്ങളെ അവൾ കാണുന്നുണ്ടായിരിക്കണം.
" ദൂരെ ആകാശച്ചെരുവിൽ നീ നക്ഷത്രങ്ങളെ
കണ്ടില്ലേ ?"
" ഉം -"
" ഒരു നക്ഷത്രത്തിന്റെ നാലരവർഷം മുൻപുള്ള പ്രകാശമാണ് നമ്മളിപ്പോൾ കാണുന്നത്.."
" ന്ന് വെച്ചാ ?"
" അവളൊരു നക്ഷത്രമാണ്. പ്രകാശം നമ്മളിലേക്കെത്താൻ കുറച്ച് സമയം പിടിക്കുമെന്ന് മാത്രം."
" ഞാനൊരൂട്ടം പറയട്ടെ ?"
" ഉം..?"
" അവളിപ്പോ തീരെ ചെറിയ കുട്ട്യോന്നല്ല.. വല്യ പെണ്ണായി. ഏഴാം ക്ലാസ്സീ പഠിക്കണ പെങ്കുട്ടി ചെറീതല്ല. ചീത്ത പറയേണ്ടിടത്ത് ചീത്ത പറഞ്ഞ് തന്നെ വളർത്തണം -"
സോളമനും അതറിയുന്നുണ്ട്. അവളൊരു പെണ്ണായി മാറുന്നുണ്ട്. ഓരോ ഋതുക്കളിലും കാലം അവളുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും അറിയുന്നുണ്ട്.
ആ ഡിവിഷനിൽ തോറ്റ ഒരേയൊരു കുട്ടി എലിസബേത്താണ്. പക്ഷെ സോളമന് അവളിൽ വിശ്വാസമുണ്ട്. അനേകശിഖരങ്ങൾ വിരിച്ച് ഇലകളുടെ പച്ചത്തണുപ്പുമായി പന്തലിച്ച് നിൽക്കുന്ന ഒരാൽമരമായി അവൾ വളരും. പരീക്ഷകളിനിയും എത്രയോ വരാനിരിക്കുന്നു. തോറ്റും ജയിച്ചും വീണ്ടും തോറ്റും ഇനിയും കണ്ടു പിടിച്ചിട്ടില്ലാത്ത ഒരു ഭൂഖണ്ഡത്തിലേക്കുള്ള ഒരു അറ്റം കാണാത്ത യാത്ര പോലെ.
" നീ നോക്കിക്കോ..അവളത്ഭുതം കാണിക്കും."
വിശാലമായ പാടം മുഴുവൻ കോട വീണ് കിടക്കുന്ന തണുപ്പുള്ള ഒരു പ്രഭാതത്തിലേക്കാണ് പിറ്റെ ദിവസം എലിസബേത്ത് കണ്ണുകൾ തുറക്കുന്നത്.
വെളുപ്പാൻ കാലത്ത് തന്നെ മുറ്റത്തെ മൂവാണ്ടന്റെ നാല് മരച്ചില്ലകളിലായി നാല് കാക്കകൾ എലിസബേത്തിനേയും കാത്തിരിക്കുകയാണ്. ദേഹത്ത് പറ്റിപ്പിടിച്ചിരിക്കുന്ന നനഞ്ഞ മഞ്ഞിൻ കണങ്ങൾ ചിറകുകൾ വിടർത്തി കുടഞ്ഞ് തെറുപ്പിച്ച് തല ചെരിച്ച് ഒന്നാമൻ എല്ലാവരോടുമായി
ചോദിച്ചു :
" സമയമെത്രയായി? "
" ആറാവുന്നല്ലേയുള്ളു."
" ഇവളിതെവടെ പോയി കെടുക്ക്വാ?"
" ഇന്ന് ഞായറല്ലേ.."
" അത് ഞാമ്മറന്നു.."
" അതാവും പപ്പ ഇടവഴീ കെടക്കുന്നേ.."
എല്ലാവരും ഡ്രസ്സ് ചെയ്ത് മുറ്റത്തേക്കിറങ്ങി. സോളമൻ ഇടവഴിയിൽ കാത്ത് കിടപ്പുണ്ടായിരുന്നു. കാറിൽ കയറാൻ നേരം ജൂലിയെ കാണാതെ എലിസബേത്ത് അന്വേഷിച്ചു :
" കുഞ്ഞേച്ചി എന്തിയേ മമ്മാ ?"
" അവക്ക് നല്ല തലവേദനയാണെന്ന്. "
എലിസബേത്ത് നേരെ ജൂലിയുടെ മുറിയിലേക്ക് ചെന്നു. തല വഴി പുതപ്പെടുത്ത് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണവൾ. അവൾ ജൂലിയുടെയടുത്തായി കട്ടിലിലിരുന്നു.
കുറച്ച് ദിവസമായി ജൂലി ഒറ്റയ്ക്കാണ് കിടപ്പ്. മുകളിലെ തട്ടടിച്ച നിലയിലെ കുടുസ്സായ ഒരൊറ്റ മുറിയിൽ. സൗകര്യങ്ങൾ തീരെയില്ലാത്ത ഒരിടുങ്ങിയ മുറിയാണത്. കാറ്റും വെളിച്ചവും നന്നേ കുറവ്. ഉപയോഗമില്ലാത്ത പഴകിയ കുറച്ച് ഫർണീച്ചറുകളും പഴയ പാത്രങ്ങളുമായിരുന്നു അവിടെ. ഒരു ദിവസം വേണ്ടി വന്നു ഒരുമാതിരി വൃത്തിയാക്കിയെടുക്കാൻ.
പപ്പയും ചേച്ചിമാരെല്ലാവരും കൂടിയാണ് കട്ടിലും പഠിക്കാനുള്ള മേശയും കസേരയുമൊക്കെ അങ്ങോട്ടേക്ക് എടുത്തിട്ടത്. അന്നേരം സോഫിയ അവളോട് ചോദിക്കുകയും ചെയ്തു:
" നീയെന്തിനാ മോളീല് ഒറ്റയ്ക്ക് കെടക്കുന്നെ ?"
" കൊറെ പഠിക്കാനുണ്ട് മമ്മാ.. വെളുപ്പിന് എണീക്കേം ചെയ്യാം.."
ഉത്തരം അലസമായ ഒരു മറുപടിയിലൊതുക്കി.
" എന്തേലും ആവശ്യത്തിന് ഒന്ന് നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല... പറഞ്ഞേക്കാം."
അവളതിന് പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല. പുസ്തകങ്ങൾ തിരഞ്ഞ്, ഒതുക്കി, അടുക്കിപ്പെറുക്കി വെച്ച് കിടക്കയിൽ വിരിയിടുന്ന തിരക്കിലായിരുന്നു അന്നേരമവൾ. സോഫിയ പിന്നെ ഒന്നും പറയാൻ നിന്നില്ല. കുളിമുറിയുടെ വാതിലിന് പുറത്ത് പുതിയതായി വാങ്ങിയ ചെറിയൊരു ചവിട്ടി സോഫിയ വിരിച്ചിട്ടു.
എലിസബേത്ത് അവളെ കുലുക്കി വിളിച്ചു.
" കുഞ്ഞേച്ചീ.."
" എന്താടാ…?"
" മമ്മ പറഞ്ഞു..സുഖല്യാന്ന്.."
" ഒന്നൂല്ല..നീ പൊക്കോ.."
തലയിൽ നിന്നും പുതപ്പ് മാറ്റാതെ തന്നെയാണ് ജൂലി അത് പറഞ്ഞത്. അവൾ ചുമരിനടുത്തേക്ക് തിരിഞ്ഞ് കിടക്കുകയും ചെയ്തു.
എലിസബേത്ത് ഒന്നും മിണ്ടാതെ കോണിപ്പടികളിറങ്ങി. മരം കൊണ്ടുള്ള പടികൾ മിക്കവയും ചിതൽ തിന്ന് തീർത്തിട്ടുണ്ട്. മരം കൊണ്ട് തന്നെയുണ്ടാക്കിയ കൈവരിയിൽ സാവധാനം പിടിച്ച് വേണം കുത്തനെയുള്ള പടികളിറങ്ങാൻ.
എലിസബേത്തിനെ കണ്ടതും കാക്കകൾ അടുത്തു വന്നിരുന്നു. ഇപ്രാവശ്യം അവളുടെ അലൂമിനിയപാത്രത്തിൽ ഗോതമ്പ് മണികളായിരുന്നു. അവൾ വീണ്ടും എഴുന്നേറ്റ് പോയി ചിരട്ടയിൽ കുറച്ച് വെള്ളം കൊണ്ട് വന്ന് അടുത്തു വെച്ചു.
മഞ്ഞിൻ മറകൾക്കിടയിലൂടെ സൂര്യന്റെ നേർത്ത മഞ്ഞവെയിൽച്ചീളുകൾ അവരുടെയിടയിലേക്ക് വന്ന് വീണു. അവരുടെ കറുകറുത്ത ചിറകുകളിൽ അന്നേരം മിനുക്കമുള്ള ഒരു എണ്ണക്കറുപ്പ് പടർന്നു.
" നീ തോറ്റു അല്ലെ ?"
" ഉം..എല്ലാറ്റിനും വട്ടപ്പൂജ്യം.."
എലിസബേത്ത് ചിരിച്ചു.
ഗേറ്റിനപ്പുറത്ത് ഇടവഴിയിൽ ഒരു മോട്ടോർ സൈക്കിളിന്റെ ശബ്ദം കേട്ട് എലിസബേത്ത് തിരിഞ്ഞ് നോക്കി. ആരോ ഒരാൾ. നോട്ടം ഇങ്ങോട്ട് തന്നെ. മോട്ടോർ സൈക്കിളിൽ നിന്നുമിറങ്ങി അയാൾ ഇടവഴിയിൽ ഒരറ്റത്തായി ഒതുങ്ങി ആരെയോ കാത്തു നിന്നു.
ജൂലി മുറ്റത്തേക്കിറങ്ങി വന്നു. അവൾ ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി. ആദിയെവിടെ ? സിമൻറ് തൂണിന് ചാരെയിരിക്കുന്ന എലിസബേത്തിനെ അവൾ കണ്ട് കാണില്ല. ഗേറ്റ് തുറന്ന് അവൾ സാവധാനം പുറത്തേക്കിറങ്ങി.
" ആരാണത്? "
ചിറകുകൾ കുടഞ്ഞ് തല ചെരിച്ച് ഇടവഴിയിലേക്ക് നോക്കി ഒരുവൻ ചോദിച്ചു.
" അറിയില്ല.."
" ഞാനൊന്ന് പോയി നോക്കിയിട്ട് വരാം.."
കാക്കക്കണ്ണ് വെച്ച് ചുറ്റുമൊന്ന് നോക്കി അവൻ മതിലിന്റെ ഒരറ്റത്ത് പോയിരുന്നു. തൊട്ടടുത്ത് മോട്ടോർ സൈക്കിളിന് ചാരെ ചിരിച്ചു കൊണ്ട് ജൂലി നില്പുണ്ട്. തലയൊന്ന് ചെരിച്ച് അവൻ ചെവി വട്ടം പിടിച്ചു.
" അതാരായിരുന്നു മുറ്റത്ത് ?"
അയാൾ ഹെൽമെറ്റിന്റെ ഗ്ലാസ്സ് ഉയർത്തി വെച്ചു. ഇളം വെയിൽ അയാളുടെ കണ്ണുകളിലേക്ക് വീണു.
" ഞാങ്കണ്ടില്ലല്ലൊ.."
" ഞാൻ വരുമ്പോൾ അവിടെയൊരു പെൺകുട്ടിയെ കണ്ടല്ലൊ."
" സത്യമാണോ?"
" ഉം..അതാരാ..?"
" അനീത്തിയാ.."
ജൂലിയുടെ നെഞ്ചിൽ അറിയാതെ ഒരു പിടച്ചിൽ കയറി വന്നു. മുറ്റത്തേക്കിറങ്ങാൻ നേരം നോക്കിയപ്പോൾ അവിടെയെങ്ങും ആരേയും കണ്ടില്ലല്ലൊ!
" ഞാൻ പോട്ടെ..അവള് വല്ലാത്തൊരു സാധനാ.. ഈ വീട്ടില് ആകെ പേടിക്കാനുള്ളത് അവളെയാ..ഭയങ്കര ബുദ്ധിയാ.."
എലിസബേത്ത് തൂണിന്റെ മറവിലേക്ക് കുറച്ചു കൂടെ മാറിയിരുന്നു. വള്ളികളിൽ നിറയെ പച്ചനിറമുള്ള വീതി കുറഞ്ഞ ഇലകളും വെളുത്ത പൂക്കളുമായി ഒരു മുല്ലപ്പൂക്കാട് അവൾക്ക് മറയൊരുക്കി.
" നിനക്കൊരു കണ്ണു വേണം. ഞങ്ങളെപ്പോലെ ഒരു കാക്കക്കണ്ണ്.."
കാക്കകളെല്ലാം പറന്ന് പോയിട്ടും അവൾ അവിടെ നിന്നും എഴുന്നേറ്റില്ല. സൂര്യന്റെ രശ്മികൾക്ക് ചൂടേറി വന്നു. കാറ്റിനും.
പള്ളിയിൽ നിന്നും പപ്പയും മമ്മയും ചേച്ചിമാരും തിരിച്ച് വന്നത് ഒരു സ്വപ്നത്തിലെന്നപോലെയാണ് അവൾ കണ്ടത്.
ഒറ്റ ചോദ്യം മാത്രമേയുള്ളു എലിസബേത്തിന്റെ മനസ്സിൽ.
തലവേദനകളുണ്ടാവുന്നതെങ്ങനെ ?
സന്ധ്യക്ക് ജൂലി കുളിക്കാനായി ബാത് റൂമിൽ കയറിയപ്പോൾ എലിസബേത്ത് സാവധാനം കോണിപ്പടികൾ കയറി ജൂലിയുടെ മുറിയിലെത്തി...
🟥 തുടരുന്നു…
എലിസബേത്ത് - 13
🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പതിമൂന്ന് തീരെ വിജനമായ ഇങ്ങനെയൊരു സ്ഥലം കണ്ടു പിടിച്ചത് അവൻ തന്നെയാണ്. ഒറ്റവരി പാതക്ക് അപ്പുറത്തും ഇപ്പുറത്തുമായി ചെറിയ കുന്നിൻ പ്രദേശമാണ്. അതിന് താഴെ പാതക്ക് സമാന്തരമായി തീരെ ചെറിയ പാഴ്ച്ചെടികളും നീളമേറിയ പൊന്തക്കാടുകളും വളർന്ന് നില്പുണ്ട്. ആർക്കും ദൂരെ നിന്ന് പെട്ടെണ് കാണാൻ പറ്റാത്ത പാകത്തിലുള്ള ഒരു മറ അത് തീർക്കുന്നുമുണ്ട്. എങ്ങും നല്ല കൂരിരുട്ട് തന്നെയാണ്. പരസ്പരം തൊട്ടടുത്ത് നിന്നാൽ പോലും കാണാൻ പറ്റാത്തത്ര ഇരുട്ട്. രണ്ടുപേർക്കും ഈ ഇരുട്ട് ഇപ്പോൾ ഒരനുഗ്രഹമാണ്. പരസ്പരം മുഖം കാണാതെ നടക്കാ