എലിസബേത്ത് -14
🟥 രവി നീലഗിരിയുടെ നോവൽ
©️
അധ്യായം പതിനാല്
തലേലെഴുത്തുകൾ എന്നാൽ എന്താണ് ?
സോളമൻ സ്വയം ചോദിച്ചു. അതൊരു ഉച്ച സമയമായിരുന്നു. പുറത്ത് നഗരവും തെരുവും മനുഷ്യരും വേവുന്നുണ്ട്. ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആരും കേൾക്കാതെ വേണം. മനസ്സിൽ മാത്രം കേൾക്കാൻ പാകത്തിന്. ആൾക്കൂട്ടത്തിനിടയിൽ കണ്ണടച്ചിരുന്നും ഇരുട്ടിൽ കണ്ണുകൾ തുറന്നിരുന്നും സോളമൻ ആലോചിക്കുന്നു.
കാലം ഓരോരുത്തർക്കും ഓരോ ശിരോലിഖിതങ്ങൾ കുറിച്ചു വെക്കുന്നുണ്ട്. മായ്ച്ചു കളയാൻ പറ്റാത്തത്. കരിങ്കല്ലിൽ ചിറ്റുളി വെച്ച് കൊത്തിയുണ്ടാക്കിയത്. ദൈവത്തിന്റെ തിരുവെഴുത്തുകൾ. സോളമനും സോഫിയക്കും എലിസബേത്തിനുമൊന്നും അതിൽ നിന്നും മോചനമില്ല തന്നെ.
ഓഫീസിൽ ലഞ്ച് ബ്രേക്ക് കഴിഞ്ഞാൽ ഒരിരുപത് മിനിറ്റോളം കിട്ടും. അന്നത്തെ പത്രമെടുത്തൊന്ന് മറിച്ചു നോക്കാം. രണ്ടോ മൂന്നോ മിനിറ്റ് സോഫിയയോട് ഫോണിൽ സംസാരിക്കാം. പിന്നെയും സമയമുണ്ടെങ്കിൽ ജനലിനപ്പുറത്ത് നിരത്തിലൂടെ തീരെ പതുക്കെ ഇഴഞ്ഞു പോകുന്ന ഭാരം കയറ്റിയ ലോറികളെയും നോക്കിയിരിക്കാം.
" സാറിത് വരേയും ഭക്ഷണം കഴിച്ച് കഴിഞ്ഞില്ലേ ?"
നയനയാണ്. സോളമന്റെ എല്ലാ കാര്യങ്ങളിലും അവൾക്കൊരു ശ്രദ്ധ കൂടുതലാണ്. ഒറ്റ മകളായി വളർത്തിയതിന്റെ കുറവുകളും കൂടുതലുകളും അവൾക്കുണ്ടെന്ന് ഓഫീസിലെ എല്ലാവർക്കുമറിയാം. മൃദുലമായ ഒരു തണുത്ത കാറ്റ് അവൾ നടക്കുമ്പോഴൊക്കെ എപ്പോഴും അവളുടെ കൂടെയുണ്ടാവും. പേർഷ്യൻ അത്തറിന്റെ സുഗന്ധവും. പിന്നെ പതിഞ്ഞ നടത്തങ്ങളിൽ അരക്കെട്ടിന്റെ സ്നിഗ്ധതാളങ്ങളും. അടിവയറിന്റെ ചെറു തിരയിളക്കങ്ങളും. കാണാൻ ധാരാളം.
അവൾ മേശയിൽ രണ്ട് കൈകളും കുത്തി ഒന്ന് കുനിഞ്ഞ് സോളമനെ നോക്കി ചിരിച്ചു. വെറുതെയൊന്ന് നോക്കിയാൽ മതി, നിറഞ്ഞ മാറിടത്തിന്റെ സമൃദ്ധി കാണാം. സോളമന്റെ കണ്ണുകൾ ആ ക്ലീവേജിലൂടെ സഞ്ചരിക്കില്ല.
" സാറിന്ന് വൈകീലോ.!"
പിൻതിരിഞ്ഞ് നടന്ന് കൊണ്ട് അവൾ ചിരിച്ചു. അവളതിന്റെ മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്ന് തോന്നുന്നു. ഒഴിവു കിട്ടുമ്പോഴൊക്കെ സോളമന്റെ അടുത്തു വന്ന് എന്തെങ്കിലുമൊക്കെ ചോദിച്ചു കൊണ്ടിരിക്കണം. അത്രേയുള്ളു. സോളമനതറിയാം. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങൾ സോളമന് മാത്രമായി പലപ്പോഴും അവൾ ടിഫിൻ ബോക്സിന്റെ ഏറ്റവും അടിയിലെ അടുക്കിൽ കരുതി വെക്കും.
" സാറിന് രസഗുള ഇഷ്ടമാണോ ?"
" ഉം.."
ഡൈനിങ്ങ് റൂമിൽ മറ്റുള്ള സ്റ്റാഫുകളുണ്ടെന്നൊന്നും നയന ശ്രദ്ധിക്കാറില്ല. ടിഫിൻ കാരിയറിന്റെ ഏറ്റവും അടിയിലെ തട്ട് അവൾ സോളമന് മുൻപിൽ തുറന്ന് വെക്കും.
" സാറിന് മാത്രേയുള്ളു..ഇതൊക്കെ ? "
ആരുടെയെങ്കിലും ഈ ചോദ്യത്തിന് പുറകെ എല്ലാവരുടേയും ഒരു ചിരി കേൾക്കാം. പകരം എല്ലാവർക്കും മനോഹരമായ ഒരു പുഞ്ചിരി അന്നേരം തിരിച്ചു കൊടുക്കാനും അവൾക്കറിയാം. അപ്പോഴൊക്കെ മഷിയെഴുതാത്ത അവളുടെ തവിട്ടു നിറമുള്ള കണ്ണുകളിൽ യാത്രക്കാരേയും കാത്ത് ഒരു തോണി കിടപ്പുണ്ടാവും.
നാലഞ്ച് ദിവസമായി സോളമന്റെ മനസ്സിൽ ജീസസ്സിനെഴുതിയ എലിസബേത്തിന്റെ നിവർത്തി വെച്ച വെളളക്കടലാസിലെ ചുവന്ന മഷി പുരണ്ട അക്ഷരങ്ങളാണ്. കറുപ്പും നീലയുമുപേക്ഷിച്ച് ചുവപ്പു മഷിയിലെഴുതാനുള്ള ഒരു കാരണം തേടിയായിരുന്നു സോളമന്റെ ആദ്യ യാത്ര. അത് എലിസബേത്തിന്റെ മുറിയുടെ എല്ലാ കോണുകളിലേക്കും നടന്ന് ചെന്നു.
" ഇന്നെന്താ നേരത്തെ ?"
അന്ന് പതിവിലും നേരത്തെ വന്ന സോളമനെ കണ്ട് സോഫിയ അത്ഭുതപ്പെട്ടു. വസ്ത്രങ്ങൾ മാറി അയാൾ അടുക്കളയിലേക്ക് ചെന്നു. വിയർപ്പ് പുരണ്ട അവളുടെ ദേഹം രണ്ട് കൈകൾ കൊണ്ടും ചുറ്റി അയാളുടെ ദേഹത്തോട് ചേർത്തു പിടിച്ചു. വിയർപ്പ് മണം മൂക്കിൽ തൊട്ടു. ഇതെന്തൊരു മണമാണ്.? കണ്ണുകളിൽ ഇഷ്ടം നിറച്ച് അയാളവളെ കളിയാക്കി.
" നല്ലൊരു കാപ്പിയെടുത്താൽ മതി..കഴിക്കാൻ കുറച്ചൂടെ കഴിയട്ടെ."
സോഫിയ കാണാതെ അയാൾ എലിസബേത്തിന്റെ മുറിയുടെ വാതിലിന് മുൻപിൽ വന്ന് നിന്നു. വാതിൽ വെറുതെ ചാരിയിട്ടേയുള്ളു. സോളമൻ കതക് തുറന്ന് അകത്ത് കടന്നു. ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം അയാൾ കട്ടിലിൽ നീണ്ട് നിവർന്ന് കിടന്നു.
എലിസബേത്തിന്റെ ഒരു നിലവിളി നാല് ചുവരുകൾക്കുള്ളിൽ ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടെന്ന് സോളമന് തോന്നി. അതോടൊപ്പം ഒരു തീവണ്ടിയുടെ ഇരമ്പലുകളും.
കുട്ടികളുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉത്തരം കിട്ടും വരെ ക്ലാസ്സ് മുറികളിൽ തന്നെ അലഞ്ഞു തിരിയുമെന്ന് എവിടെയോ വായിച്ചത് സോളമൻ ഓർത്തു. ശരിയായിരിക്കണം. ഇതിനുത്തരം കിട്ടുന്നതു വരെ ഈ നിലവിളികളും തീവണ്ടിയുടെ കിതപ്പുകളുമൊക്കെ ഇവിടെ തന്നെയുണ്ടാവും.
എലിസബേത്ത് കണ്ട സ്വപ്നത്തിന്റെ ഇരുൾ വഴികളിലേക്ക് കടന്ന് ചെല്ലാൻ സോളമൻ ഒരു ശ്രമം നടത്തി നോക്കിയിരുന്നു ഒരു ദിവസം സന്ധ്യയിൽ. സ്വപ്നങ്ങൾക്ക് മനസ്സിൽ തറഞ്ഞു കിടക്കുന്ന യാഥാർത്ഥ്യങ്ങളിൽ നിന്നും ഏറെ ദൂരമില്ല എന്നും വായിച്ചിട്ടുണ്ട്. ചോദ്യം കേട്ടതും വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും അവൾ തലയുയർത്തി പപ്പയെ നോക്കി.
" മോള് മറുപടിയൊന്നും പറഞ്ഞില്ല. ?."
" എന്ത് മറുപടി ?"
" എന്ത് സ്വപ്നാ മോള് കണ്ടേ ?"
" കുഞ്ഞേച്ചി മരിക്കാൻ പോണത്."
കിടക്കയിൽ അവൾ നിവർന്നിരുന്നു. തൊട്ടടുത്തായി സോളമനും. അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം അയാൾ വെറുതെ മറിച്ചു നോക്കി. ദ മിസ്റ്റീരിയസ് അഫയർ അറ്റ് സ്റ്റൈൽസ്..തൊള്ളായിരത്തി ഇരുപതിലെ പഴയൊരു ഡിറ്റക്ടീവ് ഫിക്ഷൻ.
" എവടെ ?"
" റെയിൽപ്പാളത്തില് -"
" കുഞ്ഞേച്ചി ഒറ്റയ്ക്കായിരുന്നോ ?"
" അല്ല -"
" പിന്നെ ?"
" മാസ്ക് വെച്ച ഒരാളും.."
മുറിയിൽ തിരിച്ചു ചെന്ന് ചാരു കസേരയിൽ അയാൾ നീണ്ട് നിവർന്ന് കിടന്നു. പിന്നെ കത്തെടുത്ത് നിവർത്തി വീണ്ടും വായിച്ചു നോക്കി. ഒരു പാട് തവണ ഇത് വായിച്ചു കഴിഞ്ഞിരിക്കുന്നു. അക്ഷരങ്ങളിൽ ചിത്രങ്ങൾ കാണണം.. തെളിഞ്ഞ നാഡീ ഞരമ്പുകളുള്ള രേഖാ ചിത്രങ്ങൾ. അത് കാണണം. ഈ അക്ഷരങ്ങളിൽ മറഞ്ഞ് കിടപ്പുണ്ടത്.
- ഒരു ചെകുത്താന്റെ ഇടയിലാണ് കുഞ്ഞേച്ചി. ജീസസ്സ്
രക്ഷിക്കണം.
സോളമൻ വീണ്ടും വീണ്ടും ഈ വരികൾ തന്നെ വായിച്ചു നോക്കി. എവിടെ നിന്ന് തുടങ്ങണം.? ഒന്നറിയാം. ജൂലി ഏതോ അപകടത്തിലാണ്. ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തിയ ഒരു അപായ സൂചന. ഒരു പക്ഷെ എലിസബേത്തിന്റെ കണ്ണുകൾക്കു മുൻപിൽ മാത്രം വെളിപ്പെട്ടത്. പിന്നെന്തേ എലിസബേത്ത് അത് മറച്ചു വെക്കുന്നത് ? അതിന്റെ കാരണവും അറിയേണ്ടതുണ്ട്. അങ്ങനെ മുൻകൂർ വിധിയെഴുതി മാറ്റി നിർത്താൻ പറ്റുന്നവളല്ല ആദി.
കാർമേഘങ്ങൾ വന്ന് മൂടി മറച്ചത് എന്തോ ഒന്നുണ്ട്. ഒരു കാറ്റ് വീശിയേ മതിയാകൂ. കനൽ മൂടിക്കിടക്കുന്ന ചാരം പറന്നു പോകാൻ മാത്രം ശക്തിയുള്ള ചെറിയൊരു കാറ്റെങ്കിലും..
" ഇതെന്താ ഇവിടെ കിടക്കുന്നെ ?"
സോഫിയ അടുത്തു വന്നിരുന്നത് സോളമൻ അറിഞ്ഞില്ല. സോളമൻ തലയിണ ചുമരിലേക്ക് ചാരിവെച്ച് എഴുന്നേറ്റിരുന്നു. സോഫിയ കൊണ്ടു വന്ന കാപ്പി ഒരു കവിൾ കുടിച്ച് അയാളത് മേശപ്പുറത്ത് വെച്ചു. വിയർപ്പിൽ നനഞ്ഞ് സോഫിയയുടെ മുടിയിഴകൾ നെറ്റിയിൽ ഒട്ടിക്കിടന്നു.
" നീയിങ്ങോട്ട് അടുത്തിരിക്ക്.."
" കളിയാക്കാനല്ലെ ?."
സാരിത്തലപ്പെടുത്ത് അവൾ നെറ്റിയിലെയും കഴുത്തിലെയും വിയർപ്പ് തുടച്ചു.
" അത് സാരല്യ..നീയിങ്ങോട്ടിരിക്ക്."
എന്തോ ഗൗരവമുള്ള കാര്യമെന്തെങ്കിലും ആയിരിക്കണം. സോഫിയ കണക്ക് കൂട്ടി. മൂന്നു നാല് ദിവസമായി എപ്പോഴും എന്തോ ചിന്തിച്ച് നടക്കുന്നത് അവളും ശ്രദ്ധിക്കുന്നുണ്ട്. രാത്രിയിൽ പലപ്പോഴും ഉറങ്ങാതെ കണ്ണുകൾ തുറന്ന് കിടക്കുന്നതും.
" ജൂലി എപ്പോഴാ വരുന്നെ ?"
" അവൾക്കങ്ങനെ പ്രത്യേക സമയമൊന്നുമില്ല."
" അതെന്താ ?"
" എനിക്കറിയില്ല.."
" നീ ചോദിച്ചില്ലേ ?"
" അതെങ്ങനാ..എന്തേലും ചോദിച്ചാൽ വായീന്ന് എന്തെങ്കിലും വീണ് കിട്ടിയാലല്ലെ..നമുക്ക് മനസ്സിലാക്കാൻ പറ്റൂ.."
ഒരു നിമിഷം സോളമൻ നിശ്ശബ്ദനായി. കോഫിയുടെ കപ്പ് അയാൾ കൈകളിലിട്ട് വെറുതെ തിരിച്ചു കൊണ്ടിരുന്നു.
" എന്തേ. ഇച്ചായാ?"
" ഒന്നൂല്യ..വെറുതെ ചോദിച്ചൂന്നേള്ളൂ.."
" അതല്ല..എന്തോണ്ട്.."
സോളമൻ അതിന് മറുപടിയൊന്നും പറയാതായപ്പോൾ സോഫിയ അസ്വസ്ഥയായി. അവളുടെ മുഖത്ത് ഒരു കാർമേഘം വന്ന് മൂടി. ഇവിടെ ആർക്കും ചിരിയില്ല. സന്തോഷ വർത്തമാനങ്ങളില്ല. പുകമറയിലായ ഒരിടനാഴിയെപ്പോലെയാണിപ്പോൾ ഈ വീട്.
" നമുക്ക് ഞാൻ പറഞ്ഞ അച്ചനെയൊന്ന് വരുത്തിയാലോ?"
" നമുക്കാലോചിക്കാം.."
സോഫിയയുടെ മനസ്സമാധാനത്തിന് സോളമന് അങ്ങനെ പറഞ്ഞേ മതിയാകൂ. പാവം. കൈ നീട്ടിക്കൊടുത്തപ്പോൾ ഒരു കൈവിരൽത്തുമ്പു പിടിച്ച് ഈരാറ്റുപേട്ടയിൽ നിന്നും മറ്റൊന്നും നോക്കാതെ കൂടെ കൂടിയതാണ്. ഇന്ന് വരെ അവളുടെ മനസ്സൊന്ന് കലങ്ങാൻ ഇടവരുത്തിയിട്ടില്ല. ഒരു തുള്ളി കണ്ണീര് താഴെ വീണുടയാനും.
പക്ഷെ എലിസബേത്തിന്റെ ജനനശേഷം മനസ്സമാധാനമെന്തെന്ന് അവളറിഞ്ഞിട്ടില്ല. ഇപ്പോഴിതാ ജൂലി നടന്ന് പോകുന്ന ഇരുൾ വീണ വഴികളും അവൾ കാണാനിടയായാൽ. വേണ്ട. അവളൊന്നും കാണരുത്. അറിയുകയുമരുത്.
ഓഫീസ് മുറിയിൽ ഒരു നിമിഷം അയാൾ കണ്ണടച്ചിരുന്നു.
" ഇച്ചായാ.."
സോഫിയയുടെ ഫോണാണ്. ഓഫീസ് സമയത്ത് സോഫിയ തീരെ വിളിക്കാറില്ല. അതുകൊണ്ട് തന്നെ സോളമൻ ആകാംക്ഷയിലായി. ലഞ്ച് ബ്രേക് കഴിഞ്ഞ സമയമായിരുന്നു അപ്പോൾ. ശബ്ദത്തിലുള്ള പതർച്ചയും വിറയലുകളും സോളമനെ പിടിച്ചുലച്ചു. അവസാനം കേട്ടത് സോഫിയയുടെ ഒരു തേങ്ങലായിരുന്നു.
" ആദീടെ സ്കൂളീന്ന് പ്രിൻസിപ്പൽ വിളിച്ചിരുന്നു.."
" എന്തിന് ?"
" രണ്ട് പേരോടും വേഗം ചെല്ലാൻ പറഞ്ഞു."
" എന്താ സോഫീ..എന്താ കാര്യം?"
" എനിക്കൊന്നുമറിയില്ല ഇച്ചായാ.."
" കാരണമൊന്നും പറഞ്ഞില്ലേ.?"
" ഇല്ല - "
കാർ സ്റ്റാർട്ട് ചെയ്ത് സോളമൻ വീണ്ടും സോഫിയെ വിളിച്ചു.
" ഞാൻ നേരെ സ്കൂളിലെത്തിയാൽ മത്യോ.?"
" എൻ്റെ ദേഹം തളർന്നിട്ട് വയ്യ.. ഇച്ചായനിങ്ങോട്ട് വന്നാ മതി.. ഇവിടന്ന് ഒരുമിച്ച് പൂവ്വാം.."
കാറിന് സ്പീഡ് പോരെന്ന് തോന്നി. മനുഷ്യരും വണ്ടികളും തെരുവുകളിൽ ട്രപ്പീസ് കളിക്കാരാകുന്നു. ഒരല്പം വഴി വേണം.
എന്താണ് സംഭവിച്ചതെന്നറിയാതെ സോളമനും അസ്വസ്ഥതയിലായി. ചിന്തകളെല്ലാം എലിസബേത്തിന് ചുറ്റും തന്നെ വട്ടം കറങ്ങി നില്ക്കുന്നു. മുൻപൊക്കെ സോഫിയ മാത്രം പോയി പരിഹരിച്ചിരുന്ന പ്രശ്നങ്ങളായിരുന്നു. ഇപ്പോളിതാ രണ്ടു പേരോടും ഒരുമിച്ച് ചെല്ലാനാണ് പറഞ്ഞിരിക്കുന്നത്.
സോഫിയയുടെ ശരീരം തളർന്നു. ഒരു ഞെട്ടലോടെ അവളോർത്തു. ഇന്ന് വെള്ളിയാഴ്ച്ച. പരീക്ഷ അടുത്തു വരുന്നു. അതുകൊണ്ട് നിർബ്ബന്ധിച്ച് പറഞ്ഞയച്ചതാണവളെ.
സോഫിയ ഇടവഴിയിൽ തന്നെ ഇറങ്ങി നില്പുണ്ടായിരുന്നു. ഗേറ്റ് തുറന്ന് സോളമൻ കാറ് തിരിച്ചെടുത്തു. വെറുതെയൊരു സാരി വലിച്ചു വാരി ചുറ്റിയിട്ടേയുള്ളു അവൾ. തലമുടി അലസമായി മുകളിലേക്ക് വെറുതെ കെട്ടിയിരിക്കുന്നു. കണ്ണുകളിൽ ഒരു ഭയം മഞ്ഞിൻ കട്ട പോലെ മരവിച്ച് കിടക്കുന്നതും സോളമൻ കണ്ടു.
വഴി നീളെ രണ്ട് പേരും ഒന്നും മിണ്ടിയില്ല. മനസ്സിന്റെ യാത്രകൾക്ക് പ്രത്യേകം തിരഞ്ഞെടുത്ത വഴികളില്ല. അതിന് അറ്റവുമില്ല. ഹൃദയമിടിപ്പുകളിൽ അവർ സ്വയം നഷ്ടപ്പെട്ടു. അലോസരപ്പെടുത്തുന്ന കാണാക്കാഴ്ച്ചകൾ കണ്ണുകൾക്കു മുന്നിൽ പെരുങ്കളിയാട്ടം നടത്തുകയാണ്.
സ്കൂൾ ഗേറ്റിനരികിൽ കാർ നിർത്തുന്നതിന് മുൻപേ സെക്യൂരിറ്റി ഗേറ്റ് തുറന്നു തന്നു. മുഖത്ത് വിടർന്ന ഒരു തളർന്ന പുഞ്ചിരി അയാൾ കണ്ട് കാണില്ല. പാർക്കിങ്ങിൽ വണ്ടി ഒതുക്കിയിടുന്നതിന് മുൻപുതന്നെ സോഫിയ ഇറങ്ങി ഓഫീസിനെ ലക്ഷ്യമാക്കി ധൃതിയിൽ നടന്നു തുടങ്ങിയിരുന്നു. സോളമനെ സോഫിയ ശ്രദ്ധിച്ചതേയില്ല. അയാൾ വരാൻ കാത്ത് നിന്നതുമില്ല.
പ്രിൻസിപ്പലിന്റെ പ്രധാന വാതിലിന് മുൻപിലെത്തി നിന്ന് അവൾ കിതച്ചു. ഉമിനീർ വായിൽ ഉണങ്ങി. ചുണ്ട് നനയ്ക്കാൻ ഒരല്പം വെള്ളം.! അവൾ ചുറ്റും നോക്കി. പുറകെ സോളമൻ ഓടി വന്ന് അവളുടെ ചുമലിൽ കൈ വെച്ചു. അവൾ അയാളുടെ ദേഹത്തേക്ക് ഒന്ന് ചേർന്ന് നിന്നു. വീഴാതിരിക്കാനെന്നോണം.
" പ്രിൻസിപ്പൽ വരാൻ പറഞ്ഞിരുന്നു.."
പിയൂണിന്റെ മുഖത്തേക്ക് സോഫിയ ദൈന്യമായി നോക്കി. അയാളൊന്ന് ചിരിച്ചു.
" ഒരു നിമിഷം.."
പിയൂൺ അതും പറഞ്ഞ് പ്രിൻസിപ്പലിന്റെ ഓഫീസിനുള്ളിലേക്ക് കയറിപ്പോയി അപ്പോൾ തന്നെ തിരിച്ചു വരികയും ചെയ്തു.
" വരൂ.."
ഹാഫ് ഡോർ അയാൾ തുറന്ന് പിടിച്ചു തന്നു. സോഫിയ സോളമന്റെ കൈയിൽ അറിയാതെ മുറുകെ പിടിച്ചു. അവളുടെ തണുത്തു മരവിച്ച കൈത്തലം അയാളുടെ ഹൃദയത്തിലേക്ക് തണുപ്പിന്റെ ഒരു മഞ്ഞിൻപാളി ഇറക്കി വെച്ചു. കണ്ണുകൾ കൊണ്ട് സോളമൻ അവളെ ആശ്വസിപ്പിച്ചു. ഭയപ്പെടാതെ -
" രണ്ട് പേരും ഇരിക്കൂ.."
പ്രിൻസിപ്പലിന്റെ ഘനമുള്ള ശബ്ദം..
തൊട്ടടുത്ത് ക്ലാസ് ടീച്ചർ അനുപമയുണ്ട്.
" മിസ്റ്റർ സോളമൻ..നിങ്ങളുടെ മകൾ ഞങ്ങൾക്കൊരു തലവേദനയാണ്.."
മുഖത്ത് നോക്കാതെയാണ് പ്രിൻസിപ്പൽ ഇത്രയും പറഞ്ഞത്.
നിശ്ശ:ബ്ദമായി ഇരുന്നു. മാഡം പറഞ്ഞോളൂ. കേൾക്കുന്നുണ്ട്. എന്തായാലും ഈ സോളമനും സോഫിയക്കും അവളെ ഉപേക്ഷിക്കാൻ വയ്യല്ലൊ..!
സോളമന്റെ തൊണ്ടയിലേക്ക് കണ്ണീരിറങ്ങി..
" ഓരോ ദിവസവും ഓരോ പ്രശ്നങ്ങളാണ്. കുട്ടികളല്ലേ എന്ന് കരുതി ഞങ്ങളത് കാര്യമാക്കാറില്ലായിരുന്നു. പക്ഷെ ഇന്നത്തെ സംഭവം ഇതതുപോലെയൊന്നുമല്ല..."
പ്രിൻസിപ്പൽ ഒന്ന് നിർത്തി. പിന്നെ ഗ്ലാസ്സിലിരുന്ന വെള്ളം ഒരു കവിൾ കുടിച്ചു. കട്ടിക്കണ്ണടയുടെ ചില്ലിനു മുകളിലൂടെ അവർ സോളമനെയും സോഫിയെയും മാറി മാറി നോക്കി.
സോഫിയുടെ പിടുത്തം മുറുകി.
" ഇന്ന് ലഞ്ച് ബ്രേക്കിന് നിങ്ങളുടെ മകൾ ബെറ്റ് വെച്ച് ഒന്നാം നിലയിൽ നിന്നും താഴേക്ക് ചാടി..."
ഒരിരുൾ ഗുഹയിൽ നിന്നാണ് അക്ഷരങ്ങൾ വരുന്നത്. കാറ്റ് കൊടുങ്കാറ്റാവുന്നുണ്ട്. വറ്റിവരളുന്നത് ഒരു സമുദ്രം മുഴുവൻ. ഒരു അലറിക്കരച്ചിലോടെ സോഫിയ ചാടിയെഴുന്നേറ്റ് പുറത്തേക്കോടാൻ ശ്രമിച്ചു. സോളമൻ അവളെ ബലമായി ചുറ്റിപ്പിടിച്ചു. കൈകൾ വീശി അവളൊന്ന് കുതറി. ശരീരം തളർന്നു. പിന്നെ കണ്ണുകൾ പതുക്കെ മുകളിലേക്ക് മറിഞ്ഞു. സാവധാനം അവൾ സോളമന്റെ ദേഹത്തേക്ക് കുഴഞ്ഞ് വീണു.
കണ്ണീർമഴ തോരുന്നില്ല. ഒരു രാത്രിയിൽ ആർത്തലച്ച് പെയ്യുന്ന മഴയുടെ ഇരമ്പലുകളിലേക്ക് പിറന്ന് വീണ എലിസബേത്തിന്റെ ജീവിതം അതുപോലെ ആർത്തലച്ചു പെയ്യുന്ന കണ്ണീർമഴയിലൂടെയാണ് കടന്നു പോകുന്നത്. ഒരമ്മയുടെ തീ പോലെ പൊള്ളുന്ന കണ്ണീർമഴയിലൂടെ..
ഇവളെന്റെയും മകളാണ്. പക്ഷെ, സോളമൻ ആണായിപ്പോയില്ലേ..അലറി വിളിച്ച് കരയാൻ പാടില്ല. മനസ്സ് പിടഞ്ഞ് ഇങ്ങനെ നില്ക്കാം -
🟥 തുടരുന്നു…
എലിസബേത്ത് -15
🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പതിനഞ്ച് അഭിശപ്തമായ ജന്മങ്ങളുടെ നാരായം കൊണ്ടെഴുതിയ തലയിലെഴുത്തുകൾ. കൺമുന്നിൽ നേരിട്ട് വന്നുള്ള തിറയാട്ടങ്ങളെല്ലാം കാണാതെ വയ്യ. കാണാം. സോഫിയയുടെ ആയുസ്സിങ്ങനെ നീണ്ട് കിടപ്പുണ്ടല്ലൊ. ഒരമ്മയെ മകളറിയുന്നില്ല. അറിയണമെങ്കിൽ അതിന് മകൾ ഒരമ്മയാകേണ്ടിവരും. അഗ്നിയും പേറി നടക്കുന്നവളാണവൾ. സ്വയം കത്തുകയും മറ്റുള്ളവരെ കത്തിക്കുകയും ചെയ്യുന്ന അഗ്നി. പക്ഷെ ആദി അതൊന്നുമറിയുന്നില്ലല്ലൊ..! പ്രിൻസിപ്പൽ പറഞ്ഞത് എന്താണെന്ന് സോഫിയ ഓർത്തെടുക്കാൻ വെറുതെ ശ്രമിച്ചു. തൊട്ട് മുൻപ് നടന്നതെല്ലാം ഏതോ ഒരു പൂർവ്വജന്മത്ത