Aksharathalukal

ഫാരിസിന്റെ വസന്തം

പലപ്പോഴായി ആരൊക്കെയോ പറയുന്നത് കേട്ടതുവെച്ച് തപ്പി പിടിച്ചതാണ് ഞാൻ നിന്റെ നമ്പർ. സാഹിറ, അവൾ പറയുന്നത്... ബാപ്പ ചെയ്ത തെറ്റിന് ഞങ്ങൾ മക്കൾക്ക് ഒന്നും ചെയ്യാനില്ല. ബാപ്പ ഇങ്ങനെ ആയിപ്പോയി. അതിന് ഞങ്ങൾ മക്കൾ ഖേദിക്കുന്നുണ്ട്. എനിക്കും എന്റെ ആങ്ങള സ്വാലിഹീനും ഞങ്ങളുടെ ഉമ്മക്കും ഞങ്ങളുടെ അനിയൻ ഫാരിസിനെ ഒന്ന് കാണണം. അതിന് എന്തെങ്കിലും ഒരു ഹെൽപ്പ് നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചുകൊണ്ടാണ് അവർ എന്റെ മുന്നിൽ കണ്ണുനിറച്ച് നിന്നത്.

ഈ വാർത്ത ഫാരിസിനെ ഞെട്ടിച്ചു എന്ന് മാത്രമല്ല എന്ത് മറുപടി പറയണം എന്ന് ഫാരിസിന് അറിയില്ല. ചുണ്ടുകൾ അനങ്ങുന്നുണ്ടായിരുന്നെങ്കിലും ശബ്ദം പുറത്തു വന്നില്ല. \"മാഷേ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം\"; ഒരുവിധത്തിൽ ഫാരിസ് മറുപടി കൊടുത്ത് ഫോൺ കട്ട് ചെയ്തു. കൂട്ടുകാരോട് ഒരു വിടവാങ്ങൽ പോലും പറയാതെ ഫാരിസ് നേരെ വീട്ടിലേക്ക് പോയി വാതിലടച്ചു കുറെ കരഞ്ഞു. \"പടച്ചോനെ കേട്ടത് സത്യമോ; തനിക്കും സ്വന്തക്കാർ!\" ജമാൽ മാഷിന്റെ സ്വരം വീണ്ടും വീണ്ടും അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. തനിക്ക് സന്തോഷമാണോ സങ്കടമാണോ എന്ന് അവന് പറയാൻ അറിയുന്നില്ല. ജമീല താത്ത വന്ന് വാതിലിൽ മുട്ടി; \"ഫാരിസ്, എത്രനേരമായി റൂമിൽ അടച്ചിരിക്കുന്നു... പുറത്തേക്ക് വാ.\" കണ്ണ് ചുവപ്പിച്ച് പുറത്തേക്ക് വന്ന ഫാരിസിനോട് ജമീല താത്ത കാര്യം തിരക്കി. ജമീല താത്തയെ കെട്ടിപ്പിടിച്ച് കുറച്ചു കരഞ്ഞതിന് ശേഷം അവൻ കാര്യങ്ങൾ ഓരോന്നായി വിവരിച്ചു. തന്റെ മകനോട് എന്തു മറുപടി പറയണമെന്നറിയാതെ ജമീല താത്തയും അവന്റെ കൈ പിടിച്ചു കുറേ കരഞ്ഞു. ആ കണ്ണീരിൽ മുഴുവനും താൻ എത്ര അധ്വാനിച്ചിട്ടും തന്റെ മകന് വേണ്ട സ്വന്തക്കാരെ ഉണ്ടാക്കിക്കൊടുക്കാനാവാത്ത ഒരു മാതാവിന്റെ വേദനകളായിരുന്നു.

ജമാൽ മാഷെ വിളിച്ച് അവരുടെ അഡ്രസ്സ് വാങ്ങാനും ഫോൺ നമ്പർ ചോദിക്കാനും ജമീല താത്ത പറഞ്ഞു. \"ഉമ്മാ, ഇത് ഇരുപത്തിരണ്ടാം നൂറ്റാണ്ട്. സ്വത്തിനുവേണ്ടി സഹോദരനെയും പിതാവിനെയും മാറിമാറി കൊല്ലുന്ന ഈ കാലത്ത് എന്നെത്തേടി ഇപ്പോഴൊരു സ്വന്തക്കാരൻ! ഇത് സത്യമോ അതോ എന്നെ ആരോ കളിപ്പിക്കുന്നതോ? എനിക്കത് വിശ്വസിക്കാനാവുന്നില്ല. എനിക്കു ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല.\" മോനേ ഫാരിസ്, നിന്റെ ഉപ്പ മമ്മദിന് വേറെ ഭാര്യയും മക്കളും ഉണ്ടെന്ന് എനിക്കറിയാം. അവർ എവിടെയാണെന്നോ എന്താണെന്നോ എനിക്കറിയില്ല. നിന്റെ തേട്ടം റബ്ബ് കേട്ടതാവാം. നീ ജമാൽ മാഷെ ഒന്നൂടെ വിളി. മാഷ് എന്തായാലും വെറുതെ പറയില്ല. മാഷിനെ എനിക്ക് നന്നായിട്ടറിയാം മോനെ.\"

ജമീല താത്തയുടെ ഈ ഒരു പറച്ചിൽ കേട്ടെങ്കിലും ഫാരിസ് പിന്നീട് ജമാൽ മാഷെ വിളിച്ചില്ല. രണ്ടു ദിവസത്തിനു ശേഷം ജമാൽ മാഷിന്റെ കോൾ വീണ്ടും ഫാരിസിനെ തേടിയെത്തി. \"ഫാരിസ്, അവർക്ക് നിന്നോട് സംസാരിക്കണമെന്ന്; ഞാൻ നിന്റെ നമ്പർ കൊടുത്തോട്ടെ?\" അവരുടെ ചോദ്യത്തിൽ ആത്മാർത്ഥത ഉണ്ടെന്ന് മനസ്സിലാക്കിയിട്ടാണ് ഞാൻ വീണ്ടും നിന്നെ വിളിച്ചത്. \" ഫാരിസ് ജമാൽ മാഷിന് പൂർണ്ണസമ്മതം കൊടുത്തു. പിന്നീട് ഫോൺകോളിനായുള്ള കാത്തിരിപ്പായി.

പിറ്റേന്ന് തന്നെ ഫാരിസിനെ ഫോൺകോൾ തേടിയെത്തി. \"ഹലോ ഫാരിസ്, ഇത് നിന്റെ ഇത്താത്ത\" എന്ന പരിചയപ്പെടുത്തലോടെ തുടങ്ങിയ ആ ഫോൺകോൾ ഒരു മണിക്കൂറോളം നീണ്ടു. 23 വർഷത്തെ തന്റെ ഏകാന്തത നീങ്ങിക്കിട്ടാൻ, അവൻ ഇത്താത്തയോട് സംസാരിച്ചുകൊണ്ടേയിരുന്നു. പിന്നീട് ഇക്കാക്കയും മൂത്തമ്മയും മാറിമാറി സംസാരിച്ചു. ഒപ്പം ഇത്താത്തയുടെ മോൾ ദിയയും. നിരന്തരമായ ആ ഫോൺ കോളിലൂടെ അവർ കൂടുതൽ അടുത്തു. പിന്നീടൊരു ദിവസം ഫാരിസിനെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു.

പ്രതീക്ഷിക്കാതെ വന്ന ആ വസന്തകാലത്തെ ഫാരിസ് സന്തോഷപൂർവ്വം സ്വീകരിച്ചു. ജമീല താത്ത അവനെ സ്നേഹത്തോടെ പലഹാരങ്ങളും അവരുടെ തോട്ടത്തിലെ കുറച്ച് കാപ്പിയും കുരുമുളകും എല്ലാമായി അവനെ കുടുംബത്തിലേക്ക് പറഞ്ഞയച്ചു; ബേപ്പൂരിലേക്ക്. യാത്രയിലുടനീളം തന്നെ തേടിയെത്തിയ വസന്തകാലത്തെക്കുറിച്ച് ഓർത്തും സന്തോഷിച്ചും അവൻ അവരുടെ അടുത്തെത്തി. തന്റെ സഹോദരന്റെ വാരിപ്പുണരലിലൂടെ ഫാരിസ് ഒരു ഉപ്പയുടെ വാത്സല്യം കൂടി അനുഭവിച്ചിരുന്നു. ഇത്താത്തയാണെങ്കിലും മൂത്തമ്മയാണെങ്കിലും അവന് സ്നേഹം കൊടുത്തുകൊണ്ടേയിരുന്നു. കടൽത്തീരത്തിനടുത്ത വീട് ആയതുകൊണ്ട് ചെറുപാലം ഇടാനും ചൂണ്ടലിടാനും സഹോദരന്മാർ മറന്നില്ല. എന്നാൽ മൂത്തമ്മ സുബൈദ, കിട്ടിയ മീനെല്ലാം ജമീല താത്തയുടെ അടുത്തേക്ക് ഫാരിസിന്റെ കയ്യിൽ കൊടുത്തു വിടുകയായിരുന്നു. ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ശേഷം തനിക്ക് കിട്ടിയ സഹോദരങ്ങളോട് യാത്ര പറഞ്ഞു പോരുംനേരം വൈത്തിരിയിലേക്ക് ക്ഷണിക്കാനും ഫാരിസ് മറന്നില്ല.

പിന്നീടൊരു ദിവസം ഫാരിസിന്റെ കുടുംബം വൈത്തിരിയിൽ എത്തി. അവരൊന്നിച്ച് ബാണാസുര ഡാമിലൊക്കെ പോയി കറങ്ങി. സഹോദരൻ ഗൾഫിൽ പോവാൻ യാത്ര അയക്കാൻ തന്റെ അനിയനെ കൂടി ക്ഷണിച്ചത് ഫാരിസിനെ സംബന്ധിച്ചിടത്തോളം വലിയ നിധി തന്നെയായിരുന്നു. അങ്ങനെ ഫാരിസും പോയി സഹോദരൻ സ്വാലിഹീനെ യാത്രയാക്കാൻ.

ഋതുക്കൾ പലതും മാറിമറിഞ്ഞു. ഇപ്പോൾ ഫാരിസിന് സ്വാലിഹിന്റെ കൂടെ ഗൾഫിലാണ് ജോലി. വീട്ടിൽ ഫാരിസിനെ കാത്തിരിക്കാൻ ജമീല താത്താക്കൊപ്പം ഫാരിസിന്റെ ഭാര്യയും മോളും. അങ്ങനെ നമ്മുടെ ഫാരിസ് ഇപ്പോൾ വസന്തകാലത്തിലൂടെ ജീവിക്കുന്നു.

****************************
- ഫസ്ല ജൗഹർ
****************************