Aksharathalukal

എലിസബേത്ത് -16

🟥 രവി നീലഗിരിയുടെ നോവൽ
©️



അധ്യായം പതിനാറ്




           തീരെ വലിപ്പം കുറഞ്ഞൊരു മുറി. ചുമരുകളിൽ അടിച്ചിരുന്ന പഴകിയ ഇളം നീല ഡിസ്റ്റമ്പർ പെയിന്റ് അങ്ങിങ്ങായി അഴുക്ക് പിടിച്ച് നിറം മങ്ങി ഇരുണ്ടിരിക്കുന്നു. നീളത്തിലുള്ള തീരെ വീതി കുറഞ്ഞ ഒട്ടു മുക്കാലും ചിതൽ തിന്ന് തീർത്ത മരത്തിന്റെ രണ്ട് ജനലുകൾ. വിജാഗിരികൾ ഇളകി നേരാംവണ്ണം അടക്കാൻ പറ്റാത്ത അതിന്റെ വിടവുകളിലൂടെ കടലിൽ ചായുന്ന സൂര്യന്റെ മഞ്ഞ വെളിച്ചം മുറിക്കകത്തെ തറയോടുകളിൽ തെളിച്ചമുള്ള നിഴലുകളായി നീളത്തിൽ വീണ് കിടക്കുന്നുണ്ട്.
         ജനലിന് തൊട്ടടുത്തായി മരത്തിന്റെ തന്നെ ചെറിയൊരു അലമാരയുണ്ട്. അത് ചുമരിൽ ആണിയടിച്ച് ചേർത്തുറപ്പിച്ചതാണ്. അലമാരയിൽ അലസമായി അടുക്കി വെച്ചിരിക്കുന്ന വളരെ കുറച്ച് പുസ്തകങ്ങൾ. എല്ലാം ജൂലിക്ക് പഠിക്കാനുള്ളത് തന്നെ. പിന്നെ ഒന്നോ രണ്ടോ നിറം മങ്ങിയ മുഖപടങ്ങളുള്ള മാഗസിനുകൾ. കഥാ പുസ്തകങ്ങൾ. മാഗസിനുകളിൽ നിന്നും പത്രങ്ങളിൽ നിന്നും വെട്ടിയെടുത്ത് സൂക്ഷിച്ച് വെച്ചിട്ടുളള കുറച്ച് ചിത്രങ്ങൾ. സ്കൂളിൽ നിന്നും പലപ്പോഴായി ജൂലിക്ക് കിട്ടിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചു വെച്ച മഞ്ഞ പുറം ചട്ടയുള്ള ഒരു കടലാസ് ഫയൽ...
        എലിസബേത്ത് ഓരോ പുസ്തകങ്ങളും കൈയിലെടുത്ത് സാവധാനം മറിച്ചു നോക്കി. തൊട്ടപ്പുറത്ത് ജനലിനോട് ചേർന്ന് കിടക്കുന്ന മേശപ്പുറത്തുമുണ്ട് നാലഞ്ച് പുസ്തകങ്ങൾ. ഉപയോഗമില്ലാത്ത പേനകളും പെൻസിലുകളും സൂക്ഷിച്ച് വെച്ച വെളുപ്പിൽ നെടുകെ ചുവന്ന വരയുള്ള ഒരു സിറാമിക് കപ്പ് മേശയുടെ ഒരറ്റത്തായി ഇരിപ്പുണ്ട്. 
        എല്ലായിടത്തും എലിസബേത്തിന്റെ കണ്ണുകൾ പരതി നടന്നു. കട്ടിലിന് താഴെയിരുന്ന ഒരു തകരപ്പെട്ടി അവൾ പുറത്തേക്കെടുത്ത് തുറന്ന് വെച്ചു. അതിനുള്ളിൽ പൊടി പിടിച്ച് നിറം മങ്ങിയ മൂന്നോ നാലോ കളിപ്പാട്ടങ്ങളും അതുപോലെ പഴയ രണ്ട് കുഞ്ഞിയുടുപ്പുകളും രണ്ട് ഫോട്ടോ ആൽബങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. എലിസബേത്ത് അത് കട്ടിലിന്റെ അടിയിലേക്ക് തന്നെ നീക്കി വെച്ചു.
       ഏകദേശം ഒരു പതിനഞ്ച് മിനിറ്റ് കൂടി എലിസബേത്ത് ആ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു ചിലവഴിച്ചു. കുറച്ചു കഴിഞ്ഞ് അവൾ കട്ടിലിലിരുന്ന് വെറുതെ മച്ചിന് മുകളിലേക്ക് നോക്കിയിരുന്ന് ഏതോ ആലോചനകളിൽ തപ്പിത്തടഞ്ഞു. 
        കണ്ണുകൾ വെറുതെ എന്താണ് തിരയുന്നതെന്ന് അവൾക്ക് പോലുമറിയാത്ത ഒരു ആശയക്കുഴപ്പത്തിലായിരുന്നു അന്നേരമവൾ. എന്താണ് അവളന്വേഷിക്കുന്നത് ? അതറിയില്ല. കുറച്ചു രാവുകളിലായി ഉറക്കം വഴി മാറി നിന്ന് മുഷിഞ്ഞ് നിറം കെട്ട ഒരു ഭ്രാന്തൻ മനസ്സായി മാറിയിരിക്കുന്നു അവളുടേത്. പിടി തരാതെ വഴുതിമാറിപ്പോകുന്ന തെളിച്ചമില്ലാത്ത കുറെ ചിത്രങ്ങൾ ഒരു കൊളാഷ് പെയിന്റിങ്ങായി മനസ്സിന്റെ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നതും അവളറിഞ്ഞു. ഒടുവിൽ മനസ്സിനോട് തന്നെ തിരിഞ്ഞ് നിന്ന് ഒരു വേള അവളത് ചോദിക്കുക തന്നെ ചെയ്തു.
     \" നീയെങ്കിലും പറയൂ..എവിടെയാണ് തുടങ്ങേണ്ടത്..?\"
     \" എലിസബേത്ത്..നിന്റെ ചേച്ചിയെ നിനക്കറിയില്ലേ ?\"
     \" അറിയാം..പക്ഷെ.\"
     \" ഈ പക്ഷെയാണ് സമയവും കാലവും നോക്കാതെ എവിടെയും കയറി വരുന്നത്. ജീവിതത്തിന്റെ മുഴുവൻ സ്വാസ്ഥ്യവും കവർന്നെടുക്കുന്നത് ചിലപ്പോഴൊക്കെ ഇതു തന്നെ.\"
     \" ശരിയാണ്. ഒരു കനൽ എങ്ങനെയോ വന്ന് വീണ് പോയില്ലേ ? ഇനിയത് ചാരമാവാതെ വയ്യ..\"
        മനസ്സ് അസ്വസ്ഥമാണ് എന്ന് മാത്രം അവളറിയുന്നു.. മനസ്സ് ചോദിക്കുന്ന ഏതെങ്കിലുമൊരു ചോദ്യത്തിന്റെ ഉത്തരം അന്വേഷിച്ചലഞ്ഞ് ഒരു ഉച്ചമരത്തണലിൽ വിശ്രമിക്കുന്ന ഇടവേളകളിലെ ഒരസ്വസ്ഥതയുണ്ടല്ലൊ..! എലിസബേത്ത് അത് തിരിച്ചറിയുന്നുണ്ട്.  
        സ്വാസ്ഥ്യം കെടുത്തിയ ഒരിരമ്പലോടെ ഇടവഴിയിൽ വന്ന് നിന്ന ഒരു മോട്ടോർ സൈക്കിളിന്റെ വിദൂരദൃശ്യം അവളോർത്തു. മുഖം തിരിച്ചറിയാതെ പോയ, അയാളുടെ അടുത്തേക്ക് നടന്നെത്താനുള്ള എന്തെങ്കിലുമൊരു സൂചനകളിലേക്കായിരുന്നു അവളുടെ മനസ്സിന്റെ പോക്കെന്ന് ഇപ്പോഴവൾ തിരിച്ചറിയുന്നു. അസ്വസ്ഥതകളും അങ്കലാപ്പുകളും നിറഞ്ഞ വല്ലാത്തൊരു തിരിച്ചറിയലായിരുന്നു അത്. എലിസബേത്തിന് അതിൽ നിന്നും ഒന്നുമറിയാത്തതു പോലെ പിൻതിരിഞ്ഞിറങ്ങുക പ്രയാസം തന്നെ.
      കുറ്റാന്വേഷകർ പിൻതുടരുന്ന പ്രിൻസിപ്പൽ ഓഫ് ലൊക്കാർഡിലെ ഒന്നാമത്തെ നിയമം അവളോർത്തു. ഫോളോ യുവർ ഹട്ട് ഇൻസ്റ്റിങ്ങ്റ്റ്.. അതെ. അതാണ് ഇവിടെ ഞാൻ ഫോളോ ചെയ്യേണ്ടത്. രണ്ടാമത്തെയും മൂന്നാമത്തെയും നിയമങ്ങൾ ഇപ്പോഴിവിടെ ആവശ്യമില്ല.
      മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ നേരം അവൾ .വീണ്ടും മേശയുടെ ഡ്രോവർ വലിച്ച് തുറന്ന് അതിനുള്ളിൽ കണ്ട നാലഞ്ച് പുസ്തകങ്ങളെടുത്ത് ഓരോന്നും വീണ്ടും മറിച്ചു നോക്കാൻ തുടങ്ങി. ഒരു തവണ അവളതെടുത്ത് നോക്കി തിരികെ വെച്ചതായിരുന്നു.
      പക്ഷെ ഇപ്രാവശ്യം അതിലെ മൂന്നാമത്തെ പുസ്തകത്തിന്റെ താളുകൾക്കിടയിലിരുന്ന ഒരു ഗ്രീറ്റിംഗ് കാർഡിൽ അവളുടെ കൈ വിരലുകൾ അറിയാതെ മുട്ടി നിന്നു. 
      രണ്ട് മടക്കുകളിലായി നാല് പേജുകളുള്ള ചുവപ്പു നിറമുള്ള ഒരു കാർഡ്. ആദ്യത്തെ മുഖപേജിൽ നിറയെ നൂലുകളാൽ പരസ്പരം ബന്ധിച്ച മഞ്ഞ നിറത്തിലുള്ള ഒരു കൂട്ടം ബലൂണുകളുടെ ചിത്രങ്ങളായിരുന്നു. അത് മറിച്ച് അവൾ രണ്ടാം പേജിലേക്കെത്തി. കറുത്ത മഷിയിൽ ഒട്ടും ഭംഗിയില്ലാത്ത കൈപ്പടയിലെഴുതിയിരിക്കുന്ന അക്ഷരങ്ങളിലേക്ക് എലിസബേത്തിന്റെ കണ്ണുകൾ ഇറങ്ങിച്ചെന്നു. ഒരു പിറന്നാൾ ആശംസകളായിരുന്നു അതെന്ന് എലിസബേത്തിന് മനസ്സിലായി. ആരോ ജൂലിയുടെ പിറന്നാളിന് സമ്മാനിച്ചതായിരിക്കണം.
        ഇന്ന് തീയ്യതി ഇരുപത്തിനാല്. എലിസബേത്ത് ചുമരിൽ തൂക്കിയിരുന്ന കലണ്ടറിൽ നോക്കി. കൃത്യം മുപ്പത്താറ് ദിവസങ്ങൾക്ക് മുൻപുള്ള ഒരു ഞായറാഴ്ച്ചയായിരുന്നു ജൂലിയുടെ പിറന്നാളെന്ന് എലിസബേത്ത് ഓർത്തെടുത്തു. 
        ജൂലിക്ക് ആദ്യമായി ഒരു മൊബൈൽ ഫോൺ കിട്ടിയ ദിവസം. പപ്പയുടെ പിറന്നാൾ സമ്മാനമായിരുന്നു അത്. ചുവന്ന നിറത്തിലുള്ള ആ ഫോണും പിടിച്ച് ജൂലി ഒരു നിമിഷം അമ്പരന്ന് നിന്നതും, പിന്നെ കഴുത്തിലൂടെ കൈകൾ ചുറ്റി പപ്പക്ക് കവിളിൽ ഒരുമ്മ കൊടുത്തതും എലിസബേത്ത് ഇപ്പോഴും ഓർക്കുന്നുണ്ട്. അന്നേരം ജൂലിയുടെ കണ്ണുകൾ നനഞ്ഞ് വന്നതും എലിസബേത്ത് കണ്ടു. 
    \" ഞാൻ വലുതായി വരികയാണ് അല്ലേ..പപ്പാ ?\"
    \" പിന്നെ എന്നും കുട്ടിയായിരിക്കാൻ ആർക്കേലും പറ്റ്വോ മോളേ..?\"
സോളമൻ അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു.
     \" ഇനി എന്റെ ബെർത്ത്ഡേ ആഘോഷിക്കേണ്ട പപ്പാ..\"
      ഒരു തമാശ കേട്ടത് പോലെയാണ് സോളമൻ പൊട്ടിച്ചിരിച്ചത്. അവളത് തമാശയായി പറഞ്ഞതല്ല. അന്നേരം ജൂലിയുടെ മനസ്സിൽ പെയ്ത് തോർന്നതും തോരാത്തതുമായ കാർമേഘങ്ങളായിരുന്നു. കുട്ടിക്കാലത്ത് വേഗം വലുതാവാനായിരുന്നു അന്നാളിലെ ഇഷ്ടങ്ങളിലൊന്ന്. ഇന്ന് ഈ പതിനേഴാം പിറന്നാളിലെത്തി നിൽക്കുമ്പോൾ അത്യാഹ്ലാദങ്ങൾക്കു പകരം ഏതോ ഒരു വിഷാദമാണ് അവളുടെ കണ്ണുകളിൽ വീണ് കിടന്നത്.
     \" എനിക്ക് വലുതാവേണ്ട പപ്പാ..\"
തൊട്ടടുത്ത് നിന്നവരൊക്കെ അത് കേട്ട് ചിരിച്ചു. വലുതാവാൻ തീരെ ഇഷ്ടമില്ലാത്ത കുഞ്ഞേച്ചിയെക്കുറിച്ചോർത്തപ്പോൾ എലിസബേത്തിന്റെ മുഖത്തും ഒരു വിഷാദം പടർന്നു. 
      അന്ന് രാത്രിയിൽ ജൂലി നേരത്തെ കതകടച്ച് ഉറങ്ങാൻ കിടന്നു. ഭക്ഷണം പോലും കഴിക്കാതെ കിടന്നപ്പോൾ സോഫിയ അവളുടെ വാതിലിൽ മുട്ടി. കതക് തുറന്ന ജൂലിയുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നത് കണ്ട് സോഫിയ പെട്ടെന്ന് പരിഭ്രമിച്ചു.
      \" എനിക്ക് വലുതാവണ്ട മമ്മാ..\"
ജൂലി മമ്മയടെ ദേഹത്തേക്ക് ചാഞ്ഞു. അപ്പോഴവൾ കരയുകയായിരുന്നു. സോഫിയ അവൾ കാണാതെ ചിരിച്ചു. പാവം എന്റെ മോള്..
     എലിസബേത്ത് ഗ്രീറ്റിംഗ് കാർഡിന്റെ അടുത്ത പേജ് മറിച്ചു.    
പക്ഷെ അതിനടുത്ത പേജിൽ കണ്ട അതേ കറുത്ത മഷിയിലെഴുതിയ തീരെ ചെറിയ അക്ഷരങ്ങളിൽ എലിസബേത്തിന്റെ കണ്ണുകൾ ഒന്നിലധികം തവണയാണ് കുരുങ്ങി നിന്നത്. വീണ്ടും വീണ്ടും അവളത് വായിച്ചു.
           the words are not enough to convey
                      how much I miss you…
             Sweet birthday wishes to my love..
                                 yours..
ആരാണെന്നോ എന്താണെന്നോ എന്നുള്ള സൂചനകളൊന്നും തരാത്തതിനാൽ തൊട്ടപ്പുറത്തെ പേജ് എലിസബേത്ത് പെട്ടെന്ന് തന്നെ അത്യധികമായ ഒരാകാംക്ഷയോടെ മറിച്ചു നോക്കി. എന്നാൽ അക്ഷരങ്ങളൊന്നുമില്ലാതെ ഒഴിഞ്ഞു കിടന്ന വെറുമൊരു വെളുത്ത പ്രതലം മാത്രമായിരുന്നു അത്. ഒന്നുമെഴുതാത്ത വെറുമൊരു ബ്ലാങ്ക് പേജ്.    
       ഒന്നുമെഴുതിയില്ലെങ്കിലും ഒരു പാട് അക്ഷരങ്ങൾ അതിൽ വായിക്കാൻ കിടക്കുന്നതായി എലിസബേത്തിന് തോന്നി. അല്ലെങ്കിൽ അക്ഷരങ്ങൾക്ക് പകരം ഒരു ചിത്രം. ഒരു അബ്സ്ട്രാക്റ്റ് പെയിന്റിംഗ് പോലെ. ഒരു നിമിഷം എന്തോ ആലോചിച്ച് നിന്ന ശേഷം എലിസബേത്ത് അതവിടെ തന്നെ തിരിച്ച് വെച്ച് മുറിക്ക് പുറത്തെ വരാന്തയിലേക്കിറങ്ങി.
       വെളിച്ചം കുറഞ്ഞ് നരച്ച ഇരുട്ട് എപ്പോഴും പതിയിരിക്കുന്ന വരാന്തയുടെ ഏറ്റവും ഒരറ്റത്തായി മുകളിലെ ടെറസ്സിലേക്ക് കയറാനായി അഞ്ചോ ആറോ പടികൾ മാത്രമുള്ള ഒരു മരഗോവണിയുണ്ട്. വല്ലപ്പോഴും സോളമൻ മാത്രമേ അങ്ങോട്ട് കയറി പോകുന്നത് എലിസബേത്ത് കണ്ടിട്ടുള്ളു. ഞങ്ങൾ കുട്ടികൾക്ക് കയറിച്ചെല്ലാൻ പറ്റാത്തൊരിടമായാണ് എലിസബേത്ത് ടെറസ്സിനെ കണ്ടിരുന്നത്.
         കുത്തനെയുള്ള പടികൾ കയറുന്നത് ഞങ്ങൾ കുട്ടികൾക്ക് തീരെ എളുപ്പവുമായിരുന്നില്ല. എലിസബേത്ത് അല്പ സമയം അതിന് ചുവട്ടിൽ വന്ന് നിന്നു. പക്ഷേ ഒടുവിലവൾ അതിന് മുകളിലേക്ക് കയറാൻ തന്നെ തീരുമാനിച്ചു. 
       ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം ചിതൽ തിന്ന് ദ്രവിച്ച്, മാറാലയിലും പൊടിയിലും മുഷിഞ്ഞ് കിടന്ന ഗോവണിയുടെ ആദ്യത്തെ പടിയിലേക്ക് വലതു കാലെടുത്ത് അവൾ സാവധാനം വെച്ചു. നാലാമത്തെ പടിയിലെത്തിയാൽ കഷ്ടിച്ച് ഒരാൾക്ക് മാത്രം തല കുനിച്ച് കടന്ന് പോകാൻ കഴിയുന്ന ഒരു വാതിലാണ് അവിടെ ഉണ്ടായിരുന്നത്. ശക്തി മുഴുവൻ ഇടതു കൈയിലേക്ക് സംഭരിച്ചു കൊണ്ട് എലിസബേത്ത് വാതിലിന്റെ ഒരു പാളിയിൽ ആഞ്ഞ് തള്ളി. അസുഖകരമായ ഒരു തുരുമ്പിച്ച ശബ്ദത്തോടെ അത് പുറകിലേക്ക് നിരങ്ങി നീങ്ങി.
       തലമുടിയിൽ നേർത്ത പാട പോലെ പറ്റിപ്പിടിച്ച മാറാല കൈകൾ കൊണ്ട് എടുത്ത് മാറ്റി അവൾ ടെറസ്സിന് മുകളിലേക്ക് ആയാസത്തോടെ കയറി.
       എലിസബേത്ത് ചുറ്റുമൊന്ന് കണ്ണോടിച്ചു. വെള്ളം ശേഖരിച്ച് വെക്കുന്ന കറുപ്പ് നിറത്തിലുള്ള വലിയൊരു പ്ലാസ്റ്റിക് ടാങ്ക്. കാലൊടിഞ്ഞ്, തുണി പിഞ്ഞിയ ഉപയോഗശൂന്യമായ സോളമന്റെ ഒരു ചാരുകസേര, കുറച്ച് പഴയ പ്ലാസ്റ്റിക് പൈപ്പുകൾ, കുറച്ച് ഉണങ്ങിയ നാളികേരങ്ങൾ, ന്യൂസ് പേപ്പറിന്റെ പഴയ രണ്ട് മൂന്ന് കെട്ടുകൾ, രണ്ട് ചിതൽ തിന്ന ജനൽ കതകുകൾ..
         ആകെയൊന്ന് നോക്കിയ ശേഷം താഴെ പാരപ്പെറ്റിലേക്ക് ഇറങ്ങാനായുള്ള ചവിട്ടു പടിയിൽ അവളിരുന്നു. മനസ്സ് പറയുന്ന വഴികളിലൂടെ സഞ്ചരിക്കുന്നു എന്നല്ലാതെ നിയതമായ സഞ്ചാരപഥങ്ങളോ ദിശാബോധമോ എലിസബേത്തിന് അപ്പോഴും ഉണ്ടായിരുന്നില്ല. വഴിയറിയാതെ തിരക്കുള്ള ഒരു തെരുവിൽ അകപ്പെട്ടതു പോല അവളവിടെ പകച്ചിരുന്നു. അന്നേരം സൂര്യന്റെ മഞ്ഞവെയിൽച്ചീളുകൾ അവളുടെ മുടിയിഴകൾക്ക് സ്വർണ്ണ നിറം ചാർത്തിക്കൊടുത്തു. സൂര്യൻ കടലിൽ താഴുകയാണ്.
        ചവിട്ട് പടിക്ക് താഴെ ആരോ വലിച്ചിട്ട രണ്ട് മൂന്ന് സിഗരറ്റ് കുറ്റികളിൽ അറിയാതെ എലിസബേത്തിന്റെ കണ്ണുകൾ ചെന്ന് വീണു. അവൾ കുനിഞ്ഞിരുന്ന് സസൂക്ഷ്മം അവിടമാകെ നിരീക്ഷിച്ചു. തൊട്ടടുത്തായി ഒരു ഷൂസിന്റെ അടയാളങ്ങളും കാലിയായ ഒരു തീപ്പെട്ടിക്കൂടും അവൾ കണ്ടു. പിന്നെ മിഠായി പൊതിഞ്ഞ് വരുന്ന ഒരു വർണ്ണക്കടലാസും. പകുതി കത്തിച്ച് വലിച്ച് ഉപേക്ഷിച്ച ഒരു സിഗരറ്റ് കുറ്റിയെടുത്ത് എലിസബേത്ത് തിരിച്ചും മറിച്ചും നോക്കി. 
       പപ്പയല്ല. വല്ലപ്പോഴുമൊരിക്കലേ പപ്പ സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടുള്ളു. തന്നെയുമല്ല, ഒരു കള്ളനെപ്പോലെ ഇവിടെ വന്ന് ഒളിച്ചിരുന്ന് വലിക്കേണ്ട ആവശ്യവുമില്ല.
     എലിസബേത്തിന്റെ കണ്ണുകൾ അവിടമാകെ വീണ്ടും എന്തോ തിരയാൻ തുടങ്ങിയിരുന്നു. അന്യനായ ആരോ ഒരാൾ ഇവിടെ കുറച്ച് സമയമെങ്കിലും ചിലവഴിച്ചിട്ടുണ്ടെന്നുള്ള ഒരറിവിൽ അവളുടെ മനസ്സിലേക്ക് ഭയത്തിന്റെ ഒരു നരിച്ചീറ് പറന്നിറങ്ങി. ഒരു നീളം കൂടിയ സിഗരറ്റ് കുറ്റിയെടുത്ത് അവൾ കൈയിൽ സൂക്ഷിച്ചു.
      പെട്ടെന്ന് അവൾ താഴെയിറങ്ങി വീണ്ടും ജൂലിയുടെ മുറിയിലേക്ക് ചെന്നു. പുസ്തകത്തിനിടയിൽ നിന്നും ഗ്രീറ്റിംഗ് കാർഡ് വീണ്ടുമെടുത്ത് അവൾ ഗോവണിയിറങ്ങി. 
      ടെറസ്സിന് മുകളിലിരുന്ന് കുറുകുന്ന പ്രാവുകൾ കൂട്ടത്തോടെ കുറുകുന്നത് ഇപ്പോൾ എലിസബേത്തിന്റെ മനസ്സിലാണ്. തൊണ്ടയിലേക്ക് വരണ്ടുണങ്ങിയ ഉമിനീരാണിറങ്ങുന്നത്. ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം കുപ്പിയോടെ വരണ്ട തൊണ്ടയിലേക്കൊഴിച്ചു. മമ്മ പുറകിൽ വന്ന് നിന്നത് അവളറിഞ്ഞില്ല.
     \" നീയെവിടെയായിരുന്നു..ആദീ.?എത്ര തവണ വിളിച്ചു.!\"
    \" കുഞ്ഞേച്ചീടെ മുറീല്..\"
    \" അവടെന്താ നെനക്ക് കാര്യം..?\"
    \" ഒന്നൂല്യ..\"
    \" കൊറച്ച് ദിവസായി ഞാൻ കാണണ് ണ്ട്..\"
        അതിന് മറുപടി പറയാനോ പിന്നെ ചോദിച്ചതൊന്നും കേൾക്കാനോ എലിസബേത്ത് അവിടെ നിന്നില്ല. മുറിയിൽ ചെന്ന് കതകടച്ച് വെറുതെ മലർന്ന് കിടന്നു. കണ്ണുകളിൽ കറുപ്പും വെളുപ്പും നിറത്തിലുളള ദുരൂഹമായ കൊളാഷ് ചിത്രങ്ങൾ നിറഞ്ഞു കിടക്കുകയാണ്. പിന്നെപ്പിന്നെ അവയൊക്കെ അക്ഷരങ്ങളായി തീർത്തും വെളുത്ത ഒരു പ്രതലത്തിൽ വായിച്ചെടുക്കാൻ പാകത്തിൽ നിരന്ന് കിടന്നു. അപ്പോഴവൾ കണ്ണുകൾ ഇറുകെയടച്ചു.
       ഗ്രീറ്റിംഗ് കാർഡിലെ അക്ഷരങ്ങളിലേക്ക് അവളുടെ മനസ്സ് വീണ്ടും നടന്ന് ചെന്നു. ടെറസ്സിൽ നിന്നും കിട്ടിയ സിഗരറ്റ് കുറ്റി അവളൊരു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച് വെച്ചു.
       രാത്രിയിൽ എലിസബേത്ത് പപ്പയുടെ മുറിയിലേക്ക് ചെന്നു. സോളമൻ ഒറ്റക്കേയുളളു. സോഫിയ അടുക്കളയിലാണ്. മമ്മയില്ലാത്തത് നന്നായി. പപ്പയോടവൾക്ക് എന്തും പറയാം. എന്തും ചോദിക്കാം. ചിരിക്കാനും തലോടാനും മാത്രമേ പപ്പക്കറിയൂ.     
      എലിസബേത്തിനെ കണ്ടതും സോളമൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ചു. അവൾ അയാളുടെ മടിയിലേക്ക് കയറി. എന്തോ ആവശ്യമുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ മടിയിൽ കയറി ഇരിക്കുന്നത്. അയാൾ ചിരിച്ചു. പിന്നെ കണ്ണുകൾ കൊണ്ട് ചോദ്യഭാവത്തിൽ നോക്കി.
     \" പപ്പാ..എനിക്കൊരു സിഗരറ്റ് വലിക്കണം..\"



🟥 തുടരുന്നു…


എലിസബേത്ത് -17

എലിസബേത്ത് -17

0
519

🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം പതിനേഴ്      എലിസബേത്തിന് ഒരു സിഗരറ്റ് വലിക്കണം. നാസാരന്ധ്രങ്ങളിൽ അതിന്റെ ഗന്ധമറിയണം. പപ്പയോടല്ലാതെ അവൾക്ക് പറയാൻ മറ്റാരുമില്ല. സോളമന്റെ മറുപടിക്ക് വേണ്ടി അവൾ കാത്തിരുന്നു.       " സിഗരറ്റ് മാത്രമാക്കണ്ട..ഒരു കുപ്പി കളള് കൂടെ വാങ്ങിച്ച് കൊട്..മോൾക്ക്."       വാതിൽപ്പടിയിൽ നിന്ന് സോഫിയ എലിസബേത്തിനെ തറച്ചു നോക്കി. സോഫിയ വന്ന് നിന്നത് എലിസബേത്തോ സോളമനൊ അറിഞ്ഞില്ല. മമ്മയറിയരുതെന്ന് അവൾ കരുതിയിരുന്നു.     മമ്മക്ക് ഈ രാത്രിയിലെ ഉറക്കം പോകാൻ ഇനിയിത് മതി. ചോദ്യങ്ങളും പരാതികളുമായി പപ്പ കഷ്ടപ്പെടും. എല്ലാറ്റിന്