Aksharathalukal

വടിഭൂതമല


വടിഭൂതമല 

അളകാപുരിയെന്ന രാജ്യത്തിലെ   ആനമുടിയെന്ന ഗ്രാമത്തിൽ  ധനപാലൻ എന്നു പേരുള്ള ഒരു ചെറുപ്പക്കാരനും അയാളുടെ അമ്മയും  താമസിച്ചിരുന്നു.

അവന്റെ പിതാവ് ഒരു വിറകുവെട്ടുകാരനായിരുന്നു. ഒരു ദിവസം വിറകു ശേഖരിക്കാൻ വനത്തിൽപോയ അയാളെ ഏതോ വന്യജീവികൾ കൊന്നു തിന്നു. തിരച്ചിൽ നടത്തിയ ഗ്രാമവാസികൾക്ക് അയാളുടെ കുറച്ച് അസ്ഥികളും  മഴുവും മാത്രം ബാക്കി കിട്ടി. പിതാവിനെക്കുറിച്ച്
അധികമോർമ്മകളൊന്നും അവന്റെ
മനസ്സിലില്ലായിരുന്നു. 

അവന്റെയമ്മ രാവിലെ മുതൽ  ഇരുളുംവരെ പല  വീടുകളിലും പണികൾ ചെയ്താണ് കുടുംബം പോറ്റിയിരുന്നത്.
ധനപാലന് വേണ്ടത്ര ഭക്ഷണമോ വിദ്യാഭ്യാസമോ കൊടുക്കാൻ ആ
സാധുസ്ത്രീക്ക് കഴിഞ്ഞില്ല.  ധനപാലൻ ഹൃദയാലുവും ബുദ്ധിമാനുമായിരുന്നു. പ്രായമായപ്പോൾ 
അയാളും പലവിധ ജോലികൾ ചെയ്തു പോന്നു. എങ്കിലും വീട്ടിലെ ദാരിദ്ര്യം മാറിയില്ല.

വസന്തകാലത്തിന്റെ
ആരംഭമായിരുന്നു.
നാടായനാടെങ്ങും  വിടർന്നുനിന്നു പരിമളം പരത്തുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള പൂവുകൾ, മെല്ലെ വീശുന്ന ഇളം തെന്നൽ, പാട്ടു പാടുന്ന കിളികൾ,
കായ്കനികളുടെ ഭാരം മൂലം തലകുനിച്ചു നിൽക്കുന്ന
ഫലവൃക്ഷങ്ങൾ തുടങ്ങി എങ്ങോട്ട് നോക്കിയാലും മനസിൽ കുളിർമ്മയുള്ള കാഴ്ചകൾ മാത്രം.

പതിയെപ്പതിയെ
ആനമുടിയിലേക്കും  വസന്തം  കടന്നുവന്നു.
ജനങ്ങളെല്ലാവരും
ആഹ്ലാദചിത്തരായിരുന്നു.

ആയിടക്ക്  ദിവ്യശക്തിയുള്ള ഒരു സന്യാസി അടുത്ത 
നഗരത്തിലെത്തി.  സന്യാസിയുടെ കീർത്തി നാടെങ്ങും പരന്നു. സന്യാസിയെക്കാണാൻ ദൂരെ  ദിക്കിൽനിന്നുപോലും ആളുകളെത്തി. ജനങ്ങളുടെ നാനാവിധമായ പ്രശ്നങ്ങൾക്ക് അദ്ദേഹം മറുപടി കൊടുത്തുകൊണ്ടിരുന്നു. എല്ലാവരും തൃപ്‌തരായി മടങ്ങി.

സന്യാസിയോട് തന്റെ കഷ്ടപ്പാടിന്റെ കാരണം ചോദിക്കാനായി ധനപാലൻ പുറപ്പെട്ടു. അവിടെ ധാരാളം ജനങ്ങൾ നിന്നിരുന്നു. ഒടുവിൽ ധനപാലന്റെ ഊഴമെത്തി.

\"സ്വാമിജി എന്റെ കഷ്ടപ്പാട് എന്ന് തീരും, എനിക്കൊരു നല്ലകാലം വരുമോ? \"

ധനപാലൻ പ്രതീക്ഷയോടെ സന്യാസിയെ നോക്കി.

\"നിന്റെ ചോദ്യത്തിന് ഉത്തരം തരാൻ എനിക്കാവില്ല.
ഒരുപക്ഷേ 
എന്റെ ഗുരു താടിസന്യാസിക്ക് കഴിഞ്ഞേക്കും\"

\"അദ്ദേഹം എവിടെയാണുള്ളത്?\"

ധനപാലൻ വിനയത്തോടെ ചോദിച്ചു.

സന്യാസി അല്പം ആലോചിച്ചശേഷം പറഞ്ഞു.

\"വടക്കുദിക്കിലേക്ക് ഒരു പകലും ഒരു രാവും നടന്നാൽ 
വടിഭൂതമലയുടെ അടിവാരത്തു ചെല്ലാം. ആ മല കയറുവാൻ മനുഷ്യർക്കാവില്ല. ആ മലയിൽ നിറയെ വിലമതിക്കാനാവാത്ത നിധി കുംഭങ്ങളാണ്. അതിന് കാവൽ നിൽക്കുന്നത് വിചിത്രമായ വടിയിൽ പറന്നു  നടക്കുന്ന വടിമലഭൂതമാണ്. രാത്രിയിൽ വടിമലഭൂതം പാട്ടു പാടും. അപ്പോൾ 
വടിമലഭൂതത്തിനെ മറുപാട്ടു പാടി സന്തോഷിപ്പിക്കണം. പാട്ട് ഇഷ്ടപ്പെട്ടാൽ ഭൂതം മല കയറ്റി വിടും. അല്ലെങ്കിൽ വലിയ 
കല്ലുരുട്ടിയിട്ട് കൊല്ലും. അവിടെ നിന്നും ഒരു പകലും ഒരു രാവും നടന്നാൽ  അഞ്ഞൂറടി വീതിയുള്ള ആമയാറിന്റെ അരികിലെത്തും. അവിടെ പശുക്കുട്ടിയുടെ വലിപ്പമുള്ള ആമയെക്കാണാം. ആമയുടെ പുറത്ത്കേറി നദിയുടെ അക്കരെയെത്തി ഒരു പകലും ഒരു രാവും നടന്നാൽ  വലിയ ആൽമരത്തിനു കീഴിൽ താടിസന്യാസിയെ കാണാൻ പറ്റും. \"

സന്യാസിയോട് നന്ദി പറഞ്ഞിട്ട് 
ധനപാലൻ വീട്ടിലേക്ക് മടങ്ങി.
അടുത്ത ദിവസം പുലർച്ചെ 
യാത്രയിൽ കഴിക്കാനുള്ള വെള്ളവും ആഹാരവുമായി ധനപാലൻ
താടിസന്യാസിയെക്കാണാൻ പുറപ്പെട്ടു.

ഇളവെയിൽ നൃത്തം വെയ്ക്കുന്ന വഴിത്താരയിലൂടെ ധനപാലൻ ഉത്സാഹത്തോടെ നടന്നുകൊണ്ടിരുന്നു. അയാൾക്ക്‌ ചുറ്റും പൂക്കൾ പുഞ്ചിരിക്കുകയും കിളികൾ മധുരമായി പാടുകയും ചെയ്യുന്നുണ്ടായിരുന്നു.

സന്ധ്യ മയങ്ങിയപ്പോൾ അയാൾ ഒരു വലിയ വീടിനടുത്തെത്തി. ആ വീടിനു മുന്നിൽ ഒരാൾ നിൽപ്പുണ്ടായിരുന്നു. ധനപാലൻ അയാളോട്  താൻ
താടിസന്യാസിയെ കാണാൻ പോവുകയാണെന്നും ഇന്ന് രാത്രി ആ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു.

അത്  ധനവാനായ ഒരു കർഷകന്റെ വീടായിരുന്നു. ധാരാളം സ്വത്തും സ്ഥലവും ആടുമാടുകളും
അയാൾക്കുണ്ടായിരുന്നു.
പക്ഷെ അയാളുടെ സുന്ദരിയായ ഏക മകൾക്ക് സംസാരശേഷിയില്ലായിരുന്നു.
അയാൾ മകളെ കൊണ്ടുവന്ന് ധനപാലന് മുന്നിൽ നിർത്തിയിട്ടു ഇങ്ങനെ പറഞ്ഞു.

\"താടിസന്യാസിയോട് എന്റെ മകൾക്ക് എന്ന് സംസാരശേഷി കിട്ടുമെന്ന് ചോദിക്കണം \"

ധനപാലന് അവർ
വിഭവസമൃദ്ധമായ ഭക്ഷണ
പാനിയങ്ങളും കിടക്കുവാൻ  മെത്തയും പുതക്കാൻ പുതപ്പും കൊടുത്തു.

പിറ്റേന്ന് പുലർച്ചെ ധനപാലൻ വീട്ടുകാർക്ക് നന്ദി പറഞ്ഞിട്ട്
വടിഭൂതമല ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ഇളവെയിൽ നൃത്തം വെയ്ക്കുന്ന വഴിത്താരയിലൂടെ ധനപാലൻ ഉത്സാഹത്തോടെ നടന്നുകൊണ്ടിരുന്നു.
അയാൾക്ക്‌ ചുറ്റും പൂക്കൾ പുഞ്ചിരിക്കുകയും കിളികൾ മധുരമായി പാടുകയും ചെയ്യുന്നുണ്ടായിരുന്നു.

സന്ധ്യ മയങ്ങിയപ്പോൾ അയാൾ ഭീമാകരമായ വടിഭൂതമലയുടെ താഴെയെത്തി ഒരു മരത്തിനു കീഴിൽ വിശ്രമിച്ചു.

ക്രമേണ രാത്രിയായി. ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങളും തെളിഞ്ഞു വന്നു. ഭൂതം പാട്ടുപാടുന്നതിനായി അയാൾ കാതോർത്തു. ഇടക്കെപ്പോഴോ മയങ്ങിപ്പോയി.

അകലെ മലമുകളിൽ നിന്നും ഭൂതത്തിന്റെ പാട്ടു കേൾക്കാൻ
തുടങ്ങി. ആ വികൃതമായ
ശബ്ദമാണ് അയാളെ
മയക്കത്തിൽനിന്നും ഉണർത്തിയത്.

സൂക്ഷിച്ചു നോക്കിയപ്പോൾ അകലെ വിചിത്രമായ ഒരു വടിയിലിരുന്നു പാടുന്ന ഭൂതത്തിനെ അവ്യക്തമായി കണ്ടു.

\"വെറ്റിലയുണ്ട്, പുകയിലയുണ്ട്, അടയ്ക്കായുണ്ട്, ചുണ്ണാമ്പില്ല!\"

\"വെറ്റിലയുണ്ട്, പുകയിലയുണ്ട്, അടയ്ക്കായുണ്ട്, ചുണ്ണാമ്പില്ല!\"

\"വെറ്റിലയുണ്ട്, പുകയിലയുണ്ട്, അടയ്ക്കായുണ്ട്, ചുണ്ണാമ്പില്ല!\"

ഈ നാലു വാക്യങ്ങൾ ഉച്ചത്തിൽ പാടിക്കൊണ്ട് ഭൂതം വടിയിലിരുന്ന്‌ മലക്ക് ചുറ്റും  പമ്പരംപോലെ പറന്നു നടന്നു. ധനപാലൻ ഇവ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെട്ടന്ന് മനസിൽ തോന്നിയ വരികൾ അയാൾ ഉറക്കെപ്പാടി. 

\"ഇഡ്ഡലിയുണ്ട്, ദോശയുണ്ട്, വടയുണ്ട്, ചട്നിയില്ല! \"

\"ഇഡ്ഡലിയുണ്ട്, ദോശയുണ്ട്, വടയുണ്ട്, ചട്നിയില്ല! \"

\"ഇഡ്ഡലിയുണ്ട്, ദോശയുണ്ട്, വടയുണ്ട്, ചട്നിയില്ല!\"

അയാളുടെ പാട്ടു കേട്ട ഭൂതം താഴേക്കു വടി തിരിച്ചു.
ധനപാലന്റെയടുത്തെത്തി അയാളെ കെട്ടിപ്പിടിച്ചുമ്മ വച്ചു.
പിന്നെ അവർ ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്തു.

\"വെറ്റിലയുണ്ട്, പുകയിലയുണ്ട്, അടയ്ക്കായുണ്ട്, ചുണ്ണാമ്പില്ല!
ഇഡ്ഡലിയുണ്ട്, ദോശയുണ്ട്, വടയുണ്ട്, ചട്നിയില്ല! \"

\"വെറ്റിലയുണ്ട്, പുകയിലയുണ്ട്, അടയ്ക്കായുണ്ട്, ചുണ്ണാമ്പില്ല!
ഇഡ്ഡലിയുണ്ട്, ദോശയുണ്ട്, വടയുണ്ട്, ചട്നിയില്ല! \"

\"വെറ്റിലയുണ്ട്, പുകയിലയുണ്ട്, അടയ്ക്കായുണ്ട്, ചുണ്ണാമ്പില്ല!
ഇഡ്ഡലിയുണ്ട്, ദോശയുണ്ട്, വടയുണ്ട്, ചട്നിയില്ല! \"

\"വടിഭൂതമല.. വടിഭൂതമല.. വടിഭൂതമല.. \"

\"വടിമലഭൂതം.. വടിമലഭൂതം.. വടിമലഭൂതം.. \"

നേരം പുലരുംവരെ  അവർ കൈകൾ കൊട്ടി പാട്ടുപാടി മതിമറന്നു നൃത്തം ചെയ്തു. ഒടുവിൽ പാട്ടു നിർത്തിയിട്ടു ഭൂതം അവനോടു വിവരം തിരക്കി.

ധനപാലൻ ഭൂതത്തോട്  താൻ
താടിസന്യാസിയെ കാണാൻ പോവുകയാണെന്നും മല കയറാൻ സഹായിക്കണമെന്നും അപേക്ഷിച്ചു. അപ്പോൾ ഭൂതം ഇങ്ങനെ പറഞ്ഞു.

\"ഞാൻ നിങ്ങളെ മല കയറാൻ സഹായിക്കാം. ഞാൻ മരിച്ചിട്ട് 1200 വർഷങ്ങൾ കഴിഞ്ഞു. ഇതുവരേം മോക്ഷം കിട്ടിയിട്ടില്ല. എനിക്ക് എപ്പോൾ മോക്ഷം കിട്ടുമെന്ന് സന്യാസിയോട് ചോദിക്കണം.\"

ധനപാലൻ സമ്മതിച്ചു. ഭൂതം അയാളെ വടിയിലിരുത്തി മലയുടെ അപ്പുറമെത്തിച്ചു.
അപ്പോഴേക്കും സൂര്യനുദിച്ചു കഴിഞ്ഞിരുന്നു.
ഭൂതത്തോട് നന്ദി പറഞ്ഞിട്ട് ധനപാലൻ അഞ്ഞൂറടി വീതിയുള്ള ആമയാറ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ഇളവെയിൽ നൃത്തം വെയ്ക്കുന്ന വഴിത്താരയിലൂടെ ധനപാലൻ ഉത്സാഹത്തോടെ നടന്നുകൊണ്ടിരുന്നു. അയാൾക്ക്‌ ചുറ്റും പൂക്കൾ പുഞ്ചിരിക്കുകയും കിളികൾ മധുരമായി പാടുകയും ചെയ്യുന്നുണ്ടായിരുന്നു.

സന്ധ്യയായപ്പോൾ അയാൾ ആമയാറിനരുകിലെത്തി. അവിടെ പശുക്കുട്ടിയോളം വലിപ്പമുള്ള ആമയെ കണ്ടു. ഉറങ്ങുന്ന ആമയെ അയാൾ വിളിച്ചുണർത്തി. ആമ കാര്യം തിരക്കി.

ധനപാലൻ ആമയോട്  താൻ
താടിസന്യാസിയെ കാണാൻ പോവുകയാണെന്നും നദി കടക്കാൻ സഹായിക്കണമെന്നും അപേക്ഷിച്ചു. അപ്പോൾ ആമ ഇങ്ങനെ പറഞ്ഞു.

\"ഞാൻ നിങ്ങളെ നദിയുടെ അക്കരെയെത്താൻ സഹായിക്കാം. എനിക്ക് 500 വയസായി. ഞാൻ തീ തുപ്പുന്ന ഒരു ഡ്രാഗൻ അതായത് ഒരു 
വ്യാളിയാകുമെന്ന് ഒരു സന്യാസി പ്രവചിച്ചിരുന്നു. ഞാൻ എന്ന് ഡ്രാഗനാകുമെന്ന് സന്യാസിയോട് ചോദിക്കണം.\"

ധനപാലൻ സമ്മതിച്ചു. ആമ അയാളെ മുതുകിലിരുത്തി  നദിയുടെ അപ്പുറമെത്തിച്ചു.
അപ്പോഴേക്കും സൂര്യനുദിച്ചു കഴിഞ്ഞിരുന്നു.
ആമയോട്  നന്ദി പറഞ്ഞിട്ട് ധനപാലൻ 
താടിസന്യാസിയിരിക്കുന്ന ആൽത്തറ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 

ഇളവെയിൽ നൃത്തം വെയ്ക്കുന്ന വഴിത്താരയിലൂടെ ധനപാലൻ ഉത്സാഹത്തോടെ നടന്നുകൊണ്ടിരുന്നു. അയാൾക്ക്‌ ചുറ്റും പൂക്കൾ പുഞ്ചിരിക്കുകയും കിളികൾ മധുരമായി പാടുകയും ചെയ്യുന്നുണ്ടായിരുന്നു.

ഒരു പകലും ഒരു രാത്രിയും നടന്നപ്പോൾ ധനപാലൻ
താടിസന്യാസിയെ കണ്ടെത്തി.സന്യാസിയുടെ താടിക്ക്  അയാളുടെ ശരീരത്തിന്റെ ഇരട്ടി നീളമുണ്ടായിരുന്നു.

ധനപാലനെത്തിയപ്പോൾ ധ്യാനത്തിലിരുന്ന സന്യാസി കണ്ണുകൾ തുറന്നു.

\"നല്ലവനും ബുദ്ധിമാനുമായ ചെറുപ്പക്കാരാ, നിങ്ങളുടെ ചോദ്യങ്ങൾ
എല്ലാമെനിക്കറിയാം.  തടസങ്ങളെല്ലാം താണ്ടി
ധൈര്യപൂർവം
ഇവിടെവരെയെത്തിയ നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. തന്നെപ്പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങളും വിഷമങ്ങളും ഉൾക്കൊള്ളാൻ കഴിയുന്ന ഹൃദയമുള്ള നിങ്ങൾക്ക് അർഹതപ്പെട്ടതും  അതിലധികവും വഴിയേ കിട്ടും. നിങ്ങൾക്ക്  എന്നോട്  മൂന്ന് ചോദ്യങ്ങൾ ചോദിക്കാം\"

സന്യാസി പറഞ്ഞു.

തന്റെ പക്കൽ  നാല്
ചോദ്യങ്ങളുണ്ട്. മറ്റുള്ളവരെയപേക്ഷിച്ചു തന്റെ ചോദ്യം നിസ്സാരമാണന്നു ധനപാലൻ മനസിലാക്കി. അതിനാൽ അത് വേണ്ടെന്നു വച്ചു.

\"ആമയാറിലെ ആമ എന്നാണ് തീ  തുപ്പുന്ന ഡ്രാഗനാകുന്നത് \"

ധനപാലൻ ആദ്യത്തെ ചോദ്യം ചോദിച്ചു.

\"തന്റെ പുറംതോട് ഉപേക്ഷിക്കുന്ന നിമിഷം അവൻ തീ തുപ്പുന്ന ഡ്രാഗനാകും\"

\"വടിഭൂതത്തിന് എന്ന് മോക്ഷം കിട്ടും \"

\"വിചിത്രമായ വടി ഉപേക്ഷിക്കുന്ന നിമിഷം അയാൾക്ക്‌ സ്വർഗ്ഗം കിട്ടും \"

\"ധനവാനായ കർഷകന്റെ ഊമയായ പെൺകുട്ടി എപ്പോൾ സംസാരിക്കും?\"

\"അവളുടെ കല്യാണം നടക്കുന്ന നിമിഷം \"

താടിസന്യാസി കണ്ണടച്ചു.

ധനപാലൻ തിരിച്ചു നടന്നു.
ആദ്യം  അയാൾ 
ആമയാറിനടുത്തെത്തി.
അവിടെ പശുക്കുട്ടിയുടെ വലിപ്പമുള്ള ആമ അയാളെ കാത്തു നിൽപ്പുണ്ടായിരുന്നു.

\"എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയോ?\"

ആമ ചോദിച്ചു.

\"എന്നെ നദിയുടെയക്കര കടത്തു അപ്പോൾ പറയാം \"

ധനപാലൻ  പറഞ്ഞു.

ആമ അയാളെ പുറത്തിരുത്തി നീന്താൻ തുടങ്ങി.
അക്കരെയെത്തിയപ്പോൾ ധനപാലൻ പറഞ്ഞു.

\"നീ നിന്റെയീ കട്ടിയുള്ള തോടിനുള്ളിൽ നിന്നും പുറത്തു വരുന്ന നിമിഷം തീ തുപ്പുന്ന ഡ്രാഗനാകും \"

ആമ തോട് ഊരിയെടുത്തു. അപ്പോൾ അതിനുള്ളിൽ നിന്നും തിളങ്ങുന്ന ധാരാളം രത്നങ്ങൾ ചിതറി വീണു.

ആമ പെട്ടന്ന് തീ തുപ്പുന്ന ഡ്രാഗനായി മാറി. അത് വായ തുറന്ന്‌ ആകാശത്തേക്ക്‌ തീ തുപ്പി.

\"ഈ തോട് നീയെടുത്തുകൊള്ളൂ \"

ഡ്രാഗനായി മാറിയ ആമ പറഞ്ഞു.

\"എനിക്ക് വേണ്ട \"

ധനപാലൻ തലയാട്ടി.

\"ഈ തോടിനുള്ളിൽ കുടുങ്ങി ജീവിതം മുഴുവൻ നശിപ്പിക്കാൻ എനിക്കൊട്ടുമാഗ്രഹമില്ല \"

അയാളോട് നന്ദി പറഞ്ഞശേഷം തീ തുപ്പിക്കൊണ്ട് ഡ്രാഗൻ ആകാശത്തേക്ക് പറന്നു പോയി.

ചിതറിക്കിടക്കുന്ന രത്നങ്ങൾ എടുത്തുകൊണ്ടു ധനപാലൻ വടിഭൂതമല ലക്ഷ്യമാക്കി യാത്ര തുടർന്നു.

വടിഭൂതമലയുടെ താഴെ കൈയിൽ വടിയുമായി 
വടിമലഭൂതം അയാളെ കാത്തുനിന്നിരുന്നു.

\"എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയോ?\"

ഭൂതം ചോദിച്ചു.

\"തീർച്ചയായും\"

ധനപാലൻ പറഞ്ഞു.

\"എന്നെയാദ്യം മലയുടെ അപ്പുറത്തെത്തിക്കൂ. അപ്പോൾ പറയാം.\"

ഭൂതം അയാളെ വടിയിലിരുത്തി മലയുടെ അപ്പുറമെത്തിച്ചു.

\"ഈ വിചിത്രമായ വടി
ഉപേക്ഷിക്കുന്ന നിമിഷം താങ്കൾക്ക് മോക്ഷം ലഭിക്കും\"

\"ഈ വടി
നിങ്ങളെടുത്തുകൊള്ളൂ \"

ഭൂതം വടി ധനപാലന് കൊടുത്തു.

\"വേണ്ട.\"

ധനപാലൻ നിഷേധിച്ചു.

\"ജീവിതകാലം മുഴുവൻ ഈ മലയിലെ ആർക്കുമുപകാരമില്ലാത്ത നിധിയുടെ മുകളിൽ
കാവൽ നിൽക്കുവാൻ
എനിക്കൊട്ടുമാഗ്രഹമില്ല.\"

\"ഒരു നിമിഷം, ഞാനുടനെ വരാം \"

ഭൂതം വടിയിൽക്കയറി മലമുകളിലേക്ക് പറന്നുപോയി.  അധികം വൈകാതെ മഞ്ഞുപോലെ വെളുവെളുത്തയൊരു  കുതിരയുമായി  മടങ്ങിവന്നു. അതിന്റെ വയറിന്റെ
ഇരുവശങ്ങളിലും വലിയ നിധികുംഭങ്ങൾ കെട്ടിവച്ചിരുന്നു.

\"എനിക്ക് മോക്ഷം നേടിത്തന്നയാൾക്ക് ഇത്രയെങ്കിലും ചെയ്തില്ലേൽ മോശമല്ലേ.\"

ഭൂതം നന്ദിയോടെ ധനപാലനെ നോക്കി.

\"നിന്റെ ഏഴു തലമുറയ്ക്ക് കഴിയാനുള്ള ധനം ഇതിലുണ്ട്. ഈ കുതിരക്ക് മറ്റു കുതിരകളെക്കാൾ പത്തിരട്ടി ശക്തിയും വേഗതയുമുണ്ട്. ഇതിന് ഒരിക്കലും പ്രായമാവില്ല, മരിക്കുകയുമില്ല \"

ധനപാലൻ ഭൂതത്തോട് നന്ദി പറഞ്ഞു.

ഭൂതം വിചിത്രമായ വടി അകലേക്ക്‌ വലിച്ചെറിഞ്ഞു. അതെനിമിഷം ആ രൂപം അപ്രത്യക്ഷമായി.

വെളുത്ത കുതിരപ്പുറത്തു കയറി ധനപാലൻ മുന്നോട്ട് പോയി.
വൈകിട്ട് ധനവാനായ കർഷകന്റെ വലിയ വീട്ടിലെത്തി. കർഷകനും മകളും ഭാര്യയും അയാളെ കാത്തു നിന്നിരുന്നു.

പോയശേഷമുള്ള വിശേഷങ്ങൾ ധനപാലൻ അവരോടു പറഞ്ഞു. അമൂല്യങ്ങളായ നിധികുംഭങ്ങൾ കണ്ടപ്പോൾ അവർക്ക് വളരെയധികം സന്തോഷമായി.

\"എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയോ \"

കർഷകൻ ചോദിച്ചു.

\"മകളുടെ വിവാഹം നടക്കുന്ന നിമിഷം അവൾ സംസാരിക്കാൻ തുടങ്ങും \"

ധനപാലൻ പറഞ്ഞു.

\"ഇന്ന് രാത്രികൂടി ഇവിടെ തങ്ങാൻ എന്നെ അനുവദിക്കണം. വഴിയിൽ കൊള്ളക്കാർ ഉപദ്രവിക്കും \"

പിറ്റേന്ന് താമസിച്ചാണ് അയാൾ ഉണർന്നത്. പുറത്ത് വളരെയേറെ ആളുകളുടെ ആരവമുയർന്നുകേട്ടു.
എന്തോ ആഘോഷം നടക്കാൻ പോകുന്നുവെന്നു അയാൾ ഊഹിച്ചു.

ധനികനായ കർഷകൻ അയാളുടെയടുത്തെത്തി.

\"നല്ലവനും ബുദ്ധിമാനുമായ ചെറുപ്പക്കാരാ,  എന്റെ മകളെ നിങ്ങളെക്കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ ഞാൻ തീരുമാനിച്ചു. നിങ്ങളെക്കാൾ അനുരൂപനായ ഒരു വരനെ അവൾക്ക് കിട്ടില്ല \"

അവർ അയാളെ വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ചു. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തി ധനപാലൻ കർഷകന്റെ മകളുടെ കഴുത്തിൽ താലിയണിയിച്ചു. അതെ നിമിഷം നവവധു ഉറക്കെ പൊട്ടിച്ചിരിച്ചു.
എല്ലാവർക്കും സന്തോഷമായി.

രണ്ടു ദിവസങ്ങൾക്കു ശേഷം ധനപാലനും ഭാര്യയും അമൂല്യങ്ങളായ നിധിയുമായി വെളുവെളുത്ത കുതിരപ്പുറത്തു കയറി തന്റെ ഗ്രാമത്തിലേക്കു പുറപ്പെട്ടു.

അനന്തരം വലിയ വീട് വച്ചു അമ്മയോടൊപ്പം അവർ വളരെക്കാലം സുഖമായി ജീവിച്ചു 


(ഏവർക്കും ശുഭദിനം!  മനസിൽ കുട്ടിത്തം കനലുപോലെ സൂക്ഷിക്കുന്ന വായനക്കാർക്കായി സമർപ്പിക്കുന്നു. ഗൗരവമുള്ളവർക്കും വായിക്കാവുന്നതാണ് )

🌹


(മനു നാസിക് )