Aksharathalukal

നഗ്നയായ രാത്രി

എത്ര വേഗമാണ് ഇരുൾപ്പുതപ്പിനെ
തട്ടിമാറ്റി നഗ്നയാക്കിയത്!

മൂകത നിറഞ്ഞ ഇരുളിൻ്റെ മറപറ്റി
ഒരു നിശ്വാസച്ചൂടിൽ
ആലിംഗനത്തിൽ മുഴുകുമ്പോൾ
ഒരു ഇലയനക്കം പോലും
പേടിപ്പെടുത്തുന്നതായിരുന്നു.

എത്ര വേഗമാണാരാത്രി
പ്രണയാർദ്രമായത്!
നിലാവിനെ ചുംബിച്ച മഞ്ഞുതുള്ളി
പിൻവാങ്ങാൻ മടിച്ച് നിൽപ്പുണ്ട്
ഒരു കുഞ്ഞിലത്തുമ്പിൽ.

ഒട്ടിക്കിടന്ന നിൻ മാറിലെ ചൂടിനെ
എത്രമേൽ തണുപ്പിച്ചു ചുംബനമഴ.
നീണ്ട മുടിയിഴകളിൽ നിൻവിരൽസ്പർശം
ഇളംതെന്നൽ പോൽ തഴുകി മടങ്ങവേ
അനുരാഗതേന്മഴ പൊഴിയുന്നെൻ മനസ്സിൽ.


ഇന്ന് ആ ഓർമ്മപ്പുതപ്പിനുള്ളിൽ
വിരഹത്തിൻ നോവിൻ്റെ കയ്പുനുകർന്നു
കിടക്കവേ മാനത്ത് നിന്നൊറ്റ-
നക്ഷത്രമെന്നെ നോക്കി കണ്ണിറുക്കി;
നിൻപുഞ്ചിരിമുഖം നിഴൽചിത്രമായ് തെളിഞ്ഞു.

പകലിനെ തനിച്ചാക്കി കറുത്ത സൂര്യൻ
ഇരുളിൽ മറഞ്ഞു.
കാലം തെറ്റി വന്ന പെരുമഴ
പ്രളയമായി, നിനയ്ക്കാതെ
കരുതി വെച്ചതെല്ലാം സ്വന്തമാക്കി മടങ്ങി.

തനിച്ചായ ജന്മങ്ങൾ
ഓർമ്മകൾ പെറുക്കിയെടുത്ത്
എങ്ങോട്ടെന്നില്ലാതെ നടന്നകന്നു.

ചിറകു നഷ്ടമായൊരു കിളി
പ്രത്യാശച്ചില്ലയിൽ കാവലിരുന്നു.

************************
- സുജ ശശികുമാർ 
************************