ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലാണ് ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും കുട്ടിക്കാലം ചിലവഴിച്ചതും.
വർഷങ്ങൾക്ക്ശേഷം ഈ മഹാനഗരത്തിലെ സിമിൻ്റ് കൂട്ടിലിരുന്നുകൊണ്ട് ആ പഴയ കാലത്തിലേക്ക് ഒരു എത്തി നോട്ടം നടത്തട്ടെ.
എന്റെ ഗ്രാമത്തിലെ ഭൂരിഭാഗം ആൾക്കാരും നാട്ടിൻപുറങ്ങളിൽനിന്നും വന്ന കുടിയേറ്റക്കാരായ
കർഷകരായിരുന്നു.
കഠിനാധ്വാനികളായ കർഷകർക്ക് മുന്നിൽ കാട്ടുമരങ്ങളും വന്യജീവികളും വഴിമാറിക്കൊടുത്തു.
വർഷങ്ങൾ കടന്നു പോയി. കൊടുങ്കാടുകൾ
മനുഷ്യവാസമുള്ള ചെറുഗ്രാമങ്ങളായി
രൂപാന്തരപ്പെട്ടു.
അതോടൊപ്പം പള്ളികളും പള്ളിക്കൂടങ്ങളും അമ്പലങ്ങളും മഠങ്ങളും കടകമ്പോളങ്ങളും
മുളച്ചു പൊങ്ങി. പിന്നെ ചെറിയ ടൗണുകളും പട്ടണങ്ങളുമുണ്ടായി.
അക്കാലത്ത് അയൽക്കാർ തമ്മിൽ ദൃഡമായ
ആത്മബന്ധമുണ്ടായിരുന്നു.
ഏതെങ്കിലും വീട്ടിൽ വിശിഷ്ട വിഭവങ്ങളുണ്ടാക്കിയാൽ അവർ കഴിക്കുമുമ്പുതന്നെ അതിന്റെ പങ്ക് അയൽവീടുകളിൽ എത്തിയിരിക്കും.
അതുപോലെ അവിചാരിതമായി വിരുന്നുകാരെത്തിയാൽ പാലും ചായപ്പൊടിയും പഞ്ചസാരയും അയൽക്കാർ അറിഞ്ഞ് കൊടുക്കുമായിരുന്നു.
ഉത്സവങ്ങളും പെരുന്നാളുകളും ഒരേ പോലെ ആഘോഷിച്ചിരുന്നു. അവിടെ ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകളില്ലായിരുന്നു.
ഗ്രാമത്തിലെ സ്കൂളിൽ നാലാം തരംവരെയേ ക്ലാസ്സുകൾ ഉണ്ടായിരുന്നു. അഞ്ച് മുതൽ അകലെയുള്ള
സ്കൂളിൽ പോകണം. കൂട്ടുകാരോടൊപ്പം മൈലുകൾ നടന്ന് വേണം സ്കൂളിൽ പോകാൻ.
തിരിച്ചു വരുമ്പോൾ പറിക്കേണ്ട മാങ്ങയും കശുവണ്ടിയുമൊക്കെ രാവിലെതന്നെ കണ്ടു വയ്ക്കും. കളിയും ചിരിയുമായുള്ള ആ പോക്ക് കാൽനടയാത്രയുടെ വിരസതയകറ്റിയിരുന്നു.
ആ വഴി ഒരു ബസ് മാത്രമേ ഉണ്ടായിരുന്നു. അതിൽ കേറുവാൻ രണ്ടു കിലോമീറ്റർ
നടക്കണം. ആ സമയംകൊണ്ട് കുറുക്കുവഴിയിലൂടെ മലയിറങ്ങി റോഡിലെത്താം.
ഹൈറേഞ്ചിലെ പറമ്പുകളിൽ ധാരാളം കൃഷികൾ ചെയ്തിരുന്നു. മരച്ചീനി, മധുരക്കിഴങ്ങ് ചേന, കാച്ചിൽ തുടങ്ങിയ വിളകൾക്കൊപ്പം കുമ്പളം, മത്ത, വെണ്ട, ചീര, പടവലം, പാവക്ക, പയർ, മുളക് തുടങ്ങി നിരവധി പച്ചക്കറികളും നട്ടു വളർത്തിയിരുന്നു.
മാവ്, തെങ്ങ്, പ്ലാവ്, കടപ്ലാവ്, കവുങ്ങ്, കാപ്പി, കൊക്കോ, പല തരം പുളികൾ എന്നിവ
സുലഭ്യമായി കാണാമായിരുന്നു.
വളർത്തുമൃഗങ്ങളായ ആട്, പശു, എരുമ, പന്നി, കോഴി ഇവയിൽ ഏതെങ്കിലുമില്ലാത്ത വീടുകൾ ചുരുക്കമായിരുന്നു. കുരയ്ക്കാനൊരു നാടൻ പട്ടിയും മീൻതല തിന്നാനൊരു പൂച്ചയും നിർബന്ധമായിരുന്നു.
റേഷൻ സാധനങ്ങളും ചുരുക്കം പലചരക്ക് സാധനങ്ങളും മത്സ്യമാംസാദികളും മാത്രമേ വെളിയിൽ നിന്നും വാങ്ങിയിരുന്നുള്ളു.
ഏത് കാലാവസ്ഥയിലും കഴിക്കാൻ എന്തെങ്കിലുമൊക്കെ വീടുകളിൽ കാണുമായിരുന്നു.
വേനൽക്കാലത്ത് കപ്പ
വാട്ടിയുണക്കി മഴക്കാലത്ത് ഉപയോഗിക്കുമായിരുന്നു. അതു പോലെ ചക്കച്ചുളയും ഉണക്കി സൂക്ഷിക്കുമായിരുന്നു.
ആഘോഷാവസരത്തിലും അവധിക്കാലത്തും ബന്ധുവീടുകളിൽ പോക്കുവരവ് പതിവായിരുന്നു. അതിനായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.
വീടിനടത്തുള്ള മരത്തിലിരുന്ന് കാക്ക കരഞ്ഞാലുടനെ അമ്മമാർ പറയും. ആരോ
ഇന്ന് വിരുന്ന് വരുന്നുണ്ട്. ചിലപ്പോൾ കണക്ക് കൂട്ടി വരുന്നയാളിന്റെ പേരുവരെ കൃത്യമായി പറയും.
മൂക്കു കടിച്ചാലുടൻ പറയും ഇന്നയാൾ എന്നെ ഓർക്കുന്നുണ്ട്. ഒന്ന് അവിടെ വരെ പോയിട്ട് വരാം. ഫോണും എഴുത്തും ഇല്ലാതെ തന്നെ അവർ എല്ലാം മനസിലാക്കുമായിരുന്നു.
ബന്ധുക്കൾ വീട്ടിൽ വന്നാൽ ഉത്സവ പ്രതീതിയായിരുന്നു. അവർ കൊണ്ടുവരുന്ന
പലഹാരങ്ങൾ തട്ടിപ്പറിക്കാൻ കുട്ടികൾ മത്സരിക്കും.
വിരുന്നുകാർ വരുന്ന വിവരം ആദ്യം വിളിച്ചറിയിക്കുന്നത് പട്ടിയാണ്. മുഴുവൻ ശക്തിയിൽ വാലാട്ടി അവൻ ഉറക്കെ
കുരയ്ക്കും.
അടുത്തയൂഴം കോഴികളുടേതാണ്. പറമ്പിൽ കാമുകിമാരോടൊപ്പം സല്ലപിച്ചുകൊണ്ട്
നിൽക്കുന്ന പൂവൻകോഴി വരുന്നവരെ തല ചെരിച്ചു നോക്കിയിട്ട് അപായമണി മുഴക്കി ഉച്ചത്തിൽ കൂകും.
ഇന്ന് നമ്മളിലൊരാളുടെ കഥ തീരും എന്നാണതിനർത്ഥം. ഇതിനോടകം പൂവനെ പിടിക്കാൻ കുട്ടികൾക്ക് ഉത്തരവ് കിട്ടിയിരിക്കും.
വീട്ടിലെ കുട്ടികളും വിരുന്നു വന്ന കുട്ടികളും പൂവനെ തപ്പിയിറങ്ങും. ഇതേവരെ ദേഹമനങ്ങാതെ മിനുങ്ങി നടന്ന സുന്ദരൻ പൂവൻ എന്നെ കൊല്ലുന്നേ എന്ന് അലറിക്കരഞ്ഞുകൊണ്ട് അടുത്ത മരത്തിലേക്ക് പറന്നു കയറും.
പിടക്കോഴികൾ എൻ്റെ ചേട്ടനെ കൊല്ലുന്നെ .. എൻ്റെ ചേട്ടനെ കൊല്ലുന്നെ.. എന്ന്
ലോകത്തോടുമുഴുവൻ വിളിച്ചു പറഞ്ഞുകൊണ്ട് നിറ കണ്ണുകളോടെ ആ കാഴ്ച നോക്കി നിൽക്കും.
അന്നൊക്കെ മാരകരോഗങ്ങളും മാറാവ്യാധികളും നാട്ടിലില്ലായിരുന്നു. ചെറിയ അസുഖങ്ങൾക്ക് വീട്ടുമരുന്ന് ധാരാളമായിരുന്നു. കൂടിയാൽ സർക്കാർ ആശുപത്രിയിൽ പോകും.
കിണറുകളിലും അരുവികളിലും കണ്ണീരുപോലുള്ള തെളിനീരുണ്ടായിരുന്നു.
യാത്ര പോകുമ്പോൾ കുടിവെള്ളം കരുതേണ്ട ആവശ്യമില്ലായിരുന്നു. പാതയോരത്തുള്ള
ഏതെങ്കിലും കിണറ്റിൽനിന്നും ശുദ്ധജലം ആവശ്യത്തിന്
കോരിക്കുടിക്കും.
ദൂരെ നിരനിരയായി പച്ചപ്പുതച്ച മലകൾ കാണാമായിരുന്നു. രാവിലെ മലമുകളിൽ ഉയർന്നു നിൽക്കുന്ന മഞ്ഞ് ഹൃദയത്തിന് കുളിർമ്മ നൽകും.
വേനലിനും മഴക്കും മഞ്ഞിനും വസന്തത്തിനും ഹേമന്തത്തിനും , ശരത്തിനും അതിന്റേതായ നിറങ്ങൾ ഉണ്ടായിരുന്നു. വർണ്ണങ്ങൾ ഉണ്ടായിരുന്നു.
വളർച്ചയുടെ പടവിൽ ജീവിക്കാനായി അന്യദേശത്ത് പോകേണ്ടിവന്നു. പിന്നെ അവിടെ സ്ഥിരതാമസമായി.
ഇടക്കിടക്ക് ഉറ്റവരെ കാണാൻ നാട്ടിൽ പോകുമ്പോൾ നാടിനും നാട്ടുകാർക്കും ഗ്രാമത്തിനും വന്ന മാറ്റങ്ങൾ വേദനയോടെ നോക്കിനിന്നു.
ടിവിയുടെ കടന്നുവരവ് മനുഷ്യബന്ധങ്ങളിൽ വലിയ വിള്ളലുകളുണ്ടാക്കി.
മൊബൈൽ ഫോണും അതിലൂടെയുള്ള
സോഷ്യൽ മീഡിയയുടെ കടന്നുവരവും അവശേഷിച്ച ബന്ധങ്ങളുടെ കണ്ണിയും അറത്തുകളഞ്ഞു.
ആർക്കും തലതിരിച്ച് മറ്റുള്ളവരെ നോക്കുവാൻ പോലും സമയമില്ലാതായി.
ഇപ്പോൾ നാട്ടിൽ പരിചയക്കാർ വിരലിൽ എണ്ണാൻപോലും ഇല്ലാതായിരിക്കുന്നു. ഉളളവർ തന്നെ സമയത്തിനു മുമ്പ് വൃദ്ധരായി മാറിക്കഴിഞ്ഞു.
വിളർച്ചയുള്ള കണ്ണുകളിൽ
നിസ്സഹായത മാത്രം. പരസ്പരം സംസാരിക്കുവാൻ വിഷയങ്ങളില്ല.
ബന്ധുവീടുകളിൽ ചെന്നാൽ പണ്ടത്തെ സൗഹൃദം കാണാനില്ല.
കൊച്ചു കുട്ടികൾ വളർന്നു വലുതായിരിക്കുന്നു. അവർക്ക് പ്രവാസികളോടും അവരുടെ മക്കളോടും പറയത്തക്ക
ബന്ധമോ മമതയോ ഇല്ല.
വല്ലപ്പോഴും വന്നുപോകുന്ന വെറും അതിഥികൾ മാത്രമായേ തങ്ങളേ കാണാറുള്ളൂ.
ഒന്നോ രണ്ടോ വാക്കിൽ കുശലം പറഞ്ഞിട്ട് അവർ മൊബൈലിലെക്ക് തല പുഴ്ത്തും.
മരങ്ങളുടെ പച്ചപ്പില്ലാത്ത കുന്നായ കുന്നുകൾ വെളുത്ത് നരച്ച് ഉണങ്ങി നിൽക്കുന്നു. മഞ്ഞിൻ്റെ സ്ഥാനത്ത് പുക പടലങ്ങൾ ഉയരുന്നു.
വളർത്തുമൃഗങ്ങൾ ബാദ്ധ്യതയായി മാറി. കോഴിയുടെ കൂകലോ, ആടിൻ്റെ കരച്ചിലോ. പശുവിന്റെ മ്മേന്നുള്ള വിളിയോ കേൾക്കാനില്ല.
കാട് കേറിക്കിടക്കുന്ന പറമ്പുകളിൽ പാമ്പുകൾ ആവാസ കേന്ദ്രമാക്കിയിരിക്കുന്നു.
വീടിനു ചുറ്റും നാട്ടുവഴിവരെ സിമിൻ്റ് കട്ടകൾ വച്ച് ഉറപ്പിച്ചിരിക്കുന്നു. പെയ്യുന്ന മഴ വെള്ളം അപ്പാടെ ഒഴുകിപ്പോകും.
കടയിലേക്ക് പോകുന്ന ഗൃഹനാഥൻ്റെ കൈവശം അമ്മമാർ വാങ്ങേണ്ട സാധനങ്ങളുടെ ഒരു
ലിസ്റ്റ് കൊടുക്കും.
അതിൽ കാന്താരിമുളകു മുതൽ കറിവേപ്പിലവരെയും കാണും.
പണി എടുക്കുവാൻ ആർക്കും താൽപര്യമില്ല. എല്ലാം
റെഡിമേയ്ടായി കിട്ടുമ്പോൾ എന്തിനു മിനക്കെടണം. ആട്ടുകല്ലും, അരകല്ലും, ഉരലും, ഉലക്കയും എന്തെന്ന് പുതു തലമുറക്ക് അറിയില്ല.
പ്രായമാകും മുമ്പ് അറിയപ്പെടാത്ത രോഗങ്ങൾക്ക് അടിമകളായി അവർ മരുന്ന് കിട്ടാതലയുന്നു.
പഞ്ചായത്ത് റോഡിലൂടെ അസമയത്ത് വരുന്ന കുടിവെള്ള ടാങ്കറുകൾക്കായി കാത്തു നിൽക്കുന്ന സ്ത്രീകളെ എല്ലായിടത്തും കാണാം.
കളകളാരവംമുഴക്കി
ഒഴുകിയിരുന്ന പുഴ വറ്റി വരണ്ടിരിക്കുന്നു. അവളുടെ നെഞ്ചിൽ ശവക്കല്ലറ പോലെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളും മഹാസൗധങ്ങളും പ്രകൃതിയെ നോക്കി കൊഞ്ഞനം കുത്തുന്നു.
മുതുകിൽ ഓക്സിജൻ സിലിണ്ടർ കെട്ടിവച്ച് കൈയ്യിൽ കോടാലിയുമായി മല കയറുന്ന നാട്ടുകാരെ ഇനി കാണേണ്ടിവരും.
ഈ തലമുറ കടന്നുപോയാൽ എന്നെയാരും
തിരിച്ചറിയില്ലയെന്ന ഉത്തമ ബോധ്യമെനിക്കുണ്ട്.
എങ്കിലും ഒരുകാലത്ത് എന്നെ മോഹിപ്പിച്ച എന്റെ ഗ്രാമത്തെക്കാണുവാൻ ആവുന്ന കാലത്തോളം ഞാൻ പോയ്ക്കൊണ്ടിരിക്കും.
❤
(മനു നാസിക് )