ഡൽഹിക്കുള്ള തീവണ്ടി കോഴിക്കോട് സ്റ്റേഷനിൽ നിന്നും പുറപ്പെടാറായ നേരത്താണ് അമ്മയും മോളും സ്ലീപ്പർ ക്ലാസ്സ്
കംമ്പാർട്മെന്റിലേക്കു ഓടിക്കയറിയത്. അവർ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
യൗവനം ഇനിയും വിടപറയാൻ മടിച്ചു നിൽക്കുന്ന ചൂരിധാർ ധരിച്ച അമ്മയേയും ഏകദേശം 21 വയസു തോന്നിക്കുന്ന ചാര നിറത്തിലുള്ള ജീൻസും നീല നിറത്തിലുള്ള ടി ഷർട്ടും ധരിച്ച
അതിസുന്ദരിയായ മോളേയും യാത്രക്കാർ
കണ്ണിമയ്ക്കാതെ നോക്കിയിരുന്നു .
സീറ്റുകൾ എല്ലാം തന്നെ നിറഞ്ഞിരുന്നു. വലിയ ബാഗിന്റെ ഹാൻഡിലിൽ പിടിച്ചു അമ്മ മോളേ നോക്കി.
\"മോളേ നമ്പർ ഒന്നു കൂടി നോക്കിക്കേ\"
\"സീറ്റ് നമ്പർ 38 ഇത് എന്റെ സീറ്റാണ് \"
38 ആം നമ്പർ സീറ്റിലിരുന്ന മധ്യവയസ്ക്കനോട് പെൺകുട്ടി പറഞ്ഞു.
അയാൾ അവളെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിക്കുകയായിരുന്നു.
\"അങ്കിളേ ഇത് എന്റെ സീറ്റാണ്. പ്ലീസ് മാറിത്തരണം \"
അയാൾ അവളെ തുറിച്ചു നോക്കിയിട്ടു ഫോൺ ഓഫാക്കി.
\"കുട്ടി ഞാൻ അടുത്ത സ്റ്റേഷനിൽ ഇറങ്ങും. എന്നും ഈ ട്രെയിനിനാ പോകുന്നെ. ഒന്നു അഡ്ജസ്റ്റ് ചെയ്യണം.\"
\"പറ്റില്ല \"
പെൺകുട്ടിയുടെ മുഖം ചുവന്നു.
\"മാസങ്ങൾക്കു മുമ്പ് റിസേർവേഷൻ ചെയ്തതാണ്.. 3തേർഡ് എസി കിട്ടിയില്ല അതാ സ്ലീപ്പർ ക്ലാസ്സിൽ ചെയ്തത്. നിങ്ങൾ മാറിയേ പറ്റു. എന്റെ ലെഗ്ഗെജും വയ്ക്കണം \"
അവളുടെ മട്ടും ഭാവവും കണ്ടപ്പോൾ സംഗതി അത്ര പന്തിയല്ലന്ന് തോന്നിയിട്ടാകാം അയാൾ എഴുന്നേറ്റു അടുത്ത
കമ്പാർട്മെന്റിലെക്ക് പോയി.
അവൾ തന്റെ ബാഗ്
സീറ്റിനടിയിലേക്ക് വച്ചിട്ട് ഇരുന്നു.
\"അമ്മ പൊയ്ക്കോളൂ. വണ്ടി വിടാറായി\"
\"സാരമില്ല മോളേ, ഇനിയെന്നാ നിന്നെ കാണുന്നത് \"
അവർ അവളുടെയടുത്തിരുന്നു. പിന്നെ ചുറ്റിനുമിരിക്കുന്നവരെ നോക്കി.
\"നിങ്ങൾക്കറിയുമോ ഇന്ന് എന്റെ മോളുടെ 21ആം ജന്മദിനമാണ്. എല്ലാ വർഷവും അടിപൊളിയായി
ആഘോഷിക്കുന്ന ദിവസമാണ്.എന്തു ചെയ്യാം അവളുടെ അവധി തീർന്നു.\"
അവർ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
\"ഇവളുടെ പപ്പ ഗൾഫിലെ വലിയൊരു സൂപ്പർ മാർക്കറ്റിലെ മാനേജറാ. കഴിഞ്ഞ ദിവസം ഒരു പെട്ടിനിറയെ വില കൂടിയ സമ്മാനങ്ങളാ അയച്ചത് \"
പെൺകുട്ടി നീരസത്തോടെ അമ്മയെ നോക്കി. അത് മനസിലായത് പോലെ അവർ എഴുന്നേറ്റു.
സൈഡ് സീറ്റിൽ ശരീരം മൊത്തം സ്വർണ്ണത്തിൽ പൊതിഞ്ഞ നവദമ്പതികൾ ഇരിപ്പുണ്ടായിരുന്നു.
പല വലിപ്പത്തിലുള്ള മാലയും വളയും ധരിച്ച പെൺകുട്ടി. മാലയും വിരലുകളിൽ
മോതിരവും ധരിച്ച യുവാവ്.
പെൺകുട്ടിയുടെ അമ്മ അവരെ സൂക്ഷിച്ചു നോക്കി.
\"നിങ്ങൾ പുതുതായി കല്യാണം കഴിച്ചവരാണോ \"
\"അതെ \"
യുവാവ് ഉത്തരം പറഞ്ഞു.
\"ഇപ്പോൾ എങ്ങോട്ടാ പോവുന്നത് \"
\"ഗോവയ്ക്കു പോകുവാ \"
\"അതിന് കിലോക്കണക്കിന് സ്വർണ്ണം കൊണ്ട് പോകണോ. നിങ്ങൾ പത്ര വാർത്തകളൊന്നും കേൾക്കുന്നില്ലേ, ടിവി കാണാറില്ലേ\"
\"സോറി ആന്റി. ഞാൻ പല വട്ടം പറഞ്ഞതാ. ഇവളുടെ നിർബന്ധം സഹിക്കാതെ വന്നപ്പോൾ മറുത്തൊന്നും പറഞ്ഞില്ല.\"
\"ബെസ്റ്റ്. പറ്റിയ സ്ഥലത്തേക്കാ പോകുന്നത്. എന്റെമോളേ നോക്ക്, അമ്പത് രൂപയുടെ മുക്ക് മാലയെ ഇടൂ \"
അപ്പോഴേക്കും വണ്ടി ഇളകിത്തുടങ്ങിയിരുന്നു.
\"ഹാപ്പി ബർത്ത് ഡേ മോളൂ. എല്ലാർക്കും ചോക്ലേറ്റ് കൊടുക്കണം. പോട്ടെടാ \"
മകളുടെ കവിളിൽ ഉമ്മ വച്ചിട്ട് അവർ തീവണ്ടിയിൽ
നിന്നുമിറങ്ങി. വണ്ടി മുന്നോട്ട് ചലിച്ചു തുടങ്ങി.
അമ്മ പുറത്തു
ജനൽക്കമ്പിയിൽ പിടിച്ചുകൊണ്ടു കുറച്ച് ദൂരം വന്നു. അവർ മകളോട് എന്തെല്ലാമൊ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവിൽ തീവണ്ടിക്ക് വേഗതയേറി.
പെൺകുട്ടി ചുറ്റുമിരിക്കുന്ന യാത്രക്കാരെ നോക്കി. താൻ ഇരിക്കുന്നത്തിനടുത്ത് അറുപതിനോടടുത്ത ഒരു അങ്കിളും അയാളുടെ ഭാര്യയുമാണ് ഇരിക്കുന്നത്. അയാളുടെ ഭാര്യക്ക് അയാളുടെ പകുതി പ്രായം പോലും തോന്നിച്ചില്ല. ചിലപ്പോൾ രണ്ടാം കല്യാണമാകാമെന്ന് അവൾ കണക്ക് കൂട്ടി. മറുവശത്ത് നാല്പതിനോടടുത്ത് പ്രായമുള്ള ഒരു ചേട്ടനും ഭാര്യയും ഒരു ചെറിയ
കുട്ടിയുമിരിക്കുന്നു. സൈഡ് സീറ്റിൽ ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നവദമ്പതിമാർ.
വണ്ടിയോടുന്തോറും യാത്രക്കാരുടെ മനസിലുള്ള പിരിമുറുക്കം കുറഞ്ഞു കുറഞ്ഞു വന്നു. അതങ്ങനെയാണ്. കേറുന്ന കുറച്ച് സമയത്തെ ടെൻഷനുള്ളു. ഡൽഹിവരെയെത്താൻ രണ്ടു നാളെടുക്കും. അതുവരെ ടൈംപാസ്സ് ചെയ്യണമല്ലോ.
അരികിലിരുന്ന അങ്കിൾ ആരോടോ ഉറക്കെ മൊബൈലിൽ സംസാരിക്കാൻ തുടങ്ങി.
\"മോനേ നീ സ്റ്റേഷനിൽ നേരത്തെ എത്തിയേക്കണം. എനിക്കോ നിന്റെ അമ്മക്കോ ഹിന്ദി അറിയില്ല. ആദ്യമാ ഇത്രയും ദൂരെ യാത്ര ചെയ്യുന്നേ, പിന്നെ \"
അയാൾ ശബ്ദം താഴ്ത്തി.
\"നമ്മുടെ ആഭരണങ്ങൾ മുഴുവനും എടുത്തിട്ടുണ്ട്. അവിടെ ആരെയും
വിശ്വാസമില്ല. നാട്ടിൽ നിറയെ കള്ളന്മാരാ. നാട്ടുകാരും മറു നാട്ടുകാരും \"
മകൻ എന്തോ പറഞ്ഞിട്ടാകാം അയാൾ ചുറ്റിനും നോക്കി.
\"ഇല്ലടാ ആൾക്കാര് കേട്ടാലും കുഴപ്പമില്ല. അടുത്തിരിക്കുന്നത് ഒരു പാവം പെൺകുട്ടിയാണ്. മുന്നിൽ ഒരു കുടുംബം. സൈഡിൽ നവദമ്പതിമാർ. നമ്മുടെ ഇരുന്നൂറു പവനെടുത്തിട്ട് അവരെന്തു ചെയ്യാൻ. നീ ടെൻഷൻ എടുക്കേണ്ട. ഇനി നാളെ വിളിക്കാം.\"
ഫോൺ വച്ചിട്ട് അയാൾ പെൺകുട്ടിയെ നോക്കി ചിരിച്ചു.
\"എന്താ മോളുടെ പേര്. എവിടേക്ക് പോകുന്നു.\"
\"ഞാൻ അഞ്ജലി. ഡൽഹിയിൽ പഠിക്കുന്നു. അങ്കിൾ എവിടേയ്ക്കാ \"
\"എന്റെ മോൻ നാസിക്കിലെ നോട്ടു പ്രസ്സിൽ മാനേജരാ. അവന്റെ ഭാര്യക്ക് ഇത് അഞ്ചാം മാസമാ. കുറച്ച് ദിവസം അവിടെപ്പോയി നിൽക്കാമെന്ന് കരുതുന്നു. നാളെ അഞ്ച് മണിക്ക് വണ്ടി നാസിക്കിലെത്തും.\"
പെൺകുട്ടിയുടെ മൊബൈൽ ശബ്ദിച്ചു.
\"ആ അമ്മ സുഖമാണ്. വിഷമിക്കേണ്ട. ഞാൻ പിന്നെ വിളിക്കാം \"
അവൾ ഫോൺ ഓഫ് ചെയ്തു.
അപ്പോഴേക്കും ആന്റി ഒരു പ്ലാസ്റ്റിക് പാത്രം തുറന്നു. അതിൽ നിറയെ ഉണ്ണിയപ്പമായിരുന്നു. അവർ പാത്രം അവൾക്ക് നേരെ സ്നേഹപൂർവ്വം നീട്ടി.
\"കഴിക്കൂ മോളേ \"
\"വേണ്ട ആന്റി \" അവൾ വിലക്കി.
\"പേടിച്ചിട്ടാണോ മോളേ, തീവണ്ടിയിൽ നടക്കുന്ന പല കാര്യങ്ങളും ഞങ്ങളും കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങൾ അത്രക്കാരല്ല. ഇത്തറയും ദൂരം ആദ്യം പോവുകയാണ്.\"
അങ്കിൾ പറഞ്ഞു.
\"ധൈര്യമായി എടുത്തോളൂ \"
പെൺകുട്ടി മടിച്ചു മടിച്ചു ഒരെണ്ണമെടുത്തു സാവധാനം കഴിക്കാൻ തുടങ്ങി.
മുന്നിലിരുന്ന കുട്ടി ആർത്തിയോടെ
പാത്രത്തിലേക്കും പെൺകുട്ടിയുടെ വായിലേക്കും നോക്കി.
\"എല്ലാവരും എടുത്തോളൂ.. നിറയെയുണ്ട് \"
അങ്കിൾ പാത്രം നീട്ടി. മുന്നിലിരുന്നവരും നവ ദമ്പതികളും ഓരോ ഉണ്ണിയപ്പമെടുത്തു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പുറത്ത് വൈദ്യുതവിളക്കുകൾ കണ്ണ് ചിമ്മാൻ തുടങ്ങി.
എല്ലാവരുടെയും മനസിലെ പിരിമുറുക്കമയഞ്ഞു കഴിഞ്ഞിരുന്നു.
തൊട്ടപ്പുറത്തെ സീറ്റിൽ നിന്നും ഒരു മധ്യ വയസ്കൻ അവിടേക്ക് വന്നു കമ്പിയേൽ പിടിച്ചു അവരെ നോക്കി ഭംഗിയായി ചിരിച്ചു. അയാളിൽ നിന്നും മദ്യം മണക്കുന്നുണ്ടായിരുന്നു.
\"എല്ലാരും ഡൽഹിക്കാണോ\"
\"പലരും പല സ്ഥലത്തേക്കാണ് \"
അങ്കിൾ പറഞ്ഞു.
\"നിങ്ങൾ ഡൽഹിക്കാണോ \"
\"അതെ ഞാൻ അവിടെയാണ് വർക്ക് ചെയ്യുന്നത്. വീട് ഇടുക്കിയിൽ രാജാക്കാടാണ് \"
അവർ തമ്മിൽ കുറച്ച് ലോകകാര്യങ്ങൾ സംസാരിച്ച ശേഷം പിരിഞ്ഞു.
മുന്നിലിരുന്ന കുടുംബവും തങ്ങൾ കൊണ്ടുവന്ന അരിയുണ്ട എല്ലാവരുമായി പങ്ക് വച്ചു.
\"ഒരു കാര്യം പറയാൻ ഞാൻ മറന്നു പോയി \"
പെൺകുട്ടി ബാഗ് തുറന്നു ഒരു ചെറിയ ഡബ്ബ പുറത്തെടുത്തു തുറന്നു.
\"ഇന്ന് എന്റെ ബർത്ത്ഡേയാണ്. എല്ലാവരും ഓരോ ചോക്ക്ലേറ്റ് കഴിക്കണം. പ്ലീസ്.\"
അവിടിരുന്ന എല്ലാവരും മടി കൂടാതെ ചോക്കലറ്റെടുത്ത് കഴിച്ചു.
\"എനിക്ക് ഉറക്കം വരുന്നു. നമുക്ക് ഭക്ഷണം കഴിക്കാം. ആകെയൊരു വിഷമം \"
അൽപ്പ സമയം കഴിഞ്ഞപ്പോൾ അങ്കിൾ
എല്ലാവരോടുമായി പറഞ്ഞു.
\"ശരി അങ്കിൾ\"
പെൺകുട്ടി തലയിളക്കി.
\"എനിക്കും വല്ലാത്ത ഉറക്കം വരുന്നു.\"
എല്ലാവരും വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി.
ലൈറ്റ് കെടുത്തിയിട്ടു അവർ ഉറങ്ങാൻ കിടന്നു. ബോഗിയിലെ മറ്റു ലൈറ്റ്റുകളും ക്രമേണ
അണഞ്ഞു. ശബ്ദവും വെളിച്ചവും ഇരുളിൽ മുങ്ങിപ്പോയി.
ആരുടെയോ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് ബോഗിയിലുള്ള എല്ലാവരും ഉണർന്നത്. നേരം വെളുത്തു കഴിഞ്ഞിരുന്നു.
\"എന്റെ സ്വർണ്ണമെല്ലാം കള്ളൻ കൊണ്ടു പോയി. അയ്യോ \"
സൈഡ് സീറ്റിലിരുന്ന പെൺകുട്ടി ഉറക്കെ നിലവിളിച്ചു. അവളുടെ കഴുത്തും കൈകളും വിരലുകളും ശൂന്യമായിരുന്നു. അപ്പോഴേക്കും അവളുടെ ഭർത്താവും ഉണർന്നു ചുറ്റുപാടും മിഴിച്ചു നോക്കി. അയാളുടെ വലിയ മാലയും മോതിരവും വാച്ചും നഷ്ടപ്പെട്ടിരുന്നു.
പെൺകുട്ടിയും അങ്കിളും ആന്റിയും അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ അവരുടെ ബാഗുകൾ സീറ്റിനടിയിൽ ഉണ്ടായിരുന്നു.
ആരോ ചങ്ങല വലിച്ചു വണ്ടി നിർത്തി. അപ്പോഴേക്കും പെൺകുട്ടി പല്ല് തേച്ചിട്ടു മടങ്ങി വന്നു.
വിവരമറിഞ്ഞ അവൾ തന്റെ ബാഗ് തുറന്നു പരിശോധിച്ചു. അവളുടെ മൊബൈലും ലാപ്ടോപ്പും നഷ്ടപെട്ടിരുന്നു.
പ്രായമായ അങ്കിളും ആന്റിയും സീറ്റിൽ തിരിച്ചെത്തിയില്ല.
വൈകാതെ റെയിൽവേ പോലീസ് എത്തി ചോദ്യം ചെയ്യൽ തുടങ്ങി.
ഇതിനിടെ മുന്നിലിരുന്ന കുടുംബത്തിന്റെ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടന്ന് മനസിലായി.
റിസേർവേഷൻ കിട്ടാതെ വാതിലിനരുകിൽ കിടന്നുറങ്ങിയ ഒരാൾ പോലീസിനോട് പ്രായമായ ഒരു പുരുഷനും സ്ത്രീയും രാത്രിയിൽ ഏതോ ചെറു സ്റ്റേഷനിൽ ഇറങ്ങിയെന്നു പറഞ്ഞു. സ്റ്റേഷൻ ഏതെന്നു അയാൾക്ക് മനസിലായില്ല. രാത്രിയായിരുന്നു.
പോലീസ് അവരുടെ ബാഗുകൾ അവരുടെ തുറന്ന്
പരിശോധിച്ചപ്പോൾ കുറച്ച് ദിനപത്രങ്ങളും പഴയ തുണികളും മാത്രം കിട്ടി.
അല്പം വൈകിയിട്ടാണെങ്കിലും തീവണ്ടിയുടെ ഇരുമ്പ് ചക്രങ്ങൾ മുന്നോട്ട് കുതിച്ചു കിതച്ചു പാഞ്ഞുകൊണ്ടിരുന്നു.
ബോഗിയുടെ മുകളിൽ മുനിഞ്ഞു കത്തുന്ന കുഞ്ഞു ബൾബ് മാത്രം ഇരുളിൽ പുഞ്ചിരിച്ചുകൊണ്ട് തിളങ്ങി നിന്നു. അത് ഇതുപോലുള്ള കാഴ്ചകൾ എത്രയോ വട്ടം കണ്ടിരിക്കുന്നു.
***
ഇതേ സമയം ഗോവയിലെ മുന്തിയ ഹോട്ടലിലെ ശീതികരിച്ച ഒരു മുറിയിൽ പതുപതുത്ത മെത്തയിൽ പ്രായമായ പുരുഷനും പ്രായം കുറഞ്ഞ സ്ത്രീയും മോഡേൺ ഡ്രസ്സിൽ വിസ്കിയുടെ ലഹരിയിൽ പരസ്പരം കെട്ടിപ്പിടിച്ചു സുഖമായി ഉറങ്ങുകയായിരുന്നു.
അവർ കൊണ്ടുവന്ന സ്വർണവും ലാപ്ടോപ്പും
മൊബൈലുമടങ്ങുന്ന ബാഗ് കട്ടിലിനടിയിൽ വെറുതെ വിശ്രമിക്കുന്നുണ്ടായിരുന്നു.
🙏🏼
ഓർമ്മപ്പെടുത്തൽ : ട്രെയിൻ, ബസ്, എയർ യാത്രയിൽ അപരിചിതരായ ആളുകളിൽ നിന്നും യാതൊന്നും വാങ്ങി കഴിക്കാതിരിക്കുക, അവർ തരുന്ന സാധനങ്ങൾ
കൊണ്ടുപോകാതിരിക്കുക. അതിന് വലിയ വില കൊടുക്കേണ്ടി വരും. ഒത്തിരി വലിയ വില🙏🏼
ശുഭദിനം നേരുന്നു.
🙏🏼
(മനു നാസിക് )
.