Aksharathalukal

LIFE OF THOMMY

 
ലൈഫ് ഓഫ് തൊമ്മി

തൊമ്മിയെന്നു പേരുള്ള നാട്ടിൻപുറത്തുകാരനായ ഒരു 
പച്ചമനുഷ്യന്റെ 
ജീവിതത്തിൽനിന്നുമ 
ടർത്തിയെടുത്ത ഒരു ചെറിയ കഥയാണ് ഇവിടെ ഈ ഷോർട്ട് മൂവിയിലൂടെ കാണിക്കുവാൻ പോകുന്നത്.

ഈ കഥ നടക്കുന്നത് അങ്ങ് ദുഫായിലല്ല, അങ്ങ് ജഫാനിലല്ല, അങ്ങ് കുജറാത്തിലല്ല, അങ്ങ് കൊച്ചിയിലല്ല.. നമ്മുടെ കൊച്ചു കേരളത്തിലെ ആരുമറിയാത്ത,  ഒരൊറ്റ മുഖ്യ മന്ത്രിയുടേയും കാൽപ്പാടു വീഴാൻ ഭാഗ്യം കിട്ടാത്ത ഒരു കൊച്ചു ഗ്രാമത്തിലാണ്. ആ ഗ്രാമത്തിന്റെ പേരാണ് മുണ്ടിയെരുമ. ഇനിയുള്ളതെല്ലാം വഴിയെ വായിക്കുക.
ലൈഫ് ഓഫ്‌ തൊമ്മിയെന്ന ഷോർട് മൂവി ഇവിടെ തുടങ്ങുന്നു.

സീൻ ഒന്ന് 

രാത്രി സമയം. തൊമ്മിയുടെ  വല്യപ്പൻ തടിക്കട്ടിലിൽ വളഞ്ഞുകൂടി മലർന്ന് കിടക്കുന്നു. പള്ളീലച്ചൻ വന്ന് പ്രാർത്ഥിക്കുന്നു. ബന്ധുക്കളുടെ മോന്തകൾ ക്ലോസപ്പിൽ കാണിക്കുന്നു. എല്ലാവരും പരസ്പരം കുശുകുശുക്കുന്നു.
സംഭവം സീരീസ് ആണ്.

ഇതിനിടയിൽ തൊമ്മി കളിക്കൂട്ടുകാരി മറിയത്തെ അടുത്ത പറമ്പിലെ പ്ലാവിൻ ചുവട്ടിലേക്ക് 
വലിച്ചുകൊണ്ട് ഓടുന്നു. അത് ഇഷ്ടപ്പെടാത്ത മറിയ കുതറുന്നു.

“എന്നതാടാ ഈ കാണിക്കുന്നെ, എന്നത്തിനാടാ എന്നെ ഇങ്ങോട്ടു കൊണ്ടുന്നത്. കൈയ്യേന്ന് വിടടാ.. കാര്യം പറയടാ.. വിടടാ വിടടാ\"

“മറിയേ, മറിയേ  ആദ്യം നീയീ കുമ്പിളപ്പം തിന്ന് എന്നിട്ട്  കാര്യം പറയാം.\"

പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു
കുമ്പിളപ്പം തൊമ്മി അവൾക്ക് കൊടുക്കുന്നു.

“ഹായ് കുമ്പിളപ്പം.\"

ആർത്തിയോടെ കുമ്പിളപ്പം തിന്നിട്ട് മറിയ അവന്റെ മുണ്ടിൽ കൈ തുടിക്കുന്നു.

“നീ പറ..  എന്നത്തിനാ എന്നെ ഇങ്ങോട്ടു വലിച്ചോണ്ടു വന്നത്. കുമ്പിളപ്പം തരാനാണോ. പെട്ടന്ന് പറ. വേറെ പണിയുണ്ട് \"

\"തെറിയെ.. തെറിയെ.. അല്ല മറിയേ.. മറിയേ.. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് മറിയേ..
നിന്നെ എനിക്ക് കെട്ടണം. നിന്നെ കെട്ടിയില്ലേൽ ഈ പാവൽ മരത്തിൽ കെട്ടി ഞാന്ന് ഞാൻ 
ചാകും. വല്യപ്പന്
അന്ത്യകൂദാശകൊടുക്കാൻ പള്ളീലച്ചനും വന്നിട്ടുണ്ട്. നമ്മളെ കെട്ടിക്കാൻ ഞാൻ
അച്ചനോട് പറയാം.\"

\"നിന്റെ വല്യപ്പൻ ചാകാൻ കെടക്കുന്നനിടയിൽ പൂട്ടുകച്ചവടത്തിനിറങ്ങിയ തൊമ്മി നീ ചെവി തുറന്ന് കേൾക്കടാ ഈ മറിയേടെ കുടുംബപുരാണം\"

അടുത്തു കിടന്ന കല്ലിന്റെ മുകളിൽ കയറി  മറിയ കണ്ഠശുദ്ധി വരുത്തുന്നു.

\"ഖ്റാ.. ഖ്രൂ.. ഹാക്ര \"

“കുരക്കാതെ കാര്യം പറ മറിയേ\" 

“ഏ.ഡി നാനൂറ്റി മുപ്പത്തെട്ടിൽ
ഞങ്ങളുടെ പൂർവ്വികർ മൊസപ്പൊട്ടമയിൽനിന്നും ഇങ്ങോട്ട് ഓടിപ്പോന്നപ്പോൾ അവിടുത്തെ യഹൂദരായ അച്ചായന്മാർ വംശശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് ഞങ്ങളുടെ പൂർവ്വികരെക്കാണ്ട് തലയിലടിച്ച് സത്യം ചെയ്യിച്ചു. അത് ഇപ്പഴും ഞങ്ങൾ  പാലിക്കുന്നു. \"

“അപ്പോൾ നീ മലയാളിപ്പെണ്ണ് അല്ല അല്ലേ മറിയേ? \"

“നിനക്ക് ഇനിയും സംശയമോ... ഞാനൊരു യഹൂദസ്ത്രീയാണെടാ തൊമ്മി. ഞങ്ങളുടെ മുത്തച്ഛനായ മാർക്കോസ് പാപ്പന്റെ കൊച്ചുമോളുടെ കല്യണത്തിനാ യേശുക്രിസ്തു വെള്ളം വീഞ്ഞാക്കി ആദ്യത്തെ അത്ഭുതം ചെയ്തത്. നീ കേട്ടിട്ടില്ലേ കാണായിലെ കല്യാണം \"

“നിനക്ക് യഹൂദരുടെ ഭാഷ അറിയാമോ മറിയേ\" 

\"നോ\"

“അവർ കഴിക്കുന്ന ഭക്ഷണം എന്താണ്\"

“അറിയില്ല\"

“അവരുടെ വേഷം എന്താണ്

\"അറിയില്ല\"

“നീ യൂദന്മാരെ കണ്ടിട്ടുണ്ടോ?\"

\"ഈ മുണ്ടിയെരുമ വിട്ടു ഞാൻ പുറത്തു പോയിട്ടില്ലടാ തൊമ്മി \"

“ഇതൊന്നുമറിയാത്ത നീ ഏതു കോപ്പിലെ യഹൂദസ്ത്രീ ആണടി മാങ്ങാണ്ടി\"

തൊമ്മിക്ക് കോപം വന്നു.

“നീ എന്തു പറഞ്ഞാലും എന്റെ മനസു മാറില്ല. ഞാൻ വംശശുദ്ധിയുള്ള കാണായി കിസ്ത്യാനി ചെറുക്കനെയേ കെട്ടത്തോള്ളൂ. നിങ്ങൾ വെറും കാട്ടുമാക്കാന്മാർ. പോരാത്തതിന് 
നിന്റപ്പൻ ചാരായം കുടിച്ചിട്ട് കാജാ ബിഡീം വലിക്കും\"

“ഇത് നിന്റെ അവസാന വാക്കാണോ മറിയേ\"

\"അതേ... അതേ.. അതേ.. നീ പോഡാ
വംശശുദ്ധിയില്ലാത്തവനേ. എന്നെ കെട്ടാനുള്ളവൻ കൊട്ടാരം പോലുള്ള കാറിൽ പറന്നു വരും\"

“ദൈവം നിന്നോടു ചോദിക്കുമെടി യഹൂദസ്ത്രീയേ... വംശശുദ്ധിക്കാരി\"

കരഞ്ഞുകൊണ്ടു പോകുന്ന തൊമ്മിയുടെ പിന്നാമ്പുറംകണ്ട് പൊട്ടിച്ചിരിക്കുന്ന മറിയ.

സീൻ രണ്ട്

ഇരട്ടയാർ കായലിലൂടെ അലസമായി വള്ളം തുഴഞ്ഞു വരുന്ന തൊമ്മി.

ചുറ്റുപാടുമുള്ള കാഴ്ചകൾ കണ്ട് ആഹ്ലാദവാനായ തൊമ്മി ഇടതു കൈപ്പത്തി ചെവിപ്പുറത്ത് വച്ച് വലതു കൈയുടെ ചൂണ്ടുവിരൽ ആകാശത്തിലേക്ക് നീട്ടി വായ നന്നായി തുറന്ന് ഒരു വഞ്ചിപ്പാട്ട് പാടുന്നു.

“ഓഹോ... ഓഹോ...
“ഓഹോ... ഓഹോ...“ഓഹോ... ഓഹോ...ഹായ് \"

പാട്ട് കേട്ടയുടൻ വഴിയരുകിൽ പുല്ലു പറിച്ചുകൊണ്ട് നിന്നിരുന്ന തൊഴിലുറപ്പുകാരി പെണ്ണുങ്ങൾ പണി നിർത്തിയിട്ട് കൈകൾ പരസ്പരം അരയിൽ ചുറ്റി എങ്ങാണ്ടും
നീറുകടിച്ചതുപോലെ
മേലോട്ടും കീഴോട്ടും ചാടുന്നു.
ചാട്ടത്തിന്  കൊഴുപ്പ് കൂട്ടാൻ തല ഇരുവശത്തേക്കും തിരിച്ച്
\"ഓ ഹൈ ഓ  ഹൈ\" എന്ന് ഉച്ചത്തിൽ ഓരിയിടുന്നു.

കായൽക്കരയിൽ തല താഴ്ത്തി പുല്ലു തിന്നുകൊണ്ട് നിന്നിരുന്ന പശുക്കളും ആടുകളും ആറ്റിലേക്കു തല പൊക്കി  നോക്കിയിട്ട് അമറിക്കൊണ്ട് ദൂരേക്ക് ഓടി മറയുന്നു. പട്ടികൾ കൂട്ടമായി ഉറക്കെക്കുരക്കുന്നു. കുര കേട്ടു പേടിച്ച് തൊമ്മി പാട്ടു നിർത്തുന്നു.

ഇറുകിയ ബ്ലൗസും മുട്ടിനു മുകളിൽ നിൽക്കുന്ന പാവാടയും ധരിച്ച് സുന്ദരികളായ മൂന്നു
ഗ്രാമീണ പെൺകുട്ടികൾ കരയിൽ നിന്നും തൊമ്മിയെ കൈകൊട്ടി വിളിക്കുന്നു. എല്ലാവരുടെ
കൈയിലും മീൻ കൂടയും, ചൂണ്ടയും ഇരയും.

തൊമ്മി വള്ളം കരയിൽ അടുപ്പിക്കുന്നു. പെൺകുട്ടികൾ
വള്ളത്തിൽ കയറിയിരിക്കുന്നു. അവരുടെയിരിപ്പ് കണ്ട് തൊമ്മി നാവു നീട്ടി ഉമിനീർ ഇറക്കുന്നു. പിന്നെ കുശലം ചോദിക്കുന്നു.

“എല്ലാവരും കോളേജിലേക്ക് അല്ലിയോ. എട്ടിലോ പത്തിലോ അതോ എഴിലോ പഠിക്കുന്നത് \"

കൂട്ടത്തിൽ മുതിർന്നവൾ മറുപടി പറയുന്നു.

“അക്കരെക്കാട്ടിലെ
 പഞ്ചാരക്കുളത്തിൽ ധാരാളം മീനുകളുണ്ട്. ഞങ്ങൾ സ്ഥിരം
അവിടെ ചൂണ്ടയിടാറുണ്ട് കുളത്തിനുചുറ്റുമുള്ള കാട് കാണാൻ നല്ല ഭംഗിയാണ്. കൂടെ വന്നാൽ കാണിച്ചു തരാം.
മീൻ പിടിക്കാൻ പഠിപ്പിക്കാം\"

“ഈ പെടപെടാപ്പെടക്കുന്ന മീനിന്റെ പേര് എന്താ?\"

തൊമ്മി ചോദ്യഭാവത്തിൽ സുന്ദരിയെ നോക്കി.
ഞാണം വന്ന പെണ്ണ് വലതു 
കാലിന്റെ പെരുവിരൽ
കൊണ്ട് വള്ളത്തിൽ
വലിയയൊരു ക്ഷ വരച്ചു.

“ഞാൻ ചിന്നു,   പാൽക്കാരി അച്ചാമ്മയുടെ മകൾ,   ഇത് പൊന്നു, അത്  മുന്നു. ചേട്ടന്റെ പേരെന്താ ചേട്ടാ \"

“ഞാൻ തൊമ്മി . പട്ടണത്തിലെ തട്ടുകടയിൽ പൊറോട്ട മേക്കറാണ്. രാത്രിയിലേ പണിയുള്ളു.  പകൽ ഫ്രീയാണ്. \"

“ഞങ്ങൾക്കും പൊറോട്ട തരുമോ മീശയുള്ള ചേട്ടാ..  ചേട്ടന്റെ മീശ കാണാൻ നല്ല ഭംഗിയുണ്ട് ചേട്ടാ \"

\"നാളെ സന്ധ്യക്ക് ഞാൻ പൊറോട്ടയുമായി കാട്ടിൽ വരാം.  നമുക്ക്  ഒരുമിച്ചു ചൂണ്ടയിടാം\"

“ഞങ്ങളും വരട്ടെ ചേട്ടാ പെടക്കുന്ന കരിമീൻ കാണിച്ചു തരാം ചേട്ടാ”

മറ്റു പെൺകുട്ടികൾ കോറസായി ചോദിക്കുന്നു.

“അതിനെന്താ.. എല്ലാരും ഒന്നിച്ചു പോന്നോളൂ. പൊറോട്ടയും ചിക്കൻ ഫ്രൈയും കോളയും
എന്റെ വക\"

തൊമ്മി അവരെ നോക്കിക്കൊണ്ട് ആവേശത്തോടെ തുഴ വെള്ളത്തിലേക്ക് ആഞ്ഞാഞ്ഞു
കുത്തുന്നു. അയാളുടെ ആക്രാന്തം കണ്ട് പെമ്പിള്ളേർ പൊട്ടിച്ചിരിക്കുന്നു. അകന്നു പോകുന്ന വള്ളം.

സീൻ  മൂന്ന്‌ 

അടുക്കളപ്പുറത്ത് വിറകു കീറുന്ന തൊമ്മി. മുറ്റത്തു വിരിച്ച പായിൽ മാനം നോക്കി മലർന്നുകിടന്ന് കാജാബീഡി വലിക്കുന്ന അവശനായ അപ്പൻ. തൊമ്മിയുടെ വിറകുവെട്ട് നോക്കിയിരിക്കുന്ന അമ്മയും പട്ടിയും.

ഇടവഴിയിലൂടെ ഓടിവരുന്ന
മീൻപിടുത്തക്കാരി ചിന്നു. തൊമ്മിയെ കണ്ട് ഉറക്കെ കരയുന്നു.

\"ചേട്ടാ.   ചേട്ടാ... ചേട്ടാാ.. ഞാം മീൻ പിടിച്ചേച്ചും വരുമ്പോൾ ആ കൺഡ്രാക്ക്  മത്തായിയും കുണ്ടകളും എന്നേം അനുജത്തിയേം പാലത്തിനു മുകളിൽ വച്ച് തടഞ്ഞു നിർത്തി\"

 “അവർ നിങ്ങളെ ഉപദ്രവിച്ചോ ചിന്നു\"

തൊമ്മി കോടാലി ഉണക്കത്തടിയിൽ
ആഞ്ഞു വെട്ടി.

“ഓർക്കാപ്പുറത്ത് പിറകിലൂടെ വന്ന് ഞങ്ങടെ വായിൽ
ചാരായക്കുപ്പി
തിരികിക്കേറ്റി. അവന്മാർ നല്ല
പൂസിലായിരുന്നു. കൂടിപ്പിച്ചിട്ട് പീഢിപ്പിക്കാനായിരുന്നു അവരുടെ ഉത്തേശം.
കഷ്ടിച്ചാ രക്ഷപെട്ടത്\"

“ഇതങ്ങനെ വിട്ടാൽ പറ്റില്ല. പകരം ചോദിക്കണം \"

അവശനായ അപ്പൻ കാജാ ബീഡി തുരുതുരെ വലിച്ചു.

അത് കേട്ട്  തൊമ്മിക്ക് കോപം വന്നു.

“അപ്പാ,  അപ്പന്റെ അഭിപ്രായം എന്താണ്. പെൺകുട്ടികളുടെ വായിൽ ബലമായി കുപ്പി കേറ്റുന്നവനെ എന്തു പെയ്യണം?\"

തൊമ്മി അപ്പന്റെ ഒപ്പീനിയൻ ആരാഞ്ഞു.

“അവനെ പോയി തട്ടഡാ..\"

 അപ്പൻ മലർന്നു കിടന്നുകൊണ്ട് വിളിച്ചു പറഞ്ഞു.

\"ആ കൺഡ്രാക്കിന്റെ അണ്ണാക്കിൽ പന്നിപ്പടക്കം വച്ച് പൊട്ടിക്കടാ\"

“ആരോരുമില്ലാത്ത ഈ സുന്ദരിക്കോതക്കുവേണ്ടി നീ ജേലിൽ കേറണോടാ?\"

അമ്മ ഉപദേശിച്ചു.

“എടുത്തു ചാടിയാൽ കാലൊടിയുമെടാ തൊമ്മി. ഒന്നുകൂടി ആലോചിക്കഡാ  പൊട്ടാ \"

\"ഞാനിവളെ കെട്ടാൻ പോകുവാ അമ്മേ\"

“ചേട്ടാ.. ചേട്ടൻ സത്യമാണോ പറഞ്ഞത്\"

ചിന്നൂന്റെ കണ്ണു നിറഞ്ഞു.

“ഈ മുറ്റത്തെ പായിൽ  കാജാ ബീഡി വലിച്ചുകൊണ്ട് മാനം നോക്കി മലർന്നു കിടക്കുന്ന എന്റെ അപ്പനാണേ സത്യം
ഞാൻ നിന്നെ കെട്ടും\"

“എടാ ആദ്യം പോയി
 കണ്ട്രാക്കിനെ തട്ട്. എന്നിട്ടു മതി കെട്ട്\"

അപ്പന് അവനെ ജയിലിൽ കേറ്റാൻ ധ്യതിയായി

“വേണ്ട ചേട്ടനാരേംകൊല്ലണ്ട. ജയിലിൽ പോയാൽ ചേട്ടനെ 
പോലീസ് ഉരുട്ടിക്കൊല്ലും \'\'

ചിന്നു കരഞ്ഞു.

“പിന്നെ എന്നെ ആരു കെട്ടും. നമുക്ക് പിറക്കാൻ പോകുന്ന കുഞ്ഞിനെയോർത്ത് പ്രതികാരം ചെയ്യരുത് ചേട്ടാ... പ്രതികാരം ചെയ്യരുത്.

“ഞാൻ തീരുമാനം പിൻവലിച്ചു.\"

 തൊമ്മി കൈയ്യിലിരുന്ന
കോടാലി പറമ്പിലേക്ക് വലിച്ചെറിഞ്ഞു.

\"കോടാലി നിന്റെ അച്ഛൻ എടുത്തോണ്ടു വരുമോടാ?\'\'

 അമ്മക്ക് അരിശം വന്നു.

\"ഞാൻ കോടാലി എടുക്കാം. ചേട്ടനെ വഴക്ക് പറയരുതേ \'\'

 ചിന്നു പറമ്പിലേക്ക് ഓടി.

 “തൊമ്മി ചേട്ടാ. തൊമ്മി ചേട്ടാ.. എന്നെ രക്ഷിക്കൂ ചേട്ടാ\"

 ഇടവഴിയിലൂടെ
അലറിക്കരഞ്ഞുകൊണ്ട് ഒരു പെൺകുട്ടി ഓടി വന്നു.

തൊമ്മി അവളെ സൂക്ഷിച്ചു നോക്കി. അത് അയാളുടെ
കളിക്കൂട്ടുകാരി
മറിയയായിരുന്നു. അവൾ കല്യാണവേഷത്തിലായിരുന്നു ശരീരം മുഴുവൻ സ്വർണ്ണമയം. അവൾ ഓടി മുറ്റത്തു കയറി. അപ്പൻ ചാടി എണിറ്റു. അമ്മയും തൊമ്മിയും വണ്ടറടിച്ചു വാ പൊളിച്ചു.

“മറിയ നിനക്ക് എന്തു പറ്റി. ഇന്ന് നിന്റെ കല്യാണമാണോ

“എന്നെ കെട്ടാൻ വന്നയാൾ ഒരു മുഴുക്കുടിയനാ ചേട്ടാ \"

മറിയ നിലവിളിച്ചു.

\"അയാൾ നാലു കാലിലാ പള്ളീൽ വന്നത്. പള്ളി ഭിത്തിക്ക് മറഞ്ഞിരുന്നു കുടിച്ചു.
എല്ലാവരും കാണെ പരസ്യമായി,  എന്റെ മുന്നിൽ തെളിഞ്ഞു നിന്ന് മൂത്രമൊഴിച്ചു. 
ആ  കള്ളുകുടിയന് നൂറ്റമ്പതു പവനും മാരുതിക്കാറും ഇരുപത്തഞ്ചു ലക്ഷവുമാണ് കൊടുക്കുന്നത്.  ചേട്ടൻ എന്നെ കെട്ടണം. അപ്പനാ എന്നെ ഇങ്ങോട്ട് ഓടിച്ചു വിട്ടത്. \"

“അപ്പാ എന്തു പറയുന്നു. പണ്ട് വംശശുദ്ധി ഇല്ലാത്തതിന്റെ പേരിൽ എന്നെ ആട്ടിയിറക്കിയതാണിവൾ... ആ കഥയൊക്കെ അപ്പനറിയാമല്ലോ. അപ്പനെ ബീഡി വലിയൻ എന്നു വിളിച്ച് ആക്ഷേപിച്ച ഇവളെ ഞാൻ കെട്ടണോ.. അപ്പാ..\'\'

 തൊമ്മി അപ്പന്റെ ഒപ്പീനിയൻ ആരാഞ്ഞു.

“ഇവളെന്നെ എന്തു വിളിച്ചാലും എനിക്ക് രണ്ട് ചെണ്ടയാടാ. \"

അപ്പൻ പറഞ്ഞു.

 \"കല്യാണക്കാര്യത്തിൽ നീ വേണം തീരുമാനമെടുക്കാൻ. ഒന്നോർത്തോ ആണുങ്ങൾക്ക് വാക്ക് ഒന്നേയുള്ളൂ.\"

 അപ്പൻ അകത്തേക്ക് പോയി കട്ടിലിൽ കയറി കിടന്നു.

“മറിയേ ഞങ്ങളും ഞങ്ങടെ പൂർവ്വീകരും ഇവിടെ കേരളത്തിൽ ജനിച്ചു വളർന്നവരാണ്. ഞങ്ങൾക്ക് ഒരു വംശശുദ്ധിയുമില്ല. വെറും കാട്ടുമാക്കാന്മാർ. നി തിരിച്ചു പോയി ശുദ്ധിയുള്ള വേറൊരു ചെറുക്കനെ കണ്ടു പിടിക്ക് എനിക്ക് കെട്ടാനുള്ള പെണ്ണിനെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. പോരാത്തതിന് എന്റപ്പൻ കാജാ ബീഡീം വലിക്കും\"

\"തൊമ്മിചേട്ടാ, ചേട്ടന്റപ്പൻ എന്തു
വലിച്ചാലും പ്രശ്നമില്ല... വേണേൽ ഒരു കിലോ 
ബീഡി ഞാൻ മേടിച്ചു കൊടുക്കാം എന്നെ തള്ളിക്കളയരുത്.\"

 \"അല്പം താമസിച്ചു പോയി മറിയേ അവൾക്ക് ഞാൻ വാക്കു കൊടുത്തുപോയി\"

“ആരെയാണ് ചേട്ടൻ കെട്ടുന്നത്.

\"അതാ അങ്ങോട്ടുനോക്കൂ.\"

 തൊമ്മി പറമ്പിലേക്ക് കൈ ചൂണ്ടി.

തോളിൽ കോടാലിയുമായി
സ്ലോമോഷനിൽ ചിന്നു കയറി വരുന്നുണ്ടായിരുന്നു. തൊമ്മി ഓടിച്ചെന്ന് അവളെ ചേർത്തു പിടിച്ചു.

 \"വംശശുദ്ധിയില്ലാത്ത ഈ മീൻകാരിയെയാണ് ഞാൻ
കെട്ടുന്നത് \"

അന്തരീക്ഷത്തിൽ നിന്നും തട്ടുപൊളിപ്പൻ സംഗീതമുയരുന്നു.

🙏🏼


(മനു നാസിക് )