പൊട്ടി പാതി കനാലിലേക്ക് മറിഞ്ഞ ആ കോണ്ക്രീറ്റ് റോഡിന്റെ ഒരു വശം ചേർന്നു ഞാൻ ഭയത്തോടെ നടന്നു. സാന്ത്വനതീരം കടന്നു അകത്തേക്ക് ചെല്ലുമ്പോൾ രാധ ചേച്ചി മുറ്റം അടിക്കുകയായിരുന്നു.
ചേച്ചി ഇവിടെ അടുത്തുള്ളതാണ്. ഇവിടം വൃത്തിയാക്കൽ, പിന്നെ ഇവിടെ വരുന്ന രോഗികളെ പരിപാലിക്കൽ, അവർക്ക് ആഹാരവും മരുന്നും കൊടുക്കൽ എല്ലാം ചേച്ചിയാണ് ചെയ്യുന്നത്.
എന്നെ കണ്ടതും ചേച്ചിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
\"അഭി ഇന്ന് നേരത്തെ ആണല്ലോ..?\"
ചേച്ചിയുടെ ആ ചോദ്യം കേട്ട് ഞാൻ വാച്ചിൽ നോക്കി.
9:30.
അതെ ഞാൻ ഇന്ന് നേരത്തെയാണ് മനസ്സിൽ പറഞ്ഞു.
ചേച്ചിയുടെ ചോദ്യത്തിന് ഒരു പിഞ്ചിരി മാത്രമാണ് ഞാൻ നൽകിയത്.
ഓഫീസ് തുറന്ന് ഞാൻ അകത്തുകടക്കുമ്പോൾ തറയിൽ - തറ തുടച്ചത് ഓർമിപ്പിക്കുന്ന രീതിയിൽ ഉണങ്ങാത്ത വെള്ളത്തുള്ളികൾ ഉണ്ടായിരുന്നു. അത് ഉണക്കാൻ ശ്രമിക്കുകയാണ് ഫാൻ. ഞാൻ കസേരയിൽ ഇരുന്നു. എന്റെ മേശപുറത്ത് ഇരിക്കുന്ന ആ ബില്ലുകൾ അവ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി.
ആ ബില്ലുകൾ അവ കൂട്ടിയെഴുതിയ ആ പേപ്പർ അതിന് മുകളിലെ ആ പേപ്പർ വെയ്റ്റ്. എല്ലാം അത് പോലെയുണ്ട്. രണ്ടാഴ്ച്ചയായി ഒരു മാറ്റവുമില്ല.
വിജയൻമാഷ് മരിച്ചിട്ട് ഇന്നേക്ക് ഒരു മാസമായി.
ഒരു മാസം.!
എങ്കിലും ഞങ്ങൾ ആരും ആ വിഷമത്തിൽ നിന്ന് പുറത്തുവന്നിട്ടില്ല. സാന്ത്വനതീരത്തിന്റെ ഓരോ കോണിലും ഇന്നും ആ ചിരിയും ആ ഓർമകളും അവശേഷിക്കുന്നു. മാഷ്, അങ്ങനെ വിളിക്കുന്നു എന്നു കരുതി അദ്ദേഹം അദ്ധ്യാപകൻ അല്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. ഓരോ മനുഷ്യനും വായിക്കേണ്ട പഠിക്കേണ്ട പുസ്തകം.
വിജയരാഘവൻ. ദൂര നിന്ന് നോക്കുന്നവർക്ക് ദൈവത്തിന്റെ ഒരു വികൃതി മാത്രമായിരുന്നു മാഷ്. മാഷിനെ കാണുമ്പോൾ എല്ലാവരുടെ കണ്ണുകളിലും ഉണ്ടാകുന്ന ആ സഹതാപം, അതു പലതവണ നേരിൽ കണ്ടിട്ടുണ്ട് ഞാൻ. ചെറുപ്പത്തിൽ പോളിയോ വന്നു അരക്ക് താഴോട്ടു തളർന്ന അദ്ദേഹം മരണം വരെ അതോർത്ത് വിഷമിച്ചിട്ടില്ല. ആരെയും (ദൈവതിനെയും) പഴിച്ചെട്ടുമില്ല. അദ്ദേഹം ആ വീൽചെയറിൽ ഇരുന്നു ചെയ്ത പലകാര്യങ്ങളും പൂർണ ആരോഗ്യരായ ഞങ്ങൾ 4-5 ആളുകൾ ചേർന്നിട്ടു നടക്കുന്നുല്ല. അതിൻ ഉദാഹരണമാണ് മേശപ്പുറത്തെ ആ ബില്ലുകൾ പോലും. ഇങ്ങനെ ഒരു പ്രസ്ഥാനത്തെ രൂപീകരിക്കുകയും ഇത്രയും നാൾ അദ്ദേഹം എങ്ങനെ അത് മുന്നോട്ട് കൊണ്ടുപോയി എന്നതും ഞങ്ങൾക്ക് ഇന്ന് അത്ഭുതമാണ്. പ്രസ്ഥാനത്തിനെ മാത്രം ആശ്രയിച്ചു കഴിയുന്ന രോഗികൾ, രണ്ടാഴ്ച്ചയിൽ ഒരിക്കലുള്ള മെഡിക്കൽ ക്യാമ്പ്, ക്യാൻസർ രോഗികൾ, ജീവനക്കാർ എല്ലാം - എല്ലാം ഇന്ന് ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു.
\"എന്താടാ നീ സ്വപ്നം കാണുവാണോ..?\"
ചായയും കയ്യിൽ പിടിച്ചുള്ള രാജി ചേച്ചിയുടെ ചോദ്യമാണ് എന്നെ ഓർമ്മകളിൽ നിന്ന് തിരിച്ചു കൊണ്ടുവന്നത്.
ഞാൻ ചേച്ചിയെ നോക്കി ഒന്നു ചിരിച്ചു. ചായ വെച്ച് ചേച്ചി പുറത്തേക്ക് പോയി.
മാഷിന്റെ പെങ്ങൾ ആണ് രാജി ചേച്ചി. ഇവിടുത്തെ നേഴ്സും. ഓഫീസ് ഇരിക്കുന്ന സ്ഥലവും ചേച്ചിയുടെതാണ്. യൂറോപ്പിൽ എവിടെയോ നല്ല ശമ്പളത്തിൽ ജോലി ഉണ്ടായിരുന്നു. അത് വേണ്ടാ എന്ന് വെച്ച് മാഷിനെ സഹായിക്കാൻ വന്നതാ..
ചായ കയ്യിലെടുത്ത് ഞാൻ കമ്പ്യൂട്ടർ ഓണാക്കി. ഫേസ്ബുക്കിൽ സാന്ത്വനതീരത്തിന്റെ പേജ് എടുത്തു. അപ്പോഴാണ് ആരോ ടാഗ് ചെയ്തിരിക്കുന്ന ഒരു ലോക്കൽ ചാനലിന്റെ ന്യൂസ് എന്റെ കണ്ണിൽ പെട്ടത്.
\'വയ്യാതെ കിടക്കുന്ന ഒരു അമ്മയും അച്ഛനും ആരും നോൽക്കാനില്ലാതെ ഒരു വീട്ടിൽ തനിച്ചാണ്.!\'
ആ തലകെട്ടോടുകൂടിയ വാർത്ത അതുവരെ ഉണ്ടായിരുന്ന എന്റെ എല്ലാ വിഷമങ്ങളും ചിന്തകളും മാറ്റി. ഫോണെടുത്ത് ഞാൻ ആ ചാനലിലേക്ക് വിളിച്ചു. അവരുടെ അഡ്രസ്സ് വാങ്ങി.
അപ്പോഴേക്കും ആംബുലൻസ് ഡ്രൈവർ സാദിക്ക് ഇക്കയും അക്കൗണ്ട്‌സ് നോക്കുന്ന അജി ചേട്ടനും വന്നു. അവരോടും രാജി ചേച്ചിയോടും ഞാൻ ആ വാർത്തയെ കുറിച്ച് പറഞ്ഞു.
\"നീ ചാനലിൽ വിളിച്ച് അവരുടെ അഡ്രസ്സ് വാങ്ങിക്ക്. നമുക്ക് അവിടെ വരെ പോയി വരാം.\"
\"അത് ഞാൻ വാങ്ങി ചേച്ചി, നമ്മുടെ കുരിശ് മൂടില്ലേ.? അതിനടുത്താണ് വീട്.\"
\"എന്നാൽ അജി ഇവിടെ നിൽക്ക്, ഞങ്ങൾ പോയിട്ട് വരാം.\"
അതും പറഞ്ഞ് അകത്തേക്ക് പോയി ചേച്ചി ആവശ്യത്തിനുള്ള മരുന്നുകളും പിന്നെ കുറച്ചു പണവും എടുത്തുകൊണ്ടു വന്ന് പോകാം എന്ന് പറഞ്ഞു. അങ്ങനെ ഞാനും രാജി ചേച്ചിയും സാദിക്ക് ഇക്കയും കൂടി ആ വീട്ടിലേക്ക് പോയി.
തിങ്കളാഴ്ച്ചയായത് കൊണ്ട് തന്നെ ചെക്കപ്പിനും മരുന്നുകൾ വാങ്ങാനുമായി രോഗികൾ വരും. ഓഫീസ് അടച്ചിടണ്ടാ എന്ന് കരുതിയാണ് അജി ചേട്ടൻ അവിടെ നിൽക്കാൻ പറഞ്ഞത്.
പോകുന്ന വഴി ഞങ്ങൾ കയ്യിൽ ഉണ്ടായിരുന്ന പണംകൊണ്ട് അത്യാവശ്യം ഒരു വീട്ടിലേക്ക് ഭക്ഷണം വെക്കാനുള്ള സാധനങ്ങൾ വാങ്ങി.
കുറച്ച് ഉള്ളിലേക്ക് കയറിയായിരുന്നു ആ വീട്. വെള്ളം കയറി ചെളിയിൽ മൂടിയ വഴി. വണ്ടി പോകില്ലായിരുന്നു. ഞങ്ങൾ നടന്നു. ആ വീടിനുമുന്നിൽ എത്തി രാജി ചേച്ചി ചോദിച്ചു.
\"ഇവിടെ ആരുമില്ലേ..?\"
ജീര്ണിച്ച് വീഴാറായ ആ വാതിൽ തുറന്ന് ഒരു പ്രായമായ ആൾ വന്നു. പ്രായം അയാളെ വല്ലാണ്ട് തളർത്തിയിരുന്നു. ഞങ്ങൾ സ്വയം പരിചയപ്പെടുത്തി. അതിനാൽ അകത്തെക്കുള്ള ക്ഷണം കിട്ടി.
ഒരു ചെറിയ വീട് അതിന്റെ ഒരു ഭാഗത്തായി അടുക്കളയിലേക്കുള്ള വഴി. ഓട് പൊട്ടി താഴെ വീഴുന്ന വെള്ളം പിടിക്കാനായി ഒരു മൂലയിൽ രണ്ട് പാത്രങ്ങൾ വെച്ചിട്ടുണ്ട്. മറ്റൊരു ഭാഗത്തായി ഒരു വാതിൽ. മുറി ആകണം. ആ അച്ഛനോട് അവിടുത്തെ അമ്മയെ തിരക്കി. അദ്ദേഹം ആ മുറിയിലേക്ക് ചുണ്ടി കാട്ടി. ഞങ്ങൾ അങ്ങോട്ടു നടന്നു.
ആ മുറി കുറേ കാലികുപ്പികൾ നിറഞ്ഞതായിരുന്നു. ചലിക്കാൻ കഴിയാതെ ഒരേ കിടപ്പാണ് ആ അമ്മ. മൂത്രം പോകുന്നതിനായി ഒരു സഞ്ചിയുണ്ട്. എന്നാൽ അത് നിറഞ്ഞിരിക്കുന്നു. ഞങ്ങൾ അടുത്തേക്ക് ചെന്നു ഞങ്ങളെ കണ്ടതും ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി. രാജി ചേച്ചി അമ്മയെ സമാധാനിപ്പിച്ചു. ഒരേ കിടപ്പ് ആ അമ്മയുടെ പുറത്ത് മുറിവുകൾ ഉണ്ടാക്കിയിരുന്നു.
രാജി ചേച്ചി അച്ഛനോട് സംസാരിക്കാനായി പുറത്തേക്ക് പോയി. അപ്പോഴും അമ്മയുടെ കണ്ണിലെ കണ്ണുനീർ നിന്നിരുന്നില്ല. ആ അമ്മയുടെ കയ്യികൾ ഞാൻ ചേർത്ത് പിടിച്ച് പറഞ്ഞു.
\"അമ്മ എന്തിനാ കരയുന്നത്.? ഞങ്ങൾ ഉണ്ടല്ലോ കൂട്ടിന്.\"
ആ വാക്കുകൾ കൊണ്ടാകാം ആ കണ്ണുകളിൽ ഒരു ചെറിയ തിളക്കം എനിക്ക് കാണാൻ കഴിഞ്ഞു.
രാജിച്ചേച്ചി വീണ്ടു റൂമിലേക്ക് വന്നു, കൂടെ മറ്റൊരു സ്ത്രീയും ഉണ്ട്. അടുത്ത വീട്ടിലെയാ.
ആമിന,
അവരാണ് ഇവിടുത്തെ കാര്യങ്ങൾ നോക്കുന്നത്. ഇവർക്ക് ഭക്ഷണം ഇണ്ടാക്കി കൊടുക്കുന്നത്, അമ്മയെ കുളിപ്പിക്കുന്നത്, തുണി കഴുകുന്നത്, വീട് വൃത്തിയാക്കുന്നത്, എല്ലാം ആ ചേച്ചിയാണ് ചെയ്യുന്നത്. ആരും ഇല്ലാത്തവർക്ക് എന്നും ദൈവം അവന്റെ കരങ്ങൾ നൽകുമെല്ലോ. അങ്ങനെ അവൻ നൽകിയതാകും ഇവർക്ക് ആ ചേച്ചിയെ.
അവർ രണ്ടു പേരും കൂടി ആ യൂറിൻ ബാഗ് മാറ്റാൻ തയ്യാറെടുക്കുകയാണ്. ഞാൻ പുറത്തേക്ക് ഇറങ്ങി. അവിടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു. ഞാൻ അടുത്ത് ചെന്ന് ഒന്നു ചിരിച്ചു. തിരിച്ച് കണ്ണുനീർ മാത്രമാണ് കിട്ടിയത്. ആ അച്ഛനിൽ നിന്ന് അവരെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിഞ്ഞു.
നല്ലനിലയിൽ ജീവിക്കുന്ന മക്കളെ അപ്പഴും അയാൾ ശപിച്ചിരുന്നില്ല. അത്രെയേറെ ദ്രോഹിച്ചിട്ടും മക്കളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം എന്നിൽ ഒരു അത്ഭുതം ജനിപ്പിച്ചു. അതല്ലേലും എല്ലാ മാതാപിതാക്കളും അങ്ങനെ ആണല്ലോ..! മക്കൾ എന്തു ചെയ്താലും അവർക്ക് സ്നേഹം മാത്രം ആയിരിക്കും.
അച്ഛന്റെ കണ്ണിൽ നിന്ന് വന്ന ഓരോ തുള്ളി കണ്ണുനീറിനും ആ മനസിന്റെ വിശമങ്ങളുടെ ആഴം പറയാൻ ഉണ്ടായിരുന്നു. അവയെല്ലാം എന്റെ ഹൃദയത്തിനെ ഏറെ വേദനിപ്പിക്കുന്നതുമായിരുന്നു. എന്തുകൊണ്ടെന്ന് അറിയില്ല കുറച്ചു മുമ്പ് മാത്രം കണ്ടൊരാൾ ഏതാനം നിമിഷങ്ങളുടെ പരിജയമുള്ളൊരാൾ. അയാളുടെ വിഷമങ്ങൾ, അയാളുടെ കണ്ണുനീർ എന്നെ ഏറെ വേദനിപ്പിക്കുന്നു.
ആ വിഷമങ്ങൾ കണ്ട് അറിയാതെ ഞാൻ പറഞ്ഞുപോയി.
\"അച്ഛൻ വിഷമിക്കണ്ടാന്നെ. ഞങ്ങളുണ്ട് കൂട്ടിന്. ഒരു മകന്റെ സ്ഥാനത്ത് ഞാനും. എന്ത് ആവശ്യം ഉണ്ടങ്കിലും വിളിക്കാം. എപ്പോഴും ഞാൻ കൂടെയുണ്ടാകും. ഒരു മകനായി. ഒരു ആശ്വാസ....!\"
പറഞ്ഞു തീരുമുന്നേ ആ അച്ഛൻ എന്റെ തോളിലേക്ക് ചാഞ്ഞു. എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. ആ കണ്ണുകൾ മുമ്പുള്ളതിനെക്കാൾ കൂടുതലായി ഒഴുകാൻ തുടങ്ങി. ആശ്വസിപ്പിക്കാനായി ഞാൻ എന്റെ കൈകൾ അദ്ദേഹത്തിന്റെ പുറകിൽ അമർത്തി.
\"എന്താ ഇത് അച്ഛാ. കൊച്ചു കുട്ടികളെപ്പോലെ..?
ഞങ്ങൾ ഇല്ലേ കൂട്ടിന് പിന്നെ എന്തിനാ കരയുന്നത്. \"
രാജി ചേച്ചിയുടെ ആ ചോദ്യം കേട്ടാണ് അച്ഛൻ എന്റെ തോളിൽ നിന്ന് എഴുനേൽക്കുന്നെ.
കണ്ണുകൾ തുടച്ച് ആ അച്ഛൻ പറഞ്ഞു.
\"എന്റെ മക്കളെ ദൈവം രക്ഷിക്കട്ടെ.\"
ഞങ്ങൾ കൊണ്ടുവന്ന ആ ഭക്ഷണ സാധനങ്ങൾ ആ കയ്യികളിൽ വെച്ചുനൽകി ചേച്ചി പറഞ്ഞു.
\"ഇത് കുറച്ചു സാധനങ്ങളാണ്. അത്യാവശ്യം വേണ്ടത് ഒന്നു രണ്ട് ആഴ്ച്ചത്തേക്ക് ഉള്ളത് ഉണ്ട്. ബാക്കി സാധനങ്ങളും മരുന്നുകളുമായി ഞങ്ങൾ ഞായറാഴ്‌ച്ച വരാം.\"
ആ സാധനങ്ങൾ വാങ്ങുപ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടു. സങ്കടവും അതിലുപരി സന്തോഷവും. യാത്ര പറഞ്ഞു ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആ കണ്ണുകൾ പറഞ്ഞു കുറച്ചു നേരം കൊണ്ട് ഞങ്ങൾ അവർക്ക് ആരൊക്കെയോ ആയി എന്ന്. ആ നോട്ടം സാക്ഷ്യപ്പെടുത്തി ഞങ്ങളുടെ വരവിനായി ഇനിയും ആ വൃദ്ധൻ കാത്തിരിക്കും എന്ന്.
മടക്ക യാത്രയിൽ ഞാൻ നിശബ്ദനായിരുന്നു. ആ യാത്ര എനിക്ക് മനസ്സിലാക്കിതന്നു മറ്റൊരാളുടെ സഹായമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത വിജയരാഘവൻ എങ്ങനെ ആയിരകണക്കിന് ആളുകളെ സഹായിക്കുന്ന വിജയൻമാഷായി മാറിയെന്ന്.
ആ അച്ഛന്റെ കണ്ണിലെ ആ ഒരു സന്തോഷം ഉണ്ടല്ലോ. അത് കാണുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന ആനന്ദം അതിന് പകരം നൽകാൻ ഒന്നിനുമാക്കില്ല. ആ സന്തോഷത്തിനായി എന്തും ചെയ്യാൻ നമുക്ക് കഴിയും. അങ്ങനെയുള്ള ആയിരകണക്കിന് അച്ഛന്മാരുടെയും അമ്മമാരുടെയും സന്തോഷം മാഷിന് കാണാൻ കഴിഞ്ഞിട്ടുണ്ടാകും. അത് തന്നെയാകും ഓരോ ദിവസവും മാഷിനെ കൂടുതൽ മുന്നോട്ട് നയിച്ചിട്ടുള്ളതും...
======================================
വിജയൻമാഷിന്റെ അത്രേയും ഇല്ലങ്കിലും നിരവധി പേരുടെ കണ്ണുനീർ തുടച്ച് അഭിമന്യുവും സാന്ത്വനതീരവും വീണ്ടും മുന്നോട്ട് പോയി. ഒപ്പം കുറേ ബില്ലുകളും....