Aksharathalukal

ഏഷ്യാനെറ്റ്‌ കഥകൾ -1- കമാണ്ടർ രൺധാവ.

ഏഷ്യാനെറ്റ്‌ കഥകൾ -1- കമാണ്ടർ രൺധാവ.

2005 കാലഘട്ടത്തിലാണ് ഞാൻ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിൽ ഇന്റർനെറ്റ്‌ സർവീസ് ഇൻസ്റ്റല്ലേഷൻ കോർഡിനേറ്റർ ആയി ജോലി ചെയ്യുന്നത്. ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, പണ്ട് റെജി മേനോൻ കേബിൾ ടീവി സർവീസ് ആയി തുടങ്ങുകയും, പിന്നീട് കമ്പനി വിഘടിച്ചു ഏഷ്യാനെറ്റ്‌ ടീവി ചാനലുമായി യാതൊരു ബന്ധവുമില്ലാതെ ഒരേ എംബ്ലം ഉപയോഗിച്ച് രെഹേജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കേരളം മൊത്തം കേബിൾ ടീവി യും, പ്രധാന നഗരങ്ങളിൽ ഏഷ്യാനെറ്റ്‌ ഡാറ്റ ലൈൻ (ADL) എന്ന പേരിൽ കേബിൾ ടീവി വഴി ഇന്റർനെറ്റ് സേവനവും നൽകി വന്നിരുന്നു. DOCSIS ( data over cable service interface specification) എന്ന ടെക്നോളജി ആണ് ഉപയോഗിച്ചിരുന്നത്. 2004 -05 സമയത്തു ഇന്റർനെറ്റ്‌ ഒരു ലക്ഷ്വറി സർവീസ് ആയിരുന്നു. ഞാൻ എറണാകുളം സിറ്റി ഇൻസ്റ്റല്ലേഷൻ കോർഡിനേറ്റർ ആയിരുന്നു. വളഞ്ഞമ്പലത്തുള്ള ഒരു തൊഴുത്ത് പോലുള്ള കെട്ടിടത്തിലാണ് ADL ന്റെ ഓഫീസ്.

ഫീൽഡ് ഇൻസ്റ്റല്ലേഷൻ ചെയ്യുന്നത്, \"ഒരു വീട്ടിൽ ഒരു ഗുണ്ട \" പദ്ധതി നടപ്പിലാക്കിയ മട്ടാഞ്ചേരി ഫോർട്ട്‌ കൊച്ചി മേഖലയിൽ നിന്നും വന്നിരുന്ന ഭാവി ഗുണ്ടകളായ ചെറുപ്പക്കാർ, കരാർ അടിസ്ഥാനത്തിലാണ് . ഞാൻ അവന്മാരുമായി പെട്ടന്നു തന്നെ നല്ല സുഹൃദമായി. ( പേടിച്ചിട്ടൊന്നുമല്ല, വെറുതെ എന്തിനാ മൊട യുണ്ടാക്കുന്നെ )
എനിക്ക് ഒരു അസിസ്റ്റന്റും ഉണ്ടായിരുന്നു. വടക്കൻ പറവൂർ കാരൻ ഒരു കിളിപോയ ഗഡി, ചാർളി എന്ന് വിളിക്കുന്ന നവീൻ.

ഞങ്ങൾ ഷിഫ്റ്റിൽ ആണ് ജോലി ചെയ്തിരുന്നത്. ഞാൻ രാവിലെ 7 മുതൽ ഉച്ചക്ക് 3 വരെ. ചാർളി ഉച്ചക്ക് 11 മുതൽ വൈകീട്ട് 7 വരെ. 3 മണികഴിഞ്ഞാൽ പല ദിവസങ്ങളിലും ഞാൻ ഷേണായീസ്, പദ്മ, ശ്രീധർ, മൈമൂൺ, സരിത (തെറ്റിദ്ധരിക്കേണ്ട, നായർ അല്ല ) തുടങ്ങിയ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചു പോന്നു. മട്ടാഞ്ചേരി, പറവൂർ ഭാഷ പെട്ടന്നു തന്നെ ഞാൻ സ്വായാത്ത മാക്കി. \"നിങ്ങ ഇങ്ങാട് വരുമ്പോ ഞങ്ങ അങ്ങാട് പോണേണ്‌, അങ്ങാട് ഇങ്ങാട് നോക്കി നിക്കാതെ ഇങ്ങാട് വാടാ.\" തുടങ്ങിയവ.


ഒരു മാസം ഏകദേശം 350-450 പുതിയ കണക്ഷൻ കൊടുക്കണം. 10-12 സെയിൽസ് റെപ് മാരുണ്ട്. അവരിൽ പുലി, മാസം 250 ൽ അധികം ഓർഡർ പിടിക്കുന്ന, പാടൻ എന്ന് വിളിക്കുന്ന രഞ്ജിത് നായർ ആണ്. മറ്റു റെപ് മാർക്ക്, ആകെ മൊത്തം കണക്ഷന്റെ പകുതിയിലധികം പിടിക്കുന്ന പാടനോട് വലിയ അസൂയ ആയിരുന്നു. ഞാനും പടാനും ഭയങ്കര കമ്പനി ആണ്. പാടൻ 4-ദി പീപ്പിൾ എന്ന സിനിമയിൽ, ഇന്റർനെറ്റ്‌ കഫെ ഓപ്പറേറ്റർ ആയി അഭിനയിച്ചിട്ടുണ്ട്, ഏതാനും സെക്കണ്ടുകൾ മാത്രം.

അങ്ങനെ ഒരു ദിവസം പാടന്  ഒരു VIP കണക്ഷൻ ഓർഡർ കിട്ടി. നേവൽ ബേസ് കമാണ്ടർ, കമാണ്ടർ രൺധാവ. വൈകുന്നേരം 5 മണി കഴിഞ്ഞു. ഇൻസ്റ്റലേഷൻ ടീം എല്ലാം പല വഴിക്ക് ഉച്ചയോടെ പോയി. കമാണ്ടർക്ക് അത്യാവശ്യമായി അന്ന് തന്നെ കണക്ഷൻ വേണം. പാടൻ എന്നെ വിളിച്ച് കാര്യം പറഞ്ഞു. പാടൻ നമ്മുടെ ചങ്ക് ആയതുകൊണ്ട് ഞാൻ വരാം എന്ന് ഏറ്റു. RF ( റേഡിയോ ഫ്രീക്ക്ൻസി ) ലെ നിതീഷിനെ വിളിച്ചു കേബിൾ ലൈൻ ok ആണെന്ന് ഉറപ്പിച്ചു. നേരെ ഓഫീസിൽ പോയി, മോഡം, നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്തു. പാടന്റെ കൂടെ എറണാകുളം സഹോദരൻ അയ്യപ്പൻ റോഡിലെ ഇളംകുളത്തുള്ള നേവിക്കാർ താമസിക്കുന്ന വർഷ അപാർട്മെന്റിൽ പോയി.

ഡോർ ബെൽ അടിച്ചു. വാതിൽ തുറന്നത്
ഒരു 6 അടിയിൽ കൂടുതൽ പൊക്കമുള്ള, കട്ട സൈസ്. അത് കമാണ്ടർ തന്നെ. പാടനെ കണ്ടപ്പോൾ ഉള്ളിലേക്ക് ക്ഷണിച്ചു. 5 മിനുട്ടിൽ ഇൻസ്റ്റല്ലേഷൻ ഞാൻ പൂർത്തിയാക്കി, കമ്പ്യൂട്ടർ കണക്ട് ചെയ്ത് കമാണ്ടർക്ക് കൈമാറി. കമാണ്ടർ ഹാപ്പി ആയി. പാടൻ സോഫയിൽ ഇരുന്നു.

അപ്പോൾ രണ്ട് പ്ലേറ്റ് ആലു പൊറോട്ടയുമായി കമാണ്ടറുടെ ഭാര്യ വരുന്നു, ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന്‌ പറഞ്ഞു. ഞങ്ങൾ പറഞ്ഞു, ഞങ്ങൾക്ക് പോയിട്ട് ധൃതിയുണ്ട്, പിന്നെ ഒരിക്കൽ ആകാം. ഇത് ഞാൻ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയതാണ്, ഞങ്ങളുടെ വീട്ടിൽ വന്നവരെ സൽക്കരിക്കാതെ വിടുന്നത് ഞങ്ങളുടെ രീതിയല്ല എന്ന് അവർ. ഞാൻ വീണ്ടും പറഞ്ഞു, പോയിട്ട് ധൃതിയുണ്ടെന്നു.
..................... പിന്നെ ഒരു സിംഹ ഗർജനം കേട്ടു. കട്ട കലിപ്പിൽ കമാണ്ടർ കമാൻഡ് ചെയ്തതാണ് . ഞാൻ അറിയാതെ സോഫയിൽ ഇരുന്നു. ആസമയത്തു പാടൻ ആലു പൊറോട്ട പകുതിയും അകത്താക്കിയിരുന്നു.


എന്റെ ജീവിതത്തിൽ അന്ന് ആദ്യമായാണ് ആലു പൊറോട്ട കഴിക്കുന്നത്‌, അതും തോക്കിൻ കുഴലിനു മുൻപിൽ.

 കമാണ്ടർ രൺധാവ.  ആ പേര് ഞാൻ ഒരിക്കലും മറക്കില്ല...