Aksharathalukal

അവൾ കരയാറില്ല

അവൾ കരയാറില്ല...
അവളിലെ ഉപ്പുപാടം വറ്റിവരണ്ടു.
കണ്ണീരിന്നുപ്പുരസമോ,
കടലൂറ്റിക്കുടിച്ചു!

വിങ്ങൽ മഴമേഘമായ്
വിണ്ണിൽ ഒട്ടിനിന്നു;
അവളിൽ നൊമ്പരം
കനൽകാറ്റായി വീശി.

ഒറ്റപ്പെടുത്തലിൽ
യഥാർത്ഥമുഖമറിഞ്ഞു,
കുറ്റപ്പെടുത്തലിൻ
കുന്തമുന തുളഞ്ഞുകയറി;
കാപട്യത്തിനു മുന്നിലവ-
ളോടിയൊളിച്ചില്ല.
മഞ്ഞുതുള്ളി പോലൊ
രുള്ളുരുക്കത്തിൽ
അലിഞ്ഞില്ലാതായില്ല!

നോവുഭാണ്ഡത്താൽ
മുതുകുവളഞ്ഞു,
തിക്താനുഭവത്താ-
ലുള്ളം പൊള്ളി,
ചിരിച്ച മുഖം, വിധിയോട്
യുദ്ധം; അവൾ പോരാളി!

അവളിലെ ശബ്ദം...
നിലക്കാത്ത മാറ്റൊലി,
എത്രമേലാഴച്ചവിട്ടിലു-
മുയർന്നുപൊങ്ങിയവൾ!

അവളിടങ്ങളിൽ ചിത്രം
ചോരകൊണ്ടു വരയ്ക്കവേ
കണ്ണകിയായവൾ ഉറഞ്ഞുതുള്ളി.
കലികാല വേഷപ്പകർച്ചയിൽ
കനൽ കോരിക്കുടിച്ച
കാളിയായവൾ മാറി!

കരയില്ലവളൊരിക്കലും...
നോവു പാടത്തിലുറഞ്ഞ
മനസ്സവൾക്കിന്ന്!!!

************************
- സുജ ശശികുമാർ 
************************