Aksharathalukal

ദ്രോണാചലം....

ദ്രോണാചലം


ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ പുൽകൊടിക്കുപോലും ഈശ്വരൻ നിശ്ചയിച്ചിരിക്കുന്ന ഒരു പ്രധാന കർമ്മമുണ്ടാവും. ആ കർമ്മം ചെയ്യുന്ന നമ്മൾ അത് അറിഞ്ഞില്ലെങ്കിൽ കൂടിയും. സ്വന്തം കർമ്മത്തിലൂടെ തന്നെ ഈശ്വരനെ പൂജിക്കൂ എന്നാണല്ലോ ഭഗവത്ഗീതയും പറയുന്നത്.

തിരുവാണിയൂർ എന്ന കൊച്ചു ഗ്രാമം, മലകളും, മൊട്ടക്കുന്നുകളും, കൊച്ചു കൊച്ചു തോടുകളും, കുളങ്ങളും പിന്നെ ഇലഞ്ഞിയും, വാകയുമൊക്കെ കുടനിവർത്തിയ വഴിയോരങ്ങളും, മൂർഖന്റെ വാസസ്ഥലമാണോ എന്ന് സംശയിക്കുന്ന മൺപുറ്റുകളും, സൂര്യപ്രകാശം പോലും നട്ടുച്ചക്ക് കടന്നു വരാൻ മടിക്കുന്ന പേടിപ്പെടുത്തുന്ന സർപ്പക്കാവുകളും, നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലവുമെല്ലാമടങ്ങിയ മനോഹര ഭൂപ്രകൃതി.

ചെറുപ്പത്തിൽ മുത്തശ്ശിക്കഥകളിൽ കേട്ടിരുന്ന യക്ഷിയുടെയും, ഗന്ധർവന്റെയും, കിന്നരന്റെയുമൊക്കെ നായക പരിവേഷങ്ങൾ മനസ്സിൽ കയറി കൂടിയിട്ട് വർഷങ്ങൾ ഒരുപാട് കടന്നു പോയി. മുത്തശ്ശി പറഞ്ഞത് കേട്ട്, നാട്ടിലുള്ള സർപ്പക്കാവിൽ, കണ്ടാലറിയാവുന്ന വലിയൊരു മരത്തിന്റെ ഇലകൾ പൊടിച്ചു സൂക്ഷിച്ചു എപ്പോളും കുളിക്കാൻ ഉപയോഗിക്കാറുണ്ട്. മുത്തഛന്റെ കൂടെ നടന്ന് സർപ്പക്കാവിലെ ഔഷധ സസ്യങ്ങൾ മിക്കതും എനിക്ക് കാണാപ്പാടമായി.


താളിയിലകളും, മരോട്ടിക്കായയും, പിന്നെ മുറിവുണക്കാനുള്ള പലതരം ഇലകൾ കൊണ്ടുള്ള ചാർ ഒഴിച്ചുള്ള പൊടിവിദ്യയുമെല്ലാം എനിക്ക് മുത്തഛന്റെ പറഞ്ഞു തന്നിട്ടുണ്ട്. തറവാട്ടിൽ ഒരുപാട് ആളുകൾ ഒളിച്ചു നിന്ന് കുറേക്കാലം ശ്രമിച്ചിട്ട് പോലും, ഇത്രയും നാളായിട്ടും അതൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.

ഗ്രാമത്തിൽ ഒരാളെ മാത്രമേ മുത്തഛൻ ഭയക്കുന്നത് കണ്ടിട്ടുള്ളു. ദുർമന്ത്രവാദി ഭൈരവൻ . നീണ്ട താടിയും, ജടപ്പിടിച്ച തലമുടിയും, വലിയ രുദ്രാക്ഷമാലയും, ചുവന്ന കണ്ണുകളുമായി ഒരു പേടിപ്പെടുത്തുന്ന രൂപം.  രണ്ടു മൂന്ന് കുന്നുകൾ കയറിയിറങ്ങി ചെന്നാലേ ഭൈരവൻ താമസിക്കുന്ന വലിയ നാലുകെട്ടിൽ എത്തുകയുള്ളൂ.  ചെറുപ്പത്തിൽ ധാരാളം മാമ്പഴം പെറുക്കാൻ ആ കുന്നുകളിൽ ഒരുപാട് തവണ പോയിട്ടുണ്ട്. ചുറ്റിലും ആൾതാമസമുള്ള ഒരു വീട് പോലും കാണാനില്ല. പേരാലും, അരായാലും, അത്തിയും, ഇത്തിയും, മാവുകളും, കാഞ്ഞിരവുമെല്ലാം തിങ്ങിനിറഞ്ഞ ഒരു യക്ഷിക്കാട്. മുറ്റം നിറയെ ഉണങ്ങിയ കമ്പും, കരിയിലയും കിടക്കുന്നു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന തുളസിത്തറയും പൂമുഖവും.
ഒരുകാലത്തു വളരെ സമ്പന്നമായ ജന്മിത്തറവാടാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും.

മാടനും, മറുതയും, അറുകൊലയുമൊക്കെയാണ് ഭൈരവന്റെ ഉപാസനാമൂർത്തികൾ എന്ന് മുത്തഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.

എന്നും വൈകുന്നേരം സർപ്പക്കാവ് മുഴുവനും ചുറ്റി നടന്ന് ആരെങ്കിലും തടിയോ, ഔഷധ ചെടികളോ എന്തെങ്കിലും വെട്ടി നശിപ്പിക്കുന്നുണ്ടോ എന്ന് നോക്കാൻ മുത്തഛൻ പ്രതേകം എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അച്ഛന് ഇതിലൊന്നും യാതൊരു താല്പര്യവും ഞാൻ കണ്ടിട്ടില്ല. കാവു തീണ്ടിയാൽ നാട്ടിലെ കുളങ്ങൾ മുഴുവനും വറ്റുമെന്ന് പലവട്ടം മുത്തശ്ശി പറയുമായിരുന്നു. അത് ശരിയാണെന്നു എനിക്ക് നല്ല നിശ്ചയമുണ്ട്. ഇത്രയും നാളായിട്ട് കൊടും വേനലിൽ പോലും, വെള്ളത്തിനായി ദൂരെ നിന്നും കുന്നിറങ്ങി വരുന്ന കുടുംബങ്ങൾ മുഴുവനും വെള്ളം കോരിയിട്ടും ഞങ്ങളുടെ കുളത്തിന്റെ അടിഭാഗം ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. വലിയ വലിയ മരങ്ങളുടെ വേരിനാൽ സംരക്ഷണം നൽകി , പുറമേ നിന്ന് കാണുവാൻ സാധിക്കാത്ത ഒരു വലിയ ജലാശയം തന്നെ ഉണ്ടാവും ചിലപ്പോൾ സർപ്പക്കാവിന്റെ അടിയിൽ.

ഈ കാര്യങ്ങൾ അറിഞ്ഞപ്പോൾ മുതൽ കാടിനൊന്നും ഒന്നും പറ്റാതെ അടുത്ത തലമുറക്ക് കൂടി പകർന്നു കൊടുക്കണമെന്ന് തോന്നിപ്പോയി. ഇതിന് വിലങ്ങുതടിയായി വരുന്നത് ഭൈരവന്റെ പണിക്കാരാണ്.  സർപ്പക്കാവിലെ മിക്ക മരങ്ങളും മുറിച്ച് , ചെടികളുമെല്ലാം നശിപ്പിച്ചു കൊണ്ടുപോവുന്നത് അവരാണ്.

പലവട്ടം ഞാൻ അവരോടു കാര്യം പറഞ്ഞിട്ടും ആരും കാണാതെ തന്നെ വന്ന് വെട്ടിയെടുത്തു കൊണ്ടുപോവും. ഒരിക്കൽ ഒരു പണിക്കാരന്റെ കഴുത്തിൽ പിടിച്ചു ഞാൻ ഒരു തള്ള് വെച്ച് കൊടുത്തു. ചെറിയ രീതിയിൽ ഉന്തും തള്ളുമായി. അവർ വെട്ടിയിട്ടത് ഒന്നുമെടുക്കാതെ പെട്ടന്ന് തന്നെ അവിടെ നിന്ന് വിട്ടുപോയി. എനിക്കറിയാം ഇനി ഭൈരവൻ തന്നെ നേരിൽ വരുമെന്ന്. ഏകദേശം അര നാഴിക കഴിഞ്ഞു കാണും, സാക്ഷാൽ ഭൈരവൻ തന്നെ മുന്നിൽ. ഈ ചെറുക്കാനാണോ എന്ന് ചോദിച്ച്, കുനിഞ്ഞു ഒരു ഉണക്കക്കമ്പ് കയ്യിൽ എടുത്ത് എന്തൊക്കെയൊ പറഞ്ഞ് എന്റെ നേരെ ഒറ്റയേറുതന്നു. എന്റെ ദേഹത്ത് ആ കമ്പ് ഒരു കറുത്ത പാമ്പായി വന്ന് വീണു. ഞാൻ കുതറി വെട്ടി മാറി. അത് വീണ സ്ഥലത്ത് പത്തി വിടർത്തി നിന്ന് ആടുന്ന ഉഗ്രൻ കരിമൂർഖൻ. എന്റെ നെഞ്ച് കാളിപ്പോയി ഞാൻ പേടിച്ചു പെട്ടന്ന് പുറകോട്ടോടി. അവർ വെട്ടിയിട്ട തടി മുഴുവനും, മൂർഖന്റെ കാവലിൽ, കണ്മുന്നിൽ കൂടി തന്നെ പൊക്കി എടുത്തു കൊണ്ട് പോയി. കാലിൽ എവിടെ ഒക്കെയോ മുറിവിന്റെ നല്ല നീറ്റൽ. സങ്കടവും ദേഷ്യവുമൊക്കെ നന്നായി വന്നു. കരിമൂർഖൻ കടിച്ചത് മനസ്സിൽ തന്നെ ആയിരുന്നു. എങ്ങനെയൊക്കെയോ വീട്ടിൽ വന്ന് കയറി. അമ്മ വന്നിട്ട് എന്തൊക്കെയൊ പറഞ്ഞിട്ട് പോയി. വെറുതെ രണ്ടു വട്ടം മൂളി. രാത്രി കുളിച്ചു വന്ന് കുറച്ചു കഞ്ഞിയും കുറിച്ച് കിടന്നു. ഉറക്കം വരുന്നില്ല, കണ്മുന്നിൽ ഭൈരവന്റെ പുച്ഛം നിറഞ്ഞ ചിരി മാത്രം. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. കോളേജിൽ പോകാൻ ഒരു ഉന്മേഷം തോന്നിയില്ല. പോകേണ്ട എന്ന് തീരുമാനിച്ചു. രാവിലെ സൈക്കിളിൽ പാൽ മേടിച്ചു കൊണ്ട് വരുന്ന വഴിയിൽ കാർത്തികയെ കണ്ടു. പാൽ മേടിക്കുന്ന വീടിന്റെ അടുത്താണ് അവളുടെ വീട്. കോളേജിൽ എന്റെ ജൂനിയർ ആണ് ഇപ്പൊ കാർത്തിക .

പൂമുഖത്തിരുന്ന് മുത്തഛൻ പേപ്പർ നോക്കുന്നു. എന്റെ വരവ് കണ്ടിട്ട് തല പൊക്കി നോക്കി. കണ്ണാടി പോലും വെക്കാതെ ചെറിയ അക്ഷരം പോലും വായിച്ചെടുക്കുന്നു. ഇതെന്താടാ നിന്റെ കാലിൽ മുറിവ്. ഇന്നലെ ഒരു കമ്പ് കൊണ്ട് പോറിയതാ. ഒന്നമർത്തി മൂളിയ ശേഷം പേപ്പർ വായന തുടർന്നു. 

നീ ഇന്ന് കോളേജിൽ പോകുന്നില്ലേ മണി പത്തു കഴിഞ്ഞല്ലോ. ഇന്ന് പോകുന്നില്ല, ഭയങ്കര കാൽ വേദന. ഇങ്ങോട്ട് വന്നേ, ഞാനൊന്ന് നോക്കട്ടെ. ഇത് എന്ത് പറ്റിയതാടാ. ഞാൻ നടന്ന കാര്യം മുഴുവനും പറഞ്ഞു. ഇങ്ങനെ ഒരു ദിവസം ഉണ്ടാവുമെന്ന് എനിക്കറിയാം. അല്ലാതെ ഞാൻ എന്ത് പറഞ്ഞാലും നീ അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളിക്കളയും. ഇനി നീ അത് പറയില്ല. നിന്റെ നേർക്ക് എന്തിനെ അയച്ചെന്നാ പറഞ്ഞത് . പത്തി വിടർത്തി ആടുന്ന മൂർഖനെ മുന്നിലേക്കിട്ടു. കടി കിട്ടാത്തത് എന്റെ ഭാഗ്യം. അവനെയൊന്നും എതിരിടാൻ നമ്മളെക്കൊണ്ട് പറ്റത്തില്ല മുത്തഛാ. എന്തെങ്കിലും ഒക്കെ കാണിച്ചു കൂട്ടട്ടെ, അല്ലാതെ എന്ത് ചെയ്യാൻ.  ശരിയാ, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളത്തില്ല.
സമയം കളയാതെ കോളേജിൽ പോകാൻ നോക്ക് പരീക്ഷ ഒക്കെ അല്ലെ വരുന്നത്. അല്ലെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം.

മുത്തഛൻ എന്താ ഉദ്ദേശിക്കുന്നത്, തെളിച്ചു പറയാമോ. എടാ മോനെ,പുഴയുടെ മറുകര എത്താൻ ഒരു ചെറിയ തോണി മതി. അല്ലാതെ അടിയൊഴുക്കിൽ കൂടി നീന്തി അക്കരെ പോകേണ്ട. 

നിനക്ക് ഞാൻ പറയുന്ന പോലെയൊക്കെ ചെയ്യാമോ. എന്താണെന്ന് മുത്തഛൻ ഒന്ന് പറയാമോ. അത്, നീ ഇനിയെങ്കിലും ഞാൻ പറയുന്നത് കൂടി പഠിക്കാൻ തുടങ്ങണം. എന്ത് പഠിക്കാൻ തുടങ്ങണമെന്നാ പറയുന്നേ. എടാ, പൂർവ്വികന്മാരായി നമ്മുക്ക് കൈമാറി കിട്ടിയ താളിയോല ഗ്രന്ഥങ്ങൾ , പറ്റുമോ നിനക്ക്. എന്തൊക്കെ ആണെന്നും, എങ്ങനെയാണെന്നും മറ്റുമെല്ലാം ഞാൻ വിശദമായി പറഞ്ഞു തരാം. എന്നും രാവിലെ ബ്രഹ്മമൂഹൂർത്തത്തിൽ എണീക്കണം. മന്ത്രങ്ങൾ നന്നായി മനസ്സിരുത്തണം. മുടങ്ങാതെ ഏകാദശി വ്രതം എടുക്കണം. നീ പോലും അറിയാതെ നിന്റെ ഉള്ളിലെ തീ ആളിപ്പടരും. ഞാൻ വേറൊരു കാര്യം കൂടി തരാം. നീ വൈകുന്നേരം കുളിച്ചിട്ട് നിലവറയിലേക്ക് വാ. ബാക്കി അപ്പൊ പറയാം.

ഇത്രയും കാലം ഇതിനെക്കുറിച്ച് ഒരു കാര്യം പോലും മുത്തച്ഛൻ സംസാരിച്ചിട്ടില്ല. ഇതുവരെ മനസ്സിലുണ്ടായിരുന്നതെല്ലാം മാറ്റിയെഴുതാൻ ഈ ഒരു നിമിഷം മാത്രം മതിയായിരുന്നു.


(തുടരും)

-----------End of part 1