കിതച്ചോടിവന്ന സുമിത്ര അമ്പരപ്പോടെ ആശുപത്രിയിൽ നിന്നിരുന്ന സകലരെയും നോക്കി. കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളിൽ ദയനീയത മാത്രം. ഓപ്പറേഷൻ തിയറ്ററിന് മുന്നിൽ ഉള്ളുരുകി നിന്ന സുമിത്രയുടെ അടുത്തേക്ക് ഡോക്ടർ നടന്നുവന്നു. അവൾക്ക് തന്റെ നെഞ്ചിടിപ്പിന്റെ താളം പിഴച്ചുതുടങ്ങും പോലെ തോന്നി.
ഡോക്ടറുടെ മുഖത്തെ സഹതാപം പറയേണ്ടേതെല്ലാം പറയാതെ പറഞ്ഞു കഴിഞ്ഞിരുന്നു. രണ്ട് നിമിഷം ഒന്നും മിണ്ടാതെ ഡോക്ടർ സുമിത്രയെ നോക്കിനിന്നതിനുശേഷം നിശബ്ദതയെ മുറിച്ചു.
\"ഐ യാം സോറി, വൈകിപ്പോയി. ഞങ്ങൾ മാക്സിമം ശ്രമിച്ചു. ബട്ട്...\"
ചലനമറ്റുനിന്ന സുമിത്രയുടെ കണ്ണുകൾ മാത്രം ചലിച്ചു; കണ്ണുനീർ പലതും പറഞ്ഞു. ഒപ്പം നിന്ന സഹോദരൻ അവളെ ഒരു കസേരയിൽ ഇരുത്തി.
അതിനിടയിൽ സുമിത്രയുടെയും ഭാഗ്യനാഥന്റെയും കുടുംബക്കാരെല്ലാം വന്നുകഴിഞ്ഞിരുന്നു.
ആർക്കും ഒരു ദോഷവും ചെയ്യാത്ത ഒരു പാവത്താനായിരുന്ന ഭാഗ്യനാഥൻ സുമിത്രയെ വിവാഹം ചെയ്തിട്ട് നാളെ അഞ്ച് വർഷം തികയുന്നു. കുട്ടികൾ ആവാത്തത്തിൽ ഇരുകുടുംബക്കാരും കുറ്റപ്പെടുത്തിയിരുന്നു. അപ്പോഴൊക്കെ ഭാഗ്യന് സുമിത്രയും സുമിത്രക്ക് ഭാഗ്യനും മാത്രമായിരുന്നു ആശ്വാസം പകരാനുണ്ടായത്. ഗർഭിണിയാവില്ലെന്ന് ശപഥമൊന്നും സുമിത്ര എടുത്തിട്ടില്ലായിരുന്നു. ഒരു അമ്മയായി ഭർത്താവും കുഞ്ഞുമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു സാദാ പെണ്ണായിരുന്നു സുമിത്ര.
ചലനമില്ലാതെയിരിക്കുന്ന സുമിത്രയുടെ അടുത്തേക്ക് ഒരു ഓട്ടോറിക്ഷകാരൻ വന്നു നിന്നു. സുമിത്ര പതിയെ മുഖമുയർത്തി.
\"ഞാൻ ജോസഫ്, തേവലക്കര സ്റ്റാൻഡിൽ ഓട്ടോ ഓടുവാ..\"
സുമിത്ര അയാളെ കേട്ടിരുന്നു. അവളുടെ മാനസികാവസ്ഥയിൽ അത് എങ്ങനെ സാധ്യമാവുന്നു എന്നറിയില്ല.
\"ആരും ശ്രദ്ധിക്കാതെ റോഡരികിൽ രക്തത്തിൽ കുളിച്ച് കെടക്കുവായിരുന്നു. ഒരുപാട് വണ്ടികൾ പോണ വഴിയാ.ഞാൻ നോക്കുമ്പോൾ ശ്വാസം ഒണ്ടായിരുന്നു. പക്ഷെ... എനിക്ക് മുന്നേ ആരേലും ഒന്ന് കണ്ടിരുന്നേൽ...\"
ജോസഫ് പറഞ്ഞു നിർത്തി. അയാൾക്ക് നേരെ കൈകൾ കൂപ്പി സുമിത്ര പറഞ്ഞു.
\"നിങ്ങൾ ഒരാളേലും മനസാക്ഷി കാട്ടിയല്ലോ. ജീവനുള്ള കാലം വരെ മറക്കില്ല.\"
സുമിത്ര ഇടറിയ സ്വരത്തിൽ പറഞ്ഞത് കേട്ട് ജോസഫ് തിരികെ നടന്നു; അയാളുടെ മിഴികൾ നനഞ്ഞിരുന്നു.
\"നീയൊന്ന് പൊട്ടിക്കരയെടീ...\"
സുമിത്രയുടെ അമ്മ വിങ്ങിക്കൊണ്ട് പറഞ്ഞു. ഓപ്പറേഷൻ തിയറ്ററിൽ നിന്നും ഭാഗ്യനാഥന്റെ ജീവനറ്റ ശരീരം പുറത്തേക്ക് കൊണ്ടുവന്നു. സുമിത്ര കുറച്ചു നിമിഷങ്ങൾ നോക്കി നിൽക്കുക മാത്രം ചെയ്തു. പിന്നാലെ തല കറങ്ങി വീണുപോയി.
ബോധം വീണപ്പോൾ സുമിത്രക്ക് മുന്നിൽ ഇരുകുടുംബക്കാരുമുണ്ടായിരുന്നു. അവരുടെ മുഖത്ത് പ്രതീക്ഷയുടെ വിത്തൊന്ന് മുളച്ചു തുടങ്ങിരുന്നു. അതൊരു ചെറുദീപമായി പതിയെ പതിയെ ഇരുകുടുംബത്തിനും പ്രകാശമാവുമെന്ന് വിശ്വസിച്ചു.
സുമിത്ര ആ നിമിഷം കരഞ്ഞു...
മനസ്സ് തുറന്ന് കരഞ്ഞു!!!
***************
- നിഥിൻകുമാർ പത്തനാപുരം
***************