Aksharathalukal

കാക്ക

        വീടിന്റെ കോലായിൽ കാലും നീട്ടി വെച്ചു മൊബൈൽ തോണ്ടി കൊണ്ടു മിക്ച്ചറിലെ കടല പെറുക്കി തിന്നുമ്പോഴാണ് മാവിൻ കൊമ്പിലിരുന്ന കാക്ക കരഞ്ഞത്...
കുറച്ചു മിക്സ്ച്ചർ എടുത്തു കാക്കക്ക് എറിഞ്ഞു കൊടുത്തു. ബാക്കി എടുത്ത് കട്ടൻ ചായയിലും ഇട്ടു സ്പൂൺ കൊണ്ടു കോരി കുടിച്ചു...എറിഞ്ഞു കൊടുത്തതെല്ലാം കൊത്തി തിന്നിട്ടും കാക്ക കരച്ചിൽ നിർത്തിയില്ല.... ഇനി കാക്കക്ക് കൊടുക്കാൻ അടുക്കളയിലോ എന്റെ കൈയിലെ പാത്രത്തിലോ മിസ്ച്ചർ ഇല്ല..    കാക്കക്ക് കൊതി മൂത്തു എനിക്ക് വയറിളക്കം പിടിച്ചു ഡാർക്ക്‌ സീൻ ആവോന്ന് ആലോചിച്ചു കൊണ്ടു ഞാൻ കാക്കയെ നോക്കി. തല ലേശം ചെരിച്ചു കൊണ്ടു കാക്ക എന്നെയും നോക്കി.
".നോക്കണ്ട നീ "...  പണ്ട്  നീ  കാരണം എനിക്ക് കിട്ടിയ തല്ലിന്റെ കണക്കോക്കെ ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ട്ടോ കള്ള കാക്കേ...

     പണ്ട് ഗോതബും പച്ചരിയും മുറ്റത്തു ഉണക്കാൻ ഇട്ടപ്പോൾ ആദ്യം നീ വന്നു കൊത്തി തിന്നപ്പോൾ പാവമല്ലേ തിന്നോട്ടെ എന്ന് കരുതി ഞാൻ മിണ്ടാതെ ഇരുന്നു... അപ്പൊ നീ കരഞ്ഞു കൂവി നിന്റെ കുടുംബക്കാരെ മൊത്തം വിളിച്ചു വരുത്തി കൊത്തി തിന്നു..അത് കണ്ടു വന്ന അച്ഛമ്മ " " " കാക്ക കൊത്തി തിന്നുന്നത് നോക്കി നിൽക്കുന്നോ "ന്ന് ചോദിച്ചു കൊണ്ടു  എന്നെ തല്ലി 😢😢.

      ഒരിക്കൽ എനിക്ക് തിന്നാൻ തന്ന ദോശ നിനക്കു തൊണ്ടയിൽ കുടുങ്ങണ്ടയെന്ന് കരുതി ചെറിയ ചെറിയ കഷ്ണമാക്കി മുറിച്ചു തന്നതിന്,
 " തിന്നാതെ കാക്കക്ക് എറിഞ്ഞു കൊടുക്കുന്നോ " ന്ന് ചോദിച്ചു അമ്മ തല്ലി 😢.

        അമ്മ മീൻ വൃത്തിയാക്കുമ്പോൾ  നിനക്ക് വലിയൊരു മീൻ ഇട്ടു തന്നത് കണ്ട് ഏട്ടൻ  അന്നെന്റെ തുടയിൽ നുള്ളി 😢.

      നാട്ടു മാങ്ങായും ചക്കയുമൊക്കെ ഞാൻ രുചി നോക്കുന്നതിനു മുൻപേ നീ  അതിലൊക്കെ ഓട്ട തുളച്ചു രുചി നോക്കി..

കോഴിക്കൂട്ടിലെ കോഴിമുട്ട ഒന്നും പോലും എനിക്ക് പൊരിച്ചു തിന്നാൻ കഴിഞ്ഞില്ല.. അതെല്ലാം കൊത്തി പൊട്ടിച്ചു തിന്നുന്നത് നീ ആണെന്ന് കണ്ടുപിടിക്കാൻ പെട്ട പാട് എനിക്കെ അറിയൂ..

ഉത്സവത്തിനു പോയപ്പോ വാങ്ങിയ എന്റെ പാവക്കുട്ടിയെ കുളിപ്പിച്ച് കോലായിൽ കിടത്തി. ഞാനൊന്നു തിരിഞ്ഞപ്പോഴേക്കും അതിന്റെ കണ്ണ് നീ കൊത്തി പൊട്ടിച്ചു.
ഇന്നും എന്റെ പാവക്കുട്ടി കണ്ണു പൊട്ടിയായിട്ടു നടക്കുവാ..


ഒരിക്കൽ ധന്യ ചേച്ചിന്റെ കല്യാണത്തിനു പോയപ്പോ എന്റെ പുതിയ കുപ്പായത്തിൽ കാഷ്ടിച്ചു.. 😢
    
    കരഞ്ഞു വാശിപിടിച്ചിട്ട്അച്ഛൻ ഉണ്ടാക്കി തന്ന മുറ്റത്തെ ആമ്പൽ കുളത്തിലെ മീനിനെ എല്ലാം നീ ഓരോ ദിവസവും വന്നു കൊത്തി തിന്നു.
പോരാഞ്ഞിട്ട് ചത്ത എലി കുട്ടിനേയും അതിൽ കൊണ്ടു പോയി ഇട്ടു..

മൂസാക്കന്റെ മീൻ കൊട്ടയിലെ മീൻ മൂസാക്ക കാണാതെ കൊത്തി കൊണ്ടുപോയത് ആരും കണ്ടില്ല അറിഞ്ഞില്ല എന്നൊന്നും നീ കരുതേണ്ട ഞാൻ അതിനു സാക്ഷിയാണ്..😏

മുറ്റത്തു ഉണക്കാൻ ഇട്ട കൊപ്രയുടെ എണ്ണത്തിനു വിത്യാസം വന്നപ്പോൾ  ഞാൻ തിന്നുന്നുവെന്നു പറഞ്ഞു  വീട്ടുകാർ എന്തോരം വഴക്ക് പറഞ്ഞു . പക്ഷേ അവിടെയും വില്ലൻ നീ ആണെന്ന് എനിക്ക് വ്യക്തമായി അറിയാം.😏

ഇടക്ക് മുറ്റത്തു വന്നു  നീ കാറി കുവുമ്പോൾ വലിയമ്മ  എന്നോട്  പറയാറുണ്ട്.. " ഉണ്ണി മോളെ അനക് ആരോ വിരുന്നുക്കാര് ഉണ്ടല്ലോ " ന്ന്. അതു കേട്ട് ആരെങ്കിലും വരുമെന്ന പ്രതിക്ഷയിൽ കാത്തിരിക്കും.വഴി തെറ്റി ഒരു പൂച്ച  കുട്ടി പോലും വന്നിട്ടില്ല.

 മാവിന്റെ കൊമ്പിൽ ഇരുന്നു രാവിലെയുള്ള കാ കാ എന്നുള്ള  നിന്റെ ഉണർത്തു പാട്ട് കേൾക്കുമ്പോഴേക്കും നിദ്രാ ദേവി എന്നെ വിട്ട് പോവും..

 പറമ്പിൽ  ഇന്നലെ ഷോക്കെറ്റ് മരിച്ച കൂട്ടുകാരന്റെ അനുശോചനയോഗത്തിൽ പങ്കെടുത്തവരിൽ ആരോ  രണ്ടു ദിവസം മുൻപേ  അമ്മയും ഞാനും മുട്ട വിരിയിച്ചു ഇറക്കിയ രണ്ടു കോഴി കുഞ്ഞുങ്ങളെ റാഞ്ചികൊണ്ടുപോയി...
   
      എന്തൊക്കെ ആയാലും ഞാൻ ആദ്യമായി കണ്ടതും പരിചയപ്പെടുന്നതുമായ പക്ഷി നീയാണ് . ആദ്യമായി പറഞ്ഞ വാക്ക് " ക" എന്നാണ്... കഴിഞ്ഞ  മഴക്കാലത്തു നീ നനഞ്ഞു കുളിച്ചു ഓടിട്ട വീടിന്റെ ഇറയതും കൈക്കോലിലും കൂനി കൂടി ഇരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്... പിന്നെ തൊടിയിലെ ചെളി വെള്ളത്തിൽ കിടന്നു കുളിക്കുന്നത് കാണുമ്പോൾ നിന്നോട് ദേഷ്യവും തോന്നാറുണ്ട്...

നീ ഇട്ട മുട്ട അല്ലെന്ന് അറിഞ്ഞിട്ടും  കുയിലിന്റെ മുട്ടക്ക് അടയിരുന്നു വിരിപ്പിക്കുന്ന നിന്റെ ഉള്ളിലെ അമ്മ മനസിനോട് ബഹുമാനമാണ്...

എല്ലാ കർക്കിടക വാവിനും  എള്ളും പൂവും കൂട്ടി ഞാൻ നാക്കിലയിൽ ഉരുട്ടി വെക്കുന്ന ബലിച്ചോർ നനഞ്ഞ കൈ കൊട്ടി വിളിക്കുമ്പോൾ ഒരു മടിയും ഇല്ലാതെ കൊത്തി തിന്നാൻ എത്തുബോൾ എന്റെ പ്രിയപ്പെട്ടവരുടെ സാമിപ്യം ഞാൻ നിന്നിലൂടെ തിരിച്ചറിയുന്നു..