Aksharathalukal

നോമ്പ് കാലം

ആത്മാവിൻറെ ആഘോഷനാളുകൾ 
അടുത്തു വരികയാണ്.
ലൗകികമായ ആധുനിക ജീവിതത്തിന്റെ ചിട്ടവട്ടങ്ങൾക്ക് ഒരു ചുക്കാൻ വരുന്നു.
നന്മയെ മുറുകെ പിടിക്കുവാനും 
തിന്മയോട് ബലമായി പോരാടുവാനും
കരുത്താർജിക്കുന്ന പട്ടിണിക്കാലം.
മണിക്കൂറുകൾ നീളുന്ന വിശപ്പിന്റെ മെത്തയിൽ,
പശിക്കുന്ന വയറിൻറെ മാഹാത്മ്യം പഠിക്കുവാൻ,
അനുയോജ്യമായ ഒരു മാസക്കാലം.
സുഖമുള്ള ഉറക്കം ഉണരാൻ മടിച്ച, 
മൂടിക്കിടന്ന് വീണ്ടും പുതച്ച്,
സുബഹി ബാങ്കിൻറെ നാദം വരെ
അത്താഴം കഴിക്കാൻ പാർപ്പിച്ചിരുന്ന
രസമുള്ള നോമ്പിന്റെ കുട്ടിക്കാലം.
ദാഹിച്ച് വരണ്ട തൊണ്ടയിലേക്ക് 
ഒരു തുള്ളി വെള്ളം ഇറക്കാൻ 
വീണ്ടും ഒരു ബാങ്കൊലിയുടെ കാത്തിരിപ്പിൽ,
അസ്തമയ സൂര്യൻറെ വെട്ടത്തെ മിഴിചിമ്മാതെ മാനത്ത് നോക്കി
കാത് കൂർപ്പിച്ച് ഇരിക്കുന്ന 
ഇഫ്താറിന്റെ സമയം.
പള്ളി മിനാരങ്ങളിൽ നിന്നുയരുന്ന 
ബാങ്കിൻറെ ധ്വനിയിലെ 
ആദ്യ അക്ഷരത്തോടൊപ്പം,
മോന്തി കുടിക്കുന്ന പഴ നീരിൻ്റെ രുചിയും സുഗന്ധവും നൽകുന്ന ഉന്മേഷം.
കൂട്ടുകാരോട് ചോദിച്ചു, 
എണ്ണം തിട്ടപ്പെടുത്തി,
പിറകിലാണ് എന്നറിയുമ്പോൾ,
നാണത്താൽ തല കുനിഞ്ഞു പോകുന്ന സുന്ദരമായ നോമ്പ് ഓർമക്കാലം.
വിശപ്പടക്കുവാൻ കയ്യിൽ ഇല്ലാത്തതുകൊണ്ടല്ല,
വിശപ്പറിഞ്ഞ് അവൻ വിധി അനുസരിക്കുന്നത്.
വിശ്വാസത്തിൻറെ ശക്തമായ കൽപ്പനയിൽ,
വിളയിച്ചെടുത്ത ഹൃദയത്തിനും ശരീരത്തിനും
ആത്മീയതയുടെ സുഗന്ധ വസ്ത്രത്താൽ
അലങ്കാരമണിഞ്ഞ് അനുഗ്രഹീതനാകുവാൻ.
സൽകർമ്മങ്ങൾ വർദ്ധിപ്പിക്കാനുള്ള മാസം.
പുണ്യങ്ങൾ വാരി കൂട്ടാനുള്ള മാസം.
കർമ്മങ്ങൾക്ക് പ്രതിഫലം 
ധാരാളം കിട്ടുന്ന മാസം.
അനുഗ്രഹീത റമളാൻ വീണ്ടും വരുന്നു.
നിയന്ത്രിതമായ ജീവിത രീതി കൊണ്ടും
സമൃദ്ധമായ മറ്റുള്ള ആരാധനകൾ കൊണ്ടും 
കീഴ് വഴക്കത്തിന്റെ സുവർണ്ണ മുദ്രകൾ തീർത്തു...
ഹൃദയവും ശരീരവും സംസ്കരിച്ച് വികാരങ്ങളെ മാറ്റി നിർത്തി 
വിജയത്തിലേക്ക് എത്തുന്ന മാസം.

(അബു വാഫി പാലത്തുംകര)