Aksharathalukal

അവൾ 🥀(part-1)

\"അയ്യോ.. തല്ലല്ലേ.. അച്ഛാ വേദനിക്കുന്നു അച്ഛാ... അമ്മേ ഒന്ന് പറയമ്മേ.. തല്ലല്ലേ പറയമ്മേ.. വേദനിക്കുന്നു... അമ്മേ... അച്ഛാ.. തല്ലല്ലേ..\"തല്ലുകൊണ്ടവശയായി ഒടുവിലവൾ തളർന്നു വീണു.. ഇവളാണ് യാമി... മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്.അച്ഛനും അമ്മയും അനിയനും അനിയത്തിയും അവളും അടങ്ങിയ കുടുംബം..
                    ഇന്നവളെ തല്ലിയത് അവളുടെ അച്ഛൻ തന്നെ ആണ്.അവളുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ്‌ വീണു പൊട്ടിച്ചിതറി..അതിനായിരുന്നു ഇന്നവൾക്ക് തല്ല് കിട്ടിയത്.തേങ്ങികരഞ്ഞു കൊണ്ട് തളർന്നു കിടക്കുന്ന അവളുടെ മുടിക്ക് കുത്തിപിടിച്ചു കൊണ്ട് അവളുടെ അമ്മ അവളെ വീടിനു പുറത്തേക്കാക്കി.\"എവിടെയെങ്കിലും പൊക്കോ നാശം എല്ലാം നശിപ്പിക്കാൻ ഒരുത്തി.\"ഇതും പറഞ്ഞു അവൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചു.
                        സമയം ഏകദേശം രാത്രി 8 മണിയായി കാണും.കുറെയേറെ നേരം അവളാ വാതിലിനുമുന്നിൽ ഇരുന്ന് കരഞ്ഞു.. വാതിൽ തുറക്കാൻ കെഞ്ചി പറഞ്ഞു. ഇല്ല. തുറന്നില്ല.. അവൾക്ക് പേടിയാവാൻ തുടങ്ങി.എങ്ങും ഇരുട്ടാണ്.അവൾ എഴുന്നേറ്റ് നടക്കാൻ തുടങ്ങി.പടി കടന്ന് വീടിനു മുന്നിൽ എത്തി.ഒന്നുകൂടി വീട്ടിലേക്ക് നോക്കിയ ശേഷം അവൾ സ്റ്റെപ്പിറങ്ങി നടന്നു.വീടിനു മുന്നിലെ തോടിന് കുറുകെയുള്ള പാലം കടന്ന് പാടത്തേയ്ക്കിറങ്ങി.ഇരുട്ടിൽ വരമ്പൊന്നും കൃത്യമായി കാണാനില്ലായിരുന്നു.ഒരൂഹം വെച്ചവൾ മുന്നോട്ട് നടന്നു. ഒടുവിൽ പാടം കടന്ന് റോഡിലെത്തി. ഇരുട്ടിന്റെ മുഖം അവൾക്ക് വളരെയധികം ഭയാനകമായി തോന്നി.നായ്ക്കളുടെ കുരയും തിരിച്ചറിയാനാവാത്ത എന്തൊക്കെയോ ശബ്ദങ്ങളും അവളുടെ നെഞ്ചിടിപ്പ് വേഗത്തിലാക്കി.പെട്ടന്നായിരുന്നു പുറകിൽ നിന്നൊരു കൈ അവളെ വന്ന് തൊട്ടത്.
                              പേടിച് തിരിഞ്ഞ് നോക്കിയ അവൾ കണ്ടത് അവളുടെ അമ്മയെയായിരുന്നു. ഒന്നും മിണ്ടാതെ അവളെയും കൂട്ടികൊണ്ട് അവളുടെ അമ്മ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയോ ശേഷം അവളെയും ഉള്ളിലാക്കി വാതിലടച്ചു അവളുടെ മുഖത്തു പോലും നോക്കാതെ അകത്തു കേറിപ്പോയി. അവൾ മുറിയിൽ കേറി ഒത്തിരി നേരം കരഞ്ഞു.ഏതോ യാമത്തിൽ ആ കുരുന്നിനെ നിദ്രദേവി കടാക്ഷിച്ചു.
                              ദിവസങ്ങൾ കടന്നുപോയി. വീടുവിറ്റു അവർ വാടകവീട്ടിലേക്ക് മാറി.ഇപ്പോൾ അവൾ നാലാം ക്ലാസ്സിൽ പഠിക്കുന്നു. പുതിയ വീടും പുതിയ സ്കൂളും പുതിയ കൂട്ടുകാരും.അയല്പക്കത്തെ തറവാട്ടിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളും അവളും നല്ല കൂട്ടായി പെട്ടന്ന് തന്നെ.അവരും യാമിയും യാമിയുടെ അനിയനും കൂടെ ഓട്ടോയിൽ ആണ് സ്കൂളിൽ പോകുന്നതും സ്കൂളിൽ നിന്ന് വരുന്നതും.
                                സ്കൂൾ അവൾക്ക് ഒത്തിരി ഇഷ്ടമാണ് ആദ്യമാദ്യം വളരെ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവറുടെ സ്വഭാവം പൊടുന്നനെയാണ് മാറിയത്.
      

                                               (തുടരും.....)