Aksharathalukal

ഇന്നലെയുടെ സിനിമകൾ - 6- അനുഭവങ്ങൾ പാളിച്ചകൾ (1971)



 നടൻ സത്യന്റെ മരണശേഷം, ഒന്നരമാസം കഴിഞ്ഞ് 1971 ഓഗസ്റ്റ് ആറാം തീയതി, പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ.

 തകഴിയുടെ പ്രശസ്തമായ നോവലിന് തിരക്കഥ എഴുതിയത് തോപ്പിൽ ഭാസിയാണ്. സംവിധായകൻ കെഎസ് സേതുമാധവന്റെ മികച്ച ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ് ഈ ചിത്രം.

 കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ സംഘടിത മുന്നേറ്റത്തിന്റെ കഥയാണ് തകഴി തന്റെ നോവലിലൂടെ പറയുന്നത്.

 കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ചെല്ലപ്പൻ ( സത്യൻ ). അയാളുടെ ഭാര്യ ഭവാനി ( ഷീല) ഒരു തൊഴിലാളി സ്ത്രീയാണ്. ചെറിയ വർക്ക് കോൺട്രാക്ടുകൾ എടുത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്ന ഗോപാലൻ  ( നസീർ ) ചെല്ലപ്പന്റെ സുഹൃത്താണ്.

 കൂലി കൂടുതൽ ചോദിച്ചതിന് ചെല്ലപ്പനോട് പണിക്ക് വരേണ്ടന്ന്  ചാക്കോ മുതലാളി പറയുന്നു. ഇതുപറഞ്ഞ് മുതലാളിയും ചെല്ലപ്പനും തമ്മിൽ വഴക്കാകുന്നു.  ചെല്ലപ്പനെതിരെ പോലീസ് കേസെടുക്കുന്നു. പോലീസിന് പിടികൊടുക്കാതെ ചെല്ലപ്പൻ ഒളിവിൽ പോകുന്നു.

 ചെല്ലപ്പനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ ഭവാനിയുടെയും രണ്ടു മക്കളുടെയും ജീവിതം വഴിമുട്ടുന്നു. ഗോപാലന്റെ കൂടെയാണ് ഭവാനി പണിയെടുക്കുന്നത്. ഭാര്യ മരിച്ചുപോയ ഗോപാലന്, ഭവാനിയെ ഇഷ്ടമാണ്. അയാളുടെ താൽപര്യത്തെ ഭവാനി നിഷേധിച്ചു എങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു.

 ഒളിവിൽ കഴിയുന്നതിനിടെ നഗരത്തിലെ ഒരു തൊഴിലാളി പ്രകടനത്തിൽ പങ്കെടുക്കുന്ന ചെല്ലപ്പൻ അവിടെ നടന്ന സംഘർഷത്തിൽ ഇടപെടുന്നു. അതോടുകൂടി ചെല്ലപ്പൻ പോലീസ് പിടിയിലാവുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്യുന്നു.

 ജയിൽ മോചിതനായ ചെല്ലപ്പൻ കുട്ടനാട്ടിൽ തിരിച്ചെത്തുന്നു.

 സ്വന്തം മകളുടെ മരണവാർത്തയാണ് അയാളെ കാത്തിരുന്നത്.
 ഭാര്യയാണെങ്കിൽ ഗോപാലനൊപ്പവും.

 ആകെ തകർന്ന അയാൾ പട്ടണത്തിലേക്ക് തന്നെ മടങ്ങുന്നു.

 അവിടെവെച്ച് തൊഴിലാളി വിരുദ്ധനായ മുതലാളിയെ കൊലപ്പെടുത്തി ചെല്ലപ്പൻ പോലീസിന് കീഴടങ്ങുന്നു.

 സത്യന്റെ മരണശേഷം ചിത്രീകരിച്ച കുറെ രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്.
" അഗ്നിപർവ്വതം പുകഞ്ഞു...' എന്ന ഗാനരംഗം സത്യൻ മരിച്ചതിനുശേഷം ആണ് ചിത്രീകരിച്ചത്.

 ചെല്ലപ്പൻ എന്ന കഥാപാത്രത്തിലൂടെ സത്യൻ  ജീവിക്കുകയായിരുന്നു.
 തന്റെ രോഗാവസ്ഥ ആരെയും അറിയിക്കാതെ അവസാനശ്വാസം വരെ അഭിനയിച്ചു തീർക്കുകയായിരുന്നു ആ അഭിനയ ചക്രവർത്തി.

 പരുക്കൻ കഥാപാത്രങ്ങളെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ സത്യനെ കഴിയൂ.

 1971 ലെ ഏറ്റവും നല്ല നടനുള്ള പരിഗണനയിൽ അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ എന്ന കഥാപാത്രം കടന്നുവന്നില്ല എന്നത് നിർഭാഗ്യകരം തന്നെയാണ്.

 എന്നാൽ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് സത്യനു തന്നെയായിരുന്നു. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത " കരകാണാക്കടൽ " എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആ അവാർഡ്.

 വയലാർ - ദേവരാജൻ ടീമിന്റെ മനോഹര ഗാനങ്ങൾ ഉണ്ടായിരുന്നു ഈ ചിത്രത്തിൽ.

" സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ.... "

" പ്രവാചകന്മാരെ പറയൂ പ്രഭാതമകലെ ആണോ..... "

" അഗ്നിപർവ്വതം പുകഞ്ഞു ഭൂ ചക്രവാളങ്ങൾ ചുവന്നു...... "

 ഇതിൽ ഏറ്റവും മനോഹരമായി എനിക്ക് തോന്നിയ  ഗാനം " പ്രവാചകന്മാരെ പറയൂ...." എന്നു തുടങ്ങുന്നതായിരുന്നു.
 ഈ ഗാനരംഗത്ത് സത്യന്റെ മുഖഭാവങ്ങൾ അത്ര ഗംഭീരമായിരുന്നു.
 ഒപ്പം തന്നെ എറണാകുളം നഗരത്തിന്റെ ചില പഴയകാല നേർ ചിത്രങ്ങൾ ഈ ഗാനരംഗത്ത് നമുക്ക് കാണാൻ സാധിക്കും.

 കറുപ്പിലും വെളുപ്പിലും തീർത്ത ഒരു മനോഹര ചിത്രമായിരുന്നു അനുഭവങ്ങൾ പാളിച്ചകൾ.

 സത്യൻ എന്ന അഭിനേതാവ് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ശക്തി.
 സ്വന്തം മകളുടെ മരണവാർത്ത അറിഞ്ഞു കഴിയുമ്പോൾ ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ..... താനെന്ന മഹാനടനെ അദ്ദേഹം ഒരിക്കൽ കൂടി മലയാളികൾക്ക് കാണിച്ചുതരുന്നു.

 ഈ അനുഭവങ്ങൾ കണ്ടു കഴിയുമ്പോൾ ഒരിക്കൽപോലും പ്രേക്ഷകന് ഇതൊരു പാളിച്ചയായി തോന്നുകയില്ല. മറിച്ച് അതൊരു വിങ്ങലായി  ഹൃദയത്തിൽ അവശേഷിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.....  അതും സത്യൻ എന്ന ആ വലിയ അഭിനേതാവിലൂടെ.....

 കറുപ്പിലും വെളുപ്പിലും തീർത്ത ഈ ചിത്രം ഇന്നിന്റെ നിറങ്ങളുടെ ആഘോഷങ്ങളിൽ ഒരു പോരായ്മയായി നമുക്ക് തോന്നാം....

 എന്നാൽ ജീവിതം എന്തെന്ന് അറിയണമെങ്കിൽ ഈ കറുപ്പും വെളുപ്പും നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ.....

 ഒപ്പം അഭിനയം എന്താണെന്ന് കൂടി ഇന്നത്തെ അഭിനേതാക്കൾക്ക് മനസ്സിലാക്കാനും അത് സാധിക്കും.


............................. ശുഭം..................................

ഇന്നലെയുടെ സിനിമകൾ - 7- പടയോട്ടം(1982)

ഇന്നലെയുടെ സിനിമകൾ - 7- പടയോട്ടം(1982)

0
627

 നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രങ്ങളെല്ലാം മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ( തച്ചോളി അമ്പു ), ആദ്യത്തെ ത്രീഡി ചിത്രം ( മൈ ഡിയർ കുട്ടിച്ചാത്തൻ ), ആദ്യ 70 എം എം ചിത്രവും എല്ലാം നവോദയാണ് നിർമ്മിച്ചത്. നവോദയ നിർമ്മിച്ച ആദ്യ 70 എം എം ചലച്ചിത്രമാണ് പടയോട്ടം. പടയോട്ടം എന്ന സിനിമയുടെ കഥയ്ക്ക് പ്രചോദനമായത് അലക്സാണ്ടറി ഡ്യൂമസിന്റെ ' ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ' എന്ന കഥയാണ്. ഇതിന് മലയാളത്തിൽ തിരക്കഥ രചിച്ചിരിക്കുന്നത് എൻ ഗോവിന്ദൻ കുട്ടിയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ പുന്നൂസും