Aksharathalukal

ഇന്നലെയുടെ സിനിമകൾ - 7- പടയോട്ടം(1982)



 നവോദയയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രങ്ങളെല്ലാം മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

 മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ( തച്ചോളി അമ്പു ), ആദ്യത്തെ ത്രീഡി ചിത്രം ( മൈ ഡിയർ കുട്ടിച്ചാത്തൻ ), ആദ്യ 70 എം എം ചിത്രവും എല്ലാം നവോദയാണ് നിർമ്മിച്ചത്.

 നവോദയ നിർമ്മിച്ച ആദ്യ 70 എം എം ചലച്ചിത്രമാണ് പടയോട്ടം.

 പടയോട്ടം എന്ന സിനിമയുടെ കഥയ്ക്ക് പ്രചോദനമായത് അലക്സാണ്ടറി ഡ്യൂമസിന്റെ ' ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ' എന്ന കഥയാണ്.

 ഇതിന് മലയാളത്തിൽ തിരക്കഥ രചിച്ചിരിക്കുന്നത് എൻ ഗോവിന്ദൻ കുട്ടിയാണ്.

 ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ പുന്നൂസും.

 ചില കാലഘട്ടങ്ങളിൽ ചില ചിത്രങ്ങൾ നമുക്ക് വിസ്മയങ്ങൾ ആയി തോന്നാറുണ്ട്.
 നമ്മുടെയൊക്കെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് അത് തിരശ്ശീലയിൽ നിറഞ്ഞാടുമ്പോൾ അത്ഭുതത്തോടെയേ നമുക്കത് നോക്കിനിൽക്കാൻ സാധിക്കുകയുള്ളൂ.

 ഒരു വെള്ളത്തുണിക്ക് മുന്നിൽ ഇരുന്ന്, ഒരു ജനത അങ്ങനെ ശ്വാസമടക്കി കണ്ടുതീർത്ത പടമായിരുന്നു പടയോട്ടം.

 അന്നത്തെ കാലഘട്ടത്തിൽ അത് ഒരു അത്ഭുതം തന്നെയായിരുന്നു.

 ഇന്നും ആ ചിത്രത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.

 ഒരു പ്രതികാര കഥയാണ് ഈ ചിത്രം പറയുന്നത്.

 കോലത്തിരി രാജാവിന്റെ ( തിക്കുറിശ്ശി ) അനന്തിരവന്മാരാണ് ഉദയനും( പ്രേം നസീർ ), ദേവനും( മധു). ഇളയവൻ ആയ ഉദയന്റെ ശക്തിയിലും ബുദ്ധിയിലും സംതൃപ്തനായ രാജാവ് തന്റെ പിൻഗാമിയായി ഉദയനെയാണ് കണ്ടിരുന്നത്. ഇതിൽ ദേവന് പരിഭവമൊന്നുണ്ടായിരുന്നില്ല.

 ദേവന്റെ മനസ്സിൽ രാജാവിന്റെ മകൾ പാർവതിയോട് ( ലക്ഷ്മി) ഇഷ്ടം ഉണ്ടായിരുന്നു. എന്നാൽ പാർവതിക്ക് ഇഷ്ടം ഉദയനെ ആയിരുന്നു.

 അത് തിരിച്ചറിഞ്ഞ രാജാവ് ഉദയനും ആയിട്ടുള്ള പാർവതിയുടെ വിവാഹത്തിന് സമ്മതം മൂളുന്നു.

 അനിയനോടുള്ള ഇഷ്ടം കാരണം ദേവനും ആ തീരുമാനത്തിന് എതിര് നിന്നില്ല.

 എന്നാൽ ഉദയൻ യുവരാജാവായാൽ, തങ്ങളുടെ അഴിമതികൾ പിടിക്കപ്പെടും എന്ന്  കമ്മാരനും( മമ്മൂട്ടി), പെരുവന കുറുപ്പും( ഗോവിന്ദൻകുട്ടി ) ഭയപ്പെടുന്നു.

 പാർവതിയോട് ദേവനുള്ള ഇഷ്ടം മുതലെടുത്ത് ദേവനെ, ഉദയന് നേരെ അവർ തിരിക്കുന്നു. അവരുടെ തന്ത്രത്തിൽ വീഴുന്ന ദേവൻ ഉദയനു നേരെ തിരിയുന്നു.

 ഉദയനെ ചതിയിലൂടെ അവർ അടിമ കച്ചവടക്കാർക്ക് വിൽക്കുന്നു.

 അങ്ങനെ ഉദയൻ രാജകുമാരൻ കപ്പലിലെ അടിമയായി മാറുന്നു.

 ഇതിനുശേഷം കഥയിൽ വരുന്ന മാറ്റങ്ങൾ ഉദയന്റെ ഉയർത്തെഴുന്നേൽപ്പിന്റെയാണ്.

 കപ്പലിലെ അതിക്രൂരമായ പീഡകൾക്കിടയിൽ നിന്ന് അയാൾ രക്ഷപ്പെടുന്നു.

 പിന്നീട് അദ്ദേഹം ആറേക്കാട് അമ്പാടി തമ്പാൻ എന്ന വ്യാപാരിയായി മാറുകയാണ്. അതിനുശേഷം തന്റെ പ്രതികാരത്തിനായി കോലത്തിരി നാട്ടിലേക്ക് തിരിക്കുന്നു.

 സാഹസികത നിറഞ്ഞ ഒരു ചിത്രമായിരുന്നു പടയോട്ടം.
 അന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച്, സംവിധായകൻ ജിജോ അത് മനോഹരമാക്കിയിട്ടുണ്ട്.

 ഗ്രാഫിക്സ് ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ, തന്റെ ക്യാമറ കൊണ്ട് അതിനെല്ലാം മിഴിവേകുവാൻ ചായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന് സാധിച്ചിട്ടുമുണ്ട്.

 പിൻകാലത്ത് സംവിധാന പ്രതിഭകൾ ആയി തീർന്ന ഫാസിൽ, സിബി മലയിൽ തുടങ്ങിയവരെ പോലെയുള്ളവർ ഈ ചിത്രത്തിൽ സഹകരിച്ചിട്ടുണ്ട്. അവരുടെ തുടക്കവും ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു.

 ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗുണ സിംഗ് ആയിരുന്നു.

 മനസ്സിൽ പതിഞ്ഞ ഗാനങ്ങൾ പൊതുവേ ഈ ചിത്രത്തിൽ കുറവായിരുന്നു.

 മനസ്സിൽ മായാതെ നിൽക്കുന്നത് കാവാലം നാരായണ പണിക്കരുടെ രചനയിൽ, യേശുദാസ് ആലപിച്ച  " ആഴിക്ക് അങ്ങേ കരയുണ്ടോ..... " എന്ന ഗാനമായിരുന്നു.

 മലയാളത്തിലെ ഒട്ടുമിക്ക നടി നടന്മാരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

 മോഹൻലാൽ, ശങ്കർ, പൂർണിമ ജയറാം എന്നിവർ മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക് ശേഷം ഒരുമിച്ച് എത്തിയത് ഈ ചിത്രത്തിൽ ആയിരുന്നു.

 നഗരങ്ങളിൽ എന്നപോലെ, ഗ്രാമങ്ങളിൽ പോലും ഈ ചിത്രത്തിന്റെ  പോസ്റ്റർ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു. അത്രയേറെ പബ്ലിസിറ്റിയിലൂടെ ആണ് ഈ ചിത്രം ജനങ്ങൾക്ക് മുന്നിലേക്ക് വന്നത്.

 പുതുമയ്ക്ക് ഒപ്പം എന്നും സഞ്ചരിച്ചിട്ടുള്ള മലയാളികൾ ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

 റിലീസിംഗ് സെന്ററുകളിൽ നിന്ന്, 'ബി ','സി ' ക്ലാസുകളിലേക്ക് എത്തുമ്പോൾ ഈ ചിത്രത്തിന് അർഹിച്ച നേട്ടം കൊയ്യാൻ സാധിച്ചോ എന്നുള്ളത് സംശയമാണ്.

 പ്രേംനസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം ആയിട്ടൊന്നും ഈ ആറേക്കാട് അമ്പാടി തമ്പാനെ കാണാൻ സാധിക്കുകയില്ല. ഉദയനും, തമ്പാനും അദ്ദേഹത്തിന് അത്രയേറെ വെല്ലുവിളി ഒന്നും ഉയർത്തിയിരുന്നില്ല. ഇതിലും മികച്ച എത്രയോ കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരണീയമാക്കിയിരിക്കുന്നു.

 ഒരു മാറ്റം എപ്പോഴും മലയാള സിനിമയിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച സംവിധായകനായിരുന്നു ജിജോ.

 അദ്ദേഹത്തിന്റെ ഏത് ചിത്രം എടുത്താലും നമുക്കത് മനസ്സിലാക്കാൻ സാധിക്കും.

 മൂന്നോ നാലോ ചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത്, ഇന്ന് അദ്ദേഹം നിശബ്ദനായി ഇരിക്കുകയാണ്. ആ നിശബ്ദത തീർച്ചയായും മലയാള സിനിമയുടെ ഒരു തീരാനഷ്ടമാണ്. കാരണം അത്രയേറെ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മലയാളത്തിലെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ.

 മലയാളത്തിലെ ആദ്യത്തെ 70 എം എം സിനിമ എന്ന നിലയിലാണ് ഈ ചിത്രം ചരിത്രത്താളുകളിൽ ഇടം പിടിച്ചിരിക്കുന്നത്.

 അന്നത്തെ സാങ്കേതികവിദ്യയിൽ തീർത്ത, ഒരു അത്ഭുത ചിത്രം തന്നെയായിരുന്നു പടയോട്ടം. കാലം മാറിയപ്പോൾ, പല നൂതന സാങ്കേതികവിദ്യകളും സിനിമാ ലോകത്തും കടന്നുവന്നു.

 കഥയ്ക്കനുസരിച്ചുള്ള പുതുമയായിരുന്നു അന്ന് പടയോട്ടത്തിന്റെ പ്രത്യേകത.
 കാലം കുറെ കടന്നു പോയിട്ടും ആ പുതുമ ഇന്നും നഷ്ടപ്പെട്ടിട്ടില്ല.
 അതുകൊണ്ടുതന്നെയാണ് പടയോട്ടം എന്ന ആ ചിത്രത്തെ വീണ്ടും വീണ്ടും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നതും.

................................. ശുഭം..................................



ഇന്നലെയുടെ സിനിമകൾ( ഭാഗം-2)

ഇന്നലെയുടെ സിനിമകൾ( ഭാഗം-2)

5
589

 മറവിയിൽ മറഞ്ഞു പോകാത്ത, ഇന്നലെയുടെ ഓർമ്മകളെ അടയാളപ്പെടുത്തുന്ന കുറേ ചിത്രങ്ങൾ.... കറുപ്പിന് വെളുപ്പിലും, തിരശ്ശീലയിൽ മിന്നി മറഞ്ഞത് ജീവിതഗന്ധിയായ കഥകളായിരുന്നു..... ആ കഥകളിലെ കഥാപാത്രങ്ങൾക്ക് മണ്ണിന്റെ മണം ഉണ്ടായിരുന്നു..... അങ്ങനെ ഒരുപിടി കഥാപാത്രങ്ങൾക്ക് ഒപ്പം.............................. തുടരും.................................