Aksharathalukal

പൈൻ മരങ്ങൾക്കു താഴെ അവസാനഭാഗം

ഞാൻ പെട്ടെന്ന് എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. അപ്പോൾ അങ്ങകലെ ഫാക്ടറിക്കുള്ളിൽ നിന്നും പുകച്ചുരുളുകൾ മുകളിലേക്ക് ഉയർന്നതായി കണ്ടു. ഞാൻ ഓടി ഫാക്ടറിക്ക് അരികിലേക്ക് ചെന്നു. ഫാക്ടറിയുടെ ഒരു ഭാഗത്തിന് തീ പിടിച്ചിരിക്കുന്നു. തോട്ടത്തിലെ തൊഴിലാളികൾ തീയണക്കാനുള്ള തത്രപ്പാടിലാണ്. അവർക്കൊപ്പം ഞാനും കൂടി. അനീഷ് പെട്ടെന്ന് ഓഫീസിൽ പോയി ഫയർഫോഴ്സിനെ വിവരമറിയിച്ചു. കുറച്ച് സമയം കഴിഞ്ഞ് ഫയർഫോഴ്സ് എത്തി. ഏറെ പണിപ്പെട്ട് അവർ തീയണച്ചു. ഞാൻ  തിരുവന്തപുരത്തേക്ക് വിളിച്ച് വിവരം അറിയിച്ചു. അവിടെനിന്നും പണിക്കർ സാറും ചില ടീമുകളും പുറപ്പെടുകയാണെന്ന് പറഞ്ഞൂ.

എനിക്ക് ആകപ്പാടെ ടെൻഷനായി. ഈ ഒരു ദിവസം കൂടി കഴിഞ്ഞു തീർന്നെങ്കിൽ ഉദ്ഘാടന തീയതി നിശ്ചയിച്ചിരുന്ന ഫാക്ടറിയാണ് ഇപ്പോൾ തന്റെ മുന്നിൽ ഇങ്ങനെ. എന്റെ എത്ര ദിവസത്തെ പ്രയത്നം, എത്രയോ ആൾക്കാരുടെ കഠിനാധ്വാനം, എല്ലാം ഇതാ അവസാനിക്കാറായി എന്ന് തോന്നി.

ഫയർഫോഴ്സ് ലെ ചില ഓഫീസേഴ്സ് വന്നു സ്ഥിതിഗതികൾ വിലയിരുത്തി. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് അവർ പറഞ്ഞു. പക്ഷേ അതിന്റെ ഒരു സാധ്യതയും എനിക്ക് തോന്നിയില്ല. കാരണം പുതിയ വയറിങ് ആണ്, അശ്രദ്ധ കൊണ്ടു പോലും ഒരു അപകടം ഉണ്ടാകാൻ ഒരു ചാൻസും ഇല്ല. അത്രയ്ക്ക് മുൻകരുതലുകൾ എടുത്തിരുന്നു. വയറിങ്ങിൽ ഒന്നും ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല.

കുറച്ചു സമയത്തിനു ശേഷം പണിക്കുരു സാറും ചില ഓഫീസർമാരും എത്തി. അവരെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു കാര്യങ്ങൾ തിരക്കി. ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റിന്റെ അപ്പ്രൂവൽ  കിട്ടിയത് അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. അവരുടെ ഭാഗത്തു നിന്നും ഒരു പിഴവ് ഉണ്ടാകാൻ ചാൻസ് ഇല്ല. എന്നിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്ന് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി. ആർക്കും അപകടങ്ങളൊന്നും ഉണ്ടായിരുന്നത് ചെറിയൊരു ആശ്വാസം നൽകി. എന്നിരുന്നാലും ഉദ്ഘാടനം നടത്താൻ പാകത്തിൽ പണികഴിഞ്ഞ ഫാക്ടറിക്ക് ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായല്ലോ എന്ന് ഓർത്തു എല്ലാവരും അസ്വസ്ഥരായി.

പണിക്കർ സാർ ഒഴിച്ചു മറ്റെല്ലാ ഓഫീസേഴ്സും അവിടെ നിന്നും തിരികെ പോയി. പണിക്കർ സാർ എന്റെ കൂടെ ബംഗ്ലാവിൽ തങ്ങാൻ തീരുമാനിച്ചു. ഉച്ചയ്ക്കത്തെ ആഹാരത്തിനു ശേഷം ഞങ്ങൾ ബംഗ്ലാവിന് അരികത്തുള്ള മരത്തണലിൽ വിശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് രോഹിണിയും കൂട്ടി വിജയേട്ടനും കേശവേട്ടനും എത്തുന്നത്. രോഹിണി എന്തുപറ്റിയെന്ന് പണിക്കർ സാർ തിരക്കി. അതിനുത്തരം പറഞ്ഞത് വിജയേട്ടൻ ആയിരുന്നു. ഞാനും വിചാരിച്ചു പണിക്കരുസാറും കൂടി ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം അറിയട്ടെ എന്ന്. കാര്യങ്ങൾ എല്ലാം കേട്ടുകഴിഞ്ഞപ്പോൾ പണിക്കർ സാറിനും എന്തോ പന്തിഇല്ലാത്തതു ഒന്ന് സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. അപ്പോഴാണ് ഫാദർ പത്രോസിന്റെ  കോൾ എത്തുന്നത്.

അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിപ്പോയി. കാര്യങ്ങൾ അദ്ദേഹത്തിനെ വിളിച്ച് അറിയിക്കാൻ ഇരുന്നതായിരുന്നു. തിരക്കിൽ ഇടയ്ക്ക് അത് മറന്നു പോയി. ജ്ഞാനദൃഷ്ടി എന്നപോലെ അദ്ദേഹം എല്ലാം അറിഞ്ഞിരിക്കുന്നു. അദ്ദേഹം ഇന്നുതന്നെ ഇങ്ങോട്ട് പുറപ്പെടുന്നു എന്ന് പറഞ്ഞു. അത് എനിക്കും തെല്ലോന്ന് ആശ്വാസമായി. ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് ആർക്കറിയാം.

രാത്രി ഏകദേശം 8 മണിയോടുകൂടി ഫാദർ വർഗീസിനെയും കൂട്ടി ഫാദർ പത്രോസ് ബംഗ്ലാവിൽ എത്തി. കൂടെ രണ്ടു സഹായികളും ഉണ്ടായിരുന്നു. ഞാന് അവർക്ക് വിശ്രമിക്കാനുള്ള തയ്യാറെടുപ്പുകൾ ചെയ്തുകൊടുത്തു. അത്താഴത്തിനുശേഷം വീണ്ടും ഞങ്ങൾ ഹാളിൽ ഒത്തുകൂടി. പണിക്കർ സാർ ഇതിന് എന്താണ് പോംവഴി എന്ന് അവരോട് ആരാഞ്ഞു. അതിന് പത്രോസ് പറഞ്ഞത് ലിഡിയയുടെ ശവശരീരം ആചാര വിധിപ്രകാരം സംസ്കരിക്കണം. അത് ചെയ്യാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകില്ല എന്നാണ്. ഞങ്ങൾ എന്തിനും തയ്യാറായിരുന്നു. അങ്ങനെ നാളത്തേക്ക് ഉള്ള ചില കാര്യങ്ങൾ പ്ലാൻ ചെയ്തതിനുശേഷം ഞങ്ങൾ എല്ലാവരും ഉറങ്ങുവാൻ ആയിപ്പോയി. ഭാഗ്യത്തിന് ആ രാത്രി മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

രാവിലെ രണ്ട് അച്ഛന്മാരും ഞങ്ങളെ എല്ലാവരെയും കൂട്ടി തോട്ടത്തിന് അതിർത്തിയിലുള്ള ലിഡിയയുടെ കല്ലറയിലേക്ക് പോയി. അവിടെ ചില ജോലിക്കാരെ ഏർപ്പാടാക്കി വെച്ചിരുന്നു. അവർ ലിഡിയയുടെ കല്ലറയുടെ മുകൾഭാഗം പൊളിച്ചുമാറ്റി അവളുടെ മൃതദേഹം ഇട്ടിരുന്ന പെട്ടി പുറത്തെടുത്തു. കരിഞ്ഞു വെണ്ണീറായ ചില എല്ലിൻ കഷ്ണങ്ങൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല. അത് പത്രോസ് അച്ഛൻ മറ്റൊരു പെട്ടിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു.

പെട്ടെന്ന് അവിടമാകെ കാർമേഘം കൊണ്ട് മൂടി. ശക്തമായി കാറ്റ് അടിക്കുവാൻ തുടങ്ങി. ഞങ്ങളെല്ലാവരും ഭയന്നുവിറച്ചു. അതൊന്നും കൂട്ടാക്കാതെ പത്രോസ് അച്ഛനും  ഗീവർഗീസ് അച്ഛനും ബൈബിൾ തുറന്ന് വചനങ്ങൾ ഉരുവിടുവാൻ തുടങ്ങി. അകലെയെവിടെയോ നായ ആണോ അതോ ചെന്നായ്ക്കൾ ആണോ എന്ന് അറിയാത്ത വിധം ഓരിയിടൽ അന്തരീക്ഷത്തിലേക്ക് ഉയർന്നു. വർഗീസച്ചൻ കൈയിലുണ്ടായിരുന്ന വിശുദ്ധ ജലമെടുത്ത് ലിഡിയയുടെ അസ്ഥിക്ക് മുകളിൽ തളിച്ചു. പെട്ടെന്ന് അസ്ഥികൾ പെട്ടിയിൽ കിടന്നു തീക്കട്ട പോലെ ജ്വലിക്കുവാൻ തുടങ്ങി.

പെട്ടെന്നാണ് അത് സംഭവിച്ചത്. ദൂരെയെവിടെനിന്നോ രോഹിണി ഞങ്ങൾക്കു നേരെ പാഞ്ഞടുത്തു. അവൾ ആകപ്പാടെ മാറിയിരിക്കുന്നു. കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. മുഖത്ത് വന്യമായ ഒരു ഭാവം അവളെ ഭീകരരൂപി ആക്കി. അതെ അവൾ രോഹിണി ആയിരുന്നില്ല. രോഹിണി ക്കുള്ളിൽ ലിഡിയയുടെ ആത്മാവ് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. 

ഇനിയും എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നതിനു മുന്നേ അവൾ എന്റെ മുകളിലേക്ക് ചാടിവീണു. എന്റെ കഴുത്തിൽ പിടിച്ചു  കഴുത്തുഞെരിച്ചു കൊല്ലാൻ ഉള്ള നീക്കമായിരുന്നു അവളുടെ. പെട്ടെന്ന് പത്രോസ് അച്ഛൻ കൈയിലിരുന്ന കുരിശ് എടുത്ത് അവൾക്കുനേരെ നീട്ടി. പക്ഷേ ആ കുരിശ് അവളെ ഒട്ടും ഭയപ്പെടുത്തിയില്ല. അവൾ വീണ്ടും എന്നെ കൊല്ലാനുള്ള ശ്രമം നടത്തികൊണ്ടേയിരുന്നു. എനിക്ക് ശ്വാസം നിന്ന് പോകുന്നത് പോലെ തോന്നി. പെട്ടെന്ന് അനീഷ് അവളെ ചവിട്ടി മാറ്റി. ആ പിടിയിൽനിന്ന് തൽക്കാലം രക്ഷപ്പെട്ടു. ഞാൻ കുതറി മാറി പത്രോസ് അച്ഛന്റെ പിന്നിലേക്ക് മാറുന്നു. അവൾക്കെന്നെ വിടുവാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. അവൾ എനിക്ക് നേരെ വീണ്ടും പാഞ്ഞടുത്തു. പെട്ടെന്ന് പത്രോസ് അച്ഛൻ കയ്യിൽ ജപിച്ചു കൊണ്ടിരുന്ന ഒരു കൊന്ത അവളുടെ കഴുത്തിന് നേരെ എറിഞ്ഞു. അതു കൃത്യമായി  അവളുടെ കഴുത്തിൽ തന്നെ വീണു. ഞങ്ങൾക്ക് നേരെ പാഞ്ഞടുത്ത അവൾ പിന്നിലേക്ക് തെറിച്ചുവീണു. അവിടെ കിടന്ന് അലറി വിളിക്കാൻ തുടങ്ങി. പത്രോസ് അച്ഛൻ വീണ്ടും കുരിശു കൈയിലെടുത്ത് അവർക്ക് നേരെ ചെന്നു. അപ്പോൾ അവൾ കുരിശ് കണ്ടു  ഭയപ്പെടാൻ തുടങ്ങി. പത്രോസ് അച്ഛൻ ലിഡിയയെ ഇംഗ്ലീഷിൽ ശരീരം വിട്ട് പോകാൻ ആവശ്യപ്പെട്ടു. ആദ്യം അവൾ ഒന്നു എതിർത്തെങ്കിലും പിന്നീട് അവൾ ആ ശരീരം വിട്ട് പോവാൻ തയ്യാറായി. പത്രോസ് അച്ചൻ കൈയിലിരുന്ന വിശുദ്ധജലം രോഹിണിക്ക് നേരെ തളിച്ചു. അലറിക്കൊണ്ട്, ഭീകരമായ ഒരു ശബ്ദത്തോടെ രോഹിണിയുടെ ശരീരത്തിൽ നിന്നും ഒരു കറുത്ത രൂപം വെളിയിലേക്ക് വന്നു. പതുക്കെ ആ കറുത്ത രൂപം മാറി സുന്ദരിയായ ഒരു പെൺകുട്ടി ആയി മാറി. ലിഡിയ ആയിരുന്നു അത്. പറഞ്ഞു കേട്ടതിൽ വെച്ച് അതിസുന്ദരി. അവൾ എല്ലാവരെയും ദീനത യോടെ നോക്കി. പത്രോസ് അച്ഛൻ പറഞ്ഞു.

\" നിനക്ക് സംഭവിച്ച ദുരവസ്ഥ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം, അതുകൊണ്ട് നിന്നോട് എല്ലാവർക്കും സഹതാപവും ഉണ്ട്. നിന്റെ മുത്തച്ഛൻ കാണിച്ച തെറ്റിന് ഇവിടുള്ള വരെ നീയെന്തിനു ശിക്ഷിക്കണം. നിന്റെ മുത്തച്ഛനെ എതിർത്താൽ നിന്റെ അനുഭവമായിരിക്കും അവർക്കും ഫലം അതുകൊണ്ടാണ് അന്ന് നിന്നെ ആരും രക്ഷിക്കാൻ വരാതിരുന്നത്. അല്ലാതെ നിന്നോട് ആർക്കും ഇഷ്ടമില്ലാത്തതുകൊണ്ട് അല്ല. ഈ ഭൂമിയിൽ നിൽക്കാൻ ഒരിക്കലും നിനക്കു അവകാശമില്ല. സ്വർഗ്ഗത്തിലെ മാലാഖമാർ നിന്റെ വരവിനായി കാത്തിരിക്കുന്നു. നിന്റെ നല്ല മനസ്സിന് നിനക്ക് നല്ലൊരു ഇടം കർത്താവീശോമിശിഹായ തന്നിരിക്കും. ലിഡിയ...നീ കളിച്ചു നടന്ന ഈ എസ്റ്റേറ്റ് പഴയ പ്രതാപത്തോടെ തിരിച്ചു വരുവാൻ നിന്റെ കൂടെ പ്രാർത്ഥന വേണം. \"

ഇത് കേട്ടതും പാവം ലിഡിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു. സമ്മതത്തോടെ തലയാട്ടി. നോക്കിനിൽക്കെ ലിഡിയയുടെ ആ രൂപം ശവപെട്ടിക്കുള്ളിലുള്ള എല്ലിൻ കഷ്ണങ്ങളിലേക്ക് അലിഞ്ഞുചേർന്നു. പത്രോസ് അച്ഛൻ വിശുദ്ധജലം എല്ലിൻ കഷ്ണങ്ങൾക്ക് മുകളിൽ തളിച്ചു. പെട്ടിയുടെ മുടി അടച്ചതിനുശേഷം കുഴിയിലേക്ക് തന്നെ ഇറക്കിവെച്ച് വിധിപ്രകാരമുള്ള മരണാനന്തര കർമ്മങ്ങൾ നടത്തി മണ്ണിട്ട് മൂടി കല്ലറയും സ്ഥാപിച്ച് ഒരു കുരിശും വെച്ചു. 

പതുക്കെ അന്തരീക്ഷം തെളിഞ്ഞു. തോട്ടം ആകെ പ്രത്യേക ശോഭപടർന്നു. രോഹിണിക്ക് ബോധം വന്നു. എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു. പറഞ്ഞുതീരാത്ത നന്ദി പത്രോസ് അച്ഛനോടും വർഗീസ് അച്ഛനോടും ആയിരുന്നു. അവരില്ലായിരുന്നെങ്കിൽ ഒരുപക്ഷേ.... എന്തായാലും ഫാക്ടറിയിലെ കേടുപാടുകൾ എല്ലാം തീർത്തു അധികം താമസിക്കാതെ എസ്റ്റേറ്റ് തുറന്നു പ്രവർത്തിക്കുവാൻ അവർ നിർദ്ദേശം നൽകി. പണിക്കർ സാറും അതിനുവേണ്ട എല്ലാ സപ്പോർട്ടും വാഗ്ദാനം ചെയ്തു.



അധികം താമസിക്കാതെ ഫാക്ടറിയും എസ്റ്റേറ്റും ഉദ്ഘാടനംചെയ്തു. ഇപ്പോൾ എസ്റ്റേറ്റ് ലാഭകരമായി തന്നെ മുന്നോട്ടു പോകുന്നു. അതിനിടയ്ക്ക് എനിക്ക് സ്ഥാനക്കയറ്റം ലഭിച്ചു എസ്റ്റേറ്റ് മാനേജരായി.

വൈകുന്നേരങ്ങളിൽ ബംഗ്ലാവിന്റെ മുറ്റത്തുള്ള പൈൻ മരങ്ങൾക്ക് ചുവട്ടിലിരുന്നു ദൂരെ ലിഡിയായെ അടക്കം ചെയ്ത ഭാഗത്തേക്ക്  ഞാൻ നോക്കിയിരിക്കും... അപ്പോഴും എനിക്കൊരു ചോദ്യം ബാക്കി. ലിഡിയയുടെ ആത്മാവിന് മോക്ഷം കിട്ടാൻ ഞാൻ എങ്ങനെ കാരണമായി...
.
.
.
അവസാനിച്ചു                                     


 @ പദ്മശ്രീസുധീഷ്‌