Aksharathalukal

നോവ്

മൊബൈലിൽ കാണിച്ചതിനെക്കാൾ തണുപ്പായിരുന്നു എയർപോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ.
ഈ തണുപ്പിൽ അവൾ എങ്ങനെ പിടിച്ച് നിൽക്കുന്നു എന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തി. കാത്തിരിപ്പുകൾക്ക് ഇന്ന് അവസാനം കുറിക്കുകയാണ് ഞങ്ങൾ. അകലങ്ങളിൽ ഇരുന്നു പരിചയപ്പെട്ടതിന്റെയും തല്ലുകൂടിയതിന്റെയും ഇണങ്ങിയതിന്റെയും പിണങ്ങിയതിന്റെയും ഈ സൗഹൃദം ഇന്ന് നേരിൽ കാണുകയാണ്...

ഈ മൗനം എത്ര മണിക്കൂറുകൾ ഞങ്ങൾക്ക് ഒപ്പം കൂടിയതായി കൃത്യമായി ഓർക്കുന്നില്ല... ഒരുപക്ഷെ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അകലങ്ങളിൽ നിന്നും ഓടി വന്ന് കെട്ടിപ്പിടിച്ചപ്പോൾ അവൾ അറിയാതെ കരഞ്ഞുപോയത് മുതൽ ഞങ്ങൾക്ക് ഒപ്പം അവനും ഉണ്ടായിരുന്നു.

അവൾ എൻ്റെ വലതുകൈ ചുറ്റിപ്പിടിച്ച് മഞ്ഞുകണങ്ങളെ കാര്യമാക്കാതെ ലക്ഷ്യങ്ങൾ ഇല്ലാതെ നടന്നുകൊണ്ടിരുന്നു... കോളേജ് കഴിഞ്ഞു തിരികെ വരുമ്പോൾ വീഡിയോ കോളിൽ വഴിയരികിലെ പാർക്കിൽ എനിക്ക് കാണിച്ച് തരാറുള്ള അവളുടെ ഇരിപ്പിടത്തിൽ ഞങ്ങൾ ഇരുന്നു... ഒരുപക്ഷെ ഇപ്പോൾത്തന്നെ ഞങ്ങളുടെ മരണം സംഭവിച്ചിരുനെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി...  

- ഡാർലിംഗ് തണുപ്പ് കൂടുന്നുണ്ട് നമ്മുക്ക് തിരിച്ച് പോയല്ലോ ???

- മ്മ് 

- രാവിലെ മുതൽ ഒന്നും കഴിച്ചില്ലലോ നമുക്ക് എന്തേലും കഴിക്കണ്ടെ?

-ഡി.ബി നമ്മുക്ക് എന്നന്നേക്കുമായി പിരിയാൻ സമയം ആയി അല്ലേ?

-വായോ എനിക്ക് നല്ല വിശപ്പുണ്ട് നമ്മുക്ക് എന്തേലും കഴിക്കാം.

ഉള്ളിൽ എവിടെയോ ആ ചോദ്യം എന്നെ ഒരുപാട് വേദനിപ്പിച്ചു കണ്ണിൽ വെള്ളം തളം കെട്ടുന്നത് മറയ്ക്കുവാൻ ഞാൻ ഒത്തിരി കഷ്ട്ടപെട്ടു. ഒരിക്കലും ഈ ദിനം സംഭവിക്കരുതായിരുന്നു അകലങ്ങളിൽ ഇരുന്നു നിലക്കാതെ പങ്കുവച്ചിരുന്നവ ഇന്ന് അപരിചതമായി മാറിയത് പോലെ. എങ്കിലും ഞങ്ങളുടെ ഹൃദയങ്ങൾ ഒരുപാട് സംസാരിക്കുന്നുണ്ടായിരുന്നു. 

ഒടുവിൽ ആ രാത്രിയിലും എൻ്റെ നെഞ്ചിൽ തലചായ്ച്ച് ഒരു കുഞ്ഞിനെ പോലെ അവൾ മയങ്ങുമ്പോഴും എൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു. പിന്നെ മെല്ലെ എപ്പോഴോ ഞാനും മയങ്ങി പോയിരുന്നു...

കണ്ണ് തുറക്കാതെ തന്നെ തപ്പിയെടുത്ത ഫോണിൽ സമയം അതിരാവിലെ 3 മണി ആകുന്നതായി കാണിച്ചു. പതുക്കെ കട്ടിലിൽ നിന്നും അവളെ ഉണർത്താതെ ഞാൻ ഉണർന്നു. അൽപ്പനേരം മയങ്ങുന്ന അവളെ ഞാൻ നോക്കി ഇരുന്നു... സമയം അതിക്രമിക്കുവായിരുന്നു ... യാത്ര പറയാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാൻ കഴിയാതെ ഞാൻ നടന്നു നീങ്ങി...

- നിർത്ത്... നിർത്ത്... 

- എന്തമ്മ...

- അപ്പോ നീ എന്നെ ഉറക്കി കിടത്തിയിട്ട് നൈസ് ആയിട്ട് സ്കൂട്ട് ആകുവാണ?

- യെസ്, അപ്പോഴല്ലേ ഒരു ഗുമ്മ് 

-ഡി.ബി അങ്ങനെ എന്തെങ്കിലും സംഭവിച്ച മോനേ, അന്ന് നിന്റെ അന്ത്യം.

-രാവിലെ കാണുന്ന സ്വപ്നം ഫലിക്കും എന്നാണ് 

-നീ എന്തിനാ ഇപ്പോ സ്വപ്നം കാണാൻ പോയത് .. മരമാക്രി .. പൊട്ടൻ...

                                                                                                                                                (തുടരും...)