Aksharathalukal

കലാവന്തലു 2

കലാവന്തലു 2
🔹🔹🔹🔹🔹

വാതിൽ പഴുതിലൂടെ അരിച്ചു വന്ന വെളിച്ചത്തിന്റെ കനം കുറയുന്നത് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു സുഗന്ധി അന്നേരവും പതിയെ പതിയെ അത് കുറഞ്ഞു കുറഞ്ഞു വന്നു ഇരുട്ട് മാത്രമായിരിക്കുന്നു.
ആ മുറിക്ക് അകത്തെന്നത് പോലെ പുറത്തും ഇരുട്ട്...
നിശബ്ദമായ ഇരുട്ടിൽ അവളുടെ ഹൃദയം പടപടാ മിടിക്കുന്നത് അവൾക്ക് തന്നെ കേൾക്കാം...കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു നേർത്ത വെളിച്ചം ആ വാതിലിന്റെ വിടവിലൂടെ അകത്തേക്ക് വന്നു അതിനൊപ്പം മണ്ണെണ്ണയുടെ മണവും.

എണ്ണ വറ്റിയ ഏതോ വിളക്കിൽ ആരോ എണ്ണ പകരുന്നു...ചിമ്മിണി വിളക്കുകൾ തെളിഞ്ഞിരിക്കുന്നു... പുകഞ്ഞൊടുങ്ങാറായ തിരിനാളങ്ങൾ വീണ്ടുംപിടഞ്ഞെഴുന്നേൽക്കുന്നു...

താനും എണ്ണ വറ്റുന്ന ഒരു വിളക്കാകുന്നു... തനിക്ക് ചുറ്റുമുള്ള വെളിച്ചവും കുറഞ്ഞു വരുന്നു. വിശപ്പ് സഹിക്കാൻ ആകുന്നില്ല ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ? എരിയുന്ന വയറും, മനസുമായി അവൾ ഉമിനീരിറക്കി നിലത്തേക്ക് കിടന്നു. 

വിശപ്പ് ആളുമ്പോൾ എല്ലാം അവളുടെ മനസിലേക്ക് ഓടി വന്നിരുന്നത് അവളുടെ യജ്മായുടെ മുഖമായിരുന്നു . ദേവദാസിന്റെ സുന്ദരമായ വട്ടമുഖവും, പൊടി മീശയും, ഒതുക്കി ചീകിയ മുടിയും യജ്മായെ പോലെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ആ നാട്ടിൽ ഇല്ലായിരുന്നു എന്ന് സുഗന്ധി എപ്പോഴും ഓർക്കും. യജ്മാ ചിരിക്കുമ്പോൾ അവന്റെ അടുക്കി നിരത്തിയ ഭംഗിയുള്ള പല്ലുകൾ കാണുന്നത് സുഗന്ധിക്ക് ഒരുപാട് ഇഷ്ടമായിരുന്നു വേദനകൾ അകറ്റുന്ന ഔഷധമായിരുന്നു അവൾക്ക് ആ ചിരികൾ.. 

നിരതെറ്റാതെ ഒതുക്കി കൊത്തിവച്ച വെള്ളാരംകല്ലുകൾ ആണ് യജ്മാന്റെ പല്ലുകൾ എന്ന് അവൾ എപ്പോഴും പറയും യജ്മാ ചിരിക്കുന്നുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ചെറുതാകും പക്ഷെ അവയ്ക്ക് നല്ല തിളക്കമായിരുന്നു,  രാത്രിയിലെ വാലുള്ള നക്ഷത്രങ്ങളെ പോലെ..

ആ ചിരിയിൽ ആരും മയങ്ങി പോകുമായിരുന്നു.

വാണിയാര് വീട്ടിലെ ഏറ്റവും വലിയ മുറി അദ്ദേഹത്തിന്റെ ആയിരുന്നു.
യജ്മാ ഉണ്ടെങ്കിൽ ഏത് നേരവും ഗ്രാമഫോണിൽ പാട്ട് വച്ചിരിക്കും അതൊക്കെ തനിക്ക് അറിയാത്ത ഭാഷ ആണെങ്കിലും കേട്ട് കേട്ട് ഒന്ന് രണ്ടു പാട്ടുകൾ താൻ പഠിച്ചിരുന്നു. മുറി വൃത്തിയാക്കാൻ കയറിയാൽ യജ്മ തന്നെ പിടിച്ചു നിലത്തു ഇരുത്തും എന്നിട്ട് ചതുരംഗത്തിന്റെ കളം എടുത്തു വയ്ച്ചു കരുക്കൾ നിരത്തും കളത്തിനു അപ്പുറം അദ്ദേഹം കമഴ്ന്നു കിടക്കും ഇപ്പുറം ഞാനിരിക്കും,  മുകളിലെ മുറി ആയതിനാൽ ഏത് നേരവും ചന്ദ്രഗിരി പുഴയ്ക്ക് മുകളിലൂടെ വരുന്ന തണുത്ത കാറ്റ്‌ ആ മുറിക്കുള്ളിൽ കുളിര് തരുമായിരുന്നു. ആ കാറ്റിനൊപ്പം മുറിയിലെ വെള്ള തിരശീലകൾ ഞങ്ങളെ പൊതിഞ്ഞു തിരികെ പോകുമായിരുന്നു. ആ തിരശീലകൾ തലോടുമ്പോൾ തനിക്ക് ഇക്കിളി ആകുമായിരുന്നു.

കളങ്ങളിൽ കരുക്കൾ വച്ചു അദ്ദേഹം തന്നെ രണ്ടു ഭാഗത്തെയും നിയന്ത്രിക്കും, എനിക്ക് ചതുരംഗം കളിക്കാൻ അറിയില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എത്ര തവണ തന്റെ തലക്ക് കിഴുക്ക് തന്ന് അദ്ദേഹം പഠിപ്പിക്കാൻ ശ്രമിച്ചിട്ടും എന്റെ തലയിൽ അത് കയറിയില്ല, തനിക്ക് മുന്നിൽ തോൽവി സമ്മതിച്ചു അദ്ദേഹം തന്നെ രണ്ടു ഭാഗവും കളിക്കും. അദ്ദേഹം കളി തീരുന്നത് വരെ കളങ്ങളിൽ നിന്ന് കണ്ണെടുക്കുകയില്ല അന്നേരം യജ്മായുടെ മുഖത്തെ ഭാവങ്ങൾ കാണുമ്പോ തനിക്ക് ചിരി വരും, അന്നേരം ഒരു പിഞ്ചു പൈതലിന്റെ നിഷ്കളങ്കത ആയിരുന്നു യജ്മായ്ക്ക്. കണ്ണുകൾ കുറുക്കി ആലോചിക്കും,  വഴി കണ്ടെത്തിയാൽ ചിരിക്കും വഴി കണ്ടില്ലെങ്കിൽ മെല്ലെ തലയിൽ ചൊറിഞ്ഞു ആലോചിക്കും വിരലുകൾ, കൊണ്ട് ഞൊട്ടയിടും മുഖത്തു തലോടും..

എപ്പോഴും അദ്ദേഹം തോൽക്കുകയും, എന്റെ ഭാഗം ജയിക്കുകയും ചെയ്യും.

\"സുഗന്ധി എന്നെ തോൽപ്പിച്ചല്ലോ!!!\"


ഒരു കൈ തലക്ക് കൊടുത്തു കിടന്നുകൊണ്ട് അദ്ദേഹം തന്നെ നോക്കി പറയും.

ആരാണ് യഥാർത്ഥത്തിൽ തോറ്റത്? അദ്ദേഹം തന്നെ
ആരാണ് യഥാർത്ഥത്തിൽ ജയിച്ചത്?
അതും അദ്ദേഹം തന്നെ

\"യജ്മാ ഒരു കള്ളനാണ് സ്വയം തോല്പിക്കുകയും ജയിക്കുകയും ചെയുന്ന കള്ളൻ \"

അതു കേൾക്കുമ്പോൾ അദ്ദേഹം ചിരിക്കും...അതേ ചിരി തിളക്കുമുള്ള കണ്ണുകൾ കുറുക്കിയുള്ള ചിരി...

\"ഇല്ല സുഗന്ധി ഞാൻ തോറ്റു... നീ തോൽപിച്ചു അപ്പുറം ഇരുന്നത് നീ, നീങ്ങിയത് നിന്റെ കരുക്കൾ അപ്പോ ഞാനെങ്ങനെ ജയിക്കും? \"

\"പക്ഷെ എന്റെ കരുക്കൾ നീക്കിയ കൈ യജ്മായുടേത് അല്ലേ? \"

\"അല്ല സുഗന്ധി അപ്പുറത്തേക്ക് വരുമ്പോൾ ഈ കൈകൾ പോലും സുഗന്ധിയുടേതാണ് \" അദ്ദേഹം കൈ നീട്ടികൊണ്ട് പറഞ്ഞു.

\"തൊടൂ...അതിൽ \"

അവൾ മടിച്ചു

അത് തന്റെ യജ്മായുടെ കൈകൾ ആണ് ഈയുള്ളവളുടെ കൈകൾ തൊട്ടു അശുദ്ധമാക്കാൻ പാടില്ല. മാത്രമല്ല വാണിയരമ്മയോ പെരിയ യജ്മായോ ഏതെങ്കിലും പണിക്കാരോ കണ്ടാൽ പിന്നെ ഇന്നുള്ള തല്ലിന് അത് കാരണമാകും.

\"എന്താണ് സുഗന്ധി ആലോചിക്കുന്നത്...? തൊടൂ...\"

\"ഇല്ല യജ്മാ... \"

അതുക്കേട്ടപ്പോൾ അദ്ദേഹം എഴുന്നേറ്റ് ഇരുന്നു. അവളുടെ കൈപിടിച്ചു വലിച്ചു ഉള്ളം കൈയിലേക്ക് നോക്കി.

അവൾക്ക് ജാള്യത തോന്നി.

നിറയെ തഴമ്പുകൾ.

തന്റെ കൈകൾക്ക് ഒരു പതിനഞ്ചുക്കാരിയുടെ മാർദ്ദവമില്ല, സൗന്ദര്യമില്ല ഉള്ളത് എള്ളിന്റെയും ചാണകത്തിന്റെയും മണം മാത്രം. നാണക്കേട് കൊണ്ട് തന്റെ മുഖം താഴ്ന്നു, കണ്ണ് നിറഞ്ഞു അദ്ദേഹത്തിന് മുന്നിൽ താൻ സ്വയം ചൂളിപോകുന്നത് പോലെ തോന്നി പക്ഷെ നടന്നത് മറിച്ചായിരുന്നു.

യജ്മ തന്റെ ഉള്ളം കൈയിലെ തഴമ്പിലൂടെ വിരലുകൾ ഓടിച്ചപ്പോൾ പരുപരുത്ത തന്റെ തഴമ്പുകളിൽ പനിനീർ പൂക്കൾ വിരിഞ്ഞു...
അവയുടെ ഇതളുകളിൽ നിന്നിരുന്ന മഞ്ഞുകണങ്ങൾ ആ തഴമ്പുകളിലേക്ക് വീണ് ശരീരമാക്കെ കുളിര് നിറച്ചപ്പോലെ തോന്നി...

ഓർമ വച്ചതു മുതൽ കുസുമത്തിന്റെ അല്ലാതെ മറ്റൊരു സ്നേഹസ്പർശം. അവൾക്ക് സന്തോഷവും പെട്ടന്ന് സങ്കടവും തോന്നി.

കുസുമം സ്പർശിക്കുമ്പോൾ അതിനു പ്രത്യേകതകൾ ഒന്നുമില്ലായിരുന്നു, പക്ഷെ യജ്മാ തൊടുമ്പോൾ ഉള്ളിൽ ഭയം നിറയുന്നു, ഒപ്പം സന്തോഷവും പറഞ്ഞറിയിക്കാൻ ആകാത്ത വികാരങ്ങൾ ഭരിക്കുന്നു.

അദ്ദേഹം തന്നെ നോക്കി ചിരിച്ചു.

പക്ഷെ കണ്ണുകൾ കുറുകിയില്ല, വെള്ളാരം പല്ലുകൾ കാണിച്ചില്ല ഒരു പുഞ്ചിരി മാത്രം

എന്റെ കൈകൾ കണ്ടു അദ്ദേഹത്തിന് സങ്കടം ആയി കാണുമോ?

ആ ഇരുട്ടിലും അവൾ തന്റെ കൈയിലേക്ക് നോക്കി തഴമ്പുകളിലൂടെ വിരലുകൾ ഓടിച്ചു.

ഇല്ല പനിനീർ പൂക്കൾ വിരിഞ്ഞില്ല... മഞ്ഞുകണങ്ങൾ വീണില്ല.

അതിനു അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളൂ ഞാനിനി ആ ചിരി കാണുമോ...? യജ്മാ എന്നെ മറന്നു കാണുമോ...?അദ്ദേഹം ചതുരംഗം കളിക്കാൻ ഇരിക്കുമ്പോൾ എങ്കിലും എന്നെ ഓർക്കാതെ ഇരിക്കില്ല... അന്വേഷിക്കതെ ഇരിക്കില്ല... 



🔹🔹🔹🔹🔹🔹🔹🔹

\"ദേവാ.. ഓയ് ദേവാ...\"

ഒഴുകുന്ന ഗോദാവരി നദിയെ നോക്കി നിൽക്കുകയായിരുന്ന ദേവദാസിനെ പിന്നിൽ വന്നു നിന്ന അശുതോഷ് വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി. അശുതോഷ് ചാറ്റർജി ബംഗാളിൽ നിന്ന് കാണാതെ ആകുന്ന പ്രായപൂർത്തിയകാത്ത പെൺകുട്ടികളെ അന്വേഷിച്ചു 
തുടങ്ങിയ  യാത്ര എത്തിനില്കുന്നത് ഇവിടെ ഈ ഗോദാവരിയുടെ മണ്ണിൽ ആയിരുന്നു.

\"ദേവാ വരൂ യോഗം തുടങ്ങുന്നു എല്ലാവരും വന്നു \"

ദേവദാസ് ഒന്നും മിണ്ടാതെ നിന്നു. എന്തോ അവനെ അലട്ടുന്ന പോലെ അശുതോഷിനു തോന്നി,അയാൾ അവന്റെ അടുത്തേക്ക് ചെന്നു.

\"എന്താ ദേവാ എന്തുപറ്റി? നിന്റെ മുഖം എന്താണ് ഇങ്ങനെ?\"

\"ഞാനൊന്ന് നാട്ടിൽ പോയാലോ എന്നാലോചിക്കുന്നു വന്നിട്ട് രണ്ടു മാസം ആകുന്നു, എന്റെ ഉള്ളിലിരുന്നു ആരോ പറയുന്നു അനിഷ്ടമെന്തോ സംഭവിച്ചിരിക്കുന്നുവെന്ന്, രണ്ടു ദിവസമായി മനസിന്‌ ഒരു സ്വസ്ഥതയില്ല അശുതോഷ് \"

\"ദേവാ നമുക്ക് ഒരു ലക്ഷ്യമുണ്ട്..നാളെ ഒരുപാട് പേർക്ക് വെളിച്ചമേകാനുള്ള ലക്ഷ്യം.അതിനു മുൻപിൽ ഇത്തരം ചിന്തകളെ ഒന്ന് മാറ്റി വയ്ക്കൂ ദയവായി... വരൂ പോകാം...\"

അശുതോഷ് അവന്റെ തോളിൽ കൈയിട്ടു അവിടെ നിന്ന് നടന്നു.

ഗോദാവരി നദി തീരത്തു കെട്ടിയ ടെൻറ്റുകൾക്ക് മുന്നിൽ ഒരുപാട് പേര് ഇരിക്കുന്നുണ്ടായിരുന്നു. നദിയിൽ നിന്ന് വീശുന്ന കാറ്റ്‌ കുത്തിവെച്ച പന്തങ്ങളിലെ തീയെ  ഒന്നുലച്ചു കടന്നു പോയി..

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് കാണാതെ പോകുന്നതും, ദേവദാസി സമ്പ്രദായമെന്ന പേരിൽ വീട്ടുക്കാർ വിൽക്കുന്നതുമായ പെൺകുട്ടികളെ വേശ്യാവൃത്തിയിൽ നിന്ന് സംരക്ഷിക്കാൻ സോഷ്യലിസ്റ്റ് പാർട്ടി നടത്തുന്ന മുന്നേറ്റങ്ങളുടെ ഭാഗം ആയിരുന്നു ആ യോഗം.

പ്രസംഗം കേൾക്കാൻ ഇരിക്കുന്ന കാണികൾക്ക് ഏറെ പിന്നിലായി ദേവദാസ് വന്നുനിന്നു.

അവർ പറയുന്നത് ശ്രദ്ധിക്കാതെ അവന്റെ മനസ് നാട്ടിലായിരുന്നു,  തന്റെ വീടിനു ചുറ്റുമായിരുന്നു ചക്ക് പുരയിലും, പറമ്പിലെ പേര മരങ്ങളുടെ ഇടയിലൂടെയും തന്റെ മനസ് ഓടികളിക്കുന്നത് അവൻ അറിഞ്ഞു.

ആരെയാണ് തന്റെ മനസ് തിരയുന്നത്...? എത്ര അലഞ്ഞിട്ടും എന്റെ മനസ് ഒന്നും കണ്ടുപിടിക്കാത്തത് എന്തുകൊണ്ടാണ്..?
നീ തിരയുന്നത് അവിടെ ഇല്ലേ...?

തിരികെ വരൂ എനിക്കൊരുപാട് കാര്യങ്ങളുണ്ട്, മറ്റൊരിടത്തു അലഞ്ഞു തിരിഞ്ഞു നടക്കാതെ എന്നിലേക്ക് തന്നെ തിരികെ വരൂ എന്റെ മനസേ...
അവനൊരു ഏകാഗ്രിയെ പോലെ കണ്ണുകൾ അടച്ചു നിന്നു.



എത്ര കേണപേക്ഷിച്ചിട്ടും അവന്റെ മനസ് അവനിലേക്ക് തിരികെ എത്തിയില്ല. അസ്വസ്ഥമായ മനസോടെ അവൻ ആ ഗോദാവരിയുടെ മണ്ണിൽ നിന്നു. ഗോദാവരിക്കു അപ്പുറം തന്റെ മനസ് തിരയുന്ന ആളുണ്ടെന്ന് അറിയാതെ...

🔹🔹🔹🔹🔹🔹🔹🔹🔹🔹

അടിവയറ്റിൽ കാരമുള്ള് പോലെ വേദന കുത്തി കയറിയപ്പോൾ ആണ് ഉറക്കത്തിൽ നിന്ന് സുഗന്ധി എഴുന്നേറ്റത്. അസഹ്യമയ വേദന കൊണ്ട് അവൾ പുളഞ്ഞു.

വിശപ്പ് അല്ല...വിശപ്പ് താൻ ഒരുപാട് അറിഞ്ഞതാണ് കഴിക്കാൻ ഒന്നുമില്ലാതെ ആയ നേരങ്ങളിൽ... ദേഷ്യം വന്നാൽ അമ്മ തന്നെ പട്ടിണിക്കിടുന്ന ദിവസങ്ങളിൽ...എല്ലാം താൻ വിശപ്പ് അറിഞ്ഞിട്ടുണ്ട്...പക്ഷെ ഇത് അതല്ല...

വേദന വയറ്റിൽ നിന്നും നടുവിലേക്കും പിന്നെ കാലുകളിലേക്കും ഇറങ്ങി
കാലുകൾക്കിടയിലേക്ക് ഇറങ്ങിയ വഴുവഴുപുള്ള സ്രവം തന്റെ രക്തമാണെന്ന് അവൾക്ക് മനസിലായി.

അവൾ കാലുകൾ ഇറുക്കി പിടിച്ചു ഇനി എത്ര നേരം തന്റെ വസ്ത്രങ്ങൾക്ക് ആർത്തവ രക്തത്തെ തടഞ്ഞു നിർത്താൻ ആകും...?

ഒഴുകുന്ന ആർത്തവ രക്തവും, കുത്തിക്കേറുന്ന വേദനയും... ഒരു പെണ്ണിന് തന്നോട് തന്നെ വെറുപ്പ് തോന്നാൻ അതിനേക്കാൾ വലിയ കാരണം ഒന്നുംതന്നെയും ഈ മണ്ണിൽ ഉണ്ടാകില്ല. 

തിരണ്ടു കാലമായിരിക്കുന്നു.

താനിനി എന്ത്‌ ചെയ്യും? അവൾ ഇരുട്ടിൽ വാതിൽക്കലിലേക്ക് നോക്കി.

\"വിശക്കുമ്പോൾ നീ ഈ വാതിലിൽ  കൊട്ടും, തുറക്കാൻ പറഞ്ഞു കൊണ്ട്,  അന്ന് ഈ വാതിൽ തുറന്നാൽ പിന്നെ ഒരിക്കലും നിനക്കു മുന്നിൽ മറ്റൊരു വാതിലുകളും ഉണ്ടാകില്ല \"

തന്നെ ഈ മുറിയിലേക്ക് തള്ളിയിടുമ്പോൾ ആ സ്ത്രീ പറഞ്ഞത് അവൾക്ക് ഓർമ വന്നു.

വിശപ്പല്ല,ദാഹവുമല്ല...പക്ഷെ ഇതെനിക്ക് സഹിക്കാൻ ആകില്ല. ഈ രക്തത്തിന്റെ മണത്തിൽ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല, അവൾ മെല്ലെ എഴുന്നേറ്റ് വേച്ചു നടന്നു വാതിലിനു മുന്നിൽ വന്നു നിന്ന് കൈ വാതിലിന്മേൽ വച്ചു.

ഈ വാതിൽ തുറന്നാൽ അപ്പുറം ഉള്ളത് എന്തോ അതിനു താൻ വഴങ്ങേണ്ടി വരും.  സന്തോഷമോ സങ്കടമോ എന്ത്‌ തന്നെയായാലും അനുഭവിക്കേണ്ടി വരും. സുഗന്ധി ഒന്നു കൂടെ ആലോചിക്കൂ ഈ വാതിലിനു അപ്പുറം ഉള്ളത് എന്തെന്ന് പോലും നിനക്ക് അറിയില്ല.

പക്ഷെ ഈ വേദന.. കാലിലൂടെ ഒലിച്ചിറങ്ങുന്ന രക്തം അതിന്റെ രൂക്ഷമായ ഗന്ധം.

അവളുടെ മനസിലൂടെ കുസുമത്തിന്റെയും, ദേവദാസിന്റെയും മുഖം കടന്നു പോയി.

മറ്റുള്ളവർ തരുന്ന പരീക്ഷണങ്ങൾക്കും വേദനകൾക്കുമിക്കിടയിൽ ഈ ഒരു അവസ്ഥ കൂടെ തന്നു,  ഞങ്ങൾ സ്ത്രീകളെ എന്തിനു ഇങ്ങനെ കഷ്ടപ്പെടുത്തുന്നു സ്വയം വെറുക്കപ്പെടുന്ന ദിവസങ്ങൾ.

ഒലിച്ചിറങ്ങുന്ന രക്തത്തുള്ളി തന്റെ കാൽമുട്ടുകളെയും കടന്നു കീഴ്പോട്ട് ഇറങ്ങുന്നത് അവൾ അറിഞ്ഞു

അവൾ ആ വാതിലിൽ തട്ടി..

തുടരും