രാമുവും മഞ്ഞ സുന്ദരിയും - ഭാഗം ഒന്ന്
രാമുവും മഞ്ഞ സുന്ദരിയും
_____________________
പതിവിലും നേരത്തെ അവൻ ഭക്ഷണം കഴിച്ച് കിടന്നു.അവൻ മേൽക്കൂര നോക്കികിടന്നു. ഓടുകളുടെ വിടവിലൂടെ വരുന്ന പ്രകാശം ആ മുറിയെ വർണ്ണാഭമാക്കി .അന്ന് പകൽ നടന്ന അനുഭവങ്ങൾ ഓർത്തുകൊണ്ട് അവൻ കിടന്നു.അന്ന് രാമു രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നും ഇറങ്ങി ഇടവഴിയിലൂടെ നടന്നു.രാവിലെ വീട്ടിൽ അമ്മയുമായി കലഹിച്ചാണ്. അവൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂളിൽ പോകാൻ സമയമായിട്ടും ഭക്ഷണം ഒന്നും തയ്യാറായിട്ടുണ്ടായിരുന്നില്ല. തലേദിവസം പാടത്ത് പണിക്ക് പോയി ക്ഷീണിച്ചത് കാരണം അമ്മ രാവിലെ എഴുന്നേൽക്കാൻ വൈകി. അമ്മ എണീറ്റ് ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി. ചോറ് വേവുന്നതിനു മുൻപേ അവൻ വീട്ടിൽ നിന്നും അമ്മയോട് തർക്കിച്ചു ഇറങ്ങി.. അമ്മ പറഞ്ഞത് ഓർത്ത് ദേഷ്യപ്പെട്ട് ഉടുവഴിയിലൂടെ നടന്നുകൊണ്ടിരിക്കെ അവൻറെ പിന്നിലാക്കി കൊണ്ട് മഞ്ഞ പാവാടയും കുപ്പായവും ധരിച്ച ഒരു സുന്ദരി അവളുടെ അച്ഛൻറെ സൈക്കിളിന്റെ പിന്നിലിരുന്ന് കടന്നുപോയി. ഒറ്റനോട്ടത്തിൽ അവന് ആളെ മനസ്സിലായില്ല .അവൻ അവളുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. അവൻ നടത്തത്തിന്റെ വേഗത കൂട്ടി. എത്രയും വേഗം സ്കൂളിൽ എത്തണം. ആ കുട്ടിയെ കണ്ടുപിടിക്കണം. അവൻ കടന്നു പോകുന്ന വഴിയിൽ സ്ഥിരമായി കാണുന്നവരും സംസാരിക്കുന്നവരും ഉണ്ടായിരുന്നു. അവരെ ആരെയും ശ്രദ്ധിക്കാതെ അവൻ നടന്നു.\"\" ചേട്ടാ\" എന്നൊരു വിളി പിന്നിൽ നിന്നും ഉണ്ടായി അവൻ ശ്രദ്ധിക്കാതെ വേഗത്തിൽ നടന്നു. എന്നും തനിക്ക് ടാറ്റ തന്നു വിടുന്ന ആ കുഞ്ഞു പൈതലിനെ അവൻ ഒരു നിമിഷം മറന്നു. \"എന്താ രാമു വേഗത്തിൽ പോകുന്നത്?\" അച്ഛൻ വീട്ടിൽ ഉണ്ടോ?\"കുമാരേട്ടൻ ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല. എന്നും തന്നോടൊപ്പം വരുന്ന രഘുവും ശ്യാമും ആ കവലയിൽ നിൽക്കുന്നുണ്ടായിരുന്നു.. അവർക്ക് മുഖം കൊടുക്കാതെ അവൻ വേഗത്തിൽ നടന്നു. അവർ പിറകിൽ നിന്നും വിളിക്കുന്നു.. അവൻ ശ്രദ്ധിക്കാതെ നടന്നു. എന്നും വഴിയരികിലുള്ള അമ്പലത്തിൽ കയറി പ്രാർത്ഥിച്ചു സ്കൂളിൽ പോകുന്ന രാമു അന്ന് പ്രാർത്ഥിക്കാതെ പോയി. വിദ്യാലയത്തിന്റെ അടുത്തുള്ള കവലയിലെ കടക്കാരൻ ചോദിച്ചു\" ഐറ്റംസ് വേണ്ടേ ?രാമു\".അവൻ അദ്ദേഹത്തെ മുഖം കൊടുക്കാതെ നടക്കവേ ഉടുവഴിയിൽ നിന്നും കയറിവന്ന ഒരു ബൈക്കിൽ അവൻ പോയി മുട്ടി വീണു.. കണ്ടുനിന്നവർ ഓടിവന്ന് രാമനെ എടുത്തുയർത്തി. ചരൽ കല്ലുകൊണ്ട് കൈവിരലുകളിൽ നിന്നും രക്തം പൊടിയാൻ തുടങ്ങി. കൈ ട്രൗസറിൽ തുടച്ചുകൊണ്ട് അവൻ നടന്നു. കൂടി നിന്നവർ പലതും അവനോടു ചോദിച്ചു. അവൻ ഒന്നിനും മറുപടി പറയാതെ നടന്നു. വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ അകലെ നിന്നും കാണാൻ തുടങ്ങി. അവനു സന്തോഷമായി. അവൻ അവിടെ കണ്ട ചേട്ടനോട് സമയം തിരക്കി. ക്ലാസ് ആരംഭിക്കാൻ 15 മിനിറ്റ് ബാക്കിയുള്ളൂ. അവൻ ഓടി വിദ്യാലയത്തിൽ എത്തി. ഓരോ ക്ലാസ് മുറികളിലും കയറി ആ മഞ്ഞ സുന്ദരിയെ അന്വേഷിക്കാം എന്ന് കരുതി അടുത്ത ക്ലാസ് മുറിയിൽ കയറാൻ നിൽക്കവേ അതാ ഹെഡ്മാസ്റ്റർ തന്റെ നേർക്ക് നടന്നുവരുന്നു.അവൻ ആ ക്ലാസിൽ കയറാതെ വരാന്തയിലൂടെ സകല ദൈവങ്ങളെയും മനസ്സിൽ വിളിച്ചുകൊണ്ട് ഹെഡ്മാസ്റ്ററുടെ മുന്നിലൂടെ കടന്നുപോയി. അടുത്ത ക്ലാസ് മുറിയിൽ കയറി നോക്കാം എന്നു കരുതി ക്ലാസ് മുറിയിലേക്ക് കാൽ വൈക്കവേ പിന്നിൽ നിന്നും ഒരു വിളി\"എടാ രാമു നീ പോയി രണ്ടു പെട്ടി ചോക്ക് അടുത്ത കടയിൽ നിന്നും വാങ്ങിയിട്ട് വാ\" അവന്റെ ക്ലാസ് ടീച്ചർ പറഞ്ഞു. അവൻറെ മനസ്സിൽ ഒരു കൊള്ളി മീൻ കടന്നുപോയി. അവനു ദേഷ്യവും സങ്കടവും വന്നു. കാരണം ക്ലാസ് തുടങ്ങാൻ 15 മിനിറ്റ് ബാക്കിയുള്ളൂ. ആ സുന്ദരി എങ്ങനെയെങ്കിലും കണ്ടെത്തണം. അതായിരുന്നു അവൻറെ മനസ്സിൽ. പക്ഷേ ടീച്ചർ അതിനു അനുവദിക്കുന്നില്ല. അവൻ ടീച്ചറെ മനസ്സിൽ പ്രാകിക്കൊണ്ട് ടീച്ചറുടെ കയ്യിൽ നിന്നും പൈസ വാങ്ങി കടയിലേക്ക് ഓടി. കടക്കാരനോട് രണ്ടു പെട്ടിച്ചോക്ക് ആവശ്യപ്പെട്ടു. കടക്കാരൻ സുഹൃത്തിനോട് കുശലം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അവർ എന്തെല്ലാം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. വീണ്ടും അവൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും അയാൾ രാമുവിനോട് പറഞ്ഞു. ഇപ്പോൾ തരാം. ഒരു മിനിറ്റ് കാത്തു നിൽക്കണേ. ഞാൻ പോയി മൂത്രം ഒഴിച്ചിട്ട് വരാം എന്നു പറഞ്ഞ് കടക്കാരൻ കടയിൽ നിന്നും ഇറങ്ങിപ്പോയി. രാമു ദേഷ്യം കൊണ്ടുവിളറി. അവൻ മനസ്സിൽ കടക്കാരന് പ്രാകി. ഇത്രനേരം ഇയാൾ ഇവിടെ നിന്നിട്ട് മൂത്രമൊഴിക്കാൻ പോയില്ല. ഞാൻ വന്നപ്പോൾ അയാൾക്കൊരു മൂത്രശങ്ക. രാമുവിന് വേറെ വഴിയില്ല കാരണം ആ കവലയിൽ ചോക്ക് കിട്ടുന്ന കട അത് മാത്രമാണ്.. അയാൾ എത്രയും പെട്ടെന്ന് വരണമെന്ന് അവൻ പ്രാർത്ഥിച്ചു നിൽക്കവേ അത് അവിടെ നിന്നും നടന്നുവരുന്നു.അവന് ആശ്വാസമായി . അയാൾ കടയുടെ അടുത്ത് എത്താറായപ്പോൾ കടക്കാരന്റെ മുൻപിൽ ഒരു കാർ വന്നു നിർത്തി. കാറിൽ വന്നയാൾ ഇറങ്ങിവന്ന് കൈ കൊടുത്ത് കുശല് അന്വേഷണം നടത്തുന്നു. അവരുടെ സംസാരം നീണ്ടു പോകുന്നത് കണ്ടു രാമുവിന് ദേഷ്യം വന്നു. അവൻ കടക്കാരന് ഉച്ചത്തിൽ വിളിച്ചു.\" ചേട്ടാ ഒന്ന് വന്ന് എടുത്തു തരൂ\" ക്ലാസ് തുടങ്ങി. ടീച്ചർ വഴക്ക് പറയും. പ്ലീസ് ചേട്ടാ. കടക്കാരൻ അവിടെ നിന്നും പറഞ്ഞു\" ഇപ്പൊ വരാം. ഇയാൾ വളരെ ദൂരത്തു നിന്നും വരികയാണ്. അയാൾക്ക് ഉടനെ പോകണം അതുകൊണ്ടാണ് എന്ന് പറഞ്ഞ് കടക്കാരൻ സംസാരം തുടങ്ങി. രാമു എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്നു. ചോക്കില്ലാതെ ചെന്നാൽ ടീച്ചർ വഴക്ക് പറയും. .ടീച്ചറോട് നുണ പറഞ്ഞാലോ അവൻ ഓർത്തു. പക്ഷേ ടീച്ചർ കടക്കാരനോട് പിന്നീട് അന്വേഷിച്ചാൽ തൻറെ നുണ പൊളിയില്ലേ. അവൻറെ പ്രധാന സങ്കടം മഞ്ഞ സുന്ദരിയെ കാണാൻ കഴിയാതിരുന്നതാണ്. അവളെ കണ്ട നിമിഷം മുതൽ വിദ്യാലയത്തിൽ എത്തുന്നത് വരെ അവൻ അവളെ കുറിച്ച് കണ്ട സ്വപ്നങ്ങൾ എല്ലാം നിഷ്പ്രഭം ആയിരിക്കുന്നു. കടക്കാരൻ വന്ന് ചോക്ക് തന്നു. ബാക്കി പൈസയും വാങ്ങി അവൻ വിദ്യാലയത്തിലേക്ക് ഓടി.. ഓടുന്നതിനിടയ്ക്ക് അവൻ ആ മഞ്ഞ സുന്ദരിയെ ഓർത്തു. അവൻറെ ഇപ്പോഴത്തെ ഊർജ്ജം അവൾ ആയിരുന്നു. ഉച്ചയ്ക്ക് എങ്കിലും കണ്ടുപിടിക്കണം എന്ന ചിന്തയോടെ അവൻ വിദ്യാലയത്തിൽ എത്തി. ടീച്ചർ ചോദിച്ചു\" ഇത്രയും വൈകിയത് ആകെ ഉണ്ടായിരുന്ന ഒരു മുറി ചോക്ക് അതും കഴിഞ്ഞു കുറേസമയമായി നിന്നെയും കാത്ത് ഞങ്ങൾ നിൽക്കുന്നു. രാമു കാര്യങ്ങൾ ടീച്ചർക്ക് ധരിപ്പിച്ചു. ടീച്ചർ പഠിപ്പിക്കാൻ തുടങ്ങി ബോർഡിൽ എഴുതി. രാമുവിന് ഒന്നും മനസ്സിലാവുന്നില്ല.അവന് ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല.അവന്റെ ചിന്ത മുഴുവൻ അവളെക്കുറിച്ചും. ബെല്ലടിച്ചപ്പോൾ ടീച്ചർ പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് അടുത്ത ടീച്ചർ ക്ലാസിൽ വന്നു.. എല്ലാവരും എണീറ്റ് ടീച്ചർക്ക് ഗുഡ്മോണിങ് പറഞ്ഞു. പെട്ടെന്ന് ചിന്തയിൽ നിന്നും ഉണർന്ന രാമു എണീറ്റ് ഗുഡ്മോർണിംഗ് പറഞ്ഞപ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരിയായി. ടീച്ചർ ചോദിച്ചു,\"രാമു എന്തുപറ്റി? എന്താദിവസ്വപ്നം കാണുകയാണോ? വീണ്ടും കൂട്ടച്ചിരി. പഠിപ്പിക്കൽ തുടർന്നു. രാമു സ്വപ്നങ്ങൾ തുടങ്ങി. അവളെ കണ്ടെത്തിയാൽ എന്തു ചെയ്യണം. എന്ത് സംസാരിക്കണം. എങ്ങനെ തുടങ്ങണം. എന്ന് ചിന്തിച്ചിരിക്കവേ \"രാമു ബോർഡിൽ എഴുതിയത് ഒന്നു വായിക്കൂ\" ടീച്ചർ പറഞ്ഞു. രാമു ഞെട്ടി എണീറ്റുനിന്നു. ബോർഡിൽ എഴുതിയത് വായിക്കാൻ ശ്രമിച്ചു. കിട്ടുന്നില്ല. ടീച്ചർ പറഞ്ഞു\" ഞാൻ രണ്ടു പ്രാവശ്യം ഇതു പറഞ്ഞു തന്നതാണല്ലോ എഴുതുമ്പോൾ, നീ ശ്രദ്ധിച്ചില്ലേ, അവൻ ഒന്നും മിണ്ടാതെ നിന്നു. ടീച്ചർ അടുത്ത കുട്ടിയോട് വായിക്കാൻ ആവശ്യപ്പെട്ടു.. ആ കുട്ടി ഉച്ചത്തിൽ വായിച്ചു.. സമയം നീണ്ടു പോകുന്നതായി അവന് അനുഭവപ്പെട്ടു.. എത്രയും വേഗം ഉച്ചയ്ക്കുള്ള ബെല്ല് ആകണമെന്ന് അവൻ പ്രാർത്ഥിച്ചു. ക്ലാസ് കഴിഞ്ഞുപോകുമ്പോൾ ടീച്ചർ രാമുവിനോട് പറഞ്ഞു\" ഉച്ചയ്ക്ക് സ്റ്റാഫ് റൂമിൽ വരാൻ. അവൻറെ ഉച്ചയ്ക്ക് കണ്ടുപിടിക്കാം എന്ന പ്രതീക്ഷയും നഷ്ടപ്പെടുമോ എന്ന് അവൻ ചിന്തിച്ചു. ഉച്ചയ്ക്കുള്ള ബെല്ലടിച്ച ഉടൻ അവൻ ടീച്ചറെ കാണാൻ ക്ലാസിൽ നിന്നും സ്റ്റാഫ് റൂമിലേക്ക് ഓടി.അവിടെ ടീച്ചറെ കാണാനില്ല. ആ ഓട്ടത്തിനിടയിലും മഞ്ഞ സുന്ദരിയെ പരതി.. കണ്ടില്ല. ടീച്ചറെയും കാത്ത് സ്റ്റാഫ് റൂമിന്റെ മുൻപിൽ നിന്നു. എല്ലാ ടീച്ചേഴ്സും എത്തിയിട്ടും ആ ടീച്ചർ മാത്രം എത്തിയില്ല. അവൻ മറ്റ് അധ്യാപകരോടും തിരക്കി. കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചർ വരാന്തയിലൂടെ നടന്നുവരുന്നത് കണ്ടു. കൂടെ രണ്ടു കുട്ടികളുമുണ്ട്. അവരുമായി ടീച്ചർ സംസാരിച്ചാണ് വരുന്നത്. സ്റ്റാഫ് റൂമിൽ അടുത്ത് എത്താറായപ്പോൾ ആ കുട്ടികൾ അവരുടെ ക്ലാസ്സിലേക്ക് പോയി. രാമു ടീച്ചറുടെ അടുത്തേക്ക് നടന്നു.രാമു ടീച്ചറോട് കാര്യം ചോദിക്കാൻ നിൽക്കാതെ ഒരു അധ്യാപകൻ\" സ്റ്റാഫ് മുറിയിൽ നിന്നും വിളിച്ചുപറഞ്ഞു \"ഹെഡ്മാസ്റ്റർ ടീച്ചറെ വിളിക്കുന്നു \" ടീച്ചർ രാമുവിന് ശ്രദ്ധിക്കാതെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് പോയി. ടീച്ചറെയും കാത്ത് രാമു അവിടെ തന്നെ നിന്നു. ടീച്ചറെ കണ്ട ശേഷം ഉടനെ അവളെ അന്വേഷിക്കണം. അവൻ മനസ്സിൽ കരുതി.. അവൻ ക്ഷമയോടെ കാത്തു നിന്നു. ചുറ്റുപാടും പലതും നടക്കുന്നുണ്ട് പക്ഷേ അവൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. സ്റ്റാഫ്മുറിയിൽ നിന്നും പൊട്ടിച്ചിരികൾ ഉയരുന്നു. ക്ലാസ് മുറികളിൽ നിന്നും കുട്ടികളുടെ ചൂളം വിളിയും പാട്ടുകളും ഡസ്കിൽ കൊട്ടുന്ന ശബ്ദങ്ങളും അവൻറെ ചുറ്റും ഉയർന്നുകൊണ്ടിരുന്നു.
രാമു ക്ഷമ നശിച്ചു നിൽക്കവേ ടീച്ചർ. ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു സന്തോഷിച്ചു.ടീച്ചർ പറഞ്ഞു\" രാമു ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല എനിക്ക് അടുത്ത പിരീഡ് ക്ലാസ് ഉണ്ട്. നീ ഇപ്പോൾ പോയി പിന്നെ വരു\". രാമുവിന് ടീച്ചറോട് അതിയായ ദേഷ്യം തോന്നുന്നു.. ഇത്രയും നേരം താൻ ഭക്ഷണം കഴിക്കാതെ ടീച്ചറെ കാത്തു നിന്നപ്പോൾ ഒടുവിൽ ടീച്ചർ പിന്നെ കാണാം എന്നു പറഞ്ഞു. അവൻ എല്ലാ ദേഷ്യം മനസ്സിൽ ഒതുക്കി ഭക്ഷണം കഴിക്കാൻ ക്ലാസ് മുറിയിലേക്ക് നടക്കവേ ഓഫീസിൽ നിന്നും ബെല്ലടി കേട്ടു.കുട്ടികളെല്ലാം ടീച്ചർമാർ വരുന്നതു കണ്ടു ക്ലാസ് മുറികളിലേക്ക് ഓടിക്കയറുന്നു.രാമു വികാര നിർഭര നായി പതുക്കെ ക്ലാസ് മുറിയിൽ കയറി തന്റെ ഇരപ്പിടത്തിൽ ക്ഷീണിച്ചു ഇരുന്നു. സുഹൃത്തുക്കൾ രാമുവിനോട് കാര്യങ്ങൾ ചോദിക്കാൻ നിൽക്കവേ ടീച്ചർ ക്ലാസിൽ കയറി വന്നു.. ടീച്ചർ ക്ലാസ്സ് എടുക്കാൻ തുടങ്ങി. അവൻ ക്ഷീണിച്ച്. ഡെസ്കിൽ മുഖം അമർത്തി കിടന്നു.. അവൻ വീണ്ടും ആ മഞ്ഞ സുന്ദരിയെ ഓർത്തു. വൈകിട്ട് ക്ലാസ് വിടുമ്പോൾ എന്തായാലും കണ്ടുപിടിക്കണം. നിർഭാഗ്യവശാൽ അവസാനത്തെ പിരീഡ് ക്ലാസ് എടുത്ത ടീച്ചർ ക്ലാസ് വിട്ട ശേഷം രാമുവിന് സ്റ്റാഫ് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ടീച്ചർ രാമകനോട് കാര്യങ്ങൾ തിരക്കി.\"എന്താ രാമു ഇന്ന് നീ ക്ലാസ് ഒന്നും ശ്രദ്ധിക്കാതിരുന്നത്. നിനക്ക് എന്തുപറ്റി? വീട്ടിൽ പ്രശ്നങ്ങൾ വല്ലതും ഉണ്ടോ? നീ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലേ? നീ ആകെ ക്ഷീണിതൻ ആണല്ലോ?\".ടീച്ചർ ബാഗിൽ നിന്നും വെള്ളം കുപ്പിയെടുത്ത്. രാമുവിന്റെ നേരെ നീട്ടി. കുറച്ചു വെള്ളം കുടിക്കൂ. ക്ഷീണം മാറും. ടീച്ചർ പറഞ്ഞു. രാമു വെള്ളം ആർത്തിയോടെ കുടിക്കുന്നത് ടീച്ചർ ആശ്ചര്യത്തോടെ നോക്കി നിന്നു. താൻ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടില്ല എന്ന കാര്യം രാമു ടീച്ചറെ ധരിപ്പിച്ചു. രാമു ടീച്ചറോട് യാത്ര പറഞ്ഞു നടക്കവേ ടീച്ചർ രാമുവിന് തിരിച്ചുവിളിച്ചു തന്റെ മക്കൾക്ക് വാങ്ങി വെച്ചിരുന്ന പലഹാരത്തിൽ നിന്നും കുറച്ചെടുത്ത് രാമുവിന് നൽകി.. രാമു അത് വാങ്ങി നടന്നു നീങ്ങി. അവനു പലഹാരങ്ങൾ കഴിക്കാൻ തോന്നുന്നില്ല കാരണം ആ മഞ്ഞ സുന്ദരിയെ കുറിച്ചുള്ള ഓർമ്മകൾ അവൻറെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നു. അന്ന് മുഴുവൻ സമയവും അവളെ കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്ന കുറ്റബോധം അവന് വേട്ടയാടി കൊണ്ടിരുന്നു. അന്ന് പകൽ സ്കൂൾ സമയത്ത് നടന്ന സംഭവങ്ങൾ ഓരോന്നും ഓർത്ത് അവൻ നടന്നു വീടെത്തിയത് അവൻ അറിഞ്ഞില്ല. സ്കൂൾ വിട്ടുവരുന്ന രാമുവിന്റെ സ്ഥലകാലം ബോധമില്ലാതെ വരവ് കണ്ടു അമ്മയുടെ മനസ്സ് സങ്കടപ്പെട്ടു. അന്ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ വഴക്കിട്ടാണ് പോയിരുന്നത്. ഇനിയും അത് മാറിയില്ലേ? അമ്മയുടെ മനസ്സ് മന്ത്രിച്ചു. അമ്മ ഓടിപ്പോയി മകനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു ചോദിച്ചു\"മോൻ രാവിലത്തെ കാര്യം ഇനിയും മറന്നില്ല? മോൻ അമ്മയോട് ക്ഷമിക്കു അമ്മയ്ക്ക് തീരെ വയ്യാത്തതു കൊണ്ടല്ലേ ഭക്ഷണം നേരത്തെ ആകാതിരുന്നത്.\" രാമു ഇതൊന്നും ശ്രദ്ധിക്കാതെ മുറിയിൽ കയറി വാതിൽ അടച്ചു..ആ അമ്മ ധർമ്മസങ്കടത്തിനായി. മകൻറെ ഈ മാനസികാവസ്ഥയ്ക്ക് കാരണം താനാണെന്ന് സ്വയം ശപിച്ചു.\"രാമു, വാതിൽ തുറക്കൂ ,ചായ കുടിക്കാൻ..അമ്മ വാതിലിൽ തട്ടി വിളിച്ചു. മുറിക്കകത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. അമ്മയ്ക്ക് വേവലാതിയായി. കളിച്ചു ചിരിച്ചു വരുന്ന മോനെയാണ് എന്നും കണ്ടിട്ടുള്ളത്. വന്നു കഴിഞ്ഞാൽ ഉടനെ അടുക്കളയിൽ കയറി കിട്ടിയതെല്ലാം വാരുവലിച്ചു തിന്നുകയാണ് പതിവ്. അതിനു ശേഷം പുസ്തക സഞ്ചി അവൻറെ മുറിയിൽ വച്ചശേഷം കൂട്ടുകാരോടൊത്ത് കളിക്കാൻ ഗ്രൗണ്ടിലേക്ക് ഓടും. തിരിച്ചു വന്നിട്ട് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും കുശല അന്വേഷണം നടത്തു . കുറച്ചു സമയം കഴിഞ്ഞു. അവൻ വാതിൽ തുറന്നു പുറത്തു വന്നു.. അമ്മ ഓടി അവൻറെ അടുത്തുചെന്ന് കാര്യങ്ങൾ തിരക്കി.\"മോനെ എന്തുപറ്റി?വിദ്യാലയത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ ?അധ്യാപകർ വഴക്ക് പറഞ്ഞോ?കുട്ടികൾ കളിയാക്കിയോ? വരുന്ന വഴിക്ക് എന്തെങ്കിലും സംഭവിച്ചോ? അങ്ങനെനിരവധി ചോദ്യങ്ങൾ ആ അമ്മ അവനോട് ചോദിച്ചെങ്കിലും ഒറ്റ ഉത്തരമാണ് അവൻ നൽകിയത്. ഇതൊന്നുമല്ല അമ്മേ കാരണം വേറെയാ. കാരണം അറിയാൻ ആ അമ്മയുടെ മനസ്സ് തുടിച്ചു. അവൻ ഒന്നും കഴിക്കാതെ വീട്ടിൽ നിന്നും ഇറങ്ങി ഉടു വഴിയിലൂടെ നടന്നുനീങ്ങുന്നത് ആ അമ്മ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു.അവൻ നേരെ ഗ്രൗണ്ടിലേക്ക് നടന്നു.. അവിടെ കൂട്ടുകാർ ആർത്തുല്ലസിക്കുന്നു. അവൻ ഗ്രൗണ്ടിന്റെ ഒരു മൂലയിൽ പോയിരുന്നു. കൂട്ടുകാർ കളിക്കുന്നത് നോക്കി ഇരുന്നു. അവൻറെ ശ്രദ്ധ കളിയിൽ പതിയുന്നില്ല. ഒരു വികാര നിർഭരനെ പോലെ അവൻ ഇരുന്നു. രാമുവിന്റെ ഉ റ്റ സുഹൃത്തായ സലിം കളികൾക്കിടയിൽ രാമുവിന് ശ്രദ്ധിച്ചു. തൻറെ സുഹൃത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ സലീം രാമുവിന്റെ അടുത്തേക്ക് ഓടിവന്ന് കാര്യം തിരക്കി.സലിം വരുന്നത് കണ്ടു മറ്റു കൂട്ടുകാരും രാമുവിന്റെ അടുത്ത് വന്നു. അവർ പലതും രാമുവിനോട് ചോദിച്ചു. അതിനു തെറ്റായ മറുപടിയാണ് അവൻ ആദ്യം നൽകിയത് എങ്കിലും ഒടുവിൽ അവൻ സത്യം കൂട്ടുകാർക്കും മുൻപിൽ പറഞ്ഞു. ഇതുകേട്ട കൂട്ടുകാർ പറഞ്ഞു. ഇതാണോ വിഷയം. നാളെത്തന്നെ നമുക്ക് പരിഹാരം കാണാം. രാമു പറഞ്ഞത് കേട്ട് അവൻറെ കൂട്ടുകാർക്കും അവളെ കാണാൻ കൊതിയായി.കൂട്ടുകാരോട് വിഷയം അവതരിപ്പിച്ചപ്പോൾ. അവൻറെ മനസ്സ് ശാന്തമായി. മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കിവെച്ച അനുഭവം. അവൻ കൂട്ടുകാരോടൊത്ത് കളിക്കാൻ തുടങ്ങി. അന്ന് പതിവിലും വൈകിയാണ് കളി നിർത്തിയത്…നേരം ഇരുട്ടായി. വീട്ടിൽ രാമുവിന്റെ അമ്മയ്ക്ക് വേവലാതിയായി. \"മോനെ ഇരുട്ടായിട്ടും കാണാനില്ലല്ലോ?ഒന്നും കഴിക്കാതെയാണ് വീട്ടിൽ നിന്നും .ഇറങ്ങിപ്പോയത്. മകന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ?ആ അമ്മയുടെ മനസ്സിൽ ആദിയായി. മോനെ ഒന്നും സംഭവിക്കരുത് എന്ന് മനസ്സുരുകി ആ അമ്മ പ്രാർത്ഥിച്ചു. മോൻ കഴിക്കാത്തത് അമ്മയും ഒന്നും കഴിച്ചില്ല. മകൻറെ വരവും കാത്ത് ഉമ്മറപ്പടിയിൽ ഇരുന്നു വീഷണിയായി ഉടുവഴിയിലേക്ക് നോക്കിയിരുന്നു. രാമു തൻറെ കൂട്ടുകാരോട്\" നാളെ അവളെ കണ്ടു പിടിക്കണം\" എന്നു പറഞ്ഞ് വീട്ടിലേക്ക് നടന്നു. അരണ്ടവെളിച്ചത്തിൽ ഉടുവഴിയിലൂടെ വരുന്ന മകനെ കണ്ട് അമ്മയ്ക്ക് ആശ്വാസമായി.അമ്മയുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു അവൻറെ തിരിച്ചുവരവ്. അവൻ ഓടി വന്നു അമ്മയെ കെട്ടിപ്പിടിച്ചു.സന്തോഷത്താൽ അമ്മയുടെ കണ്ണുനീർ കണങ്ങൾ അവൻറെ നെറ്റിയിൽ പതിച്ചു. അവൻ അമ്മയോട് ചോദിച്ചു\" എന്തുപറ്റി അമ്മേ? അമ്മ എന്തിനാ കരയുന്നത്. അമ്മ ഒന്നും കഴിച്ചില്ലേ?അമ്മ എന്താ എനിക്ക് ഇന്ന് സ്പെഷ്യലായി ഉണ്ടാക്കി വച്ചിരിക്കുന്നത്?അവൻ ഓടി അടുക്കളയിൽ കയറി. വിയർത്തു കുളിച്ചുവന്ന അവൻ അമ്മ ഉണ്ടാക്കി വച്ചിരിക്കുന്ന കാപ്പിയും വട്ടയപ്പവും ആർത്തിയോടെ കഴിക്കുന്നത് അമ്മ ആശ്ചര്യത്തോടെ നോക്കി നിന്നു കാരണം മനോവിഷമത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ മകൻ തിരിച്ചു വന്നപ്പോൾ അതീവ സന്തോഷവനായിരുന്നു.കാപ്പി കുടിക്കുന്നതിനിടയിൽ അമ്മയോട് അവൻ കുശലം പറഞ്ഞു കൊണ്ടിരുന്നു.പതിവുപോലെ അവൻ ഒരു കഷണം വട്ടയപ്പം അമ്മയ്ക്കു നേരെ നീട്ടി.\"അമ്മേ ഇത് കഴിക്കൂ? അവൻ പറഞ്ഞു.\" വേണ്ട മോനെ.നീ മുഴുവൻ കഴിച്ചോ.? ഞാൻ നേരത്തെ കാപ്പിയും വട്ടയപ്പവും കഴിച്ചു എന്ന് അമ്മ നുണ പറഞ്ഞു. മോൻ കളിച്ചു ക്ഷീണിച്ചു വന്നതല്ലേ, നല്ല വിശപ്പുണ്ടാകും.മകൻറെ സ്നേഹത്തോടെയുള്ള നിർബന്ധത്തിൽ ആ അമ്മ വട്ടയപ്പം കഷണം വാങ്ങി കയ്യിൽ സൂക്ഷിച്ചു. \"അമ്മേ ഇപ്പോൾ തന്നെ അത്കഴിക്കൂ..\"വേണ്ട മോനെ ഞാൻ പിന്നെ കഴിക്കാം\" ആ അമ്മ പറഞ്ഞു. കാപ്പി കുടിച്ച ശേഷം അവൻ കോലായി വന്നിരുന്നു വിശ്രമിച്ചു. അമ്മ വാതിൽ പടിയിൽ ചാരി നിന്നുകൊണ്ട് മകനെ നോക്കി നിന്നു. തണുത്ത ഇളങ്കാറ്റ് അവന് കഴുകി കൊണ്ട് കടന്നു പോയിക്കൊണ്ടിരുന്നു.ആ ഇളം തന്നെലിൽ അവൻ പതുക്കെ കോലായിൽ കിടന്നു. ചീവിടുകളുടെ അ സഹനീയമായ ശബ്ദങ്ങൾ അവൻറെ കാതുകളെ പ്രകമ്പനം കൊള്ളിച്ചു.അവൻറെ ചിന്തകൾ അവനെ ശൂന് ആകാശത്തേക്ക് കൊണ്ടുപോയി. അവൻറെ കണ്ണുകൾ പതിയെ അടയാൻ തുടങ്ങി.. അടുത്ത വീട്ടിലെ ചാവലി പട്ടിയുടെ കുരക്കേട്ട് അവൻ ഞെട്ടി ഉണർന്നു. കണ്ണു തുറന്നു നോക്കുമ്പോൾ ഒരു മിന്നാമിന്നിയുടെ വെട്ടത്തെ പോലെ ഉള്ള വെളിച്ചം ഉടുവഴിയിൽ നിന്നും വീട്ടിലേക്ക് വരുന്നത് അവൻ കണ്ടു.. അവനു മനസ്സിലായി അച്ഛനാണ് വരുന്നത്. അച്ഛൻറെ ചുണ്ടിൽ പുകഞ്ഞു തീരുന്ന ബീഡിയുടെ വെട്ടമാണ് അതൊന്ന് അവൻ മനസ്സിലായി. അച്ഛൻ പടികടന്നശേഷം ആർത്തിയോടെ തുരുതുര ആ ബീഡി കുറ്റി വലിച്ചു തീർത്തു നിലത്തിട്ട് ചവിട്ടി അമർത്തിയശേഷം ഇല്ലി കൊണ്ട് നിർമ്മിച്ച പടി അടച്ചുവച്ചുകൊണ്ട് അച്ഛൻ ഉമ്മറത്തേക്ക് നടന്നു വന്നു ചോദിച്ചു\" മോൻ ഇന്ന് സ്കൂളിൽ പോയില്ലേ?\" കടയിൽ നിന്നും വാങ്ങിയ സാധനങ്ങൾ അടങ്ങിയ സഞ്ചി അമ്മയുടെ കയ്യിൽ ഏൽപ്പിച്ചു അച്ഛൻ ഉമ്മറത്ത് കോലായിൽ ഇരുന്നു.അന്ന് പണി സ്ഥലത്ത് നടന്ന ഒരു സംഭവം അച്ഛൻ വിവരിക്കുന്നത് കേട്ട് അമ്മ അച്ഛൻ കൊടുത്ത സഞ്ചിയും പിടിച്ച് വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. അച്ഛൻ സംഭവം വിവരിക്കാൻ തുടങ്ങിയത് അമ്മ ആ സഞ്ചിയുമായി അച്ഛൻറെ അടുത്തു വന്നിരുന്നു.പണിസ്ഥലത്ത് തൻറെ സഹായിക്ക് ഒരു അപകടം പറ്റി. തന്റെ അശ്രദ്ധ മൂലമാണ് സംഭവിച്ചതെന്ന് അച്ഛൻ പറഞ്ഞു.മതിലുകെട്ടുന്നതിന് കരിങ്കല്ല് കൊണ്ടുവരുവാൻ സഹായിയോട് ആവശ്യപ്പെട്ടു. വലിയ കല്ലാണ്ഒറ്റയ്ക്ക് എടുക്കാൻ കഴിയില്ലഎന്ന് സഹായി അറിയിച്ചു. അതേ തുടർന്ന് ഞാനും സഹായിയും കൂടി കൊണ്ടുവരുവാൻ തീരുമാനിച്ചു.കല്ല് എടുത്തു ഉയർത്തുന്നതിനിടയ്ക്ക്എൻറെ കൈ വഴുതി ആ കല്ല് സഹായിയുടെ കാലിലേക്ക് വീണു. ഒരു കാൽവിരൽ മുറിഞ്ഞു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവിരൽ തുന്നിച്ചേർത്തു. പകൽമുഴുവൻ ആശുപത്രിയിൽ വൈകുന്നേരം ആയപ്പോൾ സഹായിയുടെ ബന്ധുക്കൾ വന്നപ്പോൾഞാൻ വീട്ടിലേക്ക് വന്നു. അച്ഛൻ സംസാരിക്കുമ്പോൾ വാക്കുകൾ ഇടറുന്നത് രാമു ശ്രദ്ധിച്ചു.താൻ ഇതുവരെ കാണാത്ത രീതിയിലാണ് അച്ഛൻ സംസാരിക്കുന്നത്. അച്ഛൻറെ മുഖഭാവത്തിൽ നിന്നും മനസ്സിലാകും അച്ഛന് എത്രത്തോളം മാനസിക സംഘർഷം ഉണ്ടാകുന്നു .എന്നത്. അച്ഛൻ മുറ്റത്തേക്ക് ഇറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. പകലത്തെ സംഭവം അച്ഛന് വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.ഷർട്ടിന്റെ കീശയിൽ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടിൽ വച്ച് അതിന് കത്തിച്ചു വീടിൻറെ പുറകുവശത്തേക്ക് അച്ഛൻ പോയി. രാമു കോലായിൽനിന്നും എഴുന്നേറ്റ് അച്ഛൻ പോയ ദിക്കിലേക്ക് നോക്കി. അച്ഛനെ കാണാനില്ല. അവൻ അകത്തു പോയി കുളിക്കാൻ തോർത്തുമായി തിരിച്ചുവന്നു. കൊടുത്തിരുന്ന തുണികൾ അഴിച്ചു ഉമ്മറത്തെ ചായിപ്പിൽ കെട്ടിയ അയയിൽ തൂക്കിയിട്ട ശേഷം തോർത്തുംഉടുത്ത് സോപ്പുമായി പരീത്ത് കലത്തിന്റെ(പാത്രം കഴുകുന്ന സ്ഥലമാണ് പരീത്ത്) .അടുത്തേക്ക് നടന്നു.ചളുങ്ങിയ അലുമിനിയം കലത്തിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. ഒരു കോപ്പയിൽ( കറി കഴിക്കാൻ ഉപയോഗിക്കുന്ന പാത്രം) വെള്ളം എടുത്ത് കാൽപാദങ്ങളിൽ ഒഴിച്ച് കാലിൽ നിന്നും പടർന്ന് തലയിലെത്തുന്ന കുളിര് ആസ്വദിച്ചു. വേഗത്തിൽ കുളിച്ച് പഴയ തുണി തന്നെ എടുത്ത് ഭക്ഷണത്തിനായി അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ല. അവൻ പാത്രങ്ങൾ തുറന്നു നോക്കി. ചോറും ഉണക്കമീനും പുളിച്ചാറും(പഴയകാലത്തെ രസം) ആയിരുന്നു ഭക്ഷണം. ഉണക്കമീൻ വറുത്തതിന്റെയും പുളിച്ചാറിൻറെ മണം അവൻറെ നാവിൽ വെള്ളം ഊറിക്കൊണ്ടിരിക്കുന്നു. അവൻറെ വിശപ്പ് ആർത്തിയായി .മാറി. \"അമ്മേ എനിക്ക് വിശക്കുന്നു,. ഭക്ഷണം വിളമ്പിത്തരും\" അടുക്കളയിൽനിന്നും ഉറക്കെ വിളിച്ചുപറഞ്ഞു.\"മോനേ അച്ഛനും കൂടി വരട്ടെ എന്നിട്ട് കഴിക്കാം\" അമ്മ മറുപടി പറഞ്ഞു. അവൻ മനസ്സില്ല മനസ്സോടെ കോലായിൽ വന്നിരുന്നു.അടുക്കളയിലുള്ള ഭക്ഷണത്തിൻറെ മണം ജനാലയിലൂടെ അവൻറെ നാസ ദ്വാരത്തിലൂടെ കടന്നുവന്നു..സമയം കടന്നു പോയിക്കൊണ്ടിരുന്നു.അവൻറെ വിശപ്പ് ശമിച്ചുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു.അമ്മ എല്ലാവർക്കും ഭക്ഷണം വിളമ്പി അടുക്കളയിൽ നിന്നും വിളിച്ചു. രാമു ഓടി അടുക്കളയിൽ കയറി തനിക്ക് വിളമ്പിവെച്ച കിണ്ണത്തിന്റെ മുൻപിൽ ഇരുന്നു. അച്ഛൻ വന്നു രാമുവിന്റെ അടുത്തിരുന്നു.ചാണകം കൊണ്ട് മെഴുകിയ നിലമായതിനാൽ നല്ല തണുപ്പ് ഉണ്ടായിരുന്നു. രാമുവിനും അവൻറെ അച്ഛനും അഭിമുഖമായി അമ്മ ഇരുന്നു. രാമു അച്ഛൻ അമ്മമാരുടെ കിണ്ണത്തിലേക്ക് നോക്കി. അച്ഛൻറെ കിണ്ണത്തിൽ ചോറു നിറച്ചും ഉണ്ടായിരുന്നു. അമ്മയുടെ കിണ്ണത്തിൽ കുറച്ച് ചോറ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ തനിക്ക് കിട്ടിയ ഉണക്കമീനിൽ നിന്നും ഒന്ന് എടുത്ത് രാമുവിന്റെ പാത്രത്തിൽ ഇട്ടു കൊടുത്തു. രാമു പുളിച്ചാർ കുറെ കോരിയൊഴിച്ച് ചോറ് അമർത്തി തിരുമ്മി ഉരുളകളാക്കി ഓരോന്നും അകത്താക്കി കൊണ്ടിരിന്നു. രാമവും അച്ഛനും കഴിക്കുന്നതും നോക്കി അമ്മ ഇരുന്നു. രാമുവിന്റെയും അച്ഛന്റെയും ബാക്കിവരുന്ന ഭക്ഷണം കഴിക്കാനാണ് അമ്മ കാത്തിരിക്കുന്നത് എന്ന് രാമുവിന് അറിയാം.പുളിച്ചറിനെയും ഉണക്കമീനിന്റെയും സ്വാദ് കാരണം വയറുനിറയെ ചോറ് കഴിച്ച് ഒരു ഏമ്പക്കവും വിട്ടാണ് രാമു അവിടെ നിന്നും എഴുന്നേറ്റത്.രാമു വായും മുഖവും കഴുകിയശേഷം കിടന്നുറങ്ങാൻ അവൻറെ മുറിയിലേക്ക് പോയി.അവൻ ഓലപ്പായ ചാണകം മെഴുകിയ തറയിൽ വിരിച്ച് ഒരു പുതപ്പും എടുത്ത് മലർന്നു കിടന്നു.