Aksharathalukal

വൃദ്ധസദനത്തിലെ ഒരമ്മ മകന് എഴുതിയ കത്ത്.

വൃദ്ധസദനത്തിലെ ഒരമ്മ മകന് എഴുതിയ കത്ത്. 

=============== 

    കഴിഞ്ഞ കൊല്ലം ഒരു വൃദ്ധസദനത്തിൽ പോയിരുന്നു. ഒരു പാട് അമ്മമാർക്കിടയിൽ  ഞാനവിടെ ഒരു അമ്മയെ കണ്ടു. ഏക മകനാൽ ത്യജിക്കപ്പെട്ട് അവിടെ എത്തപ്പെട്ട ഒരമ്മ. 

    ഈ ലോകത്തിന്റെ ഒരു കാപട്യവും അറിയാത്ത അവർ എന്നെ വിളിച്ചത് മോനെ എന്നായിരുന്നു. സംസാരത്തിനിടെ അവരുടെ താളം തെറ്റിയ മനസ്സ് ഞാൻ തിരിച്ചറിഞ്ഞു. 

   പുത്ര സ്നേഹത്താൽ മനസ്സിന്റെ താളം തെറ്റിയ ഒരമ്മ. ഈയിടെ അടുത്ത് അവർ മരിച്ചു പോയി. ഏക മകനെ ഒന്നൂടെ കാണണം എന്ന വലിയ ആഗ്രഹം പോലും നിറവേറാതെ അവർ ഒരു ഓർമ്മയായി മാറി. 

   സംസാരത്തിനിടെ അവർ എന്നോട് പറഞ്ഞ കാര്യങ്ങൾ പലപ്പോഴും ഞാൻ ഓർക്കാറുണ്ട്. ഒരമ്മ മകനോട് പറയാൻ ആഗ്രഹിച്ച കണ്ണീരിന്റെ നോവുള്ള കുറച്ചു കാര്യങ്ങൾ. അത്‌ വായനക്കാർ അറിയണം എന്ന് തോന്നിയത് കൊണ്ടു ആ അമ്മ എഴുതിയ കത്ത് പോലെ ഞാൻ അവതരിപ്പിക്കുകയാണ്. 

   ഒരു അമ്മ മകന് എഴുതുന്ന കത്ത്. 

മോനേ, 

  ഇന്നലെ അമ്മയുടെ എഴുപത്തി അഞ്ചാം  പിറന്നാളായിരുന്നു. പൊന്നു മോനെ കാണാതെ ഇരിക്കുന്ന തുടർച്ചയായ പത്താമത്തെ പെരുന്നാൾ. മോനില്ലാതെ അമ്മക്ക് എന്ത് പെരുന്നാളാണ്. 

   ഇവിടെ സദ്യയും പായസവും ഒക്കെ ഉണ്ടായിരുന്നു. കാലത്തു മുതൽ അമ്മ ന്റെ കുട്ടിനെ കാത്തിരിക്കുകയായിരുന്നു. അമ്മേ എന്ന് വിളിച്ചു ഇന്നെങ്കിലും നീ വരുമെന്നായിരുന്നു അമ്മ കരുതിയത്.  

   പണ്ടൊക്കെ അമ്മയുടെ പെരുന്നാളിന് ന്റെ കുട്ടി കാത്തിരിക്കുമായിരുന്നു. ന്റെ കുട്ടി അന്ന് ഈ അമ്മക്ക് വാരി തന്ന ആ റേഷനരി ചോറിന്റെ രുചി എങ്ങനെയാ അമ്മ പറഞ്ഞു തരുക. അന്ന് ന്റെ കുട്ടി അമ്മേന്റെ കവിളിൽ തരുന്ന  ഉമ്മയുടെ മധുരം ഇനി എങ്ങനെയാണു അമ്മ അനുഭവിക്കുക. 

  ആദ്യമായി അമ്മക്ക് ന്റെ കുട്ടി വാങ്ങി തന്ന ചെരുപ്പും കുപ്പി വളയും കണ്മഷിയും തോർത്തും സാരിയും എല്ലാം അമ്മ ഇപ്പോഴും പഴയ ബാഗിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇവിടെ എല്ലാരും അതും പറഞ്ഞു അമ്മയെ കളിയാക്കും. സാരമില്ല. ന്റെ കുട്ടിനെ പോലെ ഒരു മോനെ അവർക്ക് കിട്ടാത്തതിലുള്ള പരിഭവം പറയുന്നതാ. 

   അമ്മക്ക് തീരെ വയ്യ മോനെ. മുട്ട് വേദന കൊണ്ടു രണ്ടടി പോലും നടക്കാൻ വയ്യ. കാഴ്ചയും കുറഞ്ഞു. മേല്  മൊത്തം നീരാണ്. മുട്ടിനു ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഈ വയസ്സ് കാലത്ത് അമ്മക്ക് ഒരു ഓപ്പറേഷനും വേണ്ട മോനെ. അമ്മക്ക് ന്റെ കുട്ടിനെ ഒന്ന് കണ്ടാൽ മാത്രം മതി. 

  ഒന്ന് കാണാൻ ഒന്ന് മിണ്ടാൻ അമ്മ കൊതിച്ചിരിക്കുകയാണ്. ഇവിടുത്തെ നമ്പർ മോന്റെ കയ്യിൽ നിന്നും കളഞ്ഞു പോയതാണെന്ന് അമ്മക്കറിയാം. അല്ലാതെ എന്റെ ഒച്ച കേൾക്കാതെ  ഇത്രയും കാലം മനസ്സമാധാനത്തോടെ ഇരിക്കാൻ ന്റെ കുട്ടിക്ക് കഴിയില്ലെന്ന് ഈ അമ്മക്കറിയാം. 

   പത്താം ക്ലാസ്സിലെ പരീക്ഷ ദിവസം അമ്മയുടെ പനി മാറാതെ പരീക്ഷ എഴുതില്ലെന്നു പറഞ്ഞു നീ കരഞ്ഞത് ഓർക്കുന്നുണ്ടോ.?. നിർബന്ധിച്ചു നിന്നെ പരീക്ഷക്കയച്ചതും പരീക്ഷ കഴിഞ്ഞു നീ ഓടി വന്നു അമ്മയുടെ നെറ്റിയിൽ കൈ വെച്ചു നോക്കിയതും അമ്മക്ക് ഓർമയുണ്ട് മോനെ. 

    നിന്റെ അച്ഛൻ മരിക്കുമ്പോൾ നിനക്ക് രണ്ട് മാസം മാത്രമായിരുന്നു പ്രായം. അതും അമ്മയുടെ വയറിനുള്ളിൽ. നിന്റെ അച്ഛന് അമ്മയെ ജീവനായിരുന്നു. നിന്നെ ഒഴിവാക്കിയാൽ അമ്മയെ കല്യാണം കഴിക്കാൻ മധു മാമ തയ്യാറായിരുന്നു. പക്ഷെ അമ്മക്കിഷ്ടം നിന്നെയായിരുന്നു. 

   നീ എത്ര വട്ടമാണെന്നറിയോ അമ്മയുടെ വയറ്റിൽ ചവിട്ടിയിരുന്നത്. ഓരോ ദിവസവും നിന്നെ ഓർത്തായിരുന്നു അമ്മയുടെ ജീവിതം. 

   പ്രസവം അടുത്തപ്പോൾ അമ്മ വീട്ടിൽ ഒറ്റക്കായിരുന്നു. അമ്മയുടെ നിലവിളി കേട്ടായിരുന്നു അപ്പുറത്തെ ചേച്ചി ഓടി വന്നത്. അപ്പൊ മോൻ ചോരയിലും മൂത്രത്തിലും കുളിച്ചു കിടക്കുകയായിരുന്നു. അവിടുന്നങ്ങോട്ട് നീ മാത്രമായിരുന്നു അമ്മയുടെ ജീവിതം. അമ്മയുടെ ഒക്കത്തിരുന്നാണ് നീ എല്ലാം നിർവഹിച്ചിരുന്നത്. 

   എല്ലാ അമ്മമാരും അങ്ങനെയാണ് മോനെ. മക്കളുടെ മലവും മൂത്രവും കോരി അവരങ്ങു കഴുകി വൃത്തിയാക്കും. അറിയാതെ ആ അമ്മ ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ചപ്പോൾ രാജി ഉണ്ടാക്കിയ പുകിലിനെക്കാൾ എന്നെ വേദനിപ്പിച്ചത് നിന്റെ നോട്ടമായിരുന്നു മോനെ. 

   ഓരോ നാളും അച്ഛനില്ലാത്ത ദുഃഖം നിന്നെ അറിയിക്കാതെ അമ്മ നോക്കിയത് മറ്റു വീടുകളിൽ പോയി അടുക്കള പണി എടുത്തായിരുന്നു. ആ പണി എടുത്താണ് അമ്മ മോനെ പഠിപ്പിച്ചതും ജോലിക്കാരനാക്കിയതും. അതേ പണിയാണല്ലോ മോനു അമ്മയോട് അതൃപ്തി തോന്നാനും കാരണം. 

    മോനു ഇപ്പോൾ അമ്പത് വയസ്സായി. കരിച്ചതും പൊരിച്ചതുമൊന്നും അധികം കഴിക്കരുത്. കമ്പനി കൂടി അധികം മദ്യപിക്കുകയും അരുത്. 
   
    ലച്ചൂനും അച്ചൂനുമൊക്കെ അമ്മമ്മയെ എന്തൊരിഷ്ടം ആയിരുന്നു. രാജിയെ അമ്മ സ്വന്തം മോളെ പോലെയല്ലേ നോക്കിയത്. ലച്ചുവും അച്ചുവുമൊക്കെ ഇപ്പൊ അമ്മമ്മയെ ചോദിക്കാറുണ്ടോ?. അതോ ഈ പഴഞ്ചൻ അമ്മൂമ്മയെ അവരും മറന്നുവോ?. 

   അമ്മ പഴഞ്ചനായി പോയതിൽ മോൻ അമ്മയോട് ക്ഷമിക്കണം. മോന്റെയുടെയും രാജിയുടെയും സ്റ്റാറ്റസിനൊപ്പമെത്താൻ ഈ അമ്മക്ക് കഴിഞ്ഞില്ല. 

    അമ്മ ഇനി ഏറെ നാൾ ഉണ്ടാവില്ല മോനെ. ഈ കത്ത് കിട്ടിയാലുടനെ രാജിയെയും ലച്ചൂനെയും അച്ചൂനെയും കൂട്ടി അമ്മയെ കാണാൻ വരുമെന്ന് കരുതുന്നു. 

  ഈ പത്തു വർഷവും അമ്മ മരിച്ചു ജീവിക്കുകയായിരുന്നു. ഓരോ ഫോൺ ബെല്ലടിക്കുമ്പോഴും അത്‌ മോനാവണെ എന്ന് അമ്മ പ്രാർത്ഥിക്കും. ഓരോ കാർ വരുമ്പോഴും അത്‌ മോന്റെ വണ്ടിയാവാൻ അമ്മ കൊതിക്കും. അല്ലെന്നറിയുമ്പോൾ അമ്മ കണ്ണീർ വാർക്കും. 

   ഇവിടെ ഉള്ള എല്ലാവരും ചോദിക്കുന്നത് എന്തെ വീണ്ടും ഒരു കല്യാണം കഴിച്ചില്ല എന്നതാണ്. തള്ളക്ക് നല്ല പ്രായത്തിൽ കെട്ടിയോൻ പോയതിന്റെ കലിപ്പാണെന്ന് രാജി പറഞ്ഞതും മോന്റെ മുന്നിൽ വെച്ചായിരുന്നല്ലോ. 

   പേടി ആയിരുന്നു മോനെ. ന്റെ കുട്ടിക്ക് അമ്മയല്ലാതെ ആരുമില്ലല്ലോ എന്ന വ്യാധി. അമ്മയുടെ ജീവിതത്തേക്കാൾ അമ്മ സ്നേഹിച്ചത് മോനെ ആയിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ മോനെയും കെട്ടിപ്പിടിച്ചു അമ്മ കരഞ്ഞിരുന്നത് അമ്മക്കെന്തെങ്കിലും പറ്റിയാൽ മോൻ എന്ത് ചെയ്യും എന്ന് കരുതിയായിരുന്നു. 

   പിന്നെ എന്റെ മോൻ വളർന്നു. വല്യ ഉദ്യോഗക്കാരനായി. അടുക്കള പണിക്കാരി അമ്മ ന്റെ കുട്ടിയുടെ അഭിമാനത്തിന് കോട്ടമായി. രാജിയുടെയും മോന്റെയും കല്യാണം കഴിഞ്ഞ ഉടനെ അമ്മ മോന്റെ ശത്രുവായി. 

   അമ്മയ്ക്കും ഒരു പാട് തെറ്റുകൾ പറ്റിപ്പോയി. അമ്മ ഒരിക്കലും വിരുന്നുകാരുടെ മുൻപിൽ വരാൻ പാടില്ലായിരുന്നു. കല്യാണം കഴിഞ്ഞാൽ പിന്നെ വന്നു കയറുന്ന മരുമോൾക്ക് ന്റെ കുട്ടിയെ വിട്ടു കൊടുക്കണമായിരുന്നു. എവിടെ പോകുന്നുവെന്നോ എപ്പോ വരുമെന്നോ ചോദിക്കാൻ പാടില്ലായിരുന്നു. 

     അച്ചുന്റെയും ലച്ചൂന്റെയും ഗ്രാൻഡ്മാ പഴഞ്ചനാണെന്നു പറയിക്കാൻ പാടില്ലായിരുന്നു. 

   ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല മോനെ. ഈ അമ്മക്ക് കുറെ തെറ്റുകൾ പറ്റി. ന്റെ കുട്ടി ഈ അമ്മയോട് പൊറുക്കണം. 

  ഞാൻ മോനെ സ്നേഹിച്ച പോലെ ഒരിക്കലും മോൻ ലച്ചൂനെയും അച്ചുനെയും സ്നേഹിക്കരുത്. എന്നെ ഇവിടെ കൊണ്ടു വന്നാക്കിയ പോലെ നാളെ അവർ മോനോട് ചെയ്താൽ ന്റെ കുട്ടിക്ക് ചിലപ്പോൾ അത്‌ താങ്ങാൻ കഴിഞ്ഞു എന്ന് വരില്ല. 

  ഈ കത്ത് കിട്ടിയ ഉടനെ അമ്മയെ കാണാൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. 

  ഒരു പാട് സ്നേഹത്തോടെ അമ്മ. 
................................... 

  ആ അമ്മ ഒരു നൊമ്പരമായിരുന്നു എനിക്ക്. ആ മോനെ അമ്മ ഒരു ചീത്ത പോലും പറഞ്ഞില്ല. പക്ഷെ ആ മനസ്സ് ആർത്തലച്ചു പെയ്യുന്നത് അന്ന് ഞാൻ കേട്ടു. ഇന്നും കേട്ടു കൊണ്ടിരിക്കുന്നു. 

  അമ്മയുടെ ശാപം വാങ്ങി മണിമാളികളിൽ സുഖിച്ചു ജീവിച്ചിട്ട് എന്ത് കാര്യം. 

വൃദ്ധസദനങ്ങൾ മരിച്ചു മണ്ണടിഞ്ഞു പോവുന്ന ഒരു കാലത്തിനായി പ്രാർത്ഥിക്കുന്നു. 

  നിങ്ങളുടെ സ്വന്തം. 

കുറിയ മനുഷ്യൻ