സെഞ്ചുറിയും കാഞ്ചിയും
11. സെഞ്ചുറിയും കാഞ്ചിയും
സാക്ഷരതയിൽ മുൻപന്തിയിൽ നില്ക്കുന്ന കേരളം, നവോത്ഥാനവും അയൽക്കൂട്ടം വരും സ്വാശ്രയസംഘവും വഴി 2023 ആയിട്ടും ആർജിക്കാത്ത സ്ത്രീ ശാക്തീകരണം രണ്ടായിരത്തിനു മുമ്പുതന്നെ എനിക്കു പരിചയമുള്ള ഭൂട്ടാനിൽ നിലനിന്നിരുന്നു. സ്ത്രീകൾ ആണുങ്ങളെക്കാൾ മുൻപന്തിയിലായിരുന്നു ഭൂട്ടാനിലെ സാമൂഹിക ജീവിതത്തിൽ. ഏറെ അധ്വാനിക്കുന്നവരും ശാരീരിക ശക്തിയുള്ളവരും സ്ത്രീകളായിരുന്നു. നൂറുകിലോയിലധികം ഭാരമുള്ള തടിക്കഷണങ്ങളും പുറത്തുതൂക്കി കാട്ടുപാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കുന്ന അമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്. രണ്ടു ചാക്ക് സിമന്റ് നിഷ്പ്രയാസം പുറത്തുതൂക്കിയിട്ട് പ്രാർഥനാ ചക്രവും തിരിച്ച് പത്തു കിലോമീറ്റർ പോയാലും അവർ തളർന്നിരുന്നില്ല. കാടിന്റെ ശക്തി, കുന്നിന്റെ ശക്തി, മനസ്സിന്റെ ശക്തി അവർക്ക് വരദാനമായി ലഭിച്ചിരുന്നു. സാമ്പത്തിക തീരുമാനങ്ങളെടുക്കുന്നതിലും അവർ പിൻനിരയിലായിരുന്നില്ല. ഇത്തരത്തിൽ ശക്തി പ്രകടിപ്പിച്ച രണ്ടു ഗ്രാമീണ വനിതകളെ ഞാൻ പരിചയപ്പെടുത്തട്ടെ!
സെഞ്ചുറി:
മൻമയ സെഞ്ചുറി നേപ്പാളി വംശക്കാരിയാണ്. സെഞ്ചുറി എന്നത് ജാതിപ്പേരാണ്. ഹിന്ദു വിഭാഗത്തിലെ താഴ്ന്ന ജാതിക്കാരാണ് സെഞ്ചുറികൾ. ഭർത്താവ്, രണ്ടു പെൺമക്കൾ, ഒരു മകൻ എന്നിവരോടൊത്ത് സ്വന്തം വീട്ടിൽ കൃഷിയും പശുപരിപാലനവും നടത്തി ജീവിക്കുന്നു. വീട്ടു നായിക മൻമയ തന്നെ.
പാലും വിറ്റും വെണ്ണവിറ്റും കാർഷിക ഉത്പന്നങ്ങൾ വിറ്റും സുഖമായി കഴിയാനുള്ളത് സമ്പാദിക്കുന്നു. കുടിൽ വ്യവസായം പോലെ ചാരായം നിർമാണവുമുണ്ട്. ആഴ്ച ചന്തയിലേക്ക് സ്വന്തം കൃഷിയിടത്തിലെ ഉത്പ്പന്നങ്ങളുമായി എത്തുന്ന സെഞ്ചുറി രണ്ടുമണിയാകുമ്പോഴേക്കും എല്ലാം വിറ്റു തീർന്നിരിക്കും. ആഴ്ചയിലേക്കു വേണ്ടുന്ന സാധനങ്ങളും വാങ്ങി തിരിച്ചു പോകും. വർഷങ്ങളോളം പാലും തൈരും വെണ്ണയും പച്ചക്കറികളും വീട്ടിലെത്തിച്ചു തന്നിരുന്നത് സെഞ്ചുറി യാണ്. ബീഡി വലി, മദ്യപാനം എന്നീ ദു:ശീലങ്ങൾ ഉണ്ടായിരുന്നു. നന്നായി കാര്യങ്ങൽ പറഞ്ഞ് വേണ്ടതു നേടിയെടുക്കാനുള്ള സാമർഥ്യം പ്രശംസനീയമാണ്. ഉള്ളതുകൊണ്ട് തൃപ്തിയായി ജീവിക്കാനുള്ള സന്നദ്ധത, അവരുടെ ജീവിതവിജയത്തിന്റെ താക്കോലാണ്.
കാഞ്ചി:
കാഞ്ചി മുറുക്കാൻ കട നടത്തുന്നു. താഴ്ന്ന ജാതിക്കാരായ താമംങ്ങ് വംശജയാണ്. ഇവിടെ പല ജാതികളുടെ വലിപ്പച്ചറുപ്പങ്ങളും വേർതിരിവുകളും പേരിലേയുള്ളു. ചിലപ്പോൾ വിവാഹ ബന്ധത്തിലും അതു നിലനിൽക്കാം. മറ്റു ജീവിത വഴികളിൽ ജാതിയൊരു ഭ്രാന്തായി അവിടെ മാറിയിട്ടില്ല.
കാഞ്ചി ഗ്രാമത്തിലെ റേഡിയോ ആണ്. വാർത്തകൾ ശേഖരിച്ച് വിതരണം ചെയ്യുന്ന പണി കടയിലിരുന്ന് നിർവഹിച്ചുകൊണ്ടിരിക്കും. അവർക്കും പശുക്കളുണ്ട്. അവയെ ഭർത്താവ് നോക്കിക്കൊള്ളും. തന്റേടിയായ കാഞ്ചിയുടെ അടുത്ത് സൊള്ളാനോ, മറ്റു താത്പര്യങ്ങളുമായോ, അടുത്തു കൂടിയാൽ മാനം പോകും. നാടു മുഴുവൻ കേൾക്കത്തക്ക വിധത്തിൽ ചീത്ത വിളിക്കും. നാക്കിന്റെ മൂർച്ചകൊണ്ട് തന്റേടം നേടിയ ധീരവനിത! ആഭ്യന്തര ലഹളയുടെ സമയത്ത് കാഞ്ചിയും അഭയാർത്ഥിയായി നേപ്പാളിലേക്കു പോയി. അവിടെ അഭയാർഥി ക്യാമ്പിലെ ഒരു ലീഡറായി മാറി എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ ശക്തി മനസ്സിലാണ് ഉണ്ടാകേണ്ടത്. അതിനെ സഹായിക്കാൻ വലിയ വിദ്യാഭ്യാസമോ, പദവിയോ വേണമെന്നില്ല എന്നാണ് ഈ രണ്ടു സഹോദരിമാരും തെളിയിക്കുന്നത്.
ചോഗ്യാൽ ടെൻസിൻ
12. ചോഗ്യാൽ ടെൻസിൻഹിമശൈലങ്ങളുടെയിടയിൽ ചുടുനീരുറവയുള്ള സ്ഥലം, ഭൂട്ടാനിലെ \'ഗാസ\'. സമുദ്രനിരപ്പിൽ നിന്ന് 14000 അടി ഉയരത്തിൽ തിളയ്ക്കുന്ന വെള്ളം ഭൂഗർഭത്തിൽ നിന്ന് ഒഴുകിപ്പരക്കുന്ന സ്ഥലം! അവിടുത്തെ മഞ്ഞിലും മേഘത്തിലും ജനിച്ച ആൺകുട്ടിക്ക്, പേരുവേണമെന്നുപോലും അറിയില്ലാത്ത അച്ഛനമ്മമാർ! അവന് സ്കൂളിലെത്തുന്നതു വരെ പേരില്ലായിരുന്നു. ആദ്യമായി സ്കൂളിൽ ചേർക്കാൻ സ്കൂളിൽ കൊണ്ടു ചെന്നപ്പോൾ, ഇന്ത്യക്കാരനായ ഹെഡ്മാസ്റ്റർ പേരു ചോദിച്ചു. അവർ പറഞ്ഞു, \"ഇവന് പേരിട്ടിട്ടില്ല.\" പേരില്ലാതെസ്കൂളിൽ ചേർക്കാൻ പറ്റില്ലല്ലോ. ഹെഡ്മാസ്റ്റ്റർ അവനു കൊടുത്ത പേരാണ് \'ചോഗ്യാൽ ടെൻസിൻ.\' ആ