മഞ്ഞു വല്ലാതെ പെയ്യുന്നല്ലോ..!നീ അകത്തേക്ക് പൊയ്ക്കോളൂ മടങ്ങി വരുമ്പോൾ താഴ്‌വരയിൽനിന്ന് ഉണങ്ങിയ ചുള്ളിക്കമ്പുകൾ കൊണ്ടുവരാം, ഇന്നെങ്കിലും നമുക്കല്പം തീ കാഞ്ഞു വല്ലതും കഴിക്കാം.... അയാൾ ഭാര്യയുടെ തോളിൽ കൈവെച്ച് പറഞ്ഞു അവൾ നിർവികാരയായി നിൽക്കുകയാണ്. ശരീരം തണുത്തുവിറക്കുകയാണെങ്കിലും അവളുടെ ഉള്ളം വെന്തു നീറുകയാണെന്ന് അയാൾക്കറിയാമായിരുന്നു.. കാരണം അയാളും അതെ അവസ്ഥയിൽ തന്നെയായിരുന്നല്ലോ...!!
ഞാൻ പോയി വരാം... നീ മോളെ ഇങ്ങെടുക്ക് അവളൊന്നും മിണ്ടാതെ അതേ നിർവികാരതയോടെ അകത്തേക്ക് പോയി തിരിച്ചുവരുമ്പോൾ അവളുടെ തോളിൽ അമർന്നുകിടന്ന മകളെ അയാൾ വാരിയെടുത്തുകൊണ്ട് അവളുടെ മുഖത്തേക്ക് കണ്ണുപായിക്കാതെ അതിവേഗത്തിൽ നടന്നകന്നു.. അയാൾ ദൂരേക്ക് മറഞ്ഞതോടെ അവൾ പൊട്ടിക്കരയാൻ തുടങ്ങി... പെട്ടന്ന് മഞ്ഞിൽ പൊതിഞ്ഞ കാറ്റ് അവിടമാകെ ആഞ്ഞൊന്ന് വീശി. ആ തണുത്ത കാറ്റേറ്റ് മരവിച്ച ശരീരത്തോട് എന്തോ പറഞ്ഞുറപ്പിച്ചുകൊണ്ട് തണുത്ത കാറ്റിലൂറിയ മിഴിനീർക്കണം തുടച്ചെടുത്ത് അവൾ അകത്തേക്ക് പോയി.അകത്തെ മുറികളെല്ലാം അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു അവൾ അതെല്ലാം അടുക്കിപെറുക്കിവെച്ചു. നാളുകൾക്കു മുന്നേ പറിച്ചുവെച്ച ചീരയും മുള്ളങ്കിയും വാടി തുടങ്ങിയിരുന്നു എങ്കിലും അവളത് കഴുകി പാകം ചെയ്തു. ഭർത്താവ് തിരിച്ചെത്തുംവരെ കനലുകൾ കെട്ടുപോവാതിരിക്കാൻ അവളത് ഊതികൊണ്ടിരുന്നു. മഞ്ഞു കൂടി കൂടി വരികയാണ് അവൾ പുറത്തേക്കെത്തി നോക്കി ചുറ്റും മഞ്ഞാൽ മൂടപ്പെട്ടിരിക്കുന്നു ഒന്നും കാണാൻ കഴിയുന്നില്ല, കാറ്റ് തലങ്ങും വിലങ്ങും വീശുകയാണ് ഒടുവിൽ ദൂരെനിന്നു ഒരു നിഴൽ പോലെ അയാൾ വരുന്നത് കണ്ട് അവൾ നെടുവീർപ്പിട്ടു.
ഞാൻ ഭയന്നുപോയി...!അയാൾ അടുത്തെത്തിയതും അവൾ അയാൾക്കരികിലേക്ക് ചേർന്ന് നിന്നു.അയാൾ കയ്യിലെ ചുള്ളികമ്പുകൾ അവൾക്കു നേരെ നീട്ടി അവളത് വാങ്ങി അകത്തു നീറിക്കൊണ്ടിരുന്ന കനലിൽ കൊണ്ടിട്ടു മടിച്ചു മടിച്ചാണെങ്കിലും അവ കത്താൻ തുടങ്ങി..
വരൂ ഭക്ഷണം കഴിക്കാം...!അവൾ ചീരയും മുള്ളങ്കിയും പാത്രത്തിലാക്കി കൊണ്ടുവച്ചിരുന്നു.
ഞാനൊന്ന് കുളിക്കട്ടെ... അയാൾ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു
ഇത്രയും തണുപ്പിൽ...!!
വേണം.... അതും പറഞ്ഞ് അയാൾ കുളിക്കാൻ പോയി അവൾ അയാളെയും കാത്ത് ചുള്ളികമ്പുകൾ തിരിച്ചും മറിച്ചും കനലിലേക്ക് വച്ചുകൊണ്ടിരുന്നു.
***
കുളി കഴിഞ്ഞതിനാലാകണം അയാൾ നന്നേ വിറക്കുന്നുണ്ടായിരുന്നു തണുപ്പിന്റെ കാഠിന്യത്തിൽ കൂട്ടിയിടിക്കുന്ന പല്ലുകൾ കൊണ്ട് അയാൾക്ക് ഭക്ഷണം കഴിക്കാൻ നന്നേ പാടുപെടേണ്ടിവന്നു.
കുറെ നാളു കൂടി കഴിച്ചതിനാലാകണം നല്ല സ്വാദ്... അയാൾ അവളെ നോക്കി പുഞ്ചിരിച്ചു അവൾ അതുകേട്ടു പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾക്ക് പുറകിലൂടെ വന്ന് അയാളെ ഇറുക്കെപ്പുണർന്നുക്കൊണ്ട് കവിളിൽ അമർത്തി ചുംബിച്ചു. അപ്പോഴയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ തിളച്ചുപൊന്തി കവിളിലൂടെ ധാരധാരയായി ഒഴുകി..
നമ്മുടെ വീടിന്റെ വാതിലുകൾക്കപ്പുറം പുറത്ത് ഡിസംബറിന് എന്ത് ഭംഗിയാണല്ലേ? അവൾ അയാൾക്ക് പുറത്തു ചാരികിടന്നു..
ഉം.... അയാൾ മൂളുക മാത്രം ചെയ്തു.
ഈ തണുപ്പത്തു നമ്മുടെ വിശപ്പു മാറിയപോലെ മലമുകളിലെ ചെന്നായ്ക്കളുടെ വിശപ്പും മാറിയിട്ടുണ്ടാകും അല്ലെ? അവൾ അയാളെ ഒന്നുകൂടി അമർത്തിപ്പുണർന്നു.
ഉം... അയാൾ വീണ്ടും മൂളി.
നമുക്കൊന്ന് പോകണം അവളുടെ കുഞ്ഞികൈകളും കാലുകളും ഒന്നുകൂടെ കാണാൻ... അവൾ അയാളുടെ മുഖം കൈകുമ്പിളിൽ എടുത്ത് തന്റെ മുഖത്തോട് ചേർത്തു.
മരണം വാരിപ്പുണർന്നിട്ടും നമ്മളാർക്കും കൊടുക്കാതെ നെഞ്ചോടു ചേർത്തു കിടത്തിയ പോന്നോമനയെ വിശന്നുവലഞ്ഞ ചെന്നായ്ക്കൾ തിന്നുതീർക്കട്ടെ എന്നിട്ടു നമുക്കൊന്നിച്ചു പോകാം........
****