Aksharathalukal

നർമ്മദ ഒഴുകുന്നു... 🦋🌼













നനഞ്ഞോട്ടിയ പാവാടയുമിട്ടുള്ള ഇരുപ്പ് ദുഷ്കരമായിരുന്നു. എങ്കിലും അടുത്തിരിക്കുന്നവർക്ക് ശല്യമാകാതെ ഒരരികിലേക്ക് അവൾ ഒതുങ്ങി കൂടി ഇരുന്നു.

ഫീസിന്റെ കാര്യം ടീച്ചർ മറന്നുപോകണമെന്ന് പ്രാർത്ഥിച്ചാണ് അവൾ ഓരോ നിമിഷവും ഇരുന്നത്.അവളുടെ പ്രാർത്ഥന ഫലിച്ചതുകൊണ്ടാണോ എന്നറിയില്ല ടീച്ചർ നേരെ അടുത്ത ഭാഗം പഠിപ്പിക്കാനായി തുടങ്ങി.


ഇംഗ്ലീഷ് ആണ് കമല ടീച്ചർ പഠിപ്പിക്കുന്നത്. അവൾക്ക് നന്നായി മാർക്ക്‌ കുറയുന്ന വിഷയവുമാണത്.

ക്ലാസ്സ്‌ ടോപ്പേഴ്സിൽ ഒരാൾ ആണവൾ. അവൾക്കും മറ്റൊരു ടോപ്പറായ അഭിമന്യുവിനും ഇടയ്ക്ക് പലപ്പോഴും മത്സരം നടക്കാറുണ്ട്. പരീക്ഷകളിൽ ഇടയ്ക്ക് അവൾ അഭിമന്യുവിനെക്കാൾ പുറകിലാവുന്നത് ഇംഗ്ലീഷ് കാരണമാണ്.

ക്ലാസ്സ്‌ തീർന്നപ്പോഴേക്കും ആ ചാപ്റ്ററും തീർന്നിരുന്നു. അടുത്ത ദിവസം വരുമ്പോൾ ടെസ്റ്റ്‌ ഉണ്ടാവും എന്ന് പറഞ്ഞേൽപ്പിച്ചാണ് ടീച്ചർ ഇറങ്ങിയത്.


                      🦋


ഒരു പീരിയഡ് തീരുമ്പോൾ ഉണ്ടാവുന്ന ബഹളങ്ങൾ ആ ക്ലാസ്സ്‌ റൂമിൽ തങ്ങി നിന്നു. അടുത്ത പീരിയഡ് ഏതാണെന്ന് ഓർമിച്ചു നോക്കി അവൾ അതിനുവേണ്ടിയുള്ള ബുക്ക്‌ എടുത്തുവെച്ചു.ഫിസിക്സ്‌ ആണ്.ഇന്ന് ഹോം വർക്ക്‌ ചെയ്തു വരാൻ പറഞ്ഞിരുന്നു. അവൾ തന്റെ ഉത്തരങ്ങൾ ശരിയല്ലേയെന്ന് പരിശോധിച്ചുകൊണ്ടിരുന്നു.ഹോം വർക്ക്‌ മാത്രമല്ല പഠിച്ചുകൊണ്ട് വരാനും പറഞ്ഞിട്ടുണ്ട്.

ഫിസിക്സ്‌ പഠിപ്പിക്കുന്നത് രവി സർ ആണ്. സാറിനെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്.

സാറിനെ ഇഷ്ടമുള്ളതുകൊണ്ടാണോ ഫിസിക്സ്‌ ഇഷ്ടമായത് അതോ ഫിസിക്സ്‌ ഇഷ്ടമായതുകൊണ്ടാണോ സാറിനെ ഇഷ്ടമായത് എന്ന കാര്യം അവൾ പലപ്പോഴും ചിന്തിക്കാറുണ്ട്.

നേരത്തെയൊന്നും അവൾ ഇഷ്ടത്തോടെയായിരുന്നില്ല പഠിച്ചിരുന്നത്. മാർക്ക്‌ വാങ്ങണം എന്ന ലക്ഷ്യം മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ.

നർമ്മദ കണ്ട ടീചെർമാരെല്ലാം ഒന്നുകിൽ കാശുള്ള കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നവർ അല്ലെങ്കിൽ സൗന്ദര്യമുള്ള കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നവർ ആയിരുന്നു.പഠിക്കുന്നവരെ മാത്രം ഇഷ്ടപ്പെടുന്നവർ ഉണ്ട്. അപൂർവം ചിലർ മാത്രം ആരോടും പ്രത്യേകിച്ച് മമത ഇല്ലാത്തവർ.

അവൾ പഠിക്കുന്ന കുട്ടിയായിരുന്നിട്ടുകൂടിയും ഒരു ടീച്ചറിന്റെയും അരുമ ശിഷ്യ ആയിരുന്നില്ല.

അതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു രവി സർ. അയാളുടെ ആ വ്യത്യസ്തത ആണ് നർമ്മദയെ അയാളിലേക്ക് അടുപ്പിച്ചത്.

കുട്ടികൾക്കെല്ലാം ഒരേപോലെ സമ്മതനായിരുന്നു അദ്ദേഹം.പ്ലസ് വണ്ണിൽ ചേർന്നപ്പോളാണ് അദ്ദേഹം അവരെ പഠിപ്പിക്കാൻ തുടങ്ങിയത്. പത്തു വർഷത്തിൽ കൂടുതലായി അദ്ദേഹം അവിടെ തന്നെയാണ് പഠിപ്പിക്കുന്നത്.

പെട്ടെന്ന് ക്ലാസ്സിലെ ബഹളം നിലയ്ക്കുന്ന കേട്ടപ്പോഴേ സർ വന്നെന്ന് അവൾക്ക് മനസ്സിലായി. എല്ലാവരും എഴുന്നേറ്റപ്പോൾ ബുക്കിൽ നിന്ന് തലയുയർത്തി അവളും എഴുന്നേറ്റു.

സാറിന്റെ കയ്യിൽ ബുക്ക്കളൊന്നും കാണാത്തപ്പോൾ ഇന്ന് പരീക്ഷ ഉണ്ടാവുമെന്ന് അവൾ ഊഹിച്ചു.

അത് ശരി വെയ്ക്കും പോലെ സർ അവരോട് പേപ്പർ എടുക്കാൻ ആവശ്യപ്പെട്ടു. ശേഷം ബോർഡിൽ ചോദ്യങ്ങൾ എഴുതി.

മൂവിങ് ചാർജ്‌സ് ആൻഡ് മഗ്‌നറ്റിസം എന്ന പാഠത്തിൽ നിന്നാണ് പരീക്ഷ.

രണ്ട് ചോദ്യങ്ങളെ ഉണ്ടായിരുന്നുള്ളു. നന്നായി പഠിച്ചതുകൊണ്ട് അവൾക്ക് വേഗം എഴുതാൻ പറ്റി.

സാറിന്റെ രീതി അനുസരിച്ച് ക്ലാസ്സിൽ വെച്ചുതന്നെ പേപ്പർ നോക്കി തരും.

അവളും അഭിമന്യുവും ആണ് ആദ്യം പേപ്പർ കൊടുത്തത്.
തിരികെ ബെഞ്ചിൽ വന്നിരുന്ന് ഉത്തരങ്ങൾ നോക്കിയപ്പോൾ അവൾ എഴുതിയത് രണ്ടും ശരിയാണെന്നു കണ്ടു.

ഓരോരുത്തരും കൊടുക്കുന്നതിനനുസരിച് സർ പേപ്പർ ചെക്ക് ചെയ്തുവെച്ചു. എല്ലാവരും എഴുതിക്കഴിഞ്ഞപ്പോൾ സർ പെരുവിളിച്ചു പേപ്പർ കൊടുക്കാൻ ആരംഭിച്ചു.

ആദ്യം കൊടുത്തത് കൊണ്ട് അവസാനമാണ് അവളുടെ പേപ്പർ കയ്യിൽ കിട്ടിയത്. മാർക്ക് നോക്കിയപ്പോൾ പത്തിൽ ഒൻപതര മാർക്കാണുള്ളത്.

എവിടെയാണ് അര മാർക്ക് പോയതെന്ന് അവൾ പെട്ടെന്ന് ബുക്കിൽ നോക്കി.
തന്റെ അശ്രദ്ധ മൂലം വിട്ടുപോയ എന്നാൽ വളരെ പ്രാധാന്യമുള്ള ഒരു വാചകം മൂലമാണ് മാർക്ക്‌ നഷ്ടമായതെന്ന് അവൾ മനസ്സിലാക്കി.

\"\" നർമ്മദ എവിടെയാണ് തെറ്റിയതെന്ന് മനസ്സിലായോ ? \"\"

സർ അവളോട് തിരക്കി.

മറുപടിയായി അവൾ തലകുലുക്കി.

ഹോം വർക്കിന്റെ കാര്യം ലീഡറായ അഷിത പറഞ്ഞപ്പോൾ സർ കണ്ണ് ചിമ്മി കാണിച്ചു. പകരം തെറ്റിയ ഉത്തരങ്ങൾ പഠിക്കാനും എല്ലാം ശരിയായവർ ചാപ്റ്ററിലെ ബാക്കി ഭാഗങ്ങൾ പഠിക്കാനും പറഞ്ഞു.

ഹോം വർക്ക് ചെയ്യാത്തവർക്ക് ആശ്വാസം ആയിരുന്നു ആ മറുപടി.



                            🦋


ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൾ വെറുതെ നടന്നു.

 എല്ലാവരും ഒരുമിച്ച് കൂടിയിരുന്ന് വർത്തമാനം പറഞ്ഞ് പതുക്കെയാണ് കഴിക്കാറുള്ളത്.അവൾ ഒറ്റക്ക് കഴിക്കുന്നത് കൊണ്ട് ആരെയും നോക്കിയിരിക്കേണ്ട കാര്യം ഇല്ല.

ചെറിയ ക്ലാസ്സിൽ മാത്രമേ അവൾ എല്ലാവരുടെയും കൂടെ കൂട്ടുകൂടി നടന്നിട്ടുള്ളൂ. വലുതാകും തോറും അവൾ അവളിലേക്കുതന്നെ ഒതുങ്ങുകയാണ് ചെയ്തത്.

ഒറ്റയ്ക്കാവുമ്പോൾ ഒരു കൂട്ടുവേണമെന്ന് തോന്നാറുണ്ടെങ്കിൽപോലും അവൾ അതിന് ശ്രമിച്ചിട്ടില്ല. ഒറ്റയ്ക്കാണല്ലോ എന്നോർത്ത് നർമ്മദയെ ആരും സുഹൃത്തായി ക്ഷണിച്ചിട്ടുമില്ല.

മഴ മാറി വെയിൽ തെളിയാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.ആ ഇളം വെയിലത്ത്‌ നടക്കുമ്പോൾ നനഞ്ഞ പാവാട മൂലമുള്ള നനവും തണുപ്പും മാറിവരുന്നുണ്ടെന്ന് അവൾക്ക് തോന്നി.


തിരികെ സ്കൂൾ വിട്ട് മടങ്ങുമ്പോഴേക്കും മഴ വീണ്ടും ശക്തി പിടിച്ചിരുന്നു. കൂടെ കാറ്റും. ഗീതയും കൂട്ടുകാരികളും അവളെ മറികടന്നു മുന്നോട്ട് പോയി.

മഴയും കാറ്റും മൂലം ചുറ്റുപാടും ആകെ ഇരുണ്ടിരിക്കുകയാണ്. ഒറ്റയ്ക്ക് നടക്കാൻ ഭയമുണ്ടെങ്കിലും ചുറ്റിനും കൂട്ടമായി നടക്കുന്ന ആളുകൾ അവൾക്ക് ആശ്വാസമേകി.


വീടിന്റെ തിണ്ണയിൽ ഇട്ട വള്ളിക്കട്ടിലിൽ അച്ഛൻ കിടന്നുറങ്ങുന്നത് നടന്നു ചെല്ലുമ്പോഴേക്കും അവൾ കണ്ടു.

 സാധാരണ ഏതൊരു കുട്ടിയേയും പോലെ അച്ഛന്റെ ആ വരവ് അവളിൽ സന്തോഷമായിരുന്നില്ല ജനിപ്പിച്ചത് മറിച്ച് ഭയമായിരുന്നു ...





                              ((തുടരും...))



©വായു 

4•നർമ്മദ ഒഴുകുന്നു... 🦋🌼

4•നർമ്മദ ഒഴുകുന്നു... 🦋🌼

4
630

അച്ഛന്മാർ മക്കൾ പറയുന്ന കാര്യങ്ങളെല്ലാം സാധിച്ചു കൊടുക്കുമത്രേ. എന്നും ജോലി കഴിഞ്ഞ് വരുമ്പോൾ മക്കൾക്കുവേണ്ടിയുള്ള പലഹാരങ്ങൾ അവരുടെ കയ്യിൽ ഉണ്ടാവും. ആഘോഷസമയങ്ങളിൽ മക്കൾ ആവശ്യപ്പെടുന്നത് അച്ഛൻ മേടിച്ചുതരും. അവർക്കുവേണ്ടി വസ്ത്രങ്ങൾ മേടിച്ചുകൊടുക്കും. സ്കൂൾ വിട്ടു വരുമ്പോൾ മിഠായി മേടിക്കാൻ കാശും കയ്യിൽ തരും.ഇതെല്ലാം ഗീത പറഞ്ഞുള്ള അറിവാണവൾക്ക്.അതുപോലുള്ള അനുഭവങ്ങൾ അവൾക്കുണ്ടായിരുന്നില്ല.ചെറിയ ക്ലാസ്സുകളിൽ എപ്പോഴോ അച്ഛൻ അല്ലേ വീട് നോക്കുന്നത് എന്ന് ടീച്ചർ ചോദിച്ചപ്പോൾ എല്ലാവരുടെയും കൂടെ അതേ എന്ന് പറഞ്ഞത് അവൾ ഓർത്തു.കള്ളമായിരുന്നു അത്.ജോലി ച