Aksharathalukal

4•നർമ്മദ ഒഴുകുന്നു... 🦋🌼












അച്ഛന്മാർ മക്കൾ പറയുന്ന കാര്യങ്ങളെല്ലാം സാധിച്ചു കൊടുക്കുമത്രേ. എന്നും ജോലി കഴിഞ്ഞ് വരുമ്പോൾ മക്കൾക്കുവേണ്ടിയുള്ള പലഹാരങ്ങൾ അവരുടെ കയ്യിൽ ഉണ്ടാവും. ആഘോഷസമയങ്ങളിൽ മക്കൾ ആവശ്യപ്പെടുന്നത് അച്ഛൻ മേടിച്ചുതരും. അവർക്കുവേണ്ടി വസ്ത്രങ്ങൾ മേടിച്ചുകൊടുക്കും. സ്കൂൾ വിട്ടു വരുമ്പോൾ മിഠായി മേടിക്കാൻ കാശും കയ്യിൽ തരും.

ഇതെല്ലാം ഗീത പറഞ്ഞുള്ള അറിവാണവൾക്ക്.
അതുപോലുള്ള അനുഭവങ്ങൾ അവൾക്കുണ്ടായിരുന്നില്ല.

ചെറിയ ക്ലാസ്സുകളിൽ എപ്പോഴോ അച്ഛൻ അല്ലേ വീട് നോക്കുന്നത് എന്ന് ടീച്ചർ ചോദിച്ചപ്പോൾ എല്ലാവരുടെയും കൂടെ അതേ എന്ന് പറഞ്ഞത് അവൾ ഓർത്തു.കള്ളമായിരുന്നു അത്.

ജോലി ചെയ്ത് വീട് നോക്കുന്നത് അച്ഛനാണെന്നാണ് ചെറുപ്പം മുതൽ പഠിച്ചത്. പക്ഷെ എന്റെ ആവശ്യങ്ങളെല്ലാം നടത്തി തരുന്നത് അമ്മയാണ്.

അപ്പോൾ എന്റെ അച്ഛനും അമ്മയും അമ്മ തന്നെയല്ലേ ?

കുഞ്ഞു നർമ്മദയുടെ സംശയമായിരുന്നവ.

പ്രായത്തിനൊപ്പം അവളുടെ ചിന്തകളും വളർന്നു. ഇന്നവൾക്കറിയാം അച്ഛന് മാത്രമല്ല വീട് നോക്കാനാവുന്നത്. അത് ആർക്കും സാധിക്കുന്ന കാര്യമാണെന്ന്. തനിക്കുപോലും.


മഴയിൽ ബാഗും യൂണിഫോമും ഏറെക്കുറെ മുഴുവനും നനഞ്ഞിരുന്നു.

അടുപ്പിന് മുകളിൽ വിറക് വെക്കാനായി കെട്ടിയ ചേരിൽ യൂണിഫോം വിരിച്ചിട്ടു. ശേഷം പുസ്തകങ്ങൾ എടുത്തുമാറ്റി ബാഗും അതിനുമുകളിൽ വെച്ചു. ഇനി അടുപ്പിലെ ചൂടേറ്റ് നാളെ ആവുമ്പോഴേക്കും ഉണങ്ങി കിട്ടും.
പുസ്തകങ്ങൾ പ്ലാസ്റ്റിക് കൂടിൽ ഇട്ടാണ് ബാഗിൽ വെക്കുന്നത്. അതുകൊണ്ട് അതിൽ നനവില്ല.

പുറകിലൂടെയിറങ്ങി കയ്യും മുഖവും കഴുകി. അതുകഴിഞ്ഞ് ഭക്ഷണം കഴിച്ചു.

രാത്രിയിലേക്കുള്ള ഭക്ഷണത്തിനായി അരി കഴുകി എടുത്ത് മാറ്റിവെച്ചിട്ട് അവൾ അടുപ്പിൽ തീ കത്തിച്ചു. വെള്ളം തിളക്കാനായി വെച്ചിട്ട് പുറത്തേക്കിറങ്ങി.

തിണ്ണയിലെ കട്ടിലിൽ അച്ഛനെ കണ്ടില്ല.
മഴ കുറഞ്ഞത് കൊണ്ട് പുറത്തേക്ക് പോയതാവുമെന്ന് അവൾ ഊഹിച്ചു.


                            ലോറി ഡ്രൈവറാണ് അച്ഛൻ. കെട്ടിടം പണിക്കുവേണ്ടിയുള്ള കല്ലും സിമെന്റുമൊക്കെ എത്തിച്ചുകൊടുക്കുകയാണ് ചെയ്യാറ്. ഗീത പറഞ്ഞതാണ്.ഗീതയുടെ അച്ഛനും ഇതേ ജോലി തന്നെയാണ് ചെയ്യുന്നത്.

ലോഡ് കൊണ്ടുപോകാൻ ഇല്ലാത്ത ദിവസം തടിപ്പണിക്കും പോകാറുണ്ട്. ഉടുപ്പിലെ മരക്കറ കണ്ടാണ് അവൾ അത് അനുമാനിച്ചത്.

ചെറുപ്പത്തിൽ റോഡിലൂടെ നടന്നുപോയപ്പോൾ തടിവെട്ടുന്ന ചേട്ടന്മാരുടെ ഉടുപ്പിൽ ചെളി പോലെയെന്തോ കണ്ട് എന്താണെന്നു ചോദിച്ചപ്പോൾ അമ്മ പറഞ്ഞുതന്നതാണ് മരക്കറയെപ്പറ്റി.

ജോലി ചെയ്തുണ്ടാക്കുന്ന കാശ് അയാൾ എന്തുചെയ്യുന്നുവെന്നു അവൾക്കോ അമ്മയ്‌ക്കൊ അറിയില്ല.അവർ ഇന്നുവരെ അതിനെക്കുറിച് ചോദിച്ചിട്ടുമില്ല അയാളായി പറഞ്ഞിട്ടുമില്ല.



                               🦋



പ്രണയവിവാഹമായിരുന്നു അവരുടേത്.അമ്മയുടെ നാട്ടിൽ കെട്ടിടം പണിക്ക് ചെന്നതാണ്അയാൾ .
അവിടെ അടുത്തായിരുന്നു അമ്മയുടെ വീട്. അങ്ങനെ കണ്ട് പരിചയമാവുകയും അത് പ്രണയത്തിലേക്ക് ഗതി മാറുകയും ചെയ്തു.

അച്ഛനെ പ്രണയിക്കുമ്പോൾ പതിനാറു വയസ്സായിരുന്നു അമ്മക്ക് പ്രായം.അച്ഛന് മുപ്പത്തിയഞ്ചും.

പ്രണയം വീട്ടിലറിഞ്ഞതോടെ ഇരുവരും ചേർന്ന് ഒളിച്ചോടുകയായിരുന്നു.

ഒരു കൗമാരക്കാരിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഒന്നുമറിയാത്ത ഒരാളുടെ കൂടെ ജീവിക്കാൻ തയ്യാറാവുക.

ജീവിതം തുടങ്ങിയപ്പോൾ സന്തോഷമായിരുന്നു അവൾക്ക്. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാൻ സാധിക്കുന്നതിനോളം പ്രിയമുള്ളത് വേറെ എന്താണെന്നുള്ള ചിന്ത.
 

ആ ചിന്തക്കിടയിൽ വീടിനെയും വീട്ടുകാരെയും ഓർമ്മ വന്നില്ല.അയാൾക്ക് അവളെ മടുക്കുന്നത് വരെ.


അവൾക്ക് അയാൾ എല്ലാം ആയിരുന്നു. താനിഷ്ടപ്പെടുന്ന , ആവശ്യപെടുന്ന സാധനങ്ങൾ വില നോക്കാതെ വാങ്ങി തരുന്നവൻ.തേൻ ചാലിച്ച വർത്തമാനം കൊണ്ട് അവളെ ചിരിപ്പിക്കുന്നവൻ...

ഏതൊരു കൗമാരക്കാരിയെയും പോലെ അവൾ അതിൽ മതിമറന്നു.

അവന്റെ ആ കുടിൽ അവൾക്ക് സ്വർഗം ആയിരുന്നു. ആ സ്വർഗത്തിൽ സകല സന്തോഷങ്ങളിൽ ജീവിക്കുമ്പോൾ 
 അയാൾക്ക് അവളെ മടുത്തു എന്നവൾ തിരിച്ചറിഞ്ഞില്ല.

കൂടെ ജീവിച്ചു രണ്ട് മാസങ്ങൾക്ക് ശേഷമാണ് അയാളെ അന്വേഷിച് ഒരു സ്ത്രീ വീട്ടിൽ എത്തുന്നത്. അവരാകട്ടെ അവളുടെ ഭർത്താവിന്റെ കാമുകിയും.

വീണ്ടും അയാളെ അന്വേഷിച് വേറെയും ആളുകൾ എത്തിയപ്പോഴാണ് അവൾ ആ മൂഢ സ്വർഗത്തിൽനിന്ന് പുറത്തേക്ക് വന്നത്.

അപ്പോഴേക്കും അവൾ ഗർഭിണിയായിരുന്നു.

സ്നേഹിച്ചയാളുടെ അനേകം ബന്ധങ്ങളിൽ ഒന്ന് മാത്രമായിരുന്നു താൻ എന്ന തിരിച്ചറിവ് അവളെ മാനസികമായി തളർത്തി.

 ഗർഭകാലം അവൾക്ക് കുറ്റബോധത്തിന്റെതായിരുന്നു ...



                            🦋



നാളെ രണ്ടാം ശനിയാഴ്ച ആണ് അതുകൊണ്ട് സ്കൂളിൽ പോകേണ്ട.

അവൾ സ്കൂളിലെ ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകം വായിക്കാൻ ആരംഭിച്ചു.

ഇംഗ്ലീഷിൽ പ്രാവീണ്യം കുറവായതുകൊണ്ട് കൂടുതൽ ഇംഗ്ലീഷ് ബുക്കുകളാണ് അവൾ വായനക്കായി തിരഞ്ഞെടുക്കുന്നത്.
അതുവഴി ഇംഗ്ലീഷ് നന്നായി മനസ്സിലാക്കാനും പറയുവാനും ഒരു നാൾ സാധിക്കുമെന്ന് അവൾ വിശ്വസിക്കുന്നുണ്ട്.

അവളുടെ കയ്യിൽ ചെറിയൊരു ഡിക്ഷണറി ഉണ്ട്. ഡിക്ഷണറി എന്താണെന്ന് അറിയാത്ത കാലത്ത് വഴിയിൽ കിടന്ന് കളഞ്ഞു കിട്ടിയ ഒന്ന്. പുസ്തമല്ലേയെന്ന്ന് കരുതി എടുത്തു സൂക്ഷിച്ചതാണ്. പിന്നീട് അത് ഉപകാരമായി.ചെറുപ്പം മുതൽ ഇംഗ്ലീഷ് പഠിക്കാൻ അവൾ അതാണ് ഉപയോഗിച്ചത്.

Dr. A P J അബ്ദുൾ കലാമിന്റെ \" ignited minds \" എന്ന പുസ്തകമാണ് അവൾ വായിക്കുന്നത്.

ഡിക്ഷണറിയിൽ നോക്കിയപ്പോൾ ജ്വലിപ്പിക്കുക, കത്തിക്കുക, ദഹിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങളാണ് ignite എന്ന വാക്കിന്.

മുൻപെവിടെയോ കേട്ട ഓർമ്മവെച്ച് \" ജ്വലിക്കുന്ന മനസ്സുകൾ \"എന്നാണ് ആ പേരിന്റെ തർജ്ജമ എന്നവൾക്ക് മനസ്സിലായി...

ഇന്ത്യക്കാരെ , പ്രധാനമായും യുവത്വത്തെ പ്രചോദിപ്പിക്കുക എന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം.



പുസ്തകങ്ങൾ വായിക്കാൻ നർമ്മദയ്ക്ക് ഇഷ്ടമാണ്. അത് ഇന്ന പുസ്തകം എന്നവൾക്ക് നിർബന്ധമില്ല.

കടയിൽനിന്ന് സാധനം മേടിക്കുമ്പോൾ പൊതിഞ്ഞു കിട്ടുന്ന പേപ്പർ പോലും അവൾ വായിക്കാതിരിക്കില്ല.

അവൾ പലപ്പോഴും നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നത് അങ്ങനെ കിട്ടുന്ന പേപ്പറിൽ നിന്നാണ്.

വാർത്തകൾ പലപ്പോഴും കാലപ്പഴക്കമുള്ളതാണെങ്കിലും അങ്ങനെയൊരു കാര്യം നടന്നു എന്നുള്ളത് താമസിച്ചായാലും അതുവഴി അറിയാൻ കഴിയും.



                            🦋



ഒറ്റയിരുപ്പിന് പുസ്തകത്തിന്റെ പകുതി അവൾ വായിച്ചുതീർത്തു. ബാക്കി വായിക്കണമെന്നുണ്ടങ്കിലും നാളെ പഠിച്ചുമടുക്കുന്ന സമയത്ത് വായിക്കാനായി അത് മാറ്റിവെച്ചു.


അടുപ്പിലെ കഞ്ഞി തിളച്ചിരുന്നു അപ്പോഴേക്കും.
അത് അടുപ്പിൽ നിന്ന് വാങ്ങിവെച്ചിട്ട് അവൾ ഒരു വഴുതനങ്ങ എടുത്ത് കഴുകി മുറിച്ചു.

വട്ടത്തിൽ മുറിച്ച വഴുതനങ്ങ കഷ്ണങ്ങൾ ഒരു ചെറിയ കനം കുറഞ്ഞ കമ്പിയിൽ കോർത്തു അടുപ്പിലെ തീയിൽ ചുട്ടെടുത്തു. ശേഷം ഉപ്പും മുളകും അതിൽ തേച്ചുപിടിപ്പിച്ചു.


അതുംകൂട്ടി ഭക്ഷണം കഴിച്ച് പാത്രം കഴുകിക്കൊണ്ടിരുന്നപ്പോഴാണ് വഴിയിൽ വണ്ടി വന്ന് നിൽക്കുന്ന ഒച്ച കേട്ടത്.

പാത്രം അടുക്കളയിൽ കമഴ്ത്തി വെച്ച് അവൾ തിണ്ണയിലേക്കിറങ്ങി.


വെള്ളനിറമുള്ള ഒരു കാർ ആയിരുന്നു അത്.
ഏത് മോഡൽ കാർ ആണെന്നോ കമ്പനി ഏതാണെന്നോ അവൾക്ക് മനസ്സിലായില്ല. അവൾക്ക് അതിനെക്കുറിച്ചൊന്നും അറിവുമില്ല.എങ്കിലും വില കൂടിയതായിരിക്കുമെന്ന് അവൾ ഊഹിച്ചു.


 അമ്മയായിരുന്നു വന്നത്.
അമ്മ ഇറങ്ങി മുറ്റത്തേക്ക് കയറിയപ്പോഴേക്കും വണ്ടി തിരിച്ചുപോയിരുന്നു.

അമ്മയെ അവൾ നോക്കിനിന്നെങ്കിലും അമ്മ തിരിച്ച് അവളെ ശ്രദ്ധിച്ചില്ല.

അത് നർമ്മദയ്ക്ക് മുമ്പും പരിചിതമാണ്.സാധാരണ അവളെ കാണുമ്പോൾ അമ്മ സന്തോഷവതി ആയിരിക്കുമെങ്കിൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അമ്മയുടെ മുഖം നിർജീവമായിരിക്കും.


അമ്മയുടെ ഭാവങ്ങളെ ഓർത്ത് അവൾ നെടുവീർപ്പിട്ട് നിൽക്കുമ്പോഴേക്കും തൊട്ടിയിൽ നിന്ന് അമ്മ വെള്ളം കോരി തലയിലൊഴിയ്ക്കുന്ന ശബ്ദം അവിടെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.




                   


                        (( തുടരും...))




©വായു