Aksharathalukal

അനുഗ്രഹിതൻ ആന്റണി

ടൈറ്റില്‍ കഥാപാത്രമായ ആന്റണിയുടെ വേഷം കൈകാര്യം ചെയ്യുന്ന സണ്ണി വെയ്ൻ ഗ്രാമീണ മധ്യവര്‍ഗ്ഗ കുടുംബ ജീവിതത്തെ അനുയോജ്യമായി അവതരിപ്പിക്കുന്നു. ചില സസ്‌പെൻസുകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് ‘അനുഗ്രഹീതന്‍ ആന്റണി’യുടെ പ്രത്യേകത.

ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള മനുഷ്യനും മൃഗങ്ങളും അടങ്ങിയ കോമ്പിനേഷനില്‍ ചിത്രീകരിക്കപ്പെട്ട മലയാള സിനിമകള്‍ തീരെ കുറവാണ്. അന്യഭാഷയിലെ ഇത്തരം ചിത്രങ്ങള്‍ക്ക് മലയാളി പ്രേക്ഷകര്‍ ഏറെയാണ്‌. ‘അനുഗ്രഹീതന്‍ ആന്റണി’യെ സംബന്ധിച്ച് എടുത്തു പറയേണ്ടുന്ന പ്രത്യേകത നായ്ക്കളും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ തുറന്നു കാണിക്കുന്നു എന്നതാണ്. ചില സീനുകള്‍ പ്രേക്ഷകന്‍റെ ഹൃദയത്തില്‍ തൊടുമെന്നുള്ള കാര്യം ഉറപ്പാണ്.

സാധാരണ പ്രേക്ഷകര്‍ക്കൊപ്പം കുട്ടികള്‍ക്കും മൃഗ സ്നേഹികള്‍ക്കും കൂടുതല്‍ രസകരമായ അനുഭവമാകും ഈ ചലച്ചിത്രം. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന രസകരമായ അനവധി മുഹൂര്‍ത്തങ്ങളിലൂടെ പ്രണയവും ദുഖവും ആകാംഷയുമെല്ലാം പങ്കു വയ്ക്കപ്പെടുന്നു. മൃഗങ്ങളെ കഥാപാത്രങ്ങള്‍ക്കും സിനിമയ്ക്കും അനുയോജ്യമായി മാറ്റിയെടുക്കുക എന്നതും അഭിനയിപ്പിക്കുക എന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സംവിധായകന്‍റെ പ്രതിഭ അതിനെ അതിജീവിച്ചു മുന്നോട്ടു പോയിട്ടുണ്ട്.

സംഗീതത്തിനും പ്രണയത്തിനും ഒരു പോലെ പ്രാധാന്യമുള്ള ചിത്രത്തിലെ മുതിര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന മലയാളത്തിലെ ശ്രദ്ധേയരായ താരനിര അവരുടെ സ്വാഭാവികമായ അഭിനയ പാടവം കൊണ്ട് ശ്രദ്ധേയമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവരും വ്യത്യസ്തവും ഗൗരവമുള്ളതുമായ കഥാപാത്രവുമായി ഇന്ദ്രന്‍സും രംഗത്തെത്തുന്നു.

മാധവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സിന്റെ മകളായി എത്തുന്ന ഗൗരി കിഷനും മികച്ച അഭിനയ പാടവം കാണിക്കുന്നുണ്ട്. ബൈജു ,മാലാ പാര്‍വതി, മണികണ്ഠന്‍ ആചാരി, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തെ നല്ലൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. നായയും മനുഷ്യനും ബന്ധങ്ങളും എല്ലാം ഇഴകീറി പരിശോധിക്കുന്ന, ഒട്ടും ആഴത്തില്‍ സഞ്ചരിക്കാതെ ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുന്ന ഒരു ചലച്ചിത്രമായി ‘അനുഗ്രഹീതന്‍ ആന്റണി’യെ വിലയിരുത്താം.



ആന്റണിയും അയാളുടെ നാട്ടുകാരും കാമുകിയുമെല്ലാം ചേരുന്ന ഒരു ചെറിയ ലോകത്തില്‍ രണ്ടു നായകള്‍ കൂടി എത്തുമ്പോള്‍ രസകരമായ പലതും സംഭവിക്കുന്നു. ജീവിതത്തിലെ ചില ആകസ്മികതകളില്‍ ചില സാധ്യതകള്‍ ഉണ്ടാവുകയാണ്. ജാഫര്‍ ഇടുക്കിയേയും മണികണ്ഠന്‍ ആചാരിയേയും പോലുള്ള, സ്വാഭാവിക അഭിനയത്തിന്‍റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന അഭിനേതാക്കള്‍ ഈ നാടന്‍ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റുന്നുണ്ട്.

ഒരു കാലത്ത് സത്യന്‍ അന്തിക്കാട് സിനിമയുടെ പശ്ചാത്തലമായിരുന്ന ജീവിതത്തിന്‍റെ പുതിയ രൂപമായി ഇതിനെ വിലയിരുത്താം. ഏറ്റവും രസകരമായ സാദൃശ്യം വസ്ത്രധാരണത്തിലും വീടിന്‍റെ ആര്‍ക്കിടെക്ക്ച്ചര്‍ ഘടനയിലുമാണ്. അതില്‍ ഒരു പുതുമ ഉണ്ടോയെന്നു പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. ഭാഷാപരമായും മധ്യതിരുവിതാംകൂറിന്‍റെ സാധ്യത ഉപയോഗപ്പെട്ടിട്ടുണ്ട്. കോമഡിയും പ്രേമവും ഒരു പോലെ ആവര്‍ത്തിക്കുന്നു എന്നത് സാധാരണ മലയാള സിനിമയുടെ മസാലക്കൂട്ട് എന്ന രീതിയില്‍ എടുക്കാന്‍ പ്രേക്ഷകന് സാധിക്കും.



പല സീനുകളും മുന്‍പു കണ്ട സിനിമകളുടെ ചില സാദൃശ്യങ്ങള്‍ ആണോയെന്ന് തോന്നും വിധം ചില ആവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് ഒരു പരിമിതി. എന്നിരുന്നാലും വാണിജ്യ സിനിമ ആത്യന്തികമായി പ്രേക്ഷകനെ രസിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായതിനാല്‍ അത്തരം വിലയിരുത്തലുകള്‍ക്ക് പ്രസക്തി തീരെയില്ല. സിനിമ ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്നു എന്നതില്‍ കവിഞ്ഞ് സാധാരണ ഒരു പ്രേക്ഷകന് മറ്റൊരു മാനസിക സംതൃപ്തി വേറെയില്ല.

My Rating ; 3.75 / 5