ഒരുപിടി നർമങ്ങൾ മാത്രമാണ് പലപ്പോഴും ഓർമകൾ...
സന്തോഷങ്ങളുടെ ചെറു ലാഞ്ചനകൾ പോലും വെട്ടിക്കീറിയ പലതും ഇന്നിന്റെ ജനവാതിലുകളിലൂടെ നോക്കി കാണുമ്പോൾ ചുണ്ടിൽ വിരിക്കുന്ന ഒരു മന്ദഹാസം ഉണ്ട്...
നിന്നെ ജയിച്ചിട്ടാണ് ഞാൻ നിൽക്കുന്നതെന്ന ആ ചിരി, കാലത്തിന് ഞാൻ നൽകാറുള്ള മറുപടികൾ ആണ്.
എന്നാൽ ആ മറുപടികൾക്ക് മുൻപിൽ കാലം തല കുനിച്ച് തിരിഞ്ഞ് നടക്കുമ്പോൾ എനിക്ക് മുൻപിൽ തെളിയുന്ന ഒരു പ്രകാശമുണ്ട്...
മേലെ നീലവാനിലെ മേഘപാളികൾക്ക് വിടവുകൾ സൃഷ്ടിച്ച് സാക്ഷാൽ സൂര്യൻ ഇളിച്ച് കാട്ടുന്ന പോലെ, \"ഞാനില്ലെങ്കിൽ കാണാമായിരുന്നു\" എന്ന് പറഞ്ഞ് നീ നൽകുന്ന പരിഹാസത്തിന്റെ പ്രകാശം...
കളിയാക്കലുകൾക്ക് വേണ്ടി ആണെങ്കിൽ പോലും അന്നേരം നിന്നിൽ വിരിയുന്ന ചിരിക്കും, എൻ്റെ കളിയാക്കലുകൾക്ക് മുൻപിൽ തോറ്റ് തരാത്ത ക്രോധത്തിനും എല്ലാം ഒരു പ്രത്യേക സുഖമുണ്ട്...
പരിധികൾക്ക് അപ്പുറം ഞാൻ ആഗ്രഹിക്കാറുള്ളത് പലപ്പോഴും ഇത്രമാത്രം ആയിരിക്കും....
നിന്നാൽ കഴിയുന്നതും അതാവുമായിരിക്കാം...
Bae,
അസുരമായ പല ചെയ്തികളും ദേവകണങ്ങളിൽ പ്രത്യക്ഷമാവാറുണ്ടത്രെ!!
എന്നിട്ടും അവർ ദേവന്മാർ എന്ന് പ്രകീർത്തിക്കപ്പെടുന്നു...!
എന്ത് കൊണ്ടെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ??
അവരിലെ അസുരത്വവും വിളിച്ചോതുന്ന ഒരു ദൈവീകത ഉണ്ട്, അഗ്നിയാൽ ശുദ്ധീകരിച്ച്, വിളക്കി സൂക്ഷിക്കുന്ന ഒരു ദൈവീകത...!
എന്നിലും നീ മാത്രം കണ്ട ഒരു ദൈവികത ഉണ്ട്, എന്നെ ഞാനാക്കിയ ദൈവികത!!
വാക്കിന് മേൽ വാക്കായി മറിഞ്ഞിരുന്ന എന്റെ ദേഷ്യത്തിന് കയറുകൾ ഇല്ലാതെ മൂക്കുകയർ കോർത്ത നീ നൽകിയ ദൈവികത...
തന്നിഷ്ടങ്ങൾക്ക് അപ്പുറം കൺവെട്ടത്തെ സകലതിനും തനിച്ച ഇഷ്ടങ്ങൾ ഉണ്ടെന്ന് നീ പടിപ്പിച്ചതിലെ ദൈവീകത!
ഞാനും ഒരു സാധാരണ മനുഷ്യനാണെന്ന് എന്നെ ഓർമ്മപ്പെടുത്തുന്ന നിന്റെ മുഖത്തിൽ നിന്നും പകർന്ന ആനന്ദത്തിലെ ദൈവീകത!
ഹൃദയത്തിൽ എനിക്കായി കണ്ണുള്ളവളേ..
നീയാണ് എന്നിലെ ദൈവീകത....
-ദേവ്
◆◆◆◆◆◆◆◆◆◆