കക്ഷത്തിൽ ഉള്ളി വച്ചിട്ടാണോ എന്നറിയില്ല, പിറ്റേ ദിവസം രാവിലെ ആയപ്പോൾ നല്ല പൊള്ളുന്ന ചൂട്. ഞാൻ അമ്മയെ വിളിച്ചു. അമ്മ വന്നു നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ടു നോക്കിയപ്പോൾ നല്ല ചൂടുണ്ട്. \"ഇന്ന് മോൻ ഈ പൊള്ളുന്ന പനിയും വച്ച് സ്കൂളിൽ പോകണ്ട\" എന്നു പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നാണല്ലോ. അമ്മ തണുത്ത വെള്ളത്തിൽ തുണി നനച്ചു നെറ്റിയിൽ ഒക്കെ വച്ച് തന്നു. ഞാൻ സ്കൂളിൽ പോകണ്ടല്ലോ എന്ന സന്തോഷത്തിൽ വീണ്ടും പുതച്ചു കിടന്നു. അപ്പോഴേക്കും അമ്മ പറഞ്ഞ കേട്ട് അച്ഛൻ മുറിയിലേക്ക് വന്നു, നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി. നല്ല ചൂട് ഉണ്ടെന്നു കണ്ടപ്പോൾ എന്നെ ഡോക്ടറെ കാണിക്കാം എന്ന് പറഞ്ഞു. അപ്പോഴാണ് പണി പാളിയോ എന്ന് എനിക്ക് തോന്നിയത്. ഡോക്ടർ പരിശോധിച്ചാൽ ഉള്ളി കക്ഷത്തിൽ വച്ചു ഉണ്ടാക്കിയ പനി ആണെന്ന് മനസ്സിലാവുമോ എന്നായിരുന്നു എന്റെ ആദ്യത്തെ പേടി. അത് കൊണ്ട് തന്നെ ഡോക്ടറെ കാണിക്കണ്ട എന്ന് ഞാൻ ആവതു പറഞ്ഞു. എങ്കിലും അച്ഛൻ കൂട്ടാക്കിയില്ല. എന്നെ നിർബന്ധിച്ചു ഡോക്ടറെ കാണിക്കാൻ കൂട്ടി കൊണ്ട് പോയി.
ഡോക്ടർ പരിശോധിച്ചപ്പോൾ നല്ല ചൂടുണ്ട്. മരുന്നൊക്കെ എഴുതി തന്നു. എനിക്ക് ചിരി വന്നു. ഈ ഡോക്ടർ പൊട്ടനാണോ? ഉള്ളി വച്ച് വരുത്തിച്ച പനിക്ക് ഈ ഡോക്ടർ എന്തിനാ മരുന്നൊക്കെ തരുന്നേ. പിന്നെയും ആലോചിച്ചപ്പോൾ എനിക്ക് പതിയെ പേടി ആയി തുടങ്ങി. ഇല്ലാത്ത പനിക്കു മരുന്ന് കുടിച്ചു ഇനി വല്ല കുഴപ്പവും ആവുമോ ? അപ്പോഴേക്കും ഡോക്ടർ മരുന്നിനൊപ്പം ഒരു ഇൻജെക്ഷൻ കൂടെ എടുക്കാൻ പറഞ്ഞു. എനിക്ക് മരുന്ന് കുടിക്കുന്നതെ ഇഷ്ടമല്ല. പിന്നെ ഇൻജെക്ഷൻ ആണെങ്കിൽ ഒടുക്കത്തെ പേടിയും. പുറത്തു വന്നു ഇൻജെക്ഷൻ എടുക്കാൻ നിൽക്കുമ്പോൾ ഞാൻ സൗമ്യനായി അച്ഛനോട് പറഞ്ഞു
ഞാൻ : \"അച്ഛാ.. ഈ ഡോകട്ർക്കു ഒന്നും അറിയില്ല.. എനിക്ക് ഒന്നൂല്ല.. മരുന്നും ഇഞ്ചക്ഷനും ഒന്നും വേണ്ട..\"
അച്ഛൻ : \"ഡോക്ടർക്ക് അല്ലാതെ പിന്നെ നിനക്കണോ അറിയുന്നെ?\"
ഞാൻ കക്ഷത്തിൽ ഉള്ളി വച്ച വരുത്തിയ പനിയെ ഉള്ളു എന്ന് അച്ഛനോട് പറയണം എന്നുണ്ട്. പക്ഷെ അത് പറയാൻ പറ്റില്ലാലോ. അത് പറഞ്ഞാൽ അച്ഛന്റെ കയ്യിന്നു നല്ല അടി ഉറപ്പാണ്.
ഞാൻ : \"പനി കുറച്ചു കഴിയുമ്പോൾ മാറും. നമുക്ക് വീട്ടിൽ പോവാം അച്ഛാ..\"
അച്ഛൻ : \"ആദി.. ഇൻജെക്ഷൻ എടുക്കണം എന്നല്ലേ ഡോക്ടർ പറഞ്ഞത്. അവിടെ അടങ്ങി ഇരിക്ക്.. നേഴ്സ് ഇപ്പൊ വരും.\"
ഞാൻ : \"അച്ഛാ.. ആ ഡോക്ടർക്ക് ഒന്നും അറിഞ്ഞൂടാ.. എന്റെ പനി ഒക്കെ പോയി\"
അച്ഛൻ : \"ആദി.. നീ ഒന്ന് മിണ്ടാതിരുന്നേ..\"
ഞാൻ \'ഡോക്ടർക്ക് ഒന്നും അറിഞ്ഞൂടാ\' എന്ന് പറയണ കേട്ട് അവിടെ ഡോക്ടറെ കാണിക്കാൻ വന്നിരിക്കുന്ന എല്ലാരും നോക്കുന്നുണ്ട്. എല്ലാവരുടെയും നോട്ടം കണ്ടു അവരൊക്കെ എന്ത് വിചാരിക്കും എന്ന് ചമ്മൽ അച്ഛന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ട്. അപ്പോഴേക്കും നേഴ്സ് ഇൻജെക്ഷൻ എടുക്കാൻ വിളിച്ചു. അപ്പോഴും ഞാൻ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടേ ഇരുന്നു.
ഞാൻ : \"ഈ ഡോക്ടർക്ക് ഒന്നും അറിയില്ല അച്ഛാ.. എനിക്ക് പനി ഒന്നൂല്ല.\"
അച്ഛൻ ചമ്മലോടെ നഴ്സിനോട് പറഞ്ഞു.
അച്ഛൻ : \"ഇൻജെക്ഷൻ എടുക്കാൻ പേടി ആയിട്ട് പറയുന്നതാ\"
സൂചി കുത്തുമ്പോൾ ഉള്ള വേദനയേക്കാൾ \"ഇപ്പോൾ കുത്തും.. ഇപ്പോൾ കുത്തും\" എന്നു ആലോചിക്കുമ്പോൾ ഉള്ള ഒരു നെഞ്ചിടിപ്പ് ഇല്ലേ. ആ പേടിയിൽ ഇരിക്കുകയാണ് ഞാൻ. പക്ഷെ ഉള്ളി വച്ചതാണ് എന്നറിഞ്ഞാൽ അച്ഛന്റെ കൈയിൽ നിന്നു കിട്ടാൻ സാധ്യതയുള്ള അടിയെ കുറിച്ച് അതിലും നല്ല ബോധ്യവും പേടിയുമുണ്ട്. രണ്ടും വച്ച് നോക്കുമ്പോൾ ഇൻജെക്ഷൻ ആണ് ബേദം എന്നു എനിക്ക് തോന്നി. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ഇൻജെക്ഷൻ എടുക്കേണ്ടി വന്നു. ചെറുപ്പത്തിൽ ഓരോ തവണ ഇൻജെക്ഷൻ എടുത്തു കഴിയുമ്പോഴും \"ഇത്രയേ ഉള്ളു..\" എന്ന് തോന്നുമെങ്കിലും അടുത്ത പ്രാവശ്യം ഇൻജെക്ഷൻ എടുക്കണം എന്ന് കേൾക്കുമ്പോൾ വീണ്ടും അതെ പേടി എവിടെ നിന്നോ രൂപപ്പെട്ടു വരുന്നത് ഇന്നും ഞാൻ ഓർക്കുന്നു.
അന്നത്തെ അനുഭവത്തോടെ കക്ഷത്തിൽ ഉള്ളി വച്ചാൽ പനി വരുമെന്നു ഞാൻ ഉറച്ചു വിശ്വസിച്ചു. എങ്കിലും അച്ഛന്റെ അടിയെ പേടിച്ചു \'ഉള്ളിയുടെ മാന്ത്രികത\'യെ പറ്റി വീട്ടിൽ ആരോടും ഒരക്ഷരം പുറത്തു പറഞ്ഞില്ല. പിന്നീട് പലപ്പോഴും സ്കൂളിൽ പോകാൻ മടി തോന്നിയെങ്കിലും ഇൻജെക്ഷൻ പേടിച്ചു ഉള്ളി പരീക്ഷണം ചെയ്തുമില്ല. എന്റെ എട്ടാം ക്ലാസ്സിലെ ദിവസങ്ങൾ ഞാൻ വീണ്ടും ഏകാന്തമായി തള്ളി നീക്കി. അഞ്ചു മുതൽ ഏഴാം ക്ലാസ്സു വരെ മൂന്നു വർഷങ്ങൾ എത്ര പെട്ടന്ന് കടന്നു പോയി എന്നറിഞ്ഞതേ ഇല്ല. പക്ഷെ എട്ടാം ക്ലാസ്സിലെ വിരസമായ ഓരോ ദിവസങ്ങളും ഒച്ചിഴയും പോലെ ഇഴഞ്ഞിഴഞ്ഞാണ് ഞാൻ തള്ളി നീക്കിയത്. ആ ഏകാന്തതയ്ക്കു കൂട്ടായി ഞാൻ പതുക്കെ രണ്ടു മാസ്മരിക ലോകത്തെ പ്രണയിക്കാൻ തുടങ്ങി. പുസ്തകങ്ങളും സംഗീതവും ! പിന്നീട് അവയായി എന്റെ ലോകം. ഒറ്റപെടലുകളിൽ ആശ്വാസമായി, മുന്നോട്ടു പോവാൻ ഉള്ള ഉണർവായി രണ്ടും ഉണ്ടായിരുന്നു !
എട്ടാം ക്ലാസ്സിൽ കൊല്ല പരീക്ഷയുടെ ഫലം വന്നപ്പോൾ എന്റെ മാർക്ക് നന്നേ കുറവായിരുന്നു. \"അടുത്ത വര്ഷം എനിക്ക് ഈ സ്കൂളിൽ പഠിക്കണ്ട. വേറെ സ്കൂൾ മതി\" എന്ന് ഞാൻ അച്ഛനോട് വാശി പിടിച്ചു. ഞാൻ തന്നെ വാശി പിടിച്ചിട്ടാണ് വീട്ടിൽ നിന്ന് ദൂരെ ആണെങ്കിലും ഈ സ്കൂളിൽ ചേർത്തതു. ഇപ്പോൾ ഞാൻ തന്നെ ഇവിടുന്നു മാറാൻ വാശി പിടിക്കുന്നു. കാലം നമ്മെ കൊണ്ട് വൈരുധ്യമായ എന്തൊക്കെ ചെയ്യിക്കും എന്ന് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല. എന്തായാലും എട്ടാം ക്ലാസ്സിൽ എന്റെ പഠിപ്പും മാർക്കും ഒക്കെ തീരെ മോശമായതിനാൽ അച്ഛനും അമ്മയും അതികം ആലോചിച്ചില്ല. എന്റെ ആഗ്രഹത്തിന് അനുസരിച്ചു അവിടന്ന് ടി സി വാങ്ങി വീടിനു അടുത്തുള്ള ഒരു സ്കൂളിൽ ചേരാൻ തീരുമാനിച്ചു. സത്യം പറഞ്ഞാൽ അവിടെ നിന്ന് പടിയിറങ്ങുമ്പോൾ എന്റെ ക്ലാസ്സിലെ ആരോടും ഒരു വാക്ക് പോലും ഞാൻ പറഞ്ഞില്ല. സന്ദീപ് അല്ലാതെ ആ സ്കൂളിൽ എനിക്ക് ആരുമായും അതികം അടുപ്പമില്ലായിരുന്നു. അന്ന് ടി സി വാങ്ങി ആ സ്കൂളിന്റെ പടിയിറങ്ങുമ്പോൾ ഞാൻ സന്ദീപിനോട് പോലും ഒരു വാക്കു പറഞ്ഞില്ല. എന്തോ അതിന്റെ ആവശ്യം ഉണ്ടെന്നു എനിക്കന്നു തോന്നിയില്ല. അപ്പോഴേക്കും ഞങ്ങൾ വെറും പരിചയക്കാർ മാത്രമായ പോലെ എനിക്ക് തോന്നിയിരുന്നു.
പക്ഷെ ആ സ്കൂളിൽ നിന്നുള്ള പടിയിറക്കം ഞങ്ങളുടെ ആത്മ ബന്ധം അവസാനിപ്പിച്ചില്ല. ഞാൻ പറഞ്ഞില്ലേ, കാലചക്രം നമ്മെ കൊണ്ട് വൈരുധ്യമായ എന്തൊക്കെ ചെയ്യിക്കും എന്ന് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല. അങ്ങനെയൊരു അവസാനമായിരുന്നില്ല കാലചക്രം ഞങ്ങൾക്ക് വേണ്ടി കരുതി വച്ചതു. ഒരു പക്ഷെ അതോടെ ഞങ്ങളുടെ ബന്ധം അവസാനിച്ചിരുന്നു എങ്കിൽ, ഇന്ന് അവന്റെ ആത്മഹത്യാ ശ്രമത്തെ പറ്റി കേട്ടപ്പോൾ എനിക്ക് ഇത്ര ഷോക്ക് ആവേണ്ടതില്ലലോ. ആ ചിന്ത എന്നെ സന്ദീപിന്റെ ഓർമകളിൽ നിന്നുണർത്തി ഇന്നത്തെ യാഥാർഥ്യത്തിലേക്ക് കൊണ്ട് വന്നു.
അവന്റെ കാര്യം കേട്ടത് മുതൽ ഉള്ള ഇരിപ്പാണ് ഞാൻ. എന്റെ മനസ്സിൽ അവനെ പറ്റിയുള്ള പഴയ ഓർമ്മകളും ഇപ്പോൾ എന്ത് ചെയ്യണം എന്ന ചിന്തകളും തമ്മിൽ ഏറ്റുമുട്ടി. ഞാൻ പതിയെ മേശയുടെ മേൽ ഊന്നി കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചു. എന്റെ കൈ കാലുകൾക്കു ഒന്നിനും ശക്തിയില്ലാതായ പോലെ. അപ്പോഴേക്കും സമയം പാതിരാവായിരുന്നു. സന്ദീപിന്റെ വീട്ടിൽ അവന്റെ ആത്മഹത്യാ ശ്രമം എങ്ങനെ പറയും എന്നോർത്തു എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. പണ്ട് സ്കൂൾ ടൈമിൽ രക്ഷിതാക്കളുടെ മീറ്റിംഗിന് വന്നപ്പോൾ അവന്റെ അമ്മയെ ഒന്ന് രണ്ടു വട്ടം കണ്ടിട്ടുണ്ട്. പിന്നെ ഒരിക്കൽ അവന്റെ വീട്ടിൽ പോയപ്പോൾ ചേട്ടനെയും പരിചയപെട്ടിട്ടുണ്ട്. അവന്റെ ഏട്ടൻ എന്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണ്. പക്ഷെ അവരുടെ ആരുടെയും ഫോൺ നമ്പർ എന്റെ കൈയിൽ ഇല്ല. ഞാൻ ഫേസ്ബുക്കിൽ അവന്റെ ഏട്ടന് നമ്പർ ചോദിച്ചു കൊണ്ട് മെസ്സേജ് അയച്ചു. ഞങ്ങളുടെ വേറെ രണ്ടു മൂന്ന് ഫ്രണ്ട്സിനോട് അവന്റെ വീട്ടുകാരുടെ നമ്പർ ഉണ്ടോ എന്ന് ചോദിച്ചു വാട്സാപ്പ് അയച്ചു നോക്കി. സന്ദീപിന്റെ ചേട്ടന്റെ മറുപടി വന്നോ എന്ന് ഞാൻ ഇടയ്ക്കിടെ ഫോൺ എടുത്തു നോക്കി.
സന്ദീപിന് ഇപ്പോൾ എങ്ങനെയുണ്ട് എന്നോർത്ത് സമാദാനം ഇല്ലാതെ, വിപിൻറെ കൈയിൽ നിന്ന് അവന്റെ സീനിയർ ആയ സന്ദീപിന്റെ റൂംമേറ്റിന്റെ നമ്പർ ഒപ്പിച്ചു വിളിച്ചു. അവിടെ ദുബായിൽ ഇപ്പോൾ സമയം എത്ര ആയി എന്ന് വലിയ പിടി ഒന്നും ഇല്ല. രണ്ടു മൂന്നു റിങ്ങുകൾക്കു ഉള്ളിൽ തന്നെ അവന്റെ റൂംമേറ്റ് ഫോൺ എടുത്തു. ഉറങ്ങാതെ ഹോസ്പിറ്റലിൽ ഇരിക്കുന്ന ക്ഷീണം ശബ്ദത്തിൽ പ്രകടം. ഞാൻ എന്താ ഉണ്ടായതു എന്ന് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷെ അവന്റെ റൂംമേറ്റ്സ്നും കാര്യമായി ഒന്നും അറിയില്ല. അവൻ പറഞ്ഞു.
രാജേഷ് : \"എന്താ കാര്യം എന്നതിനെ പറ്റി ഞങ്ങൾക്കു കൂടുതലായി അറിയില്ല. എന്തെങ്കിലും പ്രശ്നമുള്ളതായി സന്ദീപ് പറഞ്ഞിട്ടില്ല\"
എന്നിട്ടു ഒരു ദീർഘ നിശ്വാസത്തിനു ശേഷം തുടർന്ന്.
രാജേഷ് : \"ഇന്നലെ സന്ദീപ് നല്ല സുഖമില്ല, ജോലിക്കു പോവുന്നില്ല നു പറഞ്ഞു ഫ്ലാറ്റിൽ തന്നെ ആയിരുന്നു. ഞങ്ങൾ വൈകീട്ട് ജോലി വിട്ടു വന്നപ്പോൾ ഫ്ലാറ്റ് അകത്തു നിന്ന് ലോക്ക് ചെയ്തിരിന്നു. കുറെ വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ല. ഒടുവിൽ പോലീസ് വന്നു വാതിൽ തുറന്നു അകത്തു കയറിയപ്പോൾ ബാത്ത് ടബ് മുഴുവൻ രക്തം വാർന്നു കിടക്കുകയായിരുന്നു. അപ്പോഴേക്കും അവന്റെ ബോധം പോയിരുന്നു. അങ്ങനെ ആശുപത്രിയിൽ എത്തിച്ചതാണ്. കുറെ രക്തം പോയിട്ടുണ്ട്. കണ്ടിഷൻ അല്പം സീരിയസ് ആണ് എന്നു ഡോക്ടർ പറഞ്ഞു.\"
ഞാൻ : \"എന്നാലും അവൻ എന്തിനു ഇങ്ങനെ ചെയ്തേ ? എന്തേലും പ്രശനം ഉള്ളതായി അറിയോ ?\"
രാജേഷ് : \"എന്തെങ്കിലും പ്രശ്നമുള്ളതായി ഒന്നും സന്ദീപ് സംസാരിച്ചിട്ടോ സൂചിപ്പിച്ചിട്ടോ ഇല്ല. പണ്ടൊക്കെ ജോലി വിട്ടു വന്നാൽ എപ്പോഴും കളി ചിരി പറഞ്ഞിരിക്കുക പതിവായിരുന്നു. ഇപ്പോൾ കുറച്ചായി കാര്യമായി സംസാരിച്ചിട്ട്. ജോലി തിരക്കുകൾ ഒക്കെ കാരണം ആണെന്ന് വിചാരിച്ചു. എന്തേലും പ്രശനം ഉണ്ടേൽ അവനു ഞങ്ങളോട് പറയരുന്നില്ലേ.. ഒന്നും പറഞ്ഞുമില്ല. കൂടുതൽ ചോദിയ്ക്കാൻ മാത്രം ഒരു പ്രശ്നവും ഉള്ളതായി അറിവില്ല. അതോണ്ട് നമ്മൾ അങ്ങനെ ചൂഴ്ന്ന് ചോദിച്ചുമില്ല. ചോദിച്ചിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു...\"
പിന്നെ എന്ത് പറയണം എന്നറിയാതെ രാജേഷ് ഫോൺ കൂടെ ഉണ്ടായിരുന്ന സന്ദീപിന്റെ ഫ്രണ്ടു റംസാന് കൊടുത്തു. റംസാൻ മുന്നേ സന്ദീപിനൊപ്പം ഒരുമിച്ചു താമസിച്ചതാണെന്നും ഒന്ന് രണ്ടു വര്ഷമായിട്ടെ ഉള്ളു താമസം മാറിയിട്ട് എന്നും പറഞ്ഞു. അവനും പറയാൻ ഉള്ളത് അതെ കാര്യങ്ങൾ ഒക്കെ തന്നെ. പക്ഷെ കൂടുതൽ പറയുന്തോറും റംസാന്റെ ശബ്ദം ഇടറിയിരുന്നു. പിന്നീട് എന്ത് ചോദിക്കണം പറയണം എന്നറിയാതെ ഞാൻ അവര് പറയുന്ന കേട്ട് ഫോൺ വച്ചു. ഒക്കെ കേട്ടപ്പോൾ എനിക്ക് രക്തയോട്ടം നിലച്ച പോലെ മരവിച്ചു നിന്ന് പോയി. കുറെ സമയത്തേക്ക് മനസ്സ് മുഴുവൻ ശൂന്യമായിരുന്നു. പതിയെ പതിയെ ഒരുപാടു ചിന്തകൾ മനസ്സിൽ ഭ്രാന്തമായി കടന്നു വന്നു. \"എടാസന്ദീ... നീ എന്തിനാ ചെക്കാ ഇങ്ങനെ ചെയ്തേ ?\" എന്ന് നൂറാവർത്തി ഞാൻ മനസ്സിൽ ചോദിച്ചു. ദൈവ വിശ്വാസം ഇല്ലാതിരുന്നിട്ടും, അവനു ഒന്നും വരുത്തല്ലേ എന്ന് ഇതിനിടക്ക് ഞാൻ ഒരായിരം വട്ടം എല്ലാ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു. മറ്റു ആശ്രയമില്ലാതാവുമ്പോൾ മറ്റെന്തു ചെയ്യാൻ !
ഞാൻ ഫോണും പിടിച്ചു മുറിയിൽ നാല് ചുവരുകൾക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും കുറെ സമയം നടന്നു. അവന്റെ വീട്ടുകാരെ വിവരം അറിയിക്കാൻ വേറെ വഴികൾ ആലോചിച്ചു. അവന്റെ ചേട്ടന്റെ നമ്പർ കുറച്ചു സമയം കാത്തിരുന്ന ശേഷവും ആരിൽ നിന്നും കിട്ടിയില്ലെങ്കിൽ നേരിട്ട് അവന്റെ വീട്ടിലേക്കു പോവാം എന്ന് വിചാരിച്ചു. പക്ഷെ ഇപ്പോൾ എങ്ങനെ പോകും ? പോയാൽ തന്നെ ഈ പാതിരാത്രി അവന്റെ വീട്ടിൽ കയറി ചെന്ന് അവന്റെ അമ്മയോട് എന്ത് പറയും. ഈ അസമയത്ത് പോയി വെറുതെ അവരെ ബേജാറാക്കണ്ട, നാളെ പുലർച്ചെ പോവാം എന്ന് ഞാൻ ഉറപ്പിച്ചു ഞാൻ നിലത്തേക്ക് ഊർന്നിരുന്നു.
കുറെ സമയം വീണ്ടും എന്തൊക്കെയോ ആലോചിച്ചു കൊണ്ട് അതെ ഇരിപ്പു തുടർന്ന്. എല്ലാ ആലോചനകളുടെയും അവസാനം \"സന്ദീപ് എന്തിനു ഇത് ചെയ്തു?\" എന്ന അതെ ചോദ്യത്തിൽ വന്നു തറച്ചു നിൽക്കുന്നു.
(തുടരും...)