Aksharathalukal

അരികെ

"ഐ നീഡ് യുവര്‍ ഹെല്‍പ്പ് അശ്വിന്‍."


"സുചിത്ര നീ വന്നപ്പോള്‍ തുടങ്ങി ഇതു തന്നെയാ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും പറ എന്തു ഹെല്‍പ്പാണ് നിനക്ക് വേണ്ടത്?"


"അയാളെന്റെ കൂടെയുണ്ട്."


"ആര്?"


"ഐസക്"


"ഐസക്, ആരാ അയാള്‍, നിനക്കെങ്ങനെയാ അയാളെ പരിചയം?"


"ശരിക്കും എനിക്കു അയാളെ അറിയില്ല."


"പിന്നെ?"


"കോള്‍ സെന്‍ററിലെ ഫോണില്‍ ഒരു കംപ്ലെയിന്‍റ് പറയാനാണ് അയാള്‍ ആദ്യം എന്നെ വിളിക്കുന്നത്."

***************************

"നിങ്ങളുടെ ടീംസ് ആളു കൊള്ളാട്ടോ. കാളര്‍ ടൂണും പറഞ്ഞ് വെറുതെ അങ്ങ് കാശ് കട്ടാക്കുവാ."


"സര്‍ ദയവായി കാളില്‍ തുടരൂ. ഞാന്‍ ഒന്നു നമ്പര്‍ കണ്‍ഫോം ചെയ്യട്ടേ?"


"ഓ കേ ഞാന്‍ തന്നെ പറയാം നയന്‍ ഫൈ സിക്സ് സെവന്‍ ഫോര്‍ സിക്സ് ടൂ സീറോ ടൂ ഫൈവ്."


"ഹലോ! ഇതെന്‍റെ നമ്പറല്ലേ, നിങ്ങള്‍ക്കിതെങ്ങനെ അറിയാം?"


പതിഞ്ഞ ഒരു ചിരി ശബ്ദത്തിനൊടുവില്‍ ആ കോള്‍ കട്ടായിരുന്നു. എന്നാലും അയാളുടെ നമ്പര്‍ ഞാന്‍ നോട്ട് ചെയ്തു വച്ചു.

***************************

"ഒരാഴ്ച കഴിഞ്ഞ് അയാള്‍ എന്നെ വീണ്ടും വിളിച്ചു. അന്നയാള്‍ അയാളുടെ പേരു പറഞ്ഞു. പിന്നെ കോള്‍ കട്ട് ചെയ്യും മുമ്പു കുളിമുറിയില്‍ വെള്ളം നിറഞ്ഞു. പൈപ്പ് ഓഫ് ചെയ്യണം എന്ന് ഓർമിപ്പിച്ചു. അപ്പോഴാണ് ഞാന്‍ കുളിക്കാന്‍ പൈപ്പ് തുറന്നിട്ട കാര്യം തന്നെ ഓര്‍ത്തത്. അന്നാണ് ആദ്യമായി അയാളെന്‍റെ അരികില്‍ ഉണ്ടെന്ന തോന്നല്‍ എനിക്കുണ്ടായത്."

***************************

"പിന്നീടും പല തവണ ഐസക് എന്നെ വിളിച്ചു. ഞാന്‍ ഉണ്ടാക്കിയ കറിയുടെ രുചിയെക്കുറിച്ചും ഞാന്‍ ഉപയോഗിച്ച പെര്‍ഫ്യുമിന്‍റെ ഗന്ധത്തെക്കുറിച്ചും വരെ അയാള്‍ വാചാലനായി. എന്‍റെ അരികിലെവിടെയോ ഒരു അദൃശ്യ സാന്നിദ്ധ്യമായി അയാളെപ്പോഴുമുണ്ട്."


"സൗണ്ട്സ് ഇന്ററെസ്റ്റിംഗ്?"


"ഒരു ദിവസം രാത്രി ഫ്ലാറ്റിലായിരുന്നപ്പോള്‍ അയാള്‍ വിളിച്ച് എന്നോട് പറഞ്ഞു

എന്‍റെ ഡ്രസ്സ് കീറിയിരിക്കുന്നു ചേഞ്ച് ചെയ്യണം. ഒന്നുമില്ലെങ്കില്‍ ഒരാണിന്‍റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ഓര്‍മ്മ വേണം എന്നൊക്കെ. ഇപ്പ്രാവശ്യം ഞാന്‍ പേടിച്ചു. കാരണം സ്വകാര്യമായ ഒരു നിമിഷം പോലും എനിക്കില്ലയെന്നു എനിക്കന്നു തോന്നി. ഇപ്പോള്‍ നിനക്കേ എന്നെ സഹായിക്കാനാവു എന്നൊരു തോന്നല്‍. അതാ ഞാന്‍ നിന്നെ വിളിച്ചത്."


"അപ്പോള്‍ നിന്‍റെ അടുത്ത് അദൃശ്യനായ ഒരാള്‍ ഉണ്ടെന്നാണ് നീ പറഞ്ഞു വരുന്നത്."


"യെസ്. അശ്വിന്‍."


"എങ്കില്‍ ഞാന്‍ പറയുന്നു. അങ്ങനെയൊന്നും സംഭവിക്കാനേ പോവുന്നില്ല."


"അപ്പോള്‍ ഞാന്‍ ഇതു വരെ കണ്ടതും കേട്ടതുമെല്ലാം തോന്നലാണെന്നാണോ?"


"അങ്ങനെയല്ല. നീ ആദ്യം ആ കോള്‍ സെന്‍ററിലെ ജോബ് റിസൈന്‍ ചെയ്യ്. അവിടത്തെ ഓവര്‍ സ്ട്രെസ്സാണ് നിന്‍റെ പ്രധാന പ്രശ്നം. അതൊഴിഞ്ഞു കഴിയുമ്പോ തന്നെ എല്ലാം ശരിയാവും."


"അപ്പോള്‍ നീ പറയുന്നത് അങ്ങനെ ഒരാളില്ലെന്നാണോ? വെയിറ്റ് ഞാന്‍ ഇപ്പോള്‍ തന്നെ അയാളെ വിളിച്ചു തരാം."


അവള്‍ നമ്പര്‍ ഡയല്‍ ചെയ്ത് അശ്വിനു നേരെ നീട്ടി. അശ്വിന്‍ അത് ലൗഡ് സ്പീക്കറിലേക്ക് മാറ്റി.


"നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവിലില്ല ദയവായി നമ്പര്‍ പരിശോധിക്കുക."


അവളുടെ മുഖത്തെ അമ്പരപ്പ് ഒഴിവാക്കാനായി അശ്വിന്‍ പറഞ്ഞു.


"നീ റിലാക്സ് ചെയ്യു. എത്രയും വേഗം ഈ ജോലി വിട്ടു നാട്ടിലൊക്കെ ഒന്നു പോയി. ഉഷാറായിട്ടു വാ. എന്നിട്ടു അധികം സ്ട്രെസ്സ് ഇല്ലാത്ത ഒരു ജോലി നമുക്കു സെറ്റ് ആക്കാം. എവരിതിംഗ് വില്‍ ബീ ഫൈന്‍. അപ്പോ ഞാന്‍ പോട്ടേ ?"


"ഓ കെ അശ്വിന്‍. താങ്കസ് ഫോര്‍ യുവര്‍ സപ്പോര്‍ട്ട്."


"താങ്ക്സോ? എനിവെയ്സ്. ടേക്ക് കെയര്‍."

***************************

അശ്വിന്‍ കണ്‍മുന്നില്‍ നിന്നു മറയും വരെ അവള്‍ നോക്കി നിന്നു. കണ്ണുകളിറുക്കിയടച്ച് ഒരു ദീര്‍ഘ നിശ്വാസം പുറപ്പെടുവിക്കവേ അവളുടെ ഫോണ്‍ റിംഗ് ചെയ്തു .


"ഐസക്... ?"


"നീ എന്നെ വിളിച്ചായിരുന്നല്ലേ. ഞാന്‍ കുറച്ചു തിരക്കായിരുന്നു. അതു പോട്ടേ ഈ അശ്വിന്‍ ശരിക്കും സൈക്ക്യാട്ട്രിസ്റ്റ് ആണോ?"


"ആണെങ്കില്‍ നിങ്ങള്‍ക്കെന്താ?"


"ന്യൂസ്പേപ്പര്‍ കൃത്യമായി വരുത്തിച്ചിട്ടും വായിക്കാറില്ലല്ലേ?"


"ഐസക്. പ്ലീസ് ലീവ് മീ എലോണ്‍…"


"ഓ കെ. ബട്ട് പ്ലീസ് റീഡ് ന്യൂസ്പേപ്പര്‍സ്."


പതിവുപോലെ ഒരു പതിഞ്ഞ ചിരിയോടെ ആ കോളും കട്ടായി. അവളുടെ ശ്രദ്ധ അകത്ത് ടേബിളിലിരുന്ന പത്രത്തിലേക്കു തിരിഞ്ഞു. അല്‍പ്പം സങ്കോചത്തോടെ തന്നെ അവള്‍ ആ പത്രം തുറന്നു. അതിന്റെ കോണിലെ ഒരു വാര്‍ത്തയില്‍ അവളുടെ കണ്ണുകളുടക്കി.


"വാഹനാപകടത്തില്‍ യുവാവ് മരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ സൈക്ക്യാട്ട്രിസ്റ്റ് ആയി ജോലി ചെയ്തിരുന്ന അശ്വിന്‍ [28] എന്ന യുവാവാണ് ഇന്നലെ വൈകുന്നേരം അരൂരിനടുത്തുണ്ടായ ബൈക്കപകടത്തില്‍ മരണപ്പെട്ടത്."


അപ്പോഴേക്കു അരികെ കണ്ടതില്‍ നിന്നും സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാവാതെ അവള്‍ തളര്‍ന്നു വീണിരുന്നു.

©©©©©©©©©©©©©©©©©©©©©©