ഞാൻ സന്ദീപും ആയി കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങിയപ്പോൾ എന്റെ ക്ലാസ്സിലെ മറ്റു ഫ്രണ്ട്‌സ് എന്നോട് പിണങ്ങി. \"നിനക്കിപ്പോൾ നമ്മളെ ഒന്നും വേണ്ട. മറ്റേ ക്ലാസ്സിലെ പിള്ളേരും ആയല്ലേ കൂട്ട് ?\" എന്നൊക്കെ ആയി. അത് പോലെ തന്നെ ആയിരുന്നു സന്ദീപിന്റെ ക്ലാസ്സിലെ അവന്റെ ഫ്രണ്ട്സും. ഞങ്ങൾ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അന്ന് ഞങ്ങൾ രണ്ടു ക്ലാസ്സിലെ കുട്ടികളും കെമിസ്ട്രി ട്യൂഷന് ഒരുമിച്ചു ഒരു ട്യൂഷൻ ക്ലാസ്സിലാണ് പോയിരുന്നത്. ഞങ്ങളുടെ കൂടെ യു. പി. സ്കൂളിൽ പഠിച്ച വിപിൻ ഇപ്പോൾ വേറെ സ്കൂളിൽ ആണ് പ്ലസ് ടു പഠിക്കുന്നത്. പക്ഷെ അടുത്തിടെ ആയി അവൻ അവിടെ ട്യൂഷന് ചേർന്നു. അവൻ പറഞ്ഞാണ് ഞാനും സന്ദീപും അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഒരുമിച്ചു ആയിരുന്നു, ബെസ്ഡ് ഫ്രണ്ട്‌സ് ആയിരുന്നു എന്നൊക്കെ എല്ലാരും അറിഞ്ഞത്. അത് കേട്ടപ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ ഫ്രണ്ട്‌സിന്റെ പിണക്കം ഒക്കെ മാറി. പണ്ടേ ബേസ്ഡ് ഫ്രണ്ട്‌സ് ആയിട്ട് പ്ലസ് വൺ പാതി വരെ നിങ്ങൾ തമ്മിൽ അതികം മിണ്ടാറില്ലലോ എന്നാണ് അവർക്കു സംശയം. അതിനു ഞങ്ങൾക്കും ഉത്തരം ഇല്ലായിരുന്നു.
അങ്ങനെ ദിവസങ്ങൾ സന്തോഷകരമായി കടന്നു പോയി. ഞാനും സന്ദീപിനും ഒരുമിച്ചു കളിച്ചു ചിരിച്ചു നടന്ന് ആസ്വദിച്ച നിമിഷങ്ങൾ ആയിരുന്നു. ക്ലാസ് കട്ട് ചെയാനും, പടത്തിന് പോവാനും, കറങ്ങാനും എന്ന് വേണ്ട, അടിച്ചു പൊളിച്ചു ആർമാദിച്ച സമയം ആയിരുന്നു അത്. എപ്പോഴും വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കൊണ്ട് വരുമെങ്കിലും ഭക്ഷണം കൊണ്ട് വരാത്ത ദിവസങ്ങളിൽ പുറത്തു ഹോട്ടലിൽ നിന്ന് കഴിക്കും. സ്കൂളിന് അടുത്ത് കഴിക്കാൻ ആകെ ഒരു ഹോട്ടൽ മാത്രേ ഉള്ളു. അത് ഗോപാലേട്ടന്റെ ചായ കട ആണ്. വീടിനു ചേർന്നുള്ള ഒരു കൊച്ചു ചായക്കട ആണ്. അവിടെ ഗോപാലേട്ടനും ഭാര്യയും സ്നേഹത്തോടെ വിളമ്പുന്ന ചോറും കറികൾക്കും ഒരു പ്രേത്യേക സ്വാദാണ്. പൊതുവെ ചായയും പലഹാരങ്ങളും ആണ് ഉണ്ടാവാറുള്ളത്. ഉച്ച സമയത്തു ആ നാട്ടിന്പുറത്തുള്ളവർക്കും സ്കൂൾ കുട്ടികൾക്കും ആയി ഊണുണ്ടാവും. അന്ന് ഗോപാലേട്ടന്റെ കടയിൽ കുട്ടികൾക്കു മാത്രമായി ഹാഫ് മീൽസ് ഉണ്ടായിരുന്നു. അതിനു അന്ന് പത്തു രൂപ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. ഇടക്കൊക്കെ ചോറ്റുപാത്രം കൊണ്ട് പോവാത്ത ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് കഴിക്കാൻ അച്ഛൻ കാശു തരും. വീട്ടിൽ നിന്ന് ഫുൾ മീൽസിന്റെ കാശു വാങ്ങി ഗോപാലേട്ടന്റെ കടയിലെ ഹാഫ് മീൽസ് കഴിക്കും. എന്നിട്ടു ബാക്കി കാശൊക്കെ ചേർത്ത് വച്ച് പടം കാണാൻ പോകും.
തിയേറ്ററിൽ പോയി പടം കാണുന്നത് സന്ദീപിന് ഒരു തരം ഹരം ആയിരുന്നു. ഒന്ന് രണ്ടു വട്ടം അവനൊപ്പം പോയതിൽ പിന്നെ, ആ വട്ടു പതിയെ പതിയെ എന്റെ ഞരമ്പുകളിലേക്കും പകർന്നു. അതിനു ശേഷം ആ കാലഘട്ടത്തിൽ ഇറങ്ങിയ പടങ്ങൾ മിക്കവാറും ഞങ്ങൾ പോയി കണ്ടിട്ടുണ്ട്. ആ രണ്ടു വര്ഷം ഇറങ്ങിയ കൂതറ പടങ്ങൾ വരെ ഞങ്ങൾ പോയി കണ്ടിട്ടുണ്ടു. സ്കൂളിലെയും ട്യൂഷൻ ക്ലാസിലെയും മാഷന്മാരുടെയും, വീട്ടുകാരുടെയും, പിന്നെ വീട്ടിൽ പറഞ്ഞു കൊടുക്കാൻ മുട്ടി നിൽക്കുന്ന അലവലാതി നാട്ടുകാരുടെയും ഒക്കെ കണ്ണ് വെട്ടിച്ചു പടം കാണുന്നത് ഒരു വലിയ വെല്ലു വിളി തന്നെയാണ്. ആദ്യം തന്നെ ക്ലാസ്സിലെ പിള്ളേർക്ക് കിറ്റ്കാറ്റ് മേടിച്ചു കൊടുത്ത് അറ്റന്റൻസ് പറയാൻ ഏൽപ്പിക്കണം. എന്നിട്ടു ലഞ്ച് ബ്രേക്കിനിടക്ക് സ്കൂളിൽ നിന്ന് മാഷന്മാർ കാണാതെ ബാഗുമെടുത്തു മുങ്ങി ഗോപാലേട്ടന്റെ ചായക്കടയുടെ മറു വശത്തേക്ക് വച്ച് പിടിക്കും. അവിടെ വച്ച് യൂണിഫോം മാറി പകരം ബാഗിൽ കരുതി വച്ച കളർ ഷർട്ട് എടുത്തു ഇടും. യൂണിഫോം ഇട്ടു ക്ലാസ്സ് കട്ട് ചെയ്താൽ പെട്ടന്ന് കണ്ടു പിടിക്കാത്തിരിക്കാൻ ഒരു ഷർട്ട് ബാഗിൽ കരുതി വക്കുന്നത് പതിവാണ്. ഞങ്ങൾ ചായക്കടയുടെ ഓരത്തു നിന്ന് ഷർട്ട് മാറുന്നത് ഇടക്കൊക്കെ ഗോപാലേട്ടൻ കാണാറുണ്ടെങ്കിലും മാഷന്മാരോട് പറയാതെ കണ്ണടക്കും. ആ റൂട്ടിൽ ഉച്ച സമയത്തൊക്കെ വല്ലപ്പോഴും മാത്രമേ ബസ് ഉള്ളു. മിക്കവാറും ഞങ്ങൾ ജീപ്പിനു കൈ കാണിച്ചു, അതിന്റെ പിന്നിൽ തൂങ്ങി പിടിച്ചാണ് ടൗണിലേക്ക് പോവുന്നത്. ബാക്കിയുള്ള പടങ്ങൾ ഒക്കെ റിലീസ് ചെയ്തു ആദ്യത്തെ ആഴ്ചക്കുള്ളിൽ കണ്ടാൽ മതി. പക്ഷെ ലാലേട്ടന്റെ പടങ്ങൾ റിലീസ് ആവുന്ന വെള്ളിയാഴ്ച തന്നെ ഉറപ്പായും കണ്ടിരിക്കണം എന്ന് അവനു നിര്ബന്ധമാണ്. ലാലേട്ടനെ പറ്റി പറയുമ്പോൾ സന്ദീപിന് നൂറു നാവാണ്. ലാലേട്ടന്റെ പടത്തിന്റെ ടിക്കറ്റിനു റിലീസ് ദിവസം വലിയ ചേട്ടന്മാരൊക്കെ ഉന്തും തല്ലും നടത്തുമ്പോഴാണ് ഞങ്ങൾ രണ്ടു ചീള് പിള്ളേർ ഓടി പിടിച്ചു തിയേറ്ററിൽ എത്തുക. ടിക്കറ്റ് കിട്ടുന്നത് തന്നെ ഒരു ബാലി കേറാമല ആയിരുന്നു. എന്നാലും ചേട്ടന്മാരുടെ ബഹളത്തിന് ഇടയിലൂടെ തന്ത്രത്തിൽ ടിക്കറ്റ് ഒപ്പിക്കാൻ സന്ദീപിന് പ്രേത്യേക കഴിവായിരുന്നു. അന്ന് തിയേറ്ററിൽ ഒരു ഉത്സവം തന്നെ ആയിരിക്കും.
അങ്ങനെ പ്ലസ് വണ്ണിൽ ഉള്ള ഒരു വെള്ളിയാഴ്ച ദിവസം പടം കഴിഞ്ഞപ്പോൾ സന്ധ്യ ആയിരുന്നു. പടം കണ്ടു ബസ് സ്റ്റാൻഡിലേക്ക് നടക്കുകയാണ്. തിയേറ്ററിൽ നിന്ന് ബസ് സ്റ്റാന്റിലേക്കുള്ള ആ നടത്തത്തിനു ഇടയിലാണ് മിക്കപ്പോഴും ഞങ്ങളുടെ മൂവി റിവ്യൂ സംസാരങ്ങൾ ഒക്കെ. എന്നിട്ടു ബസ് സ്റ്റാൻഡിൽ എത്തി അവിടത്തെ ടോയ്‌ലെറ്റിൽ കയറി ഷർട്ട് മാറി വീണ്ടും യൂണിഫോം ഇട്ടു വേണം വീട്ടിലേക്കു പോവാൻ. അന്ന് കണ്ട പടത്തെ പറ്റി സംസാരിച്ചു കൊണ്ട് ബസ് സ്റ്റാൻഡിലേക്ക് നടക്കുന്ന വഴി ഒരു ജ്യൂസ് കടയിൽ ചിക്കു ഷേക്ക് എന്ന ബോർഡ് കണ്ടു. അപാര സ്വാദാണെന്ന് കേട്ടിട്ടുണ്ടെങ്കിലും, ഞാൻ അത് വരെ ചിക്കു ഷേക്ക് കഴിച്ചിട്ടില്ല. കൊതി ഉള്ളിൽ ഒതുക്കാനാകാതെ ഞാൻ സന്ദീപിനെ പിടിച്ചു നിർത്തി കാര്യം പറഞ്ഞു.
ഞാൻ : \"ഡാ സന്ദീ... നമുക്ക് ചിക്കു ഷേക്ക് കഴിച്ചാലോ.\"
സന്ദീപ് : \"ഇപ്പോഴോ ? ഇനിയും വൈകിയാൽ അമ്മ എന്നെ വീട്ടിൽ കേറ്റൂല്ല മോനെ...\"
ഞാൻ : \"പ്ളീസ് ഡാ. ഞാൻ ഇത് വരെ ടേസ്റ്റ് ചെയ്തിട്ടില്ല.\"
സന്ദീപ് : \"ഒന്ന് പോയെടാ ആദി.. ഇപ്പൊ തന്നെ നേരം വൈകി. പിന്നെ കഴിക്കാം\"
വൈകി എന്ന് അറിയാ, എന്നാലും എനിക്ക് കഴിക്കണം എന്ന് വല്ലാത്ത ആഗ്രഹം. അവന്റെ മറുപടി കേട്ട് ഞാൻ മുഖം വാടിയ പോലെ മിണ്ടാതെ നടന്നു. അത് എന്റെ ഒരു അടവായിരുന്നു. എന്റെ മുഖം വാടിയാൽ അവൻ രണ്ടും കല്പിച്ചു ചെയ്തു തരും എന്ന് എനിക്കറിയാം. കുറച്ചു നടന്ന ശേഷവും എന്റെ വാടിയ മുഖത്തിനു മാറ്റം ഇല്ലെന്നു കണ്ട അവൻ നടത്തം നിർത്തി. ഒപ്പം എന്നെയും പിടിച്ചു നിർത്തി.
സന്ദീപ് : \"മതി മതി നിന്റെ ആക്ടിങ്. വാ.. കാശുണ്ടോ നു നോക്കാം\"
ഞാൻ : \"ഹഹ.. ആക്ടിങ് ആണെന്ന് അറിഞ്ഞിട്ടു എന്തിനാ നിന്നെ..\"
സന്ദീപ് : \"അത് പിന്നെ നീ ആയി പോയില്ലേ..\"
രണ്ടു പേരുടെ കൈയിലും ഉള്ള കാശു അവൻ എണ്ണി പെറുക്കി നോക്കി. ബസ് കാശു മാറ്റി വച്ചാൽ കഷ്ടിച്ച് ഒരു ചിക്കു ഷേക്ക് വാങ്ങാൻ മാത്രം ഉള്ള കാശുണ്ട്. ഞങ്ങൾ അവിടെ കയറി. സന്ദീപ് ഒരു ചിക്കു ഷേക്ക് ഓർഡർ ചെയ്തു. തിരക്ക് കാരണം കിട്ടാൻ പിന്നെയും വൈകി. നേരം ഇരുട്ടി വരുന്നുണ്ട്. ചിക്കു ഷേക്ക് വന്നപ്പോൾ അവൻ എന്നോട് കുടിച്ചോളാൻ പറഞ്ഞു എന്റെ മുന്നിലേക്ക് നീക്കി വച്ച്. എന്നിട്ടു ഒരു കുഞ്ഞിന്റെ വാശി നോക്കി നിൽക്കുന്ന കൗതുകത്തോടെ എന്നെ നോക്കി നിന്നു. ഞാൻ പോയി ഒരു സ്ട്രാ കൂടെ എടുത്തു വന്നു, ഞങ്ങൾ രണ്ടു പേരും ഒരു ഗ്ലാസ്സിൽ രണ്ടു സ്ട്രാ ഇട്ടു കഴിച്ചു. അതു കഴിഞ്ഞപ്പോഴേക്കും നേരം നന്നേ ഇരുട്ടിയിരുന്നു. അപ്പോഴാണ് വൈകി എന്നോർത്ത് എനിക്കും പേടി തട്ടി തുടങ്ങിയത്. പിന്നെ രണ്ടു പേരും എങ്ങനെയെങ്കിലും വീട്ടിലേക്കുള്ള ബസ് പിടിക്കാനായി സ്റ്റാന്ഡിലേക്കു ഒരു ഓട്ടം തന്നെ ആയിരുന്നു.
ബസ് പിടിച്ചു വീട്ടിൽ എത്തുമ്പോഴേക്കും അമ്മയും അനിയത്തിയും മുറ്റത്തു ഇറങ്ങി കാത്തു നിൽക്കുന്നുണ്ട്. ദൂരെ നിന്നു അമ്മയെ കണ്ട ഞാൻ പറയാൻ കള്ളങ്ങൾ മെനഞ്ഞു വച്ചിരുന്നു. വിഷമത്തോടെ കാത്തിരുന്ന അമ്മയുടെ മുഖം എന്നെ കണ്ടതും ദേഷ്യം കൊണ്ട് ചുവന്നു. ഞാൻ അടുത്ത് എത്തിയതും ചോദ്യവും പറയലും ഒന്നും ഉണ്ടായില്ല. എടുത്തിട്ട് നല്ല കണക്കിന് തലങ്ങും വിലങ്ങും അടിയായിരുന്നു. അടി വാങ്ങി കൂട്ടുന്നതിനിടയിൽ ഞാൻ തീരുമാനിച്ചുറപ്പിച്ച കള്ളം ഒരു മടിയും ഇല്ലാതെ പറഞ്ഞു.
ഞാൻ : \"അമ്മെ.. അടിക്കല്ലേ..\"
അമ്മ : \"സ്കൂൾ വിട്ടു കറങ്ങി തിരിഞ്ഞു വീട്ടിൽ എത്തുന്ന സമയം ആണോ ഇത് ? വിളക്ക് വക്കും മുന്നേ വീട്ടിൽ എത്തണം എന്ന് നിന്നോട് ഞാൻ പറഞ്ഞില്ലേ ?\"
ഞാൻ : \"അമ്മെ.. ഇന്ന് സ്കൂളിൽ സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു.\"
അമ്മ : \"ഫ.. നിന്റെ ഒരു സ്പെഷ്യൽ ക്ലാസ്സ്... കള്ളം പറയുന്നോ ?\"
അതും പറഞ്ഞു വീണ്ടും കിട്ടി കൈയിലും കാലിലും രണ്ടെണ്ണം.
ഞാൻ : \"സത്യാണ് അമ്മെ... സ്പെഷ്യൽ ക്ലാസ്സുണ്ടായിട്ടാ വൈകിയേ...\"
അമ്മ : \"മിണ്ടരുത് നീ... ഇന്നത്തോടെ നിർത്തിക്കോ...\"
ഞാൻ : \"അമ്മെ മതി.. വേദനിക്കുന്നു...\"
അമ്മ : \"വേദന ഇത്രേം പോരാ.. ബാക്കി നിന്റെ അച്ഛൻ വരട്ടെ..\"
ഞാൻ : \"അമ്മെ... സോറി.. ഇനി വൈകില്ല... അച്ഛനോട് പറയല്ലേ..\"
എനിക്കൊന്നും മനസ്സിലായില്ല. സാദാരണ ഞാൻ എന്ത് പറഞ്ഞാലും കണ്ണടച്ച് വിശ്വസിക്കുന്ന അമ്മയാണല്ലോ. ഇനി പടം കാണാൻ പോയപ്പോൾ നാട്ടുകാർ ആരെങ്കിലും കണ്ടു വീട്ടിൽ പറഞ്ഞു കൊടുത്തോ ? ആ.. അത് തന്നെയാവും കാര്യം. അങ്ങനെ കുറെ അലവലാതി നാട്ടുകാർ ഉണ്ട്.
നാട്ടിൽ അത്യാവശ്യം അറിയുന്ന മാഷിന്റെ മോൻ ആയതിനാൽ ഞാൻ എവിടെ പോയാലും, എന്ത് ചെയ്താലും ആരെങ്കിലും എന്നെ തിരിച്ചറിയും. വെറുതെ കടയിൽ ഒന്ന് പോയാൽ ഏതെങ്കിലും അമ്മാവന്മാർ ചോദിക്കും \"വടക്കേ പറമ്പിലെ കുട്ടി അല്ലെ..?\" ഇനി ഒന്ന് ലൈബ്രറിയിൽ പോയാൽ, അല്ലെങ്കിൽ ഗ്രൗണ്ടിൽ കളിയ്ക്കാൻ പോയാൽ ചേട്ടന്മാർ ചോദിക്കും \"സദാനന്ദൻ മാഷുടെ മോൻ അല്ലെ..?\" ചങ്ങാതിമാരുടെ കൂടെ നാട്ടു വരമ്പിൽ ചുറ്റി നടന്നാൽ, അതിലെ പോകുന്ന പെണ്ണുങ്ങൾ ചോദിക്കും \"മോൻ വടക്കേ പറമ്പിലെ അല്ലെ ? എന്താ ഇവിടെ കറങ്ങുന്നേ ? അമ്മ ഇല്ലേ വീട്ടിൽ ?\" ചെറുപ്പം മുതൽ കേട്ട് കേട്ട് മടുത്തിരിക്കുന്നു. അതൊക്കെ കേൾക്കുമ്പോഴേ എനിക്ക് ചൊരിഞ്ഞു വരും. ഇനി അഥവാ തിരിച്ചറിയുന്നെങ്കിൽ എനിക്ക് എന്താ ഒരു പേരില്ലേ.
ഒരു പട്ടത്തെ പോലെ പാറി നടക്കാൻ കൊതിക്കുന്ന കൗമാരത്തെ ഇങ്ങനെയുള്ള ബന്ധങ്ങളുടെ തിരിച്ചറിയൽ ചരടിനാൽ തളച്ചിടുന്ന അനുഭവം എനിക്ക് മാത്രം ചെറുപ്പം മുതലെ ഉണ്ടായിരുന്നു. ആരും തിരിച്ചറിയപ്പെടാതെ ഇരിക്കുമ്പോഴുള്ള ഒരു സ്വാതന്ത്ര്യം ഉണ്ട്. എന്റെ പ്രായത്തിലുള്ള കുട്ടികൾ അത് ആവോളം ആസ്വദിക്കുന്നതും എല്ലാ കുരുത്തക്കേടും ഒപ്പിക്കുന്നതും ഞാൻ നിസ്സഹായനായി നോക്കി നിന്നിട്ടുണ്ട്. എനിക്കാണെങ്കിൽ എല്ലാത്തിനും നൂറു പേരെ ബോധിപ്പിക്കണം. ചിലപ്പോഴൊക്കെ തോന്നും ഞാൻ എവിടെയും പോവാതെ വീട്ടിൽ തന്നെ ആയി പോവാൻ ഈ ചോദ്യങ്ങളുടെ സ്വാതന്ത്ര്യമില്ലായ്മയ്ക്കും ഒരു പങ്കുണ്ട്.
ഇതേ കാരണം കൊണ്ടാണ് ഞാൻ ടൗണിലുള്ള സ്കൂളിൽ വാശി പിടിച്ചു പോകാൻ കാരണം. അവിടെ സന്ദീപിന്റെ കൂടെയുള്ളപ്പോഴായിരുന്നു ഇതിൽ നിന്ന് ഒരു മോചനം. പക്ഷെ അതും വീട്ടിൽ വന്നു പറഞ്ഞു കൊടുത്തോ ? ഞാൻ കരഞ്ഞു കൊണ്ട് നാട്ടുകാരെ പ്രാകി കൊണ്ട് റൂമിൽ എത്തി. ബാഗും വച്ച് കണ്ണാടിക്കു മുന്നിൽ ഷർട്ട് മാറാൻ നിൽക്കുമ്പോഴാണ് എനിക്ക് പറ്റിയ അമളി മനസ്സിലായത്. ചിക്കു ഷേക്ക് ഒക്കെ കഴിച്ച് വൈകിയ ടെൻഷനിൽ ഓടി ബസ് പിടിക്കുന്നതിനു ഇടയ്ക്കു കളർ ഷർട്ട് മാറ്റി യൂണിഫോം ഇടാൻ മറന്നു പോയി. രാവിലെ യൂണിഫോം ഇട്ടു സ്കൂളിൽ പോയ മകൻ ഇരുട്ടിയ ശേഷം കളർ ഷർട്ടും ഇട്ടു തിരിച്ചു വന്നു സ്പെഷ്യൽ ക്ലാസ് എന്ന് പറയുമ്പോൾ വിശ്വസിക്കാൻ മാത്രം മണ്ടിയല്ല എന്റെ അമ്മ. വെറുതെ നാട്ടുകാരെ പ്രാകി. എന്തായാലും അച്ഛന്റെ കയ്യിൽ നിന്ന് വീണ്ടും അടി കിട്ടാതിരിക്കാൻ ഞാൻ ചോറും തിന്നു നേരത്തെ കയറി കിടന്നു. ഉറക്കം വന്നില്ലെങ്കിലും ഇടയ്ക്കു അമ്മ വന്നു നോക്കിയപ്പോൾ ഞാൻ ഉറങ്ങുന്നതായി അഭിനയിച്ചു. അച്ഛൻ വന്ന സംസാരം കേട്ടപ്പോൾ എന്റെ നെഞ്ച് ഇടിക്കുന്നുണ്ടായിരുന്നു. അച്ഛൻ അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ എന്റെ കാര്യം തിരകുന്നതു ഞാൻ കാതു കൂർപ്പിച്ചു കേട്ടു.
അച്ഛൻ : \"ആദി എവിടെ ? അവൻ കഴിച്ചോ ?\"
അമ്മ : \"അവൻ എന്റെ കയ്യിന്നു നല്ലണം അടി വാങ്ങിട്ടു നേരത്തെ കിടന്നുറങ്ങി.\"
അതിനു പിന്നാലെ അമ്മ കാര്യം ഒക്കെ വിസ്തരിച്ചു പറഞ്ഞു കൊടുത്തു. ഇനിയിപ്പോൾ ഏതു നിമിഷവും അച്ഛൻ എന്നെ വിളിച്ചുണർത്തി തല്ലും എന്ന ചിന്തയിൽ ഞാൻ ശ്വാസം അടക്കി കിടന്നു. പക്ഷെ അമ്മ പറഞ്ഞത് മൂളി കേട്ടതല്ലാതെ, അച്ഛൻ ഒന്നും പറഞ്ഞോ എഴുനേറ്റു വന്നോ ഇല്ല. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു രാത്രി കിടക്കും മുന്നേ അച്ഛൻ എന്റെ മുറിയിലേക്ക് വന്നു. എന്റെ നെഞ്ച് ശക്തിയിൽ ഇടിക്കാൻ തുടങ്ങി. ഞാൻ ഉറക്കം നടിച്ചു കിടന്നു. ഏതു നിമിഷവും ഒരു അടി ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അച്ഛൻ പതിവ് പോലെ എന്റെ പുതപ്പൊക്കെ നേരെയാക്കി നെറ്റിയിൽ ഒന്ന് തലോടി ലൈറ്റ് ഓഫ് ചെയ്തു തിരിച്ചു പോയി. എനിക്ക് വല്ലാതെ കുറ്റ ബോധം തോന്നി.
എങ്കിലും വീട്ടിലെ കാര്യമേ കഴിഞ്ഞുള്ളു. ഇനി തിങ്കളാഴ്ച സ്കൂളിൽ പോയാൽ മാഷന്മാർ പൊക്കിയെങ്കിൽ അതിന്റെ അടി വേറെ വാങ്ങണം. വെള്ളിയാഴ്ച ദിവസങ്ങളിൽ ഇങ്ങനെ ക്ലാസ് കട്ട് ചെയ്തു മുങ്ങുന്നതിൽ രണ്ടു ഗുണങ്ങൾ ആണ്. ഒന്നാമത്തെ കാരണം അന്നാണ് പുതിയ പടങ്ങൾ റിലീസ് ആവുന്നത്. പരണ്ടാമത് അഥവാ മാഷന്മാർ അറിഞ്ഞാലും അടുത്ത തിങ്കളാഴ്ച ആവുമ്പോഴേക്കും ചിലപ്പോൾ അവരോടു മറന്നു പോകും. എങ്കിലും കണക്കിന്റെ മാഷ് ആ മൊട്ടത്തലയിൽ എല്ലാം ഓർത്തു വക്കും. ആ മൊട്ട തലയുടെ കൈയിൽ നിന്ന് ചൂരല് കൊണ്ട് അടി വാങ്ങി കൂട്ടിയതിനു കൈയും കണക്കും ഇല്ല.
അത് കഴിഞ്ഞു തിങ്കളാഴ്ച ക്ലാസ്സിൽ പോയപ്പോൾ ഭാഗ്യത്തിന് ഇത്തവണ മാഷന്മാർ ആരും ഞങ്ങളെ പൊക്കിയിട്ടില്ല. അന്ന് സന്ദീപിനെ കണ്ട ഉടനെ അവൻ പറഞ്ഞു
സന്ദീപ് : \"എടാ തെണ്ടീ.. നിന്റെ ചിക്കു കൊതി കാരണം എനിക്ക് വെള്ളിയാഴ്ച നല്ലണം കിട്ടി\"
അതു കേട്ടപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ : \"ഹഹ.. നിനക്കും കിട്ടിയാ ? എനിക്കും അമ്മേന്റെ കയ്യിന്നു കിട്ടി.\"
സന്ദീപ് : \"അടിപൊളി. ഇപ്പോഴാണ് എനിക്ക് കിട്ടിയ അടിയുടെ വേദനക്കു ആശ്വാസം ആയെ..\"
തുല്യ ദുഖിതരായതിൽ ഉള്ള ആശ്വാസം അവൻ പങ്കു വച്ചു. എന്തൊക്കെ ആണെങ്കിലും അടുത്ത നല്ല പടം വരുമ്പോൾ വീണ്ടും ക്ലാസ്സു കട്ട് ചെയ്തു ഞങ്ങൾ മുങ്ങും. അങ്ങനെ ക്ലാസിന്നു മുങ്ങി പടം കാണാൻ പോവുന്നതിന്റെ ത്രിൽ ഒന്ന് വേറെ തന്നെയാണ്. അത് പോലെ ഇന്നും ചിക്കു ഷേക്കിന്റെ രുചി നാവിൽ തട്ടുമ്പോൾ എനിക്ക് ആദ്യം ഓര്മ വരുന്നത് സന്ദീപിനെ ആണ്.
ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടാണ് ഓർമകളിൽ നിന്ന് ഞെട്ടി എനിക്ക് സ്ഥലകാല ബോധം വീണ്ടു കിട്ടിയത്. സന്ദീപിന്റെ ചേട്ടൻ എനിക്ക് മറുപടി അയച്ചിട്ടുണ്ട്. ചേട്ടന്റെ ഫോൺ നമ്പറും അയച്ചു തന്നു. സമയം രാത്രി ഒന്നൊര മണി കഴിഞ്ഞിരിക്കും. അവന്റെ ചേട്ടൻ ജോലി ഒക്കെ കഴിഞ്ഞു വന്നു ഉറങ്ങാൻ കിടക്കുമ്പോഴാണ് എന്റെ മെസ്സേജ് കണ്ടു മറുപടി അയച്ചതെന്ന് തോന്നുന്നു. ഞാൻ ചേട്ടന്റെ നമ്പറിലേക്കു വിളിക്കാൻ ഒരുങ്ങി. പക്ഷെ ചേട്ടനെ വിളിച്ചിട്ടു എന്ത് പറയും എന്നോർത്ത് കൺഫ്യൂഷൻ ആയി. ഓരോ തവണ ധൈര്യം സംഭരിച്ചു സന്ദീപിന്റെ ചേട്ടന്റെ നമ്പർ ഡയല് ചെയ്യാൻ എടുക്കുമ്പോഴും എനിക്ക് കൈ വിറക്കുന്നുണ്ട്. വിളിച്ചിട്ടു എന്ത് പറയും ? എങ്ങനെ പറയും?
(തുടരും...)