Aksharathalukal

അറിയാതെ പോയ കഥ - 8

സന്ദീപിന്റെ ചേട്ടൻ എനിക്ക് മറുപടി അയച്ചിട്ടുണ്ട്. ചേട്ടന്റെ ഫോൺ നമ്പറും അയച്ചു തന്നു. പക്ഷെ ചേട്ടനെ വിളിച്ചിട്ടു എന്ത് പറയും എന്നോർത്ത് കൺഫ്യൂഷൻ ആയി. ഓരോ തവണ ധൈര്യം സംഭരിച്ചു സന്ദീപിന്റെ ചേട്ടന്റെ നമ്പർ ഡയല് ചെയ്യാൻ എടുക്കുമ്പോഴും എനിക്ക് കൈ വിറക്കുന്നുണ്ട്. വിളിച്ചിട്ടു എന്ത് പറയും ? എങ്ങനെ പറയും?


ഒടുവിൽ എനിക്ക് തോന്നി ഞാൻ സന്ദീപിന്റെ ചേട്ടനോട് ഇതൊക്കെ പറയുന്നതിലും എന്ത് കൊണ്ടും നല്ലതു ആശുപത്രിയിൽ കൂടെയുള്ള അവന്റെ റൂംമേറ്റ്സ് തന്നെ നേരിട്ട് പറയുന്നതാണെന്നു.ഞാൻ സന്ദീപിന്റെ ചേട്ടന്റെ നമ്പർ അവന്റെ റൂംമേറ്റിന് വാട്സാപ് അയച്ചു കൊടുത്തു. ഞാൻ കുറച്ചു സമയത്തിനുള്ളിൽ അവന്റെ ചേട്ടനോട് വിവരം പറയാം. അപ്പോഴേക്കും നിങ്ങൾ ചേട്ടനെ വിളിക്കണം എന്ന് പറഞ്ഞു ഏല്പിച്ചു.


എന്നിട്ടു അധികം ആലോചിച്ചിരിക്കാതെ രണ്ടും കല്പിച്ചു ഞാൻ സന്ദീപിന്റെ ചേട്ടന്റെ നമ്പറിലേക്കു വിളിച്ചു. അവന്റെ ചേട്ടൻ എന്റെ ഫേസ്ബുക്ക് ഫ്രണ്ട് ആണെങ്കിലും ഞങ്ങൾ തമ്മിൽ കൂടുതൽ കോൺടാക്ട് ഒന്നുമില്ലായിരുന്നു. സായൂജ് ചേട്ടന്റെ ഫേസ്ബുക് പ്രൊഫൈൽ തപ്പിയെടുത്തു. വര്ഷങ്ങള്ക്കു ശേഷമാണ് ഞാൻ അവന്റെ ചേട്ടനോട് സംസാരിക്കുന്നതു. എങ്കിലും അവന്റെ ചേട്ടന് എന്നെ പണ്ട് കണ്ടു സംസാരിച്ച ഓര്മയുണ്ടായിരുന്നു.


ഞാൻ : \\\"ചേട്ടാ.. എവിടെയാ ?\\\"


സായൂജ് ചേട്ടൻ : \\\"ഞാൻ ബാംഗ്ലൂരിൽ ഫ്ലാറ്റിലാ. ഞാൻ വല്ലപ്പോഴുമേ ഫ്‌ബി നോക്കാറുള്ളു. നിനക്കു അവനോടു ചോദിച്ചാൽ പോരായിരുന്നോ എന്റെ നമ്പർ ?\\\"


ഞാൻ : \\\"ചേട്ടാ.. ഒരു കാര്യം ഉണ്ട്. സന്ദീപിന്റെ റൂംമേറ്റ്സ് വിളിച്ചിരുന്നു.\\\"


സായൂജ് ചേട്ടൻ : \\\"എന്തിനു ? എന്താ ഡാ കാര്യം ?\\\"


ഞാൻ : \\\"അത്... അവന് വയ്യാതെ അവിടെ ഹോസ്പിറ്റലിൽ അഡ്‌മിറ്റെഡ് ആണ്.\\\"


സായൂജ് ചേട്ടൻ : \\\"എപ്പോൾ ? എന്താ അസുഖം ? ഇന്നലെയും അവൻ വിളിചിരുന്നല്ലോ..\\\"


ഞാൻ : \\\"അത്... ഇന്നലെ ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയേ..\\\"


സായൂജ് ചേട്ടൻ : \\\"എന്താടാ ? എന്താ പറ്റിയെ ?\\\"


ഞാൻ : \\\"ചേട്ടാ.. അത്...\\\"


എന്റെ ശബ്ദത്തിൽ പതർച്ച കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് ഉണ്ടെന്നു ചേട്ടന് തോന്നി.


സായൂജ് ചേട്ടൻ : \\\"എന്താ കാര്യം നു പറ.. എന്താ പറ്റിയെ ? പറ..\\\"


പതിയെ പകച്ചു കൊണ്ട് ഞാൻ ചേട്ടനോട് പറഞ്ഞു.


ഞാൻ : \\\"ചേട്ടാ.. സന്ദീ ആത്മഹത്യക്ക്‌ ശ്രമിച്ചതാണു.. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. ബ്ലഡ് കുറച്ചു പോയിട്ടുണ്ട്. പക്ഷെ ബ്ലഡ് കയറ്റുന്നുണ്ട്, ഇപ്പോൾ കാര്യമായി കുഴപ്പമില്ല എന്നാ പറഞ്ഞത്..\\\"


അവന്റെ അവസ്ഥ സീരിയസ് ആണെന്ന് മനഃപൂർവം പറഞ്ഞില്ല. അത് എനിക്ക് തന്നെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. എന്നെ കൊണ്ട് അത് പറയാനും കഴിയില്ല. എന്നിട്ടു കൂടി ചേട്ടൻ അപ്പോഴേക്കും ടെൻഷൻ ആയി.


സായൂജ് ചേട്ടൻ : \\\"എന്ത് ? എന്താ ഈ പറയുന്നേ ? അവൻ നിന്നെ വിളിച്ചിരുന്നോ?\\\"


ഞാൻ : \\\"അല്ല.. കുറച്ചു മുന്നേ അവന്റെ റൂംമേറ്റ്സ് വിളിച്ചു പറഞ്ഞതാ... കുറച്ചു ബ്ലഡ് പോയിട്ടുണ്ടെന്നേ ഉള്ളു.. ഇപ്പോൾ കുഴപ്പമില്ല എന്നാ പറഞ്ഞെ..\\\"


സായൂജ് ചേട്ടൻ : \\\"അവൻ എന്തിനു ? ഇല്ല.. അവൻ അങ്ങനെയൊന്നും ചെയ്യില്ല...\\\"


ഞാൻ : \\\"ഹ്മ്.. എന്തിനാ നു എനിക്കും അറിയില്ല ചേട്ടാ. അവൻ കുറച്ചു ദിവസം മുന്നേ എന്നെ വിളിച്ചതാ. അപ്പോൾ ഒന്നും പറഞ്ഞില്ല.\\\"


കുറച്ചു സമയത്തേക്ക് ഒരു മൗനം രണ്ടു പേരിലും പടർന്നിറങ്ങി. അപ്പോഴേക്കും എന്റെ കണ്ണുനീർ മുഖത്തോടെ ഒലിച്ചിറങ്ങി ചാലുകൾ വരച്ചു, അത് ശബ്ദത്തിൽ പ്രതിഫലിച്ചു. ചേട്ടൻ അറിയാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. അതിനു ശേഷം ഞാൻ വീണ്ടും പറഞ്ഞു.


ഞാൻ : \\\"ഞാൻ ചേട്ടന്റെ നമ്പർ അവർക്കു കൊടുത്തിട്ടുണ്ട്, ഇപ്പോൾ വിളിക്കും.\\\"


സായൂജ് ചേട്ടൻ വീണ്ടും ഒരുപാട് ചോദ്യങ്ങൾ ഒന്നിനെ പുറകെ ഒന്നായി എന്നോട് ചോദിച്ചു. പലതിനും എനിക്ക് മറുപടി അറിയില്ല. എന്ത് പറയണം എന്നും അറിയില്ല. എനിക്ക് പറ്റാവുന്ന രീതിയിൽ ഞാൻ മറുപടി പറഞ്ഞു ആശ്വസിപ്പിച്ചു. സന്ദീപിന്റെ റൂംമേറ്റിസിന്റെ നമ്പർ ഞാൻ ചേട്ടന് കൊടുത്തു. കൂടുതൽ കാര്യങ്ങൾ അവർക്കേ അറിയൂ എന്നും പറഞ്ഞു. അപ്പോഴേക്കും ചേട്ടന്റെ ഫോണിൽ ഒരു ISD കാൾ വന്നു. അത് അവന്റെ റൂംമേറ്റ്സ് ആയിരിക്കും എടുക്കു എന്ന് പറഞ്ഞു ഞാൻ കാൾ വച്ചു. ആ കാൾ വന്നത് ഒരു കണക്കിന് നന്നായി എന്ന് ഞാൻ മനസ്സിൽ ആശ്വസിച്ചു. അതിൽ കൂടുതൽ എനിക്ക് പിടിച്ചു നില്ക്കാൻ പറ്റില്ലായിരുന്നു. ഞാൻ സ്വരുക്കൂട്ടിയ ധൈര്യം ഒക്കെ അപ്പോഴേക്കും എന്നിൽ നിന്ന് ചോർന്നു പോയി. എന്റെ കണ്ണിൽ നിന്ന് മിഴിനീർ ഒലിച്ചിറങ്ങി. ഞാൻ തളർന്നു അവിടെ ഇരുന്നു.


സന്ദീപിന്റെ ചേട്ടന്റെ ഫോൺ കാൾ കട്ട് ചെയ്തുള്ള ഇരിപ്പിൽ നിന്ന് എനിക്ക് എഴുനേൽക്കാൻ പോലും കഴിഞ്ഞില്ല. ഞാൻ അവനെ വേണ്ടത്ര മനസ്സിലാക്കാതെ, അറിയാതെ പോയ കൊണ്ടാണല്ലോ അവന്റെ വിഷമം അവൻ എന്നോട് പറയാതിരുന്നത് എന്ന കുറ്റബോധം ഉള്ളിൽ നീറുന്നു. ആകെ ഒരു വയ്യായ്മ. എന്റെ കണ്ണുകൾ കലങ്ങി വീർത്തിരിക്കുന്നു. ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് തള്ളി വരുന്നു.


 സന്ദീപിനെ പറ്റിയുള്ള സായൂജേട്ടന്റെ ഒരുപാടു ചോദ്യങ്ങൾക്കു എനിക്ക് ഉത്തരമില്ലായിരുന്നു. ആകെ ഒരു വയ്യായ്മ. ദൈവ വിശ്വാസം ഒന്നുമില്ലെന്നു മാത്രമല്ല, ശരിക്കു പ്രാർത്ഥിക്കാൻ പോലും എനിക്ക് അറിയില്ല. എങ്കിലും അന്ന് ഞാൻ മൂന്ന് കോടി മുപ്പത്തി മൂന്നു ഈശ്വരന്മാരെയും വിളിച്ചു പ്രാർത്ഥിച്ചു. ഒരു വട്ടമല്ല, ഒരു നൂറു വട്ടം അവനു ഒന്നും വരുത്തരുതേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. മറ്റൊരു വഴിയുമില്ലാതെ ആരുമില്ലാതെ നിസ്സഹായനായ അവസ്ഥയിൽ നമ്മുടെ പ്രാർത്ഥന കേൾക്കാൻ ആരോ ഉണ്ട് എന്ന ഒരു തോന്നലിനു തരാൻ പറ്റുന്ന ഒരുതരം ആശ്വാസം അന്ന് ഞാൻ ആദ്യമായി അറിഞ്ഞു. അത് തന്നെയായിരുന്നു എന്റെ ദൈവം. അതിൽ കൂടുതലായി ഒരു ദൈവത്തെ അറിയാൻ എനിക്ക് അന്നും ഇന്നും കഴിഞ്ഞിട്ടില്ല.


എന്റെ കണ്ണുകൾ കലങ്ങി വീർത്തിരിക്കുന്നു. "സന്ദീപ് എന്തിനു ഇത് ചെയ്തു?" എന്ന ചോദ്യം എന്റെ മനസ്സിൽ കിടന്നു വരിഞ്ഞു മുറുക്കി, അത് എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അവനെ വേണ്ടത്ര മനസ്സിലാക്കാതെ, അറിയാതെ പോയ കൊണ്ടാണല്ലോ അവന്റെ വിഷമം എന്നോട് പറയാതിരുന്നത് എന്ന കുറ്റബോധം എന്റെ ഉള്ളിൽ കിടന്നു നീറുന്നു. അവന്റെ ഏട്ടനോട് സംസാരിച്ച ശേഷം അവരെ പറ്റിയുള്ള ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് തള്ളി വരുന്നു. ആദ്യമായി ഞാൻ സായൂജെട്ടനെ കണ്ട ദിവസം ഓർത്തു.


പ്ലസ് വൺ അവസാന നാളുകളിൽ ഒരു ദിവസം രാവിലെ സന്ദീപ് ബസ് ഇറങ്ങി സ്കൂളിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് വഴിയോരത്തു മരത്തിന്റെ ചുവട്ടിൽ നാല് കമ്പ് നാട്ടി അതിനു ചുറ്റും വല കെട്ടി, ഒരു അണ്ണാച്ചി കോഴികുട്ടികളെ വിൽക്കുന്നത് കണ്ടത്. നല്ല വർണശബളമായി ചുവപ്പും നീലയും മഞ്ഞയും പച്ചയും ഒക്കെ നിറത്തിൽ ഒരുപാട് കോഴികുഞ്ഞുങ്ങൾ. അവ കൂട്ടമായി "കിയോ.. കിയോ.." എന്ന് താളത്തിൽ കരയുന്നുണ്ട്. സന്ദീപിന് അത് കണ്ടു വളരെ കൗതുകവും വാങ്ങണമെന്ന ആഗ്രഹവും തോന്നി. കുറച്ചു സമയം നോക്കി നിന്ന ശേഷം അയാളോട് ചോദിച്ചു.


സന്ദീപ് : "ചേട്ടാ.. വൈകിട്ട് സ്കൂൾ വിടുന്ന സമയം ഇവിടെ ഉണ്ടാവോ ?"


അണ്ണാച്ചി : "ഇല്ല തമ്പി.. മധ്യാഹ്നത്തുക്കുള്ളേ കലമ്പപോരെൻ.."


സിനിമകൾ കണ്ടു പഠിച്ച ഇത്തിരിപൊടി തമിഴ് വച്ച് അവനു കാര്യം മനസ്സിലായി. അതുകൊണ്ടു മനസ്സില്ലാ മനസ്സോടെ അവൻ സ്കൂളിലേക്ക് നടന്നു. മനസ്സിൽ "എന്ത് ചെയ്യാനാ, വാങ്ങിയാൽ ശെരിയാവില്ല, സ്കൂളിലേക്ക് പോകണം" എന്ന് ആത്മഗതം പറഞ്ഞു കുറച്ചു ദൂരം നടന്നു. ഇത്തിരി ദൂരം പിന്നിട്ട ശേഷവും തന്റെ ഉള്ളിലെ ആഗ്രഹം അടക്കാൻ ആവാതെ അവൻ നിന്ന്. എന്നിട്ടു പതിയെ തിരിച്ചു നടന്നു. അണ്ണാച്ചിയോടു കോഴികുഞ്ഞിന്റെ വില ചോദിച്ചു. ബാഗിൽ ഉള്ള കാശു നുള്ളി പെറുക്കി മൂന്ന് കോഴി കുഞ്ഞുങ്ങളെ വേണമെന്ന് അറിയുന്ന തമിഴിൽ പറഞ്ഞു ഒപ്പിച്ചു. എന്നിട്ടു ചുവപ്പും, മഞ്ഞയും, പച്ചയും കളർ സെലക്ട് ചെയ്തു. അണ്ണാച്ചി കാർഡ്ബോർഡ് പെട്ടി തീർന്നു പോയെന്നു പറഞ്ഞു അവനു കോഴി കുഞ്ഞുങ്ങളെ ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടാണ് കൊടുത്തതു. അവൻ അതും കൊണ്ട് സ്കൂളിലേക്ക് വന്നു ക്ലാസ്സിൽ കയറാതെ നേരെ എന്റെ അടുത്തേക്ക് ഓടി വന്നു. ഒന്നും പറയാതെ എന്റെ കൈയും പിടിച്ചു എന്നെ ക്ലാസ്സിന്റെ പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി. ഇവൻ എന്തിനാ ഇങ്ങനെ സ്വകാര്യം പറയാനെന്ന പോലെ ആരും കാണാതെ വിളിച്ചു കൊണ്ട് പോകുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ക്ലാസ്സിന്റെ പുറത്തു ഒരു മൂലയിൽ കൊണ്ട് പോയ ശേഷം പ്ലാസ്റ്റിക് കവർ തുറന്നു കോഴിക്കുഞ്ഞുങ്ങളെ എനിക്ക് കാണിച്ചു തന്നു. ഞാൻ അത്ഭുതപ്പെട്ടു നോക്കി. കാണാൻ നല്ല ക്യൂട്ട് ആണ്. പക്ഷെ കോഴികുഞ്ഞുങ്ങൾ അതിനുള്ളിൽ വീർപ്പു മുട്ടി "കിയോ.. കിയോ.." കരയുന്നുണ്ട്. സ്കൂളിന്റെ ബഹളത്തിൽ ആരും കേൾക്കുന്നില്ല എന്ന് മാത്രം.


സന്ദീപ് എന്തിനാണ്‌ ഇതിനെയും മേടിച്ചു സ്കൂളിലേക്ക് വന്നത് എന്ന് എനിക്ക്ഒരു പിടിയും കിട്ടിയില്ല. അവന്റെ വട്ടുകൾ എല്ലാം അറിയാവുന്ന എനിക്ക് പോലും അത് കണ്ടപ്പോൾ അത്ഭുതം തോന്നി.


ഞാൻ : "ഡാ.. ഇതിനെ എന്തിനാടാ വാങ്ങിച്ചേ ?"


സന്ദീപ് : "ക്യൂട്ട് അല്ലെ ആദി ? എന്ത് രസാണ് കാണാൻ."


ഞാൻ : "എടാ പൊട്ടാ... ഇതിനെയും കൊണ്ട് എന്തിനാ ക്ലാസ്സിലേക്ക് വന്നേ ?"


സന്ദീപ് : "അത് ആ അണ്ണാച്ചി ഉച്ചക്ക് മുന്നേ പോവും. പിന്നെ വാങ്ങാൻ പറ്റില്ല."


ഞാൻ : "ബെസ്റ്.. വൈകീട്ട് വരെ നീ ഇതിനെയും കൊണ്ട് എന്ത് ചെയ്യും ?"


സന്ദീപ് : "അറിയില്ലെടാ.. അങ്ങേരു കാർഡ്ബോർഡ് ബോക്സ് ഇല്ലെന്നു പറഞ്ഞു ഈ കവറിലാണ് തന്നെ.."


ഞാൻ : "എങ്കിൽ കോഴിയും കുഞ്ഞുങ്ങളും എന്തേലും ചെയ്. ഞാൻ ക്ലാസ്സിൽ പോവാ.. ഹഹ.."


സന്ദീപ് : "വളിച്ച കോമഡി പറയാതെ... ഇപ്പൊ ക്ലാസ് തുടങ്ങും. എന്ത് ചെയ്യും നു പറഞ്ഞുതാടാ.. "


ഞാൻ : "ഓരോ പൊട്ടത്തരം കാണിച്ചോണ്ടു വന്നോളും. ഞാൻ എന്ത് പറയാനാ?"


സന്ദീപ് : "എന്തേലും പറഞ്ഞുതാടാ.. പിള്ളേരൊക്കെ കണ്ടാൽ പ്രശ്നാവും."


ഞാൻ : "ആഹ് വാ.. എന്തേലും നോക്കാം."


അവിടെ പരുങ്ങി നിന്നാൽ എല്ലാവരും അറിയും. ആരും അറിയാതെ എങ്ങനെ ഇതിനെ ഒളിപ്പിക്കും എന്നോർത്ത് രണ്ടു പേരും പരുങ്ങി.


(തുടരും...)