Aksharathalukal

നല്ല ഭൂമി

         നല്ല ഭൂമി
      ------------------------


കീറത്തുണിയുടെ വേദാന്തത്തിനു
വിളനിലമല്ലീ ഭൂമി
മാനവരെല്ലാം ഒരുതറവാട്ടിലെ
സോദരരാണീ മണ്ണിൽ!

വിഴുപ്പുഭാണ്ഡം അഴിച്ചു വിതറാൻ
ശ്രമിക്ക വേണ്ടിവിടെ,
ചോരപ്പുഴയുടെ ആരവമിവിടെ
നിശ്ശബ്ദമാവട്ടെ!

നീലാകാശക്കുടയുടെ താഴെ
തഴച്ച പച്ചപ്പാടങ്ങൾ
അരുണിമ വിതറിയ ഉദയക്കതിരിൽ
കുളിച്ചു നില്ക്കട്ടെ!

ഇനിയെന്തിവിടെത്തകരാൻ
ഇനിയാരിവിടെക്കരയാൻ?
വിയർത്തു പഴകിയ നട്ടെല്ലുകളുടെ
കറുപ്പുമാത്രം ബാക്കി!

നിയമം കൊണ്ടൊരു നരകം തീർക്കും
നശിച്ച ഭരണം മാറാൻ
കീറത്തുണികളു കൂട്ടിക്കെട്ടിയ
കൊടിയടയാളം മായാൻ;

ജനാധിപത്യം ചുമച്ചു തുപ്പും
അണുകീടങ്ങൾ
പരന്നു പടരും പനിയുടെ
ഇരുണ്ട നിഴലുകളകലാൻ;

ഉടച്ചുവാർക്കാനുണ്ടീ നാട്ടിൽ
കറുത്ത മനസ്സുകൾ മാത്രം!
സായിപ്പിടെയെറിഞ്ഞ വിഷത്തിൻ
കാലിസ്സഞ്ചികൾ മാത്രം!