ആ ഷെഡിൽ ശക്തിവേൽ എന്ന തമിഴൻ ആയിരുന്നു താമസിച്ചിരുന്നത്
വീട്ടാവശ്യത്തിനുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങൾ തലച്ചുമടായി കൊണ്ടുനടന്നു കച്ചവടമാണ് അയാളുടെ തൊഴിൽ.
എന്നും രാവിലെ ഒൻപതു മണിക്ക് പോയി വൈകിട്ട് ആറു മണിക്ക് തിരിച്ചെത്തും.
ശക്തിവേലു പേരുപോലെ അത്ര ശക്തനായിരുന്നില്ല. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതം തിളക്കമുള്ള കണ്ണുകൾ എപ്പോഴും ചിരിക്കുന്ന മുഖം. വല്ലപ്പോഴും മാത്രം സംസാരിക്കും അതും തമിഴ് കലർന്ന മലയാളത്തിൽ
നാട്ടുകാർക്കെല്ലാം ശക്തിവേലുവിനെ വലിയ കാര്യമാണ്.
സ്നേഹം കൊണ്ട് എല്ലാവരും അയാളെ അണ്ണാച്ചിയെന്നാണ് വിളിക്കുന്നത്.
എന്റെ നാട്ടിൽ വന്നു താമസമാക്കിയ ആദ്യത്തെ തമിഴൻ ഒരുപക്ഷേ ഈ ശക്തിവേൽ അണ്ണാച്ചി ആയിരിക്കണം.
വല്ലപ്പോഴും പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ മാത്രം സ്വന്തം നാട്ടിൽ പോയിരുന്നു.
നാട്ടിൽ നിന്നും മടങ്ങിയെത്തുമ്പോൾ പലപ്പോഴും ശക്തിവേലിൻ്റെ മുഖം വിഷാദം കലർന്നതായി തോന്നിയിട്ടുണ്ട്.
കടുത്ത മാനസിക സമ്മർദ്ദം കാരണം രണ്ടു മൂന്ന് ദിവസം ആരോടും മിണ്ടാറില്ല
സന്ധ്യകളുടെ നേർത്ത പ്രകാശത്തിൽ ഭക്തി സാന്ദ്രമായ ഗാനങ്ങൾ ആ ഷെഡിൻ്റെ ഉള്ളിൽ നിന്നും എന്നും ഒഴുകി എത്താറുണ്ട്.
ആ സന്ധ്യാനേരങ്ങളിലെ സംഗീതത്തിൽ ഞാൻ സ്വയം അലിഞ്ഞു ചേരാറുണ്ട്.
വൃശ്ചികമാസത്തിലെ ഈറൻ സന്ധ്യകളിൽ ഞങ്ങളുടെ നാട്ടിലെ ക്ഷേത്രത്തിൽ ശക്തിവേലു ഭജന ഗാനങ്ങൾ ആലപിക്കിറുണ്ട്
ശക്തിവേലു അണ്ണാച്ചി താമസിച്ചിരുന്നത് ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ്റെ വീട്ടുകാർക്ക് ഒപ്പം ആയിരുന്നു. ആ വീട്ടിലെ ഒരംഗത്തെപ്പോലെ അവർക്കൊപ്പം ഉണ്ടും ഉറങ്ങിയും തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും കഥകൾ പറഞ്ഞും കഴിഞ്ഞു പോന്നു.
ആ ഗ്രാമീണൻ്റ ദൂരത്തുള്ള ബെന്ധു വീടുകളിൽ പോയി ക്ഷേമം അന്വേഷിക്കാനും അവരുടെ സുഖത്തിലും ദുഖത്തിലും പങ്കുചേർന്നും കഴിഞ്ഞു പോന്നു.
ശക്തിവേലു ഇപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ഒരാളായി തീർന്നു.
പലപ്പോഴും ഞാൻ അണ്ണാച്ചിയുമായി വളരെ നേരം സംസാരിക്കാറുണ്ട്.
അപ്പോഴും അയാളുടെ മനസ്സിൽ എന്തോ വിഷമം ഉള്ളതായി എനിക്ക് തോന്നിയിരുന്നു.
വർഷങ്ങളുടെ ഇതളുകൾ ഓരോന്നായി കൊഴിഞ്ഞു തുടങ്ങിയപ്പോൾ അണ്ണാച്ചി നാട്ടിൽ പോകാതെയായി.
നാടുമായുള്ള ബന്ധം ക്രമേണ ഇല്ലാതായിത്തീർന്നു.
എന്റെ നാട്ടിൽ വന്നപ്പോൾ അണ്ണാച്ചി മദ്യപിക്കാറില്ലായിരുന്നൂ.
ഇന്ന് അയാൾ മദ്യത്തിന് അടിമയായി തീർത്തിരിക്കുന്നു.
മദ്യപിച്ചാൽ ആരോടും കയർക്കുകയോ അസഭ്യം പറയുകയോ ചെയ്യാറില്ല.
പലപ്പോഴും ശാന്തനായി കാണപ്പെട്ടു.
അപ്പോഴും അയാളുടെ മുഖത്ത് ദുഃഖങ്ങളുടെ വാടിക്കരിഞ്ഞ വേനൽ പൂക്കൾ കാണാറുണ്ടായിരുന്നു.
ആ മനസ്സിൽ എന്തോ അസഹ്യമായ വേദനകൾ അയാളെ അലോസര പ്പെടുത്തുന്നതായി എനിക്കുതോന്നി.
അന്ന് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയ അയാളുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റതിൻ്റെ പാടുകൾ കാണാമായിരുന്നു.
മുഖം നീരുവന്നു വീർത്ത് ആകെ തകർന്ന അവസ്ഥയിലാണ് ഞാൻ അയാളെ കണ്ടത്.
എന്തു പറ്റി? ഞാൻ തിരക്കി.
നിങ്ങളെ ആരെങ്കിലും മർദ്ദിച്ചോ?
അതോ അണ്ണാച്ചിക്ക് വല്ല അപകടവും പറ്റിയോ ?
അയാൾ അതിനുത്തരം പറഞ്ഞില്ല.
വിങ്ങിപ്പൊട്ടിയ ഹൃദയത്തോടെ മെല്ലെ അയാൾ എൻ്റെ തോളിലേക്ക് അമർന്നു. പൊട്ടിക്കരഞ്ഞു.
ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു അപ്പോഴൊക്കെ മനസ്സിന്റെ നിയന്ത്രണം വിട്ട് തേങ്ങി കരഞ്ഞുകൊണ്ടിരുന്നു.
അവസാനം ആ മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന നൊമ്പരങ്ങളുടെ ഭാണ്ഡം വലിച്ചു പുറത്തിട്ടു
തമിഴ് നാട്ടിൽ തെങ്കാശിക്ക് അടുത്തുള്ള ഒരു ഗ്രാമത്തിലാണ് ശക്തിവേലുവിൻ്റെ കുടുംബം താമസിച്ചിരുന്നത്.
അയാൾ അവിടെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുക ആയിരുന്നു.
അയാളുടെ മാതാപിതാക്കൾ ഇടത്തരം കുടുംബത്തിൽ പെട്ടവരായിരുന്നു.
അയാളുടെ മുപ്പതാമത്തെ വയസ്സിൽ ആയിരുന്നു വിവാഹം.
അടുത്ത ഗ്രാമത്തിലുള്ള ഒരു യൂ പി സ്കൂൾ ടീച്ചർആയിരുന്നു വധു.
വിവാഹ ശേഷം വളരെ സന്തോഷത്തോടെ ആണ് കുടുംബജീവിതം മുന്നോട്ടു പോയിരിക്കുന്നത്.
അതിനിടക്ക് ഒരു മകളും പിറന്നു.
മകൾ നല്ല മിടുക്കി ആയിരുന്നു.
നന്നായി പഠിക്കുമായിരുന്നു അവൾ.
ഒരിക്കൽ ശക്തിവേലുവിൻ്റെ ഫാക്ടറിയിൽ തൊഴിൽ തർക്കം ഉണ്ടായി.യൂണിയനുകൾ സമരം തുടങ്ങി.സമരം നീണ്ടു.മാനേജ്മെൻ്റും സമരക്കാരും വിട്ടു വീഴ്ച ക്ക് തയാറായില്ല.അവസാനം ഫാക്ടറി അടച്ചുപൂട്ടി.
മാസങ്ങൾ കഴിഞ്ഞിട്ടും കമ്പനി തുറക്കാതായപ്പോൾ ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി.
ജോലി നഷ്ടപ്പെട്ട ശക്തിവേലുവും മറ്റു തൊഴിലാളികളും കഷ്ടത്തിലായി.
അവസാനം ഓരോരുത്തരും പല പല പണിക്കും പോയി.
അയാളും പല പണിക്കും പോയി പക്ഷേ ഒന്നും സ്ഥിരമായില്ല
അപ്പോഴേക്കും മകൾ വളർന്നു കഴിഞ്ഞു.
സ്കൂൾ പഠനം കഴിഞ്ഞ് കോളേജിൽ ചേർന്നു പഠിക്കാൻ തുടങ്ങി.
അപ്പോഴേക്കും കുടുംബത്ത് പ്രശ്നങ്ങൾ തലപൊക്കി തുടങ്ങി.
അമ്മയും മകളും ഒരുവശത്ത് അയാൾ നിസ്സഹായനായി തീർന്നു.
തൊഴിൽ ഇല്ലാത്ത ഭർത്താവിന് തീറ്റി പോറ്റാൻ കഴിയില്ലെന്ന് ഭാര്യ തീർത്തു പറഞ്ഞു.
കുടുംബം കലഹം പതിവായി.
അമ്മയും മകളും അയാളെ അവഗണിക്കാൻ തുടങ്ങി. അവസാനം അയാൾ നാടുവിട്ടു.
അങ്ങനെ ആണ് ശക്തിവേലു ഇവിടെ എത്തിയത്.
അവസാനം നാട്ടിൽ പോയി തിരിച്ച് എത്തിയപ്പോൾ മുഖത്തും ശരീരത്തിലും കണ്ട മുറിവുകൾ അമ്മയും മകളും ചേർന്ന് മർദ്ദിച്ചതായിരുന്നു.
അങ്ങനെ നാടിനോടും കുടുംബത്തോടും എന്നേക്കുമായി യാത്രപറഞ്ഞു പിരിഞ്ഞതാണ്.
അതിൽ പിന്നെ ഭാര്യയേയും മകളേയും കാണാൻ നാട്ടിൽ പോയിട്ടില്ല.
ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും കടന്നുപോയി
മുഴുക്കുടിയനായി തീർന്ന അണ്ണാച്ചി വല്ലാതെ ക്ഷീണിച്ചു. ആഹാരം കഴിക്കാതെ മദ്യത്തിന് അടിമയയിത്തീർന്ന അയാൾ കരൾ രോഗത്തിനും അടിമയായി തീർന്നു.
ഒരു രാത്രി വെളുത്തപ്പോൾ അണ്ണാച്ചിയെ കാണാതായി.
എല്ലായിടത്തും തിരക്കി ഒരു വിവരവും കിട്ടിയില്ല.
പാവം വീട്ടുടമസ്ഥൻ അണ്ണാച്ചിയെ തിരഞ്ഞ് നടന്നു.
കേരളത്തിലെ ഏതോ ആശുപത്രിയിൽ ഉണ്ടന്ന് ആരോ പറഞ്ഞറിഞ്ഞ് ആണ് അയാൾ തിരക്കി അവിടെ എത്തിയത്.
അപ്പോഴാണ് അറിഞ്ഞത്.ഒരാഴ്ച മുമ്പ് അണ്ണാച്ചി മരിച്ച വിവരം.
രണ്ടു മൂന്ന് ദിവസം ആരെങ്കിലും തിരക്കി വരും എന്നു പ്രതീക്ഷിച്ച് ജഡം സൂക്ഷിച്ചിരുന്നു.
എന്നാൽ ആരും തിരിക്കി എത്താതിരുന്നതിനാൽ . പഞ്ചായത്ത് ഏറ്റെടുത്തു ഏതോ സ്മശാനത്തിൽ അടക്കം ചെയ്തു.
ശക്തിവേലുവിൻ്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് അയാൾ മടങ്ങി പോന്നു.
**********
മോഹനൻ പീ കെ