Aksharathalukal

ബോൺ (Part 2)

ബോൺ (Part 2)
തുടർക്കഥ
Written by Hibon Chacko
©copyright protected
ചുറ്റുപാടും ശ്രദ്ദിക്കുവാൻ സാധിക്കാതെ, തന്റെ ലക്ഷ്യം മാത്രം മനസ്സിൽക്കണ്ട്, തന്റെ നിയന്ത്രണം അതിനെയേൽപ്പിച്ചവൻ അല്പം മുന്നോട്ട്പോയി. റെയിൽപാളങ്ങൾ അങ്ങനെ കൂട്ടുകാരെ പിരിഞ്ഞു ഇരട്ടയായി മുന്നോട്ട് പോയിത്തുടങ്ങുന്നിടമായി. മുന്നിലെ ചുവന്ന സിഗ്നൽ അവൻ ശ്രദ്ദിച്ചതും പിന്നിൽനിന്നും ഒരു ശബ്ദം കേട്ടു. ഹിബോൺ തിരിഞ്ഞുനോക്കിയതും തന്റെ അല്പം പിന്നിലായി പാളത്തിലേക്ക് വശത്തുനിന്നും കേറിവന്നതുപോലെ ഒരുരൂപം വീണുകിടന്നിടത്തുനിന്നും എഴുന്നേൽക്കുകയാണ്, അനുബന്ധശബ്ദങ്ങളോടൊപ്പം. അവനങ്ങനെ നോക്കിനിൽക്കുമ്പോൾ ആ രൂപം തന്നെക്കൊണ്ടാവും വിധത്തിൽ എഴുന്നേറ്റ്, തന്റെ നേർക്കെന്നവിധം ഓടിവരികയാണ്. ഹിബോണിന്റെ മുന്നിലെത്തിയപ്പോഴാണ് രൂപം അവനെ ശ്രദ്ദിച്ചതെന്നവിധം, പെട്ടെന്നൊരു നിമിഷം ആ വരവ് കുതറി നിലച്ചുനിന്നുപോയി. നേർത്ത നിലാവിന്റെയും ചുവന്ന സിഗ്നൽ ലൈറ്റിന്റെയും വളരെ നേർത്ത സഹായത്തോടെ അവൻ ആ രൂപം കണ്ടു -കിതച്ചു തളർന്ന്, ഭയന്ന് വരണ്ട് എന്നവിധം ഒരു യുവതി! തോളിൽ തൂക്കിയിരിക്കുന്ന ലേഡീസ് ബാഗിനെ ആ തോളിൽ നിന്നുതന്നെയുള്ള കൈയ്യാൽ പ്രത്യേകം ഭദ്രമാക്കിപ്പിടിച്ചിരിക്കുകയാണ്. പാന്റ്സും ബനിയനും കാലിൽ ഷൂസും ധരിച്ചിരിക്കുകയാണ് എന്നവന് ശ്രദ്ദിക്കേണ്ടി വന്നു -അവൾ.
     മറ്റെല്ലാം നഷ്ടമാക്കി അല്പനിമിഷങ്ങൾ അവരങ്ങനെ പരസ്പരം നിന്നുപോയി. അങ്ങനെതന്നെ നിൽക്കെ, ആ രംഗം തുടരവേ അവൻ ഒരിക്കൽക്കൂടി അവളെയാകെ നോക്കി.
“അഹ്...”
     ഇങ്ങനെയൊരു ശബ്ദം അടുത്തനിമിഷം അവൾ പ്രകടിപ്പിച്ചപ്പോഴേക്കും, അവൾ വന്നവഴിയേ ചില ചെറിയ വെളിച്ചങ്ങളും അനുബന്ധ അനക്കങ്ങളും സംഭവിച്ചുതുടങ്ങുന്നത് ഹിബോൺ ശ്രദ്ദിച്ചു. അതേനിമിഷംതന്നെ, താൻ പറയുവാനുദ്ദേശിച്ച കാര്യം മറന്ന് പരിചിതമായ രംഗത്തേക്കെന്നതുപോലെ അവളുമത് തലതിരിച്ച് ശ്രദ്ദിച്ചിരുന്നു. ഒരുനിമിഷം കൂടി അവിടെ കടന്നുപോയി. തങ്ങൾ കാണുന്ന രംഗത്തിന്റെ തീവ്രത കൂടിവരുന്നതറിഞ്ഞു അവൻ, അവളുടെ കൈയ്യിൽ പിടിച്ച് ചുറ്റും വീക്ഷിച്ച് മുന്നോട്ട് പാളത്തിലൂടെ വേഗം നടന്നു. അവരിരുവരും അങ്ങനെ മുന്നോട്ട് പോകുന്തോറും ചെറുലൈറ്റുകൾ മിന്നിമിന്നി പാളത്തിലൂടെ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. അല്പദൂരം മുന്നോട്ട് പോയതോടെ ചുറ്റുമുള്ള കാടുപിടിച്ചയിടങ്ങൾ പിന്നിട്ട് റെയിൽവേയുമായി ബന്ധപ്പെട്ട ചില വർക്കുകൾ നടക്കുന്നയിടം എത്തി. ഇരുവശങ്ങളിലും മണ്ണുമാന്തി വല്ലാത്ത ആകൃതിയിൽ, ഉയർന്നും താഴ്ന്നുമൊക്കെ കിടക്കുകയാണ്. ഹിബോൺ പിന്നിലേക്ക് ഒരിക്കൽക്കൂടി നോക്കി. തങ്ങൾക്കുനേരെയെന്നവിധം വെളിച്ചങ്ങൾ വേഗത്തിൽ എത്തുന്നതുകണ്ട് അവളെയും പിടിച്ചുകൊണ്ട് അവൻ വലതുവശത്തേക്ക് ഇറങ്ങി. വലിയ തിട്ട മാന്തി, പൂർത്തിയാക്കാതെ കിടന്നിരുന്ന അവിടെ ഒരിടത്ത് ഉള്ളൊരു വിടവ് കണ്ട് ഹിബോൺ അവളെയും കൂട്ടി ഒതുങ്ങി അതിൽ കയറി ഇരിപ്പുറപ്പിച്ചു.
     കാൽപാദങ്ങൾ പതിഞ്ഞിരിക്കുമോ അതോ അതവർ ശ്രദ്ദിക്കുമോ എന്നൊരു ഭയം ഹിബോണിനെ അലട്ടിവന്നു. പെട്ടെന്നുതന്നെ കൈയ്യിലെ ചെറുവെളിച്ചങ്ങളുമായി അഞ്ചാറുപേർ അവിടെവരെ പാളത്തിലൂടെ എത്തി. ഇവർ തിരിഞ്ഞിറങ്ങിയ സ്ഥലത്തുവരെയെത്തി അവർ പാളത്തിൽ നിന്നതും, ഒരു ട്രെയിൻ പാഞ്ഞെത്തി അവർക്ക് ഇരുഭാഗത്തേക്കും പിരിഞ്ഞ് വേഗത്തിൽ മാറേണ്ടിവന്നു. ശേഷം, അല്പനിമിഷങ്ങൾക്കൊണ്ടുതന്നെ അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞുറപ്പിച്ചുകൊണ്ട് അവിടെയാകെ പെട്ടെന്നൊന്ന് തങ്ങളുടെ കൈകളിലെ വെളിച്ചങ്ങൾകൂടി കൊണ്ടും നോക്കിയശേഷം തിരികെ വേഗത്തിൽ നടന്നുപോയി.
     ഹിബോണിന്റെയും ആ യുവതിയുടെയും ദേഹത്ത് അല്പം മണ്ണ് പറ്റിയിരുന്നു. കിതപ്പ് കാര്യമായി അടക്കി അവളും ലഘുവായടക്കി അവനും ഇരുന്നിരുന്നത് ഇരുവരും ആ നിമിഷമാണ് മനസ്സിലാക്കുന്നത്. അല്പസമയം കഴിഞ്ഞതോടെ മറ്റുശബ്ദങ്ങൾ എല്ലാംതന്നെ മാഞ്ഞു രാത്രിയുടെ സ്വരം മാത്രം ശക്തിപ്രാപിച്ചുവന്നു,വീണ്ടുമെന്നപോലെ.
“അവര് പോയെന്ന് തോന്നുന്നു,”
     വളരെ പതുക്കെ ഇങ്ങനെ അവളോട്‌ ഹിബോൺ പറഞ്ഞശേഷം ഒന്നുനിർത്തി, കാര്യമില്ലാത്തവിധം പരിസരം വീക്ഷിച്ചശേഷം ഒന്നുവേഗത്തിൽ അർദ്ധനിശ്വാസം വിട്ടശേഷം തുടർന്നുപറഞ്ഞു, പഴയപടിതന്നെ;
“.. എനിക്ക് കുറച്ചു ധൃതിയുണ്ടായിരുന്നു...”
     ഇങ്ങനെയവൻ നിർത്തി ഇരുന്നു. ഉമിനീർ, രക്ഷയില്ലാത്തവിധം വിഴുങ്ങിക്കൊണ്ട് തലങ്ങും വിലങ്ങും അലക്ഷ്യമായി നോക്കിയശേഷം അവൾ മറുപടിയെന്നവിധം മുഖം ചുളുക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു;
“എനിക്ക് ഇവിടുന്നൊന്ന് രക്ഷപ്പെടണം.”
     ഉദ്ദേശിച്ചതിലും അല്പം വേഗത്തിലായിപ്പോയി അവളുടെയീ വാചകം. ഇങ്ങനെ അവൾക്കും നിർത്തി ഇരിക്കേണ്ടിവന്നു. അവളെ ശ്രദ്ദിച്ചിരുന്ന ഹിബോൺ ഒരുനിമിഷശേഷം, ശ്വാസമൊന്ന് വലിച്ചെടുത്തശേഷം രണ്ടുമൂന്നുനിമിഷം ഒന്നാലോചിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു;
“ഞാൻ... ഞാനിവിടുന്ന് ബസ് കേറ്റി വിടാം.”
     സാധാരണ ശബ്ദത്തിലവൻ ഇങ്ങനെ പറയുന്നതുകേട്ട് ഒരുനിമിഷം അവൾ നിശബ്ദയായി. അടുത്തനിമിഷം പെടുന്നനെ ‘ആ’ എന്നവൾ പതിഞ്ഞസ്വരത്തിൽ ഗത്യന്തരമില്ലാത്തഭാവത്തിൽ സമ്മതം മൂളി.
     അവൻ മെല്ലെ എഴുന്നേറ്റ് അവളെയും നയിച്ച് പതുങ്ങി ട്രാക്കിന്റെ വശത്തേക്ക് കയറി, പിന്നിലേക്ക് നോക്കി സുരക്ഷ ഉറപ്പാക്കിയശേഷം മെല്ലെ മുന്നോട്ട് നടന്നുനീങ്ങി. അല്പം മുന്നിലായൊരു ഓവർ ബ്രിഡ്ജ് കാണാമായിരുന്നു.
3
     ഒഴിഞ്ഞു കിടക്കുന്നൊരു റോഡിലൂടെ ഇരുട്ടിന്റെ മറവുപറ്റി ചുറ്റുപാടും ശ്രദ്ദിച്ച് പാതി പതുങ്ങി വരികയാണ് ഹിബോണും യുവതിയും. അവർക്ക് മുന്നിലായുള്ള മൂന്നുനാലു വഴിവിളക്കുകൾക്കപ്പുറം ഒരെണ്ണം ബസ് സ്റ്റോപ്പിനടുത്ത് കാത്തുനിൽക്കുന്നത് കാണാമെന്നായി. നടത്തതിന്റെ വേഗം വർദ്ദിപ്പിച്ച് പഴയ ഭാവങ്ങളും മറ്റുമൊന്നും വിടാതെ അവൻ യുവതിയെയും നയിച്ച് ആ ബസ് സ്റ്റോപ്പിനടുത്തെത്തി. അവിടെയുണ്ടായിരുന്ന വഴിവിളക്കിന്റെ വെളുത്ത വെളിച്ചത്തിന് മറ്റുള്ളവയെക്കാൾ ഇരട്ടി പ്രകാശം അനുഭവപ്പെടുത്തുവാൻ സാധിച്ചു അവർക്ക്.
“കൈയ്യിൽ മൊബൈൽ ഉണ്ടെങ്കിൽ ആരെയെങ്കിലുമൊന്ന് വിളിക്ക്...”
ബസ് സ്റ്റോപ്പിനടുത്തെത്തി നിന്നശേഷം അവൻ പറഞ്ഞു അവളോട്‌.
“എന്റെ കയ്യില് ഫോണില്ല, അത്... കളഞ്ഞുപോയി.”
അവൾ ദയനീയ ഭാവത്തിൽ, സന്ദർഭത്തിന്റെ പ്രാധാന്യവും പേറി ഇങ്ങനെ മറുപടി നൽകി.
     അവൻ തലതാഴ്ത്തി ഒന്നുവേഗം ശ്വാസം പുറത്തേക്കുവിട്ടു. പിന്നെയവളെ തലയുയർത്തി നോക്കി. അടുത്തനിമിഷം പറഞ്ഞു;
“ഇവിടെ നിന്നാൽ ബസ് കിട്ടും.
രാത്രി ആയതുകൊണ്ട് കൈകാണിച്ചാൽ എന്തായാലും നിർത്തും.”
     അവനിങ്ങനെ നിർത്തിയതും തൃപ്തിവരാത്തഭാവത്തിൽ അവൾ നിന്നു. അത് ശ്രദ്ദിച്ചെന്നവിധം അവൻ തുടർന്നു;
“ഈ സമയത്ത് ഇവിടം വിജനമാണ്.
രാത്രി ഒന്നുരണ്ടു ബസ് കൂടി ഇതുവഴി ഉള്ളതാണ്.”
വഴിയുടെ ഇരുവശത്തേക്കുമൊന്ന് നോക്കിക്കൊണ്ടാണവനിങ്ങനെ പറഞ്ഞത്.
     അവൾ അർത്ഥമില്ലാത്തവിധം തലയാട്ടിപ്പോയി. അകത്തേക്ക് കയറി നിന്നുകൊള്ളുവാനും തനിക്ക് ധൃതിയുണ്ടെന്ന് ഓർമപ്പെടുത്തുംവിധവും ഒരുഭാവം അവളോട് പ്രകടമാക്കിയശേഷം അവൻ മെല്ലെ വന്നവഴി അരികുപറ്റി നടന്നു തിരികെ, ഒന്നുതിരിഞ്ഞു നോക്കിയശേഷം. മുന്നോട്ടുള്ള ആ നടത്തത്തിൽ നിമിഷങ്ങൾ കഴിയുന്തോറും തിരിഞ്ഞ് നോക്കുവാനുള്ള അവന്റെ വ്യഗ്രത കുറഞ്ഞുവരികയായിരുന്നു. വഴിവിളക്കിന്റെ വെളിച്ചത്തെ ബസ് സ്റ്റോപ്പിൽ സാക്ഷിനിർത്തി അവൻ മുന്നോട്ട് നടക്കുന്നതിനിടയിൽ, അവനെതിരെ ഒരു വെളുത്ത വാൻ കടന്നുപോയി. വലിയ വേഗത അതിനില്ലായിരുന്നതിനാൽ വാനിനെ അവനൊന്ന് ശ്രദ്ദിച്ചുപോയി.
     അടുത്ത നിമിഷം അവന് പെട്ടന്ന് അതിന്റെ മുന്നിലിരുന്ന രണ്ടുപേരെ സംശയം തോന്നി. അവനൊന്ന് നിന്നു. അതിനടുത്ത നിമിഷമാകട്ടെ -ഒന്നിലധികം തവണ യുവതിയുടെ കൈത്തണ്ടയ്ക്ക് മുകളിലും മറ്റും മുറിവേറ്റിരിക്കുന്നത് താൻ ശ്രദ്ദിച്ചത് അവനോർമ്മ വന്നു. വാൻ റിവേഴ്സ് വരുന്ന ശബ്ദം ശ്രദ്ദിച്ച അടുത്തനിമിഷത്തിലെ അവൻ തിരിഞ്ഞുനോക്കി. ഞൊടിയിടയിൽ അവൻ തിരിഞ്ഞ് ബസ് സ്റ്റോപ്പിന് നേർക്ക് ഓടി. വാൻ റിവേഴ്‌സ് വന്ന് ബസ് സ്റ്റോപ്പിന് മുന്നിൽ നിന്നതും, ഹിബോൺ ഓടിയെത്തി അവിടെ നിന്നതും ഒരുമിച്ചായിരുന്നു. പേടിച്ചരണ്ട് യുവതി ബസ് സ്റ്റോപ്പിൽ നിൽക്കുകയാണ്, വാൻ വന്നുനിന്നതിനെ പ്രതി.
തുടരും...