Aksharathalukal

കൊഴിഞ്ഞു പോയ കാലം

സാർ. നാരായണൻ, സി ഐ സാറിന്റെ വാതിലിൽ മുട്ടി.
മും..
 സാർ ചായ. നാരായണൻ, പത്മനാഭൻ സാറിനോട് എന്തോ ചോദിക്കാൻ വേണ്ടി നിന്നതാണ്. പക്ഷേ സാറിന്റെ മുഖഭാവം കണ്ടപ്പോൾ ഒന്നുമുരിയാടാതെ അവിടെ മേശയിൽ ചായ വെച്ച് ഇറങ്ങി.
 അല്ല ധനപാലൻ സാറേ നമ്മുടെ പത്മനാഭൻ സാറിന് ഇതെന്തുപറ്റി. രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. പുള്ളി കനത്ത ആലോചനയിൽ ആണല്ലോ. കുഴപ്പിക്കുന്ന കേസ് വല്ലതും?
 ആ സൂസന്നയുടെ കേസ് തന്നെ. സാർ അതിൽ കയറി പിടിച്ചിരിക്കുവാ.
 ഓ അതില് ഇനി എന്നാ കേറി പിടിക്കാൻ ഉള്ളത്. അവൾ തൂങ്ങി ചത്തത് അല്ലേ. പിന്നെ അതിന്റെ കാരണം അന്വേഷിക്കാൻ ആണെങ്കിൽ. ഇവൾ മാർക്കൊക്കെ എന്തേലും കാരണം വേണോ സാറേ. മടുത്തിട്ടുണ്ടാവും അത്രതന്നെ.
 എടാ ഒന്ന് പതുക്കെ പറയടാ. സാറ് കേട്ട നിന്റെ എല്ല് ഊരി എടുക്കും. അറിയാലോ ആ മാനേജരും പയ്യനും ഇവിടുന്നു പോയത് എങ്ങനെയാണെന്ന്. 
 എന്റെ പൊന്നു സാറേ.അവർക്കിനി നല്ല പ്രായത്തിൽ പണിയെടുത്ത് ജീവിക്കാൻ പറ്റുമോ.


സൂസന്ന മരിച്ചിട്ട് ഇപ്പോൾ നാല് ദിവസമായി. ഇന്നലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. അപ്പോൾ മുതൽക്ക് പത്മനാഭൻ സാർ അസ്വസ്ഥനാണ്. പത്മനാഭൻ സാർ പറയുന്നത് അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.ഇത് കൊലപാതകം തന്നെയാണ്. നഗരത്തിലെ മറ്റു പല പ്രമുഖരെയും പോലെ പത്മനാഭൻ സാറിനും വേണ്ടപ്പെട്ടവൾ ആയിരുന്നു സൂസന്ന. അവളുടെ അഭൗമ സൗന്ദര്യം ഏത് വിശ്വാമിത്രന്റെയും തപസ്സിളക്കാൻ പോകുന്നതായിരുന്നു. അതിലുപരി അവൾ മറ്റ് സ്ത്രീകളിൽ നിന്ന് വ്യത്യസ്ത ആണെന്ന് അവളെ പരിചയപ്പെട്ട എല്ലാവർക്കും തോന്നിയിട്ടുണ്ട്. അവൾക്ക് അവളുടേതായ നിലപാടുകൾ ഉണ്ടായിരുന്നു. അവൾക്ക് ഈ സമൂഹത്തിന്റെ ജീർണതകളെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരുന്നു. അത് പലപ്പോഴും അവളെ ഒരു ശക്തയായ സ്ത്രീ കഥാപാത്രം ആക്കി മാറ്റി. അതുകൊണ്ടുതന്നെ സമൂഹത്തിൽ പദവി കൊണ്ടെങ്കിലും ശക്തരായവർ മാത്രമേ അവളെ സമീപിക്കാറുള്ളൂ.അല്ലെങ്കിൽ അവളുടെ മുന്നിൽ വശം കെടും. എല്ലാ അർത്ഥത്തിലും അവൾ അവരെ തോൽപ്പിക്കും. അവളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഉള്ളതുകൊണ്ടാണ് പത്മനാഭൻ സാർ ഈ മരണത്തിൽ സംശയം പ്രകടിപ്പിക്കുന്നത്. എല്ലാ ലക്ഷണങ്ങളും തെളിവുകളും ആത്മഹത്യ തന്നെ ഉറപ്പിക്കുമ്പോഴും പത്മനാഭൻ സാറിന് അത് സ്വീകാര്യമല്ല. ലോഡ്ജ് മാനേജരെയും സഹായി റൂം ബോയ് പയ്യനെയും ഭേദ്യം ചെയ്താൽ ചെയ്താൽ ഉത്തരം ലഭിക്കും എന്നാണ് പത്മനാഭൻ കരുതിയത്.
  വിയർപ്പ് കുറെ ഒഴുകിയത് മിച്ചം പിന്നാലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും. മാനേജരുടെ മൊഴിയനുസരിച്ച് അന്ന് സൂസന്നേ കാണാൻ വന്നത് രണ്ടുപേരാണ്. ഒന്ന് ലോജിസ്റ്റിക് കമ്പനി നടത്തുന്ന ചെട്ടിയാർ. കോയമ്പത്തൂർ സ്വദേശം. മാസത്തിൽ ഒന്നോ രണ്ടോ തവണ കോട്ടയത്തിനു വരും. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം നിലനിന്നു പോകുന്നത് തന്നെ തന്റെ ലോജിസ്റ്റിക്സിന് കീഴിൽ ലോറികൾ ചന്നംപിന്നും പായുന്നത് കൊണ്ടാണെന്നാണ് ചെട്ടിയാർ വീമ്പ് പറയുന്നത്. ചെട്ടിയാർ ആളൊരു സരസനാണ്. സൂസന്നയെ തമിഴ് പഠിപ്പിച്ചത് ചെട്ടിയാരാണെന്നാണ് വെപ്പ്. ഒരിക്കൽ ഈ കാര്യം പറഞ്ഞു പത്മനാഭൻ സാറും ചെട്ടിയാരും തമ്മിൽ തർക്കം ആയിരുന്നു. താൻ ഒരുപാട് തമിഴ് സിനിമകൾക്ക് സൂസന്നയുടെ ഒപ്പം പോയിട്ടുണ്ടെന്നും എങ്ങനെയാണ് അവൾ തമിഴ് ഹൃദിസ്ഥമാക്കിയതെന്നും പത്മനാഭൻ സാർ വാദിച്ചു. സിനിമയിലെ കേക്കറ തമിഴ് ശരിയാന തമിഴ് ഇല്ലേ സാർ. എന്ന മാതിരി അറുമയാന ഒരു തമിളനോട പേശി പഴകിനാൽ മട്ടും താൻ തമിൾ സൊല്ല മുടിയും.
  അവസരം മുതലാക്കി പത്മനാഭൻ സാർ ചെട്ടിയാരെ ലോക്കപ്പിൽ ഇട്ട് ഭേദ്യം ചെയ്തു. ചെട്ടിയാർ നിലവിളിച്ചതല്ലാതെ പ്രയോജനം ഒന്നുമുണ്ടായില്ല. ചെട്ടിയാറോഡ് കേസന്വേഷണം കഴിയുന്നതുവരെ കോട്ടയം വിട്ടു പോകരുതെന്ന് താക്കീത് ചെയ്ത് വിട്ടയച്ചു. ഇനി രണ്ടാമൻ.
  40-45 വയസ്സ് തോന്നിക്കുന്ന സുമുഖൻ. കണ്ടാൽ ഏതോ നല്ല കുടുംബത്തിലെയാണ് എന്നെ പറയൂ. നല്ല പൊക്കം വെളുത്ത നിറം. കട്ടി മീശ അല്പം കുറ്റിത്താടി. ആകെയുള്ള കുഴപ്പം നന്നായിട്ട് മദ്യപിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മാന്യമായി പെരുമാറിയിരുന്നു ആ മനുഷ്യൻ.അതാണ് മാനേജർ കോശി രണ്ടാമതായി സൂസന്നയെ കണ്ട വ്യക്തിയെക്കുറിച്ച് പറഞ്ഞത്. അയാൾ ഒരു മണിക്കൂർ കഴിഞ്ഞ് പോവുകയും ചെയ്തു.
  റൂം ബോയ് പ്രകാശൻ അയാളെക്കുറിച്ച് വലിയ മതിപ്പോടെ സംസാരിച്ചു. ചെന്ന് കയറിയ ഉടനെ അടുത്തുള്ള മദ്യ കടയിൽ വിട്ട് മുന്തിയ ഇനം മദ്യം വാങ്ങാൻ പറഞ്ഞു. മദ്യം കൊണ്ടു കൊടുത്തപ്പോൾ നല്ലൊരു തുക ടിപ്പും തന്നു. പക്ഷേ ആ മദ്യ ബോട്ടിൽ തുറന്നിരുന്നില്ല എന്ന് രാവിലെ അവൻ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹം പോയത് എന്താണെന്ന് ആ സമയത്ത് അവൻ അമ്പരപ്പോടെ ചിന്തിച്ചിരുന്നു. സാധാരണ സൂസന്നയെ കാണാൻ വരുന്നവർ നേരം പുലർന്നിട്ടേ പോകാറുള്ളൂ.

പുലർച്ചെ പിസി ധനപാലന് ഒരു ഫോൺ കാൾ. എത്രയും പെട്ടെന്ന് ഈരാറ്റുപേട്ട എത്തണം. എന്താ കാര്യം?മീനച്ചിലാറ്റിന്റെ തീരത്ത് ഒരാജ്ഞാത ശവം.
ധനപാലൻ അരിശം കൊണ്ടു. ഈ ശവങ്ങളൊക്ക മനുഷ്യന്റെ ഉറക്കം കെടുത്താനായിട്ട് ജനിച്ചതാണ്.
ധനപാലന്റെ വീട്ടിൽ നിന്ന് കഷ്ടി 3 കിലോമീറ്റർ അകലത്തിലാണ് പ്രേതം കിടക്കുന്നത്.

മ്മ്.. മാറി നില്ലടാ... തെളിവ് നശിപ്പിക്കാതെ... പതമനാഭൻ സാർ ഓൺ ദി വേ ആണ്... പുള്ളി വന്നാ എല്ലാത്തിനെയും പറപ്പിക്കും.
 ചുറ്റും കൂടി നിന്നവരോട് ആയി ധനപാലൻ കയർത്തു.

 പത്മനാഭൻ സാർ മൃതദേഹം അടിമുടി ഒന്നു നോക്കി.
 ധനപാലാ.. മൊത്തത്തിൽ ഒരു ലക്ഷണം കണ്ടിട്ട് നമ്മുടെ മാനേജർ പറഞ്ഞ കക്ഷിയെ പോലെയുണ്ടല്ലോ. നീ അയാളെ ഒന്ന് വേഗം വിളിപ്പിച്ചേ.
 മാനേജരും കൂടെ റൂം ബോയ്യും വന്നു. ആളിതു തന്നെ.

ഫ്രാൻസിസ് ഡേവിഡ്. മുണ്ടക്കയം സ്വദേശി. കോളേജ് അദ്ധ്യാപകൻ. വിവാഹിതൻ രണ്ട് മക്കളുണ്ട്. ഭാര്യയും മക്കളും ഇപ്പോൾ വേർപിരിഞ്ഞു താമസിക്കുന്നു. അച്ഛൻ ഡേവിഡ് കുന്നുമ്മേൽ വലിയ പ്രമാണിയും അബ്കാരി മുതലാളിയും ആയിരുന്നു.
പത്മനാഭൻ സാർ മുണ്ടക്കയം പോയി വിശദമായി അന്വേഷിച്ചു. സൂസന്നയും ഫ്രാൻ‌സിസും ഒരുമിച്ച് പഠിച്ചതാണ്. രണ്ടു പേരും ഇഷ്ടത്തിലായിരുന്നു. സൂസന്ന ഡേവിഡ്‌ മുതലായിലൂടെ റബ്ബർ തോട്ടത്തിലെ പണിക്കാരൻ തോമസിന്റെ ഏക മകൾ.പെട്ടെന്ന് ഒരു ദിവസം തോമസും കുടുംബവും മുണ്ടക്കയത്ത് നിന്ന് അപ്രത്യക്ഷമായി. നാട്ടുകാർക്കോ പരിസരവാസികൾക്കോ യാതൊരു വിവരവും ഇല്ല. പലരും അവരുടെ തിരോധാനത്തെ പറ്റി പല കഥകളും മെനഞ്ഞുണ്ടാക്കി. ഫ്രാൻസിസ് വീടുവിട്ടിറങ്ങി സകല ദിക്കിലും അന്വേഷിച്ചു. അവൻ സൂസന്നേ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അവളെ കാണാതായപ്പോഴാണ് അവന് ബോധ്യമായത്. അവളെ പിരിഞ്ഞു എനിക്ക് ജീവിക്കാൻ ആവില്ല എന്ന സത്യവും മനസ്സിലാക്കി. ഏറെ നാളുകൾക്കു ശേഷം ഒരു ഭ്രാന്തനെപ്പോലെ അയാൾ വീട്ടിലേക്ക് തിരിച്ചു വന്നു. തനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു സദാസമയവും വീട്ടിലെ മുറിയിൽ ആരോടും ഒന്നും ഉരിയാടാതെ ഇരിപ്പായി.
 ഒരു ദിവസം മുറിവിട്ട് ഇറങ്ങി. അപ്പോൾ അമ്മച്ചിയും സഹോദരങ്ങളും ആശ്വസിച്ചു. പക്ഷേ തിരിച്ചു കയറി വന്നത് ബോധമില്ലാതെ ആയിരുന്നു. അത് പിന്നെ പതിവാക്കി. മദ്യത്തെ കൂട്ടുപിടിച്ച് പലപ്പോഴും അയാൾ തന്തപ്പടിയായ ഡേവിഡിനോട് തട്ടിക്കയറി. ഡേവിഡ് മുതലാളിയാണ് സൂസനെയും കുടുംബത്തെയും നാടുകടത്തിയതെന്ന് ലഹരി സൗഹൃദങ്ങളിൽ ചിലർ ഫ്രാൻസിസിനോട് പറഞ്ഞിരിക്കുന്നു. ആലോചിച്ചപ്പോൾ അത് തന്നെയാണ് സത്യം എന്ന് ഫ്രാൻസിസ് മനസ്സിലാക്കി.
 അവൾ പിഴച്ചവൾ ആണെന്നും അവൾ ഗർഭിണി ആയത് കാരണം നാണക്കേട് മറക്കാൻ കുടുംബം അടക്കം നാട് വിട്ടതാണെന്നും ഡേവിഡ്‌ മകനെ ബോധ്യപ്പെടുത്തി. ആ ദിവസം നടന്നത് ഭൂകമ്പം ആണെന്ന് അയൽവാസി കറിയാച്ചൻ പറഞ്ഞത് ഇടവകക്കാർക്ക് അതിശയമായി തോന്നിയില്ല. അത് ഞാൻ ഉണ്ടാക്കിയ ഗർഭം തന്നെ ആണെടോ തന്തേ എന്ന് അലറിക്കൊണ്ട് ഫ്രാൻസിസ് നേരെ ബാറിലോട്ട് പോയി. കുടി എന്ന് വച്ചാ എന്നാ ഒരു കുടി എന്നാണ് ബാറിലെ സ്ഥിരം പ്രമാണിമാർ പറഞ്ഞത്.
 അപ്പന്റെ മരണം വരെ ഈ കുടി തുടർന്നു. അമ്മച്ചിയുടെ നിർബന്ധ പ്രകാരം പാലായിലുള്ള ഒരു കോൺട്രാക്ടറുടെ മകൾ മരിയ ഫിലിപ്പിനെ കെട്ടി കൂടെ കൊണ്ട് വന്ന് പൊറുപ്പിച്ചു. രണ്ടു ആൺ മക്കളും ഉണ്ടായി. നഗരത്തിലെ കോളേജിൽ അധ്യാപകനായി ജോലി ചെയ്തു പോന്നു.കൊറച്ചു കാലം സാദാരണ കുടുംബസ്ഥനെ പോലെ ജീവിച്ചു. അമ്മച്ചിയുടെ മരണവും സ്വത്ത്‌ ഭാഗം വെക്കലും കഴിഞ്ഞതോട് കൂടി ഫ്രാൻസിസ് അഭയ കേന്ദ്രമായ ബാറിലേക്ക് വീണ്ടും കുടിയേറി. സൂസന്ന എന്നും അയാളുടെ രാത്രികളിൽ ഒരു ദിവാ സ്വപ്നം പോലെ കടന്നു വന്നു. അവളിൽ തനിക്ക് ജനിച്ചത് മകനോ മകളോ എന്ന ചോദ്യം നിരന്തരം വേട്ടയാടി. മരിയയ്ക്ക് ഇനി അയാളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല എന്ന് മനസിലായപ്പോൾ ബന്ധം വേർപെടുത്തി പാലയിലേക്ക് പോയി. 
 പിന്നീട് പകൽ കോളേജ് രാത്രി ബാർ ഇടയ്ക്ക് ശരീരത്തിന്റെ ദാഹം ശമിപ്പിക്കാൻ നഗരത്തിലെ ഏതേലും ലോഡ്ജിൽ സുന്ദരികളായ നിശാചാരികളുമായി അന്തിയുറക്കം.
അങ്ങനെ ഒരു രാത്രിയിലാണ് സൂസന്നയെ കാണാൻ ഇടയായതും ജീവിതം പൂർണമായെന്ന് ഇരുവർക്കും തോന്നി സ്വർഗത്തിൽ വച്ച് ഒരുമിക്കാൻ അവർ തീരുമാനിച്ചതും. ആ രാത്രി അവർ ഏറെ ദുഃഖിച്ചു അതിൽ കൂടുതൽ സന്തോഷിച്ചു. രണ്ട് മനസുകൾ ഒന്നു ചേർന്നു ശരീരത്തിൽ നിന്ന് വേർപെട്ടു.

സാറെ ഇയാൾ അവളെ തട്ടി ആത്മഹത്യ ചെയ്തു. റിപ്പോർട്ട്‌ അങ്ങനെ ഫയൽ ചെയ്യാം അല്ലേ? ധനപാലൻ ചോദിച്ചു
നോ..ബോത്ത്‌ വേർ സൂയിസൈഡ്...റിപ്പോർട്ട്‌ ഞാൻ എഴുതിക്കോളാം. അതാണ് സത്യം.
സൂസന്ന എപ്പോഴും പറയാറുള്ളത് പോലെ..
"ഞാൻ ഒരു രാജകുമാരിയാ സാറെ.. എന്റെ രാജകുമാരൻ ഒരിക്കൽ എന്നെ തേടി വരും. അന്ന് ഞങ്ങൾ ഏഴാം കടലിനക്കരെയുള്ള നാട്ടിലേക്ക് യാത്ര പോവും."
അവൻ വന്നു. അവളെ കൊണ്ട് പോയി.