കവിത
---------------------
ജീവപര്യന്തം
=============
അറിയാതെതൊരു ഏകാന്തത പടർന്നു ചുറ്റിയനാൾ
ചോര കുടിപ്പിക്കും നിന്നാത്മ സാമീപ്യമറിയാനേറെ ഞാൻ നിനച്ചുപോയി.
നഗ്നപാദം കഴുകി തുടച്ചു, പതയുന്ന കയ്പുനീരിൻ താപത്തിൽ ഞാനമർന്നുപോയി.
നിൻ വഴിയോരം പൂത്തിടും കാർണ്ണിവോറസുകളിൽ
മധുവിനായി ദാഹിക്കും കീടമായി,
മുള്ളുകളാൽ തീർത്തയുള്ളിൽ ഞെരിഞ്ഞു ഞാനുമെന്റെ സ്വപ്നമോഹങ്ങളും.
ഇതിലെ വീശും കാറ്റിൽ ബന്ധങ്ങളുടെ രോദനമൊഴുകാറുണ്ട് .
ഇവിടെയുരുണ്ടു കൂടും കരിമുകിലിൽ
പ്രിയസഖിയുടെ നൊമ്പരം നിഴലിക്കുന്നത് പോലെ.
വിശപ്പിന്റെ നൊമ്പരപോലുമറിയാത്ത കല്ലുപോൽ ഞാനും.
സാന്ത്വനം കൊതിക്കുവാൻ ഹൃദയമില്ലെനിക്ക്.
നന്മകൾ വിരിയിക്കാൻ പ്രജ്ഞയില്ലെനിക്ക്.
ജീവപര്യന്തമേറ്റു വാങ്ങിയ മാംസമായി ഞാനും ഈ വഴികളും മാത്രം.
........... സിമിരൂപീക